ബന്ധനസ്ഥരോട് മാനുഷികമായ നിലപാട്

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 36)

നബി ﷺ  മദീനയില്‍ തിരിച്ചെത്തി. കൂടെ യുദ്ധാര്‍ജിത സ്വത്തും 70 ബന്ദികളും ഉണ്ട്. സ്വഫ്‌റാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നള്‌റുബ്‌നു ഹാരിസ് എന്ന മുശ്‌രികിനെ കൊല്ലുവാനുള്ള കല്‍പന നബി ﷺ  നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ മുശ്‌രികുകളുടെ പതാക വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാള്‍. മാത്രവുമല്ല ക്വുറൈശികളിലെ വലിയ ധിക്കാരിയും പോക്കിരിയുമായിരുന്നു. ഇസ്‌ലാമിനെതിരെ ഏറ്റവും കൂടുതല്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചതും നബി ﷺ യെ ഏറ്റവും കൂടുതലായി ദ്രോഹിച്ചതും ഈ വ്യക്തിയായിരുന്നു. അലി(റ)യോടാണ് ഇയാളെ കൊല്ലുവാനുള്ള കല്‍പന നബി ﷺ  നല്‍കിയത്. അര്‍ഖുള്ളബ്‌യ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഉഖ്ബത്ബ്‌നു അബീമുഈത്വിനെ കൊന്നു കളയാനുള്ള കല്‍പന ആസിം ഇബ്‌നു സാബിതിന്(റ) നബി ﷺ  നല്‍കി. നബിയെ ഏറ്റവും കൂടുതലായി ദ്രോഹിച്ച മറ്റൊരു വ്യക്തിയായിരുന്നു ഇയാള്‍. ഇയാളാണ് കഅ്ബയുടെ പരിസരത്ത് നബി ﷺ  സുജൂദിലായിരിക്കെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ കൊണ്ടുപോയി ഇട്ടത്. നബി ﷺ  സുജൂദിലായിരിക്കെ ഉഖ്ബ തന്റെ കാല്‍ നബിയുടെ കഴുത്തില്‍ വെച്ചിട്ടുമുണ്ട്. (ബുഖാരി: 240. മുസ്‌ലിം: 1794).

മദീനയിലേക്കുള്ള വഴിയില്‍ വെച്ച് നബി ﷺ  കൊല്ലാന്‍ കല്‍പിച്ച ഈ രണ്ടു വ്യക്തികളും അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും നീചന്മാരായിരുന്നു. വലിയ നിഷേധികളയിരുന്നു. അന്യായവും അതിക്രമവും അസൂയയും എല്ലാം സ്വന്തമാക്കിയവരായിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഏറ്റവും കൂടുതലായി ദ്രോഹിച്ചവരായിരുന്നു.

''തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു. അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുകതന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുമായിന്നു'' (അല്‍അന്‍ഫാല്‍: 22,23).

ബദ്‌റിലെ ബന്ദികളെ നബി ﷺ  സ്വഹാബികള്‍ക്കിടയില്‍ വീതിച്ചു. എന്നിട്ട് അവരോട് മാന്യമായ നിലക്ക് പെരുമാറുവാന്‍ ഉപദേശിക്കുകയും ചെയ്തു. സ്വഹാബികള്‍ നബിയുടെ ഉപദേശത്തെ കൃത്യമായി നടപ്പിലാക്കി. അവരോട് ഏറ്റവും നല്ല നിലക്ക് പെരുമാറി. അവര്‍ക്ക് നല്ല ഭക്ഷണം നല്‍കി. ഈ മാന്യമായ പെരുമാറ്റം പല ബന്ദികളുടെയും ഇസ്‌ലാമാശ്‌ളേഷണത്തിന് കാരണമായി മാറി.

ബന്ദികളുടെ വിഷയത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കാന്‍ നബി ﷺ  സ്വഹാബികളോട് കൂടിയാലോചന നടത്തി. ആ സംഭവം വിശദീകരിച്ചു കൊണ്ട് ഇബ്‌നു അബ്ബാസ് പറയുന്നു: ''...നബി ﷺ  അബൂബക്കറിനോടും ഉമറിനോടും ചോദിച്ചു: 'ഈ ബന്ദികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്താണ് അഭിപ്രായപ്പെടുന്നത്.' അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ പിതൃവ്യ പുത്രന്മാരും കുടുംബക്കാരും ആണല്ലോ. അവരില്‍ നിന്ന് നമുക്ക് പ്രായച്ഛിത്തം വാങ്ങാം. അപ്പോള്‍ നമുക്കത് നിഷേധികള്‍ക്കെതിരെ ഒരു ശക്തിയായി മാറും. മാത്രവുമല്ല അല്ലാഹു അവരെ ഹിദായത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.' അപ്പോള്‍ നബി ﷺ  ഉമറിനോട് ചോദിച്ചു: 'ഉമര്‍, നിന്റെ അഭിപ്രായം എന്താണ്.' അദ്ദേഹം പറഞ്ഞു: 'ഇല്ല റസൂലേ, അബൂബക്കര്‍ പറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. അവരുടെയെല്ലാം കഴുത്തു വെട്ടണം എന്നതാണ് എന്റെ അഭിപ്രായം. ഇന്നയിന്ന ആളുകളെ അലിയെ ഏല്‍പിക്കുക അലി അവരുടെ കഴുത്ത് വെട്ടട്ടെ. ഇന്നയിന്ന ആളുകളെ എന്നെ ഏല്‍പിക്കുക. ഞാന്‍ അവരുടെ കഴുത്ത് വെട്ടാം. കാരണം സത്യനിഷേധത്തിന്റെ നേതാക്കന്മാരാണിവര്‍.' എന്നാല്‍ നബി ﷺ  താല്‍പര്യം കാണിച്ചത് അബൂബക്കര്‍(റ) പറഞ്ഞ അഭിപ്രായത്തോടായിരുന്നു. ഉമര്‍(റ)പറയുകയാണ്: 'പിറ്റേ ദിവസം ഞാന്‍ ചെന്നുനോക്കിയപ്പോള്‍ നബിയും അബൂബക്കറും ഇരുന്നു കരയുകയായിരുന്നു. ഞാന്‍ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരേ, എന്തിന്റെ പേരിലാണ് നിങ്ങളും കൂട്ടുകാരനും കരയുന്നത്? കരയേണ്ട കാര്യമാണെങ്കില്‍ എനിക്കും കരയാമല്ലോ. ഇനി കരച്ചില്‍ വന്നില്ലെങ്കിലും നിങ്ങള്‍ കരയുന്ന കാരണത്താല്‍ ഞാനും ഉണ്ടാക്കി കരയാം.' 'ബന്ദികളുടെ കാര്യത്തില്‍ അവരില്‍നിന്ന് പ്രായച്ഛിത്തം സ്വീകരിക്കണം എന്ന നിന്റെയും കൂട്ടുകാരുടെയും അഭിപ്രായത്തിന്റെ പേരിലാണ് ഞാന്‍ കരയുന്നത്.' തൊട്ടടുത്തുള്ള ഒരു മരം ചൂണ്ടിക്കാണിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: 'ഈ മരത്തെക്കാള്‍ സമീപത്തായിക്കൊണ്ട് അവര്‍ക്കുള്ള ശിക്ഷ എനിക്ക് കാണിക്കപ്പെട്ടു. അല്ലാഹു ഈ ആയത്തും അവതരിപ്പിച്ചിട്ടുണ്ട്.'

''ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (അല്‍ അന്‍ഫാല്‍: 67-69).

അബൂബക്കറിന്റെയും ഉമറിന്റെയും അഭിപ്രായങ്ങളില്‍ നന്മയും മസ്വ്‌ലഹത്തും ഉണ്ടായിരുന്നു. എന്നാല്‍ അബൂബക്കര്‍(റ)വിന്റെ അഭിപ്രായമായിരുന്നു ഏറ്റവും ശരിയും നന്മയുള്ളതും. കാരണം ആ രൂപത്തിലായിരുന്നു കാര്യങ്ങള്‍ മുമ്പ് നിലവിലുണ്ടായിരുന്നത്. മാത്രവുമല്ല ബന്ധികളുടെ ഇസ്‌ലാം സ്വീകരണത്തിനും ഇത് കാരണമായി മാറും. അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോട് നബി ﷺ  യോജിച്ചതും അബൂബക്കറിന്റെ അഭിപ്രായം ഏറ്റവും നല്ലതാകാന്‍ കാരണമായി മാറി. ബന്ദികളില്‍ നിന്ന് പ്രായച്ഛിത്തം സ്വീകരിക്കല്‍ ഇസ്‌ലാമിന്റെ ആദ്യകാലത്ത് അനുവദനീയമായിരുന്നു. അതിനുശേഷം ഇമാമിന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. ഒന്നുകില്‍ ബന്ദികളെ കൊലപ്പെടുത്താം അല്ലെങ്കില്‍ അവരില്‍ നിന്ന് പ്രായച്ഛിത്തം സ്വീകരിക്കാം. അതിനു ശേഷം മൂന്നു വിഷയങ്ങളിലൊന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. അതായത്, ഒന്നുകില്‍ കൊലപ്പെടുത്തുക അതല്ലെങ്കില്‍ പ്രായശ്ചിത്തം സ്വീകരിക്കുക. അതുമല്ലെങ്കില്‍ ദയ കാണിച്ച് വിട്ടയക്കുക. എന്നാല്‍ കുട്ടികളെയും സ്ത്രീകളെയും അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യാത്തിടത്തോളം കൊല ചെയ്യാന്‍ അനുവാദമില്ല.

''ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ദിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷേ, നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മങ്ങള്‍ പാഴാക്കുകയേ ഇല്ല'' (മുഹമ്മദ്: 4).

ബന്ദികളില്‍ ഓരോരുത്തരുടെയും സാമ്പത്തികാവസ്ഥ പരിഗണിച്ചു കൊണ്ടാണ് നബി ﷺ ഓരോരുത്തര്‍ക്കും പ്രായച്ഛിത്തം പ്രഖ്യാപിച്ചത്. സാമ്പത്തിക ശേഷിയില്ലാത്ത ബന്ദികളോട് പ്രായച്ഛിത്തമായിക്കൊണ്ട് മുസ്‌ലിംകളില്‍ പെട്ട 10 കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിക്കുവാന്‍ പറഞ്ഞു. എന്നാല്‍ ചില ബന്ദികള്‍ക്ക് സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. വായിക്കുവാനോ എഴുതുവാനോ ഉള്ള അറിവുമുണ്ടായിരുന്നില്ല. അവരോട് നബി ﷺ  ദയ കാണിക്കുകയും പ്രായച്ഛിത്തം ഇല്ലാതെ തന്നെ അവരെ വിട്ടയക്കുകയും ചെയ്തു. ബന്ദികളില്‍ നിന്ന് ആദ്യമായി പ്രായച്ഛിത്തം നല്‍കിയത് ഹാരിസുബ്‌നു ളുമൈറ അസ്സഹ്മി എന്ന വ്യക്തിക്ക് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മുത്ത്വലിബ് 4000 ദിര്‍ഹമാണ് പിതാവിന് വേണ്ടി പ്രായച്ഛിത്തമായി നല്‍കിയത്. ശേഷം ഇയാള്‍ മക്കയിലേക്ക് മടങ്ങി. സുഹൈലുബ്‌നു അംറ് എന്ന വ്യക്തി ബന്ദികളില്‍ ഉണ്ടായിരുന്നു. മുക്‌രിസ് ഇബ്‌നു ഹഫ്‌സ് എന്നയാളാണ് ഇയാള്‍ക്ക് വേണ്ടി പ്രായച്ഛിത്തം നല്‍കിയത്. ശേഷം സുഹൈല്‍ ഇസ്‌ലാം സ്വീകരിച്ചു. നബി ﷺ യുടെ പുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ആസ്വ് ഇബ്‌നുറബീഉം ബന്ദികളില്‍ ഉണ്ടായിരുന്നു. തന്റെ മകള്‍ സൈനബിനെ മദീനയിലേക്ക് പറഞ്ഞുവിടാം എന്ന കരാറോടെയാണ് മരുമകനെ മക്കയിലേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ സൈനബ്(റ) മക്കയില്‍ ആയിരിക്കെ തന്നെ അബുല്‍ ആസ്വ് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനു വേണ്ടി സൈനബ്(റ)കൊടുത്തയച്ചത് അവരുടെ കല്യാണ ദിവസം ഖദീജ(റ) കൊടുത്തിരുന്ന ഒരു മാലയിരുന്നു. ആ മാല കണ്ടപ്പോള്‍ നബിയുടെ ഹൃദയം വല്ലാതെ വേദനിച്ചു. നബി ﷺ  തന്റെ സ്വഹാബികളോട് പറഞ്ഞു: 'പ്രായച്ഛിത്തം വാങ്ങാതെ ആ മാല സൈനബിന് തിരിച്ചു കൊടുത്തയക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നു എങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്.' സഹാബികള്‍ ഈ അഭിപ്രായത്തോട് യോജിച്ചു (അഹ്മദ്: 26362).

ബന്ദികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രധാന വ്യക്തിയായിരുന്നു അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്. കഅ്ബ് ഇബ്‌നു അംറാണ് അദ്ദേഹത്തെ ബന്ദിയാക്കിയത്. അബ്ബാസ് ബദ്ര്‍ യുദ്ധത്തിന് വരാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ക്വുറൈശികളുടെ നിര്‍ബന്ധം കൊണ്ടാണ് അദ്ദേഹം പുറപ്പെട്ടത്. 100 ഊക്വിയ സ്വയം പ്രായച്ഛിത്തം നല്‍കിക്കൊണ്ടാണ് അബ്ബാസ് മക്കയിലേക്ക് പോയത്. അതിനു പുറമെ സഹോദര പുത്രന്‍ ഉഖൈല്‍ ഇബ്‌നു അബീത്വാലിബ് 80 ഊക്വിയയും നല്‍കി. ഇതിനു ശേഷം അല്ലാഹു ഈ വചനം അവതരിപ്പിച്ചു:

''നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട് നീ പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയുമുള്ളതായി അല്ലാഹു അറിയുന്ന പക്ഷം നിങ്ങളുടെ പക്കല്‍ നിന്ന് മേടിക്കപ്പെട്ടതിനെക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് തരികയും നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(അല്‍അന്‍ഫാല്‍: 70).

ജുബൈര്‍ ഇബ്‌നു മുത്ഇം തന്റെ ആളുകളെ മോചിപ്പിക്കുന്നതിനു വേണ്ടി മദീനയിലേക്ക് വന്നു. അയാള്‍ മദീനയിലെത്തിയപ്പോള്‍ നബി ﷺ  സൂറതുത്ത്വൂര്‍ ഓതിക്കൊണ്ട് മഗ്‌രിബ് നമസ്‌കരിക്കുകയായിരുന്നു. അത് കേട്ടതോടെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇസ്‌ലാം പതിഞ്ഞു. ജുബൈര്‍(റ) പറയുന്നു: 'മഗ്‌രിബ് നമസ്‌കാരത്തില്‍ നബി ﷺ  സൂറതുത്ത്വൂര്‍ ഓതുന്നത് ഞാന്‍ കേട്ടു. എന്റെ ഹൃദയത്തില്‍ ആദ്യമായി ഈമാന്‍ പതിഞ്ഞത് അങ്ങനെയായിരുന്നു' (ബുഖാരി: 4023, മുസ്‌ലിം: 463).

മക്കയില്‍ ജീവിക്കുന്ന കാലത്ത് നബി ﷺ  ത്വാഇഫില്‍ നിന്നും തിരിച്ചു വന്ന സന്ദര്‍ഭത്തില്‍ അഭയം നല്‍കിയത് ഈ ജുബൈറിന്റെ പിതാവായ മുത്ഇമുബ്‌നു അദിയ്യായിരുന്നു. ഉമൈര്‍ ഇബ്‌നു വഹബ് അല്‍ജുഹമി ബന്ദിയായ തന്റെ മകനെ നബിയില്‍ നിന്നും ഒളിപ്പിച്ചു കൊണ്ടുപോകുവാന്‍ വേണ്ടി മദീനയിലേക്ക് വന്നു. എന്നാല്‍ ഇദ്ദേഹം മദീനയിലെത്തിയപ്പോള്‍ എന്ത് ആവശ്യത്തിനാണ് വന്നത് എന്ന് നബി ﷺ  തന്നെ അങ്ങോട്ടു പറഞ്ഞുകൊടുത്തു. ഇത് കേട്ടപാടെ അദ്ദേഹം മുസ്‌ലിമാവുകയും അവിടെയുള്ള മുസ്‌ലിംകളെല്ലാം അതിയായി സന്തോഷിക്കുകയും ചെയ്തു. നബി ﷺ  മുസ്‌ലിംകളോടായി ഇപ്രകാരം പറഞ്ഞു: 'നിങ്ങളുടെ സഹോദരന്‍ ഉമൈറിന് ദീന്‍ പഠിപ്പിച്ചു കൊടുക്കുക. ക്വുര്‍ആനും പഠിപ്പിച്ചു കൊടുക്കുക. അദ്ദേഹത്തിന്റെ ബന്ദിയെ മോചിപ്പിച്ചു വിടുകയും ചെയ്യുക.' നല്ല ഒരു പ്രബോധകനായിക്കൊണ്ടാണ് ഉമൈര്‍(റ) മക്കയിലേക്ക് മടങ്ങിയത്. അദ്ദേഹത്തിലൂടെ ഒരുപാട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു.

ലോകത്ത് ഏറ്റവും ഉന്നതമായ സ്ഥാനം നേടിയവരാണ് ബദ്‌റില്‍ പങ്കെടുത്തവര്‍. അവര്‍ എത്തിയതിനെക്കാള്‍ മഹത്തായ സ്ഥാനത്തേക്ക് ഇനി ആരും എത്താനില്ല. അവര്‍ സ്വര്‍ഗാവകാശികളാണ്.

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു'' (ആലുഇംറാന്‍: 169,170).

മക്കാവിജയ സന്ദര്‍ഭത്തില്‍ നബി ﷺ യും അനുയായികളും മക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന വിവരം മക്കക്കാരെ അറിയിച്ചതിന്റെ പേരില്‍ ഹാതിബ് ഇബ്‌നു അബീബല്‍തഅ എന്ന സ്വഹാബിയെ പിടികൂടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ തല എടുക്കട്ടെ റസൂലേ എന്ന് ചോദിച്ച ഉമറിനോട് അദ്ദേഹം ബദ്‌റില്‍ പങ്കെടുത്ത ആളാണല്ലോ എന്നായിരുന്നു നബി ﷺ  മറുപടി പറഞ്ഞത്. നബി ﷺ  മദീനയിലേക്കുള്ള യാത്രയില്‍ റൗഹാഅ് എന്ന പ്രദേശത്ത് എത്തിയപ്പോള്‍ യുദ്ധത്തിലുണ്ടായ വിജയത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് മുസ്‌ലിംകളുടെ നേതാക്കന്മാര്‍ അവിടെ കടന്നുവന്നു. ഉസൈദ്ബ്‌നു ഖുളൈര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, താങ്കള്‍ യുദ്ധത്തിനു പോവുകയാണ് എന്ന് ഞങ്ങള്‍ ഒരിക്കലും ധരിച്ചിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ബദ്‌റില്‍ നിന്ന് പിന്മാറില്ലായിരുന്നു. താങ്കള്‍ കച്ചവട സംഘത്തെ ലക്ഷ്യം വെച്ചുകൊണ്ട് മാത്രമാണ് പോകുന്നത് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'താങ്കള്‍ പറഞ്ഞത് ശരിയാണ്.'

അങ്ങനെ വിജയം നേടിയവരായും ശക്തി ലഭിച്ചവരായും നബിയും സ്വഹാബികളും മദീനയില്‍ പ്രവേശിച്ചു. മദീനക്ക് അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്ക് പോലും ഇവരെ പേടിയായിത്തുടങ്ങി. ബദ്‌റിലെ ഈ വിജയത്തിന്റെ ഭാഗമായി ഒട്ടനവധി ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. കൂട്ടത്തില്‍ കാപട്യത്തിന്റെ ഭാഗമായി അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂലും അനുയായികളും ഇസ്‌ലാമിലേക്കു വന്നു. ബദ്ര്‍ യുദ്ധത്തിന് ശേഷം വിശ്വാസികളുടെ പ്രതാപം മദീനയിലും അറേബ്യന്‍ ഭൂഖണ്ഡത്തിലും അല്ലാഹു പ്രകടമാക്കി. കപടന്മാരുടെയും മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും ഇടയില്‍ മുസ്‌ലിംകള്‍ക്ക് വിലയും നിലയും ഉണ്ടായി. ജൂതന്മാര്‍ നിന്ദ്യന്മാരായി. മുസ്‌ലിംകള്‍ക്കെതിരെ അവര്‍ ശത്രുത പ്രകടിപ്പിച്ചുവെങ്കിലും അവരുടെ കുതന്ത്രങ്ങളെ അല്ലാഹു തകര്‍ത്തുകളയുകയും തന്റെ പ്രവാചകന് സഹായം നല്‍കുകയും ചെയ്തു.