സ്വഹീഹുല്‍ ബുഖാരിയോടുള്ള പൂര്‍വികരുടെ നിലപാട്

അബ്ദുല്‍ മാലിക് സലഫി

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

(സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനവും വസ്തുതകളും: 2)

1971 ഡിസംബര്‍ മാസത്തിലെ അല്‍മനാര്‍ മാസികയില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം 'സ്വഹീഹുല്‍ ബുഖാരിയില്‍ നിര്‍മിത ഹദീഥുകളോ?' എന്നാണ്. പ്രസ്തുത ലേഖനത്തിലെ ചില വരികള്‍ കാണുക: ''കഴിഞ്ഞുപോയ മുസ്ലിം കാലഘട്ടങ്ങള്‍ ഓരോന്നും പ്രസ്തുത പരമാര്‍ഥം കണിശമായും അംഗീകരിക്കുകയും സ്വഹീഹുല്‍ ബുഖാരിയെ ഉല്‍കൃഷ്ടമായും ആദരവോടെയും കൈകാര്യ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മറ്റെല്ലാ വിഷയത്തിലുമെന്നപോലെ പൊളിച്ചെഴുത്തിന്റെ പുതിയ കാലഘട്ടം സ്വഹീഹുല്‍ ബുഖാരിയെയും കരിതേക്കാതെ, കശക്കിയെറിയാതെ വിട്ടില്ല. ചിലര്‍ ഗ്രന്ഥം ആകപ്പാടെ തോട്ടിലെറിയണമെന്നാക്രോശിച്ചപ്പോള്‍ മറ്റുചിലര്‍ നല്ലപിള്ള ചമഞ്ഞ് ചുളുവില്‍ നിഷേധത്തിന് ധൃഷ്ടരായിരിക്കുന്നു.''

ശൈഖ് മുഹമ്മദ് മൗലവി ബുഖാരിക്കെതിരെയുള്ള ദാറക്വുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അത്തരം വിമര്‍ശനങ്ങളുടെ അര്‍ഥശൂന്യത ഉദാഹരണസഹിതം വ്യക്തമാക്കിയതിന് ശേഷം എഴുതുന്നു: ''ഈ ഉദാഹരണങ്ങളില്‍ നിന്ന് ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാവുന്നതാണ്. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറ് ശതമാനവും ഈ തരത്തില്‍ പെട്ടതാകുന്നു'' (മിശ്കാത്തുല്‍ ഹുദാ മാസികയില്‍ വന്ന ലേഖനം അല്‍മനാര്‍ മാസിക പുനഃപ്രസിദ്ധീകരിച്ചത്; 1994 ഒക്‌ടോബര്‍).

ഇന്നലെ എഴുതിയ ലേഖനം പോലെ തോന്നുന്ന ഇതിലെ ഓരോ വാചകത്തിനും വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ചുരുക്കത്തില്‍, മുസ്ലിം ഉമ്മത്ത് സ്വീകരിച്ച നിലപാട് തന്നെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ വിഷയത്തില്‍ കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും സ്വീകരിച്ചിരുന്നത്. മാത്രവുമല്ല ബുഖാരിക്കെതിരെ ചേകനൂര്‍ മൗലവിയും സി.എന്‍.അഹ്മദ് മൗലവിയും രംഗത്തുവന്നപ്പോള്‍ ശക്തമായ ഭാഷയില്‍ തന്നെ അവര്‍ക്ക് മറുപടി നല്‍കിയതും ഇസ്വ്‌ലാഹി പ്രസ്ഥാന നേതാക്കള്‍ തന്നെയായിരുന്നു.

ഏറ്റവും കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടും ബുഖാരിയിലെ ഹദീസുകള്‍ തള്ളിക്കളയാനും അതിന്റെ സ്വീകാര്യതയില്‍ സംശയം പ്രകടിപ്പിക്കാനും ദുര്‍ബലത ആരോപിക്കാനും ഈ കക്ഷികളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമല്ലെന്ന് പറയുന്നവരുടെ പ്രധാനപ്പെട്ട 'ന്യായം' അതില്‍ ക്വുര്‍ആനിനെതിരായ ഹദീസുകള്‍ ഉണ്ട് എന്നാണ്. ഇവിടെയും അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ക്വുര്‍ആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. ഹദീസ് നബി ﷺ യുടെ വചനമാണെങ്കിലും അല്ലാഹുവില്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ  സംസാരിച്ചിട്ടുള്ളത്.

''അദ്ദേഹം (നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് (നബി സംസാരിക്കുന്നത്) അദ്ദേഹത്തിന് നല്‍കപ്പെടുന്ന ദിവ്യബോധനമല്ലാതെ (മറ്റൊന്നും) അല്ല'' (ക്വുര്‍ആന്‍: 53/4).

സ്വഹീഹായ ഹദീസുകളെല്ലാം അല്ലാഹുവില്‍നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ  സംസാരിച്ചതാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വഹീഹുല്‍ ബുഖാരിയിലെ പരമ്പരയോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നതിന് മുസ്‌ലിം ഉമ്മത്തിന്റെ ഏകോപിതമായ അഭിപ്രായം (ഇജ്മാഅ്) ഉള്ളതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്‌കൊണ്ടു തന്നെ ബുഖാരിയിലെ ഹദീസുകളില്‍ ഒന്നുപോലും തള്ളിക്കളയാവുന്നതല്ല.

ക്വുര്‍ആനും ഹദീസും വഹ്‌യായതിനാല്‍ ക്വുര്‍ആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. ചില ഹദീസുകള്‍ നോക്കുമ്പോള്‍ അത് ക്വുര്‍ആനിന് എതിരാണെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് തോന്നുന്നുവെങ്കില്‍ ഉടന്‍ തള്ളുകയല്ല വേണ്ടത്. ഉദാഹരണത്തിന് ശവം ഹറാമാണെന്ന് മൂന്ന് തവണ (2:173, 5:3, 16:115) അല്ലാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ഒരു ശവത്തെയും ഇതില്‍ പ്രത്യേകമായി ഒഴിച്ചു നിര്‍ത്തിയിട്ടില്ല. എന്നാല്‍ കടലിലെ വെള്ളം ശുദ്ധിയുള്ളതും അതിലെ ശവം നിങ്ങള്‍ക്ക് അനുവദനീയവുമാണെന്ന് നബി ﷺ  പറഞ്ഞതായി ഹദീസില്‍ കാണാം. (നസാഈ 59, അബൂദാവൂദ്: 83). പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇത് ക്വുര്‍ആനിനെതിരാണെന്ന് തോന്നാം. യഥാര്‍ഥത്തില്‍ കാര്യം അങ്ങനെയല്ല. നബിയുടെ ﷺ  സംസാരം ക്വുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ചില ഹദീസുകളുടെ ലക്ഷ്യം ക്വുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലുമായിരിക്കും. അതുകൊണ്ടുതന്നെ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അവ തമ്മില്‍ വൈരുധ്യമില്ലെന്നും ഒന്ന് മറ്റൊന്നിനെ വിശദീകരിക്കുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും.

ഇമാം ഇബ്‌നുല്‍ ഖക്വയ്യിം(റഹി) പറഞ്ഞു: ''അല്ലാഹുവിനെയും അവന്റെ മലക്കുകളെയും സാക്ഷി നിര്‍ത്തി നാം ഉറപ്പിച്ചു തന്നെ പറയട്ടെ; നബിയുടെ ﷺ  ഹദീസില്‍ ക്വുര്‍ആനിന് വിരുദ്ധമായതോ തെളിഞ്ഞ ബുദ്ധിക്ക് നിരക്കാത്തതോ ആയ ഒന്നും തന്നെയില്ല. നബി ﷺ യുടെ സംസാരം ക്വുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് ആരെങ്കിലും വല്ല ഹദീസുകളെയും തള്ളുന്നുവെങ്കില്‍, അതെല്ലാം ക്വുര്‍ആനിനോട് യോജിക്കുന്നത് തന്നെയായിരിക്കും. അത്തരം ഹദീസുകളുടെ ലക്ഷ്യം ക്വുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലായിരിക്കും. അത് സ്വീകരിക്കാനാണ് നബി ﷺ  കല്‍പിച്ചതും'' (അസ്സ്വവാഇക്വുല്‍ മുര്‍സലാ. 2/529).

സ്വഹീഹായ ഹദീസുകളെ തള്ളാന്‍ ക്വുര്‍ആനിന്റെ മറപിടിച്ചുകൊണ്ട് ചിലര്‍ രംഗപ്രവേശം നടത്തിയപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച് അവരുടെ തെറ്റായ വാദങ്ങളെ തകര്‍ത്തെറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ഖവാരിജുകളാണ് ഈയൊരു പുത്തന്‍ വാദത്തിന് തുടക്കമിട്ടത്. അവരുടെ നിലപാടുകളെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നു: ''ക്വുര്‍ആനിനെ അങ്ങേയറ്റം മഹത്ത്വവല്‍കരിക്കുക എന്നതാണ് ഇവരുടെ നയം. അത് പിന്‍പറ്റാന്‍ ഇവര്‍ പ്രത്യേകമായി പറയും. അഹ്‌ലുസ്സുന്നയില്‍നിന്ന് തെറ്റിപ്പോയവരാണവര്‍. ക്വുര്‍ആനിന് എതിരാണെന്ന് അവര്‍ക്ക് തോന്നിയ കാര്യങ്ങള്‍ തള്ളുന്നവരാണവര്‍. വ്യഭിചാരിണിയെ എറിഞ്ഞ് കൊല്ലല്‍, കട്ടവന്റെ കൈ മുറിക്കാനാവശ്യമായ കളവിന്റെ മൂല്യം എന്നിവ ഉദാഹരണം. പിഴച്ചുപോയ വിഭാഗമാണവര്‍. കാരണം, അല്ലാഹുവിന്റെ റസൂലിനാണ് ക്വുര്‍ആനെ കുറിച്ച് കൂടുതല്‍ അറിയുക'' (ഫതാവാ. 3/208).

അപ്പോള്‍, തങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനെ ക്വുര്‍ആന്‍ വിരുദ്ധമെന്ന് പറഞ്ഞ് തള്ളുന്ന പ്രവണത ഖവാരിജുകളാണ് തുടങ്ങിവെച്ചത്. ഇത് പിന്നീട് പലരും ഏറ്റെടുത്തു. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേഷം കെട്ടിയ ഓറിയന്റലിസ്റ്റുകള്‍ അത് പ്രചരിപ്പിച്ചു.

നബി ﷺ  വഹ്‌യിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ച സ്വഹീഹായ ഹദീസുകളെക്കാള്‍ തങ്ങളുടെ പരിമിതമായ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന ചിലര്‍ മുസ്‌ലിം ലോകത്ത് പില്‍കാലത്ത് ഉടലെടുക്കുകയും ബുഖാരിയിലെ ഹദീസുകളെ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നില്ലെന്നും പറഞ്ഞ് തള്ളിക്കളയുകയും അവയെക്കുറിച്ച് നിര്‍മിതം, ദുര്‍ബലം എന്നിങ്ങനെ വിധിയെഴുതുകയും ചെയ്തു. ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്നും ബഹുദൂരം അകന്നുപോയ മുഅ്തസില വിഭാഗത്തില്‍ നിന്നാണ് ഇത്തരം ശബ്ദം മുസ്‌ലിംലോകം ആദ്യം ശ്രവിച്ചത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ബുദ്ധിയെക്കാളും പ്രമാണങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടത് ബുദ്ധിക്കെതിരാണെങ്കിലും അത് അംഗീകരിച്ചേ തീരൂ. വിശുദ്ധ ക്വുര്‍ആന്‍ പരിശോധിച്ചാല്‍ ബുദ്ധിക്കെതിരാണെന്ന് തോന്നുന്ന പല സംഭവങ്ങളും അതില്‍ കാണാം. ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടത്, മൂസാനബി(അ)ക്ക് വേണ്ടി ചെങ്കടല്‍ പിളര്‍ന്നത് എന്നിവ ഉദാഹരണം. ഇതെല്ലാം നാം അപ്രകാരംതന്നെ അംഗീകരിക്കുന്നു. ഹദീഥിന്റെ വിഷയത്തിലും ഇതേ നിലപാടാണ് നാം അനുവര്‍ത്തിക്കേണ്ടത്. ഹദീസ് സ്ഥിരപ്പെട്ടതാണോ എന്ന കാര്യത്തില്‍ അഥവാ നബി ﷺ  പറഞ്ഞിട്ടുള്ളതാണോ എന്ന കാര്യത്തില്‍ നമുക്ക് നമ്മുടെ ബുദ്ധി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ച് അത് നബി ﷺ  പറഞ്ഞിട്ടുള്ളതാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഹദീസില്‍ പറഞ്ഞ കാര്യം ശരിയാണോയെന്ന് നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കാന്‍ പാടില്ല. കാരണം നബി ﷺ  പറഞ്ഞ കാര്യമാണ് അതെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അതിലേക്ക് കീഴൊതുങ്ങുകയാണ് സത്യവിശ്വാസി ചെയ്യേണ്ടത്.

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല'' (ക്വുര്‍ആന്‍: 4/65).

ഹദീഥുകളെ സ്വീകരിക്കുന്ന വിഷയത്തിലെ മുഅ്തസില ചിന്താഗതി കേരളത്തിലേക്കും പടര്‍ന്നിട്ടുള്ളത് നാം ഗൗരവപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ബുഖാരിയില്‍ ദുര്‍ബല ഹദീസുകളുണ്ടെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ലേഖനം എഴുതുന്നേടത്തും ബുഖാരിയിലെ ചില ഹദീസുകള്‍ ആരുതന്നെ പറഞ്ഞാലും ഞങ്ങള്‍ക്കത് സ്വീകാര്യമല്ലെന്ന് പരസ്യമായി പറയുന്നേടത്തും വരെ കാര്യങ്ങളെത്തിയിട്ടുണ്ട്. തങ്ങളുടെ ബുദ്ധിയുടെ തേരോട്ടത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരിക്ക് സമൂഹമനസ്സിലുണ്ടായിരുന്ന സ്ഥാനവും ആദരവും തകര്‍ന്നുവീഴുന്നത് ഒരുപക്ഷേ, ഇവര്‍പോലും അറിയുന്നില്ല.

സ്വഹീഹുല്‍ ബുഖാരിയിലെ ഏതെങ്കിലും ഒരു ഹദീസ് തള്ളിക്കളയുന്നത് ഹദീസ് നിഷേധത്തില്‍പെട്ടതു തന്നെയാണ്. ബുഖാരിയിലെ ഹദീസുകളില്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നത് ഹദീസ് നിഷേധത്തിന്റെ ഒന്നാം പടിയാണ്. ആധുനിക ലോകത്തെ എല്ലാ ഹദീസ് നിഷേധികളും ആദ്യം കൈവെച്ചത് സ്വഹീഹുല്‍ ബുഖാരിയിലായിരുന്നു.

അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറയുന്നു: ''പ്രവാചകന്റെ ഹദീസുകളെ ജനമധ്യത്തില്‍ വിലകുറച്ച് കാണിക്കാനോ മുഹദ്ദിസുകളുടെ പരിശ്രമങ്ങളെ നിസ്സാരവല്‍ക്കരിക്കാനോ ശ്രമിക്കുന്നവര്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളില്‍, പ്രത്യേകിച്ച് ബുഖാരിയിലെ ഹദീസുകളില്‍ സംശയം ജനിപ്പിക്കുകയായിരിക്കും ആദ്യം ചെയ്യുക. അവയില്‍ സംശയം സൃഷ്ടിച്ചാല്‍ ബാക്കിയുള്ള ഹദീഥ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം സൃഷ്ടിക്കാന്‍ എളുപ്പമായിരിക്കുമല്ലോ. എന്നാല്‍ അറിയുക, അവയിലെ മുഴുവന്‍ ഹദീസുകളും പണ്ഡിതന്‍മാരുടെ പക്കല്‍ പൂര്‍ണമായും സ്വഹീഹാണ്'' (സ്വഹാബിഉല്‍ ഫീ വജ്ഹിസ്സുന്ന:108).

ആധുനിക മുസ്‌ലിംലോകത്ത് ഹദീസ് നിഷേധികള്‍ക്ക് മറുപടി എഴുതിയിട്ടുള്ള വ്യക്തിയാണ് അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ്. എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍; അത് സ്വഹീഹുല്‍ ബുഖാരിയിലുള്ളതാണെങ്കില്‍ പോലും അദ്ദേഹം അംഗീകരിക്കാതിരുന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''പൂര്‍ണമായും ശരിയായ ഗ്രന്ഥം ക്വുര്‍ആന്‍ മാത്രമാണ്. അതിന്‌ശേഷം സ്വഹീഹുല്‍ ബുഖാരി. പക്ഷേ, സനദിന്റെ (പരമ്പരയുടെ) അടിസ്ഥാനത്തില്‍ മാത്രമാണത്. മത്‌നിന്റെ (ആശയത്തിന്റെ) അടിസ്ഥാനത്തില്‍ അതിലുള്ളതെല്ലാം പൂര്‍ണമായും സ്വഹീഹാണെന്ന് ഉറപ്പിച്ച് പറയാനാവില്ല'' (മൗക്വിഫില്‍ ജമാഅത്തില്‍ ഇസ്‌ലാമിയ്യ മിനല്‍ ഹദീസിന്നബവി).

മൗദൂദി സാഹിബിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികളും ബുഖാരിയിലെ ഹദീഥുകള്‍ ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുന്നുണ്ട്. ഒ.അബ്ദുറഹ്മാന്‍ സാഹിബ് എഴുതുന്നു: ''മറ്റ് ചില ഹദീസുകളില്‍ മുഹമ്മദ് നബിക്ക് ﷺ  സിഹ്‌റ് ബാധിച്ചിരുന്നതായി പറയുന്നു. നബി ﷺ  സിഹ്‌റ് ചെയ്യുന്നവനോ സിഹ്‌റ് ബധിച്ചവനോ ആയിരുന്നുവെന്ന ശത്രുക്കളുടെ ആരോപണത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നിലവിലിരിക്കെയാണ്, സിഹ്‌റ് ബാധിച്ചതിനാല്‍ കുറെ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം മറവി ബാധിച്ചു നടന്നു എന്ന ഹദീസുകള്‍. അതും യഹൂദി സിഹ്ര്‍ ചെയ്തതു കൊണ്ട്'' (പ്രബോധനം ഹദീഥ് പതിപ്പ് 2007, പേജ്:129).

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗമായ ഐ.പി.എച്ച് 'സിഹ്ര്‍' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.മുഹമ്മദ് ആണ് ഗ്രന്ഥകര്‍ത്താവ്. ഈ ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയിലെ സിഹ്‌റിന്റെ ഹദീസുകള്‍ കൊടുത്തിട്ടുണ്ട്. അവസാനം അതെല്ലാം ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തിട്ടുള്ളത്.

അതേപോലെ കേരളത്തില്‍ ഹദീസ് നിഷേധം പ്രചരിപ്പിച്ച വ്യക്തിയായ ചേകനൂര്‍ മൗലവിക്ക് മറുപടി എഴുതിയിരുന്ന വ്യക്തിയാണ് അബ്ദുസ്സലാം സുല്ലമി. എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍; അത് സ്വഹീഹുല്‍ ബുഖാരിയില്‍ ആയിരുന്നിട്ടുകൂടി അദ്ദേഹവും തള്ളിക്കളഞ്ഞിട്ടുണ്ട്.

അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം 'വിമര്‍ശന വിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും' എന്നാണ്. എന്നിട്ട് അദ്ദേഹം ഇരുപതോളം ഹദീസുകള്‍ കൊടുത്തിട്ട് ചില വിര്‍മര്‍ശനങ്ങള്‍ ഉദ്ധരിക്കുന്നു. ശേഷം അദ്ദേഹം എഴുതി: ''ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസുകളെ പൂര്‍വികരായ ചില പണ്ഡിതന്‍മാര്‍ വിമര്‍ശിച്ചതിന് ചില ഉദാഹരണങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു. വിമര്‍ശനങ്ങള്‍ ഈ ലേഖകന്‍ അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ല. നാം മുകളില്‍ വിവരിച്ച തത്ത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വിമര്‍ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ല'' (പ്രബോധനം ഹദീഥ് പതിപ്പ് 2007, പേജ്:185).

ഇവിടെ അദ്ദേഹം ഉദ്ധരിക്കുന്ന വിമര്‍ശനങ്ങള്‍ മൊത്തം ശരിയല്ലെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. എങ്കില്‍പിന്നെ ഈ വിമര്‍ശനങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞാല്‍ പോരേ? അത് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം ബുഖാരിയിലെ പല ഹദീസുകളും അദ്ദേഹം തള്ളിയിട്ടുണ്ട്. അതുകൊണ്ടാണ് 'നാം മുകളില്‍ വിവരിച്ച തത്ത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യ'മെന്ന് പറഞ്ഞിട്ടുള്ളത്. എന്താണ് അദ്ദേഹം 'മുകളില്‍ വിവരിച്ച തത്ത്വം?' ബുഖാരിയിലും മുസ്‌ലിമിലും വിമര്‍ശനവിധേയമായ ഹദീഥുകള്‍ ഉണ്ടെന്നും സനദിന്റെയും (പരമ്പരയുടെ) മത്‌നിന്റെയും (ആശയം) അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ബുഖാരിയിലെ ഹദീഥുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നതുമാണത്.

യഥാര്‍ഥത്തില്‍, അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറഞ്ഞ ഹദീസ് നിഷേധത്തിന്റെ ഒന്നാം പടി, അതായത് ബുഖാരിയിലെ ഹദീഥുകളില്‍ സംശയം ജനിപ്പിക്കുക എന്നതാണിവിടെ ചെയ്തിട്ടുള്ളത്.

നബിക്ക്  ﷺ  സിഹ്‌റ് ബാധിച്ചുവെന്ന ബുഖാരിയിലെയും മുസ്‌ലിമിലേയും ഹദീഥിനെ കുറിച്ച് സുല്ലമി എഴുതുന്നു: ''അതിനാല്‍ ഈ ഹദീഥ് പരമ്പരക്കും മത്‌നിനും (ആശയം) ഹദീഥ് പണ്ഡിതന്‍മാര്‍ പറഞ്ഞ മുഴുവന്‍ വ്യവസ്ഥയും യോജിച്ചാല്‍ പോലും തെളിവിന് പറ്റുകയില്ല'' (ജിന്ന്, പിശാച്, സിഹ്‌റ്; പേജ്: 138).

മാത്രമല്ല ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ ഹദീഥിനെ ആറോളം 'ന്യായങ്ങള്‍' പറഞ്ഞ് സുല്ലമി തള്ളുകയും ചെയ്തിരിക്കുന്നു.

സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായിത്തീരുമെന്നാണ് ഇക്കൂട്ടരുടെ വാദം. അങ്ങനെയാണെങ്കില്‍ ഒന്നാമത്തെ അന്ധവിശ്വാസി നബി ﷺ  തന്നെ. അല്ലാഹുവില്‍ ശരണം! കാരണം നബി ﷺ  പറഞ്ഞ ഹദീഥുകളാണ് അതില്‍ അധികമുള്ളത്. പിന്നെ സ്വഹാബത്ത് മുതല്‍ താബിഉകള്‍, മുഴുവന്‍ മുഹദ്ദിസുകള്‍, ഇമാമുമാര്‍, പണ്ഡിതന്മാര്‍ വരെയുള്ളവരെല്ലാം അന്ധവിശ്വാസികളാകും.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ പൂര്‍ണമായും സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന വാദം പുതിയ ഗവേഷണഫലമാണ്. നബി ﷺ യുടെ ഹദീസുകള്‍ മുഴുവന്‍ സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന് വാദിക്കുന്നവന്‍ കുഫ്‌റിലാണ് എത്തിപ്പെടുക.

ചുരുക്കത്തില്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം മുസ്ലിം ഉമ്മത്ത് മൊത്തത്തിലാണ് ഏറ്റെടുത്തത്. അവരാണ് അതിലുള്ള മുസ്നദായ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ഉമ്മത്തിന്റെ നിലപാട് അറിയാത്ത ചില അല്‍പജ്ഞാനികളാണ് ഇതുപോലെ ബുഖാരിയിലെ ഹദീസുകള്‍ക്കെതിരെ വാളെടുക്കുന്നത്.

പൂര്‍വികരാരുംതന്നെ ബുഖാരിയിലെ ഹദീസുകളെ സംബന്ധിച്ച് ദുര്‍ബലമാണെന്നോ നിര്‍മിതമാണെന്നോ ക്വുര്‍ആനിന് എതിരാണെന്നോ ബുദ്ധിക്കെതിരാണെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത് അവയെല്ലാം പൂര്‍ണമായി സ്വഹീഹാണെന്നാണ്. ഈ വിഷയത്തിലെ ഇജ്മാഇനെ എതിര്‍ക്കുന്നവര്‍ സലഫിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണ്.