അവര്‍ പ്രാര്‍ഥിച്ചത് ആരോട്?

മുനവര്‍ ഫൈറൂസ്

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല''  (ക്വുര്‍ആന്‍ 51:56).

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമെന്തെന്ന് ഈ ക്വുര്‍ആന്‍ വചനം വ്യക്തമാക്കുന്നു. അല്ലാഹു ലോകത്തിലെ വിവിധ സമൂഹങ്ങളിലേക്ക് വ്യത്യസ്ത കാലങ്ങളിലായി ദൂതന്മാരെ നിയോഗിച്ചതും ഇതേ കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുവാനായിരുന്നു. 

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)...''(ക്വുര്‍ആന്‍ 16:36).

മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു:

''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (ക്വുര്‍ആന്‍ 21:25).

ആരാധനകള്‍ അഖിലവും സകല ലോകങ്ങളുടെയും പരിപാലകനു മാത്രം അവകാശപ്പെട്ടതത്രെ. സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമായവനല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ആരുമില്ല.

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്'' (ക്വുര്‍ആന്‍ 2:21,22).

നുഅ്മാനുബ്‌നു ബശീര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ ﷺ  അരുളി: ''നിശ്ചയം പ്രാര്‍ഥന; അത് ആരാധന (ഇബാദത്ത്) തന്നെയാണ്.'' ശേഷം നബി ﷺ  ഓതി: 'നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60)(തിര്‍മിദി 2969).

പ്രാര്‍ഥന ആരാധനയാണ് എന്നതുകൊണ്ടുതന്നെ അത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. പരിശുദ്ധ ക്വുര്‍ആനില്‍ അനേകം പ്രാര്‍ഥനകളുണ്ട്. നബി ﷺ  ഒരാള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നതുവരെ വിവിധ സന്ദര്‍ഭങ്ങളിലായി ചൊല്ലേണ്ടുന്ന വ്യത്യസ്ത പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്. എല്ലാം അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനകള്‍. 

പരിശുദ്ധ ക്വുര്‍ആനില്‍ നബിമാര്‍ നടത്തിയ ധാരാളം  പ്രാര്‍ഥനകള്‍ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.അവരെല്ലാവരും വിഷമഘട്ടങ്ങളിലും സന്തോഷ സന്ദര്‍ഭങ്ങളിലും പ്രാര്‍ഥിച്ചത് അല്ലാഹുവിനോട് മാത്രം. അവയില്‍ ചിലത് കാണുക:

ആദം നബി(അ)യുടെ പ്രാര്‍ഥന 

പറ്റിപ്പോയ അബദ്ധത്തില്‍ പശ്ചാത്തപിച്ച് ആദം നബി(അ)യും ഹവ്വാബീവിയും നടത്തിയ പ്രാര്‍ഥന ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: ''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (7:23). 

നൂഹ് നബി(അ)യുടെ പ്രാര്‍ഥന

തന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി നൂഹ് നബി(അ) പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ധിപ്പിക്കരുതേ'' (71:28)

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന

അല്ലാഹുവിന്റെ കല്‍പന പ്രകാരം കഅ്ബ പടുത്തുയര്‍ത്തുമ്പോള്‍ ആ സല്‍കര്‍മം അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കുവാനുമായി ഇരുവരും പ്രാര്‍ഥിച്ചു: ''ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:127).

വിവിധ ആവശ്യങ്ങള്‍ സഫലീകൃതമാകുവാനായി മഹാന്മാരായ ആ രണ്ട് പ്രവാചകന്മാരും പ്രാര്‍ഥിച്ചത് കാണുക: 

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (2:128).

മുസാനബി(അ)യുടെ പ്രാര്‍ഥന 

അല്ലാഹു ഏല്‍പിച്ച പ്രബോധനമെന്ന മഹാദൗത്യം നന്നായി നിറവേറ്റുവാനാവശ്യമായ സഹായം ലഭിക്കുന്നതിനായി മൂസാനബി(അ) പ്രാര്‍ഥിച്ചത് കാണുക: ''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്'' (20:25-28)

അയ്യൂബ് നബി(അ)യുടെ പ്രാര്‍ഥന

രോഗം ബാധിച്ചാല്‍ ശമനം ലഭിക്കുവാനായി അല്ലാഹുവല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുകയും അല്ലാഹുവല്ലാത്തവരോട് രോഗമനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ ഏറെയുണ്ട്. കഠിനമായ രോഗം ബാധിച്ചപ്പോള്‍ അങ്ങേയറ്റം ക്ഷമയവലംബിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ച അയ്യൂബ് നബി(അ)യുടെ ചരിത്രം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്.

''അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ'' (ക്വുര്‍ആന്‍ 21:83).

സകരിയ്യാനബി(അ)യുടെ പ്രാര്‍ഥന

വിവാഹം കഴിഞ്ഞ് രണ്ടോമൂന്നോ വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തപക്ഷം വിവിധ ദര്‍ഗകളിലേക്ക് തീര്‍ഥയാത്ര നടത്തുന്നവരും ആത്മീയചൂഷകരെ സമീപിക്കുന്നവരും വാര്‍ധക്യത്തിലും നിരാശപ്പെടാതെ ഒരു സന്താനത്തിനു വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ച സകരിയ്യാനബി(അ)യുടെ ജീവിതത്തില്‍നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. 

''അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ, തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു'' (ക്വുര്‍ആന്‍ 3:38).

യൂനുസ് നബി(അ)യുടെ പ്രാര്‍ഥന

തന്റെ ജനത എത്ര ഉപദേശിച്ചിട്ടും സത്യമാര്‍ഗത്തിലേക്ക് വരാത്തിനാലുള്ള വിഷമത്താല്‍ നാട്‌വിട്ടു പോയ യൂനുസ് നബി(അ) യാത്രാമധ്യെ കപ്പലില്‍നിന്ന് കടലിലെറിയപ്പെടുകയും അങ്ങനെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങുകയുമുണ്ടായി. ഏറ്റവും വിഷമകരമായ ആ അവസ്ഥയില്‍, മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് യൂനുസ് നബി(അ) പ്രാര്‍ഥിച്ചത് അല്ലാഹുവിനോട് മാത്രം. 

''ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു'' (ക്വുര്‍ആന്‍ 21:87)

ഇനിയും ഒരുപാട് പ്രാര്‍ഥനകള്‍  ക്വുര്‍ആനില്‍നിന്നും ഉദ്ധരിക്കാന്‍ സാധിക്കും. അവയെല്ലാം അല്ലാഹുവിനോട് മാത്രം; അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനക്ക് ഒരു ഉദാഹരണമെങ്കിലും പരിശുദ്ധ ക്വുര്‍ആനില്‍ നിന്നോ പ്രവാചക അധ്യാപനങ്ങളില്‍ നിന്നോ ഉദ്ധരിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കരുത് എന്നതിന് എത്രയോ തെളിവുകള്‍ ക്വുര്‍ആനിലും ഹദീഥുകളിലും നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. 

അല്ലാഹു പറയുന്നു: ''വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.  (ക്വുര്‍ആന്‍ 23:117).

അല്ലാഹുവിന് പുറമെ യാതൊന്നിനോടും പ്രാര്‍ഥിക്കാത്തവരാണ് അവന്റെ യഥാര്‍ഥ ദാസന്മാര്‍ എന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുമുണ്ട്:

''അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 25:68).

അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുവാന്‍ സ്വന്തം നാട്ടില്‍ കഴിയാതെ വന്നപ്പോള്‍ നാട് വിടാനൊരുങ്ങുകയും വഴിമധ്യെ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയും ചെയ്ത, ഗുഹാവാസികള്‍ (അസ്ഹാബുല്‍ കഹ്ഫ്) എന്നറിയപ്പെടുന്ന യുവാക്കളുടെ പ്രഖ്യാപനം ക്വുര്‍ആനില്‍ കാണാവുന്നതാണ്.  

''ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു. ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്!'' (ക്വുര്‍ആന്‍ 18:14,15).

ഇതുപോലെ ആത്മാര്‍ഥമായി പ്രഖ്യാപിക്കുവാന്‍ ഓരോ സത്യവിശ്വാസിക്കും കഴിയേണ്ടതുണ്ട്. അല്ലാഹുവിനു പുറമെ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും ആ പ്രാര്‍ഥിക്കുന്നവന്‍ ഏറ്റവും വഴിപിഴച്ചവരാണ് എന്നാണ് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്:

 ''അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'' (ക്വുര്‍ആന്‍ 46:5,6).

മാത്രവുമല്ല അത്തരം വഴിമാറിയ പ്രാര്‍ഥന അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക എന്ന മഹാ ആക്രമമാണ്. അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവര്‍ ആ പ്രാര്‍ഥന കേള്‍ക്കില്ലന്നും അതിനുത്തരം നല്‍കില്ലെന്നും ക്വുര്‍ആന്‍ അറിയിക്കുന്നു. പരലോകത്ത് വെച്ച് തങ്ങളെ വിളിച്ച് പ്രാര്‍ഥിച്ചതിനെ അവര്‍ നിഷേധിക്കുകയും ചെയ്യും:

''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (ക്വുര്‍ആന്‍ 35:14).

പ്രാര്‍ഥന അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കല്‍ ശിര്‍ക്കാണ് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നതാണ് ഉപരിസൂചിത വചനം അറിയിക്കുന്നത്. ഒരാള്‍ ശിര്‍ക്ക് ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധവും നരകം നിര്‍ബന്ധവുമായിരിക്കും. അതുകൊണ്ട് അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക. 

''(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (ക്വുര്‍ആന്‍ 72:20).

''പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്'' (ക്വുര്‍ആന്‍ 72:18).

സൂറതുല്‍ ഫാതിഹയിലൂടെ നമസ്‌കാരത്തില്‍ നാം ദിനേന പലതവണ ഇക്കാര്യം പ്രഖ്യാപിക്കുന്നുണ്ട് എന്നതോര്‍ക്കുക: ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5).

എന്നാല്‍ നമസ്‌കാരശേഷം പലരും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.

അല്ലാഹുവല്ലാത്ത ശക്തികളെയും വ്യക്തികളെയും സചേതന-അചേതന വസ്തുക്കളെയും വിളിച്ചുപ്രാര്‍ഥിക്കുന്നതിലെ നിരര്‍ഥകത വളരെ ഭംഗിയായി, മനസ്സില്‍ തട്ടുന്ന രൂപത്തില്‍ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. 

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'' (ക്വുര്‍ആന്‍ 22:73).

''അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 13:14).

''അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍'' (ക്വുര്‍ആന്‍ 22:62).