മദീനയിലേക്കുള്ള പലായനത്തിന്റെ ഗുണഫലങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 17

((ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 24))

നബി ﷺ യുടെയും അനുചരന്മാരുടെയും മദീനയിലേക്കുള്ള പലായനം (ഹിജ്‌റ) വലിയ വിജയം തന്നെയായിരുന്നു. ബഹുദൈവവിശ്വാസത്തിന്റെ കൊടിമരങ്ങള്‍ അതിലൂടെ തകര്‍ന്നടിഞ്ഞു. വലിയ വലിയ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമായി. ഇസ്‌ലാമിക ചരിത്രത്തിനു തന്നെ തുടക്കം കുറിക്കാനുള്ള ഒരു മൂലബിന്ദുവായിരുന്നു നബി ﷺ യുടെ ഹിജ്‌റ. ഹിജ്‌റയുടെ ഗുണഫലങ്ങളിലെ അല്‍പം ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

1) കാലങ്ങളായി ക്വുറൈശികള്‍ കാത്തുസൂക്ഷിച്ച അവരുടെ ശക്തിയുടെയും പദവികളുടെയും മാനദണ്ഡങ്ങള്‍ ഹിജ്‌റക്ക് ശേഷം തകര്‍ന്നടിഞ്ഞു. ക്വുറൈശികളുടെ സ്ഥാനങ്ങളും അധികാരങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി നശിച്ചുകൊണ്ടിരുന്നു.

2) ക്വുറൈശികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉണ്ടായി. അവര്‍ പരസ്പരം യുദ്ധം ചെയ്തു. അവരുടെ ഐക്യം ഛിദ്രതയിലേക്കെത്തി. അവരില്‍ പല ആളുകളും മദീനയിലേക്ക് രഹസ്യമായി ഓടിപ്പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

3) ഇസ്‌ലാമിക പ്രബോധനത്തിന് മുമ്പില്‍ ക്വുറൈശികള്‍ ഒരു തടസ്സമായിരുന്നു. എന്നാല്‍ ഹിജ്‌റയോടു കൂടി മുസ്ലിംകളുടെ മനസ്സുകളില്‍ നിന്നും ആ ഭയം ഇല്ലാതെയായി. മുസ്ലിംകളുടെ മാത്രമല്ല എല്ലാ അറബികളുടെയും മനസ്സുകളില്‍നിന്ന് ക്വുറൈശികള്‍ക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. അറബികള്‍ മുഹമ്മദ് നബി ﷺ യിലേക്ക് അനുകമ്പയുടെ നോട്ടം തുടങ്ങുകയും അവരെല്ലാവരും കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. വ്യത്യസ്ത അറബി ഗോത്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നബിയുടെ അടുക്കലേക്ക് വരികയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

4) ഹിജ്‌റയോടു കൂടി മദീനയുടെ സ്ഥാനം ഉയര്‍ന്നു. എല്ലാ ദൃഷ്ടികളും മദീനയിലേക്കായി. ഇസ്‌ലാമിന്റെ കേന്ദ്രവും തലസ്ഥാനവുമായി മാറി മദീന. മദീനയുടെ മടിത്തട്ടിലാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഒന്നാമത്തെ സംഘം ജനനം കൊണ്ടത്. ഈ മദീനയില്‍ നിന്നാണ് ഇസ്‌ലാമിക പ്രബോധനം പാറിപ്പറക്കാന്‍ തുടങ്ങിയത്. അങ്ങനെ മദീനയുടെ പതാകയുടെ കീഴില്‍ എല്ലാ അറേബ്യന്‍ രാജ്യങ്ങളും കീഴടങ്ങി.

5) മദീനയിലേക്കുള്ള ഹിജ്‌റയോടു കൂടി ഒരു ഇസ്ലാമിക സമൂഹം നിലവില്‍ വന്നു. ഗോത്രത്തിന്റെ പേരിലോ വര്‍ഗീയതയുടെയോ കുടുംബ മഹിമയുടെയോ പേരിലോ ഉള്ള അഹങ്കാരമായിരുന്നില്ല അവരെ ഒരുമിച്ച് കൂട്ടിയത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുള്ള സ്‌നേഹ ബന്ധങ്ങളുടെയും പേരില്‍ ഉണ്ടായ ഒന്നാമത്തെ കൂട്ടത്തെയായിരുന്നു മദീനയില്‍ കാണുവാന്‍ സാധിച്ചത്. ഇസ്‌ലാമെന്ന കാരുണ്യത്തിന്റെ മതം കൊണ്ട് അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹമായിരുന്നു ഇത്:

''അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു'' (അല്‍അന്‍ഫാല്‍: 63).

6) ഹിജ്‌റക്കു ശേഷം അറബികളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. നിസ്സാര വിഷയങ്ങളുടെ പേരില്‍ പരസ്പരം യുദ്ധം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്നവരായിരുന്നു അറബികള്‍. ഉന്നതങ്ങളായ മൂല്യങ്ങളെ വലിച്ചെറിഞ്ഞവരായിരുന്നു അവര്‍. പക്ഷേ, ലോകത്ത് മാതൃകയില്ലാത്ത വിധം ഉയരങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇവര്‍ക്ക് പിന്നീട് സാധിച്ചു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരായി മാറി അവര്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ അവരില്‍ ശക്തിപ്പെട്ടു. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും പ്രേരക ഘടകങ്ങള്‍ അവരില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി. പ്രതികാരത്തിന്റെ ചൂടുപിടിച്ച മനസ്സുകള്‍ തണുത്തലിഞ്ഞു. അതോടെ ധാര്‍മികതക്ക് വില കല്‍പിക്കപ്പെട്ടു. മതവിജ്ഞാനങ്ങള്‍ പ്രചരിച്ചു. പണ്ഡിത കേസരികള്‍ രൂപം കൊണ്ടു. അജ്ഞതയും അറിവില്ലായ്മയും എങ്ങോ പോയി മറഞ്ഞു.

''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (അല്‍ജുമുഅ: 2).

7) ഹിജ്‌റക്കു ശേഷം മദീന 'കല്ലുകളുടെ മദീന'ക്ക് പകരം തെളിമയുടെ മദീനയായി മാറി. മൂല്യങ്ങള്‍ക്കും മഹത്ത്വങ്ങള്‍ക്കും അവിടെ സ്ഥാനമുണ്ടായി. അവിടെ നിന്നും പ്രബോധകന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു. ചരിത്രത്തിന്റെ മുഖം തന്നെ അവര്‍ മാറ്റിയെഴുതി. ലോകരില്‍ വിശ്വാസത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും മുദ്ര കൊണ്ടുള്ള അടയാളങ്ങള്‍ അവരുണ്ടാക്കി.

''മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു...''(ആലു ഇംറാന്‍: 110)

8) മദീനയിലേക്കുള്ള ഹിജ്‌റ ഇസ്‌ലാമിന് ചലിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും പ്രബോധനത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തു. മദീനയില്‍ താമസം ഉറപ്പിച്ചതോടെ അറേബ്യന്‍ പ്രദേശങ്ങളിലെ രാജാക്കന്മാര്‍ക്കെല്ലാം നബി ﷺ  കത്ത് അയച്ചു തുടങ്ങി. സമീപ പ്രദേശങ്ങളിലെ ഭരണാധികാരികള്‍, ഗോത്രത്തലവന്മാര്‍, രാജാക്കന്മാര്‍ തുടങ്ങിയവരിലേക്ക് അംബാസഡര്‍മാരെ നിയോഗിച്ചു. അല്ലാഹുവിന്റെ മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അല്ലാഹുവിന്റെ കല്‍പന നടപ്പിലാക്കുകയും ചെയ്തു.

''ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)'' (ഇബ്‌റാഹീം: 52).

9) അറേബ്യയില്‍ നിന്ന് വിഗ്രഹാരാധന തുടച്ചുനീക്കപ്പെട്ടു. എല്ലാ സ്ഥലങ്ങളിലും പുതിയ ഒരു ചരിത്രം തന്നെ രൂപം കൊണ്ടു. വിഗ്രഹാരാധനയില്‍ നിന്നും ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് മനുഷ്യര്‍ പരിവര്‍ത്തിക്കപ്പെട്ടു. മനുഷ്യന് ആദരവ് ലഭിച്ചു.

''സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു...''(അല്‍ഇസ്‌റാഅ്: 81).

10) സത്യത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഇസ്‌ലാമിക ഭരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ഹിജ്‌റ. ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുവാനുള്ള അടിസ്ഥാന കാരണവും ഹിജ്‌റയോടനുബന്ധിച്ച് ഉണ്ടായ തുറന്ന പ്രബോധനം തന്നെയായിരുന്നു. കിഴക്ക് ഇന്ത്യ മുതല്‍ പടിഞ്ഞാറ് അറ്റ്‌ലാന്റിക് മഹാ സമുദ്രം വരെയും തെക്ക് ആഫ്രിക്ക മുതല്‍ വടക്ക് റഷ്യ വരെയും ഇസ്‌ലാം കടന്നുചെന്നു.

11) ഹിജ്‌റയോടെ ലോകത്ത് സമാധാനവും നിര്‍ഭയത്വവും നിലവില്‍വന്നു. അഹങ്കാരികളുടെ ഭരണത്തില്‍ നിന്നും മനുഷ്യര്‍ സുരക്ഷിതരായി. ആക്രമണങ്ങളുടെയും അരാജകത്വങ്ങളുടെയും നേതൃത്വങ്ങള്‍ക്ക് വിരാമമായി.

അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണിത്. ഹൃദയങ്ങളെ വിശ്വാസം കൊണ്ട് തുറക്കാതെ; ഒരു ഭൂമിയും ആയുധം കൊണ്ട് വിജയിച്ചിട്ടില്ല. രാജ്യത്തിന് അകത്തുള്ള ശത്രുക്കള്‍ ഇറങ്ങിപ്പോകുന്നതുവരെ പുറത്തുനിന്നുള്ള ശത്രുക്കള്‍ ആ രാജ്യത്തുനിന്നും ഇറങ്ങിപ്പോവുകയില്ല.

''ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)' (ഇബ്‌റാഹീം: 52).

ഇതിനെല്ലാം പുറമേ നബി ﷺ യുടെയും സ്വഹാബികളുടെയും മദീനയിലേക്കുള്ള ഹിജ്‌റ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള വലിയ കാരുണ്യവും അനുഗ്രഹവും ആയിരുന്നു. കാരണം ഇസ്‌ലാമിന്റെ വ്യാപനവും അതിന്റെ പ്രചാരവും ദുര്‍ബലരും അടിച്ചമര്‍ത്തപ്പെടുന്നവരുമായി കഴിയുന്ന ഏവര്‍ക്കും അനിവാര്യമായ കാര്യമായിരുന്നു. അത്‌കൊണ്ടു തന്നെ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം എല്ലാ ആളുകള്‍ക്കും ഒരു അനുഗ്രഹമായി മാറുകയും ചെയ്തു.

 ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു'' (അല്‍മാഇദ: 3).

ഇത്രയും വലിയ ഗുണങ്ങള്‍ ഹിജ്‌റയിലൂടെ ഉണ്ടായ കാരണത്താല്‍ നബി ﷺ യുടെ ഹിജ്‌റ ഇസ്ലാമിക ചരിത്രത്തിന്റെ തുടക്കമാക്കാന്‍ സ്വഹാബികള്‍ ഉദ്ദേശിച്ചു. നബി ﷺ യുടെ ജനനമോ പ്രവാചകത്വമോ മരണമോ ആയിരുന്നില്ല അവര്‍ ഇസ്‌ലാമിക ചരിത്രം കണക്കാക്കുവാന്‍ ഉപയോഗിച്ചിരുന്നത്. കൂടിയാലോചനയിലൂടെ ഉമര്‍(റ) ഇതിന് തുടക്കം കുറിക്കുകയും ചെയ്തു.

ആഇശ(റ) പറയുന്നു: ''നബി ﷺ  മദീനയില്‍ എത്തിയപ്പോള്‍ അബൂബകറിനും ബിലാലിനും അസുഖം ബാധിച്ചു. പനി പിടിപെടുമ്പോള്‍ അബൂബകര്‍ ഇപ്രകാരം പാടാറുണ്ടായിരുന്നു: 'ഓരോ മനുഷ്യനും  തന്റെ കുടുംബത്തില്‍ നേരം പുലരുന്നു. മരണമാകട്ടെ അവന്റെ ചെരുപ്പിന്റെ വാറിനെക്കാള്‍ അടുത്ത് കിടക്കുന്നതാണ്.''

മക്കാ രാജ്യത്തെ സ്മരിച്ചുകൊണ്ട് ബിലാല്‍(റ) പാട്ട് പാടിയിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല മക്കയിലുള്ള പല ആളുകള്‍ക്കുമെതിരെ അവര്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു: 'അല്ലാഹുവേ, ശൈബയെയും ഉത്ബയെയും ഉമയ്യത്തുബ്‌നു ഖലഫിനെയും ഞങ്ങളുടെ നാട്ടില്‍ നിന്നും പ്രവാസത്തിന്റെ ഈ നാട്ടിലേക്ക് അവര്‍ ഞങ്ങളെ പുറത്താക്കിയത് പോലെ, നീ അവരെ ശപിക്കേണമേ.' നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: 'അല്ലാഹുവേ, മക്കയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹം പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ സ്‌നേഹം മദീനയോട് ഞങ്ങള്‍ക്കുണ്ടാക്കിത്തരേണമേ. അല്ലാഹുവേ, ഞങ്ങളുടെ മുദ്ദിലും സ്വാഇലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ. ഞങ്ങള്‍ക്ക് നീ മദീനയെ ആരോഗ്യപൂര്‍ണമാക്കി തരേണമേ. ഇവിടത്തെ പനിയെ ജുഹ്ഫയിലേക്ക് നീക്കം ചെയ്യേണമേ...' (ബുഖാരി: 1889).

മദീനയുടെ അന്തരീക്ഷം മുഹാജിറുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ ശരീര പ്രകൃതിക്ക് അത് എതിരായി തോന്നി. അവര്‍ പ്രയാസപ്പെട്ടു. പലപ്പോഴും അവര്‍ക്ക് ഇരുന്നുകൊണ്ടല്ലാതെ നമസ്‌കരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. മദീനക്ക് വേണ്ടിയുള്ള നബി ﷺ യുടെ പ്രാര്‍ഥനയിലൂടെയാണ് അവിടത്തെ അന്തരീക്ഷം മാറിക്കിട്ടിയതും സ്വഹാബത്തിന് അനുകൂലമാകുന്ന രൂപത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടായതും. നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാം: 'അല്ലാഹുവേ, മക്കയില്‍ നല്‍കിയ ബറകത്തിന്റെ ഇരട്ടി ബറക്കകത്ത് മദീനയില്‍ നീ നല്‍കേണമേ' (ബുഖാരി: 1885, മുസ്‌ലിം: 1369).