പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 മാര്‍ച്ച് 08 1440 റജബ് 02

സത്യവിശ്വാസികളുടെ അടയാളമാണ് പ്രാര്‍ഥന. ജീവിതത്തില്‍ കൂടെയുണ്ടാകേണ്ട അമൂല്യമായ ഒന്ന്. തന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും. അതിനാല്‍ ഉത്തരം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടെയായിരിക്കും നാം പ്രാര്‍ഥിക്കുന്നത്. തന്റെ സര്‍വവും സംവിധാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ഒരു ആത്മീയ അനുഭൂതി തന്നെയാണ്.

തന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാനായി ഓരോ വിശ്വാസിയും ഇസ്‌ലാം പഠിപ്പിക്കുന്ന പ്രാര്‍ഥനയുമായി ബന്ധപ്പെട്ട കാര്യങ്ങൡ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. അതില്‍പെട്ടതാണ് സമയങ്ങളും സന്ദര്‍ഭങ്ങളും അറിഞ്ഞ് അതിനനുസരിച്ച് പ്രാര്‍ഥിക്കുകയെന്നത്. ഉത്തരം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള സമയങ്ങള്‍ മുഹമ്മദ് നബി ﷺ വിവരിച്ച് തന്നിട്ടുണ്ട്. അവയില്‍ ചിലത് കാണുക:

1. രാത്രിയും രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയവും:

ജാബിര്‍(റ)വില്‍ നിന്ന്: പ്രവാചകന്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ''തീര്‍ച്ചയായും രാത്രിയില്‍ ഒരു സമയമുണ്ട്. ആ സമയത്ത് ആരെങ്കിലും അല്ലാഹുവിനോട് ഇഹലോകത്തിലെയോ പരലോകത്തിലെയോ നന്മകള്‍ ചോദിക്കുകയാണെങ്കില്‍ നല്‍കാതിരിക്കുകയില്ല. ഇത് എല്ലാ രാത്രിയിലും ഉണ്ട്'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''ഉന്നതനായ നമ്മുടെ രക്ഷിതാവ് എല്ലാ രാത്രിയുടെയും അവസാന മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ ദുന്‍യാവിലെ ആകാശത്തേക്ക് ഇറങ്ങി വരുന്നു. എന്നിട്ട് ആരാണ് എന്നോട് പ്രാര്‍ഥിക്കുന്നത്; അവന് ഞാന്‍ ഉത്തരം നല്‍കാം, ആരാണ് എന്നോട് ചോദിക്കുന്നത്; അവന് ഞാന്‍ നല്‍കാം, ആരാണ് എന്നോട് പാപമോചനം തേടുന്നത്; അവന് ഞാന്‍ പാപം പൊറുത്ത് കൊടുക്കാം എന്ന് പറയുന്നു''(ബുഖാരി, മുസ്‌ലിം).

(അല്ലാഹു അവന്റെ മഹത്ത്വത്തിനും ഉന്നതിക്കും യോജിക്കുന്ന രൂപത്തില്‍ ഇറങ്ങുന്നു. അവന് തുല്യമായി ഒന്നും തന്നെയില്ല. അല്ലാഹു ഇറങ്ങുന്നതിന്റെ രൂപം അവന് മാത്രമെ അറിയുകയുള്ളൂ. അത് സൃഷ്ടികള്‍ക്ക് ആര്‍ക്കും അറിയുകയില്ല. അങ്ങനെ വിശ്വസിക്കുവാനാണ് പ്രവാചകനും സ്വഹാബികളും താബിഉകളും നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ വിശ്വാസം തന്നെയാണ് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ വിശ്വാസം. ഇത് തന്നെയാണ് വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നത്).

2. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വന്ന് ഭവിക്കുമ്പോഴുള്ള പ്രാര്‍ഥന:

യൂനുസ് നബി(അ) മത്സ്യത്തിന്റെ വയറ്റില്‍ വെച്ച്‌കൊണ്ട് പ്രാര്‍ഥിച്ചു: ''അനന്തരം ഇരുട്ടുകളില്‍ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു'' (അല്‍അന്‍ബിയാഅ്: 87). 

3. ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള പ്രാര്‍ഥന:

അനസ്ബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള പ്രാര്‍ഥന മടക്കപ്പെടുകയില്ല'' (അഹ്മദ്).

4. ബാങ്ക് കൊടുക്കുമ്പോഴും ശത്രുക്കളോട് ജിഹാദ് ചെയ്യുമ്പോഴും:

സഅല്ബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''രണ്ടു വിഭാഗമാളുകളുടെ പ്രാര്‍ഥന തടയപ്പെടുകയില്ല - വിരളമായി മാത്രമെ തടയുകയുള്ളൂ- ബാങ്ക് കൊടുക്കുമ്പോഴുള്ള പ്രാര്‍ഥന, ശത്രുക്കളുമായുള്ള യുദ്ധം കഠിനമാകുമ്പോഴുള്ള പ്രാര്‍ഥന''(അബൂദാവൂദ്).

5. നമസ്‌കാരത്തില്‍ സൂജൂദ് ചെയ്യുമ്പോഴുള്ള പ്രാര്‍ഥന:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''തന്റെ രക്ഷിതാവിനോട് ഒരു അടിമ ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് സുജൂദിലായിരിക്കുമ്പോഴാണ്. ആയതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുക'' (മുസ്‌ലിം).

6. വെള്ളിയാഴ്ചയിലെ ഒരു സമയം: 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: അബുല്‍ ക്വാസിം ﷺ പറഞ്ഞു: ''ജുമുഅ ദിവസം ഒരു സമയമുണ്ട്. ഒരാള്‍ ആ സമയത്ത് അല്ലാഹുവിനോട് നന്മ ചോദിക്കുകയാണെങ്കില്‍ അല്ലാഹു അത് നല്‍കുന്നതാണ്'' (മുസ്‌ലിം). 

മഹാനായ ഇമാം ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹ്) പ്രബലമായ അഭിപ്രായമായി പറയുന്നത് ആ സമയം അസ്വ്‌റിന് ശേഷമാണ് എന്നാണ്. കാരണം ചില സ്വഹാബികളുടെ അഭിപ്രായം അതാകുന്നു.

7. ലൈലതുല്‍ ക്വദ്‌റില്‍: 

ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമായതാണ്. പ്രവാചകന്‍ ﷺ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ റമദാനിന്റെ അവസാന പത്തില്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുക എന്നാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ'' (അല്‍ക്വദ്ര്‍: 1-5).

8. സംസം വെള്ളം കുടിക്കുമ്പോള്‍:

ജാബിര്‍(റ) നിവേദനം: നബി ﷺ പറഞ്ഞു: ''സംസം വെള്ളം എന്തിനാണോ കുടിച്ചത് അതിനാകുന്നു'' (ഇബ്‌നുമാജ, അല്‍ബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്). 

9. ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍:

ഉബാദതുബ്‌നു സ്വാമിതി(റ)ല്‍ നിന്നും നിവേദനം: പ്രവാചകന്‍ ﷺ പറയുന്നു: ''ആരെങ്കിലും രാത്രിയില്‍ ഉണര്‍ന്നാല്‍ അവന്‍ ഇപ്രകാരം പറയട്ടെ: 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി ആരും ഇല്ല. അവന് യാതൊരു പങ്കുകാരനും ഇല്ല. അവനാകുന്നു രാജാധികാരവും സര്‍വസ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവിനാണ് സര്‍വസ്തുതികളും. അല്ലാഹു എത്രയോ പരിശുദ്ധന്‍. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അധികാരവുമില്ല.' എന്നിട്ട് 'അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ', എന്നോ അല്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കോ പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കും. വുദൂഅ് ചെയ്ത് കൊണ്ട് നമസ്‌കരിക്കുകയാണെങ്കില്‍ ആ നമസ്‌കാരം സ്വീകരിക്കപ്പെടും'' (ബുഖാരി).

10. യൂനുസ് നബി(അ) പ്രാര്‍ഥിച്ച പോലെ പ്രാര്‍ഥിക്കുക:

സഅ്ദി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''മത്സ്യത്തിന്റെ വയറ്റില്‍ വെച്ച്‌കൊണ്ട് യൂനുസ്‌നബി(അ) പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, നീയല്ലാതെ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല. നീ എത്ര പരിശുദ്ധനാണ്. ഞാന്‍ അക്രമകാരികളില്‍ പെട്ട് പോയിരിക്കുന്നു.' മുസ്‌ലിമായ ഒരാള്‍ ഇത്‌കൊണ്ട് പ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കുകയില്ല'' (തിര്‍മിദി, അല്‍ബാനി ഈ ഹദീഥ് സ്വഹീഹാണ് വിശേഷിപ്പിച്ചിട്ടുണ്ട്).

11. കഷ്ടപ്പാടുകള്‍ വരുമ്പോഴുള്ള പ്രാര്‍ഥന:

ഉമ്മുസലമ(റ)യില്‍ നിന്ന്: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: 'ഒരു മുസ്‌ലിമിന് ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അല്ലാഹു പ്രാര്‍ഥിക്കുവാന്‍ കല്‍പിച്ച; 'തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവില്‍ നിന്നാണ്, അവനിലേക്ക് തന്നെ ഞങ്ങള്‍ മടക്കപ്പെടുന്നതാണ്. അല്ലാഹുവേ, എന്റെ കഷ്ടപ്പാടില്‍ എനിക്ക് പ്രതിഫലം നല്‍കേണമേ, ഇതിനെക്കാള്‍ നല്ലതിനെ എനിക്ക് പകരം നല്‍കേണമേ' എന്ന പ്രാര്‍ഥനപ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹു അതിനെക്കാള്‍ ഉത്തമമായതിനെ പകരം നല്‍കുന്നതാണ്'' (മുസ്‌ലിം).

12. മയ്യിത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പ്രാര്‍ഥന:

ഉമ്മുസലമ(റ)യില്‍ നിന്ന്: ''നബി ﷺ അബൂസലമയുടെ അടുത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ കണ്ണ് തുറന്നിരിക്കുകയായിരുന്നു. അത് പ്രവാചകന്‍ ﷺ അടച്ചു, എന്നിട്ട് പറഞ്ഞു: 'ആത്മാവ് പിടിക്കപ്പെട്ടാല്‍ കണ്ണുകള്‍ അതിനെ പിന്‍പറ്റും.' അപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ബഹളങ്ങളുണ്ടാക്കി. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: 'നിങ്ങള്‍ നല്ലതല്ലാതെ പ്രാര്‍ഥിക്കരുത്. കാരണം നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ പറയുന്നതാണ്.' എന്നിട്ട് അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്ത് കൊടുക്കേണമേ. സന്മാര്‍ഗികളുടെ കൂട്ടത്തില്‍ നീ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തിക്കൊടുക്കേണമേ. വരും തലമുറയില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് പകരം നല്‍കേണമേ. ലോക രക്ഷിതാവേ, ഞങ്ങള്‍ക്കും അദ്ദേഹത്തിനും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന് നീ ക്വബ്‌റില്‍ വിശാലത നല്‍കേണമേ. അദ്ദേഹത്തിന് നീ അതില്‍ പ്രകാശം നല്‍കേണമേ'' (മുസ്‌ലിം).

13. ഹജ്ജോ, ഉംറയോ ചെയ്യുന്നവന്റെ പ്രാര്‍ഥന:

ഇബ്‌നുഉമര്‍(റ) നിവേദനം: നബി ﷺ പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനും ഹജ്ജ് ചെയ്യുന്നവനും ഉംറ ചെയ്യുന്നവനും അല്ലാഹുവിന്റെ യാത്രാ സംഘമാകുന്നു. അവരുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. അവര്‍ ചോദിച്ചാല്‍ ഉത്തരം നല്‍കും'' (ഇബ്‌നുമാജ. ഈ ഹദീഥ് ഹസനാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്).

14. അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്നവന്റെ പ്രാര്‍ഥന:

അബൂഹുറയ്‌റ(റ) നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''മൂന്ന് വിഭാഗമാളുകള്‍, അവരുടെ പ്രാര്‍ഥനകള്‍ തടയപ്പെടുകയില്ല. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥന'' (ബൈഹക്വി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

15. സദ്‌വൃത്തനായ സന്തതിയുടെ പ്രാര്‍ഥന:

അബൂഹുറയ്‌റ(റ) നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ കര്‍മങ്ങള്‍ മുറിഞ്ഞ് പോകുന്നതാണ്, മൂന്ന് കാര്യങ്ങള്‍ ഒഴിച്ച്: നിലനില്‍ക്കുന്ന ദാനധര്‍മം, ഉപകാരപ്പെടുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സദ്‌വൃത്തനായ സന്താനം'' (മുസ്‌ലിം).

16. ഒരാളുടെ അസാന്നിധ്യത്തില്‍ അയാള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന:

പ്രവാചകന്‍ ﷺ പറഞ്ഞു: ''മുസ്‌ലിമായ ഒരു വ്യക്തി, തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ പ്രാര്‍ഥിക്കുന്നത് സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലയുടെ ഭാഗത്ത് (കാര്യങ്ങള്‍) ഏല്‍പിക്കപ്പെട്ട ഒരു മലക്കുണ്ട്, തന്റെ സഹോദരന് നന്മക്ക് വേണ്ടിയുള്ള ഓരോ പ്രാര്‍ഥനാവേളയിലും മലക്ക് പറയും: ആമീന്‍, നിനക്കും അതുപോലെയുണ്ടാവട്ടെ'' (മുസ്‌ലിം).

17. നോമ്പ് തുറക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമുള്ള പ്രാര്‍ഥന:

പ്രവാചകന്‍ ﷺ പറഞ്ഞു: ''മൂന്ന് പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കും: നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന'' (അല്‍ബാനിയുടെ സില്‍സിലതുസ്സ്വഹീഹഃ).

18. മക്കള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന:

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: പ്രവാചകന്‍ ﷺ പറഞ്ഞു: ''മൂന്ന് വിഭാഗമാളുകളുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും, അതില്‍ യാതൊരു സംശയവുമില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന, മക്കള്‍ക്ക് വേണ്ടി മാതാപിതാക്കളുടെ പ്രാര്‍ഥന'' (തിര്‍മിദി. അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

19: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ഥന:

അബൂഉമാമ(റ)യില്‍ നിന്ന്: ഞാന്‍ നബി ﷺയോട് ഏത് പ്രാര്‍ഥനയാണ് കൂടുതല്‍ കേള്‍ക്കപ്പെടുക എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''രാത്രിയുടെ അന്ത്യയാമത്തിലുള്ള പ്രാര്‍ഥനയും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ഥനയും'' (തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).