മാസ്റ്ററുടെ തൂലികാ വിസ്മയം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 21)

(തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ (1856-1919), ഭാഗം: 2)

താഴെ പറയുന്ന മഹദ് ഗ്രന്ഥങ്ങള്‍ മാസ്റ്റര്‍ വിജ്ഞാന കൈരളിക്ക് സമര്‍പ്പിച്ചു.

1. മുസ്‌ലിംകളും പുതിയ വിദ്യാഭ്യാസവും.

2. മുസ്‌ലിംകളും ശാസ്ത്രവും.

3. മതവിജ്ഞാന രശ്മി (ഇസ്‌ലാമിക വിശ്വാസാചാര സംബന്ധമായ ലഘു പഠനം).

4. ഇസ്‌ലാംമത സാരസംഗ്രഹം (അദ്ദീനുല്‍ ഇസ്ലാം-ദീനിയ്യാത്ത്, അമലിയ്യാത്ത്; 5 ഭാഗങ്ങള്‍).

5. തഅ്‌ലീമുല്‍ മുബ്തദിഈന്‍ (ക്വുര്‍ആന്‍ ശാസ്ത്രീയ പാഠം) പാഠപുസ്തക പരമ്പര(15)

സര്‍ഗധനനായ കവി

തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ സര്‍ഗവസന്തം തീര്‍ത്ത കവിപ്രതിഭ കൂടിയായിരുന്നു. കല്യാണ സദസ്സുകളില്‍ പാടാനായി അദ്ദേഹമെഴുതിയ 'കുളല്‍' എന്ന മാപ്പിളപ്പാട്ട് മിക്ക മുസ്ലിം വീടുകളിലും സ്ത്രീകള്‍ ഈണത്തോടു കൂടി പാടിയിരുന്ന വളരെ പ്രചാരം ലഭിച്ച പാട്ടാണ്.(16)

മാതൃഭാഷയുടെ മധുരം മസ്ജിദിന്റെ മിമ്പറിലും

മാപ്പിളയുടെ മാതൃഭാഷയായ മലയാളത്തിന്റെ മധുരംകൊണ്ട് പള്ളികളുടെ പ്രസംഗപീഠങ്ങളെ ചേതോഹരമാക്കുന്നതിന് മാസ്റ്റര്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അന്ന് തിരൂരിലെ മലബാര്‍ ദീനുല്‍ ഇസ്ലാം സഭയുടെ മാനേജറായിരുന്ന തന്റെ സുഹൃത്ത് പൊന്നാനി വൈലത്തൂര്‍ ഞമണേങ്ങാട് പി. എം. മുഹ്‌യിദ്ദീന്‍ മൗലവിയെക്കൊണ്ട്, വെള്ളിയാഴ്ചകളില്‍ മുസ്ലിം പള്ളികളില്‍ അന്നും ഇന്നും വായിച്ചുപോരാറുള്ള ഈജിപ്റ്റുകാരനായ ഇബ്‌നുനുബാത്തയുടെ അറബിയിലുള്ള വെള്ളിയാഴ്ചയിലെ പള്ളി പ്രഭാഷണങ്ങള്‍ പരിപൂര്‍ണമായി പരിഭാഷപ്പെടുത്തിക്കുകയും തന്റെ സ്വലാഹുല്‍ ഇഖ്വാന്‍ പത്രത്തില്‍ അതിന് വമ്പിച്ച പ്രചാരം നല്‍കുകയും കേരളത്തിലങ്ങോളമിങ്ങോളം പള്ളികളില്‍ പ്രസ്തുത പരിഭാഷയുടെ വായന പ്രാവര്‍ത്തികമാക്കുന്നതിന് ലഭ്യമായ വിവിധ വിഭവങ്ങള്‍ വിനിയോഗിക്കുകയും ചെയ്തു.

'യാക്വൂത്തുന്‍ അത്വിയ്യ അലാ ഖുത്വബിന്നുബാത്തിയ്യ ബിലുഗത്തിന്‍ മലൈബാരിയ്യ ലി ഹിദായത്തിന്‍ മര്‍ദ്വിയ്യ' എന്ന ഫലിത മാണിക്യം -'ഒരു കൊല്ലത്തെ ഖുത്വുബയുടെ മുഴുവന്‍ തര്‍ജമ' എന്നായിരുന്നു ആ വിവര്‍ത്തന കൃതിയുടെ പൂര്‍ണ നാമം; ആ പരിഭാഷാ പുസ്തകത്തിന്റെ പുറംചട്ടയില്‍ കാണുന്ന പ്രശംസാകാവ്യം രചിച്ചത് ഹമദാനി തങ്ങളുടെ ഇല്‍ഫതുല്‍ ഇസ്ലാം എന്ന പ്രൗഢ ഗ്രന്ഥത്തിന് പ്രശംസാ കാവ്യം എഴുതിയ അക്കാലത്തെ മഹാപണ്ഡിതനായ വാഇദ് ഞമണേങ്ങാട് പീടിയേക്കല്‍ ഏനിക്കുട്ടി മുസ്ലിയാര്‍ ആയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

അക്കാലത്തെ 40 പ്രമുഖ പണ്ഡിതന്മാരുടെ പരിഭാഷക്കനുകൂലമായ അഭിപ്രായവും ആ പുസ്തകത്തിന്റെ ആദ്യ താളുകളില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.(17)

ഈ മാതൃഭാഷാ വിപ്ലവത്തിന്റെ അലയൊലികള്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്താളുകളെയെന്ന പോലെ വര്‍ത്തമാനകാല മുസ്ലിം കൈരളിയെയും ശബ്ദമുഖരിതമാക്കുന്നുണ്ട്.(18)

സ്‌കൂള്‍ സബ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച സെയ്ദാലിക്കുട്ടി മാസ്റ്റര്‍ മുഴുസമയവും സമുദായ സേവനത്തില്‍ മുഴുകി.

മാസ്റ്ററുടെ ശിഷ്യപ്രമുഖര്‍

അക്കാലത്തെ പ്രമുഖ സാഹിത്യകാരനും മാപ്പിളപ്പാട്ട് കവിയുമായിരുന്ന കൂട്ടായി സി. നൈനാന്‍ കുട്ടി മാസ്റ്റര്‍, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന ഇ. മൊയ്തു മൗലവി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖരാണ്.

സമുദായത്തിന്റെ അന്തസ്സുയര്‍ത്തിയ സന്താനങ്ങള്‍

ഒരു വീരത്യാഗിയുടെ അനിതരമായ അര്‍പ്പണബോധത്തോടെയും അടങ്ങാത്ത ആവേശത്തോടും കൂടി മുസ്‌ലിം സമുദായത്തിന്റെ നവോല്‍ക്കര്‍ഷത്തിനു വേണ്ടി മലബാറില്‍ ഉടനീളം അഹോരാത്രം സഞ്ചരിച്ച മഹാന്‍ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തുവെക്കാന്‍ വൈകിപ്പോയിരുന്നു.

ജ്യേഷ്ഠന്‍ അഹ്മദ് കുട്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ നാലുകണ്ടത്തില്‍ ബിയ്യുട്ടിയെ മാസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

അവരെയും രണ്ട് മക്കളെയും സംരക്ഷിക്കുക കൂടി ഈ വിവാഹത്തിലൂടെ ആ സേവനമനസ്‌കന്‍ ലക്ഷ്യം വെച്ചിരുന്നു. അവരില്‍ ജനിച്ച സി. സൈദാലിക്കുട്ടി മാസ്റ്ററുടെ ഏകമകന്‍ കെ. കെ. അബ്ദുറഹ്മാന്‍ അനന്യമായ സാമൂഹ്യസേനത്തിന്റെയും അനുപമമായ പത്രപ്രവര്‍ത്തനത്തിന്റെയും അനര്‍ഘ മാതൃകകള്‍ കാഴ്ചവെച്ചു.

കെ. കെ. അബ്ദുറഹ്മാന്‍

മലയാളം, അറബി, ഇംഗ്ലീഷ്, തമിഴ്, ഉറുദു, ഹിന്ദി ഭാഷകളില്‍ പ്രവീണനായിരുന്നു മാസ്റ്റര്‍. അദ്ദേഹമാണ് കേരളത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ മലയാള പത്രം 'കേരള ബന്ധു' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.

പിന്നീട് ഈ പത്രം 'മലേഷ്യാ മലയാളി' ആയി മാറി. 'മലനാട്', 'വിദേശ മലയാളി' എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തി. കോഴിക്കോട്ട് നിന്ന് ഇറങ്ങിയിരുന്ന 'ദിനപ്രഭ', 'പൗരശക്തി' എന്നീ പത്രങ്ങളുടെ സഹപത്രാധിപരായും സേവനമനുഷ്ഠിച്ചു. 'പാകിസ്ഥാന്‍ എന്നാല്‍' എന്നൊരു ഗ്രന്ഥം അദ്ദേഹത്തിന്റെതായിട്ടുണ്ട്.

തിരൂര്‍ വെട്ടത്ത് പുതിയങ്ങാടി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പതിനഞ്ചാം വയസ്സില്‍ അങ്ങാടിപ്പുറത്ത് ജോലിക്ക് ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനു ശേഷം മലേഷ്യയിലേക്ക് പോയി മലയാള പത്രപ്രവര്‍ത്തനത്തിന്റെ മഹനീയമായ മറുനാടന്‍ മാതൃകകള്‍ തീര്‍ത്തു. മലേഷ്യന്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ കീഴില്‍ മലേഷ്യയിലെ സഞ്ചാരികളുടെ പറുദീസയായ ഗ്വാമുസാങ് പട്ടണത്തില്‍(19) എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തു.

1940ല്‍ മലേഷ്യയില്‍നിന്ന് തിരിച്ചെത്തി തിരൂരിലെയും പരിസരത്തെയും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. സ്വന്തം ജ്യേഷ്ഠന്‍ ബാവു മാസ്റ്റര്‍ സ്ഥാപിച്ച മുസ്‌ലിം ധര്‍മ പരിപാലന സംഘത്തിന്റെ കീഴില്‍ 1962 ല്‍ വനിതാ കുടില്‍ വ്യവസായ സഹകരണ സംഘം (വീവിംഗ് സെന്റര്‍) ഉണ്ടാക്കി. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ(20) ഏരിയാ ഓര്‍ഗനൈസറായിരുന്നു.

മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക്(21) മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരൂര്‍ കൈനിക്കര യാഹു സാഹിബിന്റെ ഉടമസ്ഥതയിലുള്ള തിരൂര്‍ റയില്‍വെ സ്റ്റേഷന്റെ മുന്‍ഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ ജമാലിയാ അച്ചടിശാലയിലും(22) കൈനിക്കര ഹസൈനാര്‍ ഹാജിയുടെ ഹസീനാ പ്രസ്സിലും ജോലി ചെയ്തിട്ടുണ്ട്. 1973ല്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് നാട്ടിലെത്തിയ ശേഷം തിരൂര്‍ കോടതി പരിസരത്ത് വ്യവഹാര സേവന കേന്ദ്രം നടത്തിയിരുന്നു.(23)

1918ല്‍ ജനിച്ച കെ. കെ. അബ്ദുറഹ്മാന്‍ 1987 ഒക്ടോബര്‍ 3ന് നിര്യാതനായി.(24) അമ്മാവന്‍ നാലുകണ്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ കുഞ്ഞിഫാത്വിമയെയാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. മക്കളില്ലാത്തതിനാല്‍ കൊണ്ടേണക്കാട്ട് പാത്തുമ്മുവിനെ വിവാഹം ചെയ്തു. അതിലും അദ്ദേഹത്തിന് മക്കളുണ്ടായില്ല.(25)

മാസ്റ്ററുടെ ഭാര്യ ബിയ്യുട്ടിക്ക് അദ്ദേഹത്തിന്റെ ജ്യേഷ്ഠനുമായുള്ള ആദ്യ വിവാഹത്തിലുണ്ടായ മകന്‍ മുഹമ്മദ് എന്ന ബാവു മാസ്റ്ററും നവോത്ഥാന നഭസ്സിലെ നക്ഷത്രമായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനോടനുബന്ധിച്ച് കൊടിയ ക്ഷാമവും കോളറ മുതലായ പകര്‍ച്ചവ്യാധികളിലൂടെ നിരവധി മരണങ്ങളും മലബാര്‍ മുസ്‌ലിം ജീവിതം ദുസ്സഹമാക്കിയ സന്ദിഗ്ധ സാഹചര്യത്തിലാണ് മുഹമ്മദ് എന്ന ബാവു മാസ്റ്ററുടെ നേതൃത്വത്തില്‍ തിരൂര്‍ കോളറ നിവാരണ സംഘവും പിന്നീട് 1943ല്‍ മുസ്‌ലിം ധര്‍മ പരിപാലന സംഘവും പരിഹാരവുമായി രംഗത്ത് വരുന്നത്.(26)

അനാഥരും അഗതികളുമായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മത, ഭൗതിക വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഏറ്റെടുത്ത് അവരെ സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുത്തൂരില്‍ മുസ്‌ലിം ധര്‍മ പരിപാലന സംഘത്തിന്റെ കീഴില്‍ അനാഥശാലയും മദ്‌റസയും ജുമുഅ പള്ളിയും യു.പി. സ്‌കൂളും പിന്നീട് ഐ.ടി.സിയും സ്ഥാപിക്കപ്പെട്ടു.

മാസ്റ്ററുടെ ഭാര്യക്ക് അദ്ദേഹത്തിന്റെ ജ്യേഷ്ഠനുമായുള്ള ആദ്യ വിവാഹത്തിലുണ്ടായ മകള്‍ ഫാത്വിമയെ താനാളൂരിലേക്കാണ് വിവാഹം ചെയ്തുകൊടുത്തത്. ബാവു മാസ്റ്ററുടെ മകള്‍ ബീഫാത്വിമ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു. ബീഫാത്വിമ ടീച്ചറുടെ മകള്‍ സുബൈദയും അവിടെ അധ്യാപികയായി സേവനമനുഷ്ഠിച്ചു.(27) സുബൈദ ടീച്ചറുടെ മകന്‍ ഡോ. ജാവീദ് തിരൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ ഡോക്ടറായി സേവനം ചെയ്തുവരുന്നു.

ഉത്തമ സമുദായത്തെ ഉത്തുംഗസ്ഥാനത്തെത്തിക്കുന്നതിനായി സര്‍വവും സമര്‍പ്പിച്ച സമദാരണീയനായ തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ 1919 നവംബര്‍ 17ാം തീയതി ഇഹലോകവാസം വെടിഞ്ഞു.(28)

ആധാര സൂചിക:

(15) അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത അധ്യായങ്ങളില്‍.

(16) ഈ പാട്ട് അടുത്ത അധ്യായങ്ങളിലൊന്നില്‍.

(17) 'യാക്വൂത്തുന്‍ അത്വിയ്യ അലാ ഖുത്വബിന്‍ നുബാത്തിയ്യ ബിലുഗത്തിന്‍ മലൈബാരിയ്യ ലി ഹിദായത്തിന്‍ മര്‍ദ്വിയ്യ എന്ന ഫലിത മാണിക്യം - ഒരു കൊല്ലത്തെ ഖുത്വ്ബയുടെ മുഴുവന്‍ തര്‍ജമ', ആദ്യ താളുകള്‍.

(18) മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ചകളിലെ ജുമുഅ സംഗമത്തിലെ ഖുത്വുബ പ്രഭാഷണം മാതൃഭാഷയായ മലയാളത്തിലാക്കാന്‍ വേണ്ടി സി. സൈദാലിക്കുട്ടി മാസ്റ്റര്‍ തുടങ്ങിവെച്ച വിപ്ലവത്തിന്റെ അലയൊലികള്‍ അടുത്ത അധ്യായങ്ങളില്‍ വിശദ ചര്‍ച്ചക്ക് വിധേയമാകുന്നതാണ്.

(19) മലേഷ്യയിലെ തെക്കന്‍ കലന്തന്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഗോമുസാങ് (Gua Muzang). സംസ്ഥാന തലസ്ഥാനമായ കൊട്ടബാറുവില്‍ നിന്ന് 140 കിലോമീറ്റര്‍ തെക്കാണ്. 2010 ലെ കണക്കനുസരിച്ച് തൊണ്ണൂറായിരം മാത്രം ജനസംഖ്യയുള്ള ഈ ചെറിയ റെയില്‍വെ നഗരം.

(20) 1952 മുതല്‍ 1972 വരെ ഇന്ത്യയില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ കക്ഷിയാണ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി. ജയപ്രകാശ് നാരായണ്‍, നരേന്ദ്ര ദേവ ബസാവന്‍ സിങ് എന്നിവര്‍ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി, ജെ. ബി. കൃപലാനി നയിച്ച കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടിയുമായി ലയിച്ചാണ് 'പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി' രൂപം കൊള്ളുന്നത്.

കേരളത്തില്‍ പട്ടം താണുപിള്ള, പൊന്നറ ശ്രീധരന്‍, പി. എസ്. നടരാജപിള്ള തുടങ്ങിയവര്‍ പിഎസ്പിയില്‍ ചേര്‍ന്നു. 1954ല്‍ തിരുവിതാംകൂര്‍ കൊച്ചിയിലും 1960ല്‍ കേരളത്തിലും പിഎസ്പി നേതാവ് എന്ന നിലയില്‍ പട്ടം മുഖ്യമന്ത്രിയായി. ആര്‍. ശങ്കര്‍, അച്ചുതമേനോന്‍, സി. എച്ച് മുഹമ്മദ്‌കോയ, കെ. കരുണാകരന്‍ എന്നിവരുടെ മന്ത്രിസഭകളില്‍ അംഗത്വവും ഉണ്ടായിരുന്നു. അവരുടെ പ്രതാപസമയത്ത് കേരളത്തില്‍ കോണ്‍ഗ്രസ്സു കഴിഞ്ഞാല്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ രണ്ടാം കക്ഷിയായിരുന്നു അവര്‍.

(21) പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് പിടിച്ചെടുത്ത ഇന്നത്തെ പ്രദേശങ്ങളാണ് മലബാര്‍ എന്ന രൂപത്തില്‍ അറിയപ്പെടുന്നത്. സാമൂതിരിയുടെ കോഴിക്കോട് രാജ്യം അടക്കം കീഴടക്കിയ നാട്ടുരാജ്യങ്ങള്‍ മലബാര്‍ എന്ന ഒറ്റ വിളിപ്പേരിലായി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മലബാര്‍ പ്രദേശം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിനെ തോല്‍പിച്ച ബ്രിട്ടീഷുകാരുടെ കയ്യിലായി. 1792ല്‍ മലബാറിന്റെ അധികാരം ടിപ്പു സുല്‍ത്താനില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. ആദ്യം ബോംബേ പ്രസിഡന്‍സിയായിരുന്നു ഭരണനിര്‍വഹണം നടത്തിയിരുന്നത്. 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഒരു ജില്ലയായി മലബാര്‍ മാറി.

പ്രാദേശിക ഭരണസംവിധാനങ്ങളുടെ പ്രവര്‍ത്തനം കലക്ടറുടെ നേതൃത്വത്തിലുള്ള മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു. റോഡ് നിര്‍മാണം, പരിപാലനം, ഗതാഗതം, ആസ്പത്രികള്‍, സ്‌കൂളുകള്‍, അഴുക്കുചാല്‍ നിര്‍മാണം, ശുദ്ധജലവിതരണം തുടങ്ങിയ ജോലികള്‍ ഇത്തരം ബോര്‍ഡുകള്‍ക്ക് കീഴിലായിരുന്നു.

1884ലെ മദ്രാസ് ലോക്കല്‍ ബോര്‍ഡ് ആക്ട് നിലവില്‍ വന്നതിന് ശേഷമാണ് ഒരു ത്രിതലപഞ്ചായത്ത് ഭരണസംവിധാനം നിലവില്‍വരുന്നത്. ഏറ്റവും താഴേതട്ടില്‍ യൂണിയനും തുടര്‍ന്ന് മേലോട്ട് താലൂക്ക് ബോര്‍ഡുകളും അതിന് മേലെ ഡിസ്ട്രിക്ട് ബോര്‍ഡും നിലവില്‍ വന്നു. ഇവര്‍ക്കാവശ്യമായ ചെലവുകള്‍ നേരിടുന്നതിനുള്ള ഏക ആശ്രയം ഭൂനികുതി, വീട്ടുകരം, മൃഗങ്ങളിലും വണ്ടികളിലും നിന്നുമുള്ള നികുതികള്‍ എന്നിവയായിരുന്നു. ഇത്തരം സഭകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്ന സംവിധാനവും നിലവില്‍ വന്നു. 1920ല്‍ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ടും മദ്രാസ് ലോക്കല്‍ ബോര്‍ഡ് ആക്ടും നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ ഇത്തരം സഭകളുടെ അധ്യക്ഷന്മാരായി റവന്യൂ ഓഫീസര്‍മാര്‍ താലൂക്ക് സഭയുടെയും കലക്ടര്‍ ജില്ലാ ബോര്‍ഡിന്റെയുമായിരുന്നു. എന്നാല്‍ 1930ഓടെ പൂര്‍ണമായും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍മാരും നിലവില്‍ വന്നു. ആദ്യകാല അധ്യക്ഷന്‍മാര്‍ ഭൂപ്രഭുക്കന്മാരായിരുന്നുവെങ്കിലും തുടര്‍ന്ന് രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം ഇവ ഇല്ലാതെയായി. തുടര്‍ന്ന് താലൂക്ക് ബോര്‍ഡുകള്‍ നിര്‍ത്തലാക്കുകയും ഡിസ്ട്രിക്ട് ബോര്‍ഡുകള്‍ നിലനിര്‍ത്തപ്പെടുകയുമുണ്ടായി.

വിസ്തൃതികൊണ്ട് ഏതാണ്ട് ഇന്നത്തെ ഒരു നിയമസഭാമണ്ഡലത്തിനോട് കിടപിടിക്കുന്നതായിരുന്നു അന്നത്തെ ഒരു മലബാര്‍ ജില്ലാ ബോര്‍ഡ് നിയോജകമണ്ഡലം. സ്വാതന്ത്ര്യാനന്തരം 1950ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് നിയമത്തിന് വരുത്തിയ ഭേദഗതികളുടെ ഫലമായി തദ്ദേശഭരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കപ്പെടുകയുണ്ടായി. 500 ലധികം ജനസംഖ്യയുള്ള ഓരോ വില്ലേജിലും ഓരോ പഞ്ചായത്തുകള്‍ നിലവില്‍ വന്നു.

01-01-1962ല്‍ നിലവില്‍ വന്ന 1960ലെ കേരള പഞ്ചായത്ത് ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് 922 ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍കരിച്ചത്.

(22) തിരുവിതാംകൂറിലെ ഇടവാ സി.എം പ്രസ്സിനു ശേഷം നിലവില്‍ വന്ന അറബിയിലും മലയാളത്തിലും ഒരേ സമയം അച്ചടിക്കാന്‍ സൗകര്യപ്രദമായ മലബാറിലെ അക്കാലത്തെ പ്രശസ്തമായ പ്രസ്സ്. മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയടക്കം പഴയ കാലത്തെ നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളും പ്രബോധനം അടക്കമുള്ള ആനുകാലികങ്ങളും ഇവിടെയാണ് അടിച്ചിരുന്നത്.

(23) വാരണാക്കര സ്വദേശിയും ഇപ്പോള്‍ വളാഞ്ചേരിക്കടുത്ത കഞ്ഞിപ്പുര ചോറ്റൂര്‍ നെടുമ്പലത്ത് താമസക്കാരനും നിരവധി പഴയ ഗ്രന്ഥങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സൂക്ഷിപ്പുകാരനുമായ വലിയ സിയാറത്തിങ്ങല്‍ അബ്ദുല്ലക്കോയ തങ്ങള്‍ മാസ്റ്ററുമായി ഈ ലേഖകന്‍ നടത്തിയ അഭിമുഖത്തില്‍ ലഭിച്ച വിവരം. അദ്ദേഹത്തിന്റെ സങ്കീര്‍ണമായ സര്‍വീസ് രേഖകള്‍ ശരിയാക്കിക്കൊടുത്തിരുന്നത് സി. സെയ്ദാലിക്കുട്ടി മാസ്റ്ററുടെ മകന്‍ കെ.കെ അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു.

(24) മറുനാട്ടില്‍ മലയാളത്തിന്റെ സന്ദേശം (സി. സെയ്ദാലിക്കുട്ടി മാസ്റ്ററുടെ മകന്‍ 1987 ല്‍ നിര്യാതനായ കെ. കെ. അബ്ദുര്‍റഹ്മാനെക്കുറിച്ചുള്ള മുഴുവന്‍ പേജ് ലേഖനം), ഇ. സാദിഖ് അലി, ചന്ദ്രിക വാരാന്തപ്പതിപ്പ്, 1993 ജൂണ്‍ 20.

(25) സി. സെയ്ദാലിക്കുട്ടി മാസ്റ്ററുടെ ജ്യേഷ്ഠന്റെ മകന്‍ മുഹമ്മദ് എന്ന ബാവു മാസ്റ്ററുടെ മകള്‍ ബീഫാത്വിമ ടീച്ചറുടെ മകള്‍ സുബൈദ ടീച്ചറുമായി ഈ ലേഖകന്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ലഭിച്ച വിവരം.

(26) സി. സെയ്ദാലിക്കുട്ടി മാസ്റ്ററുടെ ജ്യേഷ്ഠന്റെ മകന്‍ മുഹമ്മദ് എന്ന ബാവു മാസ്റ്ററുടെ മകള്‍ ബീഫാത്വിമ ടീച്ചറുടെ മകള്‍ സുബൈദ ടീച്ചറുമായി തിരൂര്‍ മുളിയത്തില്‍ ഹംസ മാസ്റ്റര്‍, വളവന്നൂര്‍ അന്‍സ്വാര്‍ അറബിക്കോളജ് ലൈബ്രേറിയന്‍ മുഹമ്മദ് റഫീഖ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ അഭിമുഖം.

(27) തിരൂര്‍ മുസ്‌ലിം ധര്‍മ പരിപാലന സംഘം (എം.ഡി.പി.എസ്) വാര്‍ഷിക റിപ്പോര്‍ട്ട് 2016-17.

(28) വെളിയംകോട്ടുള്ള ഭാര്യവീട്ടില്‍ അന്തരിച്ചു എന്ന് ചില അവലംബങ്ങളില്‍ കാണുന്നുണ്ട്. വെളിയംകോട് നിന്ന് അദ്ദേഹം വിവാഹം ചെയ്ത കാര്യം അവര്‍ നിഷേധിക്കുന്നുണ്ട്.