അഹങ്കാരത്തിന് ആദ്യ തിരിച്ചടി

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 33)

ക്വുറൈശികള്‍ രാത്രിയില്‍ അവരുടെ സൈനിക താവളത്തില്‍ കഴിച്ചു കൂട്ടി. ക്വുറൈശികള്‍ ബദ്‌റിന്റെ താഴ്‌വരയിലേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചു:''അല്ലാഹുവേ, ക്വുറൈശികള്‍ ഇതാ അവരുടെ അഹങ്കാരവും പൊങ്ങച്ചവും കുതിരപ്പടയുമായി നിന്നെ വെല്ലുവിളിച്ചു കൊണ്ടും നിന്റെ പ്രവാചകനെ നിഷേധിച്ചുകൊണ്ടും ഇറങ്ങിവരുന്നു. അല്ലാഹുവേ, എനിക്കു നീ വാഗ്ദാനം ചെയ്ത സഹായം നല്‍കേണമേ'' (സീറതു ഇബ്‌നു ഹിശാം: 2/233).

ഉമൈര്‍ ഇബ്‌നുവഹബുല്‍ ജുമഹിയെ അവര്‍ മുസ്‌ലിം സൈന്യത്തിന്റെ അവസ്ഥയെക്കുറിച്ച് പരിശോധിക്കുവാന്‍ വേണ്ടി അയക്കുകയുണ്ടായി. അയാള്‍ വന്ന് മുസ്‌ലിം സൈന്യത്തിന് ചുറ്റും തന്റെ കുതിരയെ ഓടിച്ചുകൊണ്ട് തിരിച്ചു പോയി. മുസ്‌ലിംകള്‍ 300 പേരുണ്ട് എന്നും അതില്‍ അല്‍പം കുറവോ കൂടുതലോ ഉണ്ടായേക്കാം എന്നുമുള്ള റിപ്പോര്‍ട്ട് അയാള്‍ നല്‍കി. 'എനിക്ക് അല്‍പം കൂടി സാവകാശം തരൂ. മുസ്‌ലിംകള്‍ക്ക് മറ്റു വല്ല സഹായികളോ ഒളിത്താവളങ്ങളോ ഉണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു നോക്കട്ടെ' എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അയാള്‍ മുസ്‌ലിംകളുടെ അവസ്ഥയറിയാന്‍ പോയി. എന്നിട്ട് തിരിച്ചു ചെന്നുകൊണ്ട് പറഞ്ഞു: ''ഞാന്‍ ഒന്നും കണ്ടില്ല. പക്ഷേ, ക്വുറൈശികളേ, ഞാന്‍ കണ്ട ഒരു കാര്യം ഉണ്ട്. മരണം മണക്കുന്ന ചില പരീക്ഷണങ്ങള്‍ ഞാന്‍ കാണുന്നു. ശക്തിയേറിയ വിഷവും വഹിച്ചുകൊണ്ടാണ് യഥ്‌രിബുകാര്‍ വന്നിട്ടുള്ളത്. കണ്ടില്ലേ! അവര്‍ ഒന്നും മിണ്ടുന്നില്ല. സര്‍പ്പങ്ങളെപ്പോലെ വായില്‍ തന്നെ എല്ലാം ഒതുക്കിവെക്കുകയാണ് അവര്‍. അല്ലാഹുവാണ് സത്യം, നിങ്ങളിലെ ആളുകള്‍ കൊല്ലപ്പെടുന്നത് വരെ അവരില്‍ ഒരാള്‍ പോലും കൊല്ലപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. ഈ ചെറിയ സംഘം കൊണ്ട് നിങ്ങള്‍ക്ക് അവര്‍ നാശങ്ങള്‍ വരുത്തിവച്ചാല്‍ പിന്നെ ബാക്കിയുള്ള ജീവിതത്തില്‍ എന്ത് നന്മയാണ് ഉള്ളത്? അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ.''

ഹകീം ഇബ്‌നു ഹിസാം ഈ സംസാരം കേട്ടപ്പോള്‍ ജനങ്ങള്‍ക്കിടയിലൂടെ ഒന്നു നടന്നു. ഉത്ബതുബ്‌നു റബീഅയുടെ അടുക്കല്‍ വന്നു കൊണ്ട് പറഞ്ഞു: ''അല്ലയോ അബുല്‍ വലീദ്! ക്വുറൈശികളുടെ അനുസരിക്കപ്പെടുന്ന നേതാവാണ് താങ്കള്‍. എന്നും താങ്കള്‍ ഓര്‍ക്കപ്പെടുന്ന നിലക്കുള്ള നന്മനിറഞ്ഞ ഒരു അഭിപ്രായത്തിലേക്ക് താങ്കള്‍ക്ക് മടങ്ങിക്കൂടേ?'' അബ്ദുല്‍ വലീദ്(ഉത്ബ) പറഞ്ഞു: ''എന്താണ് ഹകീം താങ്കള്‍ ഉദ്ദേശിക്കുന്നത്?'' ഹകീമുബ്‌നു ഹിസാം പറഞ്ഞു: ''നിങ്ങള്‍ ജനങ്ങളെ കൊണ്ട് മടങ്ങുക. അങ്ങയുടെ ഇവിടത്തെ കാര്യങ്ങള്‍ അംറ്ബ്‌നുല്‍ ഹള്‌റമിയെ ഏല്‍പിക്കുക. മുഹമ്മദിന്റെ രക്തം മാത്രമാണല്ലോ നിങ്ങള്‍ക്കാവശ്യം.'' ഉത്ബ പറഞ്ഞു: ''ഞാന്‍ അതിനു തയ്യാറാണ്. എന്നാല്‍ ജനങ്ങളുടെ ഇവിടത്തെ അവസ്ഥ അബൂജഹല്‍ അറിയുന്നത് ഞാന്‍ ഭയപ്പെടുന്നു.''

ശേഷം ഉത്ബ എണീറ്റ് നിന്നുകൊണ്ട് ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ''അല്ലയോ ജനങ്ങളേ, അവരില്‍ മരണം കൊതിക്കുന്ന ഒരു സമൂഹത്തെ ഞാന്‍ കാണുന്നു. അവരിലേക്ക് നിങ്ങള്‍ എത്തുകയില്ല. പക്ഷേ, നിങ്ങളില്‍ ഒരുപാട് നന്മകള്‍ ഉണ്ട്. എന്റെ സമൂഹമേ, ഉത്ബ ഭീരുവായിരിക്കുന്നു എന്ന് നിങ്ങള്‍ ഉറക്കെ വിളിച്ചു പറയുക. സത്യത്തില്‍ ഞാന്‍ ഭീരുവല്ല എന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ.''

അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ''ക്വുറൈശികള്‍ ഞങ്ങളിലേക്ക് അടുക്കുകയും ഞങ്ങള്‍ അവര്‍ക്കെതിരെ അണിനിരക്കുകയും ചെയ്തപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ ചുവന്ന ഒട്ടകപ്പുറത്ത് നടക്കുന്നതായി കണ്ടു. അപ്പോള്‍ നബി ﷺ  പറഞ്ഞു: അല്ലയോ അലീ, ഹംസയെ എന്റെ അടുക്കലേക്ക് വിളിക്കൂ. (മുശ്‌രിക്കുകളോട് ഏറ്റവും അടുത്ത സ്ഥലത്തായിരുന്നു ഹംസ(റ)) ആരാണ് ആ ചുവന്ന ഒട്ടകപ്പുറത്ത് നടക്കുന്നത്? എന്താണ് അയാള്‍ ക്വുറൈശികളോട് പറയുന്നത്? അവരുടെ കൂട്ടത്തില്‍ അവരോട് നന്മ കല്‍പിക്കുന്ന ഒരാളുണ്ടെങ്കില്‍ ആ ചുവന്ന ഒട്ടകപ്പുറത്ത് ഉള്ള ആളായിരിക്കും.'' നബി ﷺ  ഇത്രയും പറഞ്ഞപ്പോഴേക്കും ഹംസ(റ) കടന്നു വന്നു. എന്നിട്ട് പറഞ്ഞു: ''ഒട്ടകപ്പുറത്ത് ഉള്ളത് ഉത്ബയാണ്. ക്വുറൈശികളെ യുദ്ധത്തില്‍ നിന്നും തടയുകയാണ് അദ്ദേഹം.'' എന്നിട്ട് ഉത്ബ സമൂഹത്തോട് പ്രസംഗിച്ച കാര്യം ഹംസ(റ) നബി ﷺ യെ അറിയിച്ചു. ഈ വിഷയം അബൂജഹല്‍ അറിഞ്ഞു. ഉടനെ ഉത്ബയുടെ അടുത്തു ചെന്നുകൊണ്ട് ചോദിച്ചു: ''ഇപ്രകാരമൊക്കെ നീ പറഞ്ഞുവോ? നീയല്ലാത്ത മറ്റൊരാളാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അവനെ ഞാന്‍ കടിച്ചു ചവച്ചരക്കുമായിരുന്നു. നീ ഭയം കൊണ്ട് നിറഞ്ഞവനാണ്.'' ഇത് കേട്ടപ്പോള്‍ ഉത്ബ പറഞ്ഞു: ''മൂട് മഞ്ഞനിറം ആയവനേ, എന്നെയാണോ നീ ആക്ഷേപിക്കുന്നത്? ആരാണ് ഭീരു എന്ന് ഇന്ന് നിനക്ക് മനസ്സിലാക്കാം'' (അഹ്മദ്: 948).

യുദ്ധം ചെയ്യണം എന്ന വാശിയില്‍ അബൂജഹല്‍ ശഠിച്ചുനിന്നു. കാര്യങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്തു. മുമ്പ് അബ്ദുല്ലാഹിബ്‌നു ജഹ്ശിന്റെ സൈന്യത്തില്‍ കൊല്ലപ്പെട്ട അംറുബ്‌നു ഖള്‌റമിയുടെ സഹോദരന്‍ ആമിറുബ്‌നുല്‍ ഖള്‌റമിയോട് സഹായം തേടിക്കൊണ്ട് അബൂജഹല്‍ ആളെ അയച്ചു. ആമിര്‍ ആളുകള്‍ക്കിടയില്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചു പറഞ്ഞു: ''അംറിന്റെ കാര്യത്തില്‍ സഹായിക്കേണമേ, അംറിന്റെ കാര്യത്തില്‍ സഹായിക്കേണമേ!''

ഇതോടെ ജനങ്ങള്‍ക്ക് ചൂടുപിടിച്ചു. അവരെ ബാധിച്ച നാശം അവര്‍ക്ക് ഉറപ്പുവരുകയും ചെയ്തു. മുമ്പ് ഉത്ബ പറഞ്ഞ അഭിപ്രായത്തെ അവിടെ വെച്ച് കൊണ്ട് നശിപ്പിക്കുകയും ചെയ്തു. വിവേകത്തിനു മുകളില്‍ വികാരം ഇളകി മറിഞ്ഞു. എല്ലാം അല്ലാഹുവിന്റെ തീരുമാനം തന്നെയായിരുന്നു.

''നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്) അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും സാര്‍ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ അന്യോന്യം (പോരിന്) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു. പക്ഷേ, ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അല്‍അന്‍ഫാല്‍: 42).

താമസിയാതെ യുദ്ധം തുടങ്ങി. മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ നിന്ന് അസ്‌വദ്ബ്‌നു അബ്ദുല്‍ അസദ് അല്‍ മഖ്‌സൂമി ഇറങ്ങിവന്നു. വളരെ മോശം സ്വഭാവക്കാരനായിരുന്നു അയാള്‍. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവാണ് സത്യം! മുസ്‌ലിംകളുടെ ജല സംഭരണിയില്‍ നിന്ന് ഞാന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ അതിന്റെ പേരില്‍ ഞാന്‍ മരിക്കുകയും ചെയ്യും.'' ഇങ്ങനെ പറഞ്ഞ് അയാള്‍ ഇറങ്ങി വന്നപ്പോള്‍ ഹംസ(റ) അയാള്‍ക്ക് നേരെ ചെന്നു. രണ്ടു പേരും പരസ്പരം ഏറ്റുമുട്ടുകയും ഹംസ തന്റെ വാളു കൊണ്ട് ഒരു വെട്ടു കൊടുക്കുകയും ചെയ്തു. അതോടെ അയാളുടെ കണങ്കാലിന്റെ പകുതി മുറിഞ്ഞു പോന്നു. വീണ്ടും കാലില്‍ ഇഴഞ്ഞുകൊണ്ട് ജലസംഭരണിക്ക് സമീപത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ ഹംസ(റ) വീണ്ടും വെട്ടി. അതോടെ അയാളുടെ കഥ തീരുകയും ചെയ്തു. ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒന്നാമത്തെ വ്യക്തിയായിരുന്നു ഇയാള്‍. ശേഷം പരസ്പരമുള്ള ഏറ്റുമുട്ടലിന് വെല്ലുവിളിച്ചു കൊണ്ട് ക്വുറൈശികളില്‍ നിന്ന് മൂന്ന് പ്രധാനികളായ യോദ്ധാക്കള്‍ ഇറങ്ങിവന്നു. ഉത്ബതുബ്‌നു റബീഅ, സഹോദരന്‍ ശൈബതുബ്‌നു റബീഅ, ഉത്ബയുടെ മകന്‍ വലീദ് തുടങ്ങിയവരായിരുന്നു അവര്‍. യോദ്ധാക്കളുടെ അണിയില്‍ നിന്നും വേറിട്ട് വന്നു കൊണ്ടാണ് അവര്‍ വെല്ലുവിളി നടത്തിയത്. ഇവരുടെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് അന്‍സ്വാറുകളില്‍ നിന്നും പ്രഗല്‍ഭരായ മൂന്നാളുകള്‍ ഇറങ്ങിച്ചെന്നു. ഔഫ്(റ), മുആദ്(റ) (അഫ്‌റാഇന്റെ രണ്ടു മക്കള്‍), അബ്ദുല്ലാഹിബ്‌നു റവാഹ(റ) തുടങ്ങിയവരായിരുന്നു അവര്‍. അപ്പോള്‍ മുശ്‌രിക്കുകള്‍ ചോദിച്ചു: ''ആരാണിവര്‍?'' അവര്‍ പറഞ്ഞു: ''അന്‍സ്വാറുകളുടെ കൂട്ടത്തിലെ ഒരു സംഘമാണ്.'' മുശ്‌രിക്കുകള്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. ഞങ്ങളുടെ എളാപ്പയുടെ മക്കളെയാണ് ഞങ്ങള്‍ക്ക് ആവശ്യം.'' കൂട്ടത്തില്‍ ഒരാള്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ''അല്ലയോ മുഹമ്മദ്! ഞങ്ങളുടെ ജനതയില്‍ നിന്നും ഞങ്ങള്‍ക്ക് ഒത്ത ആളുകളെ പുറത്തുവിടൂ.'' ഇത് കേട്ടപ്പോള്‍ നബി ﷺ  ഇപ്രകാരം വിളിച്ചു പറഞ്ഞു: ''അല്ലയോ ഉബൈദതുബ്‌നുല്‍ ഹാരിസ്, എഴുന്നേറ്റ് ചെല്ലൂ. അല്ലയോ ഹംസ, അല്ലയോ അലി, എഴുന്നേറ്റ് ചെല്ലൂ.'' ഇവര്‍ അടുത്തു ചെന്നപ്പോള്‍ മുശ്‌രിക്കുകള്‍ ചോദിച്ചു:''ആരാണ് നിങ്ങള്‍?'' അവര്‍ പറഞ്ഞു: ''ഞങ്ങള്‍ നിങ്ങള്‍ക്ക് കിടയൊത്തവരും മാന്യന്മാരും ആകുന്നു.'' അങ്ങനെ ഉബൈദ(റ) ഉത്ബയുമായി കൊമ്പുകോര്‍ത്തു. ബദ്‌റില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ഉബൈദ(റ). ഹംസ(റ) ശൈബയുമായും അലി(റ) വലീദുമായും ഏറ്റു മുട്ടാന്‍ ഒരുങ്ങി. ഹംസ(റ) ശൈബയെയും അലി(റ) വലീദിനെയും വളരെ പെട്ടെന്നു തന്നെ കൊലപ്പെടുത്തി. ഉബൈദയും(റ) ഉത്ബയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്‍പസമയം നീണ്ടു നിന്നു. അവസാനം അലി(റ)യും ഹംസ(റ)യും ഉത്ബയിലേക്ക് ചാടിവീഴുകയും രണ്ടുപേരും ചേര്‍ന്ന് അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ഉബൈദയെ അവര്‍ പ്രവാചകന്റെ അടുക്കലേക്ക് ചുമന്നു കൊണ്ടു വന്നു. അദ്ദേഹത്തിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ടായിരുന്നു. രക്തം ധാര ധാരയായി ഒഴുകുന്നു. നബി ﷺ  ഉബൈദയുടെ മുഖത്തെ തന്റെ പവിത്രമായ കാലിനോട് ചേര്‍ത്തു വെച്ചു. ശേഷം ഉബൈദ(റ) ശഹീദാവുകയും ചെയ്തു. മുശ്‌രിക്കുകളില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നുമുള്ള ഈ ആറു പേരെ കുറിച്ചാണ് അല്ലാഹു ഇങ്ങെന പറയുന്നത്: 'ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്‌നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്''(ഹജ്ജ്: 19; ബുഖാരി: 3966; മുസ്‌ലിം: 3033).

ഇസ്‌ലാമില്‍ ഉണ്ടായ ഏറ്റവും മുഖ്യമായതും ഒന്നാമത്തെതുമായ ഏറ്റുമുട്ടലായിരുന്നു ഇത്. തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രഗത്ഭരായ മൂന്ന് ആളുകളുടെ മരണം മുശ്‌രിക്കുകളെ ചൊടിപ്പിച്ചു. ഒരൊറ്റ വ്യക്തി എന്നത് പോലെ അവര്‍ ഒന്നടങ്കം മുസ്‌ലിംകള്‍ക്കെതിരെ ചാടിവീഴാന്‍ അതു കാരണമായി. ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞു തുടങ്ങി. രണ്ടു കൂട്ടരും പരസ്പരം അടുത്തു. യുദ്ധം കൊടുമ്പിരികൊണ്ടു. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭൃത്യനായിരുന്ന മഹ്ജഇന് അമ്പേല്‍ക്കുകയും തല്‍ക്ഷണം അദ്ദേഹം മരണപ്പെടുകയും ചെയ്തു. യുദ്ധം തുടങ്ങിയതിനു ശേഷം മുസ്‌ലിംകളില്‍ നിന്നും ആദ്യമായി കൊല്ലപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ശേഷം ഹാരിസുബ്‌നു സുറാഖക്കും അമ്പേറ്റു. അദ്ദേഹം ചെറിയ കുട്ടിയായിരുന്നു. ഹൗളില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കെയാണ് അമ്പേറ്റത്. കഴുത്തിലായിരുന്നു അമ്പ് വന്നു പതിച്ചത്. അന്‍സ്വാറുകളുടെ കൂട്ടത്തില്‍ നിന്ന് ആദ്യമായി കൊല്ലപ്പെടുന്നത് ഇദ്ദേഹമായിരുന്നു. ഹാരിസ്(റ) മരിച്ചുപോയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ ഉമ്മുര്‍റുബയ്യിഅ് പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ മകന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കാന്‍ തയ്യാറാണ്. അതല്ല എങ്കില്‍ ഞാന്‍ ശക്തമായ നിലയ്ക്ക് കരയുക തന്നെ ചെയ്യും.'' നബി ﷺ  പറഞ്ഞു: ''ഹാരിസിന്റെ ഉമ്മാ, സ്വര്‍ഗത്തില്‍ ഒരുപാട് തോട്ടങ്ങളുണ്ട്. നിങ്ങളുടെ മകന്‍ ഉന്നതമായ ഫിര്‍ദൗസ്(അല്‍ ഫിര്‍ദൗസുല്‍ അഅ്‌ല) നേടിയിരിക്കുന്നു'' (ബുഖാരി: 2809).

യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ അബൂജഹല്‍ ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, മുഹമ്മദ് ഞങ്ങളില്‍ കുടുംബ ബന്ധം മുറിച്ചവനാണ്. ഞങ്ങള്‍ക്കറിയാത്ത മതവുമായി വന്നവനാണ്. അവനെ നശിപ്പിക്കേണമേ'' (അഹ്മദ്: 23661).

അല്ലാഹു ഇപ്രകാരം ഒരു വചനം അവതരിപ്പിച്ചു: ''(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നുകഴിഞ്ഞിരിക്കുന്നു.നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്'' (അല്‍അന്‍ഫാല്‍: 19).

അബൂജഹല്‍ പ്രാര്‍ഥിച്ചത് പോലെത്തന്നെ സംഭവിച്ചു. കുടുംബ ബന്ധം മുറിച്ചവരെ അല്ലാഹു തകര്‍ത്തുകളഞ്ഞു. രണ്ടു വിഭാഗങ്ങളില്‍ ഏറ്റവും പിഴച്ചവര്‍ക്ക് വലിയ നാശം തന്നെയായിരുന്നു ഈ യുദ്ധം.

(തുടരും)