അധികാരികളുടെ മുമ്പില്‍ നിര്‍ഭയം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ഏപ്രില്‍ 06 1440 റജബ് 29

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും: 12

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 6)

1915 മാര്‍ച്ച് 19ന് പുറത്തിറങ്ങിയ 'മലബാര്‍ ഇസ്‌ലാം' പത്രം ഹമദാനി തങ്ങളുടെ ഒരു പ്രജാസഭാപ്രസംഗം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്:

''ശ്രീമൂലം പ്രജാസഭയുടെ പതിനൊന്നാം വാര്‍ഷിക യോഗത്തിലും മുസ്‌ലിം വിദ്യാഭ്യാസ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ എനിക്ക് സൗകര്യം നല്‍കിയതിന് പൊന്നുതമ്പുരാന്‍ തിരുമനസ്സിലെ നേര്‍ക്കും അവിടുത്തെ ഗവണ്‍മെന്റിന്റെ പേരിലും എനിക്കുള്ള ഈ അതിയായ കൃതജ്ഞതയെ പ്രസ്താവിച്ചുകൊണ്ട് പ്രകൃതത്തിലേക്ക്(13) പ്രവേശിച്ചുകൊള്ളുന്നു. ഇതിന് മുമ്പ് ഇതേ വിഷയത്തെക്കുറിച്ച് നാല് പ്രാവശ്യം പല കാര്യങ്ങളെ ചൂണ്ടിക്കാണിച്ച് ഞാന്‍ പ്രതിപാദിച്ചിട്ടുള്ളതും ഇത് അഞ്ചാമത്തെ പ്രാവശ്യമാണെന്നുള്ളതും ഒന്നാമതായി പറഞ്ഞുകൊള്ളട്ടെ.

വിദ്യാഭ്യാസ വിഷയത്തില്‍ മുസ്‌ലിം സമുദായം നാള്‍ക്കുനാള്‍ അധോഗതി പ്രാപിച്ചുവരികയാണെന്നും അതിനുള്ള കാരണങ്ങള്‍ ഇന്നിന്നവയാണെന്നും യുക്തിയുക്തമായി പലപ്രാവശ്യം ഗവണ്‍മെന്റിനെ അറിയിച്ചതിന്റെ ഫലമായി  കുറച്ചുകാലം മുമ്പ് ഈ വിഷയത്തെ സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ആ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ട് ഗവണ്‍മെന്റ് പ്രൊസീഡിംഗ്‌സും പുറപ്പെടാനിടയായി. എന്നാല്‍ എന്റെയും എന്റെ സഹോദരന്മാരായ മറ്റു സാമാജികന്മാരുടെയും(14) പ്രയത്‌നഫലവും സംസ്ഥാനത്തിലെ മുസ്‌ലിം പ്രജകളുടെ ഭാഗ്യവും ഇത്രമേല്‍ വിപരീതമായിത്തീര്‍ന്നതില്‍ ഞങ്ങള്‍ക്ക് അത്യധികമായ വ്യസനമുണ്ട്.

1914 ഒക്ടോബര്‍ 10ന് ഡയരക്ടര്‍ അവര്‍കള്‍ ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ സാരം മുഹമ്മദീയ വിദ്യാഭ്യാസ വിഷയത്തില്‍ ഇത്രയൊക്കെ സഹായം ഗവണ്‍മെന്റില്‍ നിന്ന് ചെയ്തുകൊടുത്തിട്ടും അതിനെ വേണ്ടപോലെ അനുഭവിക്കാന്‍ അവര്‍ വിമുഖന്മാരായി കാണുന്നതിനാല്‍ ഇനി കൂടുതല്‍ സഹായം ചെയ്തിട്ടാവശ്യമില്ലെന്നാവുന്നു. എന്നാല്‍ ഡയരക്ടര്‍ അവര്‍കള്‍ ഇത്രയൊക്കെ സഹായം എന്നുള്ള ഘനവാക്ക്(15) ഉപയോഗിച്ചതിന്റെ സാരം എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. ചില കുട്ടികള്‍ പഠിക്കുന്ന കെട്ടിടങ്ങള്‍ക്ക് 'മുഹമ്മദന്‍ സ്‌കൂള്‍' എന്ന് പേരു മാത്രം പറയുന്നതുകൊണ്ട് കൂടുതല്‍ സഹായം ആവുമോ എന്ന് അല്‍പം ആലോചിക്കേണ്ടതായിട്ടാണിരിക്കുന്നത്. അല്ലെങ്കില്‍ ഇവയെ മുഹമ്മദന്‍ സ്‌കൂളുകള്‍ എന്ന് നാമകരണം ചെയ്യുന്നതിന്റെ ഔചിത്യമെന്താണെന്ന് ഡയരക്ടര്‍ തന്നെ സമാധാനം പറയട്ടെ.

 പ്രസ്തുത റിപ്പോര്‍ട്ട് ഡയറക്ടര്‍ സാഹിബ് അവര്‍കളുടെ ദീര്‍ഘ ആലോചനയോടെ കൂടി ഉണ്ടായിട്ടുള്ളതാണ് എന്നുള്ള സംശയം കൂടി എനിക്കുണ്ട്. കാരണം അദ്ദേഹത്തിന്റെ മുഖദര്‍ശനം കൊണ്ട്(16) ഇങ്ങനെയുള്ള ഒരു റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പേനക്ക് വിഷയമാവുന്ന ഒരു ലക്ഷണം ഇല്ലാതിരുന്നതു തന്നെയാണ്.

മേല്‍പറഞ്ഞ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് 1914 നവംബര്‍ 19ന് പ്രൊസീഡിംഗ്‌സ് പാസായിരുന്നുവെങ്കിലും അടുത്ത കാലത്ത് തന്നെ ഒരു മുസ്‌ലിം കോണ്‍ഫറന്‍സ് ഇതേ കാര്യത്തെപ്പറ്റി ഗവണ്‍മെന്റ് വിളിച്ചുകൂട്ടുന്നതാണെന്നും പിന്നീട് വേണ്ടത് പ്രവര്‍ത്തിക്കുന്നതാണന്നും പറഞ്ഞിരുന്നതില്‍ ഞങ്ങള്‍ക്ക് വളരെ ആശ്വാസം ഉണ്ടായിരുന്നു. വിദ്യാഭ്യാസ വിഷയത്തില്‍ മുസ്‌ലിംകളുടെ താല്‍ക്കാലികാവസ്ഥ നോക്കുന്നതായാല്‍ ആ ദയനീയാവസ്ഥയെ പരിഹരിക്കുവാനായി ഗവണ്‍മെന്റ് സഹായം ഒന്നുമാത്രം കൊണ്ടല്ലാതെ മറ്റു യാതൊന്നു കൊണ്ടും സാധിക്കുന്നതല്ല.

ഇല്‍മു ഫര്‍ദില്‍ ഐന്‍ (മുസ്‌ലിം മത നിര്‍ബന്ധ വിദ്യാഭ്യാസം) 7 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കാലത്തിനിടയില്‍ തങ്ങളുടെ സന്താനങ്ങളെ അഭ്യസിപ്പിക്കാന്‍ മാതാപിതാക്കന്മാര്‍ നിര്‍ബന്ധിതരാണ്. 

15 വയസ്സ് കഴിഞ്ഞാല്‍ ഓരോരുത്തരും സ്വന്തമായിത്തന്നെ മേല്‍പ്രകാരം വേദജ്ഞാനം സമ്പാദിക്കാതെയിരുന്നാല്‍ മതവിധിപ്രകാരം ജാതിഭ്രഷ്ടനായിത്തീരുന്നതാണെന്നുമുള്ള ന്യായമായ സംഗതിയെ വിശ്വസിക്കാത്തവരായി ആരുംതന്നെ ഉണ്ടാവാന്‍ ന്യായമില്ല.

ലോകനീതിയും സദാചാരങ്ങളും വിവരിച്ചു പഠിപ്പിക്കലാണ് ഇസ്‌ലാം മത വിദ്യാഭ്യാസമെന്നും ആ സ്ഥിതിക്ക് ഇസ്‌ലാം വേദജ്ഞാനം പഠിക്കുന്നതിനാല്‍ ഇഹപരസംബന്ധമായ സര്‍വ പാഠങ്ങളും ലഭിക്കുമെന്നുള്ളത് നിര്‍മല്‍സരബുദ്ധികളും പണ്ഡിതന്മാരും അന്യമതസ്ഥരും ആയ തോമസ് കാര്‍ലൈല്‍,(17) സര്‍ വില്യം മൂര്‍,(18) മിസ്റ്റര്‍ ജി.സെയില്‍,(19) വാഷിംഗ്ടണ്‍ ഇര്‍വിങ്,(20) ഡവന്‍പോട്ട്,(21) എഡ്മണ്ട് ബര്‍ക്ക്,(22) ബോസ്‌വര്‍ത്ത് സ്മിത്ത,്(23) ഡീന്‍ സ്റ്റാന്‍ലി,(24) ഡേവിഡ് ഉര്‍ക്കുഹാര്‍ട്ട്,(25) മുതലായ മഹാന്മാര്‍ സംരക്ഷിച്ചിട്ടുള്ളതും അവരുടെയെല്ലാം സംരക്ഷിപ്പുകളെ(26) കാണിക്കാന്‍ ഞാന്‍ തയ്യാറുള്ളതുമാണ്.

ഇതിനു പുറമെ, മുഹമ്മദീയ മതപഠനം കൊണ്ടു ലഭിക്കുന്ന ഫലങ്ങള്‍ക്ക് ദൃഷ്ടാന്തമായി, ഈയിടെ ലണ്ടന്‍ കാക്കസിന്‍ ഹാള്‍ കൗണ്‍സില്‍ ചേംബറില്‍ വെച്ച് കൂടിയ ആംഗ്ലോ ഒട്ടോമന്‍ സൊസൈറ്റികളുടെ സഭയില്‍ മാസ്റ്റര്‍ അറുലോഫ് സ്മിത്ത് എഫ്.സി.എസ് എന്ന മഹാന്‍ പ്രസംഗിച്ചതാണിത്:

 'പ്രകൃതിശാസ്ത്രത്തിലുള്ള വാസന, ഗണിതശാസ്ത്ര പഠനം, വൈദ്യസാംഗ്രിക അന്വേഷണം, വായനശാല, പാഠശാല എന്നിവയുടെ സ്ഥാപനം മുഹമ്മദീയ ചൈതന്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ നമുക്ക് സാധിക്കില്ലായിരുന്നു. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ചു വിജയികളായത് യൂറോപ്പില്‍ ജ്ഞാനോദയത്തിനു കാരണമായി. ഉദാരശീലന്മാരായ മുഹമ്മദീയരാല്‍ ആദേശിക്കപ്പെട്ട ആ ജ്ഞാനോദയം സ്വതന്ത്രാന്വേഷണോത്സാഹത്തോടുകൂടി സംഭവിച്ചത് പ്രാചീന മുസ്‌ലിം വിദ്വാന്മാര്‍ ഒരുക്കിവെച്ച ജ്ഞാനദര്‍പ്പണം മുഖേനയാണ്.'

എന്നാല്‍ ലൗകികമായ കാലോചിത വിദ്യാഭ്യാസവും മുസ്‌ലിംകള്‍ക്ക് ഒഴിച്ചുകൂടാത്തതായിത്തീരുന്ന കാരണം, മുസ്‌ലിംകള്‍ അവരുടെ സ്വജാതീയരല്ലാത്ത സഹജീവികളോടും ഗവണ്‍മെന്റിനോടും ഇടപെടാതെ നിവൃത്തിയില്ലാതെ വന്നിരിക്കുന്നത് തന്നെയാണ്.

ഇസ്‌ലാംമത നിര്‍ബന്ധ ജ്ഞാനം സമ്പാദിച്ചുകഴിയുമ്പോഴേക്കും പാഠശാലകളില്‍ ചേര്‍ന്ന് ഗവണ്‍മെന്റ് നിശ്ചയപ്രകാരം വിദ്യാഭ്യാസം ചെയ്യാനുള്ള ഈ പ്രായം കുട്ടികള്‍ക്ക് തെറ്റിപ്പോകുന്നു. തദ്ഫലമായി മുസ്‌ലിം സമുദായം കാലാനുസൃതമായ വിദ്യാഭ്യാസ വിഷയത്തില്‍ പിന്നണിയില്‍ കിടന്നുഴലുന്നു. ഇതിലേക്ക് വേണ്ടുന്ന പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാകുന്നതുവരെ അറബിഭാഷയല്ലാത്ത മറ്റു ഭാഷകള്‍ അഭ്യസിക്കുന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ വിമുഖന്മാരായിത്തന്നെയിരിക്കും. അതുകൊണ്ട് ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ അഭ്യസിക്കുന്നതോടുകൂടിത്തന്നെ മതനിര്‍ബന്ധ ഭാഷയായ അറബിയെയും അഭ്യസിക്കാന്‍ തക്ക ഏര്‍പ്പാടുകള്‍ ഗവണ്‍മെന്റില്‍ നിന്ന് അവര്‍ക്ക് ചെയ്തുകൊടുക്കേണ്ടതാണ്.

ഇതല്ലാതെ മറ്റു യാതൊരു മാര്‍ഗവും മുസ്‌ലിം വിദ്യാഭ്യാസ വര്‍ധനക്കുണ്ടെന്ന് തോന്നുന്നില്ല. ഇതുകൊണ്ടാണ് അതിലേക്കു വേണ്ടുന്നതായ നിവൃത്തിമാര്‍ഗങ്ങളെ അടുത്ത 4 കൊല്ലങ്ങളായി പ്രജാസഭയിലും കഴിഞ്ഞ മുസ്‌ലിം കോണ്‍ഫറന്‍സിലും ഞങ്ങള്‍ ഗവണ്‍മെന്റിനെ ഉണര്‍ത്തിയിരുന്നത്. ആയതുകൊണ്ട് കഴിഞ്ഞ മുസ്‌ലിം കോണ്‍ഫറന്‍സില്‍ ഞങ്ങള്‍ ഡയരക്ടര്‍ സായിപ്പ് അവര്‍കളുടെ അടുക്കല്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും സാധിപ്പിച്ചു തരുന്നതിന് പുറമെ കൂടുതല്‍ സഹായങ്ങളും അപേക്ഷിച്ചുകൊണ്ട് തല്‍ക്കാലം വിരമിക്കുന്നു.

എന്ന്, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍.''(27)

ആധാര സൂചിക:

(13) സംസാരിക്കാന്‍ നിയുക്തനായ പ്രത്യേക വിഷയം.

(14) കെ.മൈദീന്‍ പിള്ള, ജി. എസ് ഉദുമല്‍ സാഹിബ,് ത്വാഹാ സാഹിബ് ബഹാദൂര്‍, കൊച്ചുകുഞ്ഞ്, ഇബ്‌റാഹീം സാഹിബ്, ജൂസാ സേട്ട്, കുഞ്ഞു ക്വാദിര്‍പിള്ള സാഹിബ് ബഹാദൂര്‍, കൊച്ചു ഹസന്‍ കുഞ്ഞ് സാഹിബ് ബഹാദൂര്‍, ഇബ്‌റാഹീം പിള്ള സൈദ് മുഹമ്മദ്, ഹാജി ഇസ്മാഈല്‍ ഹാജി ഹസന്‍ എന്നിവരാണ് ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളോടൊപ്പം 1911-15 കാലഘട്ടത്തില്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളായിട്ടുണ്ടായിരുന്നത്.

 (15) അനുകമ്പയില്ലാത്ത പ്രയോഗം.

 (16) അദ്ദേഹത്തിന്റെ ഉന്നതമായ സ്വഭാവ സവിശേഷതകള്‍ക്ക് നിരക്കാത്തതാണിത്.

 (17) സ്‌കോട്ടിഷ് ചരിത്രകാരനും സാമൂഹ്യവിമര്‍ശകനും വിക്ടോറിയന്‍ കാലഘട്ടത്തിന്റെ ആദ്യപാദത്തിലെ ഏറ്റവും പ്രമുഖനായ ദാര്‍ശനിക സന്മാര്‍ഗവാദിയായിരുന്നു തോമസ് കാര്‍ലൈല്‍ (17951881). ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്‍മാരെപ്പറ്റി ഇദ്ദേഹം നടത്തിയ പഠനത്തില്‍ മുഹമ്മദ് നബിലക്ക് നല്‍കിയ ഉന്നതസ്ഥാനമാണു പാശ്ചാത്യലോകത്ത് നബിപഠനങ്ങളില്‍ ദിശാമാറ്റം സൃഷ്ടിച്ചത്. 1841ല്‍ പ്രസിദ്ധപ്പെടുത്തിയ 'ഓണ്‍ഹീറോസ്, ഹീറോ വര്‍ഷിപ്പ് ആന്റ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിലയെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നത്. എല്ലാ അര്‍ഥത്തിലും മരുഭൂമിയുടെ പുത്രന്‍ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാര്‍ലൈലിന്റെ വീക്ഷണത്തിലെ നബില.

 (18) സര്‍ വില്യം മൂര്‍ (27 ഏപ്രില്‍ 1819-11 ജൂലൈ 1905). സ്‌കോട്ടിഷ് ഓറിയന്റലിസ്റ്റും കൊളോണിയല്‍ അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. അദേഹം സ്ഥാപിച്ച അലഹബാദിലെ മൂര്‍ സെന്‍ട്രല്‍ കോളേജ്  പിന്നീട് അലഹബാദ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി. 1884ല്‍ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി പ്രസിഡന്റ് ആയി മൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1885ല്‍ സര്‍ അലക്‌സാണ്ടര്‍ ഗ്രാന്റിന്റെ പിന്‍ഗാമിയായി എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ പ്രിന്‍സിപ്പലായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1878ല്‍ പ്രസിദ്ധീകരിച്ച 'ഘശളല ീള ങൗവമാാമറ' എന്ന ഗ്രന്ഥത്തില്‍ വായിക്കുന്നവരെ അത്ഭുതപ്പെടുത്തും വിധം മനോഹരമായ ശൈലിയിലാണ് തിരുജീവിതം അവതരിപ്പിച്ചിട്ടുളളത്.

ഇസ്‌ലാം സംബന്ധമായ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില ഉദ്ധരണികള്‍ വായിക്കാം:

''ലോകത്തിന് മുമ്പൊരിക്കലും പരിചയമില്ലാത്ത തരത്തിലുള്ള ഒരു മത സഹിഷ്ണുതയാണ് അദ്ദേഹം പ്രചരിപ്പിച്ചത്. മനുഷ്യമതത്തില്‍ സഹിഷ്ണുത ആവശ്യമാണെങ്കില്‍ ആദര്‍ശ പ്രവാചകനെന്ന പദവിക്കുള്ള മുഹമ്മദിന്റെ അവകാശത്തിന് ഇത് ശക്തമായ ഒരു നീതീകരണമാണ്.''

''മുഹമ്മദിന് ദാനം ചെയ്യപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്ത അതേ മൂലപാഠം തന്നെ നമുക്ക് കൈവരുമാറ്  ആന്തരവും ബാഹ്യവുമായ എല്ലാ സുരക്ഷിതത്വവും അതിനുണ്ട്. ലോകത്തിലെ മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സവിശേഷത ഇസ്‌ലാമിന് എന്തുകൊണ്ട് അവകാശപ്പെട്ടുകൂടാ? ഇതര മതങ്ങളൊക്കെ ഗ്രന്ഥങ്ങളുടെ താളുകളില്‍ അടഞ്ഞു കിടക്കുമ്പോള്‍ മുസ്‌ലിംകള്‍ അവരുടെ കുര്‍ആനിനെ സ്വന്തം ഹൃദയങ്ങളില്‍  കാത്തുസൂക്ഷിക്കുന്നു.''

''ക്വുര്‍ആന്‍ ഒഴികെ മറ്റൊരു ഗ്രന്ഥവും പിന്നിട്ട 12നൂറ്റാണ്ടിനിടയില്‍ ഇത്ര സുരക്ഷിതമായി നിലനിന്നിട്ടില്ല.''  

''ക്വുര്‍ആന്‍ യാതൊരു സംശയത്തിനും ഇട നല്‍കാത്ത മഹത്തായ ഒരു ഗ്രന്ഥമാണ്. അതിലെ സത്യബോധവും ഉദാരമായ വിശ്വാസവും ക്വുര്‍ആനിന്റെ മഹത്ത്വം എനിക്ക് വെളിപ്പെടുത്തിത്തരുന്നു. അതെ, ഒരു ഗ്രന്ഥത്തിന്റെ ആദ്യന്തം കണ്ടെത്താവുന്ന മാഹാത്മ്യം. വിവിധങ്ങളായ മേന്മകള്‍  അതില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. എന്നല്ല, അന്ത്യമായി പറയാനുള്ള ഒരു ഗ്രന്ഥവും ആണിത്.''

എന്നാല്‍ ചരിത്രാഖ്യാനത്തിടെ ചില സ്ഖലിതങ്ങളും അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്. മുഹമ്മദ് നബി അപസ്മാര രോഗിയാണെന്ന നികൃഷ്ടമായ ആക്ഷേപം അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഹൃദയം പിളര്‍ന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നിഗമനത്തില്‍ മൂര്‍ എത്തിയിട്ടുള്ളത്. യവന െ്രെകസ്തവരുടെ അയുക്തിപരമായ അനുമാനം, അറബിക് പരാമര്‍ശത്തെ തെറ്റായി മൊഴിമാറ്റല്‍ തുടങ്ങിയവയാണ് അപസ്മാര കഥക്ക് നിദാനമായിട്ടുള്ളത്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ മൂറിനെ ഈ വിഷയത്തില്‍ ഖണ്ഡിച്ചിട്ടുണ്ട്.

 (19) ജോര്‍ജ് സെയ്ല്‍ (1697ല്‍ കെന്റര്‍ബറിയില്‍ ജനനം, 1736ല്‍ ലണ്ടനില്‍ മരണം). ഓറിയന്റലിസ്റ്റ്  എഴുത്തുകാരന്‍. പത്ത് വാല്യങ്ങളിലായി ജനറല്‍ നിഘണ്ടുവിന്റെ രചയിതാവായിരുന്നു അദ്ദേഹം. ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന വോള്‍ട്ടയര്‍ (21 നവംബര്‍, 1694-മേയ് 30, 1778) എഴുതിയ ദാര്‍ശനിക നിഘണ്ടുവിലെ ഹാറൂത്ത്, മാറൂത്ത് (വിശുദ്ധ ക്വുര്‍ആനിലെ രണ്ടാമധ്യായം നൂറ്റിയൊന്നാം വചനം) എന്നീ വാക്കുകളുണര്‍ത്തിയ ജിജ്ഞാസയുടെ ഫലമായി ഇസ്‌ലാം, അറബിഭാഷ, അറബി സംസ്‌കാരം  എന്നിവ നേരിട്ട് പഠിക്കാന്‍ 25 വര്‍ഷം അറേബ്യയില്‍ ചെലവഴിച്ചു.1734ല്‍ ഇംഗ്ലീഷില്‍ ക്വുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. 

(20) വാഷിങ്ടണ്‍ ഇര്‍വിംഗ് (ഏപ്രില്‍ 3, 1783-നവംബര്‍ 28,1859) അമേരിക്കന്‍ കഥാകൃത്ത്, എഴുത്തുകാരന്‍, ജീവചരിത്രകാരന്‍, ചരിത്രകാരന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ നയതന്ത്രജ്ഞന്‍ ആയിരുന്നു. മുഹമ്മദും അനുയായികളും, 15ാം നൂറ്റാണ്ടിലെ സ്‌പെയിനിലെ ചരിത്രം എന്നീ കൃതികള്‍ ശ്രദ്ധേയമാണ്.

(21) ബ്രിട്ടനിലെ പ്രശസ്ത എഴുത്തുകാരനായ ജോണ്‍ ഡാവന്‍പോര്‍ട്ടോ എഴുതിയ 'ആന്‍ അപ്പോളജിക്കല്‍ ഫോര്‍ മൊഹമ്മദ് ആന്‍ഡ് ക്വുര്‍ആന്‍' എന്ന പ്രസിദ്ധമായ  പുസ്തകം അറിയപ്പെടുന്ന പരിഭാഷകനായിരുന്ന ഘോളമാര്‍സാ സയീദിയാണ് വിവര്‍ത്തനം ചെയ്തത്.

 (22) എഡ്മണ്ട് ബര്‍ക് (ജനനം: 1729, മരണം: 9 ജൂലൈ 1797) ഡബ്ലിനില്‍ ജനിച്ച ഒരു ഐറിഷ് രാജ്യസഭാംഗം, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍. സമൂഹത്തിന്റെ ധാര്‍മിക സ്ഥിരതയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കുമുള്ള മതസ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

(23) ബെഞ്ചമിന്‍ ബോസ്‌വര്‍ത്ത് സ്മിത്ത് (13 ജൂണ്‍ 1794-1884) ഒരു അമേരിക്കന്‍ പ്രോട്ടസ്റ്റന്റ് എപ്പിസ്‌കോപ്പല്‍ മെത്രാന്‍ ആയിരുന്നു. 'മുഹമ്മദും മുഹമ്മദീയ മതവും' എന്ന ഗ്രന്ഥം അദ്ദേഹം 1874ല്‍ പ്രസിദ്ധീകരിച്ചു.

 (24) ആര്‍തര്‍ പെന്‍ഹീന്‍ സ്റ്റാന്‍ലി (1815 ഡിസംബര്‍ 13 -18 ജൂലൈ 1881) ഫ്രാന്‍സില്‍ വെസ്റ്റ് മിനിസ്റ്റര്‍ ചര്‍ച്ച് ഡീന്‍ ആയ ശേഷം ഡീന്‍ സ്റ്റാന്‍ലിയായി. അറിയപ്പെട്ട ഇംഗ്ലീഷ് പണ്ഡിതനായിരുന്നു. തോമസ് ആര്‍നോള്‍ഡിന്റെ കീഴില്‍ റഗ്ബി സ്‌കൂളില്‍ വിദ്യാഭ്യാസം നേടി. 1834ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ബലേ്യാളി കോളേജിലേക്ക് പോയി. ഓക്‌സ്‌ഫോര്‍ഡില്‍ തന്നെ അധ്യാപകനായ അദ്ദേഹം പള്ളിയുടെയും പള്ളിക്കൂടങ്ങളുടെയും പരിഷ്‌കരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. 'ഡോ.ആര്‍നോള്‍ഡിന്റെ കഥ,' 'സിറിയ,ഫലസ്തീന്‍ ചരിത്രം തുടങ്ങി' നിരവധി ഗഹനമായ ചരിത്രകൃതികളുടെ കര്‍ത്താവ്.

 (25) ഡേവിഡ് ഉര്‍ക്കുഹാര്‍ട്ട് (1 ജൂലൈ 1805-16 മേയ് 1877). സ്‌കോട്ടിഷ് നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, രാഷ്ട്രീയക്കാരന്‍. 1847 മുതല്‍ 1852 വരെ പാര്‍ലമെന്റ് അംഗമായിരുന്നു.

(26) ഉദ്ധരണികള്‍.

(27) മലബാര്‍ ഇസ്‌ലാം പത്രം. 1915 മാര്‍ച്ച് 19ലെ ഈ വാര്‍ത്ത തേജസ് ദ്വൈവാരിക(2013 മെയ് 1-15) യില്‍ അബ്ദുറഹ്മാന്‍ മങ്ങാട് എഴുതിയ 'ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍' എന്ന ലേഖനത്തില്‍ നിന്ന് (പേജ് 32-33) എടുത്തത്.