പീഡനപര്‍വം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

നബിമാരുടെ ശത്രുക്കള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നുകില്‍ അതിനെ അംഗീകരിക്കും, അതല്ലെങ്കില്‍ ശക്തികൊണ്ട് അതിനെ നേരിടാന്‍ സാധ്യമാണെങ്കില്‍ അങ്ങനെയും ചെയ്യും. ശക്തികൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും മാര്‍ഗങ്ങള്‍ പലരും സ്വീകരിക്കുന്നത്. മക്കയിലെ മുശ്‌രിക്കുകളാകട്ടെ ചില സന്ദര്‍ഭങ്ങളില്‍ നബി ﷺയെ പരിഹസിക്കുകയും മറ്റുചില സന്ദര്‍ഭങ്ങളില്‍ ശാരീരികമായി വേദനിപ്പിക്കുകയും ചെയ്തു: 

''അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്'' (ക്വുര്‍ആന്‍ 33:57).

പ്രബോധനത്തിന്റെ പ്രചാരണത്തെ തടയുവാനും മുഹമ്മദ് നബി ﷺയുടെ പ്രബോധനത്തില്‍ പ്രവേശിച്ച ആളുകളെ നാശത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനും വേണ്ടി മുശ്‌രിക്കുകള്‍ പലവിധത്തിലുള്ളശാരീരിക മര്‍ദനങ്ങള്‍ പ്രവാചകനെയും അനുചരന്മാരെയും ഏല്‍പിക്കുകയുണ്ടായി. അബൂലഹബ്, ഉക്വ്ബതുബ്‌നു അബീമുഈത്വ്, ഹകമുബ്‌നു അബില്‍ആസ്വ് തുടങ്ങിയവര്‍ പ്രവാചകനെ വീട്ടില്‍വെച്ചു തന്നെ പീഡിപ്പിച്ചവരായിരുന്നു. ഇവരെല്ലാം നബി ﷺയുടെ അയല്‍വാസികളായിരുന്നു! നബി ﷺ നമസ് കരിക്കുമ്പോള്‍ പോലും അവര്‍ പ്രയാസപ്പെടുത്തിയിട്ടുണ്ട്. 

ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ''നബി ﷺ കഅ്ബയുടെ അടുക്കല്‍ നമസ്‌കരിക്കുകയായിരുന്നു. അബൂജഹലും അനുയായികളും സമീപത്തുതന്നെ ഇരിക്കുന്നുണ്ട്. അപ്പോള്‍ ചിലര്‍ ചിലരോട് പറഞ്ഞു: 'നിങ്ങളില്‍ ആരാണ് ഇന്ന ഗോത്രത്തില്‍ പോയി പഴകിയ കുടല്‍മാല കൊണ്ടുവരിക? എന്നിട്ട് മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ അവന്റെ മുതുകത്ത് ഇടുക?' ഇത് കേട്ടയുടനെ അവരിലെ വൃത്തികെട്ട ഒരാള്‍ പോയി അത് കൊണ്ടുവന്നു. നബി ﷺ സുജൂദ് ചെയ്യാന്‍ അയാള്‍ കാത്തുനിന്നു. നബി ﷺ സുജൂദ് ചെയ്തപ്പോള്‍ നബി ﷺയുടെ ചുമലിലൂടെ ആ കുടല്‍മാലയിട്ടു. ഞാനത് നോക്കിനില്‍ക്കുകയായിരുന്നു. അത് തടയാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. അങ്ങനെ അവര്‍ പരസ്പരം ചിരിക്കുവാനും ആഹ്ലാദിക്കുവാനും തുടങ്ങി. നബിയാകട്ടെ സുജൂദില്‍ നിന്ന് ഉയരാന്‍ പോലും കഴിയാതെ അതേ അവസ്ഥയില്‍ തുടര്‍ന്നു. അങ്ങനെയിരിക്കെ മകള്‍ ഫാത്വിമ കടന്നുവരികയും നബി ﷺയുടെ മുതുകത്തുനിന്നും അത് എടുത്ത് വലിച്ചെറിയുകയും ചെയ്തു. നബി ﷺ തന്റെ തല ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവേ, ക്വുറൈശികളുടെ കാര്യത്തില്‍ നീ മതിയായവനാണ്.' മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു. അവര്‍ക്കെതിരെയുള്ള നബിയുടെ പ്രാര്‍ഥന അവര്‍ക്ക് വലിയ പ്രയാസമായി തോന്നി. കാരണം മക്കയില്‍ വെച്ചുകൊണ്ടുള്ള പ്രാര്‍ഥന ഉത്തരം ലഭിക്കപ്പെടുന്ന ഒന്നാണ് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ശേഷം ഓരോരുത്തരുടെയും പേര് എടുത്തുപറഞ്ഞുകൊണ്ട് നബി ﷺ പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, അബൂജഹലിന്റെ കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്. ഉത്ബയുടെയും ശൈബയുടെയും ഈ വലീദിന്റെയും ഉമയ്യത്തുബ്‌നു ഖലഫിന്റെയും ഉക്വ്ബതുബ്‌നു അബീമുഈത്വിന്റെയും കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്.' ഇബ്‌നുമസ്ഊദ്(റ) പറയുന്നു: 'നബി ﷺ എണ്ണിപ്പറഞ്ഞ ആളുകളെല്ലാം ബദ്ര്‍ യുദ്ധ ദിവസത്തില്‍ ഖലീബില്‍ വീണ് കിടക്കുന്നത് ഞാന്‍ കണ്ടു'' (ബുഖാരി: 240, മുസ്‌ലിം: 1794). 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ''ഒരിക്കല്‍ അബൂജഹല്‍ പറഞ്ഞു: 'നിങ്ങളുടെ മുമ്പില്‍ വെച്ചുകൊണ്ട് മുഹമ്മദ് തന്റെ മുഖം നിലത്തു വെക്കാറുണ്ടോ?' (സുജൂദ് ചെയ്യാറുണ്ടോ എന്നാണ് ഈ ചോദ്യത്തിന്റെ അര്‍ഥം). ഈ സന്ദര്‍ഭത്തില്‍ അവിടെയുള്ള ആളുകള്‍ പറഞ്ഞു: 'അതെ, അങ്ങനെ ചെയ്യാറുണ്ട്.' അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'ലാത്ത തന്നെയാണ് സത്യം, ഉസ്സ തന്നെയാണ് സത്യം, ഇനി മുഹമ്മദ് അങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ഞാനവനെ പിരടിയില്‍ ചവിട്ടുക തന്നെ ചെയ്യും. അല്ലെങ്കില്‍ അവന്റെ മുഖം മണ്ണില്‍ വച്ചുകൊണ്ട് ഉരസുക തന്നെ ചെയ്യും.' അങ്ങനെയിരിക്കെ നബി ﷺ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അബൂജഹല്‍ കടന്നുവന്നു. നബി ﷺയുടെ പിരടിയില്‍ ചവിട്ടാന്‍ വേണ്ടി പോയ സന്ദര്‍ഭത്തില്‍ പോയതുപോലെ തിരിച്ചുവരികയും തന്റെ കൈകൊണ്ട് എന്തോ തടയുകയും ചെയ്യുന്നതും ആളുകള്‍ കണ്ടു. അവര്‍ ചോദിച്ചു: 'എന്തുപറ്റി താങ്കള്‍ക്ക്?' അബൂജഹല്‍ പറഞ്ഞു: 'എനിക്കും മുഹമ്മദിനും ഇടയ്ക്ക് ഒരു കിടങ്ങ് പ്രത്യക്ഷപ്പെട്ടതായി ഞാന്‍ കണ്ടു. അതേപോലെ ചില ഭീകര കാഴ്ചകളും ചിറകുകളും ഞാന്‍ കണ്ടു.' നബി ﷺ പറയുകയാണ്: 'അബൂജഹലെങ്ങാനും ആ സന്ദര്‍ഭത്തില്‍ എന്നിലേക്ക് അടുത്തിരുന്നുവെങ്കില്‍ മലക്കുകള്‍ കഷ്ണം കഷ്ണമായി അയാളെ പിച്ചിച്ചീന്തുമായിരുന്നു'' (മുസ്‌ലിം: 2797). 

ഉര്‍വ്വത്ബ്‌നു സുബൈര്‍(റ) പറയുന്നു: ''മുശ്‌രിക്കുകളുടെ ഭാഗത്തുനിന്നും നബിക്ക് ഉണ്ടായ ഏറ്റവും ശക്തമായ മര്‍ദനത്തെക്കുറിച്ച് അബ്ദുല്ലാഹിബിനു അംറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നബി ﷺ നമസ്‌കരിച്ചുകൊണ്ടിരിക്കെ ഉക്വ്ബത്ബ്‌നു അബീമുഈത്വ് അങ്ങോട്ടു വന്നു. അയാള്‍ തന്റെ മുണ്ട് ഊരിയെടുത്ത് നബി ﷺയുടെ കഴുത്തില്‍ ശക്തമായി വലിച്ചുമുറുക്കി. അപ്പോള്‍ അബൂബക്ര്‍(റ) വരികയും ഉക്വ്ബതിനെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: 'എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും നിങ്ങളുടെ റബ്ബിന്റെ ഭാഗത്തുനിന്നും വ്യക്തമായ തെളിവുകളുമായി വരുകയും ചെയ്ത ഒരു വ്യക്തിയെ നിങ്ങള്‍ കൊല ചെയ്യുകയാണോ?'' (ബുഖാരി: 3678). 

മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെടുകയും അതില്‍ ക്ഷമിക്കുകയും ചെയ്തതുപോലെ അവിടുത്തെ അനുചരന്മാരും പീഡിപ്പിക്കപ്പെടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്. അബൂബക്ര്‍(റ) ഒരുദിവസം മസ്ജിദുല്‍ ഹറാമില്‍ പ്രസംഗിക്കാന്‍ വേണ്ടി എഴുന്നേറ്റു നിന്നു. മുശ്‌രിക്കുകള്‍ അദ്ദേഹത്തെ അടിച്ചു. ഉത്ബത്ബ്‌നു റബീഅഃ ആയിരുന്നു അദ്ദേഹത്തെ അടിച്ച ഒരു വ്യക്തി. തന്റെ രണ്ടു ചെരിപ്പുകള്‍ ഊരിക്കൊണ്ടായിരുന്നു അബൂബക്‌റി(റ)ന്റെ മുഖത്ത് അയാള്‍ അടിച്ചത്. മൂക്കും മുഖവും വേര്‍തിരിച്ച് അറിയാതെയായി എന്ന് ചരിത്രം പറയുന്നു. 

മിസ്അബ് ഇബ്‌നു ഉമൈര്‍(റ) മുസ്‌ലിമായ വിവരം അദ്ദേഹത്തിന്റെ മാതാവ് അറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കി. സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. പക്ഷേ, വിശപ്പടക്കാന്‍ പോലും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. 

അബ്ദുല്ലാഹിബിന് മസ്ഊദ്(റ) മസ്ജിദുല്‍ ഹറാമില്‍ വെച്ച് വിശുദ്ധ ക്വുര്‍ആന്‍ ഉറക്കെ പാരായണം ചെയ്തു. മുശ്‌രിക്കുകള്‍ അദ്ദേഹത്തെ ശക്തമായി അടിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് അടിയുടെ പാടുകള്‍ വീഴുകയും ചെയ്തു. മറ്റൊരാളും അനുഭവിച്ചിട്ടില്ലാത്ത പീഡനങ്ങളും പ്രയാസങ്ങളുമാണ് ബിലാലുബ്‌നു റബാഹ്(റ) എന്ന സ്വഹാബി അനുഭവിച്ചത്. കാരണം അദ്ദേഹം ഒരു അടിമയായിരുന്നു. ഉമയ്യത്തുബ്‌നു ഖലഫ് അദ്ദേഹത്തിന്റെ കഴുത്തില്‍ കയറിട്ട് കെട്ടി. എന്നിട്ട് മക്കയിലെ കുട്ടികള്‍ക്ക് അവിടത്തെ മലനിരകളിലൂടെ വലിക്കാന്‍ വേണ്ടി കൊടുത്തു. മക്കയിലെ മണല്‍ ചൂടുപിടിക്കുമ്പോള്‍ ബിലാലിനെ മരുഭൂമിയിലേക്ക് കൊണ്ടുവരികയും അവിടെ കിടത്തി വലിയ പാറക്കല്ലുകള്‍ അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവെക്കുകയും ചെയ്യുമായിരുന്നു. 'ഈ അവസ്ഥയില്‍ നീ മരണപ്പെടും, അതല്ലെങ്കില്‍ മുഹമ്മദിന്റെ മതത്തെ നീ നിഷേധിക്കണം' എന്നായിരുന്നു അവര്‍ ബിലാലിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പാറയെക്കാള്‍ വലിയ ഈമാനിനെ നെഞ്ചിലേറ്റിയ ബിലാലിന്റെ മറുപടി 'അഹദ്... അഹദ്...' (അല്ലാഹു ഏകന്‍) എന്നായിരുന്നു. അബൂബക്ര്‍(റ) ഇത് കാണുകയും ബിലാല്‍(റ)വിനെ വിലകൊടുത്തുവാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മോചിപ്പിക്കുകയും ചെയ്തു.

ഖബ്ബാബ് ബിന്‍ അറതി(റ)നെ മുശ്‌രിക്കുകള്‍ വ്യത്യസ്തങ്ങളായ പീഡനങ്ങള്‍ക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ നെഞ്ചത്ത് വലിയ കല്ലുകള്‍ കയറ്റിവെച്ചു. അദ്ദേഹത്തെ തീക്കനലില്‍ കയറ്റിവെച്ചു. അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ കരിച്ചുകളഞ്ഞുകൊണ്ടല്ലാതെ തീക്കനലുകള്‍ അണഞ്ഞിരുന്നില്ല! 

ബനൂമഖ്‌സൂം ഗോത്രത്തിലെ അടിമയായിരുന്നു അമ്മാറുബ്‌നു യാസിര്‍(റ). അമ്മാറും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഇസ്‌ലാം സ്വീകരിച്ചു. മക്കയിലെ മണലാരണ്യം ചൂടുപിടിച്ചാല്‍ അവര്‍ അദ്ദേഹത്തെ അങ്ങോട്ട് കൊണ്ടുപോകുകയും ചുട്ടുപഴുത്ത മണലില്‍ കിടത്തി വ്യത്യസ്തങ്ങളായ ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്യുമായിരുന്നു. 

ഒരിക്കല്‍ യാസിര്‍ കുടുംബം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കെ അവര്‍ക്ക് അരികിലൂടെ നബി ﷺ കടന്നുപോയി. അപ്പോള്‍ ഇപ്രകാരം പറഞ്ഞു: ''യാസിര്‍ കുടുംബമേ, ക്ഷമിച്ചുകൊള്ളുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വര്‍ഗമാണ്.'' ശിക്ഷയുടെ കാഠിന്യത്താല്‍ യാസിര്‍(റ) മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഗുഹ്യസ്ഥാനത്തിലൂടെ അബൂജഹല്‍ കുന്തംകുത്തിക്കയറ്റി. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒന്നാമത്തെ രക്തസാക്ഷിയായിരുന്നു അവര്‍. ആമിറുബ്‌നു ഫുഹൈറ(റ), ഹമാമ ഉമ്മു ബിലാല്‍(റ), അബു ഫക്വീഹ(റ), സന്‍ബുറ(റ), നെഹ്ദിയ്യ(റ), സുഹൈബുര്‍റൂമി(റ) തുടങ്ങിയവരായിരുന്നു പീഡിപ്പിക്കപ്പെട്ട മറ്റുചില ദുര്‍ബലര്‍.

ഇവര്‍ക്കു പുറമെ മക്കയില്‍ വെച്ചുകൊണ്ട് മറ്റു പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), സൈദ്ബ്‌നു സൈദ്(റ), ഖാലിദ്ബ്‌നു സഈദ് ബ്‌നുല്‍ ആസ്വ്(റ) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ഇസ്‌ലാമിക പ്രബോധനം നിര്‍ത്തല്‍ ചെയ്യാന്‍ ക്വുറൈശികള്‍ക്ക് കഴിയാതെവരികയും മുഹമ്മദ് നബി ﷺ അത് അംഗീകരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ക്വുറൈശികളിലെ നേതാക്കന്മാര്‍ ഒരുമിച്ചുകൂടുകയും ഇസ്‌ലാമിനോടും മുസ്ലിംകളോടുമുള്ള യുദ്ധം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. മുഹമ്മദിനെ പിന്‍പറ്റുന്ന ആളുകള്‍ക്കെല്ലാം ശക്തമായ പീഡനങ്ങള്‍ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുകള്‍ എല്ലാ ഗോത്രക്കാര്‍ക്കും അവര്‍ നല്‍കി. മുസ്‌ലിംകളുള്ള ഗോത്രക്കാര്‍ക്കെതിരെ അവര്‍ രംഗത്തിറങ്ങുകയും പലരെയും തടഞ്ഞുവെക്കുകയും ചെയതു. പലരെയും മര്‍ദിച്ചു. ഭക്ഷണം കൊടുക്കാതെയും വെള്ളം കൊടുക്കാതെയും പ്രയാസപ്പെടുത്തുകയും ചെയ്തു. 

''പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം. ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു'' (ക്വുര്‍ആന്‍ 85:8,9).

വിശ്വസിച്ച ആളുകള്‍ക്കായിരുന്നു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത്. അല്ലാഹു സുരക്ഷിതരാക്കിയവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഹമ്മദ് നബി ﷺയെ അല്ലാഹു അബൂത്വാലിബ് വഴി സഹായിച്ചു. കാരണം തന്റെ ജനതയിലെ കാര്യപ്പെട്ട വ്യക്തിയായിരുന്നു അബൂത്വാലിബ്. 

''സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്, തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്'' (ക്വുര്‍ആന്‍ 85:10). 

ക്വുറൈശികള്‍ തന്നെയായിരുന്നു നബി ﷺയോടും നബിയോടൊപ്പം വിശ്വസിച്ച ആളുകളോടും ഏറ്റവും പ്രകടമായ നിലയ്ക്കുള്ള പീഡനമുറകള്‍ സ്വീകരിച്ചത്. അബൂലഹബ്, അബൂജഹല്‍, അബൂസുഫ്യാന്‍, ഹകം ഇബ്‌നു അബില്‍ ആസ്വ്, ഉക്വ്ബതുബ്‌നു അബീ മുഈത്വ്, വലീദുബ്‌നു മുഗീറ, ആസ്വ്ബ്‌നുവാഇല്‍, ഉമയ്യത്തുബ്‌നു ഖലഫ്, ഉബയ്യുബ്‌നു ഖലഫ്, അസദ്ബ്‌നുല്‍ മുത്ത്വലിബ്, അസദ് ഇബ്‌നു അബ്ദുയഗൂസ് തുടങ്ങിയവരായിരുന്നു അവരെ മര്‍ദിച്ചവരില്‍ പ്രധാനികള്‍.