ക്വുര്‍ആന്‍ ക്രോഡീകരണം

ശമീര്‍ മദീനി

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

നബി ﷺ യും സ്വഹാബത്തും വിശുദ്ധ ക്വുര്‍ആന്‍ ഹൃദയത്തില്‍ സൂക്ഷിച്ചപ്പോള്‍ തന്നെ എഴുത്തും വായനയും അറിയാവുന്നവരെക്കൊണ്ട് ലിഖിത രൂപത്തിലാക്കുവാനും ശ്രദ്ധിച്ചിരുന്നു. എഴുത്തും വായനയും അറിയുന്നവര്‍ അക്കാലഘട്ടത്തില്‍ താരതമ്യേന കുറവായിരുന്നിട്ടും അമ്പതോളം ആളുകള്‍ നബി ﷺ യുടെ എഴുത്തുകാരായിട്ടുണ്ടായിരുന്നു. എഴുതിവെക്കുവാനുള്ള സാധന സാമഗ്രികള്‍ കുറവായിരുന്നിട്ടും ഈത്തപ്പനയുടെ ഓലകള്‍, പരന്ന എല്ലുകള്‍, പാറകള്‍, തോലുകള്‍ തുടങ്ങി പലതിലും അവര്‍ ക്വുര്‍ആന്‍ എഴുതി സൂക്ഷിച്ചു.

ഓരോ ഘട്ടത്തിലും ഇറങ്ങുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ എവിടെ, ഏതിന്റെ തുടര്‍ച്ചയായി, ഏത് അധ്യായത്തില്‍ ചേര്‍ക്കണം എന്നിത്യാദി കാര്യങ്ങള്‍ നബി ﷺ യുടെ നിര്‍ദേശപ്രകാരമാണ് എഴുത്തുകാര്‍ ചെയ്തത്.

ഉസ്മാന്‍(റ) പറയുന്നു: ''ക്വുര്‍ആന്‍ വചനങ്ങളിറങ്ങിയാല്‍ ഈ വചനം ഇന്നതൊക്കെ പരാമര്‍ശിക്കുന്നു, ഇന്നാലിന്ന അധ്യായത്തില്‍ ചേര്‍ക്കുക എന്ന് നബി ﷺ  പറയുമായിരുന്നു'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി).

ബറാഅ്(റ) പറയുന്നു: ''സൂറത്തുന്നിസാഇലെ 'ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരെക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്ഒഴിഞ്ഞിരിക്കുന്നവരെക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.''(4:95) എന്ന വചനമിറങ്ങിയപ്പോള്‍ നബി ﷺ  പറഞ്ഞു: 'സൈദിനെ വിളിക്കൂ, എഴുതാനുള്ള സാമഗ്രികളുമായി വരാന്‍ പറയൂ.' എന്നിട്ട് പറഞ്ഞു: എഴുതുക'' (ബുഖാരി).

ഇങ്ങനെ വാമൊഴിക്കു പുറമെ വരമൊഴിയായും ക്വുര്‍ആന്‍ ആദ്യകാലത്തുതന്നെ അഥവാ നബി ﷺ യുടെ ജീവിത കാലത്തുതന്നെ സുരക്ഷിതമായി ക്രോഡീകരിക്കപ്പെട്ടു. നബി ﷺ യുടെ എഴുത്തുകാരില്‍ ക്വുര്‍ആന്‍ എഴുത്തുകാരായി അറിയപ്പെട്ടിരുന്നവരെ 'കുത്താബുല്‍ വഹ്‌യ്' അഥവാ 'ദിവ്യസന്ദേശ എഴുത്തുകാര്‍' എന്നാണ് പറയുന്നത്. അവരില്‍ പ്രമുഖര്‍ ഇവരാണ്: നാല് ഖലീഫമാര്‍, സൈദ്ബ്‌നു ഥാബിത്, ഉബയ്യുബ്‌നു കഅ്ബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സഅ്ദ്ബ്‌നു അബിസ്സര്‍ഹ്, ആമിറുബ്‌നു ഫുഹൈറ, സുബൈറുബ്‌നുല്‍ അവ്വാം, അബ്ദുല്ലാഹിബ്‌നു സൈദ്, ഖാലിദുബ്‌നു സഈദിബ്‌നില്‍ ആസ്വ്, ഹന്‍ദലത്തു ബ്‌നു റബീഅ്, മുആദുബ്‌നു ജബല്‍, അര്‍ക്വമുബ്‌നു അബില്‍അര്‍ഖം, ഥാബിത്ത് ബ്‌നു ഖൈസ്, ഖാലിദുബ്‌നുല്‍ വലീദ്, മുആവിയതുബ്‌നു അബീസുഫിയാന്‍, മുഗീറത്തുബ്‌നു ശൂഅ്ബ... മുതലായവര്‍. (ഇബ്‌നു കഥീര്‍, അല്‍ബിദായ വന്നിഹായ).

ക്വുര്‍ആനിന്റെ ലിഖിതരൂപം നബി ﷺ യുടെ പക്കല്‍ സൂക്ഷിച്ചുപോന്നു. അതിനുപുറമെ സ്വഹാബിമാരില്‍പെട്ട എഴുത്തും വായനയുമറിയാവുന്ന മറ്റു പലരും എഴുതി സൂക്ഷിച്ചിരന്നു. ആദ്യ തലമുറക്കാര്‍ കാര്യമായി അവലംബിച്ചിരുന്നത് അവരുടെ മനഃപാഠങ്ങളെയും നബി ﷺ യോട് നേരിട്ട് ചോദിച്ചറിയുന്ന രീതിയെയുമായിരുന്നു. കാരണം എഴുത്തും വായനയും അറിയുന്നവര്‍ അവരില്‍ വിരളമായിരുന്നു. എന്നാല്‍ അവരുടെ ഓര്‍മശക്തിയും മനഃപാഠമാക്കുവാനുള്ള കഴിവും അറേബ്യന്‍ ചരിത്രത്തില്‍ ശ്രുതിപ്പെട്ടതാണ്.

നബി ﷺ ക്ക് ക്വുര്‍ആനായി അവതരിച്ച വചനങ്ങള്‍ ഓരോവര്‍ഷവും റമദാനില്‍ മലക്ക് ജിബ്‌രീല്‍(അ) ഓതിച്ചുനോക്കി മനഃപാഠം പരിശോധിക്കുമായിരുന്നു. പ്രവാചക വിയോഗത്തോടടുത്ത റമദാനില്‍ രണ്ടുതവണ ഈ പ്രക്രിയ നടക്കുകയുണ്ടായി.

നബി ﷺ  പറഞ്ഞു: ''നിശ്ചയം, ജിബ്‌രീല്‍(അ) എന്റെ ക്വുര്‍ആന്‍ മനഃപാഠം ഒരോ വര്‍ഷവും പരിശോധിക്കുമായിരുന്നു. ഈ വര്‍ഷം രണ്ടു തവണ അദ്ദേഹം അങ്ങനെ പരിശോധിച്ചു. എന്റെ മരണം ആസന്നമായതായി ഞാന്‍ മനസ്സിലാക്കുന്നു'' (ബുഖാരി, അഹ്മദ്).

നബി ﷺ യുടെ വിയോഗത്തിന് മുമ്പുതന്നെ നൂറുകണക്കിന് അനുചരന്മാരുടെ ഹൃദയങ്ങളിലും ഫലകങ്ങളിലുമായി ക്വുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ അതിനെ ഒരു ഗ്രന്ഥരൂപത്തില്‍ രണ്ടു ചട്ടകള്‍ക്കുള്ളിലാക്കി ക്രോഡീകരിച്ചിരുന്നില്ല.

എന്തു കൊണ്ടെന്നാല്‍, ക്വുര്‍ആന്‍ ഒറ്റയടിക്ക് ഇറങ്ങിയ ഗ്രന്ഥമല്ല. പ്രത്യുത നബി ﷺ യുടെ പ്രവാചകത്വ ജീവിതത്തിലെ 23 വര്‍ഷക്കാലത്തെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഘട്ടം ഘട്ടമായാണ് അത് അവതരിച്ചത്. ക്വുര്‍ആനിന്റെ അവതരണം പൂര്‍ത്തീകരിക്കപ്പെടുന്നത് നബി ﷺ  മരണത്തോടുകൂടിയാണ്, അതിനുമുമ്പുള്ള കാലം വഹ്‌യ് ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഗ്രന്ഥരൂപത്തിലാക്കിയാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതു പോലെ അപൂര്‍ണമായിരിക്കും. നിയമങ്ങള്‍ അവതരിക്കുന്ന കാലമായതുകൊണ്ട് തന്നെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും മറ്റുമനുസരിച്ച് നിയമങ്ങളിലെ പരിഷ്‌കരണങ്ങള്‍ വരികയും സ്വാഭാവികമാണ്.

''വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനെക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?''(2:106).

മാത്രമല്ല മനഃപാഠമാക്കിവെച്ച ക്വുര്‍ആന്‍ അവരുടെ പക്കലുണ്ട്. സംശയം തീര്‍ക്കാന്‍ പ്രവാചകന്‍ ﷺ  അവരോടൊപ്പം ജീവിച്ചിരിക്കുന്നുമുണ്ട്. എഴുതിവെച്ചത് വായിക്കാനറിയുന്നവരായിരുന്നില്ല അവരില്‍ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ലിഖിത രൂപത്തില്‍ ഒരു ഗ്രന്ഥമായി ക്വുര്‍ആന്‍ ക്രോഡീകരിക്കല്‍ അവരെ സംബന്ധിച്ചിടത്തോളം അത്രതന്നെ പ്രസക്തമായിരുന്നില്ല. എന്നാല്‍ നബി ﷺ യുടെ വേര്‍പാടിന്റെ തൊട്ടടുത്തവര്‍ഷം (ഹിജ്‌റ:11) തന്നെ അബൂബക്കര്‍ സിദ്ദീക്വി(റ)ന്റെ കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ക്വുര്‍ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുകയും ചെയ്തു. ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചതിന്റെ മഹത്ത്വം അല്ലാഹു അബൂബക്കറി(റ)ന്ന് കരുതിവെച്ചതായിരുന്നു എന്ന് സാരം.

നബി ﷺ യുടെ വിയോഗത്തെ തുടര്‍ന്ന് അബൂബക്കറി(റ)ന് ഖിലാഫത്ത് ഏറ്റെടുത്ത ശേഷം നേരിടേണ്ടിവന്ന ഒരു വിഷയമായിരുന്നു കള്ളപ്രവാചകത്വവാദികളും മനഃപരിത്യാഗികളുമുണ്ടാക്കിക്കൊണ്ടിരുന്ന കുഴപ്പങ്ങള്‍. അങ്ങനെ അവരെ നേരിടാന്‍ ഖലീഫയുടെ നേതൃത്വത്തില്‍ സൈനിക നീക്കമുണ്ടായി. രൂക്ഷമായ പോരാട്ടത്തില്‍ ഇരുപക്ഷത്തുനിന്നും നിരവധിപേര്‍ കൊല്ലപ്പെട്ടു. 'യമാമ' യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്ന ഈ സൈനിക നീക്കത്തിലാണ് കള്ളപ്രവാചകനായ മുസൈലിമ വധിക്കപ്പെട്ടത്. മുസ്‌ലിംകളില്‍ നിന്ന് ക്വുര്‍ആന്‍ മനഃപാഠമുള്ള എഴുപതിലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. ഇതിനോടനുബന്ധിച്ച് ഉമറുബ്‌നുല്‍ ഖത്വാബ്(റ) ദീര്‍ഘവീക്ഷണം ചെയ്തുകൊണ്ട് അബൂബക്കര്‍ സ്വിദ്ദീക്വി(റ)നെ സമീപിച്ചു. എന്നിട്ടു പറഞ്ഞു: ''യമാമ ദിവസത്തില്‍ യുദ്ധം രൂക്ഷമാവുകയും നിരവധി ക്വുര്‍ആന്‍ പണ്ഡിതന്മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേപോലുള്ള സന്ദര്‍ഭങ്ങളില്‍ ഇനിയും ഇത് ആവര്‍ത്തിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ക്വുര്‍ആന്‍ നഷ്ടപ്പെടാന്‍ ഇടയായേക്കുമത്. അതിനാല്‍ ക്വുര്‍ആന്‍ ക്രോഡീകരിക്കാന്‍ താങ്കള്‍ നിര്‍ദേശിക്കണമെന്നാണ് എന്റെ അഭിപ്രായം'' (ബുഖാരി).

അങ്ങനെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അബൂബക്കര്‍(റ) ഉമര്‍(റ) നിര്‍ദേശിച്ചതുപോലെ ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ചു. അതിനായി പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരില്‍ പ്രമുഖനും ചെറുപ്പക്കാരനുമായ സൈദ്ബ്‌നു ഥാബിത്തി(റ)ന്റെ നേതൃത്വത്തില്‍ ക്വുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഖലീഫ അബൂബക്കര്‍(റ) നിര്‍ദേശിച്ചു. അതുപ്രകാരം സ്വഹാബത്ത് മുമ്പ് എഴുതിവെച്ചിരുന്ന ലിഖിതങ്ങളും മനഃപാഠവും ഒത്തുനോക്കി പരിശോധിച്ച് ഉറപ്പുവരുത്തി ക്വുര്‍ആന്‍ പകര്‍ത്തിയെഴുതി രണ്ട് ചട്ടകള്‍ക്കുള്ളിലാക്കി. അങ്ങനെ ഗ്രന്ഥരൂപത്തിലാക്കിയ ക്വുര്‍ആനിന്റെ പ്രതി അബൂബക്കറി(റ)ന്റെ കൈവശം സൂക്ഷിച്ചു. അദ്ദേഹത്തിന്റെ കാലശേഷം രണ്ടാം ഖലീഫയായ ഉമറി(റ)ന്റെ കൈവശമായിരുന്നു സൂക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം പ്രവാചകപത്‌നിയും ഉമറി(റ)ന്റെ മകളും വിശ്വാസികളുടെ മാതാവുമായ ഹഫ്‌സ(റ)യുടെ കൈവശമായിരുന്നു അതുണ്ടായിരുന്നത്. ഇമാം ബുഖാരി, ഇമാം അഹ്മദ് മുതലായ പണ്ഡിതന്മാര്‍ ഈ വിഷയം വിവരിക്കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍, അവരുടെ ഹദീഥ് സമാഹാരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (വിശദവിവരത്തിന് ഇബ്‌നുഅബീദാവൂദിന്റെ കിതാബുല്‍ മസ്വാഹിഫ് നോക്കുക).

സൈദി(റ)ന്റെ സവിശേഷതകള്‍

സ്വഹാബികളുടെ കൂട്ടത്തില്‍ നിന്ന് സൈദി(റ)നെ ഈ ദൗത്യത്തിന്ന് ഖലീഫ അബൂബക്കര്‍(റ) ചുമതലപ്പെടുത്താന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. അത് ഇപ്രകാരം സംക്ഷേപിക്കാം:

1. ക്വുര്‍ആന്‍ പരിപൂര്‍ണമായി ഹൃദിസ്ഥമാക്കിയ ചെറുപ്പകാരനായിരുന്നു അദ്ദേഹം.

2. സത്യസന്ധതയിലും വിശ്വാസ്യതയിലും ആര്‍ക്കും യാതൊരുവിധ സംശയവുമില്ലാത്ത വ്യക്തിയും  നബി ﷺ യുടെ വഹ്‌യ് എഴുത്തുകാരില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.

3. നബി ﷺ യുടെ അവസാന കാലത്ത് ക്വുര്‍ആന്‍ മനഃപാഠം ജിബ്‌രീല്‍(അ) പരിശോധിച്ചതിന് പൂര്‍ണമായി സാക്ഷിയാവുകയും നബി ﷺ യില്‍ നിന്നും നേരിട്ട് ക്വുര്‍ആന്‍ മുഴുവനും ഓതിക്കേള്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

4. വിവിധ ഭാഷകളിലും മറ്റും പ്രാഗത്ഭ്യം തെളിയിച്ച കഴിവുറ്റ പണ്ഡിതനുമായിരുന്നു.

5. ബുദ്ധികൂര്‍മതയിലും ഭക്തിയിലും സൂക്ഷ്മതയിലുമെല്ലാം അറിയപ്പെട്ട വ്യക്തിയുമായിരുന്നു അദ്ദേഹം.

താനടക്കമുള്ള സ്വഹാബിമാര്‍ നബി ﷺ യില്‍ നിന്ന് നേരിട്ട് കേട്ടെഴുതിയ, തികഞ്ഞ ശുദ്ധിയും സൂക്ഷ്മതയും പുലര്‍ത്തിയ ലിഖിതങ്ങളും സ്വഹാബത്തിന്റെ മനഃപാഠങ്ങളും ഒത്തുനോക്കി ക്വുര്‍ആന്‍ ക്രോഡീകരണമെന്ന മഹത്തായ ദൗത്യം സൈദുബ്‌നു ഥാബിത്ത്(റ) പൂര്‍ത്തിയാക്കി.