കടത്തിലെ അപകടം!

ടി.കെ ത്വല്‍ഹത്ത് സ്വലാഹി

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

ഇസ്‌ലാം സാമ്പത്തിക വിശുദ്ധിക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന മതമാണ്. എന്നിട്ടും വിശ്വാസ കാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും കണിശതയുള്ളവരില്‍ പോലും പല രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടുവരുന്നു. മോഷണവും പിടിച്ചുപറിയും പലിശയും കൈക്കൂലിയും കൊള്ള ലാഭവുമെല്ലാം തെറ്റാണെന്ന് അറിയുന്നവര്‍ പോലും കടം വാങ്ങുന്നതില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ഥ്യം.

സമൂഹത്തില്‍ എല്ലാവരും ഒരേ സാമ്പത്തിക നിലവാരമുള്ളവരല്ല എന്നതിനാലും ആവശ്യങ്ങള്‍ വ്യത്യസ്തമായതിനാലും കടം വാങ്ങേണ്ടി വരിക എന്നത് സ്വാഭാവികമാണ്. ജീവിതത്തില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്തവര്‍ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജീവിതഭാരവും ഉത്തരവാദിത്തബോധവും നമ്മെ ചിലപ്പോഴെങ്കിലും കടം വാങ്ങാന്‍ നിര്‍ബന്ധിതരാക്കാറുണ്ട്. അത്‌കൊണ്ടു തന്നെ കടം വാങ്ങുന്നതും കൊടുക്കുന്നതും ഇസ്‌ലാം അനുവദിച്ച കാര്യമാണ്. എന്നാല്‍ കടത്തിന്റെ കാര്യത്തില്‍ പലരും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കാറില്ല എന്നതാണ് ഖേദകരം.

അത്യാവശ്യത്തിനും നിര്‍ബന്ധ സാഹചര്യത്തിലും മാത്രം കടംവാങ്ങുന്നതിന് പകരം അനാവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ആഡംബരത്തിനും തുടങ്ങി ഏതാവശ്യത്തിനും കടം വാങ്ങുന്നവരുണ്ട്. തോന്നുമ്പോഴെല്ലാം കടം വാങ്ങി എപ്പോഴെങ്കിലും തിരിച്ചു കൊടുക്കാം എന്ന് വിചാരിക്കുന്നവര്‍, പലരില്‍ നിന്നും മാറി മാറി കടംവാങ്ങി ആരില്‍ നിന്ന് എത്ര വാങ്ങിയിട്ടുണ്ട് എന്ന് അറിയുക പോലും ചെയ്യാത്തവര്‍, തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിലേറെ ഭീമമായ സംഖ്യ വാങ്ങുകയോ തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടും അനാവശ്യമായി നീട്ടിവെക്കുകയോ ചെയ്യുന്നവര്‍... ഇതെല്ലാം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധം തന്നെ. പണം കടംവാങ്ങുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ നിര്‍ദേശങ്ങളറിയുന്ന ഒരു സത്യവിശ്വാസി വളരെ ആലോചിച്ച് മാത്രമെ കടം വാങ്ങുകയുള്ളൂ.

മനുഷ്യന്റെ സ്വസ്ഥത തല്ലിക്കെടുത്തുന്ന, സമാധാനം തിന്നുതീര്‍ക്കുന്ന അപകടകാരിയാണ് കടം. ബാങ്കുകളില്‍ നിന്ന് പലിശയടക്കേണ്ടി വരുന്ന ലോണെടുത്ത് വീടുവെക്കുന്നവര്‍ പിന്നീട് വീടുവിറ്റ് ലോണടക്കേണ്ടി വരുന്ന ദുരവവസ്ഥയില്‍ എത്തിപ്പെടുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും വലിയ സൂക്തം തന്നെ (അല്‍ബക്വറ: 282) കമിടപാടിനെക്കുറിച്ചുള്ളതാണ്.

കടം എത്ര ഗൗരവമുള്ള വിഷയമാണെന്നറിയാന്‍ താഴെ പറയുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ കാണുക:

നബി ﷺ  ഏറ്റവുമധികം രക്ഷതേടിയ കാര്യം

നബി ﷺ  നിരന്തരമായി അല്ലാഹുവിനോട് കടബാധ്യതയില്‍ നിന്ന് കാവലിനെ ചോദിച്ചിരുന്നു. ഒരു ഹദീഥ് കാണുക: ആഇശ(റ)യില്‍ നിന്ന് നിവേദനം: ''പ്രവാചകന്‍ ﷺ  നമസ്‌കാരത്തില്‍ പാപങ്ങളില്‍ നിന്നും കടബാധ്യതകളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നു: 'അല്ലാഹുവേ, പാപങ്ങളില്‍ നിന്നും കടക്കാരനാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു.' ഇത് കേട്ട ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് താങ്കള്‍ കടബാധ്യതയില്‍ നിന്ന് ഇത്രയധികം രക്ഷതേടുന്നത്?' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും'' (ബുഖാരി).

ഗൗരവമുള്ള താക്കീത്

മുഹമ്മദ്ബ്‌നു ജഹ്ശ്(റ)വില്‍ നിന്ന് നിവേദനം: ''ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് തന്റെ തല ആകാശത്തേക്ക് ഉയര്‍ത്തുകയും തന്റെ കൈ നെറ്റിയില്‍ വെച്ച് ഇപ്രകാരം പറയുകയും ചെയ്തു: 'അല്ലാഹു എത്ര പരിശുദ്ധന്‍, എത്ര ഗൗരവമുള്ള കാര്യമാണ് ഈ ഇറക്കപ്പെട്ടത്!' (മുഹമ്മദ്ബ്‌നു ജഹ്ശ്(റ) പറയുന്നു:) 'ഞങ്ങള്‍ അപ്പോള്‍ അതിനെക്കുറിച്ച് ചോദിച്ചില്ല. പിറ്റേന്ന് ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, എന്താണ് (താങ്കള്‍ പറഞ്ഞ) ആ കനത്ത താക്കീത്?' അപ്പോള്‍ തിരുനബി ﷺ  പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം, ഏതെങ്കിലും ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും പിന്നീട് അയാള്‍ കടമുള്ളവനായിരിക്കെ കൊല്ലപ്പെടുകയും ചെയ്താല്‍ അയാളില്‍ നിന്ന് ആ കടം വീട്ടപ്പെടാതെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (നസാഈ).

കടമുണ്ടെങ്കില്‍ രക്തസാക്ഷിക്കു പോലും പൊറുത്തു കൊടുക്കില്ല

എല്ലാ പാപങ്ങളും പൊറുത്ത് കിട്ടുന്ന രക്തസാക്ഷിക്ക് പോലും കടം പൊറുക്കപ്പെടില്ലെന്നുള്ളത് എത്രമാത്രം ഗൗരവകരമാണ്! അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; പ്രവാചകന്‍ ﷺ  പറഞ്ഞു: ''കടം ഒഴിച്ചുള്ള എല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും'' (മുസ്‌ലിം: 1886).

മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് നബി ﷺ  മാറിനിന്നു!

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: ''ഒരു മയ്യിത്ത് ഹാജരാക്കപ്പെട്ടാല്‍ നബി ﷺ  ചോദിക്കുമായിരുന്നു: 'ഇയാള്‍ക്ക് കടമുണ്ടോ?' 'ഇല്ല' എന്ന് പറഞ്ഞാല്‍ നബി ﷺ  മയ്യിത്ത് നമസ്‌കരിക്കും. ഉണ്ടെന്നറിഞ്ഞാല്‍ മുസ്‌ലിംകളോട് പ്രവാചകന്‍ ﷺ  ഇപ്രകാരം പറയും: 'നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരന് വേണ്ടി നമസ്‌കരിച്ചുകൊള്ളുക'' (ബുഖാരി).

ജാബിറില്‍(റ) നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരം കാണാം: ''...അങ്ങനെ നമസ്‌കരിക്കാനായി ജനാസയുടെ നേരെ കുറച്ച് കാലടികള്‍ വെച്ചുകൊണ്ട് വന്നു. പിന്നെ തിരുമേനി ചോദിച്ചു: 'നിങ്ങളുടെ കൂട്ടുകാരന് ഒരുപക്ഷേ, കടം ഉണ്ടായേക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'അതെ, രണ്ട് ദീനാര്‍.' അപ്പോള്‍ നബി ﷺ  അവിടെ നിന്നും പിന്തിരിഞ്ഞു. അബൂക്വതാദ എന്ന് പേരുള്ള ഒരാള്‍ ഞങ്ങളില്‍ നിന്ന് എഴുന്നേറ്റ് പറയുകയുണ്ടായി: 'പ്രവാചകരേ, അത് ഞാന്‍ ഏറ്റെടുത്തുകൊള്ളാം.' അപ്പോള്‍ തിരുമേനി പറഞ്ഞു: 'ആ രണ്ട് ദിനാര്‍ നിന്റെ സമ്പത്തില്‍ നിന്നും നീ വീട്ടണം. മയ്യിത്ത് അതില്‍ നിന്നും നിരപരാധിയായിരിക്കുന്നു.' അപ്പോള്‍ അബൂക്വതാദ(റ) 'അതെ എന്ന് മറുപടി പറഞ്ഞു. അങ്ങനെ പ്രവാചകന്‍ ﷺ  അദ്ദേഹത്തിന് വേണ്ടി നമസ്‌കരിച്ചു. പിന്നീട് നബി ﷺ  അബൂക്വതാദയെ കണ്ടപ്പോള്‍ ചോദിച്ചു: 'മയ്യിത്ത് കടം വീട്ടാതെ പിന്തിപ്പിച്ച ആ രണ്ട് ദീനാര്‍ നീ എന്താണ് ചെയ്തത്?' അദ്ദേഹം മറുപടി പറഞ്ഞു: 'തിരുദൂതരേ, അദ്ദേഹം ഇന്നലെയല്ലേ മരിച്ചത്?' അടുത്ത ദിവസം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലയോ പ്രവാചകരേ, ഞാനത് വീട്ടിയിട്ടുണ്ട്.' അപ്പോള്‍ തിരുമേനി ﷺ  പറയുകയുണ്ടായി: 'ഇപ്പോഴാണ് അദ്ദേഹത്തിന്റെ(മയ്യിത്തിന്റെ) തൊലി തണുത്തത്'' (അഹ്മദ്).

മരണപ്പെട്ടയാളുടെ സ്വത്ത് ഭാഗം ചെയ്യുമ്പോള്‍ അയാള്‍ക്ക് കടം ഉണ്ടെങ്കില്‍ അത് സ്വത്തില്‍ നിന്ന് വീട്ടിയെ ശേഷം മാത്രമെ സ്വത്ത് ഭാഗം ചെയ്യാന്‍ പാടുള്ളൂവെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

ആത്മാവ് ബന്ധിക്കപ്പെടും

കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും'' (തുര്‍മുദി)

കടം മൂലം പ്രയാസപ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കണം

കടം മൂലം പ്രയാസപ്പെടാതിരിക്കാന്‍ നിരന്തരമായി നാം പ്രാര്‍ഥിക്കേണ്ടതാണ്. നബി ﷺ  ഇപ്രകാരം  പ്രര്‍ഥിക്കാറുണ്ടായിരുന്നു:

''അല്ലാഹുവേ, മനോവേദനയില്‍നിന്നും ദുഃഖത്തില്‍ നിന്നും അശക്തിയില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ധതയില്‍ നിന്നും കടം അധികരിക്കുന്നതില്‍ നിന്നും മനുഷ്യരുടെ ബലപ്രയോഗത്തില്‍നിന്നും തീര്‍ച്ചയായും ഞാന്‍ നിന്നോടു രക്ഷതേടുന്നു'' (തുര്‍മിദി).

കടമില്ലാതിരിക്കല്‍ സൗഭാഗ്യമാണ്

''ആരെങ്കിലും അഹങ്കാരത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും കടത്തില്‍ നിന്നും ഒഴിവായിരിക്കെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു'' എന്ന് നബി ﷺ  പറയുകയുണ്ടായി'' (തുര്‍മുദി).

 

വേഗത്തില്‍ വീട്ടാന്‍ പരിശ്രമിക്കണം

കടബാധ്യതയുള്ളവര്‍ കൃത്യമായി അത് എഴുതിവെക്കുകയും അവധി തെറ്റിക്കാതെ തിരിച്ചു കൊടുക്കയും ചെയ്യേണ്ടതാണ്. ക്വുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അനേ്യാന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്...''(അല്‍ ബകറ: 282)

അവധി എത്തിക്കഴിഞ്ഞ് കടംതന്ന ആള്‍ ചോദിച്ചുവരുന്ന സാഹചര്യമുണ്ടാക്കരുത്. കടംവീട്ടാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കാലാവധി നീട്ടിത്തരാന്‍ കടം തന്നയാളോട് അപേക്ഷിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം അവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. അതുണ്ടായിക്കൂടാ. കടം തിരിച്ച് കൊടുക്കേണ്ട അവധി എത്തിക്കഴിഞ്ഞിട്ടും തിരിച്ച് കൊടുത്തില്ലെങ്കില്‍ കടം നല്‍കിയവന് അത് തിരികെ ചോദിക്കാന്‍ അവകാശമുണ്ട്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ഒരാള്‍ നബി ﷺ യുടെ അടുത്ത് വന്ന് തന്റെ കടം വീട്ടാന്‍ ആവശ്യപ്പെട്ടു. അയാള്‍ വളരെ പരുഷമായി സംസാരിച്ചു. അത് നബിയുടെ ﷺ  സ്വഹാബികള്‍ക്ക് മനഃപ്രയാസമുണ്ടാക്കി. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ അയാളെ വിട്ടേക്കുക, അവകാശിക്ക് സംസാരിക്കാന്‍ അധികാരമുണ്ട്'' (ബുഖാരി).

കടം തിരിച്ചു കൊടുക്കുമ്പോള്‍ തന്നതില്‍ നിന്ന് കുറച്ച് കൂടുതല്‍ കൊടുക്കല്‍ നല്ലതാണ്. എന്നാല്‍ കടം കൊടുത്ത ആള്‍ അത് പ്രതീക്ഷിക്കുകയോ അത് പ്രതീക്ഷിച്ചുകൊണ്ട് പണം കടം കൊടുക്കുകയോ ചെയ്യാന്‍ പാടില്ല.

ജാബിറുബ്‌നു അബ്ദില്ല(റ) പറയുന്നു: ''നബി ﷺ  ദുഹാ സമയത്ത് പള്ളിയിലിരിക്കുമ്പോള്‍ ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'രണ്ടു റക്അത്ത് നമസ്‌കരിക്കൂ.' അവിടുന്ന് എനിക്ക് കടം തിരിച്ചുതരാനുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് അത് തിരിച്ചുതന്നു, കുറച്ചു കൂടുതലും തന്നു...''(ബുഖാരി).

കൊടുത്തു വീട്ടാന്‍ ഉദ്ദേശമില്ലാതെ കടം വാങ്ങല്‍ വലിയ കുറ്റമാണ്. ഒരു ഹദീഥില്‍ ഇങ്ങനെ കാണാം:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  അരുളി: ''കൊടുത്തുവീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടംവാങ്ങിയാല്‍ അവന്നു വേണ്ടി അല്ലാഹു അതു കൊടുത്തുവീട്ടും. അതിനെ തിരിച്ചുകൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു അവനെ നശിപ്പിച്ചു കളയും'' (ബുഖാരി).

കടം വീടാന്‍ പ്രാര്‍ഥിക്കണം

കടം വീട്ടാന്‍ പ്രയാസപ്പെടുന്നവര്‍ അത് വീട്ടിക്കിട്ടുന്നതിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കേണ്ടതാണ്.

അലി(റ)വിന്റെ അടുക്കല്‍ വന്ന് കടബാധ്യതയെപ്പറ്റി പരാതിപ്പെട്ടവനോട് അദ്ദേഹം പറയുകയുണ്ടായി: 'ഒരാള്‍ക്ക് (മക്കയിലെ) സ്വയ്‌റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിത്തരുവാനുള്ള ഒരു വചനം നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. നീ ഇപ്രകാരം പറയുക: 'അല്ലാഹുവേ, നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. നിന്റെ ഔദാര്യം കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ'' (തുര്‍മുദി).

പ്രാര്‍ഥിച്ചാല്‍ മാത്രം പോരാ, പ്രവര്‍ത്തിക്കുകയും വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കേ അല്ലാഹുവിന്റെ സഹായം കിട്ടുകയുള്ളൂ.

കടം വീട്ടാന്‍ സഹായിക്കുക, ഇളവ് ചെയ്തു കൊടുക്കുക

കടം വാങ്ങല്‍ ഇത്ര ഗൗരവുമുള്ള കാര്യമാണെങ്കിലും കടം നല്‍കല്‍ വലിയ പുണ്യകര്‍മമാണ്.

നബി ﷺ  പറഞ്ഞു: ''ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ഇഹലോകത്തിലും പരലോകത്തിലും എളുപ്പം നല്‍കും'' (മുസ്‌ലിം).

കടക്കാരന് കടംവീട്ടുവാന്‍ സാധിക്കാത്തവിധം ഞെരുക്കം ബാധിച്ചാല്‍, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവനെ ബുദ്ധിമുട്ടിക്കാതെ ഒഴിവുകൊടുക്കുന്നവന് അല്ലാഹു നല്ല പ്രതിഫലം നല്‍കുന്ന കാര്യമാണ്.

ചില നബിവചനങ്ങള്‍ കാണുക:

ഹുദൈഫ(റ) നിവേദനം; നബി ﷺ  അരുളി: ''നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു: 'നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ?' 'ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കല്‍പിക്കാറുണ്ടായിരുന്നു' എന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു'' (ബുഖാരി).

അബൂക്വതാദ(റ) അദ്ദേഹത്തിന്റെ ഒരു കടക്കാരനെ തേടിച്ചെല്ലുമ്പോള്‍ കടക്കാരന്‍ വെളിക്കുവരാതെ ഒളിച്ചിരിക്കുകയുണ്ടായി. ഒരിക്കല്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടി. 'ഞാന്‍ ഞെരുക്കക്കാരനാണ്, എനിക്ക് കടം തന്നു തീര്‍ക്കുവാന്‍ കഴിവില്ല' എന്ന് അദ്ദേഹം അറിയിച്ചു. അപ്പോള്‍ അബൂക്വതാദ(റ) ചോദിച്ചു: 'അല്ലാഹുവില്‍ സത്യമായും അതെയോ?' കടക്കാരന്‍ ഉത്തരം പറഞ്ഞു: 'അല്ലാഹുവാണെ സത്യം, അതെ.' അപ്പോള്‍ അബൂക്വതാദ(റ) കരഞ്ഞ് കൊണ്ട് പറഞ്ഞു: 'അന്ത്യനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ എന്ന് റസൂല്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  അരുളി: ''ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും: 'നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവിന്‍; അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം.' അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി'' (ബുഖാരി).

ക്വുര്‍ആന്‍ പറയുന്നത് കാണുക:''...ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍..'' (അല്‍ ബകറ: 280).