വ്രതാനുഷ്ഠാനവും ഏകദൈവ വിശ്വാസവും

ശമീര്‍ മദീനി

2019 മെയ് 11 1440 റമദാന്‍ 06

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറയാണ്. അല്ലാഹു അവന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും ഏകനും അദ്വിതീയനുമാണ് എന്ന 'തൗഹീദുര്‍റുബൂബിയ്യ' അഥവാ സൃഷ്ടികര്‍തൃത്വത്തിലെ ഏകത്വവും, സൃഷ്ടികളുടെ ആരാധനകളഖിലവും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന് മാത്രമെ സമര്‍പിക്കാവൂ; അതില്‍ ആരെയും പങ്കുചേര്‍ക്കാവതല്ല എന്ന 'തൗഹീദുല്‍ ഉലൂഹിയ്യ' അഥവാ ആരാധ്യതയിലുള്ള ഏകത്വവും, നാമഗുണങ്ങളിലും വിശേഷണങ്ങളിലും അല്ലാഹു അതുല്യനും അത്യുന്നതനുമാണ് എന്ന 'തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്' അഥവാ നാമ-വിശേഷണങ്ങളിലെ ഏകത്വവും ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദിന്റെ) അന്തസ്സത്തയാണ്. 

ഈ വിശ്വാസത്തിന്റെ അടിത്തറയില്‍ വര്‍ത്തിക്കുന്നതും അതിനോട് ശക്തമായി ഇഴചേര്‍ന്നു നില്‍ക്കുന്നതുമാണ് ഇസ്‌ലാമിലെ മറ്റേത് ആരാധനയുമെന്ന പോലെ വ്രതാനുഷ്ഠാനവും.

പുണ്യങ്ങളുടെ പൂക്കാലമായി ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാനിനെ നിശ്ചയിച്ചതും അതില്‍ നിര്‍ബന്ധ നോമ്പെന്ന ആരാധനാകര്‍മം അനുശാസിച്ചതും സ്രഷ്ടാവായ അല്ലാഹുവാണ്. അതിന്റെ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്.

അല്ലാഹു പറയുന്നു: ''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)'' (ക്വുര്‍ആന്‍ 2:185).

നിയമങ്ങള്‍ നിശ്ചയിക്കുവാനും അനുവദനീയമായതും നിഷിദ്ധമായതും എന്തൊക്കെയെന്ന് തിരുമാനിക്കുവാനുമുള്ള അധികാരം അല്ലാഹുവിന് മാത്രമാണ് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശമായ തൗഹീദുര്‍റുബൂബിയ്യത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു. 

''അറിയുക; സൃഷ്ടിപ്പും, ശാസനാധികാരവും അവന്നു തന്നെയാണ്.'' (7:54)

പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥുലവുമായ മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിച്ചത് അല്ലാഹു മാത്രമാണ്. അവ എങ്ങനെ വര്‍ത്തിക്കണമെന്ന് അനുശാസിക്കാനുള്ള അധികാരവും അവന് മാത്രമാകുന്നു. വ്യക്തി സ്വാതന്ത്ര്യമുള്ള മനുഷ്യനുള്‍പ്പെടെ സകല ചരാചരങ്ങള്‍ക്കും ഇത് ബാധകമത്രെ. എന്നാല്‍ അല്ലാഹുവിന്റെ ശാസനാധികാരത്തിന് വിധേയമായിക്കൊണ്ട് സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നതിന് മനുഷ്യന് അവകാശമുണ്ട് താനും.

നോമ്പിലെ നിയമ ശാസനകളായി ക്വുര്‍ആന്‍ പറയുന്നത് കാണുക: 

''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (2:183).

''നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു'' (2:187).

അല്ലാഹുവിന്റെ യുക്തിപൂര്‍ണമായ നിയമമാണ് വ്രതാനുഷ്ഠാനത്തിലുള്ളത് എന്ന് തിരിച്ചറിയുമ്പോള്‍ അത് ഒരു ശരീരപീഡയോ കേവലം മതപരമായ ഒരു ആചാരമോ അല്ല; പ്രത്യുത അതില്‍ ധാരാളം നന്മകളും യുക്തികളും അടങ്ങിയിട്ടുണ്ടാകുമെന്നത് ഏതൊരാള്‍ക്കും സ്വാഭാവികമായും മനസ്സിലാക്കാവുന്ന കാര്യമാണ്. ഇസ്‌ലാം അനുശാസിക്കുന്ന വ്രതാനുഷ്ഠാനത്തെ അടുത്തറിയുന്ന ഏതൊരാള്‍ക്കും അതിന്റെ ഭൗതികവും ആത്മീയവുമായ നേട്ടങ്ങള്‍ ബോധ്യപ്പെടുന്നതാണ്. നോമ്പിലൂടെ വിശ്വാസിക്ക് നേടാനാവുന്ന ആത്മീയോല്‍ക്കര്‍ഷവും സ്രഷ്ടാവിന്റെ പ്രീതിയും പ്രതിഫലവും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ദേഹേഛകളെ നിയന്ത്രിക്കുവാനുള്ള പരിശീലനം നേടുന്നതിലും പാവങ്ങളുടെ പട്ടിണിയും വിശപ്പിന്റെ വേദനയും അനുഭവിച്ചറിയുന്നതിലൂടെ സഹാനുഭൂതിയുടെ മനസ്സ് രൂപപ്പെടുത്തുന്നതിലും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ആരോഗ്യപരമായ ഉണര്‍വും വിശുദ്ധിയും സമ്മാനിക്കുന്നതിലും നോമ്പ് വലിയ പങ്കുവഹിക്കുന്നുണ്ട്.

തന്റെ നന്മയ്ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന തന്റെ രക്ഷിതാവിന്റെ നിയമമാണ് നോമ്പെന്ന് മനസ്സിലാക്കുന്ന വിശ്വാസി അതിന്റെ ഓരോ നിയമവും പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിന്റെ വിശദാംശങ്ങള്‍ അല്ലാഹു നിയോഗിച്ചയച്ച പ്രവാചകന്റെ അധ്യാപനങ്ങളില്‍ നിന്നാണ് അറിയേണ്ടതും പകര്‍ത്തേണ്ടതും എന്ന കാര്യം വിസ്മരിക്കരുത്.

നോമ്പിന്റെ പകലന്തിയോളം അന്നപാനീയങ്ങളുപേക്ഷിച്ച്, വികാര, വിചാരങ്ങളെ നിയന്ത്രിച്ച് കര്‍മങ്ങളെ സൂക്ഷിച്ച് ജീവിക്കുന്ന ഒരു വിശ്വാസി അതിനുള്ള പ്രതിഫലം അല്ലാഹുവില്‍ നിന്ന് മാത്രം കാംക്ഷിച്ച് അവന് മാത്രമായി സമര്‍പ്പിക്കുന്ന മഹത്തരമായ ആരാധനയാണ് നോമ്പ് എന്നത് മുമ്പ് പറഞ്ഞ തൗഹീദുല്‍ ഉലൂഹിയ്യത്തിന്റെ താല്‍പര്യമാണ്.

അല്ലാമാ ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ''നിശ്ചയം, നോമ്പുകാരന്‍ തന്റെ ആഗ്രഹങ്ങളെയും ഭക്ഷണ പാനീയങ്ങളെയും പടച്ചവന്ന് വേണ്ടി ഉപേക്ഷിക്കുകയാണ്. അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും നേടുന്നതിന് വേണ്ടി മനസ്സിന്റെയും ശരീരത്തിന്റെയും ഇഷ്ടങ്ങളെയും ആസ്വാദനങ്ങളെയും വേണ്ടെന്ന് വെക്കലാണ് നോമ്പിലൂടെ സംഭവിക്കുന്നത്'' (സാദുല്‍ മആദ്).

വിശപ്പും ദാഹവും ശക്തമായുണ്ടായിട്ടും അന്നപാനീയങ്ങള്‍ ലഭ്യമായിട്ടും മറ്റാരും കാണാതെ തിന്നാനും കുടിക്കാനും സാധിച്ചിട്ടും നോമ്പിന്റെ പകല്‍ സമയത്ത് അവയെല്ലാം വര്‍ജിക്കുന്ന വിശ്വാസിയുടെ മനസ്സില്‍ രൂഢമൂലമാകുന്നത് അല്ലാഹുവിനെക്കുറിച്ച് പ്രമാണങ്ങള്‍ പഠിപ്പിച്ച, മനസ്സിന്റെ മന്ത്രങ്ങളടക്കമുള്ള ചെറുതും വലുതുമായ രഹസ്യ-പരസ്യങ്ങളറിയുന്നവനാണ് അല്ലാഹു എന്ന തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാതിലുള്ള വിശ്വാസമാണ്.

ഇത്തരം വിശ്വാസങ്ങളും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലേഛയുമാണ് സത്യവിശ്വാസിയുടെ വ്രതാനുഷ്ഠാനത്തെ വ്യതിരിക്തമാക്കുന്നത്.

നബി ﷺ  പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനിലെ നോമ്പനുഷ്ഠിച്ചാല്‍ അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം).