അറബി ഭാഷയും അല്‍ബുശ്‌റ മാസികയും

അലീഫ് ഷാന്‍ സി.എം പറവണ്ണ

2019 ജൂണ്‍ 08 1440 ശവ്വാൽ 05

1963 ജനുവരി 25നാണ് ആദ്യ ലക്കം 'അല്‍ബുശ്‌റ' മാസിക അരീക്കോട് നിന്നും പുറത്തിറങ്ങിയത്. കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട് അല്‍ഇര്‍ശാദ് പ്രസ്സിലായിരുന്നു അച്ചടി. മാസികയുടെ പ്രസാധകനും പ്രധാന പത്രാധിപരുമായ കെ.പി.മുഹമ്മദ് മൗലവി അന്ന് സുല്ലമുസ്സലാം അറബിക്കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

മദീനതുല്‍ ഉലൂം അറബിക്കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സ്വദേശമായ വളവന്നൂരില്‍ അധ്യാപകനായും, അദ്ദേഹം തന്നെ സ്ഥാപിച്ച അന്‍സ്വാറുല്ലാ സംഘത്തിന്റെ ഭാഗമായി നാട്ടില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുമായും മുന്നോട്ടു പോവുമ്പോഴാണ് എന്‍.വി.അബ്ദുസ്സലാം മൗലവിയുടെ നിര്‍ബന്ധപൂര്‍വമായ ക്ഷണം സ്വീകരിച്ച് കെ.പി.മുഹമ്മദ് മൗലവി സുല്ലമുസ്സലാമില്‍ അധ്യാപകനാകുന്നത്. വന്ദ്യഗുരുനാഥനായിരുന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ സഹപ്രവര്‍ത്തകനാകുന്നതിലുള്ള സന്തോഷവുമുണ്ടായിരുന്നു അദ്ദേഹത്തിന്.

സ്വദേശത്ത് നിന്ന് പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് പാരമ്പര്യ രീതിയിലുള്ള ദര്‍സ് വിദ്യാഭ്യാസവും നേടിയ ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് തുടങ്ങി വെച്ച ആധുനിക രീതിയിലുള്ള ദര്‍സില്‍ പഠനം തുടരുകയും ചെയ്തു. അദ്ദേഹം അവിടെ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് വാഴക്കാട് ദാറുല്‍ ഉലൂം; ചാലിലകത്തിന്റെ പുത്രന്‍ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയെ പ്രിന്‍സിപ്പാള്‍ സ്ഥാനമേല്‍പിച്ചു കൊണ്ട് 1943ല്‍ അറബിക്കോളേജായി ഉയരുന്നത്.

ശൈഖ് മുഹമ്മദ് മൗലവി, എം.സി.സി.ഹസന്‍ മൗലവി, എം.ടി.അബ്ദുറഹ്മാന്‍ മൗലവി, അബുസ്സ്വലാഹ് മുഹമ്മദ് മൗലവി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ അന്ന് അവിടെ അധ്യാപകരായി ഉണ്ടായിരുന്നു. 1946ല്‍ ചില കാരണങ്ങളാല്‍ ദാറുല്‍ഉലൂം അറബിക്കോളേജ് അടച്ചുപൂട്ടിയപ്പോള്‍ തൊട്ടടുത്ത വര്‍ഷം തന്നെ എം.സി.സി. അബ്ദുറഹ്മാന്‍ മൗലവി ആരംഭിച്ച മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1949ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കി.

1964ല്‍ സുല്ലമുസ്സലാമിന്റെ പ്രിന്‍സിപ്പള്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന കെ.പി.മുഹമ്മദ് മൗലവി 1982 മെയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെ നീണ്ട പതിനെട്ട് വര്‍ഷം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അറബി ഭാഷയോട് അതീവ സ്‌നേഹം വെച്ച് പുലര്‍ത്തിയ അദ്ദേഹം ആ ഭാഷയെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തി. തന്റെ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതിയിരുന്നതും ഡയറിക്കുറിപ്പുകള്‍ തയ്യറാക്കിയിരുന്നതും അറബിയില്‍ തന്നെയായിരുന്നു.

അറബ് നാടുകളുമായി ഇന്നത്തെപ്പോലെ ബന്ധപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത എഴുപതുകളില്‍ സ്ഫുടമായ അറബിയില്‍ ഗള്‍ഫ് പണ്ഡിതന്മാരുമായി കെ.പി.മുഹമ്മദ് മൗലവി സംവദിച്ചു. 'സാഹിത്യ ഭാഷയില്‍ സംസാരിക്കുന്ന യുവാവ്' എന്ന ശീര്‍ഷകത്തോടെ ഒരിക്കല്‍ ഒരു അറബി പത്രത്തില്‍ അദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ച് വരികയുണ്ടായി. ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ വിദേശത്ത് പോയ അദ്ദേഹം മുതിര്‍ന്ന ചില അറബി ശൈഖുമാരുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുദ്ധമായ അറബി സാഹിത്യ ഭാഷ അവരില്‍ അത്ഭുതം സൃഷ്ടിച്ചതിന്റെ ഫലമായിരുന്നു അത്.

'അല്‍ബുശ്‌റ' മാസികയുടെ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ സമകാലിക വിഷയങ്ങള്‍ സംസാരിക്കുന്ന പത്രാധിപക്കുറിപ്പുകള്‍ ശ്രദ്ധേയമാണ്. ഇസ്‌ലാമിക ദൈവശാസ്ത്രത്തെയും തത്ത്വസംഹിതകളെയും കുറിക്കുന്ന ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന് കേരളത്തിലെ സലഫീ സംഘടനകളുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന 'അല്‍ ഹര്‍കതുസ്സലഫിയ്യ ബി കേരളാ' എന്ന ഒരു അറബി ലഘു കൃതിയുമുണ്ട്. കോഴിക്കോട് സര്‍വകലാശാലയുടെ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗണ്‍സിലിലും മൗലവി അംഗമായിരുന്നിട്ടുണ്ട്. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം നവോത്ഥാന സംഘടനയായ കേരള നദ്‌വതുല്‍ മുജാഹിദീന്റെ സാരഥ്യം വഹിച്ച അദ്ദേഹം ധിഷണാ ബോധത്തോടെ സംഘടനയെ നയിച്ചു.

പരിശുദ്ധ ക്വുര്‍ആനിന്റെയും നബിചര്യയുടെയും മറ്റു ഇസ്‌ലാമിക സാഹിത്യങ്ങളുടെയും ഭാഷയായ അറബി കേരളത്തില്‍ പ്രചരിപ്പിക്കേണ്ടത് കേരള മുസ്‌ലിംകളുടെ മഹത്തായ കടമയാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന അദ്ദേഹം കാലങ്ങളായി നിരവധി പേരുടെ മനസ്സിലുണ്ടായിരുന്ന അഭിലാഷം പൂര്‍ത്തികരിക്കുകയായിരുന്നു.

കേരളത്തിലെ അറബിഭാഷാ സമൂഹം ഒന്നടങ്കം 'അല്‍ബുശ്‌റ' അറബി മാസികയെ സ്വാഗതം ചെയ്തു. രൂപത്തിലും നിലവാരത്തിലും അക്കാലത്ത് ഇന്ത്യയില്‍ നിന്നിറങ്ങിയ പത്രമാസികകളായ 'ബഅ്ഥുല്‍ ഇസ്‌ലാമി'ക്കും 'അര്‍റാഇദി'നും ഒപ്പം അല്‍ബുശ്‌റ മികച്ചുനിന്നു. അറബിഭാഷ പ്രചരിപ്പിക്കുക, സാഹിത്യാഭിരുചി പോഷിപ്പിക്കുക, അറബ് രാഷ്ട്രങ്ങളും ഇന്ത്യയുമായുള്ള സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി ഇറങ്ങിത്തുടങ്ങിയ അല്‍ബുശ്‌റ മാസിക ഇന്ത്യയ്ക്കകത്തും അറബ് ലോകത്തും വളരെപ്പെട്ടെന്ന് തന്നെ ഏറെ പേരുടെ ശ്രദ്ധ പിടിച്ചുപറ്റി.

രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ ആശംസകളോട് കൂടിയാണ് 'അല്‍ബുശ്‌റ' അറബി മാസിക പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്‍, ഉപരാഷ്ട്രപതി സാകിര്‍ ഹുസൈന്‍, കേരള ഗവര്‍ണര്‍ വി.വി.ഗിരി, മന്ത്രി പി.പി.ഉമ്മര്‍കോയ, സ്വാതന്ത്ര്യ സമര സേനാനിയും മുസ്‌ലിം പരിഷ്‌കര്‍ത്താവുമായ കെ.എം.മൗലവി സാഹിബ് തുടങ്ങിയവരുടെ ആശംസാകുറിപ്പുകള്‍ പ്രഥമ ലക്കത്തില്‍ നമുക്ക് കാണാം. ഈജിപ്തിലെ ജാമിഉല്‍ അസ്ഹര്‍ പ്രതിനിധിയും മദ്രാസ് ജമാലിയ്യ കോളേജ് പ്രിന്‍സിപ്പളുമായിരുന്ന ശൈഖ് അഹ്മദ് ശര്‍ഖാവിയുടെ 'ഇന്ത്യയിലെ അറബി പത്രപ്രവര്‍ത്തനത്തിന്റെ സന്ദേശം' എന്ന ലേഖനം ആദ്യ ലക്കത്തിലെ മുഖ്യ ആകര്‍ഷണമാണ്.

അറബി ഭാഷയില്‍ പതിനെട്ടോളം ഗ്രന്ഥങ്ങള്‍ രചിച്ച് അന്താരാഷ്ട്ര അറബ് മാഗസിനുകളിലെ സ്ഥിര സാന്നിധ്യമായിരുന്ന ഡോ.മുഹ്‌യിദ്ദീന്‍ ആലുവായ് തന്റെ ഈജിപ്തിലെ അധ്യാപന ജീവിതത്തിനിടയില്‍ എഴുതിയ ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ അല്‍ ബുശ്‌റയിലൂടെ പ്രസിദ്ധീകരിച്ചു. വാഴക്കാട് ദാറുല്‍ ഉലൂമിലെ പഠന കാലത്ത് പത്രാധിപര്‍ കെ.പി.മുഹമ്മദ് മൗലവിയുമായി തുടങ്ങിയ സൗഹൃദം അല്‍ബുശ്‌റയിലൂടെ അദ്ദേഹം കാത്ത്‌സൂക്ഷിച്ചു. ദീര്‍ഘകാലം മുസ്‌ലിം ലീഗ് അധ്യക്ഷനും കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ കെയ്‌റോവിലെ അറബി ഭാഷാ സാഹിത്യ പഠനകാലത്തും തുടര്‍ന്നും സ്ഥിരമായി മാസികയില്‍ ലേഖനങ്ങളെഴുതി. പ്രമുഖ പണ്ഡിതനും കോഴിക്കോട് ക്വാദിയുമായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ കൈകാര്യം ചെയ്തിരുന്ന 'ലോകം; പോയ മാസത്തില്‍' എന്ന പംക്തി ഇന്ത്യയിലെ അറബി പത്ര ചരിത്രത്തിലെ നൂതന അധ്യായമായിരുന്നു. കഴിഞ്ഞ ഒരു മാസത്തില്‍ ലോകത്ത് നടന്ന സുപ്രധാന ചലനങ്ങളെ ഒപ്പിയെടുത്ത് സുന്ദരമായ അറബി പത്രഭാഷയില്‍ മാസികയിലൂടെ അദ്ദേഹം ഒരോ മാസവും അവതരിപ്പിച്ചു.

മലബാര്‍ പൈതൃകമുണ്ടായിരുന്ന അറബി എഴുത്തുകാരന്‍ മുഹമ്മദ് അബ്ദുല്ല മലൈബാരി അല്‍ ബുശ്‌റയുടെ ലേഖകരില്‍ ശ്രദ്ധേയനായിരുന്നു. മക്കയും കേരളവും തമ്മിലുള്ള പ്രാചീന ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം ഒരു ലേഖനമെഴുതി. കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് പറയുന്ന പത്രാധിപരായ കെ.പി.മുഹമ്മദ് മൗലവിയുടെ പത്ത് ലക്കങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ലേഖനം, കേരളത്തിലെ അറബിഭാഷാ പഠന ചരിത്രം വിശദീകരിക്കുന്ന അബുസ്സ്വലാഹ് മുഹമ്മദ് മൗലവിയുടെ തുടര്‍ ലേഖനങ്ങള്‍, മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയെ പരിചയപ്പെടുത്തിക്കൊണ്ട് മൂന്ന് ലക്കങ്ങളിലായി മലയാളിയും സ്ഥാപനത്തിലെ അധ്യാപകനുമായിരുന്ന സഅദുദ്ദീന്‍ മൗലവിയുടെ ലേഖനം, കേരളത്തിലെ അറബിക്കവികളെയും അവരുടെ രചനകളെയും ചര്‍ച്ച ചെയ്യുന്ന എന്‍.കെ.അഹ് മദ് മൗലവിയുടെ തുടര്‍ലേഖനം തുടങ്ങിയവ അല്‍ബുശ്‌റയിലൂടെ വെളിച്ചംകണ്ട മികച്ച പഠന ലേഖനങ്ങളാണ്.

കനത്ത സാമ്പത്തിക പ്രയാസങ്ങള്‍ നിമിത്തം പ്രസാധകനായ കെ.പി.മുഹമ്മദ് മൗലവി 1964ന്റെ അവസാനത്തില്‍ അല്‍ബുശ്‌റ മാസികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. പിന്നീട് 1967ല്‍ കേരള അംബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (ഗഅഠഎ) മാസിക ഏറ്റെടുക്കുകയും അരീക്കോട് നിന്നും പ്രസാധനം കെ.പി.മുഹമ്മദ് മൗലവിയുടെ സ്വദേശമായ തിരൂരിനടുത്ത വളവന്നൂരിലേക്ക് മാറ്റുകയും ചെയ്തു. കെട്ടിലും മട്ടിലും പുതിയ രൂപം കൈവരിച്ച മാസിക വീണ്ടും ഒരു ദശകക്കാലം കേരളത്തിലെ അറബി ഭാഷാ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായി പുറത്തിറങ്ങി. കെ.പി.മുഹമ്മദ് മൗലവി മുഖ്യപത്രാധിപരായി തുടര്‍ന്നു. കരുവള്ളി മുഹമ്മദ് മൗലവി, പി.ഹുസൈന്‍ മദനി വളവന്നൂര്‍, അബ്ദുല്‍ മജീദ് മദനി വലിയോറ, കക്കാട് അബ്ദുല്ല മൗലവി, പി.മുഹമ്മദ് കുട്ടശ്ശേരി തുടങ്ങിയ മറ്റ് പ്രസാധക സമിതി അംഗങ്ങള്‍ മാസികയുടെ ക്രമബദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഹോരാത്രം യത്‌നിച്ചു.

പ്രഗത്ഭമതികളായ കേരളത്തിലെ അറബിക്കവികളുടെ രചനകള്‍ അല്‍ബുശ്‌റയിലൂടെ നിരന്തരം വെളിച്ചം കണ്ടു. ഒരു അറബിക്കവിത അച്ചടിച്ച് വരാത്ത അല്‍ബുശ്‌റയുടെ ലക്കങ്ങള്‍ വളരെ അപൂര്‍വമായിരുന്നു. എന്‍.കെ.അഹ്മദ് മൗലവി, അയിരൂര്‍ മൂസാ മൗലവി, മൂസാ വാണിമേല്‍, കൊച്ചന്നൂര്‍ അലി മൗലവി തുടങ്ങിയവര്‍ അല്‍ ബുശ്‌റയില്‍ അറബിക്കവിതകള്‍ പ്രസിദ്ധീകരിച്ചവരില്‍ പ്രമുഖരാണ്. അറബിക്കോളേജുകളിലെ ശക്തമായ വിദ്യാര്‍ഥി സാന്നിധ്യം അല്‍ബുശ്‌റയില്‍ നമുക്ക് കാണാവുന്നതാണ്. പില്‍ക്കാലത്ത് അറബി ഭാഷയില്‍ പ്രാവീണ്യം സിദ്ധിച്ച കേരളത്തിലെ പ്രമുഖരായ പല അറബി എഴുത്തുകാരുടെയും തുടക്കം അല്‍ബുശ്‌റ മാസികയിലൂടെ ആയിരുന്നു. അറബി ഭാഷാ വിദ്യാര്‍ഥികള്‍ക്ക് കഴിവു തെളിയ്ക്കാന്‍ അല്‍ബുശ്‌റയിലെ താളുകളിലൂടെ അവസരം നല്‍കാന്‍ കെ.പി.മുഹമ്മദ് മൗലവി പ്രത്യേകം ശ്രദ്ധിച്ചുപോന്നു.

ശാന്തപുരം 'ജാമിഅ അല്‍ ഇസ്‌ലാമിയ്യ,' അരീക്കോട് 'സുല്ലമുസ്സലാം അറബിക്കോളേജ്,' ഫറോക്ക് 'റൗദതുല്‍ ഉലൂം അറബിക്കോളേജ്' തുടങ്ങിയ കാമ്പസുകളിലെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പഠന കാലത്ത് തന്നെ അല്‍ബുശ്‌റയിലൂടെ എഴുതിത്തുടങ്ങി.

സ്ത്രീ വിഷയങ്ങളും സ്ത്രീകള്‍ എഴുതുന്ന രചനകളും മാസികയ്ക്ക് അന്യമായിരുന്നില്ല. ചെറിയ കഥകളും ഗുണപാഠങ്ങളും അടങ്ങുന്ന 'റുക്‌നുല്‍ അത്വ്ഫാല്‍' എന്ന പ്രത്യേക പംക്തി താഴ്ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് നടന്നിരുന്നതായി നമുക്ക് കാണാം. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഏറ്റെടുത്തതിന് ശേഷം അറബി അധ്യാപകര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിദ്യാഭ്യാസ വാര്‍ത്തകളും ഗവണ്‍മെന്റ് തല അറിയിപ്പുകളും മാസികയില്‍ ഉള്‍പ്പെടുത്തുവാനാരംഭിച്ചു. അറബി ഭാഷാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ചിത്ര സഹിതം പ്രസിദ്ധീകരിക്കപ്പെട്ടു.

അറബി ഭാഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവഗണന നിമിത്തം 1967ല്‍ കെ.എ.ടി.എഫിന് കീഴില്‍ പുനരാരംഭിച്ച മാസികയ്ക്ക് പത്ത് വര്‍ഷത്തിന് ശേഷം 1978ല്‍ പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടി വന്നു. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ അറബി പ്രസിദ്ധീകരണമായ അല്‍ബുശ്‌റ മാസികയോട് കിടപിടിക്കുന്നതും ദീര്‍ഘകാലം മുടങ്ങാതെ പ്രസിദ്ധീകരണം തുടരുകയും ചെയ്ത മറ്റൊരു പ്രസിദ്ധീകരണം പിന്നീട് കേരളത്തില്‍ പിറവിയെടുത്തില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കെ.എ.ടി.എഫ്. 2015ല്‍ വി.പി.അഹ്മദ് കുട്ടി മദനിയെ ചീഫ് എഡിറ്റര്‍ സ്ഥാനമേല്‍പ്പിച്ച് അല്‍ബുശ്‌റയുടെ പ്രസിദ്ധീകരണം വീണ്ടും തുടങ്ങിയെങ്കിലും പഴയ പ്രതാപത്തിലേക്കും ഉണര്‍വിലേക്കും തിരിച്ചുവരാനാകാതെ, ക്രമാനുഗതമല്ലാതെ ഇപ്പോഴും മാസിക പ്രസിദ്ധീകരണം തുടരുന്നു.