ഭരണവും നേതൃത്വവും ഉത്തരവാദിത്തമാണ്

ഹുസൈന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലുശൈഖ്

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

(വിവ: സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി)

(18/3/2011ന് മസ്ജിദുന്നബവിയില്‍ നടത്തിയ ഖുത്വുബയുടെ വിവര്‍ത്തനം )

മുസ്‌ലിം സഹോദരങ്ങളേ, ഭരണരംഗത്തും നേതൃരംഗത്തും ഏല്‍പിക്കപ്പെട്ട അമാനത്തുകള്‍ അതിന്റെ മുഴുവന്‍ മേഖലകളിലും കാത്ത് സൂക്ഷിക്കുകയെന്നതും, ചതിയും വഞ്ചനയും പാടെ ഉപേക്ഷിക്കുകയെന്നതും ഈ ദീനിന്റെ മഹത്തായ അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്'' (8:27).

നബി ﷺ പറഞ്ഞു: ''നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, തങ്ങളുടെ ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇമാം ഭരണകര്‍ത്താവാണ്, അദ്ദേഹം തന്റെ ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടും'' (ബുഖാരി, മുസ്‌ലിം).

മേല്‍ സൂചിപ്പിക്കപ്പെട്ട അടിസ്ഥാന നിയമങ്ങള്‍ പാലിക്കുന്നതില്‍ സംഭവിച്ചിട്ടുള്ള പിഴവു കാരണമാണ് ആധുനിക കാലഘട്ടത്തില്‍ സമുദായത്തെയും മനുഷ്യരെ പൊതുവിലും ബാധിച്ചിട്ടുള്ള സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അരാജകത്വവും അപകടങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുള്ളത്. ഏല്‍പിക്കപ്പെട്ട അമാനത്തുകളില്‍ വീഴ്ച വന്നത് കാരണത്താല്‍ എത്രയെത്ര രാജ്യങ്ങളിലാണ് അക്രമങ്ങളും ജീവനാശവും സാമ്പത്തിക നഷ്ടവും ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത്!

വളരെ പ്രധാനപ്പെട്ട ഒന്നാണ് ഭരണ നേതൃത്വ രംഗത്തെ അമാനത്തുകള്‍. അത് ഏത് മേഖലയിലാണെങ്കിലും, ചെറുതും വലിയതുമായവയാണെങ്കിലും കൃത്യമായി പാലിക്കേണ്ടതുണ്ട്. അത്‌കൊണ്ട് തന്നെയാണ് ഈ വിഷയത്തെ സംബന്ധിച്ച് ഇസ്‌ലാമില്‍ കര്‍ക്കശമായ നിയമങ്ങളും വ്യവസ്ഥകളും ശരീഅത്ത് അനുശാസിക്കുന്നത്. അബൂദര്‍റ്(റ)വിന്റെ സംഭവം നാം ശ്രദ്ധിക്കുക:

അബൂദര്‍റ്(റ)വില്‍ നിന്ന്; ഞാന്‍ പറഞ്ഞു: ''തിരുദൂതരേ, എന്നെ നിങ്ങള്‍ ചുമതലയേല്‍പിക്കുന്നില്ലയോ?'' അപ്പോള്‍ നബി ﷺ തന്റെ കൈകൊണ്ട് എന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറയുകയുണ്ടായി: ''ഓ, അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. തീര്‍ച്ചയായും അത് അമാനത്താണ്. തീര്‍ച്ചയായും പദവികളും സ്ഥാനങ്ങളും അര്‍ഹമായ രൂപത്തില്‍ ലഭിക്കുകയും അര്‍ഹമായ രൂപത്തില്‍ അത് നിറവേറ്റുകയും ചെയ്യാത്തവര്‍ക്കത് പരലോകത്ത് നിന്ദ്യതയും ഖേദവുമായിരിക്കും'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ പറയുകയുണ്ടായി: ''നേതൃത്വത്തിന് വേണ്ടി നിങ്ങള്‍ അത്യാഗ്രഹം കാണിക്കുക തന്നെ ചെയ്യുന്നതാണ്; എന്നാല്‍ അത് പരലോകത്ത് ഖേദം തന്നെയായിരിക്കും'' (ബുഖാരി).

ഈ അടിസ്ഥാനത്തില്‍, മുഴുവന്‍ ഭരണവും നേതൃത്വവും കൃത്യമായ കല്‍പനകളും വിരോധങ്ങളും ഉള്‍കൊള്ളുന്ന ചട്ടക്കൂടുകള്‍ക്ക് വിധേയമായിട്ടായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് മഹത്തായ ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്. എപ്പോഴെല്ലാം ഈ കാര്യങ്ങള്‍ പരിഗണിക്കപ്പെടുകയും പരലോക ഭയം ഉണ്ടാവുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം അമാനത്ത് അതിന്റെ പരിപൂര്‍ണ രൂപത്തില്‍ നിര്‍വഹിക്കപ്പെടുകയും, ഭരണം അതിന്റെ വ്യത്യസ്ത മേഖലകളിലും നന്മ പ്രദാനം ചെയ്യുകയും, വ്യത്യസ്ത തിന്മകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ്. അപ്പോള്‍ അതിന്റെ പര്യവസാനം സ്തുത്യര്‍ഹവും ചരിത്രം നല്ലതും ഫലങ്ങള്‍ തൃപ്തികരവുമായിരിക്കും.

മുസ്‌ലിം സഹോദരങ്ങളേ, ഭരണനേതൃത്വ രംഗങ്ങളില്‍ പാലിക്കേണ്ട ചട്ടക്കൂടുകളില്‍ പെട്ട ഒരു കാര്യമാണ് ഭരണകര്‍ത്താക്കളോ, വിധികര്‍ത്താക്കളോ ആയവര്‍ തങ്ങളില്‍ ഏല്‍പിക്കപ്പെട്ട മുഴുവന്‍ മേഖലകളിലും പരിപൂര്‍ണ നീതി നടപ്പാക്കല്‍ അനിവാര്യമാകുന്നു എന്നത്. അതാണ് ക്വുര്‍ആന്‍ പറയുന്നത്:

''ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും'' (28:83).

ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട മേഖലകളിലും നേതൃത്വമേല്‍പിക്കപ്പെട്ട രംഗങ്ങളിലും നീതി പ്രവര്‍ത്തിക്കുന്നവരെ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പുകഴ്ത്തിതായി കാണാം. അല്ലാഹുവിന്റെ തണലല്ലാതെ മറ്റാരുടെയും തണല്‍ ലഭിക്കാത്ത സന്ദര്‍ഭത്തില്‍ അല്ലാഹു തണല്‍ നല്‍കി ആദരിക്കുന്ന ഏഴ് വിഭാഗങ്ങില്‍ ഒന്ന് പറഞ്ഞിരിക്കുന്നത് 'നീതിമാനായ ഭരണാധികാരി'യെയാകുന്നു. (ബുഖാരി, മുസ്‌ലിം).

അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുകയുണ്ടായി: ''തീര്‍ച്ചയായും നീതി നടപ്പിലാക്കുന്നവര്‍ അല്ലാഹുവിന്റെയടുത്ത് പ്രകാശം കൊണ്ടുള്ള മിമ്പറുകളിലായിരിക്കും; തങ്ങളുടെ വിധികളിലും കുടുംബങ്ങളിലും പ്രജകളിലും നീതി നടപ്പാക്കുന്നവര്‍''(മുസ്‌ലിം).

ഭരണ നേതൃത്വ രംഗങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാണ് അനീതി കടന്നുവരുന്ന മുഴുവന്‍ മേഖലകളെയും സൂക്ഷിക്കുകയെന്നത്. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്നു:

''എന്റെ അടിമകളേ, അനീതി ഞാന്‍ സ്വയംതന്നെ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ അനീതി ചെയ്യരുത്.''

മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ച വേളയില്‍ റസൂല്‍ ﷺ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നമുക്ക് ഇങ്ങനെ കാണാം:

''അനീതിക്കിരയായവ(അക്രമിക്കപ്പെട്ടവ)ന്റെ പ്രാര്‍ഥന നീ സൂക്ഷിക്കുക. കാരണം അവനും (അക്രമിക്കപ്പെട്ടവന്‍) അല്ലാഹുവിനുമിടയില്‍ മറയുണ്ടായിരിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).

മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന്റെ നേതൃത്വമോ ഭരണമോ ലഭ്യമായതിന് ശേഷം ഏതെങ്കിലും രൂപത്തിലുള്ള അനീതിയോ അക്രമമോ ചെയ്യുന്നതിനെതിരെ നബി ﷺ താക്കീത് നല്‍കുന്നത് കാണുക:

''തീര്‍ച്ചയായും അല്ലാഹു അക്രമികള്‍ക്ക് (അവസരങ്ങള്‍) നീട്ടികൊടുക്കുന്നതാണ്. എന്നാല്‍ അവരെ പിടിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരിക്കലും കുതറിമാറാന്‍ സാധ്യവുമല്ല.'' ശേഷം ഈ ക്വുര്‍ആന്‍ വചനം പാരായണം ചെയ്യുകയുണ്ടായി:

''വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്'' (11:102).

മുസ്‌ലിം സമൂഹമേ, മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വമോ, ഭരണമോ നിങ്ങളുടെ കൈകളില്‍ വന്നാല്‍ നിങ്ങള്‍ ജനങ്ങളെ ഉപദേശിക്കുകയും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ആത്മാര്‍ഥത കാണിക്കുകയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ സത്യസന്ധത കാണിക്കുകയും ചെയ്യുക. നബി ﷺ പറയുന്നു:

''ഒരു സമൂഹത്തിന്റെ നേതൃത്വം അല്ലാഹു തന്റെ ഒരു അടിമക്ക് നല്‍കിയതിന് ശേഷം ആ പ്രജകളെ വഞ്ചിച്ച് കൊണ്ടാണ് അവന്‍ മരണപ്പെടുന്നതെങ്കില്‍ അവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കാതിരിക്കുകയില്ല.'' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്: ''തന്റെ സമൂഹത്തിന് ഗുണകാംക്ഷ നല്‍കുന്നില്ല എങ്കില്‍ അവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത് കാണുക: ''ഒരു വിഭാഗം മുസ്‌ലിംകളുടെ അമീറായി നിയോഗിക്കപ്പെട്ടതിന് ശേഷം അവരെ ഉപദേശിക്കുവാന്‍ അവന്‍ പരിശ്രമിക്കുന്നില്ലായെങ്കില്‍ അവന്‍ അവരോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല തന്നെ'' (മുസ്‌ലിം).

ഈ രംഗത്തുള്ള, ഇസ്‌ലാമിലെ മറ്റൊരു നിയമമാണ് ഭരണ നേതൃത്വ രംഗത്തുള്ളവര്‍ തങ്ങളുടെ കീഴിലുള്ളവരോട് അനുകമ്പയും ദയയും കരുണയും കാണിക്കുകയെന്നത്.

 ആഇശ(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ ﷺ എന്റെ ഈ വീട്ടില്‍ വെച്ച് പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: 'അല്ലാഹുവേ, എന്റെ സമുദായത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ ആര്‍ക്കെങ്കിലും നേതൃത്വം ലഭിച്ചതിന് ശേഷം അത് മുഖേന അവരെ പ്രയാസപ്പെടുത്തുകയാണെങ്കില്‍ അവന് നീ പ്രയാസവും കുടുസ്സതയും നല്‍കേണമേ. എന്റെ സമുദയാത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ ആര്‍െക്കങ്കിലും നേതൃത്വം ലഭിച്ചതിന് ശേഷം അത് മുഖേന തന്റെ കീഴിലുള്ളവരോട് കരുണ കാണിക്കുകയാണെങ്കില്‍ അവന് നീ കാരുണ്യം നല്‍കേണമേ'' (മുസ്‌ലിം).

ആയിദ്ബ്‌നു അംറ്(റ)വില്‍ നിന്ന്; അദ്ദേഹം ഉബൈദുല്ലാഇബ്‌നു സിയാദി(റ)ന്റെയടുത്ത് പ്രവേശിച്ചപ്പോള്‍ അദ്ദഹം പറയുകയുണ്ടായി: ''എന്റെ കുഞ്ഞുമകനേ, റസൂലുല്ലാഹ് ﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: 'നേതൃത്വം ലഭിച്ചവരില്‍ ഏറ്റവും മോശപ്പെട്ടവര്‍ 'ഹുത്വമ'യുടെ ആളുകളാണ്. നീ അവരില്‍ ഉള്‍പ്പെടുന്നതിനെ സൂക്ഷിക്കുക'' (ബുഖാരി, മുസ്‌ലിം).

'ഹുത്വമ' എന്ന് പറഞ്ഞാല്‍; 'തന്റെ കീഴിലുള്ളവരോട് പരുഷതയോടെ, കാഠിന്യത്തോടെ, യാതൊരു കരുണയും സൗമ്യതയും കൂടാതെ പെരുമാറുന്നവരാകുന്നു.'

ഒരു വിഭാഗം മുസ്‌ലിംകളുടെ ഉത്തരവാദിത്തവും നേതൃത്വവും ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അവര്‍ തങ്ങളുടെ കീഴിലുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും കേള്‍ക്കുകയും ചെയ്യുകയെന്നതും, അവരുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കുവാന്‍ പരിശ്രമിക്കലും, ഏതെല്ലാം രൂപത്തില്‍ അവരുടെ അവസ്ഥകള്‍ ഭംഗിയാക്കാന്‍ കഴിയുമോ അതിന് വേണ്ടി അധ്വാനിക്കലും, അതിനായി സമയം കണ്ടെത്തലും അനിവാര്യമാണ് എന്നത് ഇസ്‌ലാമിന്റെ ഈ വിഷയത്തിലുള്ള നിയമത്തില്‍ പെട്ടതാകുന്നു. നേതൃത്വമേല്‍പിക്കപ്പെട്ടവര്‍ തങ്ങളുടെ കീഴിലുള്ളവരുടെ അവസ്ഥകളും പ്രശ്‌നങ്ങളും മനസ്സിലാക്കുന്നതിന് യാതൊരുവിധ തടസ്സവും മറയും നേതൃത്വത്തിനും പ്രജകള്‍ക്കുമിടയില്‍ ഉണ്ടാക്കുവാന്‍ പാടില്ല.

അബൂമറ്‌യം അല്‍ അസദി(റ)വില്‍ നിന്ന്, അദ്ദേഹം മുആവിയ്യ:(റ)വിനോട് പറയുകയുണ്ടായി: 'റസൂലുല്ലാഹ് ﷺ പറയുന്നതായി കേള്‍ക്കുകയുണ്ടായി: 'മുസ്‌ലിംകളുടെ ഏതെങ്കിലും കാര്യത്തില്‍ അല്ലാഹു ഒരാളെ ചുമതലയേല്‍പിച്ചാല്‍ അവരുടെ ആവശ്യങ്ങള്‍ക്കും, ദാരിദ്ര്യത്തിനുമിടയില്‍ മറയിടുകയാണെങ്കില്‍ പരലോകത്ത് അല്ലാഹു അവന്റെ ആവശ്യങ്ങള്‍ക്കും, ദാരിദ്ര്യത്തിനുമിടയില്‍ മറയിടുന്നതാണ്''. അത്‌കൊണ്ട് തന്നെ മുആവിയ്യ(റ) ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുവാനും നിര്‍വ്വഹിക്കുവാനുമായി ഒരാളെ നിയമിച്ചിരുന്നു'' (അബൂദാവൂദ്, തിര്‍മിദി. ഈ ഹദീസിന്റെ സനദ് സ്വഹീഹാകുന്നു).

മുസ്‌ലിം സഹോദരങ്ങളേ, തക്വ്‌വയുള്ള സല്‍കര്‍മികളെയും നന്മകള്‍ ചെയ്യുന്ന സന്‍മാര്‍ഗികളെയും തമ്മില്‍ അടുപ്പിക്കുകയും അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയും ചെയ്യുകയെന്നതും, കുഴപ്പുങ്ങളും ഉപദ്രവങ്ങളും ഉണ്ടാക്കുകയും ദേഹേച്ഛകളെ പിന്‍തുടരുകയും ചെയ്യുന്നവരെ അകറ്റുകയും അവരെ ഉപദേശിക്കുകയും ചെയ്യുകയെന്നതും ഭരണനേതൃത്വം ലഭിച്ചവരുടെ നിര്‍ബന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ പഠിപ്പിക്കുന്നത്.

അബൂഹുറയ്‌റ(റ), അബൂസഈദ്(റ)വില്‍ നിന്ന്; നബി ﷺ പറഞ്ഞു: ''രണ്ട് കാര്യങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കാതെ അല്ലാഹു ഒരു നബിയെയും നിയോഗിച്ചിട്ടില്ല; ഒരു ഖലീഫയെയും ഖിലാഫത്ത് ഏല്‍പിക്കുകയും ചെയ്തിട്ടില്ല. അതില്‍ ഒന്ന് നന്‍മ കല്‍പിക്കുകയും അതിന് പ്രേരണ നല്‍കുകയും ചെയ്യുകയെന്നതും, രണ്ടാമത്തേത് തിന്‍മ ചെയ്യുകയും അതിന് പ്രേരണ നല്‍കുകയും ചെയ്യുകയെന്നതാണ്. അല്ലാഹു പാപസുരക്ഷിതത്വം നല്‍കിയവര്‍ക്കാണ് പാപസുരക്ഷിതത്വമുള്ളത്''(ബുഖാരി).

ആഇശ(റ) തന്റെ പിതാവില്‍ നിന്ന്; അവര്‍ പറയുന്നു: ''അല്ലാഹു ഒരു അമീറിന് (നേതാവിന്) നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ സത്യത്തിന്റെ മന്ത്രിയാക്കും. അവന്‍ മറന്നുപോയാല്‍ അവനെ ഓര്‍മിപ്പിക്കും. അവന്‍ ഓര്‍മിച്ചാല്‍ അത് ചെയ്യാന്‍ അവനെ സഹായിക്കും. അല്ലാഹു മറ്റുവല്ലതും അവനെക്കൊണ്ട് ഉദ്ദേശിക്കുകയാണെങ്കില്‍ അവനെ ചീത്ത മന്ത്രിയാക്കും. അവന്‍ മറന്നാല്‍ ഓര്‍മിപ്പിക്കുകയോ അവന്‍ ഓര്‍ത്താല്‍ അതിനവനെ സഹായിക്കുകയോ ചെയ്യില്ല'' (അബൂദാവൂദ്, നസാഈ. ഈ ഹദീസിന്റെ സനദ് സ്വഹീഹാകുന്നു).

പദവികളും നേതൃത്വവും അത് എത്ര തന്നെ ഉന്നതമായിരുന്നാലും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഗുണത്തിനും അതുപയോഗിക്കുകയെന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചരിക്കുന്നുവെന്നത് ഭരണ നേതൃത്വ രംഗത്തുള്ള ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാകുന്നു.

നബി ﷺ പറയുകയുണ്ടായി: ''ചിലയാളുകളുണ്ട്; അവര്‍ യാതൊരു അവകാശവും കൂടാതെ അല്ലാഹുവിന്റെ സമ്പത്ത് (പൊതുസ്വത്ത്) അനുഭവിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അവസാന നാളില്‍ നരകം തന്നെയായിരിക്കും''(ബുഖാരി).

തന്റെ പദവികളും സ്ഥാനമാനങ്ങളും നേതൃസ്ഥാനവും ഉപയോഗിച്ച് തനിക്ക് അനനുവദനീയമായ പൊതുമുതല്‍ കരസ്ഥമാക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നവര്‍ മനുഷ്യരിലേക്കും ജിന്നുകളിലേക്കും നിയുക്തനായ പ്രവാചകന്‍ ﷺ യുടെ ശക്തമായ താക്കീത് കേള്‍ക്കുക:

 ''നിങ്ങളില്‍ ആരെയെങ്കിലും നാം ഒരു ചുമതലയേല്‍പിച്ചിട്ട് അതില്‍ നിന്ന് ഒരു ചെറിയ സൂചിയോ, അതിനു മുകളിലുള്ളതോ വഞ്ചിച്ചെടുത്താല്‍ അവസാന നാളില്‍ അവനതുമായി വരുന്നതാണ്'' (മുസ്‌ലിം).

ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ മറ്റൊരു നിയമമാണ് ഭരണ നേതൃത്വങ്ങളിലുള്ളവര്‍ തങ്ങളുടെ കീഴിലുള്ളവരില്‍ നിന്ന് ആത്മാര്‍ഥതയോടെ സത്യസന്ധതയോടെ, നന്‍മയും ഐക്യവും ഉദ്ദേശിച്ച്‌കൊണ്ട് ശരീഅത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി കാര്യങ്ങളവതരിപ്പിക്കുന്നവര്‍ക്ക് ചെവികൊടുക്കലും അവരെ ശ്രദ്ധിക്കലും അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരായാലും. വിധികര്‍ത്താക്കളുടെയെല്ലാം നേതാവായ തിരുദൂതരെ സംബന്ധിച്ച് ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്''(3:159).

മുസ്‌ലിം സമൂഹമേ, മുസ്‌ലിംകളുടെ നേതൃത്വവും നായകത്വവും തുടരെ ലഭിച്ചിട്ടുള്ളവരേ! നിങ്ങള്‍ ആ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും തങ്ങളുടെ കീഴിലുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുക. അതുപോലെ തിരഞ്ഞെടുക്കുമ്പോള്‍ അതിന് യോജിക്കുന്നവരെയും അമാനത്തും പ്രാപ്തിയുമുള്ള നീതി നിര്‍വഹിക്കുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. വ്യക്തിപരമായ നേട്ടമോ, തുഛമായ ലാഭമോ, മറ്റുവല്ല പ്രേരകങ്ങളോ ഈ കാര്യത്തില്‍ ഒരിക്കലും പരിഗണിക്കാതിരിക്കുക. ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ'' (28:26).

താഴെ കൊടുക്കുന്ന പ്രസിദ്ധമായ ഒരു വാചകം കൂടി നാം ഓര്‍ക്കുക: ''ആരെങ്കിലും ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ വരികയും അദ്ദേഹത്തെക്കാള്‍ അല്ലാഹുവിന് ത്യപ്തിയുള്ള പ്രാപ്തനായവന്‍ അവരില്‍ ഉണ്ടാകുകയും ചെയ്താല്‍ അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും വഞ്ചിച്ചിരിക്കുന്നു.''