അകത്ത് ആയിരം അഗ്‌നിസ്ഫുലിംഗങ്ങളുണര്‍ത്തിയ കത്ത്

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും: 13

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 7)

ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ അഞ്ചുവര്‍ഷത്തെ പ്രജാസഭാപ്രകടനം നിരീക്ഷിക്കുമ്പോള്‍ നാട്ടിന്റെയും സമൂഹത്തിന്റെയും വികാസത്തിനും ഉദ്ധാരണത്തിനും വേണ്ടി എത്രമാത്രം ശ്രദ്ധയോടെയും ദീര്‍ഘവീക്ഷണത്തോടെയും ആസൂത്രണത്തോടെയും വിഭവ വിന്യാസത്തോടെയുമാണ് ആ മഹാന്‍ കരുക്കള്‍ നീക്കിയത് എന്ന് ആര്‍ക്കും ബോധ്യപ്പെടും. സമുദായോദ്ധാരണത്തിന്റെ പ്രധാന പോംവഴികള്‍ നിര്‍ദേശിക്കുന്ന ഹമദാനി തങ്ങളുടെ വിശദമായ ഒരു കത്ത് വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ 'മുസ്‌ലിം' മാസിക അക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. സമുദായ ഫണ്ട് രൂപീകരണവും അതിന്റെ ശേഖരണ വിനിയോഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ആണ് ആ കത്തിന്റെ ഒന്നാം ഭാഗത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്. ഒരു പണ്ഡിത സംഘടനയുടെ ആവശ്യകതയാണ് കത്തിന്റെ രണ്ടാം ഭാഗത്തില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്. 'മുസ്‌ലിം' മാസികയുടെ തുടര്‍ന്നുള്ള ലക്കങ്ങളില്‍ ആ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള സുചിന്തിതവും ദ്രുതവുമായ നീക്കങ്ങള്‍ കാണാം. 'കേരളീയ മുസല്‍മാന്മാര്‍' എന്ന ശീര്‍ഷകത്തില്‍ കെ. ഹാശിം 1091 മിഥുന മാസത്തിലെ (1916 ജൂണ്‍) മുസ്‌ലിം മാസികയില്‍ എഴുതിയ ലേഖനം ആ മേഖലയിലുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു.

പരിഷ്‌കാര സൂര്യനുദിക്കാത്ത മുസ്‌ലിം പരിസരം

തങ്ങളുടെ കത്ത് വിശകലന വിധേയമാക്കുന്ന പ്രസ്തുത ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളുടെ പുനര്‍വായന കേരള മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങളുടെ ആഴവും പരപ്പും പരിഷ്‌കര്‍ത്താക്കളുടെ കാലത്തെ സമുദായത്തിന്റെ ആലസ്യവും ബോധ്യമാക്കിത്തരുന്നുണ്ട്.

''അന്ധകാരം, അജ്ഞാനം, മ്ലേഛത്വം ഇവകള്‍ സങ്കേതം പ്രാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അവയെ തള്ളിപ്പുറത്താക്കി പ്രകാശം, ജ്ഞാനം, മാനുഷികത്വം ഇവയെ ഉദ്ധാരണം ചെയ്ത് ലോകം മുഴുവന്‍ വിളങ്ങിയാടുന്ന പരിഷ്‌കാര സൂര്യന്‍ സര്‍വ്വപ്രതീക്ഷിതമായ തന്റെ രശ്മികളെ കേരളീയ മുസല്‍മാന്മാരുടെയിടയില്‍ പ്രകാശിപ്പിച്ചു കാണിക്കാത്തതില്‍ വിസ്മയിക്കാത്തവര്‍ ആരും തന്നെയില്ല. പക്ഷേ, ആശ്ചര്യഭരിതരായി കണ്ണും മിഴിച്ച് അങ്ങുമിങ്ങും നോക്കി 'സമുദായ ഗുണകാംക്ഷികള്‍' എന്ന നാമവും ധരിച്ച് 'അങ്ങനെ വേണം ഇങ്ങനെ വേണം' എന്നും മറ്റും പറഞ്ഞു അനാവശ്യമായി വാക്കുകള്‍ ചെലവഴിച്ച് കായക്ലേശമോ(1) പണച്ചിലവോ വേണ്ടിവന്നാല്‍ 'പൂച്ചയെ കണ്ട എലിയെ' എന്നപോലെ 'ദൈവമേ എന്നെ ആരും കാണരുത്' എന്നും വിചാരിച്ച് തലയും താഴ്ത്തി വീട്ടില്‍ പോയി സ്വസ്ഥമായിരുന്നാല്‍ സമുദായത്തില്‍ പരിഷ്‌കാര രശ്മികള്‍ എങ്ങനെയാണ് കടന്നുകൂടേണ്ടത്?!

നാം നമ്മുടെ ഘനം വിടാതെ യോഗ്യരുടെ നിലയില്‍ 'കാലിന്മേല്‍ കാലും വച്ച് മീശയും വലിച്ച്' വീട്ടില്‍ കൂടിയാല്‍ അഭിവൃദ്ധിയും പരിഷ്‌കാരവും സ്വമനസ്സാലെ വന്ന് കാല്‍ക്കല്‍വീണ് സമുദായത്തിനകത്ത് കടപ്പാന്‍ അനുവാദത്തിനു യാചിക്കാതെയിരിക്കുകയില്ല എന്നാണ് നമ്മുടെയിടയില്‍ അധിക പക്ഷക്കാരുടെയും വിശ്വാസമെന്ന് തോന്നുന്നു. ധനം കൊണ്ടും ശരീരം കൊണ്ടും കഴിയുന്നേടത്തോളം സഹായിച്ച് സ്വസമുദായത്തെ ഒരു ഉന്നതപദവിയില്‍ കൊണ്ടുവരേണം എന്നുള്ള ആഗ്രഹം മനസ്സില്‍ വേരൂന്നി അത് പ്രകാരം നിഷ്‌കപടമായി പ്രവര്‍ത്തിക്കുന്ന സാക്ഷാല്‍ സമുദായസ്‌നേഹികള്‍ ആരും തന്നെ കേരളീയ മുസല്‍മാന്മാരില്‍ ഇല്ല എന്നത് വ്യസനകരമായ ഒരു വാസ്തവമാണ് എന്നിരിക്കെ, പരിഷ്‌കാര സൂര്യന്‍ നമ്മുടെ ഇടയില്‍ ഉദിക്കാത്തതില്‍ എന്താണ് ആശ്ചര്യപ്പെടാനുള്ളത്?!''(2)

 മലബാര്‍ മുസ്ലിംകള്‍ക്ക് ബോധോദയമുണ്ടാകാനിടയായ സാഹചര്യവും ലേഖകന്‍ കൂലങ്കശമായി വിശകലനവിധേയമാക്കിയിട്ടുണ്ട്.

''ഇരുപതാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടുകൂടി കണ്ണുതുറന്ന് നാലുഭാഗവും നോക്കിയപ്പോള്‍ മാത്രമെ മറ്റു സമുദായക്കാരുടെ ഇടയില്‍ തലയും പൊക്കി നീണ്ടുനീര്‍ന്ന്(3) നടക്കണമെങ്കില്‍ അട്ടിയട്ടിയായി പണം മേടിച്ച് പെട്ടിയിലിട്ടാല്‍ പോരാ; സമുദായ സ്‌നേഹം, വിദ്യാഭ്യാസം, ഐകമത്യം, ലോകപരിചയം എന്നിവയും കൂടി അവശ്യം ആവശ്യമാണെന്ന് മലബാര്‍ മുസല്‍മാന്മാര്‍ക്ക് മനസ്സിലായിട്ടുള്ളൂ. ഈ ഉണര്‍വിന്റെ ഫലമായി കേരളത്തിലെ പാഠശാലകളില്‍ മുഹമ്മദീയ വിദ്യാര്‍ത്ഥികള്‍ നിറയുകയും, മുഖ്യ നഗരങ്ങളില്‍ മുഹമ്മദീയ യോഗങ്ങള്‍(4) സ്ഥാപിക്കപ്പെടുകയും, ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ മുഹമ്മദീയര്‍ ഒറ്റയായി കടന്നുകൂടുകയും ചെയ്തുതുടങ്ങിയിരിക്കുന്നു.''(5)

'മുറിവൈദ്യന്‍ ആളെക്കൊല്ലും' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു ഭാഷാ പഠനത്തിനും മറ്റും മുന്നോട്ട് വരുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ അക്കാലത്തെ അവസ്ഥ.

''പിസ്‌കലോജിക്കലായി(6) പറയുന്നതായാല്‍ എന്റെ ഇന്നാളത്തെ സ്‌ട്രോങ്ങ്(7) എല്ലാം പോയി' എന്നും മറ്റും പറഞ്ഞ് അവരവരുടെ ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ് മലയാളത്തിലുമുള്ള പരിജ്ഞാനത്തെ പ്രദര്‍ശിപ്പിച്ച് അന്ധാളിപ്പിച്ചതുകൊണ്ടോ, അവിടെയും ഇവിടെയും യോഗങ്ങള്‍ കൂടി 999 നിയമങ്ങളും 1001 തീര്‍പ്പുകളും ഉണ്ടാക്കി മേശവലിപ്പില്‍ വച്ച് ദീനില്‍ വരുന്നവരെ പൊന്നാക്കല്‍(8) അയച്ചത് കൊണ്ടോ എണ്ണിപ്പെറുക്കാവുന്ന ഉദ്യോഗസ്ഥന്മാര്‍ വാലന്‍തലക്കെട്ടും നീളന്‍കോട്ടും ധരിച്ച് ബജാറില്‍(9) കൂടി ലാത്തിയതുകൊണ്ടോ(10) സമുദായത്തിന് യാതൊരു ഗുണവും ഉണ്ടാകുന്നതല്ല എന്ന് മാത്രമല്ല; അതിനു മുമ്പുണ്ടായിരുന്ന യോഗ്യത കൂടെ ചുരുങ്ങി പോകുന്നതാണ്. സമുദായത്തെ ഉന്നതപദവിയില്‍ കൊണ്ടുവരേണമെങ്കില്‍ ധനവാന്മാരും ഉദ്യോഗസ്ഥന്മാരും വിദ്വാന്മാരും നിര്‍വ്യാജ സ്‌നേഹത്തോടുകൂടി അതിലേക്കായി ഒരുമ്പെടേണ്ടതാണ്. ഇങ്ങനെ ചെയ്യാന്‍ കാലം വളരെ അതിക്രമിച്ചിരിക്കുന്നു!

മാന്യ സഹോദരന്മാരേ, നമ്മുടെ ഇപ്പോഴത്തെ സ്ഥിതിയും മറ്റു സമുദായക്കാരുടെ സ്ഥിതിയും ഒന്ന് തുല്യാതുല്യം നോക്കുവിന്‍!(11) നാമിപ്പോഴും അജ്ഞാനമാകുന്ന അന്ധകാരത്തില്‍ മുഴുകി കണ്ണുകാണാതെ കുഴങ്ങി ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവര്‍ എത്രയോ ക്ഷമയോടും അഭിവൃദ്ധിയോടും ബഹുമാനത്തോടും കൂടി കഴിഞ്ഞുപോരുന്നു. നാം അവരെ കാണുമ്പോള്‍ 'നെഞ്ചിന്മേല്‍ കയ്യും കെട്ടി തലയും താഴ്ത്തി' നടക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്?!

 പുണ്യപുരുഷനായ നമ്മുടെ നബി ﷺ യുടെ ആവിര്‍ഭാവത്തിനുശേഷം ഇതുവരെ ഇസ്‌ലാമീങ്ങള്‍ ഒരു സമയത്തും ഒരു സ്ഥലത്തും ഇത്ര ശോചനീയമായ ഒരു സ്ഥിതി അനുഭവിക്കാന്‍ സംഗതി വന്നിട്ടില്ലെന്ന് ധൈര്യത്തോടുകൂടി പറയാന്‍ ഞാന്‍ മടിക്കുന്നില്ല. മാപ്പിള എന്ന പദത്തിന് 'മ്ലേഛത്വം' എന്ന് അര്‍ത്ഥം വന്നിരിക്കുന്നു. ഇതെന്തൊരു കഷ്ടമാണ്?! ഈ സ്ഥിതിയില്‍ ലോകാവസാനംവരെ നില്‍ക്കാനാണ് നമ്മുടെ വിധി.

പ്രിയ സഹോദരന്മാരേ, ഇസ്‌ലാമിന്റെ പൂര്‍വ്വ ചരിത്രം ഒന്ന് പരിശോധിച്ചു നോക്കുവിന്‍! ലോകം മുഴുവനും കീഴടക്കി നീതിന്യായങ്ങളുടെ നേതാക്കന്മാരായി, പലവക വിദ്യകളെയും പ്രചരിപ്പിച്ച്, പരിഷ്‌കാരത്തിന് കാരണഭൂതന്മാരായ നാം(12) അനുഭവിക്കേണ്ട സ്ഥിതി ഇതുതന്നെയാണോ?! ഇസ്‌ലാമിന്റെ ശ്രേഷ്ഠ ചരിത്രത്തിന് എത്രത്തോളം അപമാനത്തെയാണ് കടത്തിക്കൂട്ടാന്‍ നാം ഭാവിക്കുന്നത്?! കളങ്കമറ്റ നമ്മുടെ പൂര്‍വ്വ ചരിത്രത്തെ ഇപ്പോള്‍തന്നെ എത്രയോ അശുദ്ധപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഇസ്‌ലാമിന്റെ ബഹുമാന നാമത്തിനെ ചീത്തയാക്കി മറ്റുള്ളവരുടെ ഇടയില്‍ നീചത്വം കൈക്കൊണ്ട് ലോകത്ത് ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നത് തന്നെയാണ്.''

സമുദായമേ, ഹമദാനിയെ കേള്‍ക്കുക

സമുദായത്തിന് ഉല്‍ക്കര്‍ഷ മാര്‍ഗങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ഹമദാനി തങ്ങളുടെ കത്ത് സമുദായ പുരോഗതി കാംക്ഷിക്കുന്ന എല്ലാവരുടെയും അകതാരില്‍ ആയിരം അഗ്‌നിസ്ഫുലിംഗങ്ങളുണര്‍ത്തി. ഇസ്‌ലാമിനെ തനിമയോടെ പരിചയപ്പെടുന്ന പത്രങ്ങളുടെയും അതുവരെ ഉണ്ടായിരുന്നതെല്ലാം വെടിഞ്ഞ് സത്യമാര്‍ഗമായ ഇസ്ലാമിനെ പുല്‍കുന്ന പുതുവിശ്വാസികളുടെയും സംരക്ഷണത്തിന് സമുദായ ഫണ്ട് അനിവാര്യമാണെന്ന് ഹമദാനി തങ്ങളുടെ കത്ത് തെര്യപ്പെടുത്തുന്നുണ്ട്.

''മാന്യ സഹോദരന്മാരേ, ഇസ്‌ലാം സമുദായത്തെ കഴിയുന്ന വേഗത്തില്‍ അസഹനീയമായ അപമാനത്തില്‍ നിന്ന് ഉദ്ധാരണം ചെയ്യാന്‍ ഒരുമ്പെടുക! സര്‍വ്വ സംരക്ഷകനായ ദൈവം നമ്മെ എല്ലാ കാര്യങ്ങളിലും തുണക്കുന്നതാണ്. അതുകൊണ്ട് പണച്ചെലവോ, കായക്ലേശമോ കണക്ക് വെക്കാതെ ധനവാന്മാരും സാധുക്കളും വിദ്വാന്മാരും(13) അവിദ്വാന്മാരും ഉദ്യോഗസ്ഥന്മാരും ഉദ്യോഗം ഇല്ലാത്തവരും എല്ലാവരും ഇറങ്ങിപ്പുറപ്പെടുവിന്‍! എന്നാല്‍, ഇങ്ങനെ സമുദായോദ്ധാരണത്തിനായി ഒരുമ്പെടുന്ന എല്ലാവരും നമ്മുടെ മാന്യനായ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ അവര്‍കള്‍ കഴിഞ്ഞ ലക്കം മുസ്‌ലിമില്‍ എഴുതിയ സാരഗര്‍ഭമായ കത്ത് നല്ലവണ്ണം മനസ്സിരുത്തി വായിക്കേണ്ടതാണ്. ഈ കത്തില്‍ സമുദായ അഭിവൃദ്ധിക്ക് അത്യാവശ്യമായ രണ്ടുകാര്യങ്ങള്‍ തങ്ങള്‍ അവര്‍കള്‍ ക്ലിപ്തമായി പ്രസ്താവിച്ചിരിക്കുന്നു. ഇതിലൊന്ന് സമുദായ ഫണ്ട് ആണ്. ധനം ഇല്ലാതെ ഒരു കാര്യവും സാധിക്കുന്നതല്ല എന്ന് പ്രത്യേകം പറയേണമെന്നില്ലല്ലോ. ധനം ലൗകികമായ സകല കാര്യത്തിനും അടിസ്ഥാനമാണ്. അതുകൊണ്ട് ഫണ്ടില്ലാതെ സമുദായത്തെ നന്നാക്കുവാന്‍ തുനിയുന്നത് അടിസ്ഥാനമില്ലാതെ വീണ്ടെടുക്കും പോലെയാണ്. സമുദായ ഉണര്‍ച്ചക്കും പരിഷ്‌കാരത്തിനും ജ്ഞാനാഭിവൃദ്ധിക്കും ഒഴിച്ചുകൂടാത്ത ഒരു മൂലധനം ആയ പത്രങ്ങള്‍ പ്രസിദ്ധം ചെയ്യാനും മൂഢത്വത്തില്‍ നിന്നും അന്ധകാരത്തില്‍ നിന്നും രക്ഷിച്ച് നമ്മെ സാക്ഷാല്‍ മനുഷ്യന്മാരാക്കുന്ന വിദ്യാഭ്യാസത്തെ വര്‍ദ്ധിപ്പിക്കുവാനും ഇസ്‌ലാം മത തത്വങ്ങളുടെ സത്യത്തെ ഗ്രഹിച്ച് കുടുംബങ്ങളെയും സ്വത്തുക്കളേയും ഉപേക്ഷിച്ച് ദീനില്‍ വരുന്ന പുതുവിശ്വാസികളെ രക്ഷിക്കുവാനും ഒരു സമുദായ ഫണ്ടില്ലാതെ എങ്ങിനെയാണ് സാധിക്കുന്നത്?!''(14)

ഹമദാനി തങ്ങളുടെ ആ കത്ത് അന്നത്തെ മലയാള ഇസ്‌ലാമിക മാധ്യമലോകത്ത് ഗൗരവാവഹമായ ചര്‍ച്ചകള്‍ക്ക് നാന്ദികുറിച്ചു എന്നതില്‍ സംശയമില്ല. സമുദായ നിധി സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ചര്‍ച്ചകള്‍ക്കാണ് മുസ്‌ലിം മാസിക നേതൃത്വം നല്‍കിയത്. 'സമുദായത്തോട് രണ്ട് വാക്ക്' എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം മാസികയുടെ മൂന്നാം പുസ്തകം അഞ്ചാം ലക്കത്തില്‍ ടി.എ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ സാഹിബ് എഴുതിയ ലേഖനം ഈ ഗണത്തില്‍ ഏറെ ശ്രദ്ധേയമാണ്.

ആകാശത്ത് നിന്ന് പണമിറങ്ങുമോ?!

സമുദായക്ഷേമത്തിനിറങ്ങിത്തിരിക്കുന്ന ഏവരുടെയും എക്കാലത്തെയും പരിമിതി സാമ്പത്തിക സമാഹരണത്തിന്റെ അപര്യാപ്തതയായിരിക്കുമല്ലോ. സമുദായത്തിനകത്ത് സാമ്പത്തിക സ്രോതസുകള്‍ തുലോം വിരളമായിരുന്ന ഒരു കാലത്ത് ഹമദാനി തങ്ങളുടെ കത്തുമായി ബന്ധപ്പെട്ട് സമുദായത്തില്‍ നിന്ന് ഉയരാനിടയുള്ള ചോദ്യങ്ങള്‍ക്ക് മുസ്‌ലിം മാസിക നല്‍കുന്ന ഉത്തരം അക്കാലത്തെ പരിഷ്‌കര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്ന ശുഭാപ്തി വിശ്വാസത്തിനും നിശ്ചയദാര്‍ഢ്യത്തിനും നിദര്‍ശനമാണ്.

സമുദായ നിധി സമാഹരണത്തിന് സഹായകമാകുന്ന അക്കാലത്തെ രണ്ട് സാധ്യതകളാണ് മുസ്‌ലിം മാസിക ഈ ലേഖനത്തില്‍ മുന്നോട്ടുവച്ചത്: ''പക്ഷേ ഫണ്ട് എവിടെ നിന്നാണ് കൊണ്ടുവരേണ്ടത്? എങ്ങിനെയാണ് സ്ഥാപിക്കേണ്ടത്? എന്ന് ആരെങ്കിലും ചോദിക്കുമായിരിക്കും. സമുദായസ്‌നേഹികള്‍ ഫണ്ട് ഏര്‍പ്പെടുത്താന്‍ തുനിഞ്ഞാല്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ വേണ്ടുന്ന പണം കിട്ടുന്നതാണ് എന്നതില്‍ സംശയമില്ല.

(1) കേരളീയ മുസല്‍മാന്മാരുടെയിടയില്‍ ധനവാന്മാര്‍ എത്രയോ ഉണ്ട്. അവര്‍ അവരെക്കൊണ്ട് കഴിയുന്നിടത്തോളം സഹായിക്കുന്നതുമാണ്. (2) കൂടാതെ സാധാരണ ആളുകളോട് ആള്‍ക്ക് നാലണ കണ്ട് പിരിപ്പിച്ചാല്‍ തന്നെയും ഫണ്ടിന് വേണ്ട തുക കിട്ടുന്നതാണ്. അതുകൊണ്ട്, സമുദായക്ഷേമ തല്‍പരന്മാര്‍ ആദ്യമേ ഒരു സമുദായ ഫണ്ട് ഏര്‍പ്പെടുത്താന്‍ ശ്രമിക്കണം. ഫണ്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ നമുക്ക് ഉറപ്പായ ഒരു അടിസ്ഥാനം സിദ്ധിച്ചു. പിന്നെ, നമ്മുടെ ആഗ്രഹാനുസൃതം സമുദായത്തെ നന്നാക്കാന്‍ കഴിയുന്നതാണ്.''(15)

പ്രവാചക പ്രഭുവിനെതിരെ ക്രൈസ്തവ മിഷണറിമാര്‍ തൊടുത്തുവിട്ട ആക്രമണങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കാന്‍ സയ്യിദ് ഥനാഉല്ലാഹ് മക്വ്ദി തങ്ങള്‍ ആവിഷ്‌കരിച്ച 'നബിനാണയം' എന്ന പേരിലുള്ള ദിനേനയുള്ള നാണയത്തുട്ടുകളുടെ നിക്ഷേപം സമുദായ ഫണ്ടിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നുവല്ലോ.

പണ്ഡിതസംഘടനയുടെ പ്രസക്തി: ഹമദാനി തങ്ങളുടെ ഒരു താത്വിക വിശകലനം

സമുദായ നവോത്ഥാനം എങ്ങനെ വേണം എന്നതിന് അതിന് ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യത്തിനും യുക്തിക്കും അനുസരിച്ച വ്യക്തിനിഷ്ഠമായ ഉത്തരങ്ങളുണ്ടായിരിക്കും. സമഗ്രമായ സമുദായ പരിവര്‍ത്തനത്തിന് അത് പര്യപ്തമാകും എന്ന് ഉറപ്പ് പറയാനാകില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും മാറ്റത്തിനുള്ള ആധാരശിലകള്‍; സര്‍വജ്ഞാനിയായ ദൈവം വിശുദ്ധ ക്വുര്‍ആനിലൂടെയും ദിവ്യബോധനം അച്ചട്ടായി അനുസരിച്ച അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യുടെ ജീവിത മാതൃകയിലൂടെയും അവതരിപ്പിച്ചിട്ടുണ്ട്. അവ വ്യവഛേദിച്ച് മനസ്സിലാക്കാനും പ്രയോഗവല്‍ക്കരിക്കാനും പാണ്ഡിത്യവും നേതൃഗുണവും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് പരിവര്‍ത്തന വീഥിയില്‍ പണ്ഡിതന്മാര്‍ തന്നെ നായകത്വം വഹിക്കണമെന്ന് ഹമദാനി തങ്ങള്‍ പറഞ്ഞുവെച്ചത്. കൂടിയാലോചനയും കൂട്ടായ പരിശ്രമവുമില്ലെങ്കില്‍ സമുദായ സമുദ്ധാരണ സംരംഭങ്ങള്‍ ഫലപ്രാപ്തിയിലെത്താനുള്ള സാധ്യത കുറവാണെന്നും തങ്ങള്‍ നിരീക്ഷിച്ചു. 

''രണ്ടാമതായി തങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് വിദ്വാന്മാരുടെ ഒരു സംഘമാണ്. ഇങ്ങിനെയുള്ള ഒരു സംഘത്തിന്റെ ആവശ്യകതയെപ്പറ്റി അധികമൊന്നും പറയേണമെന്നില്ല. ക്രിസ്ത്യാനികള്‍ക്ക് പാതിരി സംഘം കൊണ്ട് എത്ര ഗുണം ഉണ്ടായിട്ടുണ്ടോ അതിലും പതിന്മടങ്ങ് ഗുണം ഈ സംഘം കൊണ്ട് നമുക്ക് ഉണ്ടാകുന്നതാണെന്നതിന് സന്ദേഹമില്ല. ഇതുകൊണ്ടുള്ള മുഖ്യ ഉദ്ദേശം സമുദായ സ്‌നേഹം, സഹോദര ഭാവം, ഐകമത്യം എന്നീ സദ്ഗുണങ്ങളെ സമുദായാംഗങ്ങളില്‍ വര്‍ധിപ്പിക്കുകയാണ്. ഉലമാക്കന്മാര്‍(16), ഇസ്‌ലാമീങ്ങള്‍ ഉള്ള എല്ലാ നഗരങ്ങളിലും പോയി വൈദികമായും ലൗകികമായും ഉള്ള വിദ്യകളെ ഉപദേശിച്ച് അവരെ ഉന്നതപദവിയില്‍ കൊണ്ടുവരേണ്ടതാണ്. ഇങ്ങനെ കേരളത്തിന്റെ നാലുഭാഗവും സഞ്ചരിച്ച്, പ്രസംഗങ്ങള്‍ ചെയ്ത്, അറിവിനെ വര്‍ധിപ്പിച്ച് സമുദായ സ്‌നേഹം ഉണ്ടാക്കുന്ന ഉലമാക്കന്മാരുടെ ചെലവുകളും സമുദായ സ്വത്തില്‍ നിന്ന് വെച്ചുകൊടുക്കേണ്ടതാണ്.''(17)

 കേരളത്തിലെ ആദ്യത്തെ മുസ്ലിം പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ ആലുവായില്‍ രൂപീകരിക്കപ്പെടാന്‍ ഹമദാനി തങ്ങളുടെ ഈ കത്ത് പ്രസിദ്ധീകൃതമായതിന്റെ എട്ടു വര്‍ഷം പിന്നിട്ട് 1924 വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു. അത്രമാത്രം ദുഷ്‌കരമായിരുന്നു ക്വുര്‍ആന്‍ പരിഭാഷകള്‍ പോലുള്ള നിരവധി ഉത്തുംഗമായ പദ്ധതികളുടെ പ്രയോക്താക്കളാകേണ്ട ഈ സമുദായത്തിന്റെ സ്ഥിതി. അക്കാലത്തെ സമുദായത്തിന്റെ നേര്‍ചിത്രം മുസ്‌ലിം പത്രാധിപര്‍ എ. മുഹമ്മദ് കുഞ്ഞ് മൗലവി വരച്ചു കാണിക്കുന്നുണ്ട്:

''അവരുടെ വിദ്യാഭ്യാസ വിഹീനതയും തന്മൂലമുള്ള പല അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മതകാര്യങ്ങളില്‍ പോലുമുള്ള പിണക്കങ്ങളും വഴക്കുകളും കക്ഷി മല്‍സരങ്ങളും അനാവശ്യ മത്സരങ്ങളും വ്യവഹാരങ്ങളും സ്ഥാനമാന വാദങ്ങളും അധര്‍മങ്ങളും അതില്‍ വെച്ച് അവര്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങളും... ഇതെല്ലാം കണ്‍മുമ്പില്‍ നടന്നുകൊണ്ടിരുന്നിട്ടും സമുദായത്തെ സന്മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യേണ്ടതായ മതപണ്ഡിതന്മാരുടെ മൗനവ്രതവും മത-സമുദായാഭിമാനമില്ലായ്മയും അവരില്‍ പലരുടെയും ദുര്‍വ്യയങ്ങളും ദുര്‍ബോധനങ്ങളും പഴയ മാമൂലുകളില്‍ നിന്ന്-അവ എത്രമാത്രം ദോഷപ്രദങ്ങളായിരുന്നാലും-ഒഴിയുന്നതിലുള്ള മര്‍ക്കടമുഷ്ടി കൊണ്ട് ഈ സമുദായത്തിന് പൊതുവേ ഉണ്ടാകുന്ന ദോഷങ്ങളും സാമുദായികമായ ആവശ്യങ്ങള്‍ക്ക് വേണ്ടപോലെ ധനവ്യയം ചെയ്ത് സമുദായത്തെ പോഷിപ്പിക്കേണ്ടവരായ നമ്മുടെ ധനവാന്മാരില്‍ പലരും ധനത്തിന് അടിമകളായിത്തീരുക നിമിത്തം സമുദായത്തിന് ഉണ്ടാകുന്ന ക്ഷയവും സമുദായ പരിഷ്‌കരണോദ്യമങ്ങള്‍ക്ക് നേരിടുന്ന വിഘ്‌നങ്ങളും... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തവണ്ണം അനേകം സംഗതികള്‍ മുന്‍പില്‍ വന്ന് നിറയുന്നു.''(18)

വിഭവശേഷിയുടെ കാര്യത്തില്‍ എത്രയോ പിന്നാക്കമായിരുന്ന സഹോദര സമുദായാംഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുന്നത് കണ്ട് അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ പോലും തയ്യാറാകാത്ത ഒരു ജനതയെ ഉണര്‍ത്താനാണ് ഹമദാനി തങ്ങള്‍ ശ്രമിച്ചത്. എന്നിട്ടും ഇതര സമുദായ നേതാക്കളും പത്രങ്ങളും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിയില്‍ കാണിക്കുന്ന താല്‍പര്യം വിലമതിക്കാന്‍ പോലും സമുദായ പ്രമാണിമാര്‍ തയ്യാറായില്ല എന്നത് എത്രമാത്രം സങ്കടകരമാണ്! ഹമദാനി തങ്ങളെ പിന്തുണക്കാന്‍ സമുദായത്തെ ആഹ്വാനം ചെയ്തുകൊണ്ടാണ് ഹാശിം സാഹിബ് മുസ്‌ലിം മാസികയിലെ തന്റെ ലേഖനത്തിന് വിരാമമിടുന്നത്:

''മാന്യ സഹോദരന്മാരേ, ശൈഖ് അവര്‍കള്‍ അഭിപ്രായപ്പെട്ട രണ്ട് മുഖ്യ കാര്യങ്ങളെ ഏര്‍പ്പെടുത്താന്‍ ഇന്നുതന്നെ തുനിയുവിന്‍! സമയം വൃഥാ ചെലവഴിക്കരുതേ! നിങ്ങളുടെ ഈ ഏര്‍പ്പാടില്‍ ശൈഖ് അവര്‍കളെ ഒരു മാതൃകയായി കരുതിക്കൊള്‍വിന്‍! പണച്ചെലവോ, സമയ നഷ്ടമോ ഒന്നും വിലവെക്കാതെ സമുദായ അഭിവൃദ്ധിക്കായി തങ്ങള്‍ അവര്‍കള്‍ ചെയ്തുവരുന്ന അധ്വാനം നിങ്ങള്‍ക്ക് ഒരു പാഠമായിരിക്കട്ടെ. ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളെ പോലെ ഒരാളെ ഇതിനു മുമ്പ് തന്നെ കരുണാനിധിയായ ദൈവം നമുക്ക് അനുഗ്രഹിച്ചുതന്നിട്ടുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ, നാമിന്ന് ഒരിക്കലും ശോചനീയമായ അവസ്ഥ അനുഭവിക്കേണ്ടി വരികയില്ലായിരുന്നു എന്ന് ചിന്തിച്ചുപോയേക്കാം. എല്ലാം സര്‍വശക്തന്റെ അലംഘനീയമായ തീരുമാനം! സര്‍വശക്തനായ തമ്പുരാന്‍ നമ്മെ രക്ഷിക്കട്ടെ, ആമീന്‍!''(19)

മക്വ്ദി തങ്ങളെപ്പോലുള്ള പരിഷ്‌കര്‍ത്താക്കള്‍ വിശുദ്ധ ക്വുര്‍ആനിനെ കോടതിയില്‍ സത്യം ചെയ്യുന്നതിനുള്ള ഉപകരണമാക്കുന്നതിനെ എതിര്‍ത്ത് സമൂഹത്തില്‍ ബോധവല്‍ക്കരണം നിര്‍വഹിച്ചത് നാം മുന്‍ ലക്കങ്ങളില്‍ വായിച്ചുവല്ലോ. ഈ ദുഷിച്ച സമ്പ്രദായത്തിനെതിരെ 1917 ഫെബ്രുവരി 19ലെ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ അസംബ്ലി വേളയില്‍ ശബ്ദിക്കാന്‍ ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ പ്രതിനിധി എന്‍.എ മുഹമ്മദ് കുഞ്ഞ് സാഹിബിനെ പോലുള്ളവര്‍ക്ക് പ്രചോദനമായത് തന്റെ മുന്‍ഗാമിയായ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ അഞ്ചുവര്‍ഷത്തെ പ്രജാസഭാ പ്രകടനമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. അതേ സഭയില്‍ അതേ ദിവസവും 1922 മാര്‍ച്ച് 9നും 1923 മാര്‍ച്ച് 21നും മുസ്‌ലിം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 11 ഇന നിര്‍ദേശങ്ങളും മറ്റു സുപ്രധാനമായ പ്രമേയങ്ങളും അവതരിപ്പിക്കാന്‍ പ്രചോദനമായതും ആ പ്രേരകശക്തി തന്നെയായിരുന്നു. 1919 മുതല്‍ 1948 വരെ പലപ്പോഴായി മുസ്‌ലിം സമുദായത്തിന്റെ നിയമസഭാ പ്രാതിനിധ്യം നിര്‍വഹിച്ച പി.എസ് മുഹമ്മദ് സാഹിബിനെ പോലുള്ള അനേകര്‍ക്കും പിന്നീട് ആ ഭാഗം പൂരിപ്പിച്ച സീതിസാഹിബിന്റെ തലമുറക്കും പ്രചോദനമായിത്തീര്‍ന്നത് ഹമദാനി തങ്ങള്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. ഇ.കെ മൗലവി മുതല്‍ ഇ. മൊയ്തുമൗലവി വരെയുള്ള കേരളനവോത്ഥാനനിര്‍മാതാക്കള്‍ക്ക് ഊര്‍ജമായി വര്‍ത്തിച്ചതും ആ മഹാനുഭാവന്റെ മാതൃകകളായിരുന്നുവെന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ അവരുടെ അനുഭവ വിവരണങ്ങളില്‍ നിന്ന് വ്യക്തമായല്ലോ. സീതിസാഹിബിന്റെ പിതാവ് ശീതി മുഹമ്മദ് സാഹിബിനെ ഹമദാനി തങ്ങള്‍ എത്രമാത്രം സ്വാധീനിച്ചുവെന്ന് ഇ.കെ മൗലവി അല്‍മുര്‍ശിദ് (1966-68) മലയാളം മാസികയിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിലും ഡോക്ടര്‍ സി.കെ കരീം മുഖ്യ പത്രാധിപരായിരുന്ന 'കേരള മുസ്‌ലിംചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി' മൂന്നാം സഞ്ചിക, താള്‍ 421 ലും വിവരിച്ചിട്ടുണ്ട്. സമുദായ പരിഷ്‌കര്‍ത്താവും ഗ്രന്ഥകാരനും സ്വാതന്ത്ര്യസമര നായകനുമായിരുന്ന താനൂര്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ക്കും 'ഹമദാനി തങ്ങള്‍ പ്രചോദനമേകി'യെന്ന് കേരള മുസ്‌ലിംചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി മൂന്നാം സഞ്ചിക താള്‍ 74ലും പരാമര്‍ശിച്ചിട്ടുണ്ട്. 

'ക്വുര്‍ആന്‍ ഉച്ചരിക്കാന്‍ അഭ്യസിക്കുക, അതിലും കൂടിയാല്‍ അറബിഭാഷയിലുള്ള കുറേ വ്യാകരണ പുസ്തകങ്ങളും(നഹ്‌വ്), അതിനുശേഷം ചില നിയമ ശാസ്ത്ര ഗ്രന്ഥങ്ങളും (ഫിക്വ്ഹ്) അക്ഷരംപ്രതി ഉരുവിടുക. ഇത്രമാത്രമല്ലാതെ ഇതില്‍ കൂടുതലായി വല്ലതുമുണ്ടോ?'(20) എന്ന് ചിന്തിക്കാന്‍ പോലും സമുദായാംഗങ്ങള്‍ അന്ന് അശക്തരായിരുന്നു. മറ്റു വിദ്യകള്‍ അഭ്യസിക്കുന്നതില്‍നിന്നും ഈ അധമബോധം സമുദായാംഗങ്ങളെ തടഞ്ഞു. 

''മേല്‍പറഞ്ഞ നഹ്‌വും ഫിക്വ്ഹും ഉരുവിടുന്നവരുടെ സംഖ്യ നമ്മുടെ ഇടയില്‍ ക്രമേണ വര്‍ധിച്ചുകൊണ്ടിരുന്നിട്ടും, സ്വകീയമായും സാമുദായികമായും ഉള്ള മനോഗുണവികാസത്തിനുതകുന്ന വിദ്യാഭ്യാസ വിഷയത്തില്‍ അവര്‍ ഉല്‍സുകരല്ലാതെ കാണപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?''(21) 

 ഈ ചോദ്യത്തിന് ഉത്തരം കാണുകയും അതിനു സക്രിയമായ പരിഹാരക്രിയകള്‍ നടപ്പിലാക്കുകയും ചെയ്ത പരിഷ്‌കര്‍ത്താക്കള്‍ സ്വീകരിച്ചത് ഹമദാനി തങ്ങളുടെ കത്തില്‍ മുന്നോട്ടുവച്ച സമുദായ ഫണ്ട്, മുസ്‌ലിം പണ്ഡിതസഭ എന്നിവ രൂപീകരിച്ചുകൊണ്ട് തന്നെയായിരുന്നു. 1089 മിഥുനം 27ന് (1914 ജൂലായ് 12) വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ എസ് മുഹമ്മദ് സുലൈമാന്‍ എന്ന തിരുവിതാംകൂറിലെ ആദ്യ മുസ്‌ലിം ബിരുദധാരിക്ക് നല്‍കിയ ഔദ്യോഗിക സ്വീകരണം ഹമദാനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഫലമുണ്ടായി എന്ന് തെളിയിക്കുന്നു. സ്വീകരണ ചടങ്ങില്‍ ദിവാന്‍ എം. കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. സമുദായത്തിന്റെ സ്വര്‍ണ മുദ്ര സുലൈമാന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രൗഢഗംഭീരമായ പ്രഭാഷണം സമുദായത്തെ സംബന്ധിച്ചിടത്തോളം ആനന്ദകരമായ മറ്റൊരു അനുഭവമായിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ ഡോക്ടര്‍ ബിഷപ്പ്, പ്രൊഫസര്‍ എ.ആര്‍. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, ദിവാന്‍ ബഹദൂര്‍ കെ. ഗോവിന്ദപ്പിള്ള, ദിവാന്‍ ബഹദൂര്‍ വി നാഗമയ്യ എന്നീ വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തമിഴ്‌നാട്ടിലെ മദ്രാസ് പ്രസിഡന്‍സി മുസ്‌ലിം ലീഗ്, മുസ്‌ലിം ഹോസ്റ്റല്‍ തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അനുമോദന കമ്പി (ടെലഗ്രാം) സന്ദേശങ്ങളും ഡോക്ടര്‍ എം. ഇസ്മായില്‍ മുനവ്വരി സാഹിബിന്റെ മംഗള പത്രവും യോഗത്തില്‍ വായിച്ചു. സ്ത്രീ സമുദ്ധാരണത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച വക്കം മൗലവിയുടെയും ഹമദാനി തങ്ങളുടെയും വിയോഗം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് മദിരാശി സര്‍വകലാശാലയില്‍ നിന്ന് 1936ല്‍ തിരുവിതാംകൂര്‍ മുസ്‌ലിം വനിതകളുടെ കൂട്ടത്തില്‍ ആദ്യ ബിരുദക്കാരി പുറത്തുവരുന്നത്. ഹവ്വാ ബീവി ആയിരുന്നു ആ ഭാഗ്യവതി. 1937ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകയോഗ്യതാ ബിരുദവും നേടി തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച അവര്‍ വിരമിക്കുകയും കാലയാപനം ചെയ്യുകയും ചെയ്തു. 

ആധാര സൂചിക:

(1) ദേഹാധ്വാനം.

(2) മുസ്‌ലിം മാസിക, 1091 മിഥുനം/1916 ജൂണ്‍ ലക്കത്തില്‍ കെ. ഹാശിം എഴുതിയ 'കേരളീയ മുസല്‍മാന്മാര്‍' എന്ന ലേഖനം.

(3) നിവര്‍ന്ന.്

(4) സംഘടനകള്‍.

(5) മുസ്‌ലിം മാസിക, 1091 മിഥുനം/1916 ജൂണ്‍ ലക്കത്തില്‍ കെ. ഹാശിം എഴുതിയ 'കേരളീയ മുസല്‍മാന്മാര്‍' എന്ന ലേഖനം.

(6) മനഃശാസ്ത്രപരമായി.

(7) ധൈര്യം/കരുത്ത്.

(8) പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവരെ പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്ലാം സഭയിലേക്ക് പറഞ്ഞയച്ച് ആരാധനകളും മറ്റും അഭ്യസിപ്പിക്കുക.

(9) അങ്ങാടിയില്‍. 

(10) വെറുതെ നടന്നതു കൊണ്ട്.

(11) താരതമ്യം ചെയ്യുക.

(12) വിജ്ഞാന വിപ്ലവത്തിലൂടെ ലോകത്തെ മാറ്റിമറിച്ച ഇസ്‌ലാം മതാനുയായികള്‍.

(13) പണ്ഡിതന്മാരും.

(14) മുസ്‌ലിം മാസിക, 1091 മിഥുനം/1916 ജൂണ്‍ ലക്കത്തില്‍ കെ. ഹാശിം എഴുതിയ 'കേരളീയ മുസല്‍മാന്മാര്‍' എന്ന ലേഖനം.

(15) അതേ അവലംബം.

(16) പണ്ഡിതന്മാര്‍.

(17) മുസ്‌ലിം മാസിക, 1916 ജൂണ്‍.

(18) മുസ്‌ലിം മാസിക, പു. 3 ല. 2.

(19) മുസ്ലിം മാസിക, 1916 ജൂണ്‍.

(20) മുസ്ലിം മാസിക, പു. 5 ല. 2 'സാമുദായിക ജീവിതം'- എ. മുഹമ്മദ് കുഞ്ഞ് മൗലവി. 

(21) അതേ അവലംബം.