മാറുന്ന കലണ്ടറുകളും മാറാത്ത മനസ്സുകളും

ശരീഫ് കാര

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

ഈ പുസ്തകം നിങ്ങളുടെ കൈകളില്‍ എത്തുമ്പോഴേക്കും 2018 കടന്നുപോയിട്ടുണ്ടാകും. ചുമരില്‍ 2019 വര്‍ഷത്തിന്റെ ബഹുവര്‍ണ കലണ്ടര്‍ തൂങ്ങിയിട്ടുണ്ടാകും. പുതുവത്സരത്തിലേക്ക് പ്രവേശിക്കുന്ന നിമിഷങ്ങള്‍ ആഘോഷിക്കുവാനും ആനന്ദിക്കുവാനുമായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടുതിന്റെ വാര്‍ത്തകള്‍ വായിച്ചുകഴിഞ്ഞിട്ടുണ്ടാകും. 

ഈ വര്‍ഷവും ലഹരിയില്‍ ആറാടിക്കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുവാനായിരുന്നു യുവസമൂഹത്തിന് താല്‍പര്യം. കൊച്ചിയില്‍ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകള്‍ക്കിടയില്‍ നടന്ന മയക്കുമരുന്ന് വേട്ടയുടെ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതും കൊച്ചിയില്‍ നിന്നായിരുന്നു. 

ലഹരിയില്‍ ആറാടി സ്വയം മറക്കുവാനല്ല, കാലം ദിവസങ്ങളായും മാസങ്ങളായും വര്‍ഷങ്ങളായും കടന്നുപോകുമ്പോള്‍ നല്‍കുന്ന സന്ദേശമെന്തെന്നറിയുവാനാണ് നാം ശ്രമിക്കേണ്ടത്.ചുമരില്‍ തൂക്കിയ പുതിയ കലണ്ടര്‍ ചില കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. സമയത്തിന്റെ വിലയാണ് അതില്‍ പ്രധാനമായത്. ഓരോ ദിവസത്തിന്റെ പ്രഭാതത്തിലും ആ ദിവസം 'ഞാന്‍ ഇന്ന് ഒരു പുതിയ ദിവസവും നിന്റെ പ്രവര്‍ത്തനത്തിന്റെ സാക്ഷിയുമാണ് മനുഷ്യാ! അതിനാല്‍ നീ എന്നെ ഉപയോഗപ്പെടുത്തുക. ഞാന്‍ കടന്നുപോയാല്‍ പിന്നീടൊരിക്കലും അന്ത്യനാള്‍ വരെ തിരിച്ചുവരില്ല' എന്ന മുന്നറിയിപ്പ് തരുന്നുവെന്ന ഹസനുല്‍ ബസ്വരിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഒന്നിനും സമയം തികയുന്നില്ല എന്നു പറയുന്നവര്‍ കിട്ടിയ സമയം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. 

മരണത്തെ, മരണാനന്തര ജീവിതത്തെ ഓര്‍ക്കുക എന്നതാണ് മറ്റൊരു സന്ദേശം. ആയുസ്സില്‍നിന്ന് ഒരേടുകൂടി മറിച്ചുകൊണ്ടാണ് ഓരോ പുതുവര്‍ഷവും നമ്മെ തേടിയെത്തുന്നത്. നാം നമ്മുടെ മരണത്തിലേക്ക്, ക്വബ്‌റിലേക്ക്, വിചാരണയിലേക്ക് ഒരു വര്‍ഷംകൂടി അടുത്തിരിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു: ''ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു'' (21:1).

അന്ത്യനാളിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് മറ്റൊന്ന്. അന്ത്യനാളിന്റെ ലക്ഷണങ്ങളിലൊന്നായി നബിﷺ പറഞ്ഞു: ''കാലം പരസ്പരം അടുത്തുവരുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അപ്പോള്‍ വര്‍ഷം മാസത്തെപ്പോലെ, മാസം ആഴ്ചയെപ്പോലെ, ആഴ്ച ദിവസത്തെപ്പോലെ, ദിവസം മണിക്കൂര്‍ പോലെ, മണിക്കൂര്‍ ഒരു പനമ്പട്ട കത്തിക്കരിയുന്ന സമയംപോലെ (ദൈര്‍ഘ്യമുള്ളത്) ആയിരിക്കും'' (അഹ്മദ്).

പുതിയ കലണ്ടര്‍ ചുമരില്‍ തൂക്കുമ്പോള്‍ പഴയ കലണ്ടര്‍ വാങ്ങിയ നിമിഷംപോലും നാം മറന്നിട്ടില്ല.ഒരു റമദാന്‍ കടന്നുവരുമ്പോള്‍, പെരുന്നാള്‍ വരുമ്പോള്‍ നാം പറയും: ഇന്നലെ കഴിഞ്ഞതുപോലെ... എത്ര പെട്ടെന്ന്....!

സ്വജീവിതത്തെ വിലയിരുത്തണമെന്നതാണ് മറ്റൊരു ഓര്‍മപ്പെടുത്തല്‍. 365 ദിവസങ്ങള്‍ കൊഴിഞ്ഞുവീണപ്പോള്‍ അതില്‍നിന്ന് എത്രസമയം പരലോക രക്ഷക്കും നാഥന്റെ തൃപ്തിക്കുമായി വിനിയോഗിച്ചു എന്ന വിലയിരുത്തല്‍. അങ്ങനെയൊരാത്മപരിശോധന ചെയ്യാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളത് എന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 59:18).

നിര്‍ബന്ധ കര്‍മങ്ങളും ഐഛിക കര്‍മങ്ങളുമടക്കം എത്രയെത്ര ഇബാദത്തുകള്‍ ചെയ്യാനുള്ള അവസങ്ങളാണ് കടന്നുപോയത്! മതം പഠിക്കാനും പഠിപ്പിക്കാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യങ്ങള്‍ കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തിയോ? ആത്മാര്‍ഥമായി പരിശോധിക്കുക.

വരുംകാലത്തേക്കുള്ള ആസൂത്രണമാണ് മറ്റൊന്ന്. കഴിഞ്ഞ കാലത്തില്‍നിന്നും സന്ദേശങ്ങളും ഗുണപാഠങ്ങളുമുള്‍ക്കൊണ്ട് ഇനി ലഭിക്കാനിരിക്കുന്ന കാലം പാഴാക്കാതെ ജീവിക്കാനുള്ള ഉള്ളറിഞ്ഞുകൊണ്ടുള്ള ആസൂത്രണം.  കൃത്യവും വ്യക്തവുമായ പ്ലാനിംഗോടുകൂടി ജീവിതത്തെ മുന്നാട്ടു നയിക്കുക. ഇരുലോകജീവിതത്തെ ധന്യമാക്കുക.