ബറേല്‍വികളെ പ്രകോപിപ്പിച്ച നടപടികള്‍

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഏപ്രില്‍ 06 1440 റജബ് 29

മക്കയില്‍ അധികാരം ലഭിച്ച ഇബ്‌നുസുഊദ് രാജാവ് നടത്തിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ് ബറേല്‍വി വിഭാഗത്തിനെ ഏറ്റവുമധികം പ്രകോപിതരാക്കിയത്. ദയൂബന്ധികളും മറ്റു പ്രമുഖരും ഇബ്‌നുസുഊദിന്റെ നടപടിക്രമങ്ങളെ അനിവാര്യമെന്ന് വിശേഷിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തു. മഹാന്മാരുടെയും പുണ്യപുരുഷന്മാരുടെയും പേരില്‍ കെട്ടി ഉയര്‍ത്തപ്പെട്ടിരുന്ന സകല ജാറങ്ങളും ഇടിച്ചുനിരത്തി. ഇസ്‌ലാമിക മൂല്യങ്ങളിലേക്ക് ഹിജാസിനെ മടക്കിക്കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളായി അവര്‍ ഈ സംഭവങ്ങളെ വിശേഷിപ്പിച്ചു. എന്നാല്‍ ദേഷ്യവും കോപവും അടക്കാന്‍ കഴിയാത്ത ബറേല്‍വികള്‍ക്ക് ഏറ്റവും അസഹനീയമായിരുന്നു ഈ നടപടികള്‍. ഇബ്‌നുസുഊദിന്റെ നടപടികളില്‍ എന്തെങ്കിലും ഒരു പുതുമയുള്ളതായി മദ്ഹബ് വാദികളായ ദയൂബന്ധികള്‍ക്ക് അനുഭവപ്പെട്ടില്ല. കാരണം പ്രാമാണികമായി ഹനഫി മദ്ഹബിനെ പിന്തുടരുന്നവര്‍ക്ക്, ബറേല്‍വികള്‍ അനുഷ്ഠിച്ചുവരുന്ന; മരണപ്പെട്ടവരുടെ പേരിലുള്ള ഉത്സവങ്ങള്‍, ജാറ-മക്വാമുകളുടെ നിര്‍മാണം, ചാവടിയന്തരം, ഉറൂസുകള്‍, ചന്ദനക്കുടം തുടങ്ങിയ പുതുപുത്തന്‍ ആചാരങ്ങള്‍ മതവിരുദ്ധവും നിഷിദ്ധവും ആയിരുന്നു. 

ഇക്കാരണങ്ങളാല്‍ ഹനഫികളായ ദയൂബന്ദികള്‍ക്ക് ബറേല്‍വികള്‍ക്ക് അനുകൂലമായി പ്രതികരിക്കാന്‍ സാധിച്ചില്ല. ജാറ-മക്വാമുകള്‍ തട്ടിനിരത്തി മുന്നേറുന്ന ഇബ്‌നുസുഊദിന്റെ നടപടിക്രമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ജംഇയ്യത്തിന്റെ യോഗത്തില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിക്കണമെന്ന ബറേല്‍വി വിഭാഗത്തിന്റെ നിര്‍ദേശത്തിന് അര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും ലഭിക്കാത്തത് ബറേല്‍വികളെ പ്രകോപിതരാക്കി. ദയൂബന്ധികള്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ബ്രിട്ടീഷ് ശിങ്കിടികളായ ശരീഫുമാരെ ഹിജാസിലെ അധികാര പദവികളില്‍നിന്നും പുറത്താക്കിയ നടപടിയെയും ദയൂബന്ദികള്‍ ന്യായീകരിച്ചു. ജാറ സംസ്‌ക്കാരത്തിനനുകൂലമായി പ്രമേയം പാസ്സാക്കാത്തതില്‍ പ്രതിഷേധിച്ച് ബറേല്‍വികള്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനോട് വിടപറഞ്ഞു. തുടര്‍ന്ന് ദയൂബന്ദികളുടെ ഗ്രന്ഥങ്ങളിലുള്ള വഹാബി അനുകൂല പരാമര്‍ശങ്ങളും നിലപാടുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവരുന്ന തിരിക്കിലായിരുന്നു ബറേല്‍വികള്‍. അതിന്നും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

രാജ്യം ഒറ്റക്കെട്ടായി മുന്നേറുന്ന എല്ലാ സാഹചര്യങ്ങളിലും ശിയാ-ബറേല്‍വി-ഖാദിയാനി ഗ്രൂപ്പുകള്‍ മുഖംതിരിഞ്ഞുനിന്ന നിരവധി സംഭവങ്ങള്‍ നമുക്ക് കാണാനാകും. ബറേല്‍വികളുമായുള്ള ബന്ധം ശക്തമായ സാഹചര്യത്തില്‍ വിവാദമായ ശരീഅത്ത് പ്രക്ഷോഭ കാലത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നിലപാടും ഇക്കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. ബറേല്‍വി വിരുദ്ധനും ശക്തമായ നിലപാടുകളുമുള്ള ലോകപ്രശസ്ത പണ്ഡിതന്‍ അല്ലാമാ അബുല്‍ഹസന്‍ അലി നദ്‌വി(റഹ്) കേരളത്തിലെത്തിയപ്പോള്‍ ഈ മുസ്‌ലിയാരും കൂട്ടരും കാട്ടിക്കൂട്ടിയ പുകിലുകള്‍ എല്ലാവരും കണ്ടതാണ്. വഹാബിയായ 'നദ്‌വി'യുമായി വേദിപങ്കിട്ടതിലൂടെ 'ശംസുല്‍ ഉലമ'യെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും ആദര്‍ശ വ്യതിയാനം സംഭവിച്ചതായി ഈ ബറേല്‍വി നേതാവ് കണ്ടെത്തി. പക്ഷേ, വഹാബിയെന്ന് താന്‍ മുദ്രകുത്തുന്ന നദ്‌വിയുടെ കത്തുപയോഗിച്ച് അറബികളില്‍ നിന്നും വ്യാപകമായ നിലയില്‍ സാമ്പത്തിക സമാഹരണം നടത്താന്‍ 'ശൈഖുനാക്ക്' അല്‍പം പോലും ലജ്ജിക്കേണ്ടിവന്നതുമില്ല. ഈ വിവാദങ്ങള്‍ സമസ്തയെന്ന സംഘടനയെ രണ്ട് തുണ്ടുകളായി വെട്ടിമുറിക്കാന്‍ കാരണമായി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന സംഘടനയെ പല തുണ്ടുകളായി വെട്ടിമുറിക്കാന്‍ കാരണക്കാരനായ രിളാഖാന്‍ ബറേല്‍വിയുടെ അതേ പാരമ്പര്യം തന്നെ കേരളത്തിലും പ്രയോഗവത്കരിക്കപ്പെട്ടു.

ശക്തവും ധീരവുമായ നിലപാടുകള്‍ പ്രകടമാക്കിയതിന്റെ പേരില്‍ ബറേല്‍വികളെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില്‍ നിന്നും പുറത്തേക്ക് നയിക്കാന്‍ കാരണക്കാരായ ദയൂബന്ദികള്‍ക്ക് നേരത്തെയുണ്ടായിരുന്ന ആദര്‍ശപരമായ ചൂരും ചൂടും ഇന്ന് നിലവിലുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇബ്‌നു അബ്ദുല്‍വഹാബിന്റെ ആദര്‍ശധീരതയെ അംഗീകരിക്കുകയും ബറേല്‍വികളെ തിരസ്‌കരിക്കുകയും അഹ്‌ലുല്‍ ഹദീഥ് പണ്ഡിതന്മാരുടെ നിലപാടുകളോട് ഉപദ്രവകരമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ദയൂബന്ദികള്‍ ഇന്ന് ഏറെക്കുറെ ബറേല്‍വികളുമായി ലയിച്ച് ഇല്ലാതായ മട്ടിലാണ്. ബറേല്‍വികള്‍ ഉദരപൂരണത്തിനായി കെട്ടിയിറക്കിയ സ്വപ്‌നകഥകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ചുവടൊപ്പിച്ച് അവരെ സപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തിലെ ദയൂബന്ദികള്‍ അദ്യകാലത്തെ ആദര്‍ശ ധീരന്മാരായ ദയൂബന്ദി ഉലമാക്കള്‍ക്ക് പേരുദോഷമാണെന്ന് പറയാന്‍ രണ്ടുതവണ ആലോചിക്കേണ്ട ആവശ്യമില്ല. ബറേല്‍വികള്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമായ വിശ്വാസ ആചാരങ്ങളെ 'സുന്നത്തു ജമാഅത്തിന്റെ നടുത്തുണ്ടമായി കെട്ടിച്ചുമന്നു നടക്കുന്ന കേരളത്തിലെ അഭിനവ ദയൂബന്ദികള്‍ ഇന്ന് ബറേല്‍വികള്‍ക്കും ഗുരുനാഥന്മാരായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

വിശ്വാസികളെ ആത്മീയമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയെന്ന ഒറ്റലക്ഷ്യം മാത്രമാണ് ശിയാക്കള്‍ക്കും ബറേല്‍വികള്‍ക്കുമുള്ളത്. ബറേല്‍വികളിലെ ഭൂരിപക്ഷവും ഹനഫികളാണ്. എന്നാല്‍ ഹനഫി മദ്ഹബുമായി യാതൊരു ബന്ധവുമില്ലാത്ത അന്ധകാര നിബിഢമായ വിശ്വാസ ആചാരങ്ങളാണ് ഇവര്‍ പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ബറേല്‍വി നേതാക്കളായ അഹ്മദ് രിളാഖാന്റെയും ശാലിയാത്തിയുടെയും രചനകള്‍ ഇവകളാല്‍ നിറഞ്ഞിരിക്കുന്നു. യാതൊരുവിധ മുതല്‍മുടക്കുകളുമില്ലാത്ത ജാറങ്ങളാണ് ഇവരുടെ മുഖ്യകേന്ദ്രങ്ങള്‍. വിദ്യയും ബുദ്ധിയും നഷ്ടപ്പെട്ട വിവേകരഹിതരായ വിശ്വാസി സമൂഹത്തിന്റെ സമ്പത്ത് പ്രയാസരഹിതമായി കൊള്ളയടിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗമാണ് ജാറങ്ങളും മക്വാമുകളും. 

പാതിരാപ്രസംഗങ്ങളും വ്യാജഫത്‌വകളും ബറേല്‍വികള്‍ക്ക് മുഖ്യപ്രമാണങ്ങള്‍

വിശുദ്ധ ക്വുര്‍ആനില്‍നിന്നും നബിﷺ യുടെ മഹനീയ ചര്യകളില്‍നിന്നും പ്രാമാണികമായി പ്രബുദ്ധരായ അഹ്‌ലുല്‍ ഹദീഥ്/സലഫി പ്രവര്‍ത്തകര്‍ ഇന്ത്യയിലും പുറത്തും ബറേല്‍വകളുടെ ചതിക്കുഴിയെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരണം നടത്തുന്നതില്‍ ഇവര്‍ ഏറ്റവും അസ്വസ്ഥരാണ്. തൗഹീദും ശിര്‍ക്കും സുന്നത്തും വ്യക്തമാക്കിക്കൊണ്ട് ജനസമൂഹത്തില്‍ സലഫികള്‍ നടത്തുന്ന ആദര്‍ശ പ്രചാരണത്തെ ചെറുക്കാന്‍ എന്ത് ഹീനമായ മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് ബറേല്‍വികള്‍. പാമരന്മാരുടെ കണ്ണുകള്‍ക്കും ക്വല്‍ബിനും ചിന്താശക്തിക്കും സീലുവെക്കാനാകുമെന്ന വ്യാമോഹത്തില്‍ ഇവര്‍ ഒട്ടനവധി ഫത്‌വകളും പടച്ചുവിടാറുണ്ട്.

വഹാബികളുമായി സഹകരിക്കുകയും ബന്ധങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കുള്ള 'അതികഠിനമായ' പരലോക ശിക്ഷകളെപ്പറ്റി ഉത്‌ബോധിപ്പിക്കുന്ന 'പാതിരാ വഅ്‌ളുകള്‍' ഒരുകാലത്ത് ബറേല്‍വികളുടെ മുഖമുദ്രയായിരുന്നു. വഹാബികളുമായി കൂടിക്കലരരുതെന്നും അവരുടെ ഗ്രന്ഥങ്ങള്‍ വായിക്കരുതെന്നും അവര്‍ പറയുന്നത് കേള്‍ക്കരുതെന്നും അവരുടെ പള്ളികളില്‍ നിസ്‌കരിക്കരുതെന്നും ഇന്നും ഇവര്‍ അനുയായികളെ ഉപദേശിക്കാറുണ്ടെങ്കിലും അണികള്‍ ഇതെല്ലാം സ്വീകരിക്കുന്നതില്‍ കാര്യമായ 'വീഴ്ച' വരുത്തുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത, മദ്‌റസയിലെ പിഞ്ചു പൈതലുകളുടെ ഇളം മനസ്സുകളിലേക്കും ഈ വഹാബി വിരോധം സന്നിവേശിപ്പിക്കാന്‍ ബറേല്‍വികള്‍ മദ്‌റസാ പാഠപുസ്തകങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അന്ധകാരത്തില്‍നിന്നും വെളിച്ചം കിട്ടി പുറത്തുവരുന്ന തലമുറ ബറേല്‍വികളുടെ മുതല്‍മുടക്കില്ലാത്ത 'ബിസിനസ്സുകള്‍ക്ക്' വിലങ്ങുതടിയാകുമെന്ന് ഇവര്‍ കാര്യമായി ഭയപ്പെടുന്നു. 

വഹാബികളുടെ ഗ്രന്ഥങ്ങള്‍ വായിക്കലും അതില്‍ നോക്കലും മുസ്‌ലിംകള്‍ക്ക് ഹറാമാണെന്ന് അഹ്മദ് രിളാഖാനും തന്റെ ഫത്‌വയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ആരെങ്കിലും വഹാബികളുമായി ഇരിക്കുകയോ അവരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്താല്‍ അവനുമായുള്ള വിവാഹബന്ധം അനുവദനീയമാവുകയില്ല' എന്നത് പോലുള്ള നിലപാടുകളില്‍ സന്ദര്‍ഭത്തിനും ലാഭത്തിനുമനുസരിച്ച് അഴിച്ചുപണി നടത്താന്‍ കേരളത്തിലെ ബറേല്‍വികള്‍ തയ്യാറാകുന്നുണ്ട്.

ബറേല്‍വി, ശിയാ ഗ്രൂപ്പുകള്‍ക്കെതിരില്‍ ആദര്‍ശപരമായ മുന്നേറ്റം നടത്തുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ ക്രൂരമായി പീഡിപ്പിക്കുകയും അവര്‍ക്കെതിരില്‍ അപവാദ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന സ്വഭാവം ഇന്നും ഇവര്‍ ലോകവ്യാപകമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങളുടെ തണല്‍പറ്റി ഇത്തിള്‍കണ്ണിയെപ്പോലെ ജീവിക്കുന്ന ശിയാ-ബറേല്‍വി-ഖാദിയാനികള്‍ തങ്ങള്‍ക്കുള്ള ഭരണസ്വാധീനവും അധികാര കേന്ദ്രങ്ങളുമായുള്ള രഹസ്യ ബാന്ധവങ്ങളും ഉപയോഗിച്ച് നിരവധി പണ്ഡിത പ്രമുഖന്മാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

ആര്‍ക്കെതിരിലും എന്ത് കളവ് വേണമെങ്കിലും എവിടെയും എപ്പോഴും പറയാമെന്നതാണ് ഇവരുടെ അടിസ്ഥാന പ്രമാണം തന്നെ. കല്ലുവെച്ച നുണകള്‍ മെനഞ്ഞുണ്ടാക്കി, ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗത്തില്‍ ആദര്‍ശ പ്രചാരണം നടത്തിവരുന്ന എണ്ണമറ്റ നേതാക്കളെയും പ്രബോധകന്മാരെയും ഇവര്‍ തടവറകളില്‍ എത്തിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ ന്യൂനപക്ഷ കേന്ദ്രങ്ങളായ ഇറാന്‍-ഇറാക്ക്-സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെടുകയും കാണാതാവുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ എണ്ണം ഓരോവര്‍ഷവും വര്‍ധിച്ചുവരുന്ന സാഹചര്യമാണ്.

'രാഷ്ട്രീയ ഇസ്‌ലാമി'കള്‍ ഭൂമുഖത്തെ ഏക ഇസ്‌ലാമിക രാഷ്ട്രമെന്ന് വിശേഷിപ്പിക്കുന്ന ഇറാനിന്റെ അവസ്ഥയാണ് ഈ വിഷയത്തില്‍ ഏറ്റവും പരിതാപകരം. അഹ്‌ലുസ്സുന്നയുടെ നേതാക്കളെ ക്രൂരമായി മര്‍ദിക്കുകയും രാജ്യദ്രോഹം ആരോപിച്ച് കഴുമരത്തില്‍ കയറ്റുകയും ചെയ്യുന്ന നിര്‍ദാക്ഷിണ്യ നടപടികള്‍ ഇടതടവില്ലാതെ തുടരുന്നതിന്നാണ് ഇവര്‍ 'ഇസ്‌ലാമിക് റിപ്പബ്ലിക്' എന്ന് നാമകരണം ചെയ്തിട്ടുള്ളത്.