അല്‍അസ്ഹറും അലീഗറും കേരളത്തിലേക്കോ?!

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മാര്‍ച്ച് 16 1440 റജബ് 11

1911ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടത്തിന് ഹമദാനി തങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായി ദിവാന്‍ ബഹാദൂര്‍സര്‍ പെരുങ്കാവൂര്‍ രാജഗോപാലാചാരി തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ സര്‍ക്കാര്‍ എട്ട് ഏക്കര്‍ സ്ഥലം ആലുവായില്‍ ഹമദാനി തങ്ങള്‍ക്ക് പതിച്ചുകൊടുത്തിരുന്നു. ഈ സ്ഥലത്ത് അലീഗര്‍ മാതൃകയില്‍ ഒരു അറബിക്കോളജ് സ്ഥാപിക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു വേണ്ട പരിശ്രമങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു.1875ല്‍ സര്‍ സയ്യിദ് അഹ്മദ്ഖാന്‍  സ്ഥാപിച്ച അലീഗര്‍ സര്‍വകലാശാലയിലെ ബോധനരീതികള്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. അലീഗര്‍ സമ്പ്രദായങ്ങള്‍ പഠിക്കാനായി മാത്രം അദ്ദേഹം അവിടെ സന്ദര്‍ശിച്ചിരുന്നു. പണ്ഡിതന്മാരെ അണിനിരത്തി വിദ്യാഭ്യാസ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ച ഹമദാനി തങ്ങള്‍, അതിനു യോഗ്യരായ പണ്ഡിതര്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഈജിപ്തില്‍ നിന്ന് മഹാപണ്ഡിതരെ വരുത്തി ഇവിടെ അധ്യാപകരായി നിയമിക്കാനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കി.

ഈജിപ്തിലേക്ക് ഒരു സംഘത്തെ അയച്ചു. ലോക മുസ്‌ലിം പരിഷ്‌കര്‍ത്താക്കളില്‍ അഗ്രഗണ്യനായ സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാഠശാലയില്‍ നിന്ന് പുറത്ത് വന്നവരില്‍ പ്രമുഖനായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു(1849-1905) കയ്‌റോവിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ലോകത്തെ ആകര്‍ഷിച്ചിരുന്നതിനാലാണ് ഈജിപ്തിലേക്ക് തന്റെ ശിഷ്യന്‍ ശൈഖ് ആലി മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹമദാനി തങ്ങള്‍ അയച്ചത്.(1) ആ ദൗത്യം വിജയിച്ചില്ല.

അസ്ഹറിലെ പാരമ്പര്യ പഠന സംവിധാനങ്ങളെ പൊളിച്ചെഴുതേണ്ട ആവശ്യകത ബോധ്യമായ ശൈഖ് മുഹമ്മദ് അബ്ദു സര്‍വവിജ്ഞാനങ്ങളും കരഗതമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയും അതിരുകളില്ലാത്ത വിജ്ഞാന സമ്പാദനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന സാമൂഹിക നവോത്ഥാന സംരംഭങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കുകയും ചെയ്തിരുന്നുവല്ലോ.

1914 മെയ് 6ലെ, ആലുവാ ഹമദാനി അറബിക്കോളജ് മദ്രാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെയും 1914 മെയ് 7ലെ, കൊടുങ്ങല്ലൂര്‍ അഴീക്കോട് ലജ്‌നത്തുല്‍ ഹമദാനിയ്യയുടെ ഔപചാരിക അഭ്യര്‍ഥനയും പരിഗണിച്ച് 1914 മെയ് 7ന് തന്നെ ആ ക്യാമ്പസിലെ ആദ്യസ്ഥാപനത്തിന്റെ തുടക്കം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ പ്രധാനമന്ത്രിയായിരുന്ന ശ്രീ.പെരുങ്കാവൂര്‍ രാജഗോപാലാചാരി നിര്‍വഹിക്കുകയും ചെയ്തു. സര്‍ സയ്യിദില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും അലീഗറില്‍ നിന്ന് ഭിന്നമായി ആധുനികവിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും കൂടി ഉള്‍പ്പെട്ട സമന്വയ വിദ്യാഭ്യാസ പദ്ധതിയായിരുന്നു ഹമദാനി തങ്ങള്‍ ആവിഷ്‌കരിച്ചിരുന്നിരുന്നത്. ശിലാസ്ഥാപന വേളയില്‍ നടത്തിയ സാരവത്തായ സംസാരത്തില്‍ ദിവാന്‍; ആധുനിക വിജ്ഞാനീയങ്ങളും ഇസ്‌ലാം മതതത്ത്വങ്ങളുടെ പരിശീലനവുമടങ്ങിയ ഈ സമന്വയ പഠനരീതിയെ ശ്ലാഘിക്കുകയും ഹമദാനി തങ്ങളുടെ നിസ്വാര്‍ഥ സേവനങ്ങള്‍ വിവരിക്കുകയും ചെയ്തു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് മലബാറിലെയും മുസ്‌ലിം മക്കള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ദിശാബോധം നല്‍കാനുള്ള ഈ അസുലഭ സുരഭില സൗഭാഗ്യത്തെ സമുദായത്തിന്റെ സുഗന്ധമാക്കും വിധത്തില്‍, ദ്രുതഗതിയില്‍ തന്നെ കെട്ടിടങ്ങളടക്കമുള്ള സൗകര്യങ്ങള്‍ക്കായി അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.(2)

ഈ കലാലയത്തിന്റെ രക്ഷാധികാരം ഏറ്റെടുക്കുകയും സമഗ്രമായ സാമൂഹ്യ നവോത്ഥാനത്തിന്റെ രാസത്വരകമായി വര്‍ത്തിക്കുകയും ചെയ്ത കേരള മുസ്‌ലിം ഐക്യസംഘത്തിന് ആറ്റുപുറം, പനങ്ങാട്, കോതപറമ്പ്, മുറ്റിച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖകള്‍ വളര്‍ന്നു. സുശക്തവും സുസജ്ജവുമായ വളണ്ടിയര്‍ കോര്‍ രൂപീകരിക്കപ്പെട്ടു.

 സംഘത്തിന്റെ വ്യവസ്ഥാപിത വ്യവഹാരങ്ങള്‍, കക്ഷിവഴക്കുകള്‍ മുതലെടുത്ത് മാത്രം ഉപജീവനം നടത്തിയിരുന്ന വലിയൊരു വിഭാഗത്തെ വിറളി പിടിപ്പിച്ചു. ഗവണ്‍മെന്റിന്നെതിരെ ആയുധം ശേഖരിച്ച് രഹസ്യ പ്രവര്‍ത്തനം നടത്തുന്ന ഗൂഢസംഘമാണതെന്ന് വിവരിക്കുന്ന വളരെയേറെ വാറോലകള്‍ ഗവണ്‍മെന്റിലേക്ക് തുരുതുരെ ചെന്നെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല.

1923 മെയ് 27,28 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എറിയാട് വെച്ച്, വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ ആലുവയില്‍ അലിഗര്‍ കലാലയ മാതൃകയില്‍ ഒരു കലാലയം തുടങ്ങാനും മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന ചന്ദനക്കുടം, കൊടികുത്ത് നേര്‍ച്ച എന്നിവക്കെതിരെ പ്രചാരണം നടത്താനും തീരുമാനമെടുത്തു. ഒട്ടനവധി നേതാക്കളും പണ്ഡിതന്മാരും ഐക്യസംഘത്തെ നയിച്ചു.

വര്‍ഷങ്ങളായി മുസ്‌ലിംകള്‍ ആചരിച്ചുവന്നിരുന്ന നേര്‍ച്ചകളെ അനിസ്‌ലാമികം എന്ന നിലയില്‍ എതിര്‍ക്കാന്‍ ആരംഭിച്ചതോടെ ഐക്യസംഘത്തെ വഹാബി സംഘം എന്ന പേരില്‍ അധിക്ഷേപിക്കാനും ഒരു വിഭാഗം മുന്നോട്ടുവന്നു. ആലുവയില്‍ കോളജ് സ്ഥാപിക്കുക എന്ന ഹമദാനി തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും നിധി സ്വരൂപിക്കാനുമായി മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, കെ.എം സീതി സാഹിബ്, പ്രൊഫ.എ.എം.അബ്ദുല്‍ഖാദര്‍ മൗലവി അഫന്ദി(3) എന്നിവരടങ്ങിയ ഒരു സമിതിയെയും യോഗം തെരഞ്ഞെടുത്തു. ഈ സംരംഭം വിജയിപ്പിക്കാന്‍ മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന് മാതൃഭൂമി ദിനപത്രം എഴുതി.(4)

സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം 1924 മെയ് 10-12 തീയതികളില്‍ ആലുവയില്‍, വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക്കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ജബ്ബാര്‍ ഹസ്രത്തിന്റെ അധ്യക്ഷതയില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്; ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍േനാട്ടം വഹിക്കുക, മുസ്‌ലിംകള്‍ക്ക് മതപരമായ നേതൃത്വം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി, കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പണ്ഡിതസംഘടന 'കേരള ജംഇയ്യത്തുല്‍ ഉലമ' സ്ഥാപിതമായി. കേരളത്തിലെ പ്രഥമ മുസ്‌ലിം വിദ്യാര്‍ഥി സംഘടനയായ കൊച്ചിന്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക സമ്മേളനവും ഇതേ വാര്‍ഷിക സമ്മേളനത്തോടൊപ്പം നടന്നു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത സമ്മേളനത്തില്‍ ഹമദാനി തങ്ങള്‍ക്ക് ആലുവയില്‍ ലഭിച്ച സര്‍ക്കാര്‍ വക എട്ട് ഏക്കര്‍ ക്യാമ്പസില്‍ തുടങ്ങാനുദ്ദേശിക്കുന്ന അലീഗര്‍ മാതൃകയിലുള്ള കലാലയം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. മുസ്‌ലിംകള്‍ക്കിടയില്‍ മതപരവും ഭൗതികവുമായ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായിരുന്നു കേരള മുസ്‌ലിം ഐക്യസംഘം പ്രാമുഖ്യം നല്‍കിയിരുന്നത്. അവരുടെ പ്രവര്‍ത്തനഫലമായി നിരവധി സ്‌കൂളുകളും മദ്‌റസകളും കേരളത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു.

ആലുവാ അറബിക്കോളേജിനായി സംഭാവന പിരിക്കാന്‍ മലബാറിലും തെക്കന്‍ കര്‍ണാടകയിലും സീതി സാഹിബും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും  പ്രൊഫസര്‍ എ. എം അബ്ദുല്‍ ക്വാദിര്‍ മൗലവി അഫന്ദിയും ദിവസങ്ങളോളം യാത്ര ചെയ്തു. പക്ഷേ, കാര്യങ്ങള്‍ ശരിയായ വഴിക്ക് നടക്കുന്നത് കണ്ടപ്പോള്‍ തുടക്കത്തില്‍ ഇതിനോട് താല്‍പര്യമില്ലാതിരുന്നവരും ശരിയായ വിദ്യാഭ്യാസ കാഴ്ചപ്പാടില്ലാത്തവരുമായ പലരും പ്രാദേശിക നടത്തിപ്പു സമിതിയിലേക്ക് കടന്നുവന്നു. അവരില്‍ പലര്‍ക്കും ഇതിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഹമദാനി അറബിക്കോളജിന്റെ മദിരാശി കേന്ദ്രസമിതിയുടെ വീക്ഷണത്തോളം ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഈ സമുദായത്തിന്റെ സമഗ്ര സമുദ്ധാരണത്തിനായി ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ കൊണ്ടുവന്ന സ്വപ്‌ന പദ്ധതിക്ക് തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ, ഹമദാനി ശൈഖ് മുന്നോട്ടുവെച്ച ആലുവയില്‍ അലീഗര്‍ മാതൃകയില്‍ ഒരു അറബിക്കലാലയം എന്ന ലക്ഷ്യം സഫലമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല

1914ല്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി (ദിവാന്‍) പി.രാജഗോപാലാചാരി ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ചെയ്ത് നിര്‍വഹിച്ച സാരവത്തായ സംസാരത്തിന്റെ സന്ദേശം ഇവിടെ പുനര്‍ വായിക്കാം:

''പിന്നോക്ക സമുദായങ്ങളുടെ നവോത്ഥാനത്തിന് വേണ്ടിയുള്ള ആദ്യപോരാട്ടത്തില്‍ രംഗത്തിറങ്ങുന്ന വീരനായകരെ ആദരിക്കുന്നതിന് പകരം, അവരുടെ അര്‍പ്പണത്തിന്റെ ഗുണഭോക്താക്കളാകാനുള്ള സമുദായം തന്നെ അവരെ ആക്രമിക്കുന്ന ദൗര്‍ഭാഗ്യകരമായ പതിവാണ് കണ്ടുവരാറുള്ളത്.''(5)

യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇവിടെയും ആ പതിവ് കാട്ടി സമുദായം ആപതിച്ചു. ആ സ്ഥലത്ത് ഒരു പ്രാഥമിക വിദ്യാലയം മാത്രെേമ സ്ഥാപിക്കാനായുള്ളൂ. പിന്നീട് ആ ഭൂമി  പ്രാദേശിക നടത്തിപ്പ് സമിതിയിലെ ചിലരുടെ കെടുകാര്യസ്ഥത മൂലം അന്യാധീനപ്പെടുകയുണ്ടായി. ആലുവാ മുസ്‌ലിംകളുടെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ ഗണ്യമായ സ്വാധീനമുണ്ടായിരുന്ന ചില കുടുംബങ്ങളാണ് അത് പിന്നീട് കൈകാര്യം ചെയ്തിരുന്നത്.

ഗവ:എച്ച്.എ.സി (ഹമദാനി അറബിക്കേളേജ്) എല്‍.പി.സ്‌കൂള്‍ എന്ന പേരില്‍ പഴയ മുനിസിപ്പല്‍ ടൗണ്‍ഹാളിനോട് ചേര്‍ന്ന് ഇന്നും പ്രവര്‍ത്തിക്കുന്നത് അന്നത്തെ ക്യാമ്പസില്‍ സ്ഥാപിച്ച പ്രാഥമിക വിദ്യാലയത്തിന്റെ അതേ കെട്ടിടത്തോടു കൂടിയാണ്. തൊട്ടരികിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണകേന്ദ്രം, സബ്‌രജിസ്ട്രാര്‍ ഓഫീസ്, പോസ്റ്റ് ഓഫീസ്, ആലുവാ നഗരസഭാ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നതും മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ വീട് സ്ഥിതി ചെയ്തിരുന്നതും പുറമ്പോക്ക് ഭൂമി എന്ന നിലയില്‍ ചില വ്യക്തികള്‍ കയ്യേറിയ സ്ഥലങ്ങളും ആ എട്ടേക്കര്‍ സ്ഥലമാണ്. ഇതിന്റെ പരിസരത്ത് സഹോദര സമുദായക്കാര്‍ക്ക് ലഭിച്ച എട്ട് വീതം ഏക്കറുകളില്‍ മിക്കതും നല്ല വിദ്യാഭ്യാസ സമുച്ചയങ്ങളായി മാറിയിട്ടുണ്ട്.

 'വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിനും നിര്‍ബന്ധ നമസ്‌കാരം തുടങ്ങിയവ അനുഷ്ഠിക്കുന്നതിനും പകരം മുഹ്‌യിദ്ദീന്‍ മാല പാടലായിരുന്നു അവരുടെ ഇബാദത്ത്'(6) എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയതുപോലെ, മതപരവും ലൗകികവുമായ അജ്ഞതയുടെ ആഴങ്ങളില്‍ ആനന്ദിച്ചാറാടി 'ഉത്തമ സമുദായം' ഉഴറിനടന്നിരുന്ന കാലത്ത്, അവരുടെ കൈപിടിച്ചുയര്‍ത്താന്‍ വന്നവരുടെ കൈക്ക് കടിച്ചിരുന്നവര്‍, പിന്നീട് കൈ കടിക്കേണ്ടി വന്നതിന്റെ ആഘാതം വിസ്മരിക്കാവതല്ല.

ആധാര സൂചിക:

(1) പ്രബോധനം വാരിക,  2013 ഡിസംബര്‍ 13, പുസ്തകം 70, ലക്കം 27, 'ഉണര്‍വിന്റെ ആദ്യ കിരണങ്ങള്‍.' സദ്‌റുദ്ദീന്‍ വാഴക്കാട്.

(2) Divan P. Rajagopalachari; Addresses and replies 1914, Page 172.

(3) പ്രൊഫസര്‍ എ.എം.അബ്ദുല്‍ ക്വാദിര്‍ മൗലവി അഫന്ദി (1894-1951). അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഈജിപ്തിലെ കയ്‌റോവിലെ അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠനം നേടി 1921ല്‍ വക്കത്ത് മടങ്ങിയെത്തിയ ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം മദ്രാസ് ഗവണ്മെന്റ് വക മുഹമ്മദന്‍ കോളജില്‍ അറബിക് അധ്യാപകനായി പെന്‍ഷന്‍ പറ്റി. പിന്നീട് ക്വുര്‍ആന്‍ പരിഭാഷകരെ പരിചയപ്പെടുത്തുമ്പോള്‍ വിശദമായ ജീവചരിത്രം നല്‍കാം. ഇന്‍ശാ അല്ലാഹ്.

(4) മാതൃഭൂമി ദിനപത്രം, 1923 ജൂണ്‍ 14,താള്‍ 4.

(5) Divan P. Rajagopalachari; Addresses and replies 1914, Page 172.

(6) ഇസ്വ്‌ലാഹീ ഭൂമികയിലൂടെ, ഒന്നാം ഭാഗം. 'ഇന്നലെകളിലെ നായകന്മാര്‍.' ഇസ്ഹാഖലി കല്ലിക്കണ്ടി, കെ.എന്‍.എം.പബ്ലിഷിംഗ് വിംഗ്, താള്‍ 26.