സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍...

സീ എന്‍ ഷുഹൈബ്, മാതാംകുളം

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

കാലം മാറി, ഒപ്പം ടെക്‌നോളജിയും. മധുവിധുനാളുകള്‍ തീരും മുമ്പ് കുടുംബ പ്രാരാബ്ധം ഒന്ന് കൊണ്ട് മാത്രം ജീവിതം പറിച്ച് നടപ്പെട്ട പ്രവാസി യുവാവിന് പ്രിയതമയെ തനിച്ച് കാണാനും  സല്ലപിക്കാനും ഉള്ളം കയ്യിലൊതുങ്ങുന്ന കൊച്ചു ഫോണ്‍ മാത്രം മതിയെന്നായിരിക്കുന്നു.  ഒരു കത്തെഴുതി അയച്ചാല്‍ അത് പ്രിയതമനോ പ്രിയതമക്കോ കിട്ടാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയും ആ കാത്തിരിപ്പിന്റെ അസഹ്യതയും അത് കയ്യില്‍ കിട്ടുമ്പോഴുള്ള നിര്‍വൃതിയും പുതുതലമുറക്ക് പറഞ്ഞാല്‍ മനസ്സിലാകാത്തതാണ്. 

ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ എന്ന കൊച്ചു യന്ത്രത്തിലൂടെ ലേകത്തിന്റെ ഏത് ഭാഗത്തുള്ളവരോടും സൗഹൃദം പുലര്‍ത്തുവാനും ഏത് നിമിഷവും സന്ദേശങ്ങള്‍ കൈമാറുവാനും കണ്ടും കാണാതെയും സംസാരിക്കുവാനും കഴിയുന്ന പുതുകാലഘട്ടത്തിലെ പുതുതലമുറക്ക് എന്ത് കത്തും കമ്പിയും! 

ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ വിപണി സജീവമായതോടെ യുവതലമുറ സോഷ്യല്‍ മീഡിയയിലും സജീവമായി. വാട്‌സപ്പ്, ഫെയ്‌സ് ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലേക്കുള്ള കുത്തൊഴുക്കില്‍ ചില ബാധ്യതകളും കടപ്പാടുകളും നാം മറക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

രക്ഷാദൗത്യത്തില്‍ മുഴുകേണ്ട ദുരന്തമുഖങ്ങളില്‍ പോലും സെല്‍ഫിയെടുക്കാനും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ആനന്ദം കൊള്ളാനും നമ്മില്‍ പലരും മടികാണിക്കുന്നില്ല. സ്വന്തമായി മെനഞ്ഞുണ്ടാക്കിയതോ, ആരെങ്കിലും പറഞ്ഞ് കേട്ടതോ, ആധികാരികത ഇല്ലാത്ത സ്രോതസ്സില്‍ നിന്ന് ലഭിച്ചതോ ആയ വാര്‍ത്തകളും കുറിപ്പുകളും ഒാഡിയോ വീഡിയോ ക്ലിപ്പുകളും പൊടിപ്പും തൊങ്ങലും അടിക്കുറിപ്പുകളും ചേര്‍ത്ത് സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ നമുക്ക് ലവലേശം മടിയില്ലാതായിരിക്കുന്നു!

ഇതൊക്കെ നൂറും ഇരുനൂറും ആളുകളുള്ള വാട്‌സപ്പ് ഗ്രൂപ്പുകളില്‍ കൊണ്ടുപോയി യഥേഷ്ടം നമ്മള്‍ ഷെയര്‍ ചെയ്യുന്നു. ആ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ഇരുന്നൂറില്‍ നിന്ന് രണ്ടായിരവും ഇരുപതിനായിരവും ആളുകളിലെത്താന്‍ നിമിഷ നേരം മാത്രം മതി. ഒരു പക്ഷേ, ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടാവും ആ വാര്‍ത്ത ശരിയായിരുന്നില്ല എന്ന യാഥാര്‍ഥ്യം നാം അറിയുക. അപ്പോഴേക്കും ജനലക്ഷങ്ങളിലേക്ക് ആ വാര്‍ത്ത എത്തിയിട്ടുണ്ടാകും! പിന്നീട് അത്രയും ആളുകളെ ആ വാര്‍ത്തയുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ നമുക്കെങ്ങെനെ കഴിയും?

ആക്‌സിഡന്റ് സംഭവിച്ചു; ആളെ തിരിച്ചറിഞ്ഞില്ല, രോഗിക്ക് രക്തം ആവശ്യമുണ്ട്, പണം നഷ്ടപ്പെട്ടു, കുട്ടിയെ കാണാതായി; ഇതുവരെ കണ്ടെത്തിയില്ല, വിദേശത്ത് ജോലിക്ക് ആളെ ആവശ്യമുണ്ട്... എന്നിങ്ങനെയുള്ള മെസ്സേജുകള്‍ നാം കാണാറുണ്ട്. ഭൂരിഭാഗം പോസ്റ്റുകളിലും ബന്ധപ്പെടാനുള്ള നമ്പറോ, സംഭവിച്ച തീയതിയോ ഉണ്ടാവില്ല. ഉണ്ടെങ്കില്‍ തന്നെ, ഭൂരിപക്ഷം ആളുകളും ഈ വക കാര്യങ്ങള്‍ ഷെയര്‍ ചെയ്യും മുമ്പ് എന്ന് സംഭവിച്ചതാണെന്നോ, ഇപ്പോഴത്തെ സ്ഥിതി എന്താണെന്നോ വിളിച്ച് അനേ്വഷിക്കാന്‍ സന്മനസ്സ് കാണിക്കാറില്ല. വിശുദ്ധ ക്വുര്‍ആനിന്റെ ഒരു താക്കീത് കാണുക:

''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 49:06). 

സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്യപ്പെട്ട നാഥനില്ലാത്ത ഒരു ഹര്‍ത്താലിന് അടുത്തിടെ നാം  സാക്ഷികളായി. വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയ ആ ഹര്‍ത്താലിനെ സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത നിരവധിയാളുകള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. അതിന്റെ കെടുതി അവര്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്!

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ആര്‍ക്കെതിരെയും എന്തും പ്രചരിപ്പിക്കാമെന്ന മിഥ്യാധാരണ നമ്മള്‍ മാറ്റേണ്ടതുണ്ട്. കുത്തഴിഞ്ഞ ജീവിത സാഹചര്യത്തില്‍ സമൂഹത്തെ നേര്‍വഴിക്ക് നടത്താന്‍ യുവതലമുറ ബാധ്യസ്ഥരാണ്. അതിനായി യുവതലമുറയുടെ സന്തത സഹചാരിയായ സോഷ്യല്‍ മീഡിയയെ ഫലപ്രദമായ ഉപയോഗരീതിയിലേക്ക് മാറ്റേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. 

നാമൊന്ന് മനസ്സ് വെച്ചാല്‍ ജനലക്ഷങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ പോന്ന ഒരു മാധ്യമമായി നമുക്ക് സോഷ്യല്‍ മീഡിയയെ മാറ്റാം. ആയിരങ്ങളെ സഹായിക്കാന്‍, കണ്ണീരൊപ്പാന്‍, പല വിധത്തിലുള്ള നന്മ ചെയ്യാന്‍ നമ്മുടെ കൈക്കുമ്പിളിലൊതുങ്ങുന്ന മൊബൈല്‍ഫോണ്‍ കൊണ്ട് നമുക്കാവും. പുതിയ ആശയങ്ങള്‍, ചിന്തകള്‍, അറിവുകള്‍...സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തും പങ്ക് വെക്കാന്‍ കഴിഞ്ഞു പോയ തലമുറക്കൊന്നും കിട്ടാത്ത കനകാവസരം നമുക്ക് കിട്ടിയിട്ടുണ്ട്.

എത്രയോ മനുഷ്യസ്‌നേഹികള്‍ അഗതികളുടെ കണ്ണീരൊപ്പാന്‍ ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നു എന്നത് ആശ്വാസകരമാണ്. വന്‍പ്രളയം കഴിഞ്ഞവര്‍ഷം കേരളത്തെ പിടികൂടിയപ്പോള്‍  കൈ-മെയ് മറന്ന് അഹോരാത്രം പ്രയത്‌നിച്ച രക്ഷാപ്രവര്‍ത്തകരേറെയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതും ദുരന്തമുഖത്ത് ഒറ്റപ്പെട്ട പതിനായിരങ്ങള്‍ തങ്ങളുടെ ദയനീയ സ്ഥിതി മാലോകരെ അറിയിച്ചതും സോഷ്യല്‍ മീഡിയയിലൂടെയാണെന്നതും ഒരു നിയോഗം.

ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങളും ഏറ്റവും പുതിയ വാര്‍ത്തകളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കാര്യങ്ങളും അപ്പപ്പോള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇന്ന് അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണ്. അറിയാനും അറിയിക്കാനും സംവദിക്കാനുമൊക്കെയുള്ള നൂതന മാര്‍ഗം.

അവനവന്റെ ഇഷ്ട്ടാനുസരണം നന്മയിലൂന്നിയും തിന്മയുടെ വഴിയെയും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയകളുടെ പ്രവര്‍ത്തനതലം. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം നന്മയിലൂന്നി മാത്രം ചെയ്യുക. 

കടയില്‍ നിന്നും വാങ്ങുന്ന ഒരു കത്തികൊണ്ട് പച്ചക്കറികള്‍ അരിയാം, മറ്റൊരാളുടെ ജീവനെടുക്കാം. അത് പോലെത്തന്നെയാണ് സോഷ്യല്‍ മീഡിയയും. നമ്മുടെ ഇഷ്ടത്തിന് മാത്രം വില കല്‍പിച്ച്, അപരന്റെ ജീവനോ, വ്യക്തിത്വത്തിനോ വില കല്‍പിക്കാതെ സോഷ്യമീഡിയയില്‍ നിരങ്ങിയാല്‍ അത് നമുക്കും മറ്റുള്ളവര്‍ക്കും വരുത്തിവെക്കുന്ന ആഘാതം ചെറുതൊന്നുമാവില്ല.  

ഉദാത്തമായ ഒരു മതത്തിന്റെ വക്താക്കളായ നമുക്ക് പഠിക്കാനും പ്രബോധനം ചെയ്യാനും ഇന്റര്‍നെറ്റ് സംവിധാനത്തെയും സമൂഹമാധ്യമങ്ങളെയും ഉപയോഗപ്പെടുത്താന്‍ കഴിയണം. കുടുംബത്തോടും സമൂഹത്തോടും സ്വന്തത്തോടുമുള്ള കടമകളും കടപ്പാടുകളും നിര്‍വഹിക്കാതെ ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും അടിമകളായി മാറാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണം.