റജബ് മാസവും അനാചാരങ്ങളും 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

2019 മാര്‍ച്ച് 08 1440 റജബ് 02

ഇസ്‌ലാമിന്റെ  യഥാര്‍ഥ രൂപം വികൃതമാക്കുകയും ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നവിധം പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കുകയും ഏറെക്കുറെ അവ പാമരന്മാരായ ജനങ്ങളില്‍ സ്വാധീനം നേടുകയും ചെയ്യുന്നത് എക്കാലത്തും കാണാന്‍ കഴിയുന്ന ഒരു കാര്യമാണ്.  

മതത്തിന്റെ പേരില്‍ ഒരു കര്‍മം ചെയ്യുമ്പോള്‍ ക്വുര്‍ആനിലോ തിരുസുന്നത്തിലോ അത്  സ്ഥിരപ്പെട്ടതാണോ എന്ന് അറിയല്‍ അനിവാര്യമാണ്. 

അല്ലാഹു പറയുന്നത് കാണുക: ''ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്റെതായ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത്തരക്കാരുടെ പ്രവര്‍ത്തനം നന്ദിപൂര്‍വം സ്വീകരിക്കപ്പെടും (പ്രതിഫലാര്‍ഹമായിരിക്കും)''(അല്‍ഇസ്‌റാഅ് 19).

പരലോകം ലക്ഷ്യംവെച്ച് നാം പ്രവര്‍ത്തിക്കുന്ന ഏത് കാര്യവും മുകളില്‍ സൂചിപ്പിച്ച ക്വുര്‍ആന്‍ വചനത്തില്‍ പറയുന്ന നിബന്ധനകള്‍ക്ക് അനുസരിച്ചാണോ എന്ന് നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലായിരിക്കും കലാശിക്കുക എന്ന് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

റജബ് മാസം അല്ലാഹു പവിത്ര മാസങ്ങളായി പ്രഖ്യാപിച്ച നാല് മാസങ്ങളില്‍ ഒന്നാണ്. ക്വുര്‍ആന്‍ അത് ഇപ്രകാരം വ്യക്തമാക്കുന്നു: ''ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു''(അത്തൗബ 36). 

അവ ഏതൊക്കെയാണെന്ന് ഹദീഥിലൂടെ വ്യക്തമാക്കുന്നുണ്ട്. ദുല്‍ക്വഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിങ്ങനെ തുടരെവരുന്ന മൂന്ന് മാസങ്ങളും മറ്റൊന്ന് ജമാദുല്‍ ആഖിറിന്റെയും ശഅ്ബാനിന്റെയും ഇടയിലായി വരുന്ന റജബ് മാസവുമാകുന്നു അത്. (ബുഖാരി, മുസ്‌ലിം).

എന്നാല്‍ റജബ് മാസം യുദ്ധം വിലക്കപ്പെട്ട മാസങ്ങളില്‍ ഒന്നാണ് എന്ന് പഠിപ്പിച്ച പ്രവാചകന്‍ ﷺ പ്രസ്തുത മാസത്തില്‍ മറ്റു മാസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏതെങ്കിലും നിലക്കുള്ള ഇബാദത്തുകളോ (ആരാധനകള്‍), പ്രാര്‍ഥനകളോ, കീര്‍ത്തനങ്ങളോ പ്രത്യേകമായി നിര്‍വഹിക്കുകയോ ഉരുവിടുകയോ ചെയ്തതായി പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സ്വഹാബികളും അങ്ങനെ ചെയ്തിട്ടില്ല. ഉത്തമ നൂറ്റാണ്ടുകള്‍ എന്ന് പ്രവാചകന്‍ ﷺ വിശേഷിപ്പിച്ച ആദ്യ മൂന്ന് നറ്റാണ്ടുകളില്‍ ജീവിച്ച സലഫുസ്സ്വാലിഹുകളില്‍ നിന്നും അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല. 

അത്‌കൊണ്ട് തന്നെ റജബ് മാസത്തിന്റെ പ്രത്യേകതയായി പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഏതാനും വിഷയങ്ങളും അവയുടെ സത്യാവസ്ഥയും വ്യക്തമാക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.   

1. മിഅ്‌റാജ് മാസമെന്ന് കരുതി ആദരവ് കല്‍പിക്കല്‍ 

റജബ് മാസത്തിലാണ് നബി ﷺയുടെ മിഅ്‌റാജ് നടന്നിട്ടുള്ളത് എന്ന് കരുതി പ്രത്യേകമായി ആദരവു കല്‍പിക്കുന്നതിന് മതപ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകളുടെ പിന്‍ബലമില്ല; നബി ﷺയുടെ ജീവിതത്തിലുണ്ടായിട്ടുള്ള അത്ഭുതസംഭവങ്ങളായ ഇസ്‌റാഉം മിഅ്‌റാജും നടന്നിട്ടുള്ളത് ഏത് മാസത്തിലാണ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ഇനി പ്രസ്തുത സംഭവം നടന്നത് ഇന്ന മാസമാണെന്ന് തെളിഞ്ഞാല്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രത്യേകമായി ഒരുതരത്തിലുള്ള ഇബാദത്തും മുസ്‌ലിംകള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടില്ല.

2. റഗാഇബ് നമസ്‌കാരം

റജബ് മാസത്തിലെ ആദ്യവെള്ളിയാഴ്ച രാത്രി 'റഗാഇബ്' എന്ന പേരില്‍ പ്രത്യേക സുന്നത്തു നമസ്‌കാരമുള്ളതായി വന്നിട്ടുള്ള എല്ലാ ഹദീഥുകളും ദുര്‍ബലവും ബാത്വിലുമാണ് എന്ന് ഇബ്‌നു റജബ്(റഹി) തന്റെ 'ലത്വാഇഫ്' എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ഗാമികളില്‍നിന്ന് ആരുംതന്നെ ഇങ്ങനെയൊരു നമസ്‌കാരത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ അത് ബിദ്അത്തും പ്രവര്‍ത്തിക്കല്‍ കുറ്റകരവുമാണ്. ഈ നമസ്‌കാരം തെളിവിന്റെ പിന്‍ബലമില്ലാത്തതും നിര്‍വഹിക്കല്‍ കുറ്റകരവുമാണ് എന്ന് ഇമാം അബൂശാമ(റഹി) തന്റെ 'അല്‍ബാഇഥു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിഥി' (പേജ് 174) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

3. റജബ്മാസത്തിലെ നോമ്പ് 

റജബ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച നോമ്പ് നോല്‍ക്കുന്നത് സുന്നത്താണ് എന്ന് കരുതി അത് അനുഷ്ഠിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ എന്താണ് മതം, അതെങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന് പഠിപ്പിച്ചു തരാന്‍ നിയുക്തനായ പ്രവാചകന്‍ ﷺ തന്റെ ജീവിതത്തില്‍ അനുഷ്ഠിക്കുകയും അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്ത നോമ്പുകള്‍ ഏതൊക്കെയാണ് എന്നത് ഹദീഥ് ഗ്രന്ഥങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. അക്കൂട്ടത്തില്‍ റജബ് മാസത്തില്‍ മാത്രമായി സുന്നത്തുള്ള ഒരു നോമ്പ് നമുക്ക് കാണാന്‍ കഴിയുന്നില്ല. അത്‌കൊണ്ട് തന്നെ അത്തരത്തിലുള്ള നോമ്പ് പിന്നീടുണ്ടായ ദുരാചാരമാണ് എന്നതില്‍ സംശയമില്ല. ദുരാചാരങ്ങള്‍ നരകത്തിലേക്ക് മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്ന ദുര്‍മാര്‍ഗമാണ് എന്ന് നബി ﷺ തന്റെ എല്ലാ ഖുത്വുബകളുടെയും ആമുഖമായി സൂചിപ്പിക്കാറുള്ളതാണ്.  

അപ്രകാരം തന്നെ  റജബ് ഇരുപത്തിയേഴിനോ അതല്ലെങ്കില്‍ റജബ് മാസം മുഴുവനായോ നോമ്പ് നോല്‍ക്കുന്നതായും കണ്ടുവരുന്നു. ഇതും സ്വഹീഹായ ഹദീഥിന്റെ പിന്‍ബലമില്ലാത്ത കാര്യമാണ്. ഇക്കാര്യം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) അദ്ദേഹത്തിന്റെ 'തബ്‌യീനുല്‍ ഉജ്ബ് ഫീമാ വറദ ഫീ ശഹ്‌രി റജബ്'(പേജ് 9,19,64) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

4. തൊണ്ണൂറ്റിയാറ് നോമ്പ് 

റമദാനിലെ നിര്‍ബന്ധ നോമ്പും ശവ്വാലിലെ ആറ് സുന്നത്ത് നോമ്പുമടക്കം റജബ്, ശഅ്ബാന്‍ എന്നീ രണ്ട് മാസങ്ങള്‍ മുഴുവനായും ചേര്‍ത്ത് 96 നോമ്പ് അനുഷ്ഠിക്കുന്ന പതിവും ചിലരിലുണ്ട്. ഇത് അടിസ്ഥാനമില്ലാത്തതാണ്. ഇത്തരക്കാര്‍ പലപ്പോഴും നബി ﷺ കല്‍പിച്ചതും നിര്‍വഹിച്ചതുമായ സുന്നത്തു നോമ്പുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറുമില്ല! എന്നാല്‍ ഏത് മാസവും പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിലെ നോമ്പ് സുന്നത്താണ്. അത് റജബിലും ശഅ്ബാനിലുമെല്ലാം നിര്‍വഹിക്കാവുന്നതാണ്.

5. റജബ് മാസത്തിലെ ഉംറ 

നബി ﷺ റജബ് മാസത്തില്‍ ഉംറ ചെയ്തതായോ, റജബ് മാസത്തിലെ ഉംറക്ക് പ്രത്യേകമായി മറ്റു മാസങ്ങളില്‍ ഉള്ളതിനെക്കാള്‍ പുണ്യമുള്ളതായി പറഞ്ഞതായോ ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടില്ല. നബി ﷺ നാല് അവസരങ്ങളില്‍ നാല് യാത്രകളിലായി നാല് ഉംറ മാത്രമാണ്  നിര്‍വഹിച്ചിട്ടുള്ളത്. (ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വഹിക്കുന്നത് നബി ﷺയുടെ സുന്നത്തില്‍ പെട്ടതല്ല). 

മക്കാവിജയത്തിന്റെ അവസരത്തില്‍ പത്തൊമ്പത് ദിവസം നബി ﷺ മക്കയില്‍ താമസിക്കുകയുണ്ടായി; എന്നിട്ടും കൂടുതല്‍ ഉംറ നിര്‍വഹിക്കുകയുണ്ടായിട്ടില്ല. നബി ﷺ നിര്‍വഹിച്ച ഉംറകളില്‍ മൂന്നെണ്ണവും ദുല്‍ക്വഅദ് മാസത്തിലായിരുന്നു. മറ്റൊന്ന് ഹജ്ജത്തുല്‍ വിദാഇ(വിടവാങ്ങല്‍ ഹജ്ജ്)ന്റെ കൂടെ ദുല്‍ഹജ്ജ് മാസത്തിലുമായിരുന്നു. റജബ് മാസത്തിലെ ഉംറക്ക് പ്രത്യേകം പുണ്യമുണ്ടായിരുന്നുവെങ്കില്‍ പ്രവാചകന്‍ ﷺ അതിന് നിര്‍ദേശിക്കുമായിരുന്നു. അത്‌കൊണ്ട് തന്നെ റജബ് മാസത്തിലെ ഉംറക്ക് കൂടുതല്‍ പുണ്യമുണ്ടെന്ന ധാരണയും അടിസ്ഥാനരഹിതമാണ്. ഇക്കാര്യം  ഇബ്‌നുല്‍ ക്വയ്യിം(റഹി) 'സാദുല്‍മആദ്' എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്റെ മുന്നറിയിപ്പ് കാണുക: ''(നബിയേ,) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല'' (അല്‍കഹ്ഫ് 103-106).

നല്ലതെന്ന് കരുതി പ്രവര്‍ത്തിച്ചിട്ടും നരകത്തില്‍ പോകേണ്ടിവരിക! ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് അല്ലാഹുവാണ് അറിയിക്കുന്നത്. അതിനാല്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് മാത്രം ചെയ്യുക. സ്വര്‍ഗം ലഭിക്കാനും നരകത്തില്‍നിന്നു രക്ഷപ്പെടാനുമുള്ള ഒരു കാര്യവും ഞാന്‍ നിങ്ങളോട് പറയാതെ പോകുന്നില്ല'എന്ന പ്രവാചകവചനം അതാണല്ലൊ നമ്മെ അറിയിക്കുന്നത്. 

പരലോകത്ത് ഒരു വിഭാഗം ആളുകള്‍ കൈകടിച്ച് വിലപിക്കുന്ന കാര്യം ക്വുര്‍ആന്‍ സൂറഃ അല്‍ ഫുര്‍ക്വാനില്‍ വിവരിക്കുന്നുണ്ട്. അവര്‍ വിലപിക്കുന്ന അവസരത്തില്‍ എടുത്ത് പറയുന്ന ഒരു കാര്യം 'ഞാന്‍ റസൂലിന്റെ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു' എന്നും മറ്റൊന്ന് 'ഞാന്‍ ഇന്ന ആളെ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്നുമാണ്. അത്തരം ഹതഭാഗ്യരില്‍ പെട്ടുപോകാതിരിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇക്കാര്യം നമുക്ക് മുന്‍കൂട്ടി അറിയിച്ചു തന്നിട്ടുള്ളത്.

പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന, സ്ഥിരപ്പെട്ട കര്‍മങ്ങള്‍ എത്രയോ ചെയ്യാനുണ്ടായിരിക്കെ അതൊക്കെ അവഗണിച്ച് ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ കാര്യങ്ങളെ സ്വര്‍ഗത്തിലെത്താനുള്ള മാര്‍ഗങ്ങളായി കാണുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുകയാണ് ചെയ്യുന്നത്.