ഇസ്‌ലാം നല്‍കുന്ന ആത്മഹര്‍ഷം

ശമീര്‍ മദീനി

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12

ഈ ലോകത്ത് ഓരോ മനുഷ്യനും കാരുണ്യവാനായ സൃഷ്ടികര്‍ത്താവിന്റെ അനവധി അനുഗ്രഹങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചുമാണ് ജീവിക്കുന്നത്. വായു, വെള്ളം, വെളിച്ചം, കൈകാലുകള്‍, കണ്ണ,് കാത് തുടങ്ങി സമ്പത്ത്, കുടുംബം... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ അത് വിശാലമാണ്.നബി ﷺ  പഠിപ്പിച്ച പോലെ അവയുടെ വിലയും വിശാലതയും അറിയണമെങ്കില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് ഓരോരുത്തരും നോക്കണമെന്നു മാത്രം. വായുവും വെള്ളവും ഭൂമിയും സൂര്യനും ചന്ദ്രനുമെല്ലാം നമുക്കു േവണ്ടി ഒരുക്കിയവനാണ് അല്ലാഹു:

''അവനാണ് നിങ്ങള്‍ക്ക് വേണ്ടി 'ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (2:29).

അവന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ക്ലിപ്തമാക്കാന്‍ കഴിയില്ല:

''അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ'' (16:18).

കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതും അമൂല്യവുമായത് അവന്റെ മാര്‍ഗദര്‍ശനം അനുസരിച്ച് അവന് കീഴ്‌പെട്ട് ജീവിക്കുവാനുള്ള മഹാഭാഗ്യമാണ്. അഥവാ ഇസ്‌ലാം ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് ജീവിക്കുവാനും അനുഗ്രഹിച്ചു എന്നതാണ്.

''അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു''(49:7,8).

മനുഷ്യരിലധികവും ജീവിതത്തിന്റെ പല മേഖലകളിലും കൃത്യമായ മാര്‍ഗദര്‍ശനമില്ലാതെ ഇരുട്ടില്‍ തപ്പുമ്പോള്‍ ഇസ്‌ലാം പുല്‍കാന്‍ അവസരം ലഭിച്ചവര്‍ കൃത്യമായ ദൈവിക നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്ജീവിതത്തില്‍ ഓരോ കാര്യവും ചെയ്യുന്നത്. മലമൂത്ര വിസര്‍ജന രംഗത്തുവരെയും ഇസ്‌ലാമികാധ്യാപനങ്ങളുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഇസ്‌ലാം എത്രമാത്രം വ്യക്തികളെ ചൂഴ്ന്ന് നില്‍ക്കുന്നു എന്ന് ബോധ്യമാവുക. തീറ്റയും കുടിയും ഇരുത്തവും നടത്തവും കിടത്തവും നോട്ടവും എന്നുമാത്രമല്ല സര്‍വവും സ്വന്തമിഷ്ടങ്ങളെക്കാളുപരി ൈദവിക മാര്‍ഗനിര്‍ശേദമനുസരിച്ചാണ് സത്യവിശ്വാസികള്‍ ക്രമീകരിക്കുക. അതിലൂടെ എന്തെന്നില്ലാത്ത ആത്മനിര്‍വൃതിയും സമാധാനവുമാണ് കൈവരുന്നത്.

''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്'' (6:162,163).

തനിക്ക് നല്ലതെന്ന് തോന്നുന്നതെന്തോ അതുമാത്രം ചെയ്തും ധര്‍മാധര്‍മങ്ങള്‍ പരിഗണിക്കാതെയും ജീവിക്കുന്നവര്‍ക്ക് ഈ അനുഭൂതിയും ശാന്തിയും  ലഭിക്കില്ല. പലരും ദേഹേഛകളെയും മറ്റുള്ളവരുടെ വാക്കുകളെയുമാണ് പിന്‍പറ്റുന്നതെങ്കില്‍ സത്യവിശ്വാസി പ്രപഞ്ച സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളെയാണ് പിന്‍പറ്റുന്നത്. സൃഷ്ടിപൂജകര്‍ നിസ്സാരരായ സൃഷ്ടികളെ പൂജിച്ച് അധമത്തം പേറുമ്പോള്‍ സത്യവിശ്വാസി സവശക്തനും സര്‍വലോക പരിപാലകനുമായ അല്ലാഹുവാണ് അത്യുന്നതനെന്നു പ്രഖ്യാപിച്ച് അവനെ മാത്രം ആരാധിച്ച് അവനില്‍ പരിപൂര്‍ണമായും ഭരമേല്‍പിച്ച് അന്തസ്സാര്‍ന്ന ജീവിതമാണ് നയിക്കുക. ദൈവികമാര്‍ഗദര്‍ശനം പിന്‍പറ്റാെത ജീവിച്ചവര്‍ പിന്നീട് ഖേദിക്കുമെന്ന് ക്വുര്‍ആന്‍ അനേകം സ്ഥലങ്ങളില്‍ ഉണര്‍ത്തിയതായി കാണാം. എന്നാല്‍ സത്യവിശ്വാസികള്‍ സന്തോഷത്തോടെ അല്ലാഹുവിനെ സ്തുതിക്കുകയും ആ മഹാഭാഗ്യത്തിന് നന്ദി പറയുകയുമായിരിക്കും ചെയ്യുക:

''അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു''(7:43).

ആ സ്രഷ്ടാവിനെ പ്രകീര്‍ത്തിച്ചും അവന്റെ വിധിവിലക്കുകള്‍ പാലിച്ചും അവന് നന്ദി പ്രകടിപ്പിച്ചുംകൊണ്ടുള്ള ഇസ്‌ലാമിക ജീവിതവും അതൊന്നും പാലിക്കാതെയുള്ള ജീവിതവും എങ്ങനെയാണ് സമമാവുക?

''അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ? പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമെ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (67:22,23).

ഈ ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് സത്യവിശ്വാസികള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. എന്നാല്‍ സത്യനിഷേധികള്‍ ആ ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കും. അവര്‍ക്ക് ജീവിതയാത്രക്കിടയിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ പ്രയാസപ്പെടേണ്ടിവരും. എന്നാല്‍ സത്യവിശ്വാസി ഉള്‍ക്കരുത്തോടെ അവയെ തരണം ചെയ്യും. സര്‍വാധിനാഥന്റെ പരീക്ഷണമെന്നു മനസ്സിലാക്കി സഹിക്കാനും ക്ഷമിക്കാനും അവന് കഴിയും.

''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ 'ഭരമേല്‍പിക്കേണ്ടത്''(9:51).

ജീവിതത്തിലെ സുഖ,ദുഃഖങ്ങളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് ഒരുപോലെ സ്വീകരിക്കാന്‍ വിശ്വാസിക്ക് കഴിയുമ്പോള്‍ അവിശ്വാസി പരീക്ഷണ ഘട്ടത്തില്‍ അങ്ങേയറ്റം നിരാശനും ദുഃഖിതനുമായിത്തീരും. ജീവിതനിരാശയും മടുപ്പും ഒരുവേള ആത്മഹത്യയിലേക്കുവരെ അവരെ നയിക്കും.

സത്യവിശ്വാസിയുടെ അവസ്ഥയെപ്പറ്റി നബി ﷺ  പറഞ്ഞു:''സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്റെ എല്ലാ കാര്യവും അവന് നന്മ തന്നെ. ഒരു സന്തോഷകരമായ കാര്യമാണ് അവന് ഉണ്ടായതെങ്കില്‍ അവന്‍ അതിന്റെ പേരില്‍ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കും. അതവന് ഗുണകരമാണ്. ഇനി വല്ല ബുദ്ധിമുട്ടുമാണ് അവനെ ബാധിച്ചതെങ്കില്‍ അവനതില്‍ ക്ഷമിക്കും. അതും അവന് ഗുണകരമാണ്. ഒരു സത്യവിശ്വാസിയല്ലാത്ത ഒരാള്‍ക്കും അതുണ്ടാവുകയില്ല.''

ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചംവീശുന്ന ഈ മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ കഴിയുക എന്നത് ലോകരക്ഷിതാവിന്റെ അപാരമായ അനുഗ്രഹവും മഹാഭാഗ്യവുമാണെന്ന് പറയുന്നത് വസ്തുനിഷ്ഠമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല.

''വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു'' (2:257).

അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം ആശ്ലേഷിച്ചുെവന്നത് ആരോടെങ്കിലും കാണിച്ച ഔദാര്യമല്ല; മറിച്ച് ദൈവികമായ മഹാ അനുഗ്രഹമാണെന്ന് ചിലരെ തിരുത്തിക്കൊണ്ട് ക്വുര്‍ആന്‍ പ്രസ്താവിച്ചത്:

''അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)'' (49:17).

''അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും''(3:83).