നബിﷺയുടെ പരമ്പര

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

ലോകഗുരു: മുഹമ്മദ് നബിﷺ ഭാഗം: 4

മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്ത്വലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്‌റ്, മാലിക്, നള്‌റ്, കിനാന, ഖുസൈമ, മുദ്‌രിക, ഇല്യാസ്, മുളര്‍റ്, നസാര്‍, മഅ്ദ്, അദ്‌നാന്‍ എന്നിങ്ങനെ നീളുന്നു നബിﷺയുടെ പരമ്പര.  അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലുബ്‌നു ഇബ്‌റാഹീമിന്റെ പരമ്പരയില്‍ നിന്നുള്ളതാണ്.

ബനൂസഹ്‌റക്കാരാണ് നബിﷺയുടെ അമ്മാവന്‍മാര്‍. നബിﷺയുടെ ഉമ്മ (ആമിനബിന്‍തു വഹബ്) ബനൂസഹ്‌റയില്‍ പെട്ടവരാണ്. ഇവരുടെ പരമ്പര കിലാബില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. ക്വുറൈശികളില്‍ വലിയ സ്ഥാനമായിരുന്നു ഖുസ്വയ്യിന് ഉണ്ടായിരുന്നത്. ഖുസ്വയ്യ് മരിച്ചപ്പോള്‍ ആ സ്ഥാനം അദ്ദേഹത്തിന്റെ മക്കളായ അബ്ദുമനാഫ്, അബ്ദുദ്ദാര്‍, അബ്ദുഖുസ്വയ്യ്, അബ്ദുല്‍ കഅ്ബ് തുടങ്ങിയവര്‍ക്ക് ലഭിച്ചു. ക്വുറൈശികളില്‍ ഏറ്റവും സ്ഥാനം അബ്ദുമനാഫിനായിരുന്നു. ഹജ്ജിന് വരുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്ന സ്ഥാനം ഇവര്‍ക്കായിരുന്നു. അബ്ദുമനാഫ് മരിച്ചപ്പോള്‍ ഹാശിം ആ സ്ഥാനങ്ങള്‍ക്കര്‍ഹനായി. തണുപ്പുകാലത്തെയും ചൂടുകാലത്തെയും യാത്രാസംഘങ്ങള്‍ ആദ്യമായി ഒരുക്കിയത് അദ്ദേഹമാണ്. ഹാജിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പായസവും മറ്റു ഭക്ഷണങ്ങളും തയ്യാറാക്കിക്കൊടുത്തിരുന്നത് കൊണ്ടാണ് ഹാശിം എന്ന പേര് ലഭിച്ചത്. യഥാര്‍ഥ നാമം അംറ് എന്നാണ്. ഹാശിമിനു ശേഷം മകന്‍ അബ്ദുല്‍ മുത്ത്വലിബ് വന്നു. മദീനയിലാണ് അദ്ദേഹം വളര്‍ന്നത്. തന്റെ പിതാമഹനായ ഖുസ്വയ്യിനെപ്പോലെത്തന്നെയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തില്‍ സംസം കിണര്‍ മൂടിപ്പോയതിനു ശേഷം അത് ആദ്യമായി കുഴിച്ചത് അബ്ദുല്‍ മുത്ത്വലിബായിരുന്നു. പത്തുമക്കളെ അല്ലാഹു നല്‍കിയാല്‍ ഒരു മകനെ ബലിയറുക്കുമെന്ന് നേര്‍ച്ച നേര്‍ന്നതും അബ്ദുല്‍മുത്ത്വലിബായിരുന്നു. 

നല്ലപരമ്പരയും മാന്യതയും സ്വഭാവവും പ്രതാപവുമുള്ള തറവാട്ടില്‍ അഥവാ ക്വുറൈശ് ഗോത്രത്തിലെ ബനൂഹാശിം കുടുംബത്തിലാണ് സൃഷ്ടികളില്‍ ഉത്തമനായ നബിﷺ ജന്മമെടുക്കുന്നത്. 

അബ്ദുല്‍ മുത്ത്വലിബ് ഇബ്‌നുഹാശിം

അബ്ദുമനാഫിന് 9 ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്; ഹാശിം, മുത്ത്വലിബ്, നൗഫല്‍, അബ്ദുശ്ശംസ് എന്നിവര്‍. രിഫാദത്തും സിക്വായത്തും (ഹാജിമാര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കല്‍) ഹാശിമിനായിരുന്നു അവകാശപ്പെട്ടിരുന്നത്. ഹാശിം മരിക്കാന്‍ സമയത്ത് തന്റെ സഹോദരന്‍ മുത്ത്വലിബിന് ആ സ്ഥാനങ്ങള്‍ വസ്വിയ്യത് ചെയ്തു. തന്റെ സമൂഹത്തില്‍ മഹത്ത്വവും ശ്രേഷ്ഠതയും ഉള്ള ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. അദ്ദേഹത്തിന്റെ ധര്‍മിഷ്ഠത കാരണത്താല്‍ 'ഫയ്യാള്' (കോരിച്ചോരിഞ്ഞ് കൊടുക്കുന്നവന്‍) എന്നായിരുന്നു ക്വുറൈശികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. 

ഹാശിമിന്റെ, മദീനയിലുള്ള ഒരു മകനായിരുന്നു ശൈബ. അബ്ദുല്‍മുത്ത്വലിബ് ശൈബയെക്കുറിച്ച് കേട്ടപ്പോള്‍ കുട്ടിയെ തേടി മദീനയിലേക്ക് പുറപ്പെട്ടു. തന്റെ പിതാവിന്റെ അതേ സാദൃശ്യം ശൈബയില്‍ കണ്ടപ്പോള്‍ തന്നിലേക്ക് അണച്ചു പിടിക്കുകയും ഉമ്മവെക്കുകയും കരയുകയും ചെയ്തു. യമനില്‍ നിന്നുള്ള ഒരു വസ്ത്രം ആ കുട്ടിയെ ധരിപ്പിച്ചു. മക്കയിലേക്ക് തന്റെ വാഹനത്തിന്റെ പിന്നിലിരുത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മയുടെ അനുവാദമില്ലാതെ പോരാന്‍ കഴിയില്ലെന്ന് ശൈബ പറഞ്ഞു. മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് അനുവാദം ചോദിച്ചെങ്കിലും കൊടുത്തില്ല. അവസാനം അനുനയ ശ്രമങ്ങള്‍ നടത്തുകയും ഉമ്മ സമ്മതിക്കുകയും ചെയ്തു. ശൈബയുടെ കുടുംബക്കാരൊക്കെ മക്കയിലാണുള്ളതെന്നും അവര്‍ അവിടെ ഏറ്റവും മാന്യന്മാരായി കഴിയുന്നവരാണ് എന്നുമൊക്കെയായിരുന്നു മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് പറഞ്ഞത്. അങ്ങനെ ശൈബ മക്കയിലെത്തി. ഇത് കണ്ട നാട്ടുകാരായ  ക്വുറൈശികള്‍ പറഞ്ഞു: 'മുത്ത്വലിബ് ഇതാ ഒരു അടിമയെ (അബ്ദ്) വാങ്ങിയിരിക്കുന്നു.' അങ്ങനെ ശൈബ 'മുത്ത്വലിബിന്റെ അടിമ' എന്ന അര്‍ഥത്തില്‍ 'അബ്ദുല്‍ മുത്ത്വലിബ്' എന്ന് വിളിക്കപ്പെട്ടു. ശൈബ അടിമയല്ല. മറിച്ച് എന്റെ സഹോദരന്‍ ഹാശിമിന്റെ പുത്രനാണ്. മദീനയില്‍ നിന്നും ഞാന്‍ കൊണ്ട് വന്നതാണ് എന്നെല്ലാം മുത്ത്വലിബ് ജനങ്ങളെ അറിയിച്ചു. അങ്ങനെ അബ്ദുല്‍ മുത്ത്വലിബ് (ശൈബ) മക്കയില്‍ വളര്‍ന്ന് വലുതായി. ഒരു ദിവസം മുത്ത്വലിബ് യമനിലേക്ക് കച്ചവടത്തിനായി പുറപ്പെട്ടു. യമനിലെ റദ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. ശേഷം സിക്വായതും രിഫാദതും അബ്ദുല്‍ മുത്ത്വലിബ് ഏറ്റെടുത്തു. തന്റെ പൂര്‍വപിതാക്കളുടെ നടപടിയനുസരിച്ച് അദ്ദേഹം അത് നിലനിര്‍ത്തുകയും ചെയ്തു.

തടിച്ച് നീണ്ട് വെളുത്ത ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. സ്ഫുടതയുള്ള നാവിന്റെയും ഉത്തമസ്വഭാവത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. തന്റെ പൂര്‍വ പിതാക്കള്‍ എത്തിയിട്ടില്ലാത്ത ഉന്നത സ്ഥാനത്തേക്കദ്ദേഹം എത്തി. തന്റെ സമൂഹം അദ്ദേഹത്തെ സ്‌നേഹിച്ചു. സ്ഥാനം എത്രത്തോളം ഉയര്‍ന്നു എന്നുവെച്ചാല്‍ 'ശൈബതുല്‍ ഹംദ്,' 'ഫയ്യാള്' എന്നീ പേരുകളില്‍ ഇദ്ദേഹം വിളിക്കപ്പെട്ടു. മലമുകളില്‍ കയറിച്ചെന്ന് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം എറിഞ്ഞ് കൊടുത്തതിനാല്‍ 'മുത്ഇം' എന്ന പേരും കിട്ടി.  ഒട്ടകത്തിന്റെ മുകള്‍ ഭാഗത്തുള്ള നെയ്യ്‌നിറഞ്ഞ മാംസവും കരളുമായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത്.

അബ്ദുല്‍മുത്ത്വലിബ് ക്വുറൈശികളില്‍ മാത്രമല്ല അറേബ്യന്‍ പ്രദേശത്താകെയും മഹത് വ്യക്തിയായി മാറി. അറേബ്യന്‍ രാജാക്കന്മാര്‍ക്കിടയില്‍ ഉന്നതസ്ഥാനം ലഭിച്ചു. രാജാക്കളെയും ഭരണാധികാരികളെയും കാണാനുള്ള ഏത് സംഘത്തിലും അറബികള്‍ അബ്ദുല്‍ മുത്ത്വലിബിനെയായിരുന്നു തെരഞ്ഞെടുത്ത് അയച്ചിരുന്നത്.

അബ്ദുല്‍ മുത്ത്വലിബിന്റെ കാലത്തെ കാലത്തെ പ്രധാന സംഭവങ്ങള്‍

പ്രധാനമായും രണ്ട് കാര്യങ്ങളാണ് അബ്ദുല്‍ മുത്വലിബിന്റെ കാലത്തുണ്ടായത്. സംസം കിണര്‍ കുഴിക്കല്‍ ആനക്കലഹം എന്നിവയായിരുന്നു അത്.

സംസം

അല്ലാഹു ഇസ്മാഈല്‍ നബി(അ)ക്കും മാതാവ് ഹാജറക്കും കനിഞ്ഞു നല്‍കിയ ഉറവാണ് സംസം.  വെള്ളപ്പൊക്കത്താലും മറ്റും സംസം കിണര്‍ മൂടിപ്പോയിരുന്നു. അല്ലാഹു അതിനെ പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് കഅ്ബക്ക് ചാരെ (ഹിജ്‌റില്‍) ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ വന്ന് സംസം കുഴിക്കാന്‍ പറയുന്നതായി സ്വപ്‌നം കാണുന്നു. (കഅ്ബയുടെ വാതിലിന്റെ ഭാഗത്തുള്ള 'ക്വര്‍യതുന്നംലി'(ഉറുമ്പുകളുടെ ഗ്രാമം)ലാണ് സംസം ഉള്ളതെന്നും സ്വപ്‌നത്തില്‍ അറിയിച്ചു.

അബ്ദുല്‍ മുത്ത്വലിബിന് കാര്യം വ്യക്തമാവുകയും സംസമിന്റെ സ്ഥലം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തന്റെ മണ്‍വെട്ടിയെടുത്ത് അങ്ങോട്ട് ചെന്നു. മകന്‍ ഹാരിസിനെയും കൂടെ കൂട്ടി. അന്ന് ഹാരിസല്ലാത്ത മറ്റു മക്കള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കിളക്കാന്‍ തുടങ്ങിയപ്പോള്‍ സംസമിന്റെ ഉള്‍ഭാഗം വെളിവായി. അദ്ദേഹം ആവേശം കൊണ്ട് തക്ബീര്‍ ചൊല്ലി. അബ്ദുല്‍മുത്ത്വലിബ് തന്റെ ലക്ഷ്യം നേടിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ക്വുറൈശികള്‍ അദ്ദേഹത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: ''അല്ലയോ അബ്ദുല്‍ മുത്ത്വലിബ്! ഇത് ഞങ്ങളുടെ പിതാവ് ഇസ്മാഈലിന്റെ കിണറാണ്. ഞങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. അത്‌കൊണ്ട് ഞങ്ങളെയും കൂടെചേര്‍ക്കണം.' അബ്ദുല്‍ മുത്ത്വലിബ് സമ്മതിച്ചില്ല. ഇത് എനിക്ക് പ്രത്യേകമാക്കപ്പെട്ടതും എനിക്ക് മാത്രം നല്‍കപ്പെട്ടതുമാണെന്നായിരുന്നു അബ്ദുല്‍ മുത്ത്വലിബിന്റെ മറുപടി. ക്വുറൈശികള്‍ തര്‍ക്കിക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്ത്വലിബിന്ന് അവരെ നേരിടാനായില്ല. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം നേര്‍ച്ച നേര്‍ന്നു: എനിക്ക് 10 മക്കളെ അല്ലാഹു നല്‍കുകയും അവര്‍ ക്വുറൈശികളെ തടയാന്‍ പ്രായമാവുകയും ചെയ്താല്‍ അതില്‍ ഒരു മകനെ കഅ്ബക്കു സമീപത്തുവെച്ച് അറുക്കും.' അല്ലാഹു അബ്ദുല്‍ മുത്ത്വലിബിന്റെ പ്രാര്‍ഥന സ്വീകരിച്ചു. പെണ്‍കുട്ടികള്‍ക്കുപുറമെ 10 ആണ്‍കുട്ടികളുണ്ടായി.

ഹാരിസ്, സുബൈര്‍, അബൂലഹബ്, മുക്വവ്വിം, ദ്വറാര്‍, അബൂത്വാലിബ്, ഹജല്‍, അബ്ദുല്ല (നബിﷺയുടെ ഉപ്പ), ഹംസ, അബ്ബാസ് എന്നിവരായിരുന്നു ആ മക്കള്‍. ഇതില്‍ 2 പേര്‍ ഇസ്‌ലാം സ്വീകരിച്ചു; അബ്ബാസ്(റ), ഹംസ(റ) എന്നിവര്‍. 

ആറ് പെണ്‍കുട്ടികളാണ് അബ്ദുല്‍ മുത്ത്വലിബിനുണ്ടായിരുന്നത്. ഉമ്മു ഹകീം, ആതിക്വ, ഉമൈമ, അര്‍വാ, ബര്‍റ, സ്വഫിയ എന്നിവരായിരുന്നു അവര്‍. മൂത്തമകളായ സ്വഫിയ്യ മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചത്.

ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ നേര്‍ച്ചയെക്കുറിച്ച് അവരെ അറിയിക്കുകയും കരാര്‍ നിറവേറ്റാനായി അവരെ വിളിക്കുകയും ചെയ്തു. മക്കള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട മകനായ അബ്ദുല്ലക്കാണ് നറുക്ക് വീണത്. അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ കൈപിടിച്ച് കത്തിയുമായി കഅ്ബയുടെ സമീപത്തേക്ക് കൊണ്ടുപോയി. ക്വുറൈശികള്‍ അദ്ദേഹത്തെ തടഞ്ഞു. സഹോദരന്മാരും അമ്മാവന്മാരും തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് ചോദിച്ചു: 'എന്റെ നേര്‍ച്ച ഞാനെന്ത് ചെയ്യും?'

ഒരു ഭാഗത്ത് അബ്ദുല്ലയെയും മറുഭാഗത്ത് പത്ത് ഒട്ടകങ്ങളെയും വെച്ച്  നറുക്കിടാന്‍ നിര്‍ദേശമുണ്ടായി. വീണ്ടും അബ്ദുല്ലക്ക് നറുക്ക് വീണാല്‍, പത്ത് ഒട്ടകങ്ങളെ വീണ്ടും നല്‍കണം എന്നായിരുന്നു കരാര്‍. അങ്ങനെ അവര്‍ത്തിച്ചാവര്‍ത്തിച്ച് നറുക്കിട്ടപ്പോഴും അബ്ദുല്ലക്കായിരുന്നു നറുക്ക് വീണത്. അങ്ങനെ ഒട്ടകങ്ങള്‍ നുറോളമെത്തി. അവസാനം ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുകയും അവയെ അറുക്കുകയും ചെയ്തു. ശരീരത്തിന് പകരം 100 ഒട്ടകം എന്ന പ്രായച്ഛിത്തം ആദ്യമായി നടപ്പില്‍ വരുത്തിയത് അബ്ദുല്‍ മുത്ത്വലിബാണെന്ന് പറയാം. ക്വുറൈശികളും അറബികളും ഇതു നിലനിര്‍ത്തി. നബിﷺയും പില്‍കാലത്ത് ഇത് അംഗീകരിച്ചു.

സംസം കിണര്‍ കുഴിച്ചതോടെ ആളുകള്‍ക്കിടയിലുള്ള അബ്ദുല്‍ മുത്ത്വലിബിന്റെ സ്ഥാനം വര്‍ധിച്ചു.

ആനക്കലഹ സംഭവം

അറബികളുടെ ചരിത്രത്തില്‍ ഇത്രവലിയ സംഭവം മുമ്പുണ്ടായിട്ടില്ല. ഇതിനെക്കാള്‍ വലുത് ഇനിയും വരും എന്നതിലേക്കുള്ള സൂചനയായിരുന്നു അത്. മാത്രവുമല്ല അറബികള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെന്നും കഅ്ബയുടെ മഹത്ത്വം വര്‍ധിക്കുമെന്നുമുള്ള ഒരറിയിപ്പ് കൂടിയായിരുന്നു ഇത്. നബിﷺ ജനിച്ചവര്‍ഷത്തിലാണ് ആനക്കലഹം സംഭവിക്കുന്നത്.

യമനിലെ രാജാവായ നജ്ജാശ്ശിയുടെ അസിസ്റ്റന്റായിരുന്നു അബ്‌റഹത്. ജനങ്ങള്‍ മക്കയിലേക്ക് പോകുന്നതും ഹജ്ജ് ചെയ്യുന്നതും അബ്‌റഹത് കണ്ടു. കഅ്ബക്ക് പകരം യമനില്‍ ഒരു ആരാധനാലയമുണ്ടാക്കി ജനങ്ങളെ അങ്ങോട്ട് തിരിക്കാന്‍ അബ്‌റഹത് ഉദ്ദേശിച്ചു. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്.

ബനൂകിനാനയില്‍ പെട്ട ഒരാള്‍ ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. 

അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ക്വുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു. അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. ക്വുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.

അബ്‌റഹത്: 'താങ്കള്‍ക്കെന്തു വേണം?'

അബ്ദുല്‍ മുത്ത്വലിബ്: 'നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.'

അബ്‌റഹത്: 'താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂര്‍വ പിതാക്കളുടെയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?'

അബ്ദുല്‍ മുത്ത്വലിബ്: 'ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.'

അബ്‌റഹത്: 'അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.'

അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി.

അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.

ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.

അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി.ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. എന്നാല്‍ യമനിന്റെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അത് ഓടാനും തുടങ്ങി. വീണ്ടും മക്കയിലേക്ക് തിരിച്ചപ്പോള്‍ അത് ഇരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. തന്റെ സൈന്യത്തിന് ബാധിച്ച നാശവും തിരിഞ്ഞോട്ടവും കാണാന്‍ അല്ലാഹു അബ്‌റഹത്തിനെ ബാക്കിയാക്കി. ശേഷം അബ്‌റഹത്തിന് ഒരു പ്രത്യേക തരം രോഗം ബാധിച്ചു. അതിന്റെ ഭാഗമായി ഓരോരോ വിരലുകള്‍ മുറിഞ്ഞ് വീണു. സ്വന്‍ആഇല്‍ എത്തിയപ്പോഴേക്കും അബ്‌റഹത്ത് ഒരു പക്ഷിക്കുഞ്ഞിനെപ്പോലെയായിത്തീര്‍ന്നിരുന്നു. അങ്ങനെ ഹൃദയം പൊട്ടിത്തകര്‍ന്ന് അയാള്‍ നീചമായ മരണം വരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്: 

''ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി'' (അല്‍ഫീല്‍:1-5).

അബിസീനിയക്കാരെ മക്കയില്‍ നിന്ന് അല്ലാഹു തുരത്തിക്കളയുകയും വിനാശകരമായ വിപത്ത് അവര്‍ക്കു ബാധിക്കുകയും ചെയ്തപ്പോള്‍ അറബികള്‍ ക്വുറൈശികളെ ബഹുമാനിക്കാന്‍ തുടങ്ങി. ഇവര്‍ അല്ലാഹുവിന്റെ ആളുകളാണെന്നും അല്ലാഹു അവര്‍ക്കു വേണ്ടി യുദ്ധം ചെയ്തു എന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും അല്ലാഹു അവരെ മോചിപ്പിച്ചു എന്നും അവര്‍ പറഞ്ഞു. ബൈതുല്‍ ഹറമിന്റെ മഹത്ത്വവും അവര്‍ക്കിടയില്‍ വര്‍ധിച്ചു.

 ''നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു...'' (അല്‍അന്‍കബൂത്:67).

ക്രിസ്തുവര്‍ഷം 571, മുഹര്‍റം മാസത്തിലാണ് ആനക്കലഹം ഉണ്ടായത്. നബിﷺയുടെ ജനനത്തിന്റെ ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു അത്. അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. നബിﷺയുടെ വരവിന്റെ ഒരു ആമുഖം കൂടിയായിരുന്നു അത്. കഅ്ബയെ വിഗ്രഹങ്ങളില്‍ നിന്നും ശുദ്ധീകരിക്കുമെന്നും അതിന്റെ ആദ്യ അവസ്ഥയിലേക്ക് അത് മടങ്ങുമെന്നും ഈ മതത്തിന് കഅ്ബയുമായി ശാശ്വതവും ആഴമേറിയതുമായ ബന്ധമുണ്ടാകുമെന്നുമുള്ള പല സൂചനകളും ഈ ആനക്കലഹ സംഭവത്തിലുണ്ട്. 

''പവിത്രഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു...''(അല്‍മാഇദ:97).

ഏതായാലും ക്വുറൈശികളുടെ മഹത്ത്വം വര്‍ധിച്ചു. ഈ ക്വുറൈശികളിലാണ് നബിﷺ ജനിക്കുന്നത്. വഴിയെ ഗോത്രം നബിﷺയെ പിന്‍പറ്റി. ശേഷം മറ്റുള്ള ഗോത്രങ്ങളും നബിﷺക്ക് കീഴൊതുങ്ങി. ഹൃദയം അല്ലാഹുവിന്ന് കീഴ്‌പെട്ടാല്‍ മറ്റു അവയവങ്ങളും കീഴ്‌പെടുന്നതുപോലെയായിരുന്നു അത്. മക്കക്കാര്‍ക്കാണ് അല്ലാഹു ഈ പ്രത്യേകത നല്‍കിയത്. മക്കക്കാര്‍ മറ്റുഗോത്രങ്ങള്‍ക്കുള്ള മാതൃകയാണ്. അവര്‍ വിശ്വസിച്ചാല്‍ എല്ലാവരും വിശ്വസിക്കും. അതെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിലും അല്ലാഹു പരിശുദ്ധനാണ്.

ആനക്കലഹം നടന്ന കാലത്ത് അറബികള്‍ പല രാജ്യക്കാര്‍ക്കും വിധേയപ്പെട്ടവരായിരുന്നു. ചിലര്‍ പേര്‍ഷ്യക്കാര്‍ക്ക് വിധേയപ്പെട്ടവരാണെങ്കില്‍ മറ്റു ചിലര്‍ റോമക്കാര്‍ക്ക്; വേറെ ചിലര്‍ ഹബ്ശക്കാര്‍ക്ക്. എന്നാല്‍ ആനക്കലഹ സംഭവം നടക്കുകയും ഇസ്‌ലാം കടന്നുവരികയും ചെയ്തതോടെ  മറ്റുള്ളവകൊണ്ടൊന്നും കാര്യമില്ലെന്ന സത്യം അവര്‍ മനസ്സിലാക്കി.

മനുഷ്യകരങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് മക്കക്കാര്‍ക്ക് അല്ലാഹു വിജയം നല്‍കിയത്. ബൈതുല്‍ ഹറാമിന്റെ മഹത്ത്വം കൊണ്ടായിരുന്നു അത്. 

''...നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്...''(ക്വസ്വസ്: 57)

ആനക്കലഹസംഭവം ക്വുറൈശികള്‍ വലിയ കാര്യമായി എടുത്തു. ഏതു കാര്യത്തെയും അതിലേക്ക് ചേര്‍ത്തിയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ആനക്കലഹം നടന്ന വര്‍ഷം ജനിച്ചു...ആനക്കലഹം നടന്നവര്‍ഷം മരിച്ചു എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.