രഹസ്യപ്രബോധനം തുടങ്ങുന്നു

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

(ലോകഗുരു: മുഹമ്മദ് നബിﷺ ഭാഗം: 6)

അല്ലാഹുവില്‍നിന്ന് നബിﷺക്ക് വഹ്‌യ് (ദിവ്യബോധനം) ലഭിച്ചിരുന്നത് വ്യത്യസ്ത രൂപങ്ങളില്‍ ആയിരുന്നു:

1) സത്യസന്ധമായ സ്വപ്‌നങ്ങള്‍. 

2) നബിﷺ മലക്കിനെ കാണാതെ തന്നെ നബിയുടെ ഹൃദയത്തിലേക്ക് ഇട്ടു കൊടുക്കുന്ന രീതി.

3) മലക്ക് എന്ന മധ്യവര്‍ത്തി ഇല്ലാതെ അല്ലാഹു സംസാരിക്കുന്ന രീതി. മറയുടെ പിന്നില്‍ നിന്നുകൊണ്ട് മൂസാ നബഅ)യോട് അല്ലാഹു സംസാരിച്ച രീതി പോലെയായിരുന്നു ഇത്. 

4) മനുഷ്യന്റെ രൂപത്തില്‍ മലക്ക് പ്രത്യക്ഷപ്പെടുകയും എന്നിട്ട് നബിയോട് സംസാരിക്കുകയും നബി മലക്കില്‍ നിന്ന് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുന്ന രീതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹാബികളും മലക്കിനെ മനുഷ്യരൂപത്തില്‍ കണ്ടിട്ടുണ്ട്. ദഹിയ്യത്തുല്‍ കല്‍ബിയുടെ രൂപത്തില്‍ ജിബ്‌രീല്‍ വന്നത് ഇതിന് ഉദാഹരണമാണ്.

5) മലക്കിനെ അല്ലാഹു സൃഷ്ടിച്ച അതേ രൂപത്തില്‍ കാണുന്ന രീതി. അങ്ങനെയും അല്ലാഹു വഹ്‌യ് നല്‍കിയിട്ടുണ്ട്. ഇത് രണ്ടുതവണയാണ് സംഭവിച്ചത്. അല്ലാഹു വഹ്‌യ് നല്‍കുന്ന രീതികളെ സംബന്ധിച്ച് ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: 

''(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു'' (ശൂറാ:51). 

ആഇശ(റ)യില്‍ നിന്നും നിവേദനം. ഹാരിസുബ്‌നു ഹിശാം നബിയോട് ചോദിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് താങ്കള്‍ക്ക് വഹ്‌യ് വരുന്നത്?'' അപ്പോള്‍ നബിﷺ പറഞ്ഞു: ''ചിലപ്പോള്‍ മണിനാദം പോലെയായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രയാസകരമായിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ എന്നില്‍നിന്നും വിയര്‍പ്പുകള്‍ പൊടിയും. അപ്പോഴേക്കും മലക്ക് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കും. ആഇശ(റ) പറയുന്നു: ''അതിശക്തമായ തണുപ്പുള്ള ദിവസവും വഹ്‌യ് ഇറങ്ങുമ്പോള്‍ നബിﷺ വിയര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാചകന്റെ നെറ്റിത്തടങ്ങളിലും വിയര്‍പ്പ് കാണാമായിരുന്നു''(ബുഖാരി: 2, മുസ്‌ലിം: 2333).

അല്ലാഹു വഹ്‌യ് നല്‍കുന്ന ക്വുര്‍ആനിക വചനങ്ങള്‍ മറന്നു പോകുമോ എന്ന പേടി നബിﷺക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ധൃതി പിടിച്ചു കൊണ്ട്, വഹ്‌യായി നല്‍കപ്പെടുന്ന വചനങ്ങള്‍ ധൃതിപ്പെട്ട് ഓതാന്‍ നബി തന്റെ ചുണ്ടുകള്‍ ചലിപ്പിക്കാറുണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഓതപ്പെടുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാനും ജിബ്‌രീല്‍ ഓതുന്നതിലേക്ക് ശ്രദ്ധിക്കുവാനും അല്ലാഹു കല്‍പിച്ചത്.

''നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു'' (അല്‍ക്വിയാമ: 16-19).

പ്രവാചക ജീവിതത്തിലെ പ്രബോധന ഘട്ടങ്ങള്‍

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലഭിച്ച നിമിഷം മുതല്‍ നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും മറ്റുള്ളവയെല്ലാം വര്‍ജിക്കണമെന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ തുടങ്ങി. രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവാചകന്റെ പ്രബോധനം ഉണ്ടായിരുന്നത്. മക്കാ കാലഘട്ടവും മദീന കാലഘട്ടവുമാണ് അവ. മക്കയില്‍ 13 വര്‍ഷവും മദീനയില്‍ 10 വര്‍ഷവുമാണ് നബിﷺ പ്രബോധനവുമായി മുന്നോട്ടുപോയത്. മക്കാ കാലഘട്ടം പരിശോധിച്ചാല്‍ പ്രവാചകന്റെ പ്രബോധനം രണ്ട് രൂപത്തിലായിരുന്നു എന്ന് കാണാം. അതിലൊന്ന് രഹസ്യ പ്രബോധനവും രണ്ടാമത്തേത് പരസ്യപ്രബോധനവുമാണ്. രഹസ്യ പ്രബോധനം മൂന്നുവര്‍ഷവും ശേഷമുള്ള കാലം പരസ്യപ്രബോധനവും ആയിരുന്നു. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷം മുതല്‍ മദീനയിലേക്ക് ഹിജ്‌റ പോകുന്നതു വരെ ഇത് തുടര്‍ന്നു.

രഹസ്യ പ്രബോധനം

ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ എത്തിക്കുവാനുള്ള അല്ലാഹുവിന്റെ കല്‍പനയ്ക്ക് നബിﷺ ഉത്തരം നല്‍കി: ''ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക. കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.'' (മുദ്ദസിര്‍:1-7).

ഈ കല്‍പന ലഭിച്ചതോടെ നബിﷺ തന്റെ വിരിപ്പില്‍ നിന്നും എഴുന്നേറ്റു. മൂന്നുവര്‍ഷത്തോളം രഹസ്യമായി അല്ലാഹുവിലേക്ക് ക്ഷണിച്ചു തുടങ്ങി. ആദ്യമായി അല്ലാഹുവിലേക്കാണ് ക്ഷണിച്ചത്. ശിര്‍ക്കിന്റെ (ബഹുദൈവാരാധനയുടെ) എല്ലാതരം പ്രകട രൂപങ്ങളെയും നബിﷺ പിഴുതെറിയാന്‍ ശ്രമിച്ചു. അത്യുത്തമ സ്വഭാവങ്ങളിലേക്കും ആ കാലഘട്ടത്തില്‍ അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. 

മക്കക്കാര്‍ എതിരിടാന്‍ വരാതിരിക്കാന്‍ വേണ്ടിയായിരുന്നു രഹസ്യമായി പ്രബോധനം തുടങ്ങിയത്. അത്‌കൊണ്ടുതന്നെ തന്റെ ഏറ്റവുമടുത്ത ആളുകളിലേക്കും തന്റെ അടുത്ത കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും ആദ്യമായി പ്രബോധനവുമായി കടന്നുചെന്നു. സത്യത്തോട് താല്‍പര്യം കാണിക്കുകയും സത്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളെയായിരുന്നു നബിﷺ ഈ ഘട്ടത്തില്‍പരിഗണിച്ചിരുന്നത്. നന്മയുടെയും സത്യസന്ധതയുടെയും വിഷയത്തില്‍ അറിയപ്പെട്ടിരുന്ന ചില ആളുകള്‍ മക്കയിലും ഉണ്ടായിരുന്നു. നബിയുടെ ക്ഷണത്തിന്റെ ഭാഗമായി ഏതാനും ചിലയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അവരുടെ മുന്‍പന്തിയിലുണ്ടായിരുന്ന ആളുകളെ ക്രമപ്രകാരം നമുക്കൊന്ന് പരിചയപ്പെടാം:

1 ഖുവൈലിദിന്റെ മകള്‍ ഖദീജ. നബിﷺയുടെ ഭാര്യയാണ് അവര്‍. സ്ത്രീകളില്‍ നിന്നും ആദ്യമായി വിശ്വസിച്ചതും പൊതുവെ ആളുകളില്‍ നിന്ന് ആദ്യമായി വിശ്വസിച്ചതും ഖദീജ തന്നെയായിരുന്നു. 

2) വറഖതുബ്‌നു നൗഫല്‍. അദ്ദേഹം നേരത്തെ തന്നെ മരണപ്പെട്ടു പോയി. 

3) അബൂത്വാലിബിന്റെ മകന്‍ അലി(റ). നബിയുടെ പിതൃവ്യപുത്രന്‍ കൂടിയായിരുന്നു അദ്ദേഹം.  മുസ്‌ലിമാകുമ്പോള്‍ അദ്ദേഹത്തിന് പത്തു വയസ്സായിരുന്നു. കുട്ടികളില്‍ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചതും അദ്ദേഹമാണ്. നബിﷺയുടെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 

4) നബിﷺയുടെ ഭൃത്യനായിരുന്ന സൈദ്ബ്‌നു ഹാരിസതുല്‍ കല്‍ബി. അടിമകളില്‍ നിന്ന് ആദ്യമായി മുസ്‌ലിമാകുന്നത് ഇദ്ദേഹമാണ്. 

5) ഇതിനുശേഷം നബിﷺയുടെ മക്കളായ റുഖിയ്യ(റ), സൈനബ്(റ), ഉമ്മുകുല്‍സും(റ), ഫാത്വിമ(റ) എന്നിവര്‍ ഇസ്‌ലാം സ്വീകരിച്ചു.

പ്രവാചക കുടുംബത്തിന്റെ പുറത്തു നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അബൂബക്ര്‍(റ) ആയിരുന്നു. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള സ്വതന്ത്രരില്‍ നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തികൂടിയാണ് അദ്ദേഹം. പ്രവാചകനെക്കാള്‍ രണ്ടര വയസ്സ് കുറവായിരുന്നു അദ്ദേഹത്തിന്. ജനങ്ങളില്‍ ഏറ്റവും ഇഷ്ടം ലഭിച്ച വ്യക്തിയായിരുന്നു അബൂബക്ര്‍(റ). അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അത് പരസ്യപ്പെടുത്തി. അല്ലാഹുവിലേക്കും റസൂലിലേക്കും ജനങ്ങളെ ക്ഷണിക്കാന്‍ തുടങ്ങി. മാന്യനായ അദ്ദേഹം ജനങ്ങളോട് ബന്ധംപുലര്‍ത്തുന്ന, ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയ കച്ചവടക്കാരനായ ഒരു വ്യക്തി കൂടിയായിരുന്നു. നല്ല സ്വഭാവത്തിന്റെയും ഉല്‍കൃഷ്ട ജീവിതരീതിയുടെയും ഉടമയായിരുന്നു അദ്ദേഹം. അബൂബക്‌റിന്റെ നല്ല സഹവര്‍ത്തിത്വം കാരണവും അദ്ദേഹത്തിന്റെ ഔദാര്യത കാരണവും പലപ്പോഴും അദ്ദേഹത്തിന്റെ ഗോത്രക്കാര്‍ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. 

തനിക്ക് വിശ്വാസമുള്ള, തന്റെയടുക്കല്‍ വന്നിരിക്കുന്ന ആളുകളെയെല്ലാം അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. താന്‍ ആരെയൊക്കെ കാണാന്‍ പോകുന്നുവോ അവരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. നബിﷺക്ക് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആദ്യമായി ജനങ്ങളെ ക്ഷണിച്ച വ്യക്തി എന്ന പദവി കൂടി അബൂബക്‌റിനുണ്ട്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട 10 ആളുകളില്‍ 5 ആളുകളും അദ്ദേഹത്തിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നവരാണ്. ഉഥ്മാനുബ്‌നു അഫ്ഫാന്‍(റ), സുബൈറു ബ്‌നുല്‍ അവ്വാം(റ), അബ്ദുറഹ്മാനുബ്‌നു ഔഫ്(റ), സഅദുബ്‌നു അബീവക്വാസ്(റ), ത്വല്‍ഹത് ബിന്‍ ഉബൈദില്ല(റ) തുടങ്ങിയവരായിരുന്നു അവര്‍. ഇസ്‌ലാമിക കുടുംബത്തിലേക്ക് ആദ്യമായി കടന്നുവന്ന സംഘം ആയിരുന്നു ഇവര്‍. അബൂബക്ര്‍(റ) ഇവരെ നബിﷺയുടെ അടുക്കലേക്ക് കൊണ്ടുവരികയും അദ്ദേഹത്തിനു മുമ്പില്‍ വച്ച് അവര്‍ ഇസ്ലാം സ്വീകരിക്കുകയും ഇസ്‌ലാമിക സൈന്യത്തിലെ അംഗങ്ങളായി മാറുകയും ചെയ്തു. ഖദീജ(റ)യും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണവുമായി പുറപ്പെട്ടു. മക്കളെയും കൂട്ടുകാരികളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരില്‍ പലരും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. 

ഈ ആളുകള്‍ക്കു ശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രധാനികളായ വ്യക്തികളുടെ പേരുകള്‍ നമുക്ക് താഴെ വായിക്കാം: അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ), അബൂസലമതുബ്‌നു അബ്ദുല്‍ അസദ്(റ), അര്‍ഖമുബ്‌നു അബുല്‍ അര്‍ഖം(റ), ഉഥ്മാനുബിനു മള്ഊന്‍(റ), അദ്ദേഹത്തിന്റെ 2 സഹോദരങ്ങളായ ഖുദാമ(റ), അബ്ദുല്ല(റ), ഉബൈദ് ബിന്‍ ഹാരിസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ), സഈദുബ്നു സൈദ് ഇബ്‌നു അംറുബ്‌നു നുഫൈല്‍(റ), അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഫാത്വിമ ബിന്‍ത് ഖത്ത്വാബ്(റ), അബൂബക്ര്‍(റ)വിന്റെ മകള്‍ അസ്മാഅ്(റ), അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബിന്റെ ഭാര്യ ഉമ്മുല്‍ ഫദ് ല്‍(റ), ഖബ്ബാബ് ഇബ്‌നുല്‍ അറത്(റ), ഉത്ബതുബ്‌നു ഗസ്‌വാന്‍(റ), അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) തുടങ്ങിയവരായിരുന്നു അവര്‍. ജനങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് കേട്ടറിയാന്‍ തുടങ്ങി. ദരിദ്രരായ പല ആളുകളും ഇസ്‌ലാമിലേക്ക് ധൃതി കാണിച്ചു.

അങ്ങനെ മസ്ഊദ് ഇബ്‌നു റബീഅ(റ), അയ്യാശ് ഇബ്‌നു അബീ റബീഅ(റ), ഖുനൈസ് ഇബ്‌നു ഹുദാഫ(റ), ആമിര്‍ ഇബ്‌നു റബീഅ(റ), അബ്ദുല്ലാഹിബ്‌നു ജഹ്ഷ്(റ), ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ), അദ്ദേഹത്തിന്റെ ഭാര്യ അസ്മാഅ് ബിന്‍ത് ഉമൈസ്(റ), സാഇബ് ഇബ്‌നു മദ്ഊന്‍(റ), നഈം ഇബ്‌നു അബ്ദില്ല(റ), അന്നഹ്ഹാം(റ), ആമിര്‍ ഇബ്‌നു ഫുഹയ്‌റ(റ), ഖാലിദ് ഇബ്‌നു സഈദ് ഇബ്‌നുല്‍ ആസ്വ്(റ), അബൂഹുദൈഫ(റ), അമ്മാറുബ്‌നു യാസിര്‍(റ), സുഹൈബ് ഇബ്‌നു സിനാന്‍(റ), ബിലാല്‍ ഇബ്‌നു റബാഹ്(റ), മിസ്അബ് ഇബ്‌നു ഉമൈര്‍(റ)... തുടങ്ങിയവരെല്ലാം രണ്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രധാനികളാണ്. ഈ ആളുകളെല്ലാം ഇസ്‌ലാം സ്വീകരിച്ചത് രഹസ്യമായിക്കൊണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ഇവരുടെ എണ്ണം 67ഓളം എത്തി. ഇവരില്‍ പലരും വലിയ ധനികന്‍മാരും സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ഉള്ളവരും ആയിരുന്നു. 13 പേര്‍ മാത്രമായിരുന്നു അടിമകളും ദുര്‍ബലരുമായിരുന്നവര്‍. ഇവരുടെയെല്ലാം പരിശ്രമ ഫലമായി മക്കയിലും അതിന്റെ പുറത്തുള്ള പ്രദേശങ്ങളിലും ഇസ്‌ലാം വ്യാപിച്ചു തുടങ്ങി. 

ഇസ്‌ലാമിന്റെ വ്യാപനത്തില്‍ ധനികരും ദരിദ്രരും യജമാനന്മാരും അടിമകളും സ്ത്രീകളും വലിയവരും ചെറിയവരും പങ്കുചേര്‍ന്നു. വളരെ രഹസ്യമായിക്കൊണ്ടായിരുന്നു ഇവര്‍ പലപ്പോഴും ഒരുമിച്ചു കൂടിയിരുന്നത്. നബിﷺ രഹസ്യമായി അവരെ ഒരുമിച്ചു കൂട്ടുകയും അല്ലാഹുവിനെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തുകയും ദീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. സ്വഫാ മലയുടെ താഴെയുള്ള അര്‍ഖം ഇബ്‌നു അബുല്‍ അര്‍ഖമിന്റെ വീട്ടിലായിരുന്നു മുസ്‌ലിംകള്‍ ആ കാലഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടിയിരുന്നത്. അബുല്‍അര്‍ഖം ഇസ്‌ലാം സ്വീകരിച്ചത് മറ്റുള്ളവരാരും അറിഞ്ഞിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വീട് തെരഞ്ഞെടുക്കുവാനുള്ള കാരണം. മാത്രവുമല്ല ബനൂ ഹാശിമിന്റെ ശത്രു വിഭാഗത്തില്‍പെട്ട ബനൂ മഖ്‌സൂം ഗോത്രത്തില്‍ പെട്ട ആളും കൂടിയായിരുന്നു അദ്ദേഹം. ഈ നിലക്ക് ശത്രുതയുള്ള ആളുകള്‍ പരസ്പരം ഒന്നിക്കല്‍ വളരെ വിദൂരമായതായിട്ടായിരുന്നു ആളുകള്‍ കണ്ടിരുന്നത്. അതുമാത്രമല്ല 16 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരനും കൂടിയായിരുന്നു അദ്ദേഹം. പലപ്പോഴും വലിയ ആളുകളിലേക്ക് ആണല്ലോ മറ്റുള്ളവരുടെ ശ്രദ്ധയുണ്ടാകുക. അതുകൊണ്ടുതന്നെ ഒരു കുട്ടി എന്ന നിലയ്ക്ക് ഇദ്ദേഹത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. മാത്രവുമല്ല മറ്റുള്ള ആളുകളുടെ ശ്രദ്ധ പതിയാത്ത വിധത്തില്‍ സ്വഫാ മലയോട് ചേര്‍ന്നു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വീടുണ്ടായിരുന്നത്.