അബ്ദുല്‍ജബ്ബാര്‍ മൗലവി: വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ വഴികാട്ടി

ഫൈസല്‍ പുതുപ്പറമ്പ്

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

ഈ ലോകത്തിന് ഒരു അന്ത്യമുണ്ടെന്നും ആ അന്ത്യം അടുത്ത് വരുന്തോറും ചില അടയാളങ്ങള്‍ വെളിവാകുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. അതില്‍ ഒരു അടയാളമാണ് പണ്ഡിതന്മാര്‍ ഇല്ലാതെയാവുകയും ആ സ്ഥാനം പിന്നീട് അവിവേകികള്‍ കയ്യേറുകയും ചെയ്യുമെന്നത്. ലോകത്തുനിന്ന് അറിവ് ഉയര്‍ത്തപ്പെടുമെന്നും അത് പണ്ഡിതന്മാരുടെ മരണം മുഖേനയാണെന്നും നബി ﷺ  പഠിപ്പിക്കുന്നു. തുറക്കല്‍ അബ്ദുല്‍ജബ്ബാര്‍ മൗലവിയുടെ മരണം (14.4.2019) ഈ ഹദീഥ് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു.

പാണ്ഡിത്യം, ക്ഷമ, വിനയം, വിരക്തി തുടങ്ങി എന്തൊക്കെ ഗുണങ്ങള്‍ ശരിയായ ഒരു പണ്ഡിതനില്‍ ഉണ്ടാകേണ്ടതുണ്ടോ അതെല്ലാം ഒത്തിണങ്ങിയ വ്യക്തിയായിരുന്നു അബ്ദുല്‍ജബ്ബാര്‍ മൗലവി. പ്രഭാഷണ വേദികളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നില്ല; എന്ന് മാത്രമല്ല, സ്റ്റേജില്‍ കയറുന്നത് തന്നെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. സദസ്സിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്ത വിധം മാറിയിരിക്കാനായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പര്യം. അഥവാ നിര്‍ബന്ധത്തിന് വഴങ്ങി കയറിയാല്‍ തന്നെയും അധികം താമസിക്കാതെ വേദിയില്‍ നിന്ന് ഇറങ്ങുകയും ചെയ്യും. ഒരാളുടെയും ഔദാര്യം അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല.

ഉസ്താദിന് എന്നും ഇഷ്ടം വിദ്യാര്‍ഥികളുടെയും ഗ്രന്ഥങ്ങളുടെയും ഇടയില്‍ കഴിയാനായിരുന്നു. ഏത് കിതാബ് ചോദിച്ചാലും ആലോചിക്കുക പോലും ചെയ്യാതെ അതിന്റെ വിവരണങ്ങള്‍ നല്‍കുന്നത് കൗതുകത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും പലപ്പോഴും നോക്കി നല്‍ക്കാറുണ്ട്.

2001 മുതലാണ് ഞാന്‍ മൗലവിയെ പരിചയപ്പെടുന്നത്. ജംഇയ്യതുല്‍ ഉലമ പ്രതിമാസം സംഘടിപ്പിക്കുന്ന ദൗറ ഇല്‍മിയ്യഃയില്‍ പങ്കെടുക്കാന്‍ കുഞ്ഞീതു മദനി(റഹ്)യുടെ കൂടെ ഞാനും പോകാറുണ്ടായിരുന്നു. പുളിക്കല്‍ ജാമിഅ സലഫിയ്യയുടെ ലൈബ്രറിയില്‍ അലമാരകള്‍ക്കിടയിലിരുന്ന് കിതാബുകള്‍ നോക്കുന്ന മൗലവിയെയാണ് ഞാനാദ്യം കാണുന്നത്. മിക്കവാറും ദിവസങ്ങളില്‍, മിക്കവാറും സമയങ്ങളില്‍ അദ്ദേഹം ലൈബ്രറിയിലുണ്ടാകും. ജാമിഅ സലഫിയ്യ ലൈബ്രറിയിലെ ഏത് കിതാബിന്റെയും  സ്ഥാനം ഏത് ഷെല്‍ഫില്‍ ഏത് കോണിലെന്ന് അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. പലപ്പോഴും ചില സംശയങ്ങളുമായി ചെല്ലുമ്പോള്‍ അതിനാവശ്യമായ കിതാബ് മൗലവിയുടെ നിര്‍ദേശപ്രകാരം തിരഞ്ഞുപിടിച്ച് ശ്രമപ്പെട്ട് കണ്ടെത്തി അതുമായി ചെന്ന് മറിച്ച് നോക്കുമ്പോള്‍ പ്രസ്തുത പേജില്‍ മൗലവിയുടെ ഏന്തെങ്കിലും ഒരു കയ്യടയാളം നമുക്ക് കാണാനാവും. പക്ഷേ, ആ മഹാന്റെ അറിവിന്റെ ആഴം അടുത്തറിഞ്ഞവര്‍ ചുരുക്കം മാത്രം.

കിതാബുകളോടും ഇമാമുമാരോടും ഉള്ള മൗലവിയുടെ അങ്ങേയറ്റത്തെ ബഹുമാനം പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. പല വിഷയങ്ങളിലും സലഫി ആദര്‍ശത്തോട് പുറംതിരിഞ്ഞ് നിന്നവരും മദ്ഹബീ പക്ഷപാതിത്തം ഉള്ളവരുമായിരുന്ന മുന്‍കാല പണ്ഡിതരെ കുറിച്ച് പോലും  ബഹുമാനം കുറഞ്ഞ വാക്കുകള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അദ്ദേഹം അത് കേട്ട് കരയുന്നത് പല തവണ നേരില്‍ കണ്ട് അനുഭവിച്ചിട്ടുണ്ട്.

2004ലെ മണ്ണാര്‍ക്കാട് സുന്നി, മുജാഹിദ് സംവാദ പശ്ചാത്തലത്തിലാണ് മൗലവിയുമായി കൂടുതല്‍ അടുത്തിടപഴകുവാന്‍ എനിക്ക് അവസരം കിട്ടിയത്. അന്ന് മുതല്‍ മൗലവിയുടെ അവസാന ശ്വാസം വരെയും ആ മാനസിക അടുപ്പം നിലനിര്‍ത്താന്‍ സാധിച്ചു, അല്‍ഹംദുലില്ലാഹ്.

ശിര്‍ക്കിനും ബിദ്അത്തിനും എതിരെയുള്ള സംവാദങ്ങളും ഖണ്ഡനങ്ങളും അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. ഏത് സംവാദങ്ങത്തിന്റെയും മുന്നൊരുക്കങ്ങളില്‍ കൃത്യമായ വഴികാട്ടിയായിരുന്നത് അബ്ദുല്‍ ജബ്ബാര്‍ മൗലവി തന്നെയായിരുന്നു. മണ്ണാര്‍ക്കാട് സംവാദം മുതല്‍ മംഗലാപുരം സംവാദം വരെയുള്ള യാഥാസ്ഥിതികരുമായുള്ള സംവാദങ്ങളിലും കോഴിച്ചെനയിലും പത്തപ്പിരിയത്തും നടന്ന സംഘടനാ പക്ഷപാതികളുമായുള്ള സംവാദങ്ങളിലും വൈജ്ഞാനിക നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. നമുക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും അതിന് എതിരാളികള്‍ പറയാന്‍ സാധ്യതയുള്ള മറുപടികളും ആ മറുപടികള്‍ക്ക് നാം നല്‍കേണ്ട പ്രതികരണങ്ങളും മൗലവി എഴുതി തയ്യാറാക്കി വരും; അത് ഓരോന്നും അദ്ദേഹം തന്നെ പഠിപ്പിച്ചു തരും. അത് മാത്രമല്ല എതിരാളികള്‍ കൊണ്ട് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും മൗലവി നേരത്തെ എഴുതി തയ്യാറാക്കുമായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് നാം എന്തു മറുപടി നല്‍കണമെന്നും ആ മറുപടി നല്‍കിയാല്‍ അവര്‍ പറയാന്‍ സാധ്യതയുള്ള പ്രതികരണങ്ങളും ചോദിച്ചേക്കാവുന്ന ഉപചോദ്യങ്ങളും അതിന് നാം നല്‍കേണ്ട മറുപടികളും പോലും എഴുതിക്കൊണ്ടുവന്ന് പഠിപ്പിച്ചു തരിക മൗലവിയുടെ പതിവായിരുന്നു. മൗലവി വൈജ്ഞാനിക നേതൃത്വം നല്‍കിയ സംവാദങ്ങളില്‍ ഒന്നില്‍ പോലും, എതിരാളികള്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളായി അദ്ദേഹം പറഞ്ഞുതന്ന ചോദ്യങ്ങളല്ലാത്ത ഒരൊറ്റ ചോദ്യവും അവര്‍ ചോദിച്ചിട്ടില്ല എന്നത്, അദ്ദേഹത്തിന്റെ അറിവിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.

ആദര്‍ശ രംഗത്ത് അദ്ദേഹത്തിന് ബോധ്യപ്പെട്ട ഏതൊരു കാര്യവും തുറന്നു പറയാന്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് സംഘടനാ വിവാദങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാട്.

സത്യം തുറന്നെഴുതിയതിന്റെ പേരില്‍ എന്തെല്ലാം ആക്ഷേപങ്ങളാണ് അദ്ദേഹത്തിന് കേള്‍ക്കേണ്ടിവന്നത്! ശിര്‍ക്കിന്റെ പ്രചാരകര്‍ക്ക് മറുപടി എഴുതിയ ഒരു ലേഖനം എടുത്ത് അദ്ദേഹം ശിര്‍ക്കിലാണെന്നും മക്കയില്‍ വിഗ്രഹാരാധനക്ക് തുടക്കമിട്ട അംറ് ബിന്‍ ലുഹയ്യിന്റെ സ്ഥാനത്താണെന്നും വരെ ചിലര്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ ആ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും! താങ്കള്‍ ഇത് തിരുത്തിയില്ലെങ്കില്‍ കാന്തപുരത്തിനെയും പൊന്‍മളയെയും എതിര്‍ക്കുന്ന പോലെ നിങ്ങളെ ഞങ്ങള്‍ എതിര്‍ക്കും എന്ന് കായക്കൊടിക്കാരന്‍ മൗലവിയുടെ മുഖത്ത് നോക്കി പറയുമ്പോള്‍ ഞാനുമുണ്ട് അതിന് സാക്ഷിയായിട്ട്. അപ്പോഴും മൗലവി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു 'നിങ്ങള്‍ പോയി നിങ്ങളുടെ പണിചെയ്തുകൊള്ളുക' എന്ന്. അവസാനം ഒരു സംഘം ഒന്നിച്ച് മൗലവിയുടെ വീട്ടില്‍ ചെന്ന് ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും മൗലവി പറഞ്ഞു: 'അത് തിരുത്തണമെന്ന് എനിക്ക് അഭിപ്രായമില്ല. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെ അഭിപ്രായമുണ്ടെങ്കില്‍ ആ അഭിപ്രായമുള്ളവര്‍ തിരുത്തികൊള്ളുക.' 

പ്രലോഭനങ്ങളും  പ്രകോപനങ്ങളും പലതരത്തില്‍ പല ഭാഗത്തുനിന്ന് വന്നപ്പോഴും അദ്ദേഹം ഉറച്ച് നിന്നത് അതാണ് സത്യം എന്ന ബോധ്യം കൊണ്ട് തന്നെയായിരുന്നു. പിന്നീട് ആ സത്യം വിജയിക്കുകയും ആദര്‍ശ മുജാഹിദുകള്‍ അത് ഏറ്റെടുക്കുകയും ചെയ്തതാണല്ലോ നാം കണ്ടത്.

ലാളിത്യം

ലളിത പൂര്‍ണമായിരുന്നു മൗലവിയുടെ ജീവിതം. വേഷത്തിലും ജീവിത രീതിയിലും ആ എളിമ പ്രകടമായിരുന്നു. ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ അദ്ദേഹം ആരുമായും ഇടപഴകും. വലിയ വാഹനങ്ങളില്‍ കയറാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. പലപ്പോഴും ഏതെങ്കിലും ബൈക്കിന്റെ പുറകില്‍ ഇരുന്ന് യാത്ര ചെയ്യാനായിരുന്നു മൗലവിക്ക് ഇഷ്ടം. ഒരാളും നല്‍കുന്ന ആനുകൂല്യങ്ങള്‍ അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല. മക്കളൊന്നും അധ്വാനിക്കാന്‍ പ്രായമാവാത്ത സമയത്തും ജീവിത വിഷമങ്ങള്‍ അനുഭവിച്ചപ്പോഴും ഒരാളോടും ഇല്ലായ്മയെക്കുറിച്ച് പരാതി പറഞ്ഞില്ല. വളരെ തുഛമായ ശമ്പളത്തിന് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തപ്പോഴും കുറഞ്ഞ ശമ്പളത്തെ കുറിച്ച് ഒരു പരാതി പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാതിമാത്രം പണിതീര്‍ത്ത വീട്ടില്‍ തുണികൊണ്ട് മറച്ച ജനലുകളും പാളികളില്ലാത്ത വാതിലുകളും തേച്ച് മിനുക്കാത്ത നിലവും അദ്ദേഹത്തിന് ഒരു പ്രയാസമായി ഒരിക്കലും അന്യഭവപ്പെട്ടില്ല. അല്ലാഹുവേ, നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ.

വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഉസ്താദ്

മൗലവിയില്‍ നിന്ന് വിദ്യ നുകരാന്‍ അവസരം ലഭിച്ച ഏതൊരു വിദ്യാര്‍ഥിക്കും ധാരാളമുണ്ട് മൗലവിയെക്കുറിച്ച് പറയാന്‍.

ഫലിതം നിറഞ്ഞതും ഏത് ഗഹനവിഷവും വളരെ ലഘുവായി കൈകാര്യം ചെയ്യുന്നതുമായ ആ ശൈലി ഒന്ന് വേറെത്തന്നെയായിരുന്നു. ക്ലാസില്‍ ഇംഗ്ലീഷും ഹിന്ദിയുമെല്ലാം സംസാരത്തിനിടയില്‍ കടന്നുവരും. പദ്യവും ഗദ്യവും നിറഞ്ഞതായിരുന്നു സംസാരങ്ങള്‍. ക്ലാസില്‍ വല്ലവനും ഉറക്കം തൂങ്ങിയാല്‍ മൗലവി പറയും: 'ഏക് ആദ്മീ ഉദര്‍ സോതാ ഹേ.' അതോടെ ആരും ഉറങ്ങാത്ത വിധം ക്ലാസ് സജീവമാകും.

ഏത് സംശയവുമായി ചെന്നാലും കൃത്യമായ മറുപടി ഉടന്‍ കിട്ടും. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും കാണുമ്പോള്‍ അന്ന് പറഞ്ഞ മറുപടിയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന പോയിന്റുകള്‍ പറഞ്ഞുതരും. നാം ചോദ്യം ചോദിച്ചതിന് ശേഷം അദ്ദേഹം പിന്നെയും ആ വിഷയം മനസ്സില്‍ കൊണ്ടുനടക്കുകയും അത് പരിശോധിച്ച് കണ്ടെത്തുകയും ചെയ്യുമായിരുന്നു എന്നര്‍ഥം.

ഗുണകാംക്ഷിയായ ശ്രോതാവ്

എത്തിപ്പെടാവുന്ന പരിപാടികളില്‍ എങ്ങനെയെങ്കിലും ഒരു ശ്രോതാവായി എത്തുക എന്നത് മൗലവിക്ക് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. രോഗിയായി ഏകദേശം വീട്ടില്‍ ഒതുങ്ങിയപ്പോഴും അടുത്തുള്ള പ്രോഗ്രാമുകളെ കുറിച്ച് ചോദിക്കുകയും അങ്ങോട്ട് കൊണ്ടുപോകാന്‍ മക്കളോട് നിര്‍ദേശിക്കുകയും ചെയ്യുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അരീക്കോട് നടന്ന ഹദീഥ് സെമിനാറില്‍ മകന്റെ കൂടെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: 'മൗലവീ, സുഖമില്ലാതെ താങ്കള്‍ എന്തിനാണ് വന്നത്?' 'നിങ്ങളെയൊക്കെ ഒന്ന് കാണാമല്ലോ എന്ന് കരുതി വന്നതാണ്' എന്നായിരുന്നു മറുപടി. പ്രഭാഷണങ്ങള്‍ സദസ്സിന്റെ ഏറ്റവും പുറകില്‍ ഇരുന്ന് കേള്‍ക്കുകയും വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് സ്വകാര്യമായി കണ്ട് അത് ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുക മൗലവിയുടെ പതിവായിരുന്നു. എതിരാളികളുടെ പോലും ഗ്രന്ഥങ്ങളില്‍ അശ്രദ്ധമായി സംഭവിച്ച അബദ്ധങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഗ്രന്ഥകര്‍ത്താവിനെ ചെന്ന് കണ്ടോ കത്തയച്ചോ അദ്ദേഹം അത് ശ്രദ്ധയില്‍ പെടുത്തുമായിരുന്നു.

വിനയാന്വിതനായ സംഘടനാ അനുയായി

നേതൃത്വത്തെ അനുസരിക്കുന്നതില്‍ വല്ലാത്ത മാതൃക നമുക്ക് മൗലവിയിലുണ്ട്. സ്ഥാപനത്തിലും പ്രസ്ഥാനത്തിലും നേതൃത്വം വഹിക്കുന്നവരുമായി കൂടിയാലോചിച്ചും അനുവാദം വാങ്ങിയും ചെയ്യേണ്ട കാര്യങ്ങള്‍ ഒരിക്കലും സ്വന്തം തീരുമാനത്തില്‍ മൗലവി ചെയ്യുമായിരുന്നില്ല.

ഒരു സംഭവം ഓര്‍ത്തു പോകുന്നു: തീപ്പൊരി പ്രസംഗങ്ങളും എതിരാളികളെ വെല്ലുവിളിക്കുന്ന ശൈലിയും അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്നു. ആ ഇഷ്ടം കൊണ്ട് മത, രാഷ്ട്രീയ രംഗത്തെ അത്തരം പ്രഭാഷണങ്ങള്‍ -അത് ഏത് വിഭാഗത്തിന്റെതാണെങ്കിലും- അദ്ദേഹം കേള്‍ക്കാന്‍ പോകുമായിരുന്നു. ഒരിക്കല്‍ ജാമിഅ ഹിന്ദില്‍ വന്ന മൗലവി എന്റെ ഓഫീസില്‍ വന്നിട്ട് പറഞ്ഞു: 'എനിക്ക് ഒരു കാര്യത്തിന് താങ്കള്‍ അനുവാദം നല്‍കണം.' ഞാനാകെ അത്ഭുതപ്പെട്ടു. മൗലവിയുടെ ഒരെളിയ ശിഷ്യനായ എന്നോട് ഇദ്ദേഹം എന്തിനാണാവോ അനുവാദം ചോദിക്കുന്നത്! കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരം: 'കോഴിക്കോട് കടപ്പുറത്ത് നാളെ ഒരു സംഘടനയുടെ പ്രോഗ്രാം നടക്കുന്നുണ്ട്. ദൂരെ മാറിനിന്ന് ആ പ്രസംഗം കേള്‍ക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. കൈ ചൂണ്ടിയുള്ള സംസാരവും വീരവാദം മുഴക്കുന്നതും കണ്ട് ആസ്വദിക്കാനാണ്. ഞാന്‍ സദസ്സിലൊന്നും പോയി ഇരിക്കില്ല. നിങ്ങളുടെ സമ്മതം ഇല്ലെങ്കില്‍ ഞാനൊട്ട് പോകുകയുമില്ല.'

നിറഞ്ഞ കണ്ണുകളോടെ ഞാന്‍ ചോദിച്ചു: 'മൗലവീ, നിങ്ങള്‍ എന്തിനാ ഞങ്ങളോടൊക്കെ അനുവാദം ചോദിക്കുന്നത്? നിങ്ങള്‍ ഇങ്ങോട്ട് കല്‍പിക്കുകയല്ലേ വേണ്ടത്?' അദ്ദേഹം പറഞ്ഞു: 'ഞാനീ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ അതിന്റെ കൈകാര്യകര്‍ത്താവായ നിങ്ങളോട് അനുവാദം വാങ്ങാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലല്ലോ. ഓരോന്നിനും ഇല്ലേ ഓരോ ഇന്നത്!' സുബ്ഹാനല്ലാഹ്.

നര്‍മങ്ങള്‍

നര്‍മങ്ങള്‍ മൗലവിക്കെന്നും പ്രിയമായിരുന്നു. എപ്പോള്‍ കണ്ടാലും എന്തെങ്കിലുമൊക്കെ തമാശ പറയും. ചെറിയ വാചകങ്ങളേ ഉണ്ടാകൂ; എന്നാലും അതില്‍ ധാരാളം പാഠങ്ങളുണ്ടാകും.

ഇസ്വ്‌ലാഹ് മാസികയില്‍ വന്ന തിരുത്ത് മൗലവിക്ക് അത്ര ഇഷ്ടമായില്ല. അതിന്റെ പേരില്‍ കുറച്ച് മാസങ്ങള്‍ അദ്ദേഹം ലേഖനം എഴുതിത്തരാന്‍ മടികാണിച്ചു. ഞങ്ങള്‍ എല്ലാവരും സ്‌നേഹത്തോടെ മൗലവിയെ നിര്‍ബന്ധിച്ചപ്പോള്‍ അവസാനം അദ്ദേഹം പറഞ്ഞു: 'ഞാനെഴുതാം. പക്ഷേ, രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. ഒന്ന്, ഞാന്‍ എന്റെ പേരിലല്ലാതെ മറ്റു പേരുകളില്‍ എഴുതാം. രണ്ട്, എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് എന്റെ പേര് ഒഴിവാക്കണം.' ഒന്നാമത്തേത് അംഗീകരിച്ചു. രണ്ടാമത്തേത് ഞങ്ങള്‍ സമ്മതിച്ചില്ല. അവസാനം അദ്ദേഹം പറഞ്ഞു: 'എങ്കില്‍ ബോര്‍ഡ് അംഗങ്ങളുടെ പേര് അച്ചടിച്ചു വരുമ്പോള്‍ എന്റെ പേര് വെക്കരുത്.' നിര്‍വാഹമില്ലാതെ ഞങ്ങള്‍ക്കത് സമ്മതിക്കേണ്ടിവന്നു. അതിനെ മറികടക്കാനായി ഞങ്ങള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു; പിന്നീട് മാസികയില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ ഒരാളുടെയും പേര് വെക്കാതിരിക്കുക എന്നത്.

പിന്നീട് മൗലവി ലേഖനങ്ങള്‍ എഴുതിയപ്പോള്‍ പി.പി.പി; സി.സി.സി എന്നീ പേരുകളിലാണ് എഴുതിയത്. എന്താണ് മൗലവീ ഇത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''പി.പി.പി എന്നത് 'പൂക്കൂം പാലക്കല്‍ പോക്കു' എന്നതിന്റെയും സി.സി.സി എന്നത് 'ചൂക്കു ചോലക്കല്‍ ചേക്കു' എന്നതിന്റെയും ചുരുക്ക രൂപമാണ്.'' 

മരിക്കുന്നതിന് ഒരു മാസം മുമ്പ് സന്ദര്‍ശിക്കാന്‍ ചെന്നപ്പോഴും ധാരാളം തമാശകള്‍ പറഞ്ഞു. ചായ കുടിക്കാനുള്ള ക്ഷണം നിരസിച്ചപ്പോള്‍ മൗലവി പറഞ്ഞു: 'നിങ്ങള്‍ക്ക് ചായ തരാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല; ആ പേരില്‍ എനിക്കും കുടിക്കാമല്ലോ ഒരു ചായ എന്ന നിലയ്ക്കാണ്!' ഒന്നിച്ച് ചായ കുടിച്ച് കുറച്ച് നേരം സംസാരിച്ച് പിരിഞ്ഞു. 

രചനകള്‍

തൗഹീദിന്റെ സംസ്ഥാപനത്തിനും അന്ധവിസ്വാസ നിര്‍മാര്‍ജനത്തിനുമായി ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും മൗലവി എഴുതി. അല്‍മനാര്‍, വിചിന്തനം, നേര്‍പഥം, ഇസ്വ്‌ലാഹ് എന്നിവയിലാണ് പ്രധാനമായും മൗലവി എഴുതിയത്. കൂടാതെ ലഘുലേഖകള്‍, കുറിപ്പുകള്‍ എന്നിവയും മൗലവി തയ്യാറാക്കിയിട്ടുണ്ട്.

തൗഹീദ്: വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇബ്‌നുതൈമിയ്യയും വിമര്‍ശകരും സലഫി അക്വീദയും, കൂട്ടു പ്രാര്‍ഥന നിസ്‌കാരാനന്തരം, അനന്തരാവകാശ നിയമങ്ങള്‍ എന്നിവയാണ് മുഖ്യകൃതികള്‍. അനന്തരാവകാശ നിയമങ്ങള്‍ പദ്യ രൂപത്തിലാണ് മൗലവി രചിച്ചത്.

തൗഹീദ്, ശിര്‍ക്ക് വിഷയങ്ങളില്‍ മുന്‍കാല പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ ചേര്‍ത്തുവെച്ച് കൊണ്ട് മൗലവി തയ്യാറാക്കിയ അറബി സമാഹാരം ആറു വാള്യങ്ങളുണ്ട്. ആദര്‍ശ പ്രബോധന രംഗത്തുള്ളവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ് പ്രസ്തുത സമാഹാരം.

നികത്താനാവാത്ത വിടവ്

വൈജ്ഞാനിക രംഗത്ത് ഏത് കിതാബുമായും എപ്പോഴും ഓടിച്ചെല്ലാവുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായ അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ വിയോഗത്തോടെ ഇനി ആര് എന്ന ചോദ്യം ഉത്തരം കണ്ടെത്താനാവാതെ അവശേഷിക്കുന്നു. ആ വിടവ് നികത്താന്‍ പറ്റുന്ന ഒരു പേര് കിട്ടുമോ എന്ന് മൗലവിയുടെ മരണ വാര്‍ത്ത കേട്ടത് മുതല്‍ മനസ്സ് ചോദിക്കുന്നു. പക്ഷേ, നിരാശ മാത്രം ഫലം. പ്രായവും പക്വതയും ജീവിതാനുഭവങ്ങളും ഒത്തിണങ്ങിയ, പ്രമാണങ്ങളില്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഓടിച്ചെല്ലാവുന്ന ഒരത്താണിയെ മുജാഹിദ് സമൂഹത്തില്‍ ഇപ്പോള്‍ വേറെ കാണുന്നില്ല. വളര്‍ന്നുവരുന്ന തലമുറയിലെങ്കിലും അതുണ്ടായി വരാന്‍ നാം പ്രാര്‍ഥിക്കുക. അത്തരം പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ പ്രയത്‌നിക്കുക.

മൗലവിയുടെ ജാമിഅ

ജാമിഅ അല്‍ഹിന്ദും അതിലെ സന്തതികളും മൗലവിക്ക് വല്ലാത്ത മനസ്സമാധാനം നല്‍കുമായിരുന്നു. ഒരാശ്വാസത്തിന്നായി മൗലവി കണ്ടെത്തിയ മാര്‍ഗം ജാമിഅയിലേക്ക് വരിക എന്നതായിരുന്നു. മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വീട്ടില്‍ ചെന്നപ്പോഴും മകന്‍ പറഞ്ഞു: 'ബാപ്പാക്ക് സമാധാനം കിട്ടാന്‍ ഏറ്റവും നല്ല മാര്‍ഗമായിരുന്നു ജാമിഅ. മരുന്ന് കഴിക്കാനോ ഭക്ഷണം കഴിക്കാനോ വിസമ്മതിച്ചാല്‍ ഞങ്ങള്‍ പറയും നമുക്ക് ജാമിഅയില്‍ ഒന്ന് പോയാലോ എന്ന്. അത് കേള്‍ക്കുന്നതോടെ കൊച്ചുകുട്ടിയെപ്പോലെ ഭക്ഷണവും മരുന്നും എല്ലാം കഴിച്ച് ജാമിഅയില്‍ പോകാന്‍ തയ്യാറാകും.'

'അല്ലാഹുവേ, അദ്ദേഹത്തിന് ശേഷം ഞങ്ങളെ പരീക്ഷണത്തിലകപ്പെടുത്തരുതേ' എന്ന ജനാസ നമസ്‌കാരത്തിലെ പ്രാര്‍ഥന ഏറ്റവും മനസ്സില്‍ തട്ടി പ്രര്‍ഥിച്ച മറ്റൊരു ജനാസയുണ്ടോ എന്ന് സംശയമാണ്. നമുക്കിനിയും ആ പ്രാര്‍ഥന തുടരാം. വിജ്ഞാന ദാഹികള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും സര്‍വോപരി ജാമിഅ അല്‍ഹിന്ദിനും വഴികാട്ടിയായിരുന്ന വിളക്കാണ് മൗലിയുടെ നിര്യാണത്തോടെ അണഞ്ഞത്. ഇനി ആകെയുള്ളത് ചെറിയ മെഴുകുതിരികള്‍ മാത്രം. അതെങ്കിലും കെടാതെ സൂക്ഷിക്കാന്‍ നമുക്കൊന്നിച്ച് പരിശ്രമിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.