നിഷിദ്ധമായ പ്രാര്‍ഥനകള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 മാര്‍ച്ച് 30 1440 റജബ് 23

പ്രാര്‍ഥന സൃഷ്ടികര്‍ത്താവിനോട് മാത്രമെ പാടുള്ളൂ. സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. അല്ലാഹു അത് ഒരിക്കലും പൊറുക്കുകയില്ല. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രാര്‍ഥനകളുണ്ട്. അവയാണ് താഴെ കൊടുക്കുന്നത്:

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന

''അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമകാരികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റുവാന്‍ ആരുമില്ല. തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഇഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 10:106,107).

നബി ﷺ പറഞ്ഞു: ''പ്രാര്‍ഥന; അത് ആരാധന തന്നെയാകുന്നു.'' ആയതിനാല്‍ ആരാധനയായ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ, അല്ലാത്തവരോട് പാടില്ല. കാരണം അത് മറ്റുള്ളവര്‍ക്കുള്ള ആരാധനയാകും. അത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലും ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന കാര്യവുമാണ്.

സ്വന്തം മരണത്തിനോ നാശത്തിനോ വേണ്ടിയുള്ള പ്രാര്‍ഥന

പ്രവാചകന്‍ ﷺ പറഞ്ഞു: ''നിങ്ങള്‍ക്ക് ബാധിച്ച ഒരു ബുദ്ധിമുട്ട് കാരണം നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്. ഇനി അങ്ങനെ ആഗ്രഹിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ അവന്‍ ഇങ്ങനെ പറയട്ടെ: 'അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ. അതല്ല, എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ'' (ബുഖാരി, മുസ്‌ലിം).

സന്താനങ്ങള്‍, സമ്പത്ത് എന്നിവക്കെതിരെയുള്ള പ്രാര്‍ഥന

നബി ﷺ പറഞ്ഞു:''നിങ്ങള്‍ സ്വന്തത്തിനെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരിലും നിങ്ങള്‍ പ്രാര്‍ഥിക്കരുത്. അല്ലാഹുവിന്റെ അടുത്ത് ഒരു സമയമുണ്ട്; ആ സമയത്ത് നിങ്ങള്‍ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കത് നല്‍കാതിരിക്കില്ല'' (മുസ്‌ലിം).

യുദ്ധമുണ്ടാവാനും ശത്രുവിനെ കണ്ടുമുട്ടുവാനുമുള്ള പ്രാര്‍ഥന

പ്രവാചകന്‍ ﷺ പറഞ്ഞു: ''നിങ്ങള്‍ ശത്രുവിനെ കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് ആരോഗ്യം ചോദിക്കുക. അവരെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ ക്ഷമിക്കുക...''(മുസ്‌ലിം).

തെറ്റുകള്‍ ചെയ്യുവാനുള്ള പ്രാര്‍ഥന

അബീസഈദി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''പാപവും കുടുംബ ബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യത്തിന് ഒരു മുസ്‌ലിം പ്രാര്‍ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കില്‍ അത്‌പോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു.'' അനുചരന്മാര്‍ ചോദിച്ചു: ''അപ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയോ?'' പ്രവാചകന്‍ ﷺ അരുളി: ''അല്ലാഹു തന്നെയാണ് സത്യം! അധികരിപ്പിക്കൂ'' (അഹ്മദ്).

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കുവാനുള്ള കാരണങ്ങള്‍

'അല്ലാഹുവിനോട് ഞാന്‍ ധാരാളം പ്രാര്‍ഥിച്ചു. പക്ഷേ, എനിക്ക് ഇത്‌വരെ ഉത്തരം ലഭിച്ചില്ല' എന്ന് ചിലയാളുകള്‍ പറയാറുണ്ട്. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് പ്രാര്‍ഥനക്ക് ഉടനടി ഉത്തരം നല്‍കുക. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ആത്മ വിചാരണ ചെയ്തുകൊണ്ട് തന്നില്‍ നിന്നും വന്നുപോകുന്ന, വന്നുപോയിട്ടുള്ള തെറ്റുകളില്‍ പശ്ചാതപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട വ്യക്തിയോട് പ്രവാചകന്‍ ﷺ പറഞ്ഞത് 'നീ നിന്റെ ഭക്ഷണം നല്ലതാക്കുക' എന്നാണ്.

മറ്റൊരു പ്രവാചക വചനം കാണുക: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ''ഒരാളും തന്നെ ഉത്തരം നല്‍കപ്പെടാതെ അല്ലാഹുവിനോട് യാതൊന്നും പ്രാര്‍ഥിക്കുന്നില്ല. ഒന്നുകളില്‍ അത് ഇഹലോകത്ത് പെട്ടെന്ന് നല്‍കുന്നു. അല്ലെങ്കില്‍ പരലോകത്തേക്ക് അത് നിക്ഷേപിച്ച് വെക്കുന്നു. അതുമല്ലെങ്കില്‍ പ്രാര്‍ഥിക്കുന്നതിന്റെ തോതനുസരിച്ച് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.പ്രാര്‍ഥനയില്‍, തെറ്റ് ചെയ്യുവാനോ കുടുംബ ബന്ധം മുറിക്കുവാനോ ധൃതികൂട്ടുകയോ ചെയ്യാത്തിടത്തോളം അവന് ഉത്തരം ലഭിക്കും.''

പ്രാര്‍ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പ്രാര്‍ഥന ഉപേക്ഷിക്കാതിരിക്കുക. പ്രാര്‍ഥന നമുക്ക് നന്മയല്ലാതെ വരുത്തുകയില്ല. പ്രാര്‍ഥനകൊണ്ട് നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടും. അല്ലെങ്കില്‍ ആ പ്രാര്‍ഥന നമുക്ക് പരലോകത്തേക്ക് നീട്ടി വെക്കുകയും അത് നമുക്ക് ഗുണകരമാവുകയും ചെയ്യുന്നതാണ്. ആയതിനാല്‍ വിശ്വാസികള്‍ കൂടുതല്‍ കൂടുതല്‍ പ്രാര്‍ഥിക്കുക. അല്ലാഹുവിനോട് ആരാണോ കൂടുതല്‍ ചോദിക്കുന്നത് അവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുണ്ടാവുക.