നബിചര്യയെ പരിഹസിക്കുകയോ?

മൂസ സ്വലാഹി, കാര

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

കഴിഞ്ഞ ലക്കത്തില്‍ നമസ്‌കാരത്തില്‍ സ്വഫ്ഫുകള്‍ അഥവാ അണികള്‍ ശരിപ്പെടുത്തുന്നതിന്റെ പ്രാമാണികതയും പ്രാധാന്യവും നമ്മള്‍ മനസ്സിലാക്കി. പ്രാമാണികമായി ഇത്രയും പിന്‍ബലമുള്ള ഈ വിഷയത്തെ, അഥവാ ഈ സ്ഥിരപ്പെട്ട നബിചര്യയെ (സുന്നത്തിനെ) അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ചിലരിലെങ്കിലും കാണപ്പെടുന്നുണ്ട്. അതില്‍ പണ്ഡിതന്മാരുമുണ്ടെന്നത് ഏറെ സങ്കടകരമാണ്. ഈ നബിചര്യ സ്വജീവിതത്തില്‍ പകര്‍ത്തുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുന്നതോടൊപ്പം ഇതിനെ കളിയാക്കുക കൂടി ചെയ്യുന്നവരുടെ മനസ്സിലിരിപ്പ് എന്തായിരിക്കും? 

ഹദീഥുകളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് വിലയിരുത്തി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യല്‍ ശീലമാക്കിയ ഒരു വിഭാഗത്തിന്റെ വാരികയില്‍ സ്വഫ്ഫുകള്‍ ചേര്‍ന്നുനില്‍ക്കുന്നതിനെയും മറ്റു ചില സുന്നത്തുകളെയും പരിഹസിച്ചുകൊണ്ട് ഒരു ലേഖനം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. വിശ്വാസികളുടെ മനസ്സിനെ അതിലെ പരാമര്‍ശങ്ങള്‍ വല്ലാതെ വേദനിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇത് വായിക്കുക:

''നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായം ചേര്‍ത്തതു പോലെ അനുഷ്ഠാനരംഗത്തും മായം ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍നിന്നും ഉയരുമ്പോള്‍ മുഷ്ടി ചുരുട്ടി നിലത്തുനിന്ന് എഴുന്നേല്‍ക്കല്‍, സ്വഫ്ഫ് നില്‍ക്കുമ്പോള്‍ വിരലുകള്‍ ഒപ്പിക്കല്‍ എന്നിവ അവയില്‍ ചിലതാണ്. കാല്‍വിരലുകള്‍ ഒപ്പിക്കാതെയും ചേര്‍ക്കാതെയും നിന്നാല്‍ അതിന്നിടയില്‍ പിശാച് വന്നുനില്‍ക്കും എന്നാണത്രെ ഇവരുടെ വാദം. പ്രസ്തുത വാദം ശരിയാണെങ്കില്‍ അതിന്നിടയില്‍ മാത്രമല്ല പിശാച് കാലുകള്‍ക്കിടയിലും രണ്ടാളുടെ തലകള്‍ക്കിടയിലും കയറിനില്‍ക്കില്ലേ? അങ്ങനെവരുമ്പോള്‍ നമസ്‌കരിക്കുന്ന ഓരോ വ്യക്തിയും കാലുകള്‍ക്കിടയില്‍ വിടവ് വരുത്താത്തവിധം അറ്റന്‍ഷനായ നിലയില്‍ നില്‍ക്കേണ്ടിവരും. തലകള്‍ ചേര്‍ത്തുവെച്ചാലും കഴുത്തുകള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിടവിലും പിശാച് വന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. വിരലുകള്‍ ഒപ്പിച്ചു നില്‍ക്കാന്‍ അല്ലാഹുവിന്റെ റസൂല്‍ എവിടെയും പറഞ്ഞിട്ടില്ല. അപ്രകാരം സ്വഫ്ഫ് നിന്നാല്‍ പാമ്പ് ചലിക്കുന്നതുപോലെയുണ്ടാകും. സ്വഫ്ഫ് ചെറിയ പാദമുള്ള വ്യക്തി നില്‍ക്കുന്നത് വലിയ പാദമുള്ള വ്യക്തിയോടൊപ്പമാണെങ്കില്‍ അല്‍പം കയറിനില്‍ക്കേണ്ടിവരും. ഇനി വലതുഭാഗം നില്‍ക്കുന്നത് ചെറിയപാദമുള്ള വ്യക്തിയാണെങ്കില്‍ വലിയ പാദമുള്ള വ്യക്തി പാദം സ്വഫ്ഫില്‍നിന്നും അല്‍പം താഴോട്ട് പിന്തിപ്പിക്കേണ്ടിവരും. ഇപ്പറഞ്ഞവിധം സ്വഫ്ഫു നില്‍ക്കുകയെന്നത് നബിചര്യയോ പ്രായോഗികമോ അല്ല'' (ശബാബ്, 2014 ഡിസംബര്‍ 12. പേജ് 32,33).

'സ്വഫ്ഫിനിടയിലെ പിശാച്' എന്ന തലക്കെട്ടുള്ള ലേഖനത്തിലാണ് ഈ പരിഹാസമത്രയും എഴുതിവിട്ടിരിക്കുന്നത്. അല്ലാഹുവിന്റെ ശാപവും കോപവും ചോദിച്ചുവാങ്ങുന്ന പണിയല്ലേ ഇത്? ഈമാനുറപ്പുള്ളവരില്‍നിന്ന് ഇത്തരം ഒരു പരിഹാസം ഒരിക്കലുമുണ്ടാകില്ല. അല്ലെങ്കിലും ഇസ്‌ലാം ഹറാമാക്കിയ മ്യൂസിക്കിനുപോലും ക്വുര്‍ആനില്‍ തെളിവുണ്ടെന്നു പറഞ്ഞവരില്‍നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍! ക്വുര്‍ആനും ഹദീഥുമാണല്ലോ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ആ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങളെ മാറ്റിവെക്കാനോ തങ്ങള്‍ക്കിഷ്ടമില്ലാത്തതായതിനാല്‍ മാറ്റിമറിക്കാനോ കഴിയില്ല. 

നമസ്‌കാരത്തിന് അണിയായി നില്‍ക്കുമ്പോള്‍ പാദങ്ങള്‍ ചേര്‍ത്തുവെക്കാതിരുന്നാല്‍ ഇടയില്‍ പിശാച് പ്രവേശിക്കും എന്നത് വഹ്‌യ് ലഭിക്കുന്ന നബി ﷺ  പറഞ്ഞുതന്നതാണ്. ഒരാള്‍ മുസ്‌ലിമാണെങ്കില്‍ അത് അപ്പടി വിശ്വസിക്കും. 'കഴുത്തും തലയും തമ്മില്‍ അകലമില്ലേ, അപ്പോള്‍ അതിനിടയിലും പിശാച് പ്രവേശിക്കില്ലേ' എന്ന ചോദ്യം സുന്നത്തിനെ സ്വീകരിക്കുന്നവരെ കളിയാക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഉതകിയേക്കുമെങ്കിലും വിഡ്ഢിത്തവും നബി ﷺ യെ പരിഹസിക്കലാണ്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതിനെ ചോദ്യം ചെയ്യലും മറുചോദ്യത്തിലൂടെ നിഷേധിക്കുന്നതും സലഫുകളുടെ മാര്‍ഗമല്ല.

വിശ്വാസത്തില്‍ മായം ചേര്‍ത്തവര്‍ എന്ന കള്ളത്തോടൊപ്പം മറ്റൊരു പച്ചക്കള്ളം ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത് വായിച്ചപ്പോള്‍ അത്ഭുതം തോന്നി. ഇത് വായിക്കുന്നവര്‍ ഈ കള്ളം തിരിച്ചറിയുമെന്ന ബോധം അയാള്‍ക്കില്ലാതെ പോയി. നമസ്‌കാരത്തില്‍ വിരലുകള്‍ ഒപ്പിക്കണമെന്ന് പറയുന്നു എന്ന ഇല്ലാത്ത വാദമുന്നയിച്ചത് പരിഹാസത്തിന് മൂര്‍ച്ചകൂട്ടാനായിരിക്കും. ആരാണ് നമസ്‌കാരത്തില്‍ കാല്‍വിരലുകള്‍ ഒപ്പിച്ചു നില്‍ക്കണമെന്നു പറഞ്ഞത്? തെളിവുദ്ധരിക്കാന്‍ ലേഖകനു കഴിയുമോ? അങ്ങനെ ചെയ്താല്‍ സ്വഫ്ഫ് വളയുമെന്നും മടമ്പുകള്‍ ഒപ്പിച്ചു നില്‍ക്കണമെന്നുമല്ലേ നമ്മുടെ ഇമാമുകള്‍ വിളിച്ചു പറയാറുള്ളത്? സ്വഫ്ഫ് നില്‍ക്കുമ്പോള്‍ പരസ്പരം ശരീരം തട്ടുന്നതില്‍ വെറുപ്പുകാണിക്കുന്നതും പരമാവധി അകലം പാലിക്കുകയും ചെയ്യുന്നവരാണ് ഈ ആരോപകര്‍. വിശ്വാസിയായ സഹോദരനോട് വെറുപ്പുള്ളതുകൊണ്ടാണല്ലോ ഈ അകല്‍ച്ച. ഒരാളോട് അടുത്തു നില്‍ക്കുന്നതില്‍ മറ്റൊരാള്‍ അനിഷ്ടം കാണിച്ചാല്‍ അയാള്‍ തന്നെ വെറുക്കുന്നു എന്ന് അയാള്‍ മനസ്സിലാക്കും. അത് മാനസികമായ അകലം വര്‍ധിപ്പിക്കും. തമ്മില്‍ കണ്ടാല്‍ മിണ്ടാതാവും. അവിടെ പിശാച് ജയിക്കും എന്നര്‍ഥം. മറിച്ച് പരസ്പരം പാദം അടുപ്പിച്ച് ശരീരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുന്നതില്‍ അനിഷ്ടം കാണിക്കാതിരിക്കുമ്പോള്‍ അറിയാതെ മാനസികമായ ഒരടുപ്പം വളര്‍ന്നുവരും. അതില്‍ സത്യവിശ്വാസികള്‍ അനുഭവിക്കുന്ന ഒരു ഈമാനിക മാധുര്യമുണ്ട്. അവിടെ പിശാച് പരാജയപ്പെടും. കറപുരണ്ട മനസ്സുകള്‍ക്ക് അത് മനസ്സിലാവില്ല. അല്ലാഹു പറയുന്നു: ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (4:65). 

ഇബ്‌നുകഥീര്‍(റഹ്) പറയുന്നു: ''നിശ്ചയം, മുഴുവന്‍ കാര്യങ്ങളിലും നബി ﷺ  വിധിക്കുന്നത് സ്വീകരിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. അവിടുന്ന് വിധിച്ചത് സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ് എന്നാണ് ഇൗ വിശുദ്ധ വാക്യത്തിലൂടെ അല്ലാഹു സത്യം ചെയ്തു പറയുന്നത.്''

'എന്തിനാണ് ഇത്തരം നിസ്സാര കാര്യങ്ങളില്‍ ഇത്ര കണിശത കാണിക്കുന്നത്? ചെയ്യുന്നവര്‍ ചെയ്‌തോട്ടെ, അല്ലാത്തവര്‍ ഒഴിവാക്കട്ടെ, അതിലൊക്കെ എന്തിരിക്കുന്നു?' പലരും ചോദിക്കാറുണ്ടിങ്ങനെ. 

നബി ﷺ യോട് എതിരാകാതിരിക്കാന്‍ സുന്നത്തുകള്‍ നാം ജീവിതത്തില്‍ പകര്‍ത്തണം. ഒരു സുന്നത്തിനോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രയാസമില്ല. അത് സ്വജീവിതത്തില്‍ പകര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ അതിനെ ബുദ്ധിമുട്ടായി കാണുകയില്ല. അതിനെ ബുദ്ധിമുട്ടും മാനക്കേടുമായി കാണുന്നവര്‍ പരിഹസിക്കുകയോ നിഷേധിക്കുകയോ ഒക്കെ ചെയ്യും.