നമ്മള്‍ ഒന്നും  കൊണ്ടുപോകില്ല...!

സമീര്‍ മുേണ്ടരി

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

ആ നാലുപേര്‍ പ്രളയംകൊണ്ട് ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള വസ്ത്രങ്ങളും മറ്റും ചോദിച്ചിറങ്ങിയതാണ്. വലിയ കടകളിലെ പലരുടെയും പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല. നാം ആരെയും കുറ്റപ്പെടുത്തുന്നില്ല. ആളുകളുടെ സാഹചര്യവും അവസ്ഥയും നമുക്കറിയില്ലല്ലോ.

മറ്റുള്ളവര്‍ക്ക് സഹായം ചോദിച്ചുള്ള ആ നാല് പേരുടെ യാത്രയില്‍ കേരളം കണ്ട ഒരു നന്മ മരമാണ് നൗഷാദ്. ദുരിതമനുഭനിക്കുന്നവര്‍ക്ക് തന്റെ കൊച്ചു കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാരി ചാക്കുകളില്‍ നിറച്ചു നല്‍കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ നമുക്ക് ചില തിരിച്ചറിവുകള്‍ പകരേണ്ടതുണ്ട്.

'ഇതാണ് എനിക്ക് ലാഭം...'

അദ്ദേഹം തന്റെ സമ്പാദ്യം വാരി ചാക്കുകളില്‍ നിറക്കുന്നത് കണ്ടപ്പോള്‍ വസ്ത്രം ചോദിച്ചെത്തിയവരുടെ കണ്ണുകള്‍ നിറയുകയും മനസ്സ് പിടയുകയും ചെയ്തിട്ടുണ്ടാകും; ആ വീഡിയോ കണ്ടവരുടെയും. 'ഇത് താങ്കള്‍ക്ക് നഷ്ടമാകില്ലേ' എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായി അദ്ദേഹം പറഞ്ഞ മറുപടി 'ഇതാണ് എനിക്ക് ലാഭം... നാം ഇവിടെ നിന്ന് പോകുമ്പോള്‍ ഒന്നും കൊണ്ട് പോകില്ല... ഈ നല്‍കുന്നതൊന്നും നഷ്ടമല്ല' എന്നായിരുന്നു. ഈ വാക്കുകള്‍ നല്‍കുന്ന തിരിച്ചറിവ് ഏറെ വലുതാണ്.

അദ്ദേഹം ചാക്കുകള്‍ നിറക്കുന്നത് കണ്ടപ്പോള്‍ ലൈവ് കൊടുക്കുന്നവര്‍ 'ഞങ്ങള്‍ക്ക് സങ്കടമാകുന്നുണ്ട് നൗഷാദ്. മതി, ഒരുപാടായി. ഇതെന്തൊരു മനുഷ്യനാണ്! നിങ്ങളിങ്ങനെ തന്നാല്‍ ഞങ്ങള്‍ക്ക് വിഷമമാണ്' എന്ന് പറഞ്ഞുപോയി. ഒരിക്കല്‍ കൂടി അദ്ദേഹം പ്രതികരിച്ചത് 'എനിക്ക് സങ്കടമില്ല. ഉപകരിക്കുന്നവര്‍ക്ക് ഉപകാരപ്പെടട്ടെ' എന്നായിരുന്നു.

തന്റെ പറമ്പിലേക്ക് അന്യര്‍ അനുവാദം കൂടാതെ പ്രവേശിക്കരുതെന്ന് ബോര്‍ഡ് വെച്ചവരുടെ പറമ്പിലേക്ക് അനുവാദം ചോദിക്കാതെ വെള്ളം കുതിച്ചു കയറിയ കാഴ്ചയും നാം കണ്ടു. ഒരു പക്ഷേ, ഗെയ്റ്റിന് മുന്നിലെ വാചകങ്ങള്‍ വായിച്ച് അനുവാദം ചോദിക്കാതെ ഉള്ളില്‍ കടന്നുചെന്ന രക്ഷാ പ്രവര്‍ത്തകര്‍ ബോര്‍ഡ് വെച്ചവരെയും കുടുംബത്തെയും രക്ഷപ്പെടുത്തിയിട്ടുണ്ടാകും...! പ്രളയ സമയത്ത് ദുരിതമനുഭവിക്കുന്നവരുടെ അടുത്തേക്ക് തന്റെ വാഹനം എടുത്ത് വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു സ്‌നേഹിതനെക്കുറിച്ച് മറ്റൊരു സഹോദരന്റെ പറഞ്ഞത് 'അവന്  ഭ്രാന്താണ്' എന്നായിരുന്നു!

ഇത്തരം ആളുകള്‍ക്കിടയിലാണ് 'നാം ഇവിടെ നിന്ന് ഒന്നും കൊണ്ട് പോകില്ല' എന്ന് പറയുന്ന നൗഷാദുമാര്‍ ജീവിക്കുന്നത്. അദ്ദേഹം ചാക്കുകളില്‍ വസ്ത്രം വാരി നിറക്കുന്നത് കണ്ടപ്പോള്‍ ഓര്‍മ വന്നത് വിശുദ്ധ ക്വുര്‍ആനിലെ ഒരു വചനമാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍'' (സൂറതുസ്സ്വഫ്ഫ്: 9,10).

അറിവ് പോരാ, തിരിച്ചറിവ് നേടുക!

നൗഷാദിന്റെ പ്രവര്‍ത്തനത്തില്‍ പ്രചോദിതരായി ധാരാളം കച്ചവടക്കാര്‍ വിശാലമായി ദാനം ചെയ്യുന്നതും നാം കണ്ടു. മറ്റുള്ളവരെ സഹായിക്കാന്‍ സമ്പത്തുണ്ടായാല്‍ മാത്രം പോരാ, മറിച്ച് അവരുടെ വേദനകള്‍ കാണാന്‍ കഴിവുള്ള മനസ്സു കൂടി വേണം. ചെയ്യുന്ന നന്മകള്‍ക്ക് പ്രതിഫലം ലഭിക്കുന്ന നല്ല ഒരു നാളെയെക്കുറിച്ച് നാം ബോധവാന്മാരാവുക. നമ്മുടെ നന്മകള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്ന ഒരു പരലോകം നമ്മെ കാത്തിരിക്കുന്നുണ്ട്; ചെയ്യുന്ന തിന്മകള്‍ക്ക് അതിന്റെ തോതനുസരിച്ചുള്ള ശിക്ഷയും. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (സൂറതുസ്സല്‍സല: 7,8).