സംതൃപ്ത ജീവിതത്തിന്റെ വഴികള്‍

അജ്മല്‍ കോട്ടയം, ജാമിഅ അല്‍ഹിന്ദ്

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

ജീവിതത്തില്‍ എപ്പോഴും സന്തോഷവും സംതൃപ്തിയും ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അത് കേവലം ആഗ്രഹം മാത്രമാണ് എന്നതാണ് വസ്തുത. സന്തുഷ്ട ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും പല രൂപത്തിലായിരിക്കും. സാമ്പത്തിക ഭദ്രത, നല്ല വീട്, മുന്തിയ വാഹനം, സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷം തുടങ്ങി പലതിലും ജീവിതത്തിലെ ധന്യതയും സംതൃപ്തിയും ആളുകള്‍ കണ്ടെത്തുന്നു.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഐഹിക ജീവിതത്തിലെ സംതൃപ്തിയെക്കാള്‍ അവന്‍ ലക്ഷ്യമാക്കേണ്ടത് പാരത്രിക ജീവിതത്തിലെ സംതൃപ്തിയാണ്.  പാരത്രിക ജീവിതത്തിനുള്ള പാഥേയം ഒരുക്കുന്നതില്‍ ഇഹലോകജീവിതത്തെ ശരിയായി ഉപയോഗപ്പെടുത്താനായാല്‍, അതിലാണ് അവന്റെ വിജയം കുടികൊള്ളുന്നത്.

ഇത്തരത്തില്‍ തൃപ്തികരമായ ഒരു ജീവിതത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മാനവരാശിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്.

ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളും

അല്ലാഹു പറയുന്നു: ''ഏതൊരു ആണോ പെണ്ണോ, സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്...'' (ക്വുര്‍ആന്‍ 16:97).

ശരിയായ വിശ്വാസവും അതിനനുസരിച്ചുള്ള കര്‍മങ്ങളുമാണ് നമ്മുടെ ജീവിതത്തെ സന്തുഷ്ടമാക്കുന്നത് എന്നര്‍ഥം. അതിലൂടെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള മനഃസ്ഥിതിയും ഹൃദയവിശാലതയും നമുക്ക് കരഗതമാകുന്നു.

ക്ഷമ

സുഹൈബ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവന്റെ എല്ലാ കാര്യവും അവനു നന്മയാണ്. ഒരു വിശ്വാസിക്കല്ലാതെ ഇപ്രകാരം ഉണ്ടാവുകയില്ല. അവനൊരു സന്തോഷമുണ്ടായാല്‍ അവന്‍ നന്ദികാണിക്കും. അങ്ങനെ അതവന് നന്മയായിത്തീരും. ഇനി വല്ല ദുരിതവും അവന് ബാധിക്കുകയാണെങ്കില്‍ അവന്‍ ക്ഷമിക്കുകയും അതവന് നന്മയായിത്തീരുകയും ചെയ്യും'' (മുസ്‌ലിം).

ഇപ്രകാരം ക്ഷമകൊണ്ട് നമ്മുടെ ജീവിതത്തെ അലങ്കരിച്ചാല്‍ ജീവിതസംഘര്‍ഷങ്ങളില്‍ നിന്നും മനഃക്ലേശങ്ങളില്‍ നിന്നും നമുക്ക് വിടുതല്‍ ലഭിക്കും. അതുവഴി ജീവിത നിമിഷങ്ങളെ സന്തോഷം നിറഞ്ഞതാക്കിത്തീര്‍ക്കാനും നമുക്ക് സാധിക്കും. വിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹു ക്ഷമയെക്കുറിച്ച് പരാമര്‍ശിക്കുന്നതായി കാണാം. സന്തോഷവും സന്താപവും ജീവിതത്തില്‍ മാറിമാറി വരുമ്പോഴും ക്ഷമ അവലംബിക്കുവാനും നന്ദി കാണിക്കുവാനും നമുക്ക് കഴിയണം.

സല്‍സ്വഭാവം

മറ്റുള്ളവരോട് ഏറ്റവും മാന്യമായ രൂപത്തില്‍ വര്‍ത്തിക്കുക. എത്ര മോശമായി നമ്മോട് പെരുമാറിയവനോടും ഗുണകാംക്ഷയോടെയുള്ള പ്രതികരണം നമ്മുടെ ജീവിതത്തില്‍ ആത്മസംതൃപ്തി പ്രദാനം ചെയ്യും. അല്ലാഹു പറയുന്നു:

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:34,35).

സല്‍സ്വഭാവത്തിന്റെ അതുല്യമായ മാതൃക കാണിച്ച വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ .

അനസ്(റ) പറയുന്നു: ''ഒരിക്കല്‍ നബി ﷺ യോടൊത്ത് ഞാന്‍ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാന്‍ വസ്ത്രമാണ് നബി ﷺ  ധരിച്ചിരുന്നത്. അങ്ങനെ ഒരു ഗ്രാമീണ അറബി നബിയുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ മുണ്ട് പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ നബി ﷺ യുടെ പിരടിയിലേക്കു നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തി കാരണം മുണ്ടിന്റെ കരയുടെ പാടുകള്‍ അവിടെ പതിഞ്ഞിരിന്നു. 'മുഹമ്മദേ! താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്ക് എന്തെങ്കിലും അനുവദിച്ചുതരാന്‍ ഉത്തരവിടുക'- ആ ഗ്രാമീണന്‍ പറഞ്ഞു. നബി ﷺ  അയാളെ തിരിഞ്ഞുനോക്കുകയും പുഞ്ചിരിക്കുകയും അയാള്‍ക്ക് ദാനം നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു'' (ബുഖാരി).

പ്രവാചക ജീവിതത്തില്‍നിന്ന് ഇത്തരത്തിലുള്ള അനേകം സംഭവങ്ങള്‍ ഉദ്ധരിക്കുവാന്‍ കഴിയും. മാത്രമല്ല സല്‍സ്വഭാവത്തിന്റെ പ്രതിഫലമായി നബി  ﷺ  പഠിപ്പിച്ചത് സ്വര്‍ഗത്തെയാണ്.

'ജനങ്ങളെ ധാരാളമായി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് തക്വ്‌വയും സല്‍സ്വഭാവവുമാണ്' (തിര്‍മിദി, ഹാകിം) എന്ന നബിവചനം ഇത്തരുണത്തില്‍ നാം ഓര്‍ക്കുക.

അല്ലാഹുവിനെ ധാരാളമായി സ്മരിക്കല്‍

അല്ലാഹുവിനെ സദാ ഓര്‍ക്കുന്ന ഹൃദയവും അവനെ സ്മരിക്കുന്ന നാവും വിശ്വാസിയുടെ ജീവിതത്തില്‍ സന്തോഷം പകരുന്നതില്‍ അനിഷേധ്യമായ പങ്ക് വഹിക്കുന്നു. അല്ലാഹു പറയുന്നു: ''ശ്രദ്ധിക്കുക. അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (ക്വുര്‍ആന്‍ 13:28).

സന്തോഷത്തിന്റെയും സന്താപത്തിന്റെയും വേളയില്‍ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവായ അല്ലാഹുവിനെ ഓര്‍ക്കുവാനും ഗുണദോഷങ്ങള്‍ അവനില്‍ നിന്നാണെന്ന് വിശ്വസിക്കുവാനും നമുക്ക് സാധിച്ചാല്‍, നാമനുഭവിക്കുന്ന ക്ലേശങ്ങളെയും പ്രയാസങ്ങളെയും നമുക്ക് നിസ്സാരമായി കാണാനാകും. അതുവഴി നമ്മുടെ ജീവിതം സമാധാനമുള്ളതായി മാറുകയും ചെയ്യും.

പ്രാര്‍ഥന

സംതൃപ്തമായ ജീവിതത്തിന് നമ്മെ സഹായിക്കുന്ന പ്രധാന ഘടകമാണ് നമ്മുടെ പ്രാര്‍ഥനകള്‍. ഇഹപര ജീവിതത്തില്‍ സന്തോഷവും വിജയവും നേടിത്തരുന്ന അനവധി പ്രാര്‍ഥനകള്‍ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രാര്‍ഥനകള്‍ പഠിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. നമുക്ക് ഏത് നല്ല കാര്യവും നമ്മുടെ സ്രഷ്ടാവിനോട് നേരിട്ടു ചോദിക്കാം. തന്നോട് ചോദിക്കുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.  

''...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 2:201).