പ്രതിരോധം തന്നെ പരിഹാരം

ശരീഫ് കളത്തില്‍

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

അവള്‍ക്ക് 19 വയസ്സായിരുന്നു. കോളേജില്‍ സജീവമായിരുന്നു. യൂണിയന്‍ മെമ്പര്‍ കൂടിയായിരുന്ന അവള്‍ അത് ചെയ്യുമെന്ന് ഒരിക്കല്‍ പോലും ആരും നിനച്ചിരുന്നില്ല. ഒരു ദിവസം രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ വന്ന് അവള്‍ കടുംകൈ ചെയ്തു എന്ന് പറഞ്ഞപ്പോള്‍ ഞെട്ടാത്തവരായി ആരുമുണ്ടായില്ല..

എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോക മാനസിക ആരോഗ്യദിനമായി ആചരിക്കപ്പെട്ടുവരികയാണ്. ഈ വര്‍ഷം 'ആത്മഹത്യയെ പ്രതിരോധിക്കുക' എന്ന പേരിലാണ് മാനസിക ആരോഗ്യദിനം ആചരിക്കപ്പെട്ടത്.

ലോകത്ത് മരണ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ പത്താം സ്ഥാനത്ത് കടന്നുവരുന്നത് ആത്മഹത്യയാണെന്നു കാണാം. കാലം പുരോഗമിക്കും തോറും ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായാണ് കാണപ്പെടുന്നത്.

ഒരു മനുഷ്യന്‍ സ്വന്തം നിലയ്ക്ക് തന്റെ ജീവിതം അവസാനിപ്പിക്കുക എന്നതാണ് ആത്മഹത്യ.. പല രാജ്യങ്ങളിലും ആത്മഹത്യയെയും ആത്മഹത്യാ ശ്രമങ്ങളെയും ക്രിമിനല്‍ കുറ്റമായിട്ടാണു കണക്കാക്കുന്നത്. പല മതങ്ങളും അതിനെ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗം നിഷിദ്ധമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.  

ആത്മഹത്യാ കണക്കുകള്‍ ഓരോ വര്‍ഷം കൂടുംതോറും പേടിപ്പെടുത്തുന്ന നിരക്കിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. പുരുഷന്മാരില്‍ സ്ത്രീകളെക്കാള്‍ 4 മടങ്ങ് ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. 2017ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 15 വയസ്സ് മുതല്‍ 34 വയസ്സ് വരെ പ്രായമുള്ള കൗമാരവും യുവത്വവും ഉള്‍ക്കൊള്ളുന്ന വിഭാഗത്തില്‍ മരണ കാരണങ്ങളില്‍ രണ്ടാമത് വരുന്നത് ആത്മഹത്യയാണെന്ന് കണക്കുകള്‍ പറയുന്നു. ലോകത്ത് ഓരോ 11 മിനുട്ടിലും ഒരാള്‍ വീതം ആത്മഹത്യയിലൂടെ മരണത്തിന് കീഴടങ്ങുന്നു. മതവിശ്വാസികളില്‍ നിരീശ്വര വാദികളെക്കാള്‍ ആത്മഹത്യാപ്രവണത കുറവാണെന്ന് കണക്കുകള്‍ പറയുന്നു (ഡെര്‍വ്വിക് 2011). ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്ക് പ്രകടമാകുന്നത് മുസ്‌ലിംകളിലാണ് (0.1 ശതമാനം). തൊട്ടു പിന്നില്‍ ഹിന്ദുമത വിശ്വാസികളാണ്. െ്രെകസ്തവര്‍, ബൗദ്ധര്‍ എന്നിവരില്‍ നിരീശ്വരവാദികളുടെ അത്ര വരുന്നില്ലെങ്കിലും ആത്മഹത്യാപ്രവണത കൂടുതലായി കാണപ്പെടുന്നുണ്ട്.

 കാരണങ്ങള്‍ കണ്ടെത്തുക എന്നതാണ് ആത്മഹത്യ കുറക്കാന്‍ എളുപ്പമുള്ള വഴി. ഒരു മനുഷ്യനും സന്തോഷം വരുമ്പോള്‍ ആത്മഹത്യ ചെയ്യില്ല. പ്രയാസം കടന്ന് വരുമ്പോഴാണ് ആത്മഹത്യ ഉണ്ടാകുന്നത്. സാമ്പത്തികവും മാനസികവും വൈകാരികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാനുള്ള ആര്‍ജവം വ്യക്തിയില്‍ ഇല്ലാതാവുകയും പ്രതിവിധിയായി സ്വയം ജീവിതം അവസാനിപ്പിക്കുക എന്ന പരിഹാരം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. വ്യക്തിപരമായ എല്ലാ പ്രശ്‌നങ്ങളും ആത്മഹത്യയോടെ അവസാനിക്കും എന്ന തോന്നലില്‍ നിന്നാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കുടുംബത്തിന് അത് ഉണ്ടാക്കുന്ന മാനഹാനിയും പ്രതിസന്ധിയും ഇവര്‍ക്ക് കാണാന്‍ കഴിയുന്നില്ല.

സാമ്പത്തിക രംഗത്തെ തകര്‍ച്ച ആത്മഹത്യയുടെ പ്രധാന കാരണമായി കടന്ന് വരുന്നു. ഏതാണ്ട് ആയിരത്തോളം ആളുകള്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അനാവശ്യമായി കടംവാങ്ങി തിരിച്ചുകൊടുക്കാനാവാതെ കുടുങ്ങുന്നവരും കൃഷി, കച്ചവടം പോലുള്ള ജീവിതമാര്‍ഗത്തിനായി കടം വാങ്ങി തകരുന്നവരും നിരവധിയാണ്. ലക്ഷങ്ങള്‍ കടമെടുത്ത് മക്കളുടെ വിവാഹം ആര്‍ഭാടമായി നടത്തുന്നവരുണ്ട്. വീട് മോടിപിടിപ്പിക്കുവാനോ പുതിയ കൊട്ടാര സമാനമായ വീട് നിര്‍മിക്കുവാനോ ഒക്കെ ദശലക്ഷങ്ങളൂടെ കടക്കാരാകുന്നവര്‍ വേറെ. ഇവരില്‍ പലരും ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ അഭയംപ്രാപിക്കുന്നു. അപകടങ്ങളില്‍ ശാരീരിക വൈകല്യങ്ങള്‍ സംഭവിക്കുന്നവരിലും മാരകമായ അസുഖങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരിലും ആത്മഹത്യാപ്രവണത കണ്ടുവരുന്നു.

മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും കുടുംബ പ്രശ്‌നങ്ങളില്‍ നിന്നും വൈകാരിക അസ്വസ്ഥതകൡ നിന്നും രക്ഷനേടാന്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണമാണ് കൂടുതല്‍ എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. സോഷ്യല്‍ മീഡിയകള്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് നേരിട്ടുള്ള സാമൂഹിക ബന്ധങ്ങളില്‍ ഇടിവ് സംഭവിക്കുന്നിടത്ത് കാരണം ആരംഭിക്കുന്നു. എവിടെയുംകൂടിയിരിക്കലുകള്‍ ഇല്ലാതാകുന്നു. മുഖത്ത് നോക്കി സംസാരിക്കുന്ന സാഹചര്യങ്ങള്‍ വിരളമാകുന്നു.  

വിദ്യാര്‍ഥികളും സഹപാഠികളും അധ്യാപകരും, മാതാപിതാക്കളും മക്കളും, തൊഴിലാളികളും സഹപ്രവര്‍ത്തകരും മുതലാൡയും, ഭാര്യമാരും ഭര്‍ത്താക്കന്മാരും... അങ്ങനെ വിവിധ റോളില്‍ ഉള്ളവര്‍ക്കെല്ലാം പരസ്പരം നന്നായി പെരുമാറുവാന്‍ സാധിക്കണം. ഈ ബന്ധങ്ങളിലുള്ള ഉലച്ചിലും സ്വരച്ചേര്‍ച്ചയില്ലായ്മയും വികലസമീപനങ്ങളും വ്യക്തികളെ മാനസികസമ്മര്‍ദത്തിലാക്കും.

സ്റ്റാഫ് റൂമില്‍ വെച്ച്, രണ്ട് മാസത്തോളമായി നിര്‍വികാരമായും ചിലപ്പോഴെങ്കിലും ദേഷ്യത്തോടെയും പെരുമാറുന്ന അധ്യാപിക ഒരു ദിവസം കരഞ്ഞുകൊണ്ട് മനസ്സ് തുറന്ന് സംസാരിച്ചപ്പോഴാണ് അവരുടെ വീട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് ഈ മാറ്റത്തിനു കാരണമെന്ന് മനസ്സിലായത്.  അവരുടെ കൗമാരക്കാരിയായ മകള്‍ വീട്ടിലെ അസ്വാരസ്യങ്ങള്‍ കാരണം പ്രണയത്തില്‍ സമാധാനം കണ്ടെത്തി എന്നത് എല്ലാ മാതാപിതാക്കള്‍ക്കും വലിയൊരു മുന്നറിയിപ്പാണ്.

ഓരോരുത്തരും അവരവരുടെ സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കേണ്ടതുണ്ട്. അപരനെ കേള്‍ക്കാനും സുഹൃത്തിനെ അറിയാനും കുടുംബത്തില്‍ കൂടിയിരിക്കാനും കഴിയേണ്ടതുണ്ട്. നഷ്ടപ്പെട്ട സാമൂഹിക ഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍ നാം ജാഗ്രത പുലര്‍ത്തിയേ തീരൂ.

പഠനത്തില്‍/ജോലിയില്‍ താല്‍പര്യം കാണിക്കാതിരിക്കുക, മറ്റുള്ളവരില്‍ നിന്നും ഉള്‍വലിയുക, ഭക്ഷണത്തോട് താല്‍പര്യക്കുറവ്, ഉറക്കക്കുറവ്, സ്വഭാവത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍, ആത്മഹത്യയെ കുറിച്ച് സംസാരിക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണമാണ്. ലക്ഷണങ്ങളെ തിരിച്ചറിയുകയും വൈകാതെ ചികിത്സ ലഭ്യമാക്കുകയും ചെയ്യല്‍ പ്രധാനമാണ്.

ഡല്‍ഹിയിലെ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ പി.ജി. സൈക്കോളജി വിദ്യാര്‍ഥിയായ ഒരു മലയാളി ജീവിതം അവസാനിപ്പിച്ചത് ഏതാനും ദിവസം മുമ്പാണ്. ഒക്ടോബര്‍ 10ന് ലോകത്തെ ഏതാണ്ട് എല്ലാ കോളേജുകൡലും സൈക്കോളജി വിഭാഗം 'ആത്മഹത്യയെ പ്രതിരോധിക്കുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ലോക മാനസികാരോഗ്യ ദിനം ആചരിച്ചതിന്റെ മൂന്നാംനാള്‍ അജ്ഞാതമായ കാരണത്താല്‍ ഒരു മനശ്ശാസ്ത്ര വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു എന്നത് ആശങ്കയുളവാക്കുന്നതാണ്.

വിദ്യാഭ്യാസരംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. കാലപ്പഴക്കം ചെന്ന കരിക്കുലവും ഉപകാരമില്ലാത്ത അധ്യാപന രീതിയും കാലത്തോടൊപ്പം സഞ്ചരിക്കാത്ത മൂല്യനിര്‍ണയ രീതിയും ഇനിയും നമ്മെ നയിച്ചുകൂടാ. വിദ്യാര്‍ഥികളില്‍ ധാര്‍മികവും സാംസ്‌കാരികവുമായ  പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാത്ത, മാര്‍ക്ക് വാരിക്കൂട്ടാന്‍ മാത്രം വിധിക്കപ്പെട്ട, രക്ഷിതാവിന്റെ സാമൂഹിക പദവി സംരക്ഷിക്കാന്‍ വേണ്ടി ചാവേര്‍ ആക്കപ്പെടുന്ന, സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടി മാറ്റപ്പെടുന്ന, അധ്യാപകര്‍ക്ക് അഭിമാനപുളകിതരാകാന്‍ വേണ്ടി എരിഞ്ഞടങ്ങുന്ന വിദ്യാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ത്തമാനകാല ക്യാമ്പസ് അന്തരീക്ഷത്തിന് മാറ്റം അനിവാര്യമാണ്.

ഏത് ചുറ്റുപാടിലും, എത്രവലിയ പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകാന്‍ ദുഢമായ ദൈവവിശ്വാസമുള്ളവര്‍ക്കേ സാധിക്കൂ. അതില്ലാത്തവര്‍ പാമരരാണെങ്കിലും പണ്ഡിതരാണെങ്കിലും പ്രതിസന്ധികളില്‍നിന്ന് ഒളിച്ചോടാന്‍ ആത്മഹത്യയില്‍ അഭയം തേടാനുള്ള സാധ്യത കൂടുതലാണ്.

ഇസ്ലാം ആത്മഹത്യയെ വലിയ പാപമായിട്ടാണ് കണക്കാക്കുന്നത്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു'' (ക്വുര്‍ആന്‍ 4:29,30).  

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ലഭിക്കാനിരിക്കുന്ന ഭീകരമായ ശിക്ഷയെക്കുറിച്ച് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍ വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍ വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും'' (ബുഖാരി).

ജീവിതത്തില്‍ ലക്ഷ്യബോധമില്ലാത്തവരാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. സത്യവിശ്വാസികള്‍ കൃത്യമായ ലക്ഷ്യബോധമുള്ളവരാണ്; ആയിരിക്കണം. അത് പരലോക രക്ഷയാണ്. ആത്യന്തിക ലക്ഷ്യം പരലോക രക്ഷയാകുമ്പോള്‍ ഇഹലോകെത്ത പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കാന്‍ കഴിയും.അല്ലാഹുവിന്റെ വിധിയില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്നവരെ പ്രതിസന്ധികള്‍ തളര്‍ത്തുകയില്ല. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുവാന്‍ പോലും അവര്‍ക്ക് കഴിയില്ല.