വിചാരണക്കുള്ള ഒരുക്കം

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

(അന്ത്യനാള്‍: ക്വുര്‍ആനിലും ശാസ്ത്രത്തിലും: 3)

വരാനിരിക്കുന്ന ആ സംഭവം മുഹമ്മദ് നബി ﷺ ഭൂതകാല ശൈലിയില്‍ വിശദീകരിക്കുന്നു.

അങ്ങനെ ഞങ്ങളവിടെ നിന്നുകൊണ്ടിരിക്കെ ആകാശത്തില്‍ നിന്ന് ശക്തിയായ ഒരു ഇരമ്പല്‍ കേട്ടു. ഒന്നാമത്തെ ആകാശത്തെ മലക്കുകള്‍ ഇറങ്ങി വരുന്ന ശബ്ദമായിരുന്നു അത്. മനുഷ്യരും ജിന്നുകളുമടക്കമുള്ള ഭൂനിവാസികളുടെയത്ര തന്നെ ഉണ്ടായിരുന്നു അവര്‍. ഭൂമിയിലേക്ക് അടുത്തപ്പോള്‍ അവരുടെ പ്രകാശം കൊണ്ട് ഭൂമി പ്രകാശപൂരിതമായി. ഭൂനിവാസികളെ വലയം ചെയ്ത് കൊണ്ട് അവര്‍ നിലയുറപ്പിച്ചു. ഞങ്ങളുടെ റബ്ബ് നിങ്ങളുടെ കൂടെ ഉണ്ടോ എന്നവര്‍ ഞങ്ങളോടന്വേഷിച്ചു. ഇല്ല, അവന്‍ വരും എന്നവര്‍ പറഞ്ഞു. പിന്നീട് രണ്ടാമത്തെ ആകാശത്തിലെ മലക്കുകള്‍ ഇറങ്ങി. ഒന്നാമത്തെ ആകാശത്തില്‍ നിന്നിറങ്ങിയ മലക്കുകളും ഭൂമിയിലെ മലക്കുകളും ജിന്നുകളും എല്ലാം കൂടിയുള്ളത്ര എണ്ണമുണ്ട് അവര്‍. അവര്‍ വന്നതോടെ ഭൂമി പിന്നെയും പ്രകാശത്താല്‍ കൂടുതല്‍ തിളങ്ങി. ആദ്യം വന്ന മലക്കുകളെയടക്കം വലയം ചെയ്ത് കൊണ്ട് അവരും നിലയുറപ്പിച്ചു. റബ്ബുണ്ടോ എന്ന് അവരോടും ചോദിച്ചു. ഇല്ല, വരും എന്നായിരുന്നു അവരുടെയും മറുപടി. പിന്നീട് തുടര്‍ന്നുള്ള ആകാശങ്ങളിലെ മലക്കുകളും ക്രമപ്രകാരം ഇറങ്ങുകയാണ്. മുമ്പേ എത്തിയവരുടെ ഇരട്ടിയാണ് പിന്നെ എത്തിയവരുടെ കൂട്ടം. പിമ്പെ വരുന്ന മലക്കുകള്‍ മുമ്പ് ഇറങ്ങിയ എല്ലാവരെയും വലയം ചെയ്ത് കൊണ്ട് അണിനിരക്കും. അങ്ങനെ ഏഴാമത്തെ ആകാശം വരെയുള്ള മലക്കുകള്‍ അണിയുറപ്പിച്ചു. പിന്നീട് അല്ലാഹു ഭൂമിയിലേക്ക് ഇറങ്ങി വരുന്നു.'

''നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും.'' (സൂറതുല്‍ഫജ്ര്‍: 22).

''ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിക്കുകയും ചെയ്യും...'' (അസ്സുമര്‍: 69).

ഇടകലര്‍ന്ന് നിന്നിരുന്ന മനുഷ്യവര്‍ഗത്തില്‍ നിന്ന് കുറ്റവാളികള്‍ വേര്‍തിരിക്കപ്പെടുന്നു:

''കുറ്റവാളികളേ, ഇന്ന് നിങ്ങള്‍ വേര്‍ തിരിഞ്ഞ് നില്‍ക്കുക (എന്ന് അവിടെ വെച്ച് പ്രഖ്യാപിക്കും)'' യാസീന്‍: 59).

കുറ്റവാളികളോട് നിരവധി ചോദ്യങ്ങള്‍ പൊതുവായി ചോദിക്കപ്പെടും. നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ? ഇത് സത്യം തന്നെയല്ലേ? എല്ലാം ബോധ്യപ്പെട്ടു; അറിഞ്ഞു!

''കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ തലതാഴ്ത്തിക്കൊണ്ട്, ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ (നീ ജീവിതത്തിലേക്ക്) തിരിച്ചയച്ചു തരണേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ചുകൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢബോധ്യമുള്ളവരാകുന്നു എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും)'''(അസ്സജദ: 12).

അവര്‍ പറയും: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. രക്ഷിതാവേ, അവര്‍ക്ക് രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ശാപം ഏല്‍പിക്കുകയും ചെയ്യണമേ. (എന്നും അവര്‍ പറയും)''' (അല്‍അഹ്‌സാബ്: 67,68).

വീണ്ടും കാത്തിരിപ്പ് തുടരുന്നു. അതോടൊപ്പം ഓരോരുത്തരും ചെയ്ത എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയ ഗ്രന്ഥം കൈകളിലേക്ക് പറന്നിറങ്ങുന്നു. ആരുടെ വലതു കയ്യിലേക്ക് മുന്നിലൂടെ ഗ്രന്ഥം ലഭിച്ചുവോ അവര്‍ ഭാഗ്യവാന്മാരും ആരുടെ ഇടത് കയ്യിലേക്ക് പിന്നിലൂടെ ഗ്രന്ഥം ലഭിച്ചുവോ അവര്‍ നിര്‍ഭാഗ്യവന്മാരുമാണ്.

സദാസമയവും ലോകം മുഴുവന്‍ ഒപ്പിയെടുക്കുന്ന ഏജട പോലുള്ള സാറ്റലേറ്റ് ക്യാമറകള്‍ കൊണ്ട് കൃത്യമായി വീഡിയോ റെക്കോഡിംഗ് നടത്താന്‍ മനുഷ്യര്‍ക്ക് സാധിക്കുമെങ്കില്‍ ലോകരക്ഷിതാവായ അല്ലാഹുവിന് റെേക്കാഡിംഗ് സാധിക്കില്ലെന്നാണോ മനുഷ്യന്‍ കരുതുന്നത്? അവന് അസാധ്യമായി എന്താണുള്ളത്?

വിശ്വാസികളും സല്‍കര്‍മകാരികളുമായ ആളുകള്‍ക്ക് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് പാപങ്ങള്‍ മായ്ച്ചുകളയുന്നു. മനുഷ്യരുടെ വായക്ക് സംസാരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നു. ഓരോ അവയവവും അത് പ്രവര്‍ത്തിച്ചത് എടുത്ത് പറയും.

''ഇന്ന് നാം അവരുടെ വായക്ക് സീല്‍ വെക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചതിനെ സംബന്ധിച്ച് അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും.'' (യാസീന്‍: 65).

ഒരു മനുഷ്യനും തനിക്ക് അല്ലാഹു നല്‍കിയ ആയുസ്സ്, ധനം, അറിവ്, ആരോഗ്യം എന്നിവ എന്തിന് വേണ്ടി ചെലവാക്കി എന്ന് ചോദ്യം ചെയ്യപ്പെടാതെ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ രക്ഷപ്പെടുകയില്ല.

ബോഡിംഗ്പാസ്, എമിഗ്രേഷന്‍, സെക്യൂരിറ്റി ചെക്കിംഗുകള്‍ കഴിയാതെ ഒരു യാത്രക്കാരനും വിമാനത്തില്‍ എത്തിപ്പെടാന്‍ കഴിയില്ല എന്ന് ബോധ്യമുണ്ടെങ്കില്‍ പരലോകത്തിലെ വിചാരണയും ബോധ്യമാവേണ്ടതുണ്ട്. നന്മതിന്മകളുടെ മൂല്യനിര്‍ണയം നടത്തുന്ന ഉപകരണങ്ങള്‍ അവിടെയുണ്ട്. ഒരു സെക്കന്റിന്റെ ആയിരമോ പതിനായിരമോ അംശത്തിലൊന്ന് കണക്കാക്കാന്‍ പറ്റുന്ന ഇലക്ട്രോണിക് മെഷീന്‍ നിര്‍മിക്കാന്‍ കഴിവുള്ള തലച്ചോറ് സൃഷ്ടിച്ച പ്രപഞ്ചനാഥനായ അല്ലാഹുവിന് ഇത്തരം തുലാസ് നിര്‍മിക്കുന്നത് എത്രയോ നിസ്സാരം.

കോടിക്കണക്കായ മനുഷ്യരെ വിചാരണ ചെയ്യാന്‍ കോടിക്കണക്കായ മണിക്കൂറുകള്‍ ആവശ്യമില്ല. ഓരോരുത്തരും ഒറ്റക്ക് വിചാരണ ചെയ്യപ്പെടും. കാരണം നമ്മുടെ സമയവ്യവസ്ഥ അല്ലാഹുവിന് ബാധകമേയല്ല.

വിചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് നരകത്തിന് മുകളിലൂടെ ഇട്ട ഒരു പാലം വഴി വിജയികള്‍ സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടും; രാജകീയ സന്നിധിയിലേക്ക് അതിഥികള്‍ ആനയിക്കപ്പെടുന്നത് പോലെ. ഒരു കണ്ണും ഇതുവരെ കണ്ടിട്ടില്ലാത്ത, ഒരു കാതും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മനസ്സിന്റെ ഭാവനയില്‍ പോലും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത സുഖങ്ങള്‍, ഇഷ്ടപ്പെട്ട പഴങ്ങള്‍ കൈകൊണ്ട് പറിച്ചെടുക്കാന്‍ പാകത്തിന്, ഇഷ്ടപ്പെട്ട പക്ഷികളുടെ മാംസം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങള്‍, അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥ, അമ്പരന്ന് പോകുന്ന, സൗന്ദര്യം തുളുമ്പുന്ന പരിശുദ്ധരായ ഹൂറുല്‍ഈന്‍ എന്ന സ്വര്‍ഗീയ സുന്ദരികള്‍, മൂത്ത് കൊണ്ട് നിര്‍മിച്ച വീടുകള്‍, തേനിന്റെയും രുചികരമായ ലഹരിയില്ലാത്ത മദ്യത്തിന്റെയും പാലിന്റെയും അരുവികള്‍, കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്ന അതിസുന്ദരമായ പാര്‍ക്കുകള്‍, വിനോദങ്ങള്‍, മനുഷ്യമനസ്സ് എന്ത് ആഗ്രഹിച്ചാലും നല്‍കപ്പെടുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, സുഖസൗകര്യങ്ങള്‍. ഓരോ സ്വര്‍ഗവാസിയും യുവത്വത്തിന്റെ തുടുത്തപ്രായത്തിലായിരിക്കും എന്നെന്നും. ചെറുപ്പത്തില്‍ മരിച്ച മക്കളുടെ കൂടെ ജീവിക്കാനാകും. എല്ലാറ്റിനും പുറമെ സ്വര്‍ഗത്തിന്റെ ഭംഗി പോലും മറക്കുന്ന, സൗന്ദര്യവാനായ അല്ലാഹുവിനെ നേരിട്ട് കാണാനുള്ള അവസരം! അറ്റമില്ലാതെ തുടരുന്ന ജീവിതം.

നരകം

വിചാരണക്ക് ശേഷം കുറ്റവാളികള്‍ നരകത്തിലേക്ക് നയിക്കപ്പെടും. പലതരത്തിലുള്ള ശിക്ഷകള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കും. ചങ്ങലകളില്‍ ബന്ധിതരാകും. തൊലി ഉരുകിയൊലിക്കുമ്പോള്‍ വീണ്ടും തൊലി നല്‍കിക്കൊണ്ടേയിരിക്കും. ഓരോ കുറ്റവാളിയും ഭയാനകമായ വലുപ്പത്തിലായിരിക്കും. വൃണത്തില്‍ നിന്നൊഴുകുന്ന ചലവും വെട്ടിത്തിളക്കുന്ന പാനീയവും തൊണ്ടയില്‍ കുടുങ്ങുന്ന മുള്‍ച്ചെടിയും ഇഞ്ചിഞ്ചായി എരിയുന്ന ശരീരവും. അവര്‍ ഇതെല്ലാം അനുഭവിച്ചുകൊണ്ടേയിരിക്കും. അവിടെ പിന്നെ മരണമില്ല; ജീവിതവുമില്ല!

നേതാവോ, ഇബ്‌ലീസോ, പുരോഹിതനോ ആരും രക്ഷപ്പെടുത്താനില്ല. കുറെ കാലം കഴിഞ്ഞ ശേഷം അര്‍ഹമായ ശിക്ഷകള്‍ അനുഭവിച്ച് തീര്‍ന്നവരെ നബി ﷺ യുടെ ശുപാര്‍ശയിലൂടെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് കടത്തും. ഇത് പിന്നെയും ആവര്‍ത്തിക്കും. പിന്നെ അല്ലാഹു ഒരു ശുപാര്‍ശയുമില്ലാതെ കുറെ പേരെ രക്ഷപ്പെടുത്തും. ബാക്കിയുള്ളവര്‍ ശാശ്വതരായി അതില്‍ വെന്തെരിഞ്ഞുകൊണ്ടേയിരിക്കും.

സ്വര്‍ഗത്തില്‍ ഒരിക്കലും പ്രവേശിക്കാത്തവര്‍ ആരാണ്? ''അല്ലാഹുവോട് വല്ലതിനേയും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും...'' (അല്‍മാഇദ: 72).

അല്ലാഹു അല്ലാത്ത ആരോടും എന്തിനോടും കാര്യകാരണ ബന്ധത്തില്‍പെട്ടതല്ലാത്ത മാര്‍ഗത്തിലൂടെ തന്റെ മനസ്സിലുള്ളത് അവര്‍ അറിയുമെന്നോ കേള്‍ക്കുമെന്നോ ഉത്തരം ചെയ്യുമെന്നോ വിശ്വസിച്ച് കൊണ്ടുള്ള എല്ലാ വിളികളും -അത് മനസ്സ് കൊണ്ട് മാത്രമാണെങ്കിലും- ശിര്‍ക്കാണ് അഥവാ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാണ്. അങ്ങനെ ചെയ്തവര്‍ പശ്ചാതപിക്കാതെ മരണപ്പെട്ടാല്‍ അവര്‍ എന്നെന്നും നരകവാസികളായിരിക്കും എന്നാണ് അല്ലാഹുവും അവന്റെ ദൂതന്മാരുമെല്ലാം സംശയലേശമന്യെ വ്യക്തമാക്കിയിട്ടുള്ളത്.

ഇത് യാഥാര്‍ഥ്യമാണ്. തോറ്റാല്‍ വീണ്ടും എഴുതാന്‍ സപ്ലിമെന്ററിയോ, അപ്പീല്‍ കോടതിയോ ഇല്ലാത്ത പരലോകത്തിലേക്ക് വേണ്ടി ഇപ്പോള്‍ തന്നെ ജീവിതം ചിട്ടപ്പെടുത്തുക. അല്ലെങ്കില്‍ ഖേദിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.