ബറേല്‍വികളുടെ വഹാബി വിമര്‍ശനങ്ങള്‍

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ, ഇബ്‌നുല്‍ക്വയ്യിം, ഇമാം ശൗകാനി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെപ്പറ്റി കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളും ഫത്‌വകളും കൊണ്ട് കുപ്രസിദ്ധമാണ് ബറേല്‍വിയുടെ രചനകള്‍. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്തകളും നവോത്ഥാന, പരിഷ്‌ക്കരണങ്ങളും ഇന്ത്യയില്‍ വ്യാപകമാകുന്നതിനെ ഏറ്റവുമധികം ഭയപ്പെട്ട വിഭാഗങ്ങളാണ് ബറേല്‍വികളും ശിയാക്കളും പിന്നെ സ്വൂഫി ഗ്രൂപ്പുകളും. വരുമാന മാര്‍ഗങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന എല്ലാ സംരംഭങ്ങളെയും പല്ലും നഖവുമുപയോഗിച്ച് വിമര്‍ശിക്കാനും പ്രതിരോധിക്കാനും ഇതര ഗ്രൂപ്പുകള്‍ക്കൊപ്പം ബറേല്‍വികളും മുന്നോട്ടുവന്നു. നിന്ദ്യവും നികൃഷ്ടവുമായ പദപ്രയോഗങ്ങളാണ് മുകളില്‍ പറഞ്ഞ പണ്ഡിതന്മാരെപ്പറ്റി ഈ വിഭാഗം പ്രയോഗിക്കുന്നത്. 

ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനോടുള്ള വിരോധം നിമിത്തം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വ്യാജഹദീഥ് പോലും ബറേല്‍വി സ്വയം നിര്‍മിച്ചു! ഏറ്റവും നികൃഷ്ടരായ മുര്‍തദ്ദുകള്‍ (മതഭ്രഷ്ടര്‍) വഹാബികളാണന്ന് ബറേല്‍വി തന്റെ 'അഹ്കാമുശ്ശരീഅഃ' എന്ന വാറോലയില്‍ എഴുതിവിട്ടു. അവിടെയും അവസാനിച്ചില്ല ബറേല്‍വിയുടെ വഹാബി വിരോധം; 'വഹാബികള്‍ യഹൂദികളെക്കാളും ബിംബാരാധകരെക്കാളും മജൂസികളെക്കാളും ഏറ്റവും നികൃഷ്ടരും ഉപദ്രവകാരികളും അശുദ്ധരുമാണ്' എന്ന്'അയാള്‍ ഇതേ വാറോലയില്‍ തന്നെ എഴുതിവിട്ടു. വഹാബികള്‍ മുശ്‌രിക്കുകളാണന്നും അവരെ കര്‍മശാസ്ത്രപരമായി തന്നെ കാഫിറാക്കല്‍ നിര്‍ബന്ധമാണെന്നും അയാള്‍ പ്രചരിപ്പിച്ചു.

ഹിജാസില്‍ ശൈഖ് മുഹമ്മദ് നടത്തിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ ഏറ്റവും ക്രൂരമായ ഭാഷയിലാണ് ബറേല്‍വിയും അയാളുടെ ശിഷ്യന്മാരും പരിചയപ്പെടുത്തിയത്. 'അകാരണമായി നിരവധി നിരപരാധികളെ വഹാബികള്‍ ഹറമൈനിയില്‍ വെച്ച് കൊലപ്പെടുത്തി. അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും വഹാബികള്‍ വ്യഭിചരിച്ചു. അവരെ തടവില്‍ പാര്‍പ്പിച്ചു. അവരെ അടിമകളാക്കി' എന്നെല്ലാം ബറേല്‍വിയും ശിഷ്യന്മാരും എഴുതിവിട്ടു. സുല്‍ത്വാന്‍ ഇബ്‌നു സുഊദിനെയും ബറേല്‍വികള്‍ വെറുതെവിട്ടില്ല. ഹിജാസിലെ നേതാക്കളെയും പണ്ഡിതന്മാരെയും കഴിയുന്നത്ര തേജോവധം ചെയ്യുന്നതില്‍ അയാളും അനുയായികളും സുഖം കണ്ടെത്തി. മുര്‍തദ്ദുകള്‍, നിരീശ്വര വാദികള്‍, ഇബ്‌ലീസുകള്‍, കാഫിറുകള്‍, ശപിക്കപ്പെട്ടവര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍കൊണ്ട് നിറഞ്ഞവയാണ് ബറേല്‍വികളുടെ രചനകള്‍.

ഹിജാസിലെ സുല്‍ത്വാന്‍ ഇബ്‌നുസുഊദിന്റെ കുടുംബത്തിലെ ചിലര്‍ അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ബോംബെയിലെത്തിയ അവരെ ബോംബെ ജുമുഅ മസ്ജിദിലെ ഇമാം ശൈഖ് അഹ്മദ് യൂസുഫും സ്വീകരിക്കാനെത്തി. ഇതും ബറേല്‍വിയെ പ്രകോപിപ്പിക്കാന്‍ കാരണമായി. ഇബ്‌നു സുഊദിന്റെ മക്കളെ സ്വീകരിക്കുകയും നജ്ദിലെ ഭരണകൂടത്തെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത ഇമാം അഹ്മദ് യൂസുഫിനെ ഇക്കാരണത്താല്‍ കാഫിറും മുര്‍തദ്ദുമായി ചിത്രീകരിക്കാന്‍ ബറേല്‍വിക്ക് യതോരു മടിയുമുണ്ടായില്ല. 

പ്രമുഖന്മാരായ പണ്ഡിതന്മാരെയും നേതാക്കളെയും ബറേല്‍വികള്‍ വെറുതെ വിട്ടില്ല

ഇന്ത്യയില്‍ സമുന്നതമായ നിലയില്‍ മദ്‌റസാ പ്രസ്ഥാനവുമായി കടന്നുവന്ന ദയൂബന്തിലെ പ്രമുഖന്മാരായ പണ്ഡിതന്മാരെയും നേതാക്കളെയും ബറേല്‍വികള്‍ വെറുതെ വിട്ടിട്ടില്ല. മൗലാനാ ക്വാസിം നാനൂത്തവി(റഹ്)യുടെ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗംതന്നെയായിരുന്നു. സാധാരണ പണ്ഡിത പ്രമുഖന്മാര്‍ ധരിക്കാറുള്ള വേഷഭൂഷാധികളോ തലപ്പാവോ നീളക്കുപ്പായമോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സമൂഹത്തില്‍നിന്നും ഒഴിഞ്ഞ് കഴിയുന്നതിനായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പര്യം. വലിയ ഭക്തനായിരുന്നു. ആര്‍ക്കും എന്തിനും ഫത്‌വ നല്‍കുന്ന സ്വഭാവവും ഇല്ലായിരുന്നു. ഹിജ്‌റ 1297ല്‍ മരണപ്പെട്ട മഹാനവര്‍കളെപ്പറ്റി ബറേല്‍വികള്‍ ഏറ്റവും മോശമായ ഭാഷയില്‍ ഫത്‌വയിറക്കി. മൗലാനാ ക്വാസിം നാനൂത്തവി മതഭ്രഷ്ടനും അദ്ദേഹത്തിന്റെ രചനകള്‍ അശുദ്ധമാെണന്നും അവര്‍ പ്രചരിപ്പിച്ചു.

മൗലാനാ റഷീദ് അഹ്മദ് ഗാംഗോഹി(റഹ്)യെപ്പറ്റിയും നിരവധി അപരാധങ്ങളാണ് ബറേല്‍വി നേതാവും അയാളുടെ അനുയായികളും പ്രചരിപ്പിച്ചത്. ഗാംഗോഹി കാഫിറും മുര്‍തദ്ദുമാണന്ന് തുറന്ന് പറയാനും എഴുതാനും ബറേല്‍വികള്‍ മടിച്ചിട്ടില്ല. ഗാംഗോഹി കാഫിറാണോയെന്ന് സംശയിക്കുന്നവരും കാഫിറാെണന്ന് ബറേല്‍വി മൗലാനാ വിധിയെഴുതി! അദ്ദേഹം ബറേല്‍വികള്‍ക്കെതിരില്‍ എഴുതിയ ചില രചനകളെപ്പറ്റി 'മൂത്രത്തെക്കാള്‍ മ്ലേച്ഛം' എന്നാണ് ബറേല്‍വി എഴുതിയത്!

ദയൂബന്തികളുടെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്ന മൗലാനാ അഷ്‌റഫ് അലി ഥാനവിയെപ്പറ്റിയും ഇതേനിലപാട് തന്നെയായിരുന്നു ബറേല്‍വികള്‍ക്ക്. 'പൈശാചികനായ വഹാബി'യെന്നാണ് ബറേല്‍വി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ദയൂബന്തി പണ്ഡിതനിരയിലെ പ്രഗത്ഭരും പതിനായിരങ്ങളുടെ ഗുരുവര്യന്മാരുമായ മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മഹ്മൂദുല്‍ ഹസന്‍ ദയൂബന്തി, ഷബ്ബീര്‍ അഹ്മദ് തുടങ്ങിയ പരമ്പരകളെത്തന്നെ കാഫിറും മുര്‍തദ്ദുമായി വിശേഷിപ്പിച്ചുകൊണ്ട് ബറേല്‍വി ഫത്‌വയിറക്കിയിട്ടുണ്ട്. ദയൂബന്തികളുടെ പിന്നില്‍ നിസ്‌ക്കരിച്ചാല്‍ തന്നെ കാഫിറാകുമെന്നും അവരുടെ കുഫ്‌റില്‍ സംശയിക്കുന്നവരും കാഫിറാണെന്നും ബറേല്‍വി തുറന്നെഴുതിയിട്ടുണ്ട്. 

ദാറുല്‍ഉലൂം ദയൂബന്ധിനെ പ്രകീര്‍ത്തിച്ചു പറയുന്നവരും മുസ്‌ലിംകളോട് പെരുമാറുന്ന നിലയില്‍ അവരോട് പെരുമാറുന്നവരും അവരെ കൂലിവേലക്ക് വിളിക്കുന്നവരും ഹറാം പ്രവര്‍ത്തിക്കുന്നവരാണന്നും ബറേല്‍വിയുടെ ഫത്‌വയില്‍ പറയുന്നു! അവര്‍ക്ക് ഉദ്വുഹിയ്യതിന്റെ മാംസം പോലും നല്‍കാന്‍ പാടില്ലെന്നാണ് ബറേല്‍വികളുടെ മതം പഠിപ്പിക്കുന്നത്. ഇത്തരം മുര്‍തദ്ദുകളുമായി യോജിക്കുന്നതിനെക്കാള്‍ കാഫിറുകളുമായി യോജിക്കുന്നതാണ് നല്ലതെന്നും ബറേല്‍വി വാദിക്കുന്നു. ദയൂബന്തികളുടെ ഗ്രന്ഥങ്ങളുടെ മേല്‍ കാര്‍ക്കിച്ചുതുപ്പാനും അതിന്മേല്‍ മൂത്രമൊഴിക്കാനും ബറേല്‍വി ആഹ്വാനം ചെയ്യുന്നു.

ലക്‌നോ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ അധ്യാപകരും അതിന്റെ സ്ഥാപകരും മുര്‍തദ്ദുകളും നിരീശ്വരവാദികളുമാണെന്നും ബറേല്‍വി നിര്‍ലജ്ജം പ്രചരിപ്പിച്ചു. അവരെയെല്ലാം നരകത്തിന്റെ അവകാശികളായിട്ടാണ് ബറേല്‍വി വിശേഷിപ്പിച്ചിട്ടുള്ളത്. നദ്‌വത്തുല്‍ ഉലമയിലെ പ്രമുഖന്മാരായ പണ്ഡിതനേതാക്കളെ കാഫിറാക്കിക്കൊണ്ടുള്ള ബറേല്‍വി മൗലാനായുടെ ഫത്‌വയെപ്പറ്റിയും അവരോട് ബറേല്‍വികള്‍ക്കുള്ള അരിശത്തെപ്പറ്റിയും മൗലാനാ സയ്യിദ് അബ്ദുല്‍ഹയ്യ് അല്‍ഹസനി(റഹ്) തന്റെ 'നുസ്ഹതുല്‍ ഖവാത്വിറി'ല്‍ വിശദമാക്കിയിട്ടുണ്ട്.

നദ്‌വികളെയും ദയൂബന്തികളെയും അഹ്‌ലുല്‍ ഹദീഥുകാരെയും സംയുക്തമായിട്ടാണ് ബറേല്‍വി 'വഹാബികള്‍' എന്ന് വിശേഷിപ്പിക്കുന്നത്. ശിര്‍ക്ക്, ഖുറാഫാത്തുകള്‍ക്കെതിരിലുള്ള ഉത്‌ബോധനവും ചിന്തകളും ഉള്‍ക്കൊള്ളുന്ന എല്ലാ സമൂഹവും ബറേല്‍വികളുടെ ഭാഷയില്‍ വഹാബികളാണ്. അറപ്പും വെറുപ്പുമുളവാക്കുന്ന നിരവധി ഫത്‌വകളും പ്രയോഗങ്ങളും ബറേല്‍വി ഇവര്‍ക്കെതിരില്‍ തൊടുത്തുവിട്ടു. ഹനഫികള്‍ക്ക് വഹാബികളുടെ കിണറ്റിലെ വെള്ളവും ഹറാമാണന്ന് ബറേല്‍വി പ്രചരിപ്പിച്ചു.

ക്വുര്‍ആനും സുന്നത്തും അനുസരിച്ചുകൊണ്ട് സംശുദ്ധമായ ജീവിതം നയിച്ച എല്ലാ സമൂഹങ്ങളെയും ബറേല്‍വികളും അനുയായികളും കടന്നാക്രമിക്കുകയും അവരെപ്പറ്റി കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്‍ ഇബ്‌നു സുഊദിന്റെ നേതൃത്വത്തില്‍ ഹിജാസില്‍ നടന്ന ശുദ്ധീകരണ നടപടികളില്‍ ഏറ്റവും അസ്വസ്ഥത പ്രകടിപ്പിച്ചത് ശിയാക്കളും ബറേല്‍വികളുമായിരുന്നു. ശിയാക്കള്‍ക്ക് മുന്നില്‍ ബറേല്‍വികള്‍ അണിനിരന്നുവെന്ന് പറയുന്നതാകും കൂടുതല്‍ ശരി. വഹാബികളായ ഹിജാസിലെ നേതാക്കള്‍ നേതൃത്വം നല്‍കുന്ന വിശുദ്ധമായ ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട ഇന്ത്യന്‍ സമൂഹത്തെ വിലക്കുന്ന നടപടികള്‍ക്കും ബറേല്‍വികള്‍ ചുക്കാന്‍ പിടിച്ചു. വഹാബികളുടെ കീഴില്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ അത് സാധുവാകുകയില്ലെന്ന് സമര്‍ഥിച്ചുകൊണ്ട് ബറേല്‍വികള്‍ കുപ്രസിദ്ധമായ ഫത്‌വ പുറപ്പെടുവിച്ചു. 'തന്‍വീറുല്‍ ഹുജ്ജ ലിമന്‍ യജൂസു ഇന്‍തിവാഅല്‍ ഹിജ്ജ' എന്ന വാറോല പുറത്തിറക്കുന്നതിന് ചുക്കാന്‍ പിടിച്ചത് ബറേല്‍വിയുടെ മകന്‍ മുസ്ത്വഫ രിദ ആയിരുന്നു. 

പ്രമുഖന്മാരായ 50 ബറേല്‍വി നേതാക്കള്‍ ഇതിനെ പിന്താങ്ങി ഒപ്പുവെച്ചു. ഹഷ്മത്ത് അലി, ബറേല്‍വിയുടെ മകന്‍ ഹാമിദ് രിദ, നഈമുദ്ദീന്‍ മുറാദാബാദി, ദില്‍ദാര്‍ അലി തുടങ്ങിയ ബറേല്‍വികള്‍ അതില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പെടുന്നു. യാതൊരുവിധ അടിസ്ഥാനങ്ങളുമില്ലാത്ത കല്ലുവെച്ച നുണകളും തെറികളുമാണ് സുഉൗദി ഭരണാധികാരികളെപ്പറ്റി ബറേല്‍വികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനെ ദുര്‍ബലമാക്കിക്കൊണ്ടുള്ള ഫത്‌വകൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് നജ്ദിലെ ചെകുത്താനില്‍ നിന്നും ഹറമൈനിയുടെ മണ്ണിനെ പവിത്രമാക്കലാണെന്നും ബറേല്‍വി തട്ടിവിടുന്നു.

ശംസുല്‍ ഉലമ ഷിബിലി ഉമാനി, സയ്യിദ് അല്‍ത്വാഫ് ഹുസൈന്‍ ഹാലി, ശൈഖ് ദഖാഉല്ലാ, നവാബ് മഹ്ദി അലി ഖാന്‍ തുടങ്ങിയ പ്രമുഖന്മാരുടെ നീണ്ട നിരതന്നെ ബറേല്‍വിയുടെ കുഫ്ര്‍ ഫത്‌വയുടെ കൂരമ്പിന് ഇരയായവരാണ്. നവാബ് മഹ്ദി അലി ഖാനെപ്പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ടുന്നത്, അറിയപ്പെടുന്ന ശിയാ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത് എന്നതാണ്. നിരന്തരമായ പഠനവും ഗവേഷണവും കാരണം ശിയാക്കളുടെ അപകടകരമായ മാര്‍ഗത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ അതിനെ ഉപേക്ഷിക്കാനും തയ്യാറായി. അഹ്‌ലുസ്സുന്നയുടെ ആദര്‍ശമാണ് സത്യമെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിന്റെ വക്താവും പ്രചാരകനുമായിത്തീര്‍ന്നു. ശിയാക്കളെ ഖണ്ഡിച്ചുകൊണ്ട് 'ആയാതുന്‍ ബയ്യിനാത്' എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം തന്നെ രചിച്ചു. അദ്ദേഹം ശിയാ, ബറേല്‍വി ആശയങ്ങള്‍ കയ്യൊഴിഞ്ഞതും പിന്നീട് അവരുടെ വിമര്‍ശകനായിത്തീര്‍ന്നതും ബറേല്‍വികളെ ശരിക്കും പ്രകോപിപ്പിച്ചു.

ഇമാമുല്‍ഹിന്ദ് മൗലാനാ അബുല്‍കലാം ആസാദിനെയും ബറേല്‍വികള്‍ വേട്ടയാടി. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് പരിചയപ്പെടാന്‍ സാധിക്കുന്ന നിലയില്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്താന്‍ അബുല്‍കലാം ആസാദ് നിര്‍ദേശം നല്‍കിയത് ബറേല്‍വികളെ പ്രകോപിതരാക്കി. തക്വിയ്യകളും സ്വൂഫി മജ്‌ലിസുകളും ഒഴിവാക്കാന്‍ കവിതയിലൂടെ ആഹ്വാനം ചെയ്ത സര്‍ അല്ലാമാ ഇഖ്ബാലിനെയും ബറേല്‍വികള്‍ വെറുതെ വിട്ടില്ല. നിരീശ്വരവാദിയും തത്ത്വശാസ്ത്രത്തിന്റെ വക്താവുമായ ഇഖ്ബാലിന്റെ നാവിലൂടെ ഇബ്‌ലീസ് സംസാരിക്കുന്നുവെന്ന് ബറേല്‍വികള്‍ പ്രചരിപ്പിച്ചു. 

ഖാദിയാനികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരില്‍ ഒരുപോലെ ശക്തമായ നിലപാട് പ്രകടിപ്പിച്ചിരുന്ന പ്രമുഖ നേതാവ് ളഫര്‍ അലിഖാനെയും ബറേല്‍വികള്‍ ഫത്‌വക്ക് ഇരയാക്കി ക്രൂശിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുകയും ബ്രിട്ടണ്‍ ഇന്ത്യവിടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തവരെയെല്ലാം ബറേല്‍വികള്‍ കടന്നാക്രമിച്ചു. ഇംഗ്ലണ്ടിനോടുള്ള കടുത്ത വിധേയത്വവും അനുസരണവുമാണ് ഇതിലൂടെ അയാള്‍ പ്രകടിപ്പിച്ചത്. 

അലീഗഢ് സര്‍വകലാശാലയുടെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹമദ്ഖാന്‍ ബ്രിട്ടീഷ് പക്ഷക്കാരനായിരുന്നു. ബ്രിട്ടന്റെ നല്ല ചിന്തകളെ ഉള്‍ക്കൊള്ളുകയും അതിനെ സമൂഹത്തിന് ഉപയോഗപ്രദമാകുന്ന നിലയില്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന വാദമായിരുന്നു സര്‍ സയ്യിദിന്റെത്. എന്നിട്ടും ബറേല്‍വികള്‍ സര്‍ സയ്യിദിനെ വെറുതെ വിട്ടില്ല. അദ്ദേഹത്തിനെതിരിലും കുഫ്‌റിന്റെ ഫത്‌വ ബറേല്‍വികള്‍ പ്രചരിപ്പിച്ചു. പാകിസ്ഥാന്‍ സ്ഥാപകനും മുസ്‌ലിം ലീഗിന്റെ അധ്യക്ഷനുമായിരുന്ന മുഹമ്മദലി ജിന്നയും ബറേല്‍വികളുടെ കടുത്ത കോപത്തിനിരയായി. അദ്ദേഹത്തെയും ബറേല്‍വിള്‍ കാഫിറും മുര്‍തദ്ദുമാക്കി പുറംതള്ളി. ജിന്നയെ വാഴ്ത്തിപ്പറയുന്നവന്റെ നിക്കാഹ് ഫസ്ഖാകുമെന്നും ബറേല്‍വികള്‍ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മക്ക ഹറമിലെ ഇമാം പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ പാകിസ്ഥാന്‍ നേതാവ് സിയാഉല്‍ ഹക്ക്, പഞ്ചാബ് പ്രവിശ്യ അമീര്‍ സുവാന്‍ ഖാന്‍, പാകിസ്ഥാനിലെ നിരവധി മന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ ഇമാമിനെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു. ഇതും ഒരുവലിയ പാതകമായിട്ടാണ് ബറേല്‍വികള്‍ പ്രചരിപ്പിച്ചത്. ഇവരെയെല്ലാം കൂട്ടത്തോടെ കാഫിറും മുര്‍ത്തദ്ദുമാക്കി ബറേല്‍വികള്‍ സ്വയം അപഹാസ്യരായി. തുര്‍ക്കിയിലെ ഖലീഫയോടുള്ള അനുകമ്പ കാരണമായി ആരെങ്കിലും 'തുര്‍ക്കിത്തൊപ്പി' ധരിച്ചാല്‍ അവരും ഇസ്‌ലാമിന്ന് പുറത്തായിയെന്ന് ബറേല്‍വി പ്രചരിപ്പിച്ചു. ചുരുക്കത്തില്‍ കാഫിറിലും മുര്‍തദ്ദിലും കുറഞ്ഞതൊന്നും ബറേല്‍വിയുടെ ഖജനാവില്‍ ലഭ്യമായിരുന്നില്ല. 

മക്കയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ ശാഫിഈ മുഫ്തി അഹ്മദ് സൈനീ ദഹ്‌ലാനില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവുകളാണ് ബറേല്‍വി ഇന്ത്യയില്‍ വാരിവിതറിയത്. തെന്നിന്ത്യന്‍ മുഫ്തിയായി അറിയപ്പെട്ട അഹ്മദ് കോയ ശാലിയാത്തി അഹ്മദ് രിളാഖാന്റെ ശിഷ്യനും മുരീദുമായിരുന്നു. കേരളത്തിലെ സുന്നികളെന്നറിയപ്പെടുന്നവര്‍ ബറേല്‍വികളുമായുള്ള ബാന്ധവം ശക്തമാക്കിയതോടെ അവര്‍ക്കിടയില്‍ ശക്തമായ ആദര്‍ശ വ്യതിയാനവും അന്ധവിശ്വാസങ്ങളും കടന്നുകയറി. ശാഫിഈ മദ്ഹബിന്റെ മേല്‍ക്കുപ്പായമായിരുന്നു ശാലിയാത്തി ധരിച്ചതെങ്കിലും അതിനകത്ത് ഒളിപ്പിച്ചത് മുഴുവനും ശിയാ-ബറേല്‍വി ആശയങ്ങളായിരുന്നു. ഒരുകാലത്ത് പേരിലെങ്കിലും അഹ്‌ലുസ്സുന്നയുടെ പ്രചാരകരായി അറിയപ്പെട്ട കേരളീയ പണ്ഡിതന്മാരെ ക്രമേണ ബറേല്‍വിസത്തിന്റെ മേല്‍ക്കുപ്പായമണിഞ്ഞ ശിയാ തത്ത്വശാസ്ത്രം പിടികൂടി അടിമകളാക്കിയെന്ന് പറയുന്നതാകും ശരിയായ വീക്ഷണം.

മുസ്‌ലിം ലോകത്തിനെയും അവരുടെ സമാദരണീയരായ നേതാക്കളെയും ബറേല്‍വികള്‍ വീക്ഷിച്ചിരുന്ന രീതികളെ വിശദമാക്കിക്കൊണ്ട് അറബി ഉള്‍പെടെയുള്ള നിരവധി ഭാഷകളില്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അറബികളും അനറബികളും ബറേല്‍വികളുടെ തനിനിറം ഏകദേശം മനസ്സിലാക്കിയിട്ടുണ്ട്. ബറേല്‍വികളെപ്പറ്റി പ്രമുഖ പാകിസ്ഥാന്‍ പണ്ഡിതന്‍ ശഹീദ് ഇഹ്‌സാന്‍ ഇലാഹി രചിച്ച മൂല്യവത്തായ രചന ഒട്ടനവധി ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

അതിനാല്‍ അടുത്തകാലം വരെയും ദുരൂഹമായി തുടര്‍ന്നിരുന്ന ബറേല്‍വികളുടെ തനിനിറം ഇന്ന് അറബികളും ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ 'ബറേല്‍വികള്‍' എന്ന നാമംതന്നെ ഇവര്‍ക്ക് ഒരു ഭാരമായി അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ മതവാണിഭ നേതാവ് വടക്കേ ഇന്ത്യയിലെ ബറേല്‍വികളുമായി അടുത്തബന്ധം സ്ഥാപിച്ചത് പുതിയമാറ്റത്തിന് കാരണമായിട്ടുണ്ട്. ബറേല്‍വികളെന്ന പ്രയോഗം പരിഷ്‌ക്കരിച്ച് 'ബറകാത്ത് രിദാ' എന്ന പേരിലാണ് ഇന്ന് ഇവര്‍ കൂടുതലായി അറിയപ്പെടുന്നത്. കാലോചിതമായ ഒരു പരിഷ്‌ക്കരണമായി അവസരവാദത്തെ മനസ്സിലാക്കാം.