കശ്മീരില്‍ സംഭവിക്കുന്നത്...

പി.വി.എ പ്രിംറോസ്

2019 മാര്‍ച്ച് 08 1440 റജബ് 02

(കശ്മീര്‍: സ്‌ഫോടനങ്ങളില്‍ തകരുന്ന യാഥാര്‍ഥ്യങ്ങള്‍: 2)

പുല്‍വാമ ആക്രമണ ശേഷം കശ്മീരികളുടെ ജനജീവിതം ഏറെ ദുസ്സഹമാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തദ്ദേശവാസിയായ ഭീകരവാദിയുടെ വിധ്വംസക പ്രവര്‍ത്തനം മൂലം ആ നാട് മുഴുവന്‍ പീഡനമനുഭവിക്കേണ്ട ഗതികേടിലാണിപ്പോള്‍. തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്നാം സ്ഥാനത്തേക്ക് കാശ്മീര്‍ ചാവേര്‍ സ്‌ഫോടനത്തിന്റെ അലയൊലികള്‍ വന്നുകയറിയതു മുതല്‍ രാജ്യസ്‌നേഹം തെളിയിക്കാനുള്ള പെടാപാടിലാണ് പല മത-രാഷ്ട്രീയ കൂട്ടായ്മകളും. തങ്ങള്‍ നിര്‍മിച്ച രാജ്യസ്‌നേഹത്തിന്റെ ചതുരക്കള്ളികള്‍ക്കുള്ളിലേക്ക് മറ്റുള്ളവരെക്കൂടി ചുരുട്ടിക്കൂട്ടാനുള്ള വ്യഗ്രത ഒരേസമയം തമാശക്കും സഹതാപത്തിനും വക നല്‍കുന്നുണ്ട്.

കശ്മീര്‍ ആക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസ്‌നേഹം തെളിയിക്കുന്ന ഹര്‍ഭജന്‍ സിംഗും ഗാംഗുലിയുമടക്കമുള്ള താരങ്ങള്‍. അത് അബദ്ധമാണെന്ന് വ്യക്തമാക്കിയതിന് സച്ചിന്‍ തെണ്ടുല്‍ക്കറും ഗവാസ്‌കറും രാജ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്ന മാധ്യമ ജഡ്ജിമാര്‍. പ്രശ്‌ന പരിഹാരത്തിന് പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടതിന് പാക്കിസ്ഥാന്‍ ചാരന്മാരായി മുദ്ര കുത്തപ്പെട്ട മതേതര രാഷ്ട്രീയ കക്ഷി നേതാക്കള്‍. പാക്കിസ്ഥാന്‍ പൗരന്മാരെ ബിസിനസ് പങ്കാളികളാക്കിയതിനാല്‍ രാജ്യസ്‌നേഹം തെളിയിക്കാന്‍ ആവശ്യം നേരിടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സൈന്യത്തെ ഉപയോഗിച്ചല്ല ഉഭയകക്ഷി ചര്‍ച്ചയിലൂടെ വേണം പ്രശ്‌നം പരിഹരിക്കാന്‍ എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയതിന്റെ പേരില്‍ സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസ്. സംഘ്പരിവാറിന്റെ കശ്മീര്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യപ്പെട്ട മലയാളി വിദ്യാര്‍ഥി. ഇങ്ങനെ, ദേശീയത ആയുധമാക്കിയുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ രാഷ്ട്രീയ രംഗം ചൂടുപിടിച്ചിരിക്കുകയാണ്. 

എന്നാല്‍, ചര്‍ച്ചകള്‍ക്കപ്പുറം ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശവും അവിടുത്തെ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. അതോടൊപ്പം വസ്തുതകളെ മറച്ചുവെക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ശുഷ്‌കാന്തി ഏറെ അലോസരം സൃഷ്ടിക്കുന്നു.

തൊണ്ണൂറ് ശതമാനം മുസ്‌ലിംകളുള്ള പ്രദേശമായിരുന്നിട്ടും ഹിന്ദു-മുസ്‌ലിം-സിഖ് ഐക്യം മുദ്രാവാക്യമായെടുത്ത്, വിഭജനത്തിനെതിരെ ശക്തമായി നിലകൊണ്ട്, അനിവാര്യമായ ഇന്ത്യാ-പാക് വിഭജന സമയത്ത് ജിന്നയുടെ ക്ഷണം നിരസിച്ച് ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ച 'കശ്മീര്‍ സിംഹം' എന്ന അപരനാമത്തിലറിയപ്പെടുന്ന ഷേഖ് അബ്ദുല്ലയുടെ പിന്‍ഗാമികളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് ആഭ്യന്തര കാര്യങ്ങളില്‍ അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കേണ്ടതിന് പകരം പലപ്പോഴും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

370ാം വകുപ്പ് പ്രകാരം നിയന്ത്രിത സ്വയംഭരണാവകാശം വകവെച്ച് നല്‍കിയിട്ടു പോലും ദുര്‍ബലമായ ആരോപണത്തിന്റെ പേരില്‍ ഷേഖ് അബ്ദുല്ലയെ ജയിലിലാക്കി രാഷ്ട്രീയക്കളിക്ക് തുടക്കം കുറിച്ചത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. ഷേഖ് അബ്ദുല്ലയുടെ മന്ത്രിസഭയിലെ രണ്ടാമനായ ബക്ഷി ഗുലാം മുഹമ്മദിനെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരികയും മുന്‍ നിശ്ചയപ്രകാരം പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയുമാണുണ്ടായത്. ലയന സമയത്ത് ഇന്ത്യ വാഗ്ദാനം നല്‍കുകയും പിന്നീട് വെടിനിര്‍ത്തലിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുകയും ചെയ്ത ഹിത പരിശോധനയെന്ന ആവശ്യം ഷേഖ് അബ്ദുല്ലയുടെ പുതിയ സംഘടനയായ പെബ്ലിസൈറ്റ് ഫ്രണ്ട് (Plebiscite Front) പലപ്പോഴായി ഉന്നയിക്കുകയും കോണ്‍ഗ്രസിലെ പലരും ഏറ്റു പിടിക്കുകയും ചെയ്തു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉന്നയിച്ച് പൊതുജന സമ്മതനായ ഷേഖ് അബ്ദുല്ലയെ തുറുങ്കിലടക്കുകയും എതിര്‍കക്ഷികളുടെ നാമ നിര്‍ദേശ പത്രികകള്‍ തള്ളുകയും തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി ജയിക്കുകയുമാണ് അവിടെ ഭരണകക്ഷി ചെയ്തു പോന്നിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമിയെ മത്സരിപ്പിക്കാന്‍ അനുവദിച്ചും കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയുടെ അറിവോടെ സ്വതന്ത്രരെ മത്സരിപ്പിച്ചും ഇലക്ഷനില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പൗരന്മാരെ അസന്തുഷ്ടരാക്കി.

ജനവിധിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോയപ്പോഴും ഇന്ത്യയെന്ന വികാരത്തോടൊപ്പം നില്‍ക്കാനുള്ള വിവേകം കശ്മീര്‍ ജനത കാണിച്ചിരുന്നു എന്നത് അവിടെയുള്ള ഓരാ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് ബോധ്യപ്പെടും. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ല്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. ഗവണ്‍െമന്റില്‍ അസംതൃപ്തരായ തദ്ദേശവാസികളുടെ പൂര്‍ണ സഹകരണം പ്രതീക്ഷിച്ച പാക് ഭരണാധികാരികളെ ഞെട്ടിച്ചുകൊണ്ട് അവര്‍ക്കെതിരെ സംഘടിക്കാനും നുഴഞ്ഞു കയറ്റക്കാരെ ഒറ്റിക്കൊടുക്കാനും പ്രദേശവാസികള്‍ മുന്‍കയ്യെടുക്കുകയായിരുന്നു. 

1971ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്തും പൂര്‍ണമായ ഇന്ത്യയനുകൂല നിലപാട് തന്നെയാണ് കശ്മീര്‍ സ്വീകരിച്ചത്. പാക്കിസ്ഥാന്‍ കൂടുതല്‍ ദുര്‍ബലമാവുകയും ബംഗ്ലാദേശ് വേര്‍പെടുകയും ചെയ്തപ്പോഴും കശ്മീര്‍ പ്രദേശം ശാന്തമായിരുന്നു. 1975ല്‍ ഇന്ദിരാ ഗാന്ധിയുടെ സഹായത്തോടെ ഷേഖ് അബ്ദുല്ല വീണ്ടും അധികാരത്തിലേറി. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധാവസ്ഥയിലും കശ്മീര്‍ ഇളകിയില്ല. എന്നാല്‍ ഷേഖിന്റെ മരണത്തോടെ കശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിന്‍ കീഴിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഒളിപ്പോര്‍ നടത്താനായി പാക്കിസ്ഥാന് അമേരിക്കയുടെ ആയുധ സഹായം ലഭിച്ചിരുന്ന കാലമായിരുന്നു അത്.ഈ ആയുധങ്ങള്‍ ഉപയോഗപ്പെടുത്തി പാക്കിസ്ഥാന്‍ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജഗ്‌മോഹന്‍, ഗവര്‍ണര്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ മൂലം അവര്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിന്റെ മറ്റു പരിസര പ്രദേശങ്ങളിലേക്കും കൂട്ടമായി പലായനം ചെയ്തു.

അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്തുല്‍ ഇസ്‌ലാം തുടങ്ങിയ തീവ്രവാദ സംഘടനകള്‍ കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും കൂടി ഭീകരവാദികള്‍ക്ക് ലഭിച്ച് വന്നതോടെ താഴ്‌വര കലാപസാഹചര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. പാക്കിസ്ഥാനില്‍ റിക്രൂട്ട്‌മെന്റും പരിശീലനവും കഴിഞ്ഞ് ഇന്ത്യയിലേക്ക് പറഞ്ഞയക്കുന്ന ഇവരില്‍ കശ്മീര്‍ നിവാസികളായ പലരും ആകൃഷ്ടരായി. കശ്മീരികളായ തീവ്രവാദികളുടെ സാന്നിധ്യം സൈന്യത്തെ കൂടുതല്‍ പ്രകോപിതരാക്കി. പലപ്പോഴും സൈന്യത്തിന്റെ ഭാഗത്തുനിന്ന് വന്ന നിരപരാധികള്‍ക്കെതിരെയുള്ള നടപടികള്‍ അവരില്‍ അരക്ഷിതബോധം വളര്‍ത്തി. പ്രതികാരചിന്തയോടെയും ശത്രുതാമനോഭാവത്തോടെയും കൂടുതല്‍ പേര്‍ സംഘര്‍ഷഭൂമിയിലേക്ക് കടന്നുവരികയും അവരില്‍ സംഘടിതബോധം കൈവരികയും ചെയ്തതോടെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആക്കം കൂടി. കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ ഇന്നും കശ്മീരിനെ നിലനിര്‍ത്തുന്നതില്‍ ഈ നടപടികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

മറ്റു സംസ്ഥാനങ്ങള്‍ക്കുള്ളതു പോലെയുള്ള അവകാശങ്ങള്‍ കശ്മീര്‍ ജനതക്കുമുണ്ട്. 370ാം വകുപ്പും 'ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ടും'(AFSPA) പൗരന്മാരുടെ മേല്‍ സൈന്യത്തിന് എന്തും ചെയ്യാനുള്ള അവകാശമല്ല. മറിച്ച് പ്രത്യേക സാഹചര്യത്തെ മറികടക്കാനായി അവിടെ സ്വീകരിക്കേണ്ട അധികാരമാണ്. അനിയന്ത്രിതമായ അധികാര ദുര്‍വിനിയോഗം പൗരന്മാരില്‍ കൂടുതല്‍ പ്രതികാരബുദ്ധിവളര്‍ത്താനേ ഉപകരിക്കൂ എന്നതും അതുള്‍ക്കൊണ്ട് ആഭ്യന്തര നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ ഭരണകൂടത്തിനും സൈന്യത്തിനും സാധിക്കണം എന്നും ഉപദേശിക്കാന്‍ പലപ്പോഴും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തകര്‍ക്കും ഗുണകാംക്ഷികള്‍ക്കും തടസ്സമാകുന്നത്, ചോദ്യം ചെയ്‌തേക്കാവുന്ന തങ്ങളുടെ ദേശക്കൂറ് തന്നെയാവാനാണ് സാധ്യത.

ഏതൊരു നാടിന്റെയും സാംസ്‌കാരിക പൈതൃകവും പാരമ്പര്യ മൂല്യങ്ങളും അംഗീകരിച്ചും ബഹുമാനിച്ചും മാത്രമെ ഭരണാധികാരികള്‍ക്ക് സമാധാനത്തോടെ നിലനില്‍ക്കാന്‍ സാധിക്കൂ. അത് പരിഗണിക്കാതെയുള്ള നിയമനടപടികളും സായുധ നീക്കങ്ങളും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. കശ്മീരിലെ പൗരന്മാര്‍ക്ക് ആദ്യമായി ഗവണ്മെന്റ് നല്‍കേണ്ട ഉറപ്പ് അവരെ വിശ്വാസത്തിലെടുത്തു എന്ന ബോധ്യപ്പെടുത്തലാണ്. ശത്രുരാഷ്ട്രത്തില്‍ നിന്ന് നുഴഞ്ഞുകയറിയതീവ്രവാദികളോടൊപ്പം മനസ്സ് പങ്കിടാന്‍ ഒരാളും തയ്യാറാവുകയില്ല. അതോടൊപ്പം ശത്രുക്കളില്‍ നിന്ന് സ്വന്തം സ്വത്തും ശരീരവും സംരക്ഷിക്കാനുള്ള ശ്രമത്തിന് ഭരണകൂടത്തിന്റെ കളങ്കമറ്റ സഹായം ലഭിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ തീവ്രവാദികളുടെ സാന്നിധ്യത്തിന്റെ പേരില്‍ നേരിടേണ്ടി വരുന്ന സൈനിക നടപടിയുടെ ഭാഗമായി സ്വന്തം അവകാശങ്ങളും മാനവും വരെ ബലികൊടുക്കേണ്ട ദുരവസ്ഥയാണ് കശ്മീരികള്‍ക്കുള്ളത് എന്ന് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. പ്രാദേശിക രോഷത്തെ മറികടക്കാന്‍ സ്വദേശിയായ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് യാത്ര ചെയ്യുന്നതടക്കമുള്ള കടുത്ത മനഷ്യാവകാശ ലംഘനം നടത്തിയ സൈനികന് പോലും അവാര്‍ഡ് നല്‍കി ആദരിക്കുന്ന തരത്തിലേക്ക് ഭരണകൂടം മാറിയാല്‍ അത് പൗരന്മാരില്‍ വരുത്തിവെക്കുന്ന അപകര്‍ഷചിന്ത ചെറുതായിരിക്കുകയില്ല. 

കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ടത് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളെ നിഷ്‌കാസനം ചെയ്യുക എന്നത് തന്നെയാണ്. അതിന് ആദ്യമായി തദ്ദേശീയരെയും തീവ്രവാദിയകളെയും വേര്‍തിരിച്ചറിയണം. ഭാഷയിലും വേഷത്തിലുമടക്കം വൈവിധ്യം പുലര്‍ത്തുന്ന കശ്മീര്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഇവരെ തിരിച്ചറിയണമെങ്കില്‍ പ്രാദേശികസഹായം കൂടിയേ തീരൂ. ഇത് ലഭ്യമാവണമെങ്കില്‍ അവരെക്കൂടി വിശ്വാസത്തിലെടുത്ത് കശ്മീര്‍ നിവാസികളില്‍ നിന്ന് ചാരന്മാരെ കണ്ടെത്തണം. എന്നാല്‍ തീവ്രവാദികളോടൊപ്പം ജനതയെയൊട്ടാകെ എതിരാളികളായി കാണുന്ന സാഹചര്യത്തില്‍ ഇത് അസാധ്യമാണ്. 

അപരവല്‍ക്കരണമാണ് കശ്മീരിലെ യുവാക്കളെ എതിര്‍പക്ഷത്തേക്കെത്തിക്കുന്ന മറ്റൊരു കാരണം. തൊഴിലിടങ്ങളില്‍ മുതല്‍ ജയിലുകളില്‍ വരെ അന്യരായി കണ്ടുകൊണ്ടുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും സമീപനം അവരെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുത്തുന്നു. ദേശീയ തലത്തിലുള്ള പല ഉന്നതകലാലയങ്ങളിലും ഈ അസമത്വം നിലനില്‍ക്കുന്നു എന്നത് അവരുടെ സോഷ്യല്‍ മീഡിയയിലുള്ള തുറന്നെഴുത്തുകളില്‍ നിന്നും മാധ്യമങ്ങളിലുള്ള ഇടപെടലുകളില്‍ നിന്നും വ്യക്തമാണ്. 

തൊഴിലില്ലായ്മയാണ് കശ്മീര്‍ യുവാക്കള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അവിഭക്ത ഭാരതത്തില്‍ രാജഭരണത്തിലെ പാളിച്ചകളാല്‍ തന്നെ രണ്ട് സാമൂഹിക വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിഭജന സമയത്ത് കൃത്യമായ നയം രൂപീകരിക്കാത്തതിനാലും വൈകി മാത്രം ഇന്ത്യയോടൊപ്പം ചേര്‍ന്നതിനാലും നിയന്ത്രിത സ്വയംഭരണ പ്രദേശത്തിന്റെ സാഹചര്യത്താലുമെല്ലാം അവിടെ തൊഴിലിടങ്ങള്‍ കുറവായിരുന്നു. യുവാക്കളില്‍ പലരും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമാണ്. അര്‍ഹമായ തൊഴിലുകള്‍ പോലും കശ്മീരി എന്ന ലേബലില്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെക്കാറുണ്ട്. ഈ സാഹചര്യം തീവ്രവാദികള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യമാഗ്രഹിക്കുന്ന യുവാക്കളെ പണവും തെറ്റായ മതചിന്തകളും നല്‍കി ഇവര്‍ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. അതിനാല്‍, ഇന്ത്യയില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകള്‍ അതേയളവില്‍ ലഭിക്കാനും അതോടൊപ്പം കശ്മീര്‍ കേന്ദ്രീകരിച്ച് പുതിയ വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ ഉയര്‍ന്നുവന്ന് കൂടുതല്‍ മെച്ചപ്പെട്ട ജീവിതായോധന മാര്‍ഗങ്ങളിലേക്ക് ആളുകള്‍ കടന്നുവരാനും സാഹചര്യമുണ്ടായാല്‍ മാത്രമെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നാരായവേര് അറുത്ത് മാറ്റാന്‍ സാധിക്കൂ.

കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മത-രാഷ്ട്രീയ-വിഘടനവാദ നേതാക്കളുമായിനിരന്തര ചര്‍ച്ചകള്‍ക്ക് ഭരണകൂടം പ്രതിനിധികളെ നിശ്ചയിക്കുന്നത് ഏറെ ഉപകാരപ്രദമായിരിക്കും. പലപ്പോഴും നീതി നിഷേധിക്കപ്പെടുകയോ നീതി നിഷേധിച്ചെന്ന് തെറ്റുധരിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വ്യക്തിഗതമായും സംഘടനാപരമായും അതിവാദങ്ങള്‍ കടന്നുവരാറ്. അത് കൃത്യമായി പരിഹരിച്ചോ ബോധ്യപ്പെടുത്തിയോ അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് വേണം പരിഹാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍.

സര്‍വോപരി, കേവല രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം ശാശ്വതമായ ശാന്തിയും സമാധാനവും ആഗ്രഹിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ചര്‍ച്ചകളിലൂടെ മാത്രമെ വ്യക്തമായ സമാധാന നീക്കങ്ങള്‍ രൂപപ്പെട്ടു വരികയുള്ളൂ. അത്തരം സമാധാനപൂര്‍ണമായ സാഹചര്യത്തില്‍ മാത്രമെ രാജ്യത്തിനും പൗരന്മാര്‍ക്കും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കൂ.