ആദര്‍ശ ധീരതയുടെ ബദ്ര്‍

അബുല്‍ ഫദ്ല്‍ ഇഹ്‌സാനുല്‍ ഹഖ്

2019 മെയ് 25 1440 റമദാന്‍ 20

പ്രമാണബന്ധിതമായ വിശ്വാസങ്ങളാലും ആചാരങ്ങളാലും പരിപൂര്‍ണമാക്കപ്പട്ട മതമാണ് ഇസ്‌ലാം. ഒരു മുസ്ലിം അവന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും എന്തു ചെയ്യണമെന്നും എന്ത് ചെയ്യാന്‍ പാടില്ലെന്നും എന്ത് വിശ്വസിക്കണമെന്നും എന്ത് വിശ്വസിക്കാന്‍ പാടില്ലെന്നും വളരെ കൃത്യമായി ക്വുര്‍ആനും നബിചര്യയും പഠിപ്പിപ്പിക്കുന്നുണ്ട്.

ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ പരലോക വിജയത്തിന് വേണ്ടി നിര്‍ബന്ധമായും ഐഛികമായും നിര്‍വഹിക്കുന്ന കര്‍മങ്ങളാണല്ലോ ആരാധനകള്‍. അതില്‍ പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറമായി ഒന്നും അധികരിപ്പിക്കുവാനും കുറയ്ക്കുവാനും ആര്‍ക്കും അധികാരമില്ല. ഒരു സത്യവിശ്വാസി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലവും അവന്റെ സാമീപ്യവുമാണ് എങ്കില്‍ അല്ലാഹു എന്താണോ പഠിപ്പിച്ചത് അത് മാത്രമാണ് അവന്‍ ചെയ്യേണ്ടത്. സ്വര്‍ഗവും നരകവും ഒരുക്കിവെച്ചത് അല്ലാഹുവാണ് എങ്കില്‍ ആ സ്വര്‍ഗത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് പഠിപ്പിച്ചുതരേണ്ടതും അല്ലാഹു തന്നെയാണ്. അത്‌കൊണ്ടു തന്നെ അല്ലാഹുവിന്റെ കല്‍പനകള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറമായി പ്രവര്‍ത്തിക്കുവാന്‍ ഒരു വിശ്വാസിക്ക് പാടുള്ളതല്ല. മതത്തിന്റെ ഭാഗമായി എന്തൊരു കാര്യമാണോ നബി ﷺ  പഠിപ്പിച്ചു തന്നിട്ടുള്ളത് അതിനെതിരെ പ്രവര്‍ത്തിക്കുവാനും ഒരാള്‍ക്കും അനുവാദമില്ല. അത്തരക്കാര്‍ക്ക് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (ക്വുര്‍ആന്‍ 4:115).

ഇത്തരക്കാരുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യയോഗ്യവും അല്ല. 'നമ്മുടെ ഈ (മതത്തിന്റെ) കാര്യത്തില്‍ വല്ലവനും അതില്‍ ഇല്ലാത്തത് കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടുന്നതാകുന്നു' എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും സല്‍കര്‍മങ്ങളുമായി അല്ലാഹുവിലേക്ക് അടുക്കുവാനുമുള്ള ഏറ്റവും നല്ല ഒരു വേദിയാണ് പരിശുദ്ധ റമദാന്‍ മാസം. റമദാനില്‍ നമ്മള്‍ നിര്‍വഹിക്കുന്ന ഏതൊരു ആരാധനയും അല്ലാഹു നമ്മോട് കല്‍പിച്ചതുകൊണ്ട് മാത്രമാണ് നാം നിര്‍വഹിക്കുന്നത്. എന്നാല്‍ ഈ പരിശുദ്ധ മാസത്തില്‍ പോലും നബി ﷺ യുടെ മാതൃകയില്ലാത്ത ഒട്ടനവധി പുത്തനാചാരങ്ങള്‍ ചെയ്യുന്നവരെ മുസ്ലിം സമൂഹത്തില്‍ കാണാന്‍ കഴിയുന്നു എന്നത് ഏറെ സങ്കടകരമായ കാര്യമാണ്. അത്തരത്തില്‍ പെട്ട ഒന്നാണ് 'ബദ്‌രീങ്ങളുടെ ആണ്ട്' എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.  

മുസ്‌ലിം സമൂഹത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന പൗരോഹിത്യമാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്. ഒരു സത്യവിശ്വാസി ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കേണ്ടതാണ്. നബി ﷺ യുടെയും അനുചരന്മാരുടെയും മദീനാജീവിത കാലഘട്ടത്തില്‍ മക്കയിലെ മുശ്‌രിക്കുകളുമായി ബദ്‌റില്‍ വെച്ചു നടന്ന യുദ്ധത്തില്‍ പങ്കെടുത്ത വിശ്വാസികളെ ഉദ്ദേശിച്ചാണ് ബദ്‌രീങ്ങള്‍ എന്ന് പറയുന്നത്.  ബദ്ര്‍യുദ്ധ ശേഷം ഏതാണ്ട് ഒന്‍പതു വര്‍ഷം നബി ﷺ  മദീനയില്‍ ജീവിച്ചിട്ടുണ്ട്. നബി ﷺ യോ സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സ്വഹാബികളോ ബദ്‌റില്‍ പങ്കെടുത്ത മറ്റു മഹാന്മാരോ ഇത്തരമൊരു പ്രവര്‍ത്തനത്തിന് മാതൃക കാണിച്ചു തന്നിട്ടില്ല. അത് സല്‍കര്‍മമായിരുന്നുവെങ്കില്‍ നമ്മളെക്കാള്‍ കൂടുതല്‍ താല്‍പര്യത്തോടെയും ഉത്സാഹത്തോടെയും അത് നിര്‍വഹിക്കുക സ്വഹാബികളാണ്. പക്ഷേ, സ്വഹാബികളുടെ ജീവിതം പരിശോധിച്ചുനോക്കിയാല്‍ അത്തരം ഒരു കാര്യം നമുക്ക് കാണുക സാധ്യമല്ല.  

ഇസ്‌ലാം പഠിപ്പിക്കാത്ത പുതിയ ആരാധന രീതികള്‍ കടന്നുവരുമ്പോള്‍ അതിനകത്ത് ശിര്‍ക്ക് കൂടി ഉണ്ടാവുക എന്നുള്ളത് സ്വാഭാവികമാണ്. മഹാത്മാക്കളുടെയും ശുഹദാക്കളുടെയും പേര് പറഞ്ഞു കൊണ്ടും അവരോടുള്ള സ്‌നേഹവും ബഹുമാനവും എന്ന് വിശദീകരിച്ച് ന്യായീകരിച്ചു കൊണ്ടും അവരെ വിളിച്ചു പ്രാര്‍ഥിക്കുന്ന ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്നും മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ പ്രവാചകനാണ് എന്നും പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വന്തം നാടും വീടും കുടുംബവും വിട്ടു പോകേണ്ടി വന്നവരാണ് സ്വഹാബിമാര്‍. മക്ക വിട്ട് മദീനയിലേക്ക് പോയിട്ടു പോലും അവരുടെ സൈ്വരജീവിതം കെടുത്തുവാനായിരുന്നു സത്യനിഷേധികളുടെ ശ്രമം. കച്ചവടത്തില്‍നിന്നു ലഭിക്കുന്ന ലാഭം മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുവാന്‍ അവര്‍ ധൃഷ്ടരായി. ഈ ഘട്ടത്തില്‍ നിലനില്‍പിനു വേണ്ടി യുദ്ധം ചെയ്യുവാനുള്ള അനുവാദം അല്ലാഹു നല്‍കുകയായിരുന്നു. അങ്ങനെയാണ് ബദ്‌റില്‍ ഏറ്റുമുട്ടലുണ്ടായത്.

അല്ലാഹുവിന്റെ ഏകത്വം അഥവാ തൗഹീദ് അംഗീകരിക്കാത്തവരും അംഗീകരിക്കുന്നവരും തമ്മിലാണ് ബദ്‌റില്‍ ഏറ്റുമുട്ടിയത്. പക്ഷേ, ഇന്ന് നാം കാണുന്നതെന്താണ്? അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന ആദര്‍ശത്തിന്റെ നിലനില്‍പിനായി പോരാടിയ ബദ്‌രീങ്ങളെത്തന്നെ വിളിച്ചു പ്രാര്‍ഥിക്കുന്ന ദുരന്തപൂര്‍ണമായ കാഴ്ചയാണ് സമൂഹത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. നബി ﷺ യും ബദ്രീങ്ങളും പ്രാര്‍ഥിച്ചത് അല്ലാഹുവോടായിരുന്നു. അതിന്റെ പേരിലാണ് എല്ലാ പ്രയാസങ്ങളും അവര്‍ക്ക് സഹിക്കേണ്ടി വന്നത്.

എന്നാല്‍ ഈ ബദ്‌രീങ്ങളുടെ മദ്ഹ് പറയുന്നു എന്ന പേരില്‍ ബദ്ര്‍ മൗലിദും ബദ്ര്‍ മാലയും പാടുന്നവര്‍ അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ ഈ കാട്ടിക്കൂട്ടുന്നത് കടുത്ത അക്രമമാണെന്ന് ചിന്തിക്കുന്നില്ല. ഏതൊരു ആദര്‍ശത്തിനു വേണ്ടിയാണോ ബദ്‌രീങ്ങള്‍ പോരാടിയത് അതിന് നേര്‍വിപരീതമായ പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. പ്രയാസങ്ങളും രോഗങ്ങളും ദുഃഖങ്ങളും പരീക്ഷണങ്ങളും ഒക്കെ ഉണ്ടാകുമ്പോള്‍ ബദ്‌രീങ്ങളെ വിളിച്ച് സഹായം തേടുവാനാണ് ഇവര്‍ പഠിപ്പിക്കപ്പെടുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിമാരില്‍ 14 പേര്‍ മാത്രമാണ് ശഹീദായത്. ബാക്കിയുള്ള സ്വഹാബിമാരില്‍ പലരും രോഗം ബാധിച്ചും മറ്റു യുദ്ധങ്ങളില്‍ ശത്രുക്കളുടെ വെട്ടേറ്റുമൊക്കെയാണ് മരണപ്പെട്ടു പോയത്. ബദ്ര്‍ യുദ്ധത്തിന് ശേഷം ജീവിച്ചിരുന്ന സ്വഹാബിമാരില്‍ ആരും തന്നെ ബദ്‌റില്‍ ശഹീദായവരോട് പ്രാര്‍ഥിക്കുകയോ സഹായതേട്ടം നടത്തുകയോ ചെയ്തിട്ടില്ല.

അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ വ്യര്‍ഥമാണെന്നും കടുത്ത അക്രമമാണെന്നും ക്വുര്‍ആനിലൂടെ വ്യക്തമായിത്തന്നെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. ഒരു വിശ്വാസി ചെയ്യുന്ന സല്‍കര്‍മങ്ങളെ പോലും തകര്‍ത്തു കളയുന്ന തരത്തിലുള്ള മഹാപാപമാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍.

''അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ''്യൂ(ക്വുര്‍ആന്‍ 10:106,107).

''അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (ക്വുര്‍ആന്‍ 35:18).

''അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ത്തില്‍ അവര്‍ ഇവരുടെ ശത്രു ക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'' (ക്വുര്‍ആന്‍ 46:5,6).

''അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും'' (31:30).

''അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 13:14).

പരിശുദ്ധ റമദാന്‍ മാസത്തില്‍ നാം നിര്‍വഹിക്കുന്ന നോമ്പും രാത്രി നമസ്‌കാരവും ദാനധര്‍മങ്ങളുമെല്ലാം നിഷ്ഫലമായിപ്പോകുന്ന പ്രവര്‍ത്തനമാണ് ശിര്‍ക്കെന്ന മഹാപാപം. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുന്ന റമദാന്‍ മാസത്തില്‍ പോലും ബിദ്അത്തുകളും റബ്ബിനോടല്ലാത്ത പ്രാര്‍ഥനകളും മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമ്പോള്‍ അതില്‍ ഏറെ സന്തോഷിക്കുന്നത് പിശാചായിരിക്കുമെന്നതില്‍ സംശയമില്ല. പരമാവധി ആളുകള്‍ നരകാവകാശികളായിത്തീരുക എന്നതാണല്ലോ പിശാചിന്റെ പ്രവര്‍ത്തന ലക്ഷ്യം.  

റമദാന്‍ 17ന് പ്രത്യേകമായി നടത്തുന്ന നേര്‍ച്ചകളും അറവുകളും പ്രത്യേകമായി ചെയ്യുന്ന മറ്റു ആരാധനകളും ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ക്ക് അന്യമാണ്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ നമുക്ക് ഇത്തരം കാര്യങ്ങള്‍ കാണുക സാധ്യമല്ല. ബദ്‌രീങ്ങളുടെ തൃപ്തിയും പൊരുത്തവും ലഭിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ബദ്‌രീങ്ങളുടെ പേരില്‍ മൃഗത്തെ നേര്‍ച്ചയാക്കുന്നതും ബലിയറുക്കുന്നതും. അല്ലാഹുവിന്റെ പേരിലും അല്ലാഹുവിന് വേണ്ടിയും മാത്രമെ ഇത്തരം കര്‍മങ്ങള്‍ ചെയ്യാവൂ. അല്ലാഹു അല്ലാത്തവരുടെ തൃപ്തിക്കു വേണ്ടി അറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്.

നമ്മുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രമാണങ്ങളുമായി നാം മാറ്റുരച്ചു നോക്കേണ്ടതുണ്ട്. സ്വഹാബിമാരും അവരെ തുടര്‍ന്ന് ജീവിച്ച താബിഉകളുമായിട്ടുള്ള സച്ചരിതര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളും കര്‍മാനുഷ്ഠാനങ്ങളും മതി നമുക്കും പരലോകത്ത് രക്ഷ ലഭിക്കാന്‍. പുതിയ ഒരു ആരാധന നമ്മുടെ വകയായി നാം നിര്‍മിക്കേണ്ടതില്ല. മതത്തില്‍ നൂതനകാര്യങ്ങള്‍ (ബിദ്അത്ത്) കടത്തിക്കൂട്ടിയവര്‍ക്ക് നാളെ പരലോകത്തില്‍വെച്ച് ഹൗദ്വുല്‍ കൗഥറിലെ വെള്ളം കുടിക്കാന്‍ ലഭിക്കില്ലെന്നും അവര്‍ അതില്‍നിന്ന് ആട്ടിയകറ്റപ്പെടുമെന്നും നബി ﷺ  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബദ്‌റില്‍ പങ്കെടുത്ത പ്രവാചകാനുചരന്മാരുടെ പാത പിന്‍പറ്റി അചഞ്ചലമായി തൗഹീദിന്റെ മാര്‍ഗത്തില്‍ ജീവിതത്തിന്റെ അവസാനം വരെയും നിലകൊള്ളുന്നവരായി നാം മാറേണ്ടതുണ്ട്. അതിനായി റമദാനിന്റെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളില്‍ സര്‍വശക്തനോട് തേടിക്കൊണ്ടിരിക്കുക.