ക്വുര്‍ആനിക നവോത്ഥാനം സാധ്യമാക്കാന്‍ ഹമദാനി തങ്ങളുടെ സര്‍വകലാശാലകളും സംഘടനകളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

മലയാള ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ വൈകിയതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യവെ, മുസ്‌ലിം സമുദായത്തിന്റെ ദുഃസ്ഥിതി മാറ്റാന്‍ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയും സയ്യിദ് ഥനാഉല്ലാ മക്വ്ദി തങ്ങളും കണ്ടെത്തിയ പരിഹാരം മതപഠന മേഖലകളുടെ സമഗ്ര പരിഷ്‌കരണമായിരുന്നു എന്നും അതിന് നേരെ പോലും പുരോഹിത-പ്രമാണി കൂട്ടുകെട്ടിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സമുദായം പുറംതിരിഞ്ഞുനിന്നിരുന്നുവെന്നും മുന്‍ലക്കങ്ങളില്‍ സലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞുവല്ലോ.

ഹമദാനി തങ്ങളുടെ സ്ഥലകാലങ്ങള്‍

ഈ സമുദായം ഹമദാനി തങ്ങളുടെ കാലത്ത് വ്യാപകമായി അനുഭവിച്ചിരുന്ന മറ്റൊരു ദുരന്തം മതത്തിന്റെ വ്യാജവിലാസമണിഞ്ഞ ത്വരീക്വത്തുകളായിരുന്നു. സമുദായത്തിന്റെ ബുദ്ധിസ്വത്ത് വ്യാജ ശൈഖുമാര്‍ നയിക്കുന്ന അസംഖ്യം ത്വരീക്വത്തുകള്‍ക്ക് പണയപ്പെട്ടുപോയിരുന്നു.

ത്വരീക്വത്തിന്റെ പേരില്‍ നടമാടിയിരുന്ന ദുര്‍ന്നടപ്പുകളെയും അന്തഃഛിദ്രങ്ങളെയും വിദ്യാവിഹീനതയുടെ മഹാദുരന്തങ്ങളെയും ചെറുക്കാന്‍, സംഘടനകളെയും സമന്വയ വിദ്യാശാലകളെയും നിയമനിര്‍മാണ സഭകളെയും ഒരുപോലെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ദീര്‍ഘദര്‍ശിയായ ആ അസാമാന്യ പണ്ഡിത തേജസ്സ് നവോത്ഥാനരംഗം കയ്യടക്കിയത്.

ചാലിലകത്തും മക്വ്ദി തങ്ങളും നടത്തിയിരുന്ന വ്യക്തിഗത നവോത്ഥാന പരിശ്രമങ്ങള്‍ സാധിച്ചെടുക്കുന്നതിന് ആശയ വ്യക്തതയുള്ള കൂട്ടായ്മകള്‍ അനിവാര്യമായിരുന്നു. സമുദായാംഗങ്ങളെ ആകര്‍ഷിക്കുംവിധമുള്ള ബഹുമുഖ സ്വഭാവ സവിശേഷതകള്‍ സ്വാംശീകരിച്ച കൂട്ടായ്മകള്‍ രൂപീകരിച്ചു കൊണ്ടാണ് ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ സമഗ്രമായ സമുദായ സമുദ്ധാരണത്തിനായി പരിശ്രമിച്ചത്. അവ സമകാലിക സമൂഹത്തില്‍ വീണ്ടും വര്‍ധിതവീര്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട സവിശേഷ സാഹചര്യം സംജാതമായതിനാല്‍ അവയെ അടുത്തറിയാന്‍ ശ്രമിക്കാം.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ മുസ്‌ലിം പണ്ഡിതന്മാരുടെ ആവാസകേന്ദ്രമായിരുന്ന അരൂക്കുറ്റിക്കടുത്ത വടുതലയിലെ ഒരു എളിയ കുടുംബത്തിലായിരുന്നു ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ ജനനം. 'ശൈഖ് മാഹിന്റെ വംശപരമ്പര അറേബ്യയോളം ചെന്നെത്തുന്നു.'(1) സയ്യിദല്ലെങ്കിലും പിന്നീട് ഹമദാനി തങ്ങള്‍ എന്നാണ് അറിയപ്പെട്ടത്. ഹമദാനി ത്വരീക്വത്തിന്റെ ആള്‍ എന്ന നിലയിലായിരുന്നു ആ നാമകരണം.

ഏകദേശം 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനംകുറിച്ചി കുടുംബം വടുതലയുടെ കിഴക്ക് ഭാഗത്ത് കാട്ടുപുറം പളളി സ്ഥാപിച്ചത് മുതലാണ് വടുതലയുടെ മുസ്‌ലിം ചരിത്രം ലിഖിതരൂപം പ്രാപിക്കുന്നത്. പിന്നീട് ജുമുഅത്ത് പള്ളിയായി പുനര്‍നിര്‍മിച്ചതും ക്വബ്ര്‍സ്ഥാനു വേണ്ടി സ്ഥലം വക്വ്ഫ് ചെയ്തതും കണ്ണന്തറ കുടുംബമാണ്. പള്ളിയുടെ ഭിത്തിയില്‍ അതിന്റെ ചരിത്ര രേഖകള്‍ ഇന്നും മായാതെ  അവശേഷിക്കുന്നു. പ്രസിദ്ധ പണ്ഡിതനായിരുന്ന കീളക്കര മാപ്പിള ലബ്ബ  ആലിം സാഹിബായിരുന്നു പ്രഥമ ഖത്വീബ്.

വടുതലയുടെ പടിഞ്ഞാറ് ഭാഗത്ത് കൈതപ്പുഴ കായലിനോട് ചേര്‍ന്ന ഭാഗം ഒരു ഹൈന്ദവ കുടുംബം മസ്ജിദിനു സൗജന്യമായി നല്‍കി. ആദ്യം സ്ഥാപിതമായ രണ്ട് പള്ളികളുടെ പേര് ചേര്‍ത്താണ് 'കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത്' എന്ന് വടുതല മഹല്ല് ജമാഅത്തിന് പേരുവെച്ചത്. ഇരു പള്ളികളും ആരാധനാ കേന്ദ്രം എന്നതിനപ്പുറം മധ്യ-ദക്ഷിണ കേരളത്തിലെ പണ്ഡിതര്‍ വളര്‍ന്നുവന്ന വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു.

പഠനാനന്തരം പരിഷ്‌കരണ ദൗത്യവുമായി...

മുഹമ്മദ് മാഹിന്‍ പ്രാഥമിക മതവിദ്യാഭ്യാസം നാട്ടിലെ മഹാപണ്ഡിതരില്‍ നിന്ന് നേടി. പിന്നീട് കൊടുങ്ങല്ലൂര്‍ പളളിദര്‍സില്‍ പഠിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലത്വീഫിയ്യാ കോളേജിലായിരുന്നു ഉപരിപഠനം. അവിടെവെച്ച് അറബിഭാഷക്ക് പുറമെ തമിഴ്, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളും പഠിച്ചു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. ബിരുദം നേടി വെല്ലൂരില്‍ നിന്നെത്തിയ അദ്ദേഹം വൈക്കത്തും തലയോലപ്പറമ്പിലും താമസിച്ച് സമുദായത്തെ ബോധവല്‍ക്കരിക്കുന്നതിന് സമയം കണ്ടെത്തി.

മുസ്‌ലിം സമുദായം അറിവില്ലായ്മയുടെ വില്ലണിഞ്ഞ് മാറ്റത്തിന്റെ പ്രയോക്താക്കളെ വേട്ടയാടുകയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാറാപ്പുകെട്ടുകള്‍ പേറി പൊതുസമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കെട്ടകാലമായിരുന്നു അത്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഈ ദുര്‍ഗതിയില്‍ നിന്നും സമുദായത്തെ മോചിപ്പിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കി. അതിന്നുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ ചുവടുകളും.

മാറ്റത്തിന്റെ കുഴലൂത്തുമായി ഹമദാനിയുടെ എഴുത്തുകള്‍

നല്ലൊരു എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം വക്കം മൗലവിയുടെ 'സ്വദേശാഭിമാനി',(2) 'മുസ്‌ലിം',(3) ആലപ്പുഴ സുലൈമാന്‍ മൗലവിയുടെ 'മണിവിളക്ക്'(4) എന്നീ പത്രമാസികകളില്‍ ലേഖനങ്ങള്‍ എഴുതി. മട്ടാഞ്ചേരി മഹ്ദറ പള്ളി കേന്ദ്രമാക്കി മലയാളത്തിലും അറബി മലയാളത്തിലും സമുദായോദ്ധാരണത്തിന് സഹായകമാകുന്ന വിവിധ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇതിനെപ്പറ്റി വന്ന അക്കാലത്തെ ഒരു പത്രപ്പരസ്യം ശ്രദ്ധേയമാണ്: 

''തഫ്‌സീര്‍,(5) ഫിക്വ്ഹ്,(6) സീറ,(7) താരീഖ്(8) മുതലായ കിതാബുകളെ അറബി ഭാഷയില്‍ നിന്നു മലയാള ഭാഷയില്‍ തെറ്റുകൂടാതെ തര്‍ജമ ചെയ്യാനും അറബിമലയാളം എഴുതാനും അറിയുന്ന ഒരാളെ ആവശ്യമുണ്ട്. തല്‍ക്കാലം മാസത്തില്‍ പത്തുറുപ്പികയും യോഗ്യത പോലെ അയിമ്പതുറുപ്പിക വരെയും കൂട്ടിക്കൊടുക്കുന്നതാകുന്നു. ഇഷ്ടമുള്ളവര്‍ കൊച്ചി മട്ടാഞ്ചേരി മഹ്ദറയില്‍ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി എന്നവര്‍ക്ക് എഴുതി അയച്ചാല്‍ മതിയാകുന്നതാകുന്നു. എന്ന്, മേപ്പടി മഹ്ദര്‍ മുതവല്ലി ബാബുസേട്ട്.''(9)

'മുഅ്ജമുല്‍ മുഫ്‌റദാത്ത്' എന്ന പേരില്‍ അദ്ദേഹവും തന്റെ ശിഷ്യന്‍ സയ്യിദ് മുഹമ്മദ് തങ്ങളും കൂടി ഒരു ത്രിഭാഷാ നിഘണ്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അറബി, മലയാളം, സംസ്‌കൃതം എന്നീ ഭാഷാപദങ്ങള്‍ക്ക് അര്‍ഥം നല്‍കിക്കൊണ്ടുള്ളതായിരുന്നു ഈ അമൂല്യകൃതി. 'അല്‍കശ്ശാഫ്'എന്ന ശീര്‍ഷകത്തില്‍ പിന്നീട് അതിന്റെ സംഗ്രഹം കൊച്ചിയില്‍ നിന്നും പ്രസിദ്ധപ്പെടുത്തി. മക്വ്ദി തങ്ങള്‍ നേരത്തെ എഴുതിയ തല്‍സംബന്ധമായ രചനകളാണ് അദ്ദേഹത്തിന് പ്രചോദനമേകിയത്.

സത്യമതപ്രചാരണത്തിനായി 'ഇല്‍ഫത്തുല്‍ ഇസ്‌ലാം' എന്ന പേരില്‍ തങ്ങള്‍ അറബി മലയാളത്തില്‍ ഒരു ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു. സമുദായത്തിനിടയില്‍ ഐക്യം വളരണമെന്നും അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍ നിന്നും സമുദായം സ്വയം രക്ഷനേടണമെന്നുമുള്ള ആഹ്വാനമായിരുന്നു ഈ ഗ്രന്ഥത്തിന്റെ കാതല്‍. ഈ ഗ്രന്ഥം കേരള മുസ്‌ലിം നവോത്ഥാനത്തിന് വലിയ തോതില്‍ ഇന്ധനം നിറച്ചു എന്നതില്‍ സംശയമില്ല. ഒട്ടുമിക്ക നവോത്ഥാന സംഘടനകളെയും അമരത്തിരുന്ന് നയിച്ച ഇ.കെ.മൗലവി അക്കാര്യം വ്യക്തമാക്കുന്നത് കാണുക:

''മുസ്‌ലിംകളുടെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നത് അനൈക്യവും അന്തഃഛിദ്രവുമാണെന്നായിരുന്നു ഹമദാനി തങ്ങളുടെ അഭിപ്രായം. അതുകൊണ്ട് അവര്‍ക്കിടയില്‍ ഐക്യവും രജ്ഞിപ്പുമുണ്ടാക്കാന്‍ അദ്ദേഹം അനവരതം യത്‌നിച്ചു. അദ്ദേഹം അറബിമലയാളത്തില്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്ത 'ഇല്‍ഫത്തുല്‍ ഇസ്‌ലാം' എന്ന പുസ്തകം 1919ല്‍ ഞാന്‍ കൊടുങ്ങല്ലൂരില്‍ വെച്ച് കാണുകയുണ്ടായി. ആ കൃതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഹമദാനി തങ്ങളോടു എനിക്കുള്ള മതിപ്പ് തന്മൂലം വര്‍ധിച്ചു. പില്‍ക്കാലത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിയിച്ചത് ഈ കൃതിയാണ്.(അതെങ്ങനെയോ കൈമോശം വന്നു പോയി.''(10)

സമൂഹ സമുദ്ധാരണത്തിനായി സമാജങ്ങള്‍

തിരുവിതാംകൂറിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരം തേടാനും വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാനും ഹമദാനി തങ്ങള്‍ സര്‍ സയ്യിദിന്റെ 'ആള്‍ ഇന്ത്യ മുസ്‌ലിം എജ്യുക്കേഷണല്‍ കോണ്‍ഫറന്‍സി'ന്റെ മാതൃകയില്‍ 'മുസ്‌ലിം കോണ്‍ഫറന്‍സ്' എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സംഘടന രൂപീകരിക്കുകയുണ്ടായി. അലിഗര്‍ സര്‍വകലാശാലയുടെ ശില്‍പിയായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍, മൗലാനാ അല്‍ത്താഫ് ഹുസൈന്‍ ഹാലി(11) തുടങ്ങിയ സമുദായ പരിഷ്‌കര്‍ത്താക്കളില്‍ നിന്നും ആവേശം നുകര്‍ന്നായിരുന്നു ഇത്തരമൊരു സംരംഭം.

കേരള മുസ്‌ലിം കോണ്‍ഫറന്‍സിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം എഴുതിയത് കാണുക: ''ഇക്കാലത്ത് നമുക്ക് അഭിവൃദ്ധിയോ ക്ഷേമൈശ്വര്യസമ്പത്തുകളോ ഉന്നത പദവിയോ ഉണ്ടാവണമെങ്കില്‍ 'ദീനുല്‍ ഇസ്‌ലാം' എന്ന വൃക്ഷത്തിന്റെ ഫലങ്ങളായ രജ്ഞനയും സഹോദരത്വവും ഐകമത്യവും നമ്മില്‍ ഉത്ഭവിക്കണം. അവ ഉത്ഭവിക്കണമെങ്കില്‍ കാലാനുസരണമായ വിദ്യാഭ്യാസം നമുക്ക് ലഭിക്കണം. വിദ്യാഭ്യാസം നമ്മുടെയിടയില്‍ പ്രചാരമാവണമെങ്കില്‍ അധികമായ ധനം ചിലവഴിക്കണം. വേണ്ടുന്നിടത്താളം ധനവ്യയം ചെയ്യണമെങ്കില്‍ സമുദായ സ്വത്ത് അഥവാ നേഷനല്‍ ഫണ്ട് ഏര്‍പ്പെടുത്തണം. ന്യായമായ വിധത്തില്‍ സമുദായസ്വത്ത് ഏര്‍പ്പാടാകണമെങ്കില്‍ ദീനുല്‍ ഇസ്‌ലാമിന്റെ സര്‍വ വിഷയങ്ങളയും അറിഞ്ഞുപദേശിക്കുന്നവരായ ചില ഉലമാക്കള്‍ ഉള്‍പ്പെട്ട ഒരു സംഘം ഉണ്ടാക്കണം.''(12)

സ്ത്രീ സമുദ്ധാരണത്തിന്റെ സ്ഥാപകന്‍

സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം മുസ്‌ലിം സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ഇന്നും പ്രസക്തമായ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കുക:

''നമ്മുടെ സ്ത്രീകളെ അന്ധകാരത്തില്‍ സൂക്ഷിക്കുന്ന കാലത്തോളം നമുക്ക് പുരോഗതി സാധ്യമല്ല. വിജ്ഞാനം കരഗതമാക്കല്‍ ഓരോ മുസ്‌ലിം സ്ത്രീ പുരുഷന്റെയും ബാധ്യതയാണെന്ന് നബില പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ സ്ത്രീകള്‍ക്ക് മതവിദ്യാഭ്യാസം നല്‍കണം. പുറമെ ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അസ്തിത്വത്തിനാവശ്യമായ വിഷയങ്ങളും അവരെ പഠിപ്പിക്കേണ്ടതുണ്ട്.''(13)

മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തിരുവിതാംകൂര്‍ മുമ്പില്‍ നില്‍ക്കാനുള്ള കാരണം ഹമദാനിയുടെ ശ്രമദാനങ്ങളാണ്. സ്ത്രീ വിദ്യാഭ്യാസത്തില്‍ കൊടുങ്ങല്ലൂര്‍, ഏറിയാട് പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ താരതമ്യേന മെച്ചപ്പെടാന്‍ കാരണം ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'ലജ്‌നത്തുല്‍ ഹമദാനിയ്യ'യും 'ലജ്‌നത്തുല്‍ ഇസ്‌ലാം സഭ'യും മറ്റും ആയിരുന്നുവല്ലോ.

സത്യസാക്ഷ്യത്തിനൊരു സല്‍സരണി

പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം കൊച്ചിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി അവിടെ മട്ടാഞ്ചേരി പുതിയ റോഡില്‍ മഹ്ദറ പളളി സ്ഥാപിച്ചു.(14) അദ്ദേഹത്തിന്റെ കൊച്ചിയിലെ സമുദായ നവോത്ഥാന സംരംഭങ്ങള്‍ക്ക് സര്‍വവിധ സഹായസഹകരണവും സമ്മാനിച്ചിരുന്നത് സുസമ്മതനും സമുദായസ്‌നേഹിയും അക്കാലത്തെ കൊച്ചിയിലെ വലിയ ധനാഢ്യനും ആയിരുന്ന അബ്ദുര്‍റഹീം ബാബു സേട്ട് സ്വാഹിബായിരുന്നു.

ക്വുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിക്കുന്നവര്‍ക്കായി 'ഹമദാനി ത്വരീക്വത്ത്' എന്ന ഒരു ജീവിതസരണിയും അദ്ദേഹം പ്രചരിപ്പിക്കുകയുണ്ടായി. ത്വരീക്വത്ത് എന്നതിനപ്പുറത്ത് മതത്തെ മനസ്സിലാക്കാന്‍ കഴിയാത്തവിധം മാരണാവസ്ഥയിലായിരുന്നു അന്നത്തെ മതവാദികള്‍. 'മലയാളത്തിലെ ശൈഖന്മാരും ഇസ്‌ലാം സമുദായവും' എന്ന 'അല്‍ ഇസ്‌ലാം' മാസികയിലെ ലേഖനത്തില്‍ ഹമദാനി തങ്ങളുടെ ശിഷ്യനും പരിഷ്‌കര്‍ത്താവുമായിരുന്ന ഇ.മൊയ്തു മൗലവി അന്നത്തെ ത്വരീക്വത്ത് ശൈഖുമാരുടെ അവസ്ഥ തെര്യപ്പെടുത്തുന്നുണ്ട്:

'അന്യന്മാരുടെ പ്രവൃത്തിമൂലം മാത്രം കഴിച്ചുകൂട്ടണമെന്നുള്ള ദുര്‍മോഹം നിമിത്തം ഒരുങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരുതരം ശൈഖന്മാരാല്‍ ക്ഷീണിച്ചുകിടക്കുന്ന ഇസ്‌ലാം സമുദായത്തില്‍ പിടിപെട്ടിട്ടുള്ള അനാചാരങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കണക്കില്ല. കൊടികയറ്റി മതവിരുദ്ധമായ സകല ആഡംബരങ്ങളോടുകൂടി നേര്‍ച്ച കഴിച്ച് പണം സമ്പാദിക്കുന്നവരായ ശൈഖന്മാരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കൊല്ലംതോറും മുരീദന്മാരില്‍നിന്നും പാട്ടം വങ്ങുന്നവരും കുറവല്ല. ജനങ്ങളെ അലസന്മാരാക്കുകയും തങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യേണ്ടതിനുള്ള പല യുക്തിയും ഇവര്‍ക്കറിയാം. മതഭക്തിയോ സമുദായസ്‌നേഹമോ ഉള്ള ഒരൊറ്റ ശൈഖും ഇല്ലെന്നു പറയുന്നതില്‍ തീരെ അബദ്ധമില്ല.''(15)

മേല്‍വിവരിച്ച വിധമുള്ള വ്യാജത്വരീക്വത്തുകളുടെ അതിപ്രസരവും കള്ളശൈഖുമാരുടെ കടന്നുകയറ്റവും ഒരു പരിധിവരെ ചെറുക്കാനും ഹരിപ്പാട്, ആലപ്പുഴ, ആലുവ, കൊച്ചി, കൊടുങ്ങല്ലൂര്‍, ചിറയിന്‍കീഴ് മുതലായ പ്രദേശങ്ങളില്‍ നവോത്ഥാന ചിന്ത ശക്തിപ്പെടാനും 'ഹമദാനീ സല്‍സരണി' ഏറെ സഹായകമായി. പൗരോഹിത്യം പ്രചരിപ്പിക്കുന്ന വ്യക്തിപൂജാ ത്വരീക്വത്തുകളെ വിമര്‍ശിക്കുകയും സത്യത്തിലേക്ക് ജനങ്ങളെ വിളിക്കുകയുമായിരുന്നു ഈ ത്വരീക്വത്ത് രൂപീകരണത്തിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത്.

അദ്ദേഹം വികസിപ്പിച്ചെടുത്ത ത്വരീക്വത്തിന്റെ പ്രവര്‍ത്തന രീതി വിശകലനം ചെയ്യാതെ പോകുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അപരാധമാകും എന്നതിനാല്‍ ചരിത്രകാരന്മാരുടെ വാക്കുകള്‍ തന്നെ ഇവിടെ ചേര്‍ത്തുവെക്കാം:

''ത്വരീക്വത്തിന്റെ പേരില്‍ യഥാര്‍ഥത്തില്‍ ക്വുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കാനാണ് അദ്ദേഹം പ്രേരിപ്പിച്ചിരുന്നത്.''(16)

ഇ.കെ.മൗലവിയും ഹമദാനീ ത്വരീക്വത്തിനെ പഠനവിധേയമാക്കിയിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം:

''ക്വുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക എന്നതായിരുന്നു ഹമദാനി തങ്ങളുടെ ലക്ഷ്യം. ഇവിടെ ഒരു സംശയത്തിന് അവകാശമുണ്ട്. എതെങ്കിലുമൊരു ത്വരീക്വത്തില്‍ നിലകൊള്ളണമെന്ന് ക്വുര്‍ആനോ സുന്നത്തോ ആജ്ഞാപിച്ചിട്ടുണ്ടോ? പിന്നെയെങ്ങനെ തങ്ങള്‍ ത്വരീക്വത്തിന്റെ ശൈഖായിത്തീര്‍ന്നു? ഇതേ ചോദ്യം ഒരിക്കല്‍ സീതി സാഹിബിന്റെ പിതാവ് അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം നല്‍കിയ മറുപടിയുടെ ചുരുക്കമിതാണ്:

'ഏതെങ്കിലുമൊരു ത്വരീക്വത്തില്‍ ചേരണമെന്നോ ഒരു ശൈഖിന്റെ കൈ(17) തുടരണമെന്നോ ക്വുര്‍ആനിലോ സുന്നത്തിലോ ഇല്ല. പക്ഷേ, ഇന്നത്തെ ജനങ്ങളുടെ ഇടയില്‍ ഐക്യവും സംഘടനാ ബോധവുമുണ്ടാക്കണമെങ്കില്‍ ഒരു ത്വരീക്വത്തിന്റെ പേര്‍ പറഞ്ഞേ പറ്റൂ. ഹമദാനീ ത്വരീക്വത്തിലാകട്ടെ, ക്വുര്‍ആനിനും സുന്നത്തിനുമെതിരായി ഒന്നുമില്ല. ആ സംഘടനയിലേക്ക് വന്നുകഴിഞ്ഞാല്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ആകൃഷ്ടരാക്കാന്‍ നിഷ്പ്രയാസം കഴിയും.'

വക്കാണവും കക്ഷിവഴക്കുമുള്ളേളടത്തൊക്കെ ഹമദാനി തങ്ങള്‍ ഓടിയെത്താറ് പതിവാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്ത്, സലാം പരസ്പരം കൊടുപ്പിച്ചശേഷം ദീനിനെ(18) മുറുകെപ്പിടിച്ച് ജീവിക്കാന്‍ അദ്ദേഹം ജനങ്ങളെ ഉപദേശിക്കും. ഇത്രയും കൊണ്ട് അദ്ദേഹം മതിയാക്കാറില്ല. ജമാഅത്തായി(19) നമസ്‌കരിക്കാന്‍ എല്ലാവരും പള്ളിയില്‍ സമ്മേളിക്കണമെന്ന് അവരോട് കല്‍പിക്കും. ശൈഖിന്റെ ഉപദേശമെന്ന നിലക്ക് അവരതു ചെയ്യുകയും ചെയ്യും. ഈ ക്രമത്തില്‍ മരണം വരെ ദീനിനും സമുദായത്തിനും വേണ്ടി അദ്ദേഹം സേവനമനുഷ്ഠിച്ചു. അതിനുള്ള മതിയായ പ്രതിഫലം അല്ലാഹു അദ്ദേഹത്തിന് നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.''(20)

മലയാളി മുസ്‌ലിം മാലോക മുസ്‌ലിമിന്റെ ചാര്‍ച്ചക്കാരന്‍

എ.ഡി.1389 മുതല്‍ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഭാഗമായ ദാന്യൂബ് നദിവരെയുള്ള ബാള്‍ക്കന്‍(21) പ്രദേശങ്ങളില്‍ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് റഷ്യ ആധിപത്യം നേടുമോ എന്ന് ഭയന്ന ബ്രിട്ടന്‍; പ്രഷ്യ, ഹോളണ്ട് എന്നീ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് ബാള്‍ക്കനില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്. ബാള്‍ക്കന്‍ പ്രദേശങ്ങളെ ഉപജീവിച്ചുകൊണ്ടുള്ള റഷ്യയുടെയും ജര്‍മനിയുടെയും താല്‍പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒന്നാം ലോകമഹായുദ്ധത്തിന്റെ കാരണങ്ങളിലൊന്നായി മാറി. 1912-13 കാലത്തെ ബാള്‍ക്കന്‍ യുദ്ധങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലും വലിയ കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യന്‍ മുസ്‌ലിം രാഷ്ടീയത്തിന്റെ അനുഭാവം സ്വഭാവികമായും ലോക മുസ്‌ലിംകളോടൊപ്പം തുര്‍ക്കി സുല്‍ത്താനോടായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒട്ടോമന്‍ സുല്‍ത്താന് നല്‍കിപ്പോരുന്ന സവിശേഷ പരിഗണന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഭീതിപ്പെടുത്തുന്നതായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലോഡ് ജോര്‍ജ് തങ്ങള്‍ തുര്‍ക്കി കീഴടക്കിയാല്‍ മുസ്‌ലിം വികാരത്തെ മാനിച്ച് സുല്‍ത്താന്റെ അധികാര സ്ഥാനങ്ങള്‍ വെട്ടിക്കുറക്കുകയില്ല എന്ന് ഉറപ്പ് നല്‍കിയത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭീഷണി അടക്കി നിര്‍ത്താനും അവരുടെ സഹായം ലഭ്യമാകാനും വേണ്ടിയായിരുന്നു. എന്നാല്‍ തുര്‍ക്കിയടക്കമുള്ള സഖ്യശക്തികളുടെ പതനത്തിനുശേഷം ഖലീഫയുടെ അധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി സെക്യുലര്‍ ഭരണ വ്യവസ്ഥ അടിച്ചേല്‍പിക്കുകയുമാണ് ബ്രിട്ടന്‍ ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുസ്‌ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ അകതാരില്‍ കെട്ടടങ്ങിയിരുന്ന ഖിലാഫത്ത് വികാരം വീണ്ടും നീറിപ്പുകയാന്‍ തുടങ്ങി. സാഹചര്യത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ ഗാന്ധിജിയും ദേശീയ പ്രസ്ഥാനവും ഖിലാഫത്ത് സമരത്തെ പിന്തുണക്കുകയും അതിനെ ജനകീയവല്‍ക്കരിക്കുകയും ചെയ്തു.

കൂടുതല്‍ കൂടുതല്‍ ഉള്‍വലിയല്‍ പ്രവണത പ്രകടിപ്പിച്ചിരുന്ന അക്കാലത്തെ കേരള മുസ്‌ലിം ജനതയെ ലോക മുസ്‌ലിം ചലനങ്ങളോട് ചേര്‍ത്തുനിര്‍ത്താന്‍ ആ സന്ദര്‍ഭത്തെ ഹമദാനി തങ്ങള്‍ ഉപയോഗിച്ചു. ബാള്‍ക്കന്‍ സമരകാലത്ത് എല്ലാം നഷ്ടപ്പെട്ട തുര്‍ക്കി മുസ്‌ലിംകളെ സഹായിക്കാന്‍ അദ്ദേഹം ഒരു ഫണ്ട് രൂപീകരിച്ചു. (തുടരും)

ആധാര സൂചിക:

(1) പ്രബോധനം വാരിക, കേരള മുസ്‌ലിം നവോത്ഥാനചരിത്രം വിശേഷാല്‍ പതിപ്പ്,  ഏപ്രില്‍ 1998, താള്‍ 48.

(2) 1905 ജനുവരി 19ന് വക്കം മൗലവി അഞ്ചുതെങ്ങ് അഞ്ചലാപ്പീസിനടുത്ത് നിന്ന് ആരംഭിച്ചിരുന്ന മലയാള വൃത്താന്ത പത്രം.

(3) 1906 ജനുവരി 1 മുതല്‍ വക്കം മൗലവി വക്കത്തുനിന്ന് സ്വദേശാഭിമാനിയുടെ 'സഹജീവി'യായിക്കൊണ്ട് ഇറക്കിയിരുന്ന മലയാള മാസിക.

(4) പണ്ഡിതനും പത്രപ്രവര്‍ത്തകനും വക്കം മൗലവിയുടെ ഗുരുനാഥന്മാരില്‍ ഒരാളുമായ സുലൈമാന്‍ മുസ്‌ലിയാര്‍ സേട്ട് ഗുജറാത്തില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത സേട്ടു കുടുംബത്തിലെ അംഗമാണ്. 1886ല്‍ ആലപ്പുഴയുടെ ഹൃദയഭാഗത്ത് 'ആമിറുല്‍ ഇസ്‌ലാം ലിത്തോ പ്രസ്സ്' എന്ന പേരില്‍ ഒരു അച്ചുകൂടം സ്ഥാപിക്കുകയും 1891 മുതല്‍ 'മണിവിളക്ക്' എന്നപേരില്‍ പേരില്‍ ഒരു അറബിമലയാളം ദ്വൈവാരിക അച്ചടിച്ച് പുറത്തിറക്കുകയും ചെയ്തു.

(5) ക്വുര്‍ആന്‍ വിവരണം.

(6) ഇസ്‌ലാമിക കര്‍മാനുഷ്ഠാനങ്ങള്‍.

(7) പ്രവാചക ചരിത്രം.

(8) ഇസ്‌ലാമിക ചരിത്രം.

(9) സ്വലാഹുല്‍ ഇഖ്‌വാന്‍ വൃത്താന്ത പത്രം, തിരൂര്‍ സി. സൈദാലിക്കുട്ടി മാസ്റ്റര്‍, പൊന്നാനി നഗരം മഹ്കില്‍ ഗറാഇബ് അച്ചുകൂടം, സഞ്ചിക 4, ലക്കം 11.

(10) കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം 3, ഹമദാനി തങ്ങള്‍,  ഇ.കെ.മൗലവി, അല്‍മുര്‍ശിദ് മലയാള മാസിക. 1966 സെപ്റ്റംബര്‍, താള്‍ 6.

(11) പരിഷ്‌കര്‍ത്താവായ മഹാകവി. 'മുസദ്ദസ് മദൊ ജസറുല്‍ ഇസ്‌ലാം' തുടങ്ങിയ ദീര്‍ഘ കവിതകളിലൂടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിശിതമായി വിമര്‍ശിച്ചു.

(12) വക്കം മൗലവിയുടെ മുസ്‌ലിം മാസിക. വാ: 5, ലക്കം 6,7.

(13) മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അഞ്ച് നിര്‍ദേശങ്ങള്‍. 'മുസ്‌ലിം' മാസിക, വാള്യം 5, ലക്കം 67, 1916.

(14) കേരള മുസ്‌ലിം ഡയരക്ടറി; ചരിത്രം, സ്ഥിതി വിവര കണക്ക്, മൂന്നാം സഞ്ചിക. ഡോ.സി. കെ. കരീം. ചരിത്രം പബ്ലിക്കേഷന്‍സ്, ഇടപ്പള്ളി. ഒന്നാം പതിപ്പ്. ഒക്ടോബര്‍ 1991, താള്‍ 575.

(15) വക്കം മൗലവിയുടെ അല്‍ ഇസ്‌ലാം മാസിക, പു.1, ലക്കം 3.

(16) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം, സി.എന്‍.അഹ്മദ് മൗലവി. അല്‍ഹുദാ ബുക്സ്റ്റാള്‍, കോഴിക്കോട്. ഒന്നാം പതിപ്പ് 1978.

(17) വഴി.

(18) ഇസ്‌ലാമിക ജീവിതം.

(19) മുസ്‌ലിം പള്ളികളില്‍ ദിനേന അഞ്ച് നേരം യഥാസമയത്ത് നടക്കുന്ന സംഘ നമസ്‌കാരം.

(20) കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം 3, ഹമദാനി തങ്ങള്‍,  ഇ.കെ. മൗലവി, അല്‍മുര്‍ശിദ് മലയാള മാസിക, 1966 സെപ്റ്റംബര്‍, താള്‍ 6.

(21) തെക്കു കിഴക്കന്‍ യൂറോപ്പില്‍ മധ്യധരണ്യാഴിയിലേക്ക്തള്ളിനില്‍ക്കുന്നഉപദ്വീപാണ്ബാള്‍ക്കന്‍.ബാള്‍ക്കന്‍ പര്‍വതത്തില്‍നിന്നാണ് ഉപദ്വീപിന് ഈ പേര് ലഭിച്ചത്.അല്‍ബേനിയ, ബോസ്‌നിയ, ഹെര്‍സഗോവിന, ബള്‍ഗേറിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ, കൊസോവൊഎന്നിവയാണ്ബാള്‍ക്കന്‍ രാജ്യങ്ങള്‍. തുര്‍ക്കിയുടെത്രേസ്ഭാഗവും ബാള്‍ക്കനിലാണ്. റൊമാനിയ, സ്ലൊവീനിയ എന്നീ രാഷ്ട്രങ്ങളെയും ബാള്‍ക്കനില്‍ ഉള്‍പ്പെടുത്തി കാണാറുണ്ട്. 5.5 ലക്ഷം ച.കി.മീ ആണ് ഈ മേഖലയുടെ വിസ്തൃതി. ആറു കോടിയോളം ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു.