മക്വ്ദി തങ്ങള്‍ വരുത്തിയ മാറ്റം: മതപഠന മേഖലക്ക് മാറ്റ് കൂട്ടുന്നു

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 6)

മൗലാനാ ചാലിലകത്തിനെപ്പോലെയുള്ള പരിഷ്‌കര്‍ത്താക്കള്‍ക്ക് പ്രചോദനമായത് ഈ മേഖലയിലെ മക്വ്ദി തങ്ങളുടെ ആദ്യ കാല്‍വയ്പുകളാണ്. കീഴ്‌വഴക്കങ്ങളില്‍ തലകീഴായി നില്‍ക്കുന്ന ഒരു സമുദായം വിശുദ്ധ ക്വുര്‍ആന്‍ വിഭാവനം ചെയ്യുന്ന   മാറ്റത്തിലേക്ക് നടന്നടുക്കണമെങ്കില്‍ മതപാഠശാലകള്‍ അതിന് പാകമാകുന്ന ഉള്ളടക്കവും ഉള്‍ക്കനവും സ്വീകരിച്ചിരിക്കണം. ഫലപ്രദമായ പാഠ്യപദ്ധതിക്ക് പുറത്തുനിന്നവര്‍ എക്കാലത്തും മാറ്റങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നിന്ന് അന്യരുടെ കീഴില്‍ കഴിയാന്‍ മാത്രം ശീലിച്ചവരായിരിക്കും. അതുകൊണ്ടാണ് തങ്ങള്‍ പരിഷ്‌കൃത പാഠശാലകള്‍ സ്ഥാപിക്കാന്‍ ആഹ്വാനം നല്‍കിയത്. 'മതഹൃദയം ഗ്രഹിച്ചവരും ജന പരിഷ്‌കാര തല്‍പരരുമായ മുസ്‌ലിം ആത്മാക്കള്‍ മതാവശ്യമായ മുഖ്യാവശ്യങ്ങളില്‍ അത്യാവശ്യമായ മതാഭിവൃദ്ധി ജന പരിഷ്‌കാരത്തിലും, ജന പരിഷ്‌കാരം വ്യവഹാരത്തിലുമാകയാല്‍ കാര്യാര്‍ത്ഥം പാഠശാലകള്‍ സ്ഥാപിക്കേണ്ടതാകുന്നു.'(1)

തങ്ങളുടെ ഈ രംഗത്തുള്ള നിര്‍ദേശങ്ങള്‍ കാണുക:

1. 'ഓത്തുപുരയില്‍ ഒരു ബോര്‍ഡ് ഉണ്ടായിരിക്കണം. ആദ്യം ഓരോ അക്ഷരവുങ്ങളും ക്രമേണ കൂട്ടി എഴുതേണ്ട മുറകളും ഗുരുക്കന്മാര്‍ എഴുതിക്കാണിച്ചും കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചും ധരിപ്പിക്കയും അഭ്യസിപ്പിക്കയും വേണം.

2. അതാതു പാഠക്കാരെ തരം തിരിച്ച് ക്ലാസ്സ് (ദറജത്ത്) ആക്കണം.

3. ക്ലാസ്സ് മുറപ്രകാരം പാഠം കേള്‍ക്കണം. അതായത് ഒന്നാമന്‍ മുതല്‍ വായിക്കുകയും മറ്റവര്‍ നോക്കി തെറ്റു പറയുകയും വേണം എന്നും മറ്റും വിവരിക്കുന്ന ഒരു ചട്ടം ഉണ്ടാക്കി 'സ്വലാഹുല്‍ ഇഖ്‌വാന്‍'(2) എന്ന നാമത്തില്‍ നടപ്പായിരുന്ന പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി. പത്രാധിപരായിരുന്ന സി.സൈതാലിക്കുട്ടി(3) അത് അത്യാവശ്യമെന്നും മറ്റും അഭിപ്രായപ്പെടുകയും ചെയ്തു. എങ്കിലും ഇന്നത്തെ മൊല്ലമാര്‍ പൂര്‍വരീതി ഒഴിയാതെ നടന്നുവരുന്നു.'(4)

വിചക്ഷണന്മാരുടെ വീക്ഷണങ്ങള്‍ സമുദായത്തിന്റെ ആത്യന്തിക ഗുണത്തിനും ക്ഷേമത്തിനുമാണെന്ന് തിരിച്ചറിയാനുള്ള പക്വത സ്വയം നിര്‍മിത പാരമ്പര്യത്തില്‍ അളവറ്റ് ഊറ്റം കൊള്ളുന്ന മതനേതൃത്വത്തിനും അവരെ അന്ധമായി അനുകരിക്കുന്ന സമുദായാംഗങ്ങള്‍ക്കും അന്ന് കൈവന്നില്ല. ആവക തെറ്റുകളില്‍ പശ്ചാത്തപിക്കുന്നവരെയും അതേസമയം പരസ്യമായി ന്യായീകരിക്കുന്നവരെയും ഇന്ന് അവരുടെ പിന്‍ഗാമികളില്‍ കാണാനാവുന്നു എന്നത് എത്രമാത്രം വിരോധാഭാസമാണ്!

പകരം വെക്കാനില്ലാത്ത പാഠ്യക്രമമുണ്ടാക്കിയവനോടോ പുരോഹിത പരാക്രമം?

ഓരോ മാസത്തെയും അധ്യയന ശേഷം പഠിതാവിനുണ്ടാകുന്ന വികാസത്തെ ഇത്ര സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിദ്യാഭ്യാസ വിചക്ഷണന്മാര്‍ നമുക്ക് ഇന്നുമില്ല. ഇത്രമേല്‍ ശാസ്ത്രീയമായ ഒരു പഠന സമ്പ്രദായത്തെ സ്വീകരിക്കാനുള്ള പ്രത്യുല്‍പന്നമതിത്വം പുരോഹിതന്മാര്‍ക്കും, മാറിച്ചിന്തിക്കാനുള്ള സ്വാതന്ത്യവും ജ്ഞാനവും ജനത്തിനുമുണ്ടായില്ല. അത്രക്ക് അജ്ഞാനാന്ധകാരങ്ങളില്‍ വഴിയറിയാതെ ഉഴലുന്ന തലമുറകള്‍ക്ക് ദിശാബോധത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ പരിഷ്‌കര്‍ത്താവിനെ പഴിപറയാന്‍ മാത്രം പണം പാഴാക്കുന്ന പണ്ഡിതന്മാരോട് നമുക്ക് സഹതാപം പോലുമില്ല.

വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് വിദ്യയാരംഭിച്ച് വിദ്വാന്മാരാകുന്ന ഒരു തലമുറയെ മനസ്സില്‍ കണ്ട് തങ്ങള്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലുള്ള ഒരു സിലബസ് തന്റെ ഗ്രന്ഥങ്ങളിലും അക്കാലത്തെ ചില പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തി. തന്റെ കാലത്തെയും വരുംകാലത്തെയും വെല്ലുവിളികളെ നേരിടാന്‍ മുസ്‌ലിം സമൂഹത്തിന്ന് കരുത്തുപകരുന്ന വ്യവസ്ഥാപിതമായ ആ പാഠ്യക്രമത്തിന്റെ ആദ്യഭാഗങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം:

1-ാം തരം ശിശു

'അഭ്യാസ ആരംഭം ക്വുര്‍ആന്‍ കൊണ്ടാകുന്നതു ഉത്തമം. എന്നാല്‍ അറബി അക്ഷരങ്ങള്‍ ധരിപ്പിക്കുന്നതോടു കൂടി അറബി മലയാളത്തിലേക്കു ആവശ്യമാകുന്ന അക്ഷരങ്ങളും ധരിപ്പിക്കേണം. അതു 1906 ജനുവരി 1 'സ്വലാഹുല്‍ ഇഖ്‌വാന്‍' എന്ന അറബി മലയാള പത്രത്തില്‍ ഞാന്‍ പ്രസിദ്ധപ്പെടുത്തിയ ക്വുര്‍ആന്‍ അഭ്യാസ നിയമാനുസരണമായിരിക്കേണം. ഒരു മാസം കൊണ്ടു കൂട്ടിവായിക്കുകയും എഴുതുകയും ചെയ്യും. മൂന്നു മാസം കഴിഞ്ഞാല്‍ കയറ്റം കൊടുക്കണം.'(5)

1ല്‍ ബി (ആറുമാസം)

'അല്‍ഹംദു(6) തുടങ്ങുന്നതിനോടു കൂടി 'ഫര്‍ളുല്‍ ഐനായ'(7) അറിവുകളെ ക്രമപ്പെടുത്തി ചെറുതരം തര്‍ജമകള്‍ ചോദ്യോത്തരങ്ങളാക്കി ചമച്ചു അവസ്ഥപോലെ ആരംഭിക്കണം. ഉച്ചക്കു ശേഷം, നാം ഉണ്ടാക്കിയ 'മുഅല്ലിമുല്‍ ഇഖ്‌വാന്‍' എന്ന പുസ്തകം എടുത്തു അറബി അക്ഷരത്തിന്നൊത്ത മലയാള അക്ഷരങ്ങളും മറ്റും എഴുതി കാണിച്ചും എഴുതിച്ചും ധരിപ്പിക്കണം. അതോടൊന്നിച്ചു അറബി, മലയാളം, ഇംഗ്ലീഷ് ഈ മൂന്ന് തരം അക്കങ്ങളും 100 വരെ എഴുതാനും കൂട്ടാനും, കൂടാതെ മലയാളത്തിലും അറബി-മലയാളത്തിലും എഴുതാനും പഠിപ്പിക്കണം.

ഈ അവസരത്തില്‍ ക്വുര്‍ആന്‍ അഞ്ചു ജുസ്അ് തികച്ചും ഓതിക്കുന്നത് മദ്‌റസാ നിയമവും അതിലധികം ഓതുന്നത് അവരവരുടെ ഇഷ്ടവും ആകുന്നു. ആറാം മാസം കയറ്റം കൊടുക്കണം.

1 രണ്ടാാ തരം (ആറു മാസം)

സര്‍ക്കാര്‍ നിയമപ്രകാരം ഒന്നാം പാഠപുസ്തകവും അതിന്നനുസരണമായ പഠനങ്ങളും അതോടൊന്നിച്ചു 'ഫിക്വ്ഹു' എന്ന കര്‍മകാണ്ഠത്തില്‍ തര്‍ജമ ചെയ്തു കിത്താബാക്കി വായിക്കയും ധരിപ്പിക്കയും വേണം.

2ല്‍ (ആറു മാസം)

മലയാളം രണ്ടാം പുസ്തകവും അതിന്നനുസരിച്ച് നാമം, ക്രിയ, അവ്യയം ഇതുകളെ വിവരിക്കുന്ന അറബി വ്യാകരണം മലയാളത്തില്‍ ഭാഷപ്പെടുത്തി അതും ഫിക്വ്ഹ്-അക്വാഇദ് എന്നീ രണ്ടു വിധം അടങ്ങിയ കിതാബു തര്‍ജമ ചെയ്ത് അതും പഠിപ്പിക്കേണം.

ആറാം മാസത്തില്‍ തരംതിരിച്ച് ലൗകിക ശാഖയിലേക്കോ വൈദിക ശാഖയിലേക്കോ അവരവരുടെ ഇഷ്ടം പോലെ കയറ്റം കൊടുക്കണം. ലൗകിക ശാഖ- സര്‍ക്കാര്‍ മുറപോലെ ഇംഗ്ലീഷും മലയാളവും വായിച്ച് ക്രമമായി വര്‍ധിച്ചുകൊള്ളണം.

വൈദിക ശാഖ-അറബി വായനയോടുകൂടി മലയാള വ്യാകരണം മുതല്‍ കാണ്ഡം, കര്‍മ കാണ്ഡം മുതലായതുകളില്‍ വേണ്ടിവരുന്ന ഭാഷാ പദങ്ങള്‍ ഗ്രഹിക്കുന്നതിലേക്കു പ്രകരണങ്ങളും പുരാണങ്ങളും മറ്റും ആവശ്യം പോലെ വായിച്ച് അറബി ഭാഷാ ജ്ഞാനത്തിനൊത്ത ഭാഷാജ്ഞാനം മലയാളത്തിലും സമ്പാദിക്കേണം.

ഈ സ്വഭാവത്തില്‍ അഭ്യസിക്കുന്നതായാല്‍ ഇസ്‌ലാം ജനം വൈദിക-ലൗകികങ്ങളില്‍ പഴിതീര്‍ന്നവരായും പരിഷ്‌കൃതരായും ഭവിക്കും, നിശ്ചയം. എന്ന് മക്വ്ദി തങ്ങള്‍.'(8)

മതപാഠശാലകള്‍ക്കായി സ്വന്തമായി അദ്ദേഹം ഒരു നിഘണ്ടു നിര്‍മിക്കുകയും അവയുടെ നിയമാവലിയില്‍ അത് നിശ്ചയിച്ചുനല്‍കുകയും ചെയ്തു.

ഭാഷാഭ്യാസഹൃദയം

'മലയാള മുസ്‌ലിം അറബി പദാര്‍ഥം അറിയാതെ അന്ധരായിത്തീരുന്ന ദോഷത്തില്‍ നിന്ന് രക്ഷതേടുന്ന മാര്‍ഗം എന്തെന്നു ആലോചിക്കണം.

പുത്തനായ മദ്‌റസ ഏര്‍പ്പെടുത്തിയാലും ഈ ദോഷം തീരുന്നതല്ല. ഇവിടുത്തെ ഗുരുക്കന്മാര്‍ പതിവുപോലെ പഠിപ്പിക്കും. പരദേശ്യര്‍ മലയാളം അറിയുന്നതുമില്ല. മധ്യസ്ഥാനത്തു മറ്റൊരു ഭാഷയെ ആശ്രയിച്ച് ക്രമപ്പെടുത്താമെന്നുള്ള ധൈര്യം ദുസ്സാധ്യമെങ്കിലും അതിന്നുള്ള പ്രയാസവും കാലതാമസവും എത്ര എന്നും തത്സമയമുള്ള ഗുരുക്കന്മാര്‍ക്ക് ഉപകരിക്കുമോ എന്നും, ചിന്തിക്കുന്ന മനുഷ്യബുദ്ധി ശഠിക്കും.'(9)

'എന്നാല്‍ തല്‍ക്കാലാവസ്ഥക്ക് അത്യാവശ്യമായത് അര്‍ഥനിഘണ്ടു ആകുന്നു. അറബി പദത്തിനൊത്ത മലയാള പദവും സംസ്‌കൃത പദവും കാണിക്കുന്ന നിഘണ്ടു ചമച്ചു(10) പ്രസിദ്ധപ്പെടുത്തുന്നതായാല്‍ അത് പുതു പാഠശാലകള്‍ക്കും ശേഷമുള്ള എല്ലാ ജനങ്ങള്‍ക്കും ഗുണകരമായും ഉപകാരപ്രദമായും ഭവിക്കുമെന്നു അഭ്യാസാത്മാക്കളത്രയും സമ്മതിക്കും. ഭാഷാഭ്യാസ ഹൃദയം നിഘണ്ടുവാകുന്നു-മക്വ്ദി തങ്ങള്‍'(11)

മതപഠന മേഖലയില്‍ മാത്രം മക്വ്ദി തങ്ങള്‍ നല്‍കിയ സംഭാവനകളുടെ നേര്‍ചിത്രം നല്‍കാനാണ് നാല് ലക്കങ്ങളിലൂടെ നാം ശ്രമിച്ചത്. അറിവ് ഉല്‍പാദിപ്പിക്കാത്ത അറിവാളന്മാരും അറിവില്ലാതെ കാലം കഴിക്കുന്ന സമുദായവും മക്വ്ദി തങ്ങള്‍ക്ക് എന്നും തലവേദനയായിരുന്നു. മാതൃഭാഷയായ മലയാളത്തോട് മുഖംതിരിച്ച മാപ്പിളമാര്‍ അറിവിന്റെ മറ്റു മേഖലകളെക്കുറിച്ചും അജ്ഞരായിരുന്നു. ലോകത്ത് നടക്കുന്ന ആശാവഹവും ആശങ്കാജനകവുമായ മാറ്റങ്ങള്‍ അറിയാന്‍ പോലും അന്ന് അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല.

പക്ഷേ, പതുക്കെപ്പതുക്കെ, പരിവര്‍ത്തനത്തിന്റെ പരിമളം 'മലയാള രാജ്യനിവാസികളുടെ'(12) നാസികയില്‍ ഇടംപിടിക്കാന്‍ തുടങ്ങി. പുതിയ പുലരിയുടെ പൊന്‍കിരണങ്ങള്‍ മെല്ലെ മെല്ലെ തലപൊക്കിയതിന്റെ ചരിത്രം ഇസ്വ്‌ലാഹി ചരിത്രകാരനായ ഇ.കെ. മൗലവിയുടെ തൂലികയിലൂടെ വായിച്ചെടുക്കാം:

'1919ലാണ് ഞാന്‍ കൊടുങ്ങല്ലൂരില്‍ താമസം തുടങ്ങിയത്. ഇവിടെയും അയല്‍പ്രദേശങ്ങളിലും ചില വഹാബികളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും അപരിചിതനായ എന്നെ അക്കാലത്തു ചില സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. അവര്‍ ആരാണെന്നറിയാന്‍ കൗതുകം ജനിക്കല്‍ സ്വാഭാവികമാണല്ലോ. സുഹൃത്തുക്കളോട് ഞാന്‍ അവരെപ്പറ്റി അന്വേഷിച്ചപ്പോള്‍ നാലഞ്ചാളുകളുടെ പേര് അവര്‍ പറഞ്ഞുതന്നു. ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം തികച്ചും പുത്തനാശയക്കാരായ ആ 'വഹാബി'കളെ പരിചയപ്പെടണമെന്നായി എനിക്ക്. അതിന് പ്രയാസമൊന്നും നേരിട്ടില്ല. പരിചയപ്പെടുക മാത്രമല്ല, അവരുടെ വാദഗതികള്‍ ഞാന്‍ വിശദമായി മനസ്സിലാക്കുക പോലും ചെയ്തു.'(13)

'മണ്‍മറഞ്ഞുപോയ ഔലിയാക്കന്മാരെയും ശൈഖന്മാരെയും വിളിച്ച് സഹായം തേടലും അവരുടെ ഖബറുകളെ പൂജിക്കലും മറ്റും ശിര്‍ക്കിന്റെ ഉഗ്രരൂപമാണെന്നായിരുന്നു അവരുടെ വാദത്തിന്റെ പൊരുള്‍. ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു: 'നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിനെതിരായ ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?' ഇതിന് കൂട്ടത്തില്‍ ഒരാള്‍ നല്‍കിയ മറുപടി ഇതായിരുന്നു: 'ഥനാഉല്ലാഹ് മക്വ്ദി തങ്ങളാണ് ഞങ്ങളില്‍ ഈ ആശയം പ്രചരിപ്പിച്ചത്.'

ഞാന്‍ അയാളോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. അതിന്നു കിട്ടിയ മറുപടിയുടെ ചുരുക്കം. ഇങ്ങനെയാണ്: 'മക്വ്ദി തങ്ങള്‍ ക്രിസ്ത്യാനികളുടെ കേന്ദ്രമായ പള്ളിപ്പുറത്തും കോട്ടപ്പുറത്തും പറവൂരും ഖണ്ഡനപ്രസംഗം നടത്താറുണ്ട്. പരിപാടി കഴിഞ്ഞാല്‍ അദ്ദേഹം എന്റെ വീട്ടില്‍വന്ന് താമസിക്കും. അപ്പോഴൊക്കെ, അദ്ദേഹത്തിന് ഒരു വിഷയമേ ഞങ്ങളോട് പറയാനുണ്ടാവൂ: 'ക്രിസ്ത്യാനികള്‍ ഒരു പ്രത്യേക മതക്കാരാണ്. അവര്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മുടെ മുസ്‌ലിം സഹോദരന്മാരുടെ കാര്യത്തിലാണ് എനിക്ക് വ്യസനം. ഔലിയാക്കന്മാരെയും സ്വാലിഹുകളെയും അല്ലാഹുവിന്റെ സ്ഥാനത്തേക്കുയര്‍ത്തുകയും അവരുടെ മഖ്ബറകളില്‍ വിളക്കു കത്തിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതുപോലെ അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന എത്രയോ മുസ്‌ലിം സഹോദരന്മാരുണ്ട്! വാസ്തവത്തില്‍ ഇതൊക്കെ ശിര്‍ക്കിന്റെ തടിച്ച രൂപങ്ങളാണ്.'(14)

'ഈ രീതിയില്‍ രഹസ്യമായും പരസ്യമായും മക്വ്ദി തങ്ങള്‍ തടത്തിയ ഉപദേശങ്ങളാണ് കൊടുങ്ങല്ലൂരില്‍ കുറെ പേരെയെങ്കിലും യഥാര്‍ഥ മുവഹ്ഹിദുകളാക്കി മാറ്റിയത്.'(15)

ഇത്രയൊക്കെ മനസ്സിലാക്കിയിട്ടും മക്വ്ദി തങ്ങള്‍ യാഥാസ്ഥിതികന്മാരുടെ ആദര്‍ശ പിതാവാണെന്നോ, പിന്തിരിപ്പനാണെന്നോ, നവോത്ഥാന നായകനല്ലെന്നോ, അദ്ദേഹത്തിന്റെ നവോത്ഥാനം മതകീയാടിത്തറകളില്‍ പണിതതല്ലെന്നോ മറ്റോ വിടുവാ വിടുന്നവരെ വെറുതെ വിടുക. അവരുടെ മുന്‍ഗാമികള്‍ മാതൃഭാഷയോടും ലോകപരിജ്ഞാനത്തോടും മാറ്റങ്ങളോടും അനുവര്‍ത്തിച്ചിരുന്ന ശത്രുതാ രീതിയുടെ ആവര്‍ത്തനമാണിതെന്ന്, തദ്‌സംബന്ധമായ ചര്‍ച്ചകള്‍ വരുമ്പോള്‍ എല്ലാ ഗവേഷണനാട്യക്കാര്‍ക്കും ബോധ്യപ്പെട്ടുകൊള്ളും.

ആധാരസൂചിക:

1 സമ്പൂര്‍ണ കൃതികള്‍, താള്‍ 443, മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

2. 1899 മുതല്‍ 1908 വരെ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂരില്‍ നിന്ന് ഇറക്കിയിരുന്ന അറബി മലയാള പത്രം.

3. മക്വ്ദി തങ്ങളുടെ സമകാലികനായ വിദ്യാഭ്യാസ വിചക്ഷണന്‍ തിരൂര്‍ മുത്തൂര്‍ കണ്ണമാം കടവത്ത് അലവി മകന്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍.

4. സമ്പൂര്‍ണ കൃതികള്‍, താള്‍ 712,713, മക്തി മനഃക്ലേശം.

5. സമ്പൂര്‍ണ കൃതികള്‍, താള്‍ 446, മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

6. വിശുദ്ധ ക്വുര്‍ആനിലെ ഒന്നാം അധ്യായത്തിലെ ഒന്നാം വചനം: സര്‍വസ്തുതികളും സര്‍വാധിനാഥന് എന്നര്‍ഥം.

7. വ്യക്തിഗത ബാധ്യത.

8. സമ്പൂര്‍ണ കൃതികള്‍, താള്‍ 446, 447; മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

9. സമ്പൂര്‍ണ കൃതികള്‍, താള്‍ 447,448.

10. നിര്‍മിക്കുക.

11. സമ്പൂര്‍ണ കൃതികള്‍, താള്‍ 448; മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

12. മലയാളികള്‍ എന്നതിന് അക്കാലത്തെ പ്രയോഗം എടുത്തുദ്ധരിച്ചതാണ്. മലയാളത്തിന്റെ നാട്ടില്‍ താമസിക്കുന്നുണ്ടെങ്കിലും മലയാളം ശരിയായി ഉച്ചരിക്കാത്തവരെയും ആ പ്രയോഗത്തില്‍ ഉള്‍ക്കൊള്ളിക്കാം എന്ന സൗകര്യമുണ്ട്.

13. കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം, ഇ.കെ മൗലവി, 'റാത്തീബും ഒരു കൊലയും'-അല്‍മുര്‍ശിദ് (മലയാളം), 1966 ആഗസ്റ്റ്, താള്‍ 6.

14. അതേ അവലംബം, താള്‍ 6.

15. അതേ അവലംബം, താള്‍ 6.