പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 മാര്‍ച്ച് 23 1440 റജബ് 16

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള ധാരാളം സ്ഥലങ്ങള്‍ പ്രവാചകന്‍ ﷺ അറിയിച്ചു തന്നിട്ടുണ്ട്. പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ താഴെ കൊടുക്കുന്നു:

1. അറഫയിലുള്ള പ്രാര്‍ഥന: അംറുബ്‌നു ശുഎൈബ്(റ) തന്റെ പിതാവില്‍ നിന്ന്: പ്രവാചകന്‍ ﷺ പറഞ്ഞു: ''പ്രാര്‍ഥനകളില്‍ ഉന്നതമായത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും എന്റെ മുമ്പ് വന്നിട്ടുള്ള പ്രവാചകന്മാരും പറഞ്ഞ വാക്യത്തില്‍ ഏറ്റവും നല്ല വാക്യം: 'അല്ലാഹുവല്ലാതെ യഥാര്‍ഥത്തില്‍ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല. അവന്നാണ് ആധിപത്യം. അവന്നാണ് സര്‍വസ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളവനാകുന്നു എന്നതാണ്'' (തിര്‍മിദി. അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

2. അയ്യാമുത്തശ്‌രീക്വില്‍ ജംറത്തുല്‍ സുഗ്‌റ, വുസ്ത്വാ എന്നിവയില്‍ എറിഞ്ഞ ശേഷമുള്ള പ്രാര്‍ഥന: 

 സുഹ്‌രി(റ) നിവേദനം: ''മിനായിലെ പള്ളിയോട് അടുത്ത് നില്‍ക്കുന്ന ജംറയില്‍ നബി ﷺ ഏഴ് കല്ലുകള്‍ എറിയുകയും ഓരോ ഏറിനോടൊപ്പം തക്ബീര്‍ ചൊല്ലുകയും ചെയ്തിരുന്നു. എന്നിട്ട് അല്‍പം മുന്നോട്ട് നീങ്ങി ക്വിബ്‌ലക്ക് അഭിമുഖമായി തന്റെ രണ്ട് കൈകളും ഉയര്‍ത്തി പ്രാര്‍ഥിക്കുമായിരുന്നു. ആ നിറുത്തം ദീര്‍ഘിപ്പിക്കുമായിരുന്നു. പിന്നെ രണ്ടാമത്തെ ജംറയില്‍ വന്ന് തക്ബീറോട് കൂടി ഏഴ് കല്ലുകള്‍ എറിയുകയും പിന്നീട് ഇടത് ഭാഗത്തുള്ള വാദിയിലേക്ക് മാറി ക്വിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അടുത്ത ജംറയില്‍ വന്ന് തക്ബീറോട് കൂടി ഏഴ് കല്ലുകള്‍ എറിഞ്ഞ് അവിടെ നില്‍ക്കാതെ വിരമിക്കുമായിരുന്നു'' (ബുഖാരി). 

3. കഅബയുടെ ഉള്‍ഭാഗം: ഉസാമത്ത്ബ്‌നുസൈദി(റ) നിവേദനം: ''നബി ﷺ കഅ്ബയില്‍ പ്രവേശിച്ച പ്പോള്‍ അതിന്റെ എല്ലാ ഭാഗത്ത് വെച്ചും പ്രാര്‍ഥിക്കുകയുണ്ടായി'' (മുസ്‌ലിം).

4. സ്വഫ, മര്‍വയിലുള്ള പ്രാര്‍ഥന: ജാബിര്‍(റ)വില്‍ നിന്ന്: നബി ﷺ യുടെ അവസാന ഹജ്ജിനെ സംബന്ധിച്ച നീണ്ട ഹദീഥില്‍ നിന്ന്: ''...പിന്നീട് സ്വഫയിലേക്ക് നബി ﷺ പുറപ്പെട്ടു. സ്വഫയോട് അടുത്തപ്പോള്‍ അദ്ദേഹം ഇത് പാരായണം ചെയ്തു: 'തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്‌നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു' (അല്‍ബക്വറ:158). 'അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാന്‍ തുടങ്ങുന്നു'-സ്വഫയില്‍ നിന്ന് അദ്ദേഹം തുടര്‍ന്നു. അതിന്റെ മുകളിലേക്ക് കയറി കഅ്ബയെ കാണുന്ന രൂപത്തില്‍ ക്വിബ്‌ലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തി, തക്ബീര്‍ ചൊല്ലി. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹാനാണ്. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ഏകന്‍. അവന്ന് യാതൊരു പങ്കുകാരനുമില്ല. രാജാധിപത്യവും സര്‍വസ്തുതിയും അവന്നുള്ളത് തന്നെ. അവന്‍ സര്‍വശക്തനാണ്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവന്‍ ഏകന്‍ മാത്രം. തന്റെ വാഗ്ദത്തം അവന്‍ നിറവേറ്റി. തന്റെ അടിമയെ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.' ഈ രൂപത്തില്‍ മൂന്ന് പ്രാവശ്യം പ്രാര്‍ഥിച്ചു...(സ്വഫയില്‍ പ്രവര്‍ത്തിച്ചത് പോലെ മര്‍വയിലും ചെയ്തു)'' (മുസ്‌ലിം).

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന വിഭാഗങ്ങള്‍

ചിലയാളുകള്‍ പ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹു ആ പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം നല്‍കുന്നതാണ്. അവരുടെ പ്രാര്‍ഥന തടയുകയില്ല. 

 1. കഷ്ടപ്പെടുന്നവന്റെ പ്രാര്‍ഥന: കഷ്ടപ്പെട്ടവന്‍ വിളിച്ച് പ്രാര്‍ഥിച്ചാല്‍ അവന്ന് അല്ലാഹു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും ചെയ്യും.  

അല്ലാഹു പറയുന്നു: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല,അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (അന്നംല് 62).

2. അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന: അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ''മൂന്ന് വിഭാഗമാളുകള്‍; അവരുടെ പ്രാര്‍ഥനകള്‍ തടയപ്പെടുകയില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്ര ക്കാരന്റെ പ്രാര്‍ഥന, മക്കള്‍ക്ക് വേണ്ടി മാതാപിതാക്കളുടെ പ്രാര്‍ഥന'' (തിര്‍മിദി, അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

3. നോമ്പുകാരന്റെയും യാത്രക്കാരന്റെയും പിതാവിന്റെയും പ്രാര്‍ഥന: നബി ﷺ പറഞ്ഞു: ''മൂന്ന് പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കും: നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന.''

4. വിശ്വാസി തന്റെ കൂട്ടുകാരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ നടത്തുന്ന പ്രാര്‍ഥന: നബി ﷺ പറഞ്ഞു: ''മുസ്‌ലിമായ ഒരു വ്യക്തി, തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ പ്രാര്‍ഥിക്കുന്നത് സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലയുടെ ഭാഗത്ത് (കാര്യങ്ങള്‍) ഏല്‍പിക്കപ്പെട്ട ഒരു മലക്കുണ്ട്. തന്റെ സഹോദരന് നന്മക്ക് വേണ്ടിയുള്ള ഓരോ പ്രാര്‍ഥനാവേളയിലും മലക്ക് പറയും: 'ആമീന്‍, നിനക്കും അതുപോലെയുണ്ടാവട്ടെ'' (മുസ്‌ലിം).

5. ഐശ്വര്യ സമയത്തും ബുദ്ധിമുട്ടുള്ള സമയത്തുമുള്ള പ്രാര്‍ഥന: അബൂഹുറയ്‌റ(റ)വില്‍ നിന്ന്: പ്രവാകന്‍ ﷺ പറഞ്ഞു: ''ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉള്ളപ്പോള്‍ ആര്‍ക്കെങ്കിലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഐശ്വര്യമുള്ളപ്പോള്‍ അവന്‍ പ്രാര്‍ഥന അധികരിപ്പിക്കട്ടെ'' (തിര്‍മിദി. ഈ ഹദീഥ് ഹസനാണെന്ന് അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

6. അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവന്റെയും അക്രമിക്കപ്പെട്ടവന്റെയും നീതിമാനായ ഇമാമിന്റെയും പ്രാര്‍ഥന: അബൂഹുറയ്‌റ(റ) നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''മൂന്ന് വിഭാഗമാളുകള്‍, അവരുടെ പ്രാര്‍ഥനകള്‍ തടയപ്പെടുകയില്ല. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥന'' (ബൈഹഖി, ഈ ഹദീഥ് ഹസനാണെന്ന് അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).