പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 5)

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

മതത്തിന്റെ തെളിവുകള്‍ എല്ലാവരിലേക്കുമായുള്ള അല്ലാഹുവിന്റെ ന്യായങ്ങളും രേഖകളുമാണ്. എന്നാല്‍ പണ്ഡിതാഭിപ്രായങ്ങള്‍ അങ്ങനെയല്ല. മതപരമായ തെളിവ് മറ്റൊരു എതിര്‍ത്തെളിവ് വരാത്തിടത്തോളം ഒരിക്കലും അബദ്ധമോ അസംബന്ധമോ ആയിരിക്കുകയില്ല. എന്നാല്‍ പണ്ഡിതാഭിപ്രായങ്ങള്‍ അതുപോലെയല്ല.

മേല്‍ വിവരിച്ച സാധ്യതകള്‍ പറഞ്ഞുകൊണ്ട് നമുക്ക് ലഭ്യമായ തെളിവുകള്‍ക്കുപരിയായി പണ്ഡിതാഭിപ്രായങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ നമ്മുടെ പക്കല്‍ യാതൊരു തെളിവുകളും ശേഷിക്കുമായിരുന്നില്ല. പറഞ്ഞതിന്റെ ചുരുക്കം ഇതാണ്; ഒരു പണ്ഡിതന് ഒരു ഹദീഥ് മാറ്റിവെക്കാന്‍ എന്തെങ്കിലും ന്യായമുണ്ടായിരുന്നിരിക്കാം. അത്തരം പണ്ഡിതാഭിപ്രായങ്ങള്‍ മാറ്റിവെക്കാന്‍ നമുക്ക് പല ന്യായങ്ങളുണ്ട്. അല്ലാഹു പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണല്ലോ: ''അത് കഴിഞ്ഞുപോയ ഒരു സമൂഹമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല'' (അല്‍ബക്വറ: 136).

അല്ലാഹു പറയുന്നു: ''ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും (ക്വുര്‍ആനിലേക്കും) റസൂലിലേക്കും (സുന്നത്തിലേക്കും) മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്)'' (അന്നിസാഅ്: 59).

ഒരാളുടെ വാക്കിനെയും ന്യായമാക്കിക്കൊണ്ട് നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ടു വന്ന ഹദീഥിനെതിരായി നിലകൊള്ളുവാന്‍ ഒരാള്‍ക്കും പാടുള്ളതല്ല.

ഒരാള്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിച്ച ഒരു വിഷയത്തിന് നബി ﷺ യുടെ ഹദീഥുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ അയാള്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ഇങ്ങനെ പറഞ്ഞു: ''എന്നാല്‍ അബൂബക്കര്‍(റ), ഉമര്‍(റ) മുതലായവര്‍ ഇങ്ങനെയാണല്ലൊ പറഞ്ഞത്.'' അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ആകാശത്ത് നിന്ന് ചരല്‍മഴ നിങ്ങള്‍ക്കു മേല്‍ വര്‍ഷിക്കാനായിരിക്കുന്നു! അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ (അതിനെതിരായി) 'അബൂബക്കറും ഉമറും ഇങ്ങനെ പറഞ്ഞിരുന്നു' എന്ന് നിങ്ങള്‍ പറയുകയോ?''

മേല്‍ പറയപ്പെട്ട കാരണങ്ങളിലേതെങ്കിലുമൊക്കെ കൊണ്ടായിരിക്കും ഒരു പണ്ഡിതന്‍ ഒരു ഹദീഥ് സ്വീകരിക്കാതിരിക്കുന്നത് എന്ന് വരുമ്പോള്‍ അവരെക്കുറിച്ച് ഹലാലോ (അനുവദനീയം) ഹറാമോ (നിഷിദ്ധം) അല്ലെങ്കില്‍ വല്ല വിധികളോ നിരാകരിച്ചവരെന്നോ, അല്ലാഹു അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധിച്ചവരെന്നോ, അതിനാല്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നോ ഒരിക്കലും പറയാവുന്നതല്ല. അപ്രകാരം തന്നെ ഏതെങ്കിലും കാര്യം ചെയ്താല്‍ അതിന് ശാപമോ കോപമോ ശിക്ഷയോ പോലുള്ള എന്തെങ്കിലും താക്കീതുകളും ഭീഷണികളുമുള്‍ക്കൊള്ളുന്ന ഒരു ഹദീഥാണ് ഒഴിവാക്കപ്പെട്ടതെങ്കില്‍ ഇന്നത് അനുവദിച്ച, അല്ലെങ്കില്‍ ഇന്നത് ചെയ്ത ആ പണ്ഡിതന്‍ ഈ താക്കീതിന്റെ പരിധിയില്‍ വരുമെന്ന് പറയാനും പറ്റുകയില്ല.

ഇക്കാര്യത്തില്‍ ഇസ്‌ലാമിക ലോകത്ത് എന്തെങ്കിലും എതിരഭിപ്രായമുള്ളതായി നമുക്കറിയില്ല; ബിശ്ര്‍ അല്‍മിര്‍രീസിയെയും മറ്റും പോലുള്ള ബാഗ്ദാദിലെ ചില മുഅ്തസിലിയാക്കളില്‍ നിന്നുദ്ധരിക്കപ്പെടുന്ന ചില സംഗതികളൊഴികെ. അവര്‍ വാദിക്കുന്നത് മുജ്തഹിദുകളുടെ കൂട്ടത്തില്‍ പിഴവ് സംഭവിക്കുന്നവര്‍ക്ക് ആ പിഴവിന്റെ പേരില്‍ ശിക്ഷ കിട്ടുമെന്നാണ്.

നിഷിദ്ധമായ ഒരു കാര്യം ചെയ്തയാള്‍ക്ക് ആ വിഷയത്തിലുള്ള ശിക്ഷ ബാധകമാകണമെങ്കില്‍ അത് നിഷിദ്ധമാണെന്നത് അയാള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതിന്റെ നിഷിദ്ധതയെ അറിയാനുള്ള സാഹചര്യം അയാള്‍ക്കുണ്ടായിരിക്കണം. അല്ലാതെ, ഏതെങ്കിലും കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തി അതല്ലെങ്കില്‍ അടുത്തകാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരാള്‍ മതത്തില്‍ നിഷിദ്ധമാക്കപ്പെട്ടതാണെന്നറിയാതെ വല്ല ഹറാമുകളും ചെയ്തുപോയാല്‍ അയാള്‍ കുറ്റക്കാരനാവുകയില്ല. അതിന്റെ പേരില്‍ അയാള്‍ക്കെതിരില്‍ ശിക്ഷാനടപടികള്‍ കൈകൊള്ളുകയുമില്ല-ആ നിഷിദ്ധത്തെ അനുവദനീയമായി കാണാനുതകുന്ന വിധത്തില്‍ മതപരമായ തെളിവുകളൊന്നും അയാളുടെ പക്കല്‍ ഇല്ല എന്നിരിക്കെ- നിഷിദ്ധത്തെ അറിയിക്കുന്ന ഹദീഥ് ലഭ്യമാകാതിരിക്കുകയും അനുവദനീയമാണെന്നതിന് മതപരമായ വല്ല തെളിവിനെയും അവലംബിക്കുകയും ചെയ്ത വ്യക്തി എങ്ങനെയാണ് കുറ്റക്കാരനാവുക? മറിച്ച്, അദ്ദേഹമാണ് ഒഴികഴിവിന് ഏറ്റവും അര്‍ഹതയുള്ളവന്‍.

അതുകൊണ്ട് തന്നെ തന്റെ വിധിയറിയാനുള്ള പരിശ്രമം(ഇജ്തിഹാദ്) കാരണമായി സ്തുത്യര്‍ഹമായ പ്രതിഫലം അയാള്‍ക്കുണ്ട് എന്നതാണ് വാസ്തവം.

അല്ലാഹു പറയുന്നു: ''ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക). ഒരു ജനവിഭാഗത്തിന്റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്‌നത്തില്‍ അവര്‍ രണ്ട് പേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു. അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്‌നം) ഗ്രഹിപ്പിച്ചു. അവര്‍ ഇരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു...''(അല്‍അമ്പിയാഅ്:78,79).

ഇവിടെ സുലൈമാന്‍ നബി(അ)ക്ക് പ്രത്യേകമായി ഗ്രാഹ്യത നല്‍കിയെന്ന് പരാമര്‍ശിക്കുകയും രണ്ടുപേര്‍ക്കും അറിവും വിധികല്‍പിക്കാനുള്ള അധികാരവും നല്‍കി എന്ന് പ്രശംസിക്കുകയും ചെയ്തു.

അപ്രകാരം തന്നെ സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം ചെയ്ത ഹദീഥില്‍ നബി ﷺ പറയുന്നു: ''നിശ്ചയം ഒരു വിധികര്‍ത്താവ് അന്വേഷണ പരിശ്രമം (ഇജ്തിഹാദ്) നടത്തുകയും ശരിയാവുകയും ചെയ്താല്‍ അയാള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഇനി അയാള്‍ പരിശ്രമിച്ചിട്ടും അബദ്ധം പറ്റിയാലോ; അയാള്‍ക്ക് ഒരു പ്രതിഫലമുണ്ടായിരിക്കും.''

അപ്പോള്‍ ഒരു ഗവേഷകന് അബദ്ധം പറ്റിയാലും ഒരു പ്രതിഫലമുണ്ട് എന്ന് വ്യക്തമായി. അയാളുടെ അന്വേഷണ പരിശ്രമത്തിന്റെ കാരണത്താലാണത്. അയാള്‍ക്കു സംഭവിച്ച അബദ്ധമാകട്ടെ, പൊറുക്കപ്പെടുന്നതുമാണ്. എല്ലാ വിധികളിലും ഒരാള്‍ക്ക് ശരി പറ്റുക എന്നത് വിരളവും ശ്രമകരവുമാണ്. അല്ലാഹു പറയുന്നു:

''മത കാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല'' (അല്‍ഹജ്ജ്: 78).

''നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' (അല്‍ബക്വറ:185).