അഗാധജ്ഞാനികളുടെ സവിശേഷതകള്‍

മൂസ സ്വലാഹി, കാര

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

അറിവ് എന്നത് അജ്ഞതയെ പിഴുതെറിഞ്ഞ്, അന്ധകാരത്തെ തുടച്ചുനീക്കി, അന്തസ്സും അഭിവൃദ്ധിയും കൈക്കൊണ്ട് സമൂഹ സംസ്‌കരണം സാധ്യമാക്കുന്നതിനുള്ള ഒരു അവിഭാജ്യഘടകമാണ്. കേവല ഭൗതിക സുഖങ്ങള്‍ക്ക് വേണ്ടി മാത്രമല്ല നാം അറിവുള്ളവരാകേണ്ടത്. ആരിലും സംഭവിക്കാവുന്ന സ്ഖലിതങ്ങളെ തിരുത്താന്‍  പൊടുന്നനെയുള്ള  വാക്കിനും പ്രവര്‍ത്തിക്കും മുമ്പ് വേണ്ടത് അറിവെന്ന വജ്രായുധമാണ്.

ഇസ്‌ലാം മത, ഭൗതിക വിജ്ഞാനങ്ങള്‍ക്ക് വേണ്ടവിധം പ്രാധാന്യം നല്‍കുന്നതോടൊപ്പം മതപഠനത്തില്‍ കഴിവും മികവുമുള്ളവരാകുന്നതിന് ഏറെ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. കാരണം അത് പരലോക വിജയത്തിന് അനിവാര്യമാണ്.

അല്ലാഹു പറയുന്നു: ''നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പലപടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 58:11).

നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച സ്വഹാബിമാര്‍ മുതലിങ്ങോട്ട് നാളിതുവരെയുള്ള മത പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വിഷയങ്ങളിലുണ്ടായ ആഴവും പരപ്പും കാരണം അവരും അവരുടെ വിജ്ഞാനവും ഇന്നും ലോകത്ത് വിഷയീഭവിക്കുന്നത്  ഇതിന് മതിയായ തെളിവാണ്.

അല്ലാഹുവിന്റെ സ്മരണക്ക് നിദാനമാകുന്ന മതവിജ്ഞാനത്തെ തൊട്ട് പുറംതിരിയുന്നവര്‍ക്ക് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു: ''ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക. അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവാകുന്നു അവന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 53:29,30).

മത വിഷയങ്ങളില്‍ അവഗാഹം നേടുക എന്നത് എല്ലാവരാലും സാധ്യമല്ല. ബുദ്ധി, വിവേകം, വിനയം, അവധാനത എന്നിവ ഒത്തവര്‍  മാത്രം എക്കാലത്തും അലങ്കരിച്ച പദവിയാണത്. ഉത്തമരായ  സ്വഹാബികളില്‍ ഇബ്‌നു അബ്ബാസ്(റ), അബൂഹുറയ്‌റ(റ), ഇബ്‌നു മസ്ഊദ്(റ), താബിഉകളില്‍ സഈദ് ബ്‌നുല്‍ മുസ്വയ്യബ്(റ), ക്വാസിമുബ്‌നു മുഹമ്മദ്(റ), ഉര്‍വത്ത് ഇബ്‌നു സുബൈര്‍(റ) തുടങ്ങിയവര്‍ ഇതില്‍ പ്രമുഖകരും പ്രസിദ്ധരുമാണ്.

ഇസ്‌ലാം മതവിജ്ഞാനത്തെ പ്രോത്‌സാഹിപ്പിക്കുന്നതോടൊപ്പം ഒഴിഞ്ഞിരുന്നുള്ള വിശാല പഠനത്തിനും പ്രേരണ നല്‍കുന്നു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം'' (ക്വുര്‍ആന്‍ 9:122).

മുആവിയ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ മതത്തില്‍ ജ്ഞാനമുള്ളവനാക്കും'' (ബുഖാരി).

ഉമര്‍(റ) പറഞ്ഞു: ''ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെടും മുമ്പ് നിങ്ങള്‍ ജ്ഞാനികളാവുക'' (ബുഖാരി).

മതത്തില്‍ പരിജ്ഞാനമുള്ളവരെ ചില സവിശേഷതകള്‍ കൊണ്ട് അല്ലാഹു പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

അറിവുള്ളവര്‍

അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനവും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനവുമാണ് അറിവ്. മത നിയമങ്ങളുടെയും വിധികളുടെയും  രഹസ്യവും യുക്തിയും വ്യക്തമാവുക അറിവുള്ളവര്‍ക്കാണ്. ഇതുള്ളവരും ഇല്ലാത്തവരും സമമാവുകയില്ല. അല്ലാഹു പറയുന്നു:

''പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ'' (39:9).

ഇരുളും വെളിച്ചവും, രാവും പകലും, തീയും വെള്ളവും സമമാകാത്തതുപ്പോലെ അറിവും അജ്ഞതയും ഒന്നാവുകയില്ലെന്ന് സാരം.

അറിവില്‍ അടിയുറച്ചവര്‍

ആഴത്തില്‍ അറിവുനേടി, അല്ലാഹു പഠിപ്പിച്ച പ്രകാരം ഹൃദയത്തില്‍ ഉറപ്പിച്ച് സൂക്ഷ്മതയും നിപുണതയുമുള്ള പണ്ഡിതരാവുക എന്നതാണിതിന്റെ താല്‍പര്യം. അല്ലാഹു പറയുന്നു: ''എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു...''(4:162).

അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള്‍, വിധിവിശ്വാസം, അനന്തരാവകാശം എന്നീ വിജ്ഞാന മേഖലകള്‍ ഇതിനുദാഹരണങ്ങളാണ്.

എല്ലാം റബ്ബില്‍ നിന്നെന്ന് വിശ്വസിക്കുന്നവര്‍

ക്വുര്‍ആനിലൂടെ അല്ലാഹു അറിയിച്ചത് കളവോ, കെട്ടുകഥയോ അല്ല; ശരിയും യാഥാര്‍ഥ്യവുമാണെന്ന് വിശ്വസിച്ച് പ്രഖ്യാപിക്കുന്നവരാണിവര്‍. അല്ലാഹു പറയുന്നു: ''(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമെ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ'' (3:7).

വിട്ടുവീഴ്ചയും സൗഖ്യവും ചോദിക്കുന്നവര്‍

പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കല്‍, മതത്തെ അപഹസിക്കല്‍, കുതന്ത്രം മെനയല്‍ എന്നിങ്ങനെയുള്ള ഫിത്‌നകളില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുക എന്നതില്‍ പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇത് നബി ﷺ  പൊതുവായി തന്നെ പഠിപ്പിച്ചതുമാണ്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''അല്ലാഹുവേ, എന്റെ മതത്തിലും ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് വിട്ടുവീഴ്ചയും സൗഖ്യവും ചോദിക്കുന്നു'' (അബൂദാവൂദ്).

അനുഗ്രഹത്തെ അംഗീകരിക്കുന്നവര്‍

ഹിദായത്ത് അഥവാ സന്മാര്‍ഗമാണല്ലോ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലെ പ്രഥമവും പ്രധാനവുമായത്. അല്ലാഹു നിശ്ചയിക്കും പ്രകാരം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണിത്. ഇതറിഞ്ഞ് അംഗീകരിക്കാനും തനിമയില്‍ തന്നെ ഇതിനെ നിലനിര്‍ത്താനും വേണ്ടിയുള്ള പ്രാര്‍ഥന ഓരോരുത്തരിലുമുണ്ടാകണം. അറിവുള്ളവരെ സംബന്ധിച്ച്  അല്ലാഹു പറയുന്നു:

''(അവര്‍ പ്രാര്‍ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു'' (3:8).

പരലോകത്തില്‍ സംശയമില്ലാത്തവര്‍

വിശ്വാസം സംശയമുക്തമാകണം. വിശ്വാസകാര്യങ്ങളില്‍ മുഖ്യസ്ഥാനത്തുള്ളതാണ് പരലോക വിശ്വാസം. മരിച്ച് മണ്ണോട് ചേര്‍ന്നാല്‍ തീരുന്നതാണെല്ലാം ഉയിര്‍ത്തെഴുന്നേല്‍പോ, വിചാരണയോ, സ്വര്‍ഗ നരകമോ ഒന്നും വരാനില്ലെന്ന് ജല്‍പിക്കുന്ന ചിലരുണ്ട്. എന്നാല്‍ ഈ ദിവസത്തെപ്പറ്റി അറിയുന്നവര്‍ സദാ ഓര്‍മയും  പ്രാര്‍ഥനയുമായി കഴിഞ്ഞ് കൂടും.

അല്ലാഹു പറയുന്നു: ''ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല...''(3:9).

 

വാഗ്ദാനത്തില്‍ വിശ്വസിക്കുന്നവര്‍

സ്വര്‍ഗമാണ് അല്ലാഹുവിന്റെ വാഗ്ദാനം. അത് വിശ്വാസികള്‍ക്ക് സന്തോഷവും ആശ്വാസവുമാണ്. അറിവുള്ളവര്‍ അതിനെപ്പറ്റി ഏറെ ബോധവാന്മാരാകും.

അല്ലാഹു പറയുന്നു: ''...തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല'' (3:9).

മനുഷ്യരായ നാം കൊടുക്കുന്ന വാഗ്ദാനങ്ങളില്‍ മിക്കതും വൃഥാവിലാകാറാണ് പതിവ്. ശാശ്വത വിജയത്തിന്റെ വഴി തുറന്നുതന്ന സ്രഷ്ടാവ് അടിമകള്‍ക്ക് മതിയാകും വിധമുള്ള വാഗ്ദാനങ്ങള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. അത് വെറും മോഹന വാഗ്ദാനങ്ങളല്ല. അത് ഒരിക്കലും ലഭിക്കാതെ പോകില്ല..

അഗാധജ്ഞാനികള്‍ക്ക് ഈ സവിശേഷഗുണങ്ങള്‍ പ്രത്യേകമായുണ്ടെന്ന് പറഞ്ഞത് അല്ലാഹുവാണ്. ഇതൊന്നും മാനിക്കാതെ പണ്ഡിതന്മാരെ ചോദ്യം ചെയ്യുന്നവരും, പരിഹസിക്കുന്നവരും കയ്യേറ്റം നടത്തുന്നവരും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നവരും ഏറെയുണ്ട്. മതാധ്യാപനങ്ങളിലൂടെ സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുന്ന വഴിവിളക്കുകളാണവര്‍. അവരുടെ വിയോഗം നികത്തപ്പെടാന്‍ കഴിയാത്തതാണ്. വിരല്‍തുമ്പു കൊണ്ട് തോണ്ടിയും അമര്‍ത്തിയും ലോകമാകെയുള്ള വാര്‍ത്തകളെ ശ്രവിച്ചും ശ്രദ്ധിച്ചും സമയം കൊല്ലുന്ന ഇത്തരം അല്‍പ ജ്ഞാനികള്‍ക്ക് എന്തുമാകാമല്ലോ!