സെമസ്റ്റര്‍ സംവിധാനവുമായി മക്വ്ദി തങ്ങളുടെ മതപാഠശാലകള്‍

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 5)

തിരിച്ചറിവിനാണ് മതത്തില്‍ മറ്റെന്തിനെക്കാളും മുന്‍ഗണന. ക്വുര്‍ആനിലെ ആദ്യവചനത്തിന്റെ അന്തസ്സത്തയും അതുതന്നെ. ആത്മസായൂജ്യം ആലസ്യമുണ്ടാക്കുമ്പോള്‍, വിമര്‍ശനങ്ങളാണ് പാകക്കേടുകള്‍ നന്നാക്കാനുതകുക. പക്ഷേ, മക്വ്ദി തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് പരാജിതവും നിഷേധാത്മകവും അടഞ്ഞതുമായ ഒരു സമുദായത്തെയായിരുന്നു. പുതിയ എന്തിനോടും യുദ്ധക്കളം തീര്‍ത്ത്, പഴമയുടെ പുറന്തോടില്‍ സുഖനിദ്ര കൊള്ളാനുള്ള വ്യഗ്രതയാണ് സമുദായം കാട്ടിയത്. ധീരമായ ചിന്തക്കോ പരീക്ഷണങ്ങള്‍ക്കോ അവിടെ ഇടമില്ലായിരുന്നു. ബുദ്ധിക്കും അറിവിനും നേരെ പുറംതിരിഞ്ഞുനിന്നിരുന്ന അത് വേദഗ്രന്ഥത്തെ പോലും മാതൃഭാഷയിലൂടെ മനസ്സിലാക്കാനോ, അതിന്റെ സാരവും വിശുദ്ധിയും ലാളിത്യവും ഗ്രഹിക്കാനോ കൂട്ടാക്കിയില്ല. ക്വുര്‍ആന്‍ പരിഭാഷ പുറത്തിറക്കാന്‍ ആര് ശ്രമിച്ചാലും അതിന്റെ പ്രതികളെടുത്ത് കടലില്‍ തള്ളുക എന്ന ഏക പോംവഴിക്കപ്പുറം അതിനെ ജീവിത സംസ്‌കാരത്തിന്റെ ഉപാധിയാക്കാനുള്ള തിരിച്ചറിവ് അത് കൈവരിച്ചിട്ടുണ്ടായിരുന്നില്ല. മതമേലങ്കിയണിഞ്ഞ് അതിന്റെ രക്ഷകദൗത്യം ഏറ്റെടുത്ത കപടസിദ്ധന്മാരുടെ ചതിക്കുഴികളില്‍ വീണ് അത് പ്രാണനുവേണ്ടി പിടയുകയായിരുന്നു. അതില്‍ നിന്ന് സമുദായത്തെ കരകയറ്റുക എന്ന ഭാരിച്ച ദൗത്യം നിര്‍വഹിക്കാനാണ് മക്വ്ദി തങ്ങള്‍ മുന്നോട്ടുവന്നത്.

ഇരുട്ടിനെതിരെ ചതുര്‍മുഖ യുദ്ധചാതുര്യം

ഇ.കെ. മൗലവി(1) 'കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം' എന്ന ശീര്‍ഷകത്തില്‍ 'അല്‍മുര്‍ശിദ്' മലയാളം മാസികയില്‍ 16 ലക്കങ്ങളായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ മക്വ്ദി തങ്ങള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. അതിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ വായിക്കാം:

''മക്വ്ദി തങ്ങള്‍ കേരളീയനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളീയരായിരുന്നില്ല. പിതാവ് ഹാശിമീവംശത്തില്‍ പെട്ട ഒരു സയ്യിദും(3) മാതാവ് മുഗള്‍(4) വംശജയുമായിരുന്നു. വെള്ളക്കാര്‍ ഇന്ത്യ പിടിച്ചടക്കിയപ്പോള്‍ കോഴിക്കോട് ഹജൂറില്‍(5) പേര്‍ഷ്യന്‍ ഭാഷയിലുള്ള വളരെയധികം ഫയലുകള്‍ ഉണ്ടായിരുന്നു. അവ പരിഭാഷപ്പെടുത്തുന്ന ജോലിക്ക് നിയമിതനായത് ഥനാഉല്ലാ മക്വ്ദി തങ്ങളുടെ പിതാവാണ്. പിതാവിന്റെ മരണാനന്തരം ഥനാഉല്ലാ മക്വ്ദി തങ്ങള്‍ സാള്‍ട്ടുവകുപ്പില്‍(6) ഒരു ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു.''(7)

മക്വ്ദി തങ്ങള്‍ പറയുന്നു: ''ഞാന്‍ പതിവായി എന്നും കുന്നംകുളത്തും ചാവക്കാട്ടും പോകാറുണ്ടായിരുന്നു. അവിടങ്ങളില്‍ സാധാരണമായി ക്രിസ്ത്രീയ പുരോഹിതന്മാരുടെയും മിഷണറിമാരുടെയും പ്രസംഗങ്ങളുണ്ടാകാറുണ്ട്. ഞാനത് സശ്രദ്ധം കേള്‍ക്കും. മോക്ഷം കിട്ടണമെങ്കില്‍ യേശുക്രിസ്തുവില്‍, അഥവാ ക്രിസ്തുമതത്തില്‍ വിശ്വസിക്കണമെന്നും ഇസ്‌ലാംമതം മോക്ഷദായകമല്ലെന്നും മറ്റും അവര്‍ തട്ടിമൂളിക്കുക പതിവാണ്. വീട്ടില്‍ തിരിച്ചുവന്നാല്‍ ഞാന്‍ ആ പ്രസംഗങ്ങളെപ്പറ്റി അവഗാഢമായി ചിന്തിക്കും. ഇസ്‌ലാമിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും കേട്ടുമടുത്ത എന്റെ രക്തധമനികളിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഹാശിമീരക്തവും മുഗിളരക്തവും പതച്ചുപൊങ്ങാന്‍ തുടങ്ങി. അവസാനം ഞാന്‍ ഇങ്ങനെ തിരുമാനിച്ചു. തുച്ഛമായ വരുമാനത്തിന്നു വേണ്ടിയുള്ള ഈ ഉദേ്യാഗം വലിച്ചെറിഞ്ഞ് ഇസ്‌ലാമിന്നു വേണ്ടി അടരാടുക തന്നെ.''(8)

''തീരുമാനത്തിന്ന് ഇളക്കമുണ്ടായില്ല. ഉദ്യോഗം രാജിവെച്ച്, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ആ ധീരഭടന്‍ സമരവേദിയിലിറങ്ങി. ഇതോടെ മക്വ്ദി തങ്ങള്‍ വിവിധ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടു.

ഒന്നാമത്തെ ശത്രു ദാരിദ്യം തന്നെ!

രണ്ടാമത്തേത് ക്രിസ്തീയ പാതിരിമാരും.

ഹൈന്ദവ പുരോഹിതന്മാരെയും അദ്ദേഹം സ്പര്‍ശിക്കാതിരുന്നില്ല. അതിനാ ല്‍ മുന്നാമത് ഒരു ശത്രു കൂടിയുണ്ടായി.

ഇവിടം കൊണ്ടും കാര്യം അവസാനിച്ചില്ല. മുസ്‌ലിംകള്‍ക്കിടയില്‍ നടമാടിക്കൊണ്ടിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മക്വ്ദി തങ്ങള്‍ രൂക്ഷമായി എതിര്‍ക്കാന്‍ തുടങ്ങി. തന്നിമിത്തം നാലാമത്തെ ശത്രുവും തലപൊക്കി.

അങ്ങനെ ഒരേ സമയം ചതുര്‍മുഖങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പൊരുതേണ്ടതായി വന്നു.''(9)

ഉദ്യോഗം രാജിവെച്ചതോടെ വരുമാനം നിലച്ചു. പേനയും നാവും മാത്രം ബാക്കിയായി. പക്ഷേ, മുന്നോട്ടുവെച്ച കാല്‍ അദ്ദേഹം പിന്‍വലിച്ചില്ല. പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും ക്ഷമാപൂര്‍വം നേരിട്ടുകൊണ്ട് ഇസ്‌ലാമിക സേവനം അഭംഗുരം തുടര്‍ന്നു.''

''ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമെതിരില്‍ ക്രിസ്ത്യന്‍ പാതിരിമാരും ഹൈന്ദവ പുരോഹിതന്മാരും അഴിച്ചുവിടുന്ന അവഹേളനങ്ങള്‍, സ്വസമുദായത്തില്‍ സ്വാധീനം ചെലുത്തിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും- ഇതായിരുന്നു മക്വ്ദിതങ്ങളുടെ പ്രധാന സമരസംഗം.''(10)

''മുസ്‌ലിംകളില്‍ അനാചാരവും അന്ധവിശ്വാസവും കൊടികുത്തിവാഴുന്ന കാലം. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തത്തിന്നു നിരക്കാത്ത പൈശാചിക കൃത്യങ്ങള്‍(11) നാട്ടിലുടനീളം സൈ്വരവിഹാരം നടത്തുകയായിരുന്നു. അവയ്ക്ക് മതഛായ നല്‍കാന്‍ പണ്ഡിതന്മാരും മുമ്പോട്ടുവന്നു. തൗഹീദിന്റെ രജതരേഖ ജനഹൃദയങ്ങളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. അവിടെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൂരിരുട്ട് വ്യാപിച്ചു.

ഈ ചുറ്റുപാടിലാണ് സയ്യിദ് ഥനാഉല്ലാ മക്വ്ദി തങ്ങള്‍ ജീവിച്ചിരുന്നത്. ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ആ തെറ്റിദ്ധാരണകളെ നീക്കുന്നതിലും ക്രിസ്ത്യാനികളുടെ തൊലിയുരിച്ചുകാട്ടുന്നതിലും വ്യാപൃതനായിരുന്നു അദ്ദേഹം. പക്ഷേ, സ്വസമുദായത്തിലെ ദയനീയ ചിത്രങ്ങള്‍ അവഗണിക്കാന്‍ ആ പരിഷ്‌കര്‍ത്താവിന് എങ്ങനെ കഴിയും? ഇസ്‌ലാമിന്റെ സുന്ദരാശയങ്ങളെ അതിന്റെ അനുയായികള്‍ തന്നെ കശാപ്പു ചെയ്യുകയും വികൃതമാക്കുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യാനികളെ ഖണ്ഡിച്ച് സംതൃപ്തിയടയാന്‍ ആ സമുദായസ്‌നേഹിക്ക് മനസ്സുവന്നില്ല. മുസ്‌ലിംകളില്‍ കടന്നുകൂടിയ മതവിരുദ്ധാചാരങ്ങളെയും വിശ്വാസങ്ങളെയും എതിര്‍ക്കാന്‍ അദ്ദേഹം രംഗത്തുവന്നു. തികച്ചും പ്രതികൂല പരിതഃസ്ഥിതിയില്‍ ഇതിന്ന് അദ്ദേഹം ധൈര്യപ്പെട്ടതു തന്നെ വിശ്വാസ ദാര്‍ഢ്യവും സേവനൗത്സുക്യവും കൊണ്ട് മാത്രമാണെന്നുള്ളതില്‍ സംശയമില്ല. നാട്ടില്‍ നിരാക്ഷേപം നടന്നുവരുന്ന അനാചാരങ്ങള്‍ക്കെതിരില്‍ സ്വരമുയര്‍ത്താന്‍ പോലും വയ്യാത്ത കാലമായിരുന്നു അതെന്നോര്‍ക്കണം.''(12)

മതപാഠശാലകളിലെ നിര്‍ഗുണ ബോധനരീതികളെ നിരാകരിച്ച വിദ്യാഭ്യാസ വിചക്ഷണന്‍

തലമുറകളായി തുടര്‍ന്നുവന്ന പ്രാക്തനരീതികള്‍ മതവിരുദ്ധമാണെന്ന് തങ്ങള്‍ പ്രഖ്യാപിച്ചു: ''മൗലവി പട്ടക്കെട്ട്- ഈ വട്ടം കൂട്ടലും ധര്‍മദോഷമാകുന്നു.''(13)

മതം നിരാകരിച്ച നിര്‍ഗുണ രീതികള്‍ സമുദായ മക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന പുരോഹിത പ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്നാല്‍, ഈ സമുദായാംഗങ്ങളുടെ നാമങ്ങള്‍ മീസാന്‍ കല്ലിലെഴുതി വെക്കുന്നതിനപ്പുറത്തൊന്നും ഈ സമുദായത്തിന് പുരോഗമനം സഭവിക്കുമായിരുന്നില്ല. ഈ ദുരന്തത്തെക്കുച്ച് തങ്ങള്‍ മുന്നറിയിപ്പ് നല്‍കി:

''ഈ നിലയില്‍ പാഠശാലകള്‍ അത്രയും മൗലവി സ്ഥാനത്തെ ഉദ്ദേശിച്ചു സ്ഥാപിക്കുന്നതും ഉദ്ദേശ നിയമങ്ങളില്‍ കുട്ടികളെ കെട്ടിക്കൂട്ടുന്നതും മതവിധിക്ക് വിപരീതമെന്നു മാത്രമല്ല മതത്തിന്നും ജനത്തിന്നും ദോഷമായും ഭവിക്കുന്നു.''(14)

പരിഷ്‌കര്‍ത്താക്കള്‍ പരവതാനിയിലൂടെ ആനയിക്കപ്പെട്ട ചരിത്രമല്ല ലോക മുസ്‌ലിം ചരിത്രത്തില്‍ എന്നുമുണ്ടായത് എന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. മാറ്റത്തിന്റെ കാറ്റ് തടഞ്ഞു നിര്‍ത്താന്‍ ഒരു കാലത്തിനപ്പുറം സാധിക്കുകയില്ലെന്ന് അദ്ദേഹം  ദീര്‍ഘദര്‍ശനം ചെയ്തു:

''മതവിധികള്‍ ഇപ്രകാരമായിരിക്കെ, മേല്‍കാണിച്ച തോന്നിവാസ നടപടികൊണ്ടു ജനം കഷ്ടപ്പെടുന്നതില്‍ മൂഢരും മുഠാളരും വൈരാഗ്യം പൂണ്ട് നിരസിക്കുന്നു. എങ്കിലും ക്രമേണ നമ്മുടെ വചനങ്ങള്‍ രത്‌നങ്ങളായിത്തീരുമെന്നും കൂട്ടത്തോടുള്ള കോട്ടത്തില്‍ നിന്നു ജനം രക്ഷപ്പെടുമെന്നും വിശ്വസിക്കുന്നു.''(15)

മക്വ്ദി തങ്ങള്‍ പ്രഖ്യാപിച്ചു: ''ദര്‍സ്, ദര്‍സ് എന്നാര്‍ത്തും കീര്‍ത്തിയില്‍ ആശിച്ചുല്‍സാഹിച്ചും നടന്നാല്‍ പോരാ; ആവശ്യം, അനാവശ്യം എന്നിവ വേര്‍തിരിച്ചും പരിഷ്‌കാര മാര്‍ഗം അന്വേഷിച്ചറിഞ്ഞും പ്രവൃത്തിക്കേണം.''(16)

ഇത്തരം മതപാഠശാലകളില്‍ നിന്ന് പുറത്തുവരുന്ന ഉല്‍പന്നങ്ങളുടെ കാര്യക്ഷമത നമുക്ക് പരിശോധിക്കാം. മക്വ്ദി തങ്ങള്‍ അത് കൃത്യമായി നിരീക്ഷിക്കുകയും എ മുതല്‍ എച്ച് വരെ അക്ഷരങ്ങളിട്ട് അവ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതില്‍ ഇവിടെ പ്രസക്തമായത് ഇങ്ങനെ വായിക്കാം.

''(ഡി) മലയാളം എഴുതിപ്പഠിക്കായ്കയാല്‍ അക്ഷര ഉച്ചാരണം ശക്തിപ്പെടാതെ രാസ്ത്രി(17), നസ്‌കേത്രം(18), കശുത്തു(19), എശുത്തു(20) എന്ന് പറഞ്ഞ് ഹസിക്കപ്പെടുന്നു.

(ഇ) ഇതരജനങ്ങളില്‍ ഇറങ്ങി പ്രസംഗിക്കാന്‍ ശങ്കിക്കുന്നു. അന്യജനം വരാത്ത സ്ഥലത്തും സമയത്തും പ്രസംഗിക്കുന്നു. ഇതിനാല്‍ മതാഭിവൃദ്ധിക്ക് ആവശ്യമായതും വേദം നിര്‍ബന്ധിക്കുന്നതുമായ പ്രസംഗം മുടങ്ങി നടപ്പില്ലാതായിരിക്കുന്നു.

(എഫ്) പത്ത് പതിനാലു കോല്ലം പഠിച്ച മുസ്‌ല്യാര്‍ അറബി ഭാഷയിലോ മലയാള ഭാഷയിലോ ഒരു വാചകം എഴുതാനും ഒരു സദസ്സില്‍ ഇറങ്ങി ഒരു വിഷയത്തെ സംബന്ധിച്ചു സംസാരിക്കാനും നിവൃത്തിയില്ലാതായിരിക്കുന്നു. ശൈഖിന്റെ ഗതിയും ഇതു തന്നെ. ഇതിന്റെ കാരണം ഭാഷ ഗ്രഹിക്കാത്തതു തന്നെ.

(ജി) മലയാളം എഴുതി പഠിക്കായ്ക കൊണ്ട് രാജ്യനിയമം അറിയാതെ ദോഷപ്പെടുന്നു. സമ്പാദ്യം അന്യര്‍ക്ക് കൊടുത്തു കഷ്ടപ്പെടുന്നു.''(21)

ആധാരസൂചിക:

1. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപക നേതാവ് (1891-1974).

2. പ്രവാചകന്‍ മുഹമ്മദ്ﷺ ജനിച്ച ക്വുറൈശ് ഗോത്രത്തിലെ ഒരു കുടുംബവംശം.

3. തങ്ങള്‍ എന്നതിന് കേരളത്തില്‍ ഉപയോഗിച്ച വരുന്ന അറബി പദം.

4. പിതൃത്വം വഴി മധ്യേഷ്യന്‍ ഭരണാധികാരി തൈമൂറിന്റെ പിന്‍ഗാമികളും മാതൃത്വം വഴി മംഗോള്‍ നേതാവായ ജെംഗീസ് ഖാന്റെ പാരമ്പര്യവും ഉള്ളവരാണ് മുഗളര്‍.

5. ഹുദ്വൂര്‍ എന്ന അറബി പദത്തിന്റെ  വകഭേദം. മുഗളന്മാരാണ് അത് ഉപയോഗിച്ചു തുടങ്ങിയത്. പൊതുകാര്യാലയം എന്നര്‍ഥം.

6. 1876 ലാണ് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് റവന്യൂ വകുപ്പിന്റെ കീഴില്‍ ഉപ്പ് നികുതി പിരിക്കാനായി പ്രത്യേക വിഭാഗങ്ങള്‍ ആരംഭിച്ചത്.

7. അല്‍മുര്‍ശിദ് പു:1, ല:5, 1960 ജൂലായ്, പേജ് 6.

8. അതേ അവലംബം, പേജ് 4.

9. അതേ അവലംബം, പേജ് 7.

10. അതേ അവലംബം, പേജ് 8.

11. കുത്ത്‌റാത്തീബ് പോലുള്ള മാരകമായ ആചാരങ്ങള്‍.

12. കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം-2 'റാത്തീബൂം ഒരു കൊലയും,' അല്‍മുര്‍ശിദ് 1966 ആഗസ്റ്റ്.

13. സമ്പൂര്‍ണ കൃതികള്‍, താള്‍ 440, മുസ്‌ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം.

14. അതേ അവലംബം, താള്‍ 440.

15. അതേ അവലംബം, താള്‍ 445. മുസ്‌ലിം ജനങ്ങള്‍ വിദ്യാഭ്യാസവും.

16. അതേ അവലംബം, താള്‍ 445.

17. രാത്രി എന്ന വാക്കിന് പകരം മാപ്പിളമാര്‍ ഉപയോഗിച്ചിരുന്ന പദം.

18. നക്ഷത്രം.

19. കഴുത്ത്.

20. എഴുത്ത്.

21. സമ്പൂര്‍ണ കൃതികള്‍, താള്‍ 442, 443. മുസ്‌ലിം ജനവും വിദ്യാഭ്യാസവും.