പ്രബോധകന്റെ സംസ്‌കാരം

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2019 മെയ് 04 1440 ശഅബാന്‍ 28

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം അതിമഹത്തായ ഒരു ദൗത്യനിര്‍വഹണമാണ്. മാനവ സമൂഹത്തിന്റെ വഴികാട്ടികളായി നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ ദൗത്യമാണത്. അവരാണ് സത്യമാര്‍ഗത്തിലേക്കുള്ള പ്രബോധനത്തിന്റെ നായകര്‍. പ്രബോധനം എന്ന ദൗത്യത്തിന്റെ ഏറ്റവും വലിയ മഹിമയും അത് തന്നെയാണ്.

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)'' (ക്വുര്‍ആന്‍ 16:36).

ഏറ്റവും ഒടുവിലത്തെ സന്ദേശ വാഹകനാണ് മുഹമ്മദ് നബി ﷺ . അദ്ദേഹത്തിനു ശേഷം പ്രവാചകന്മാര്‍ വരില്ല. എന്നാല്‍ അദ്ദേഹത്തിലൂടെ അല്ലാഹു പൂര്‍ത്തിയാക്കി നല്‍കിയ മതത്തെ അംഗീകരിച്ച് അനുഷ്ഠിക്കുന്നവരുടെ ദൗത്യമായി അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം നിര്‍ണയിക്കപ്പെട്ടു. 

മനുഷ്യവര്‍ഗത്തിനൊന്നടങ്കം ഇസ്‌ലാമിക സന്ദേശം ലഭിക്കണം. ഞങ്ങള്‍ സത്യമെന്താണെന്ന് അറിഞ്ഞില്ലെന്നും ആരും ഞങ്ങളെ അത് അറിയിച്ചു തന്നില്ലെന്നും പരലോകത്തു വെച്ച് ആര്‍ക്കും പറയാന്‍ ഇടവരാത്തവിധം അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുക്കേണ്ട ബാധ്യത ആ മതത്തിന്റെ അനുയായികള്‍ക്കുണ്ട്. ഈ ബാധ്യത നിര്‍വഹിക്കുവാന്‍ അര്‍ഹതയുള്ളവരാരാണെന്നും അതിന്റെ നിര്‍വഹണ രീതി എങ്ങനെയാകണമെന്നും അല്ലാഹു തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്: 

''(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ'' (ക്വുര്‍ആന്‍ 12:108). 

ആദിസംബോധിതരില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ (ശുബ്ഹാത്ത്) നീക്കണം. ചില പ്രതിലോമ ശക്തികള്‍ കടത്തിക്കൂട്ടിയ വികല സമര്‍ഥനങ്ങളാവും അവയുടെ ഹേതു. തികച്ചും മാന്യമായ സംവാദങ്ങളിലൂടെയാണ് ശുബ്ഹാത്തുകളെ നീക്കി സത്യത്തിന്റെ വെളിച്ചം പരത്താന്‍ സാധിക്കുക. 

പ്രബോധന മാഹാത്മ്യത്തെ പ്രകടമാക്കുന്ന നിരവധി വചനങ്ങള്‍ ക്വുര്‍ആനിലുണ്ട്. ഒരു വചനം കാണുക: 

''അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?'' (ക്വുര്‍ആന്‍ 41:33). 

വചനങ്ങളില്‍ വിശിഷ്ടമായത് ദൈവമാര്‍ഗത്തിലേക്കുള്ള ക്ഷണമാണെന്നറിഞ്ഞാല്‍ പിന്നെ ആ മഹിത മാതൃകയിലേക്ക് വിശ്വാസികള്‍ ഓടിയടുക്കേണ്ടതല്ലേ? പ്രവാചകന്മാരും അവരുടെ അനുയായികളും മറ്റുശ്രേഷ്ഠ ജനങ്ങളും നിര്‍വഹിച്ച ഉല്‍കൃഷ്ട കര്‍മം എക്കാലത്തെയും ആദര്‍ശ കുടുംബത്തിന്റെ ആധാരശിലയാണ്. പിതൃവ്യപുത്രന്‍ അലിയ്യിബ്‌നു അബീത്വാലിബി(റ)നോട് പ്രവാചകന്‍ ﷺ  പറഞ്ഞു: 'ഒരാളെയെങ്കിലും നീ കാരണം അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയാല്‍ ചുവന്ന ഒട്ടകങ്ങളെക്കാള്‍ നിനക്കത് ഉത്തമമാണ്' (ബുഖാരി, മുസ്‌ലിം). 

ഒരു നന്മ അറിയിച്ചു കൊടുത്താല്‍ അത് പ്രവര്‍ത്തിക്കുന്നവന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം അറിയിച്ചു കൊടുക്കുന്നവനും കിട്ടും എന്നതാണ് ഇസ്‌ലാമികാധ്യാപനം. 

ഉള്‍ക്കാഴ്ചയോടെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവരാവാന്‍ പ്രബോധകന്മാര്‍ വിഷയങ്ങളില്‍ നല്ല പരിജ്ഞാനം നേടുകയും അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ഉത്സാഹം കാണിക്കുന്നവരുമാകണം. വിവരമില്ലാത്ത പ്രബോധകന്‍ ഒരുപാട് അബദ്ധം വരുത്തിവെക്കും. അറിവും ക്ഷമാശീലവും ത്യാഗ മനഃസ്ഥിതിയും പ്രബോധകന് അനിവാര്യമാണ്. 

പ്രബോധനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് പ്രബോധകരെ ബോധ്യപ്പെടുത്തുന്ന വിശുദ്ധ ക്വുര്‍ആനിന്റെ ഒരു വചനം കാണുക: ''യുക്തിദീക്ഷ(ഹിക്മത്)യോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 16:125).

ഇതിലെ 'ഹിക്മത്' എന്നതിന് പ്രാമാണികമായി പറയപ്പെട്ട വിശദീകരണം വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും എന്നാണ്. അഥവാ പ്രബോധകന്റെ മുഖ്യ ആയുധങ്ങളാണ് ക്വുര്‍ആനും സുന്നത്തും. സത്യത്തെ സ്ഥാപിക്കുവാനും അസത്യങ്ങളെ വിപാടനം ചെയ്യുവാനും പ്രമാണബദ്ധമായ ഇടപെടലുകള്‍ക്കേ സാധിക്കൂ. അഭിസംബോധിത സമൂഹത്തെ വിശ്വാസത്തിലെടുത്ത് മാന്യമായ ശൈലിയില്‍ ആശയം വ്യക്തമാക്കി കൊടുക്കണം. പരുഷതയും പരിഹാസവും ആക്ഷേപ ഹാസ്യങ്ങളും വിപരീതഫലമാണ് ഉണ്ടാക്കുക. കേള്‍വിക്കാരന് മനസ്സിലാകുന്ന വിധം കാര്യങ്ങള്‍ വ്യക്തമാക്കിപ്പറയണം. സത്യം എത്രയും ശക്തമാണ്. പെട്ടെന്നല്ലെങ്കിലും വഴിയെ സത്യത്തിന്റെ മാര്‍ഗത്തിലേക്ക് ചിന്തിക്കുന്നയാള്‍ കടന്നുവരും; അല്ലാഹു ഉദ്ദേശിച്ചാല്‍. 

നിഷ്‌കളങ്കതയും അര്‍പ്പണബോധവും അനിവാര്യമാണ്

അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്. പ്രവാചകന്മാരഖിലവും  ഇസ്‌ലാമിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത്. അന്തിമ ദൂതന്‍ മുഹമ്മദ് നബി ﷺ  ഏറ്റവും കുറ്റമറ്റതും പരിപൂര്‍ത്തിവന്നതുമായ ഒരു നിയമസംഹിതയായി ഇസ്‌ലാമിനെ പരിചയപ്പെടുത്തി; അഥവാ അദ്ദേഹത്തിലൂടെ അല്ലാഹു മതത്തെ പൂര്‍ത്തിയാക്കി. ലോകത്തിന്റെ അന്ത്യം വരെ മനുഷ്യജീവിത സ്പര്‍ശിയായി നിലകൊള്ളാന്‍ കെല്‍പുള്ള, സുഭദ്രമായ അടിത്തറയും കാര്യനിര്‍വഹണ ശേഷിയുമുള്ള മതമാണ് ഇസ്‌ലാം. 

പ്രബോധനം ഒരു സാഹസിക പ്രവര്‍ത്തനമാണ്. പ്രബോധന പ്രതലം എല്ലായ്‌പ്പോഴും പരവതാനി വിരിച്ചിട്ടതാവില്ല. പലപ്പോഴുമത് പരുക്കന്‍ കല്ലുകളും ചെളിക്കുണ്ടുകളും നിറഞ്ഞതാവാം. മനക്കരുത്ത് പരിശോധിക്കപ്പെടുന്ന നിരവധി പരീക്ഷണങ്ങളെ പ്രബോധകന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. വിവരവും വിവേകവുമില്ലാത്ത ഇരുട്ടിന്റെ ശക്തികള്‍ നിഷ്‌കാമ കര്‍മികളായ പ്രബോധകന്മാര്‍ക്കെതിരില്‍ ഉറഞ്ഞുതുള്ളിയേക്കാം. വിട്ടുവീഴ്ച ചെയ്യുക, അവിവേകികളെ അവഗണിക്കുക, ഗുണകാംക്ഷ കൈവിടാതിരിക്കുക... അതാണ് പ്രബോധന്റെ സംസ്‌കാരം.