പ്രതിസന്ധി ഘട്ടങ്ങളിലെ ഖുനൂത്

അബൂ ആദില്‍

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

ഇന്ത്യന്‍ ജനത മൊത്തത്തിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രത്യേകിച്ചും ഒരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍. രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ ന്യായവും യുക്തവുമായ വഴികളിലൂടെയും രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്ന മാര്‍ഗങ്ങൡലൂടെയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. ഭൗതികമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസികള്‍ ഏത് പ്രതിസന്ധിയിലും ഏറ്റവും വലിയ രക്ഷാമാര്‍ഗമായി കാണേണ്ടത് പ്രപഞ്ച സ്രഷ്ടാവിനോടുള്ള മനമുരുകിയ പ്രാര്‍ഥന തന്നെയാണ്.

ഏതവസരങ്ങളിലും പ്രാര്‍ഥന വിശ്വാസിയുടെ കൈമുതലാണെങ്കിലും പ്രതിസന്ധികളില്‍ അതിന് പ്രത്യേക പ്രാധാന്യം മതപ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. അവയില്‍ പ്രാധാന്യാര്‍ഹിക്കുന്ന ഒന്നാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍വഹിക്കുവാനായി പഠിപ്പിക്കപ്പെട്ട ക്വുനൂത്. 'ക്വുനൂതുന്നാസിലഃ' എന്നാണിത് അറിയപ്പെടുന്നത്.

അനസ്(റ) പറയുന്നു: ''അല്ലാഹുവോടും പ്രവാചകനോടും ധിക്കാരം കാണിച്ച റഅ്‌ല്, ദക്‌വാന്‍ എന്നീ ഗോത്രങ്ങള്‍ക്കെതിരായി പ്രാര്‍ഥിച്ചുകൊണ്ട് നബി ﷺ  ഒരു മാസം ക്വുനൂത് നിര്‍വഹിച്ചു'' (ബുഖാരി, മുസ്‌ലിം).

ഇത് അഞ്ചുസമയ നമസ്‌കാരങ്ങളിലും നബി ﷺ  നിര്‍വഹിച്ചിരുന്നതായി വ്യത്യസ്ത ഹദീഥുകള്‍ പഠിപ്പിക്കുന്നു.

ഈ ഹദീഥുകളെയെല്ലാം അടിസ്ഥാനപ്പെടുത്തി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ''വിപല്‍ ഘട്ടങ്ങളില്‍ ക്വുനൂത് സുന്നത്താണ് എന്നത് ഖുലഫാഉര്‍റാശിദുകളുടെ മാര്‍ഗവും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ പൊതുവായ അഭിപ്രായവുമാണ്'' (മജ്മൂഅ്: 23/108).

അവസാന റക്അത്തില്‍ റുകൂഇന്ന് ശേഷമാണ് നബി ﷺ  ഈ ക്വുനൂത് നിര്‍വഹിച്ചിരുന്നത് എന്ന് അബൂഹുറയ്‌റ(റ) പറയുന്നു (ബുഖാരി, മുസ്‌ലിം).

അഞ്ച് സമയ നമസ്‌കാരങ്ങളിലും ക്വുനൂത് നിര്‍വഹിക്കാമെങ്കിലും നബി ﷺ  ഏറ്റവുമധികം നിര്‍വഹിച്ചത് സ്വുബ്ഹി, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌കാരങ്ങളിലാണ് എന്ന് ഹദീഥുകള്‍ അറിയിക്കുന്നു. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ മാത്രമാണ് നബി ﷺ  ഇത് നിര്‍വഹിച്ചിട്ടുള്ളത്.

ജുമുഅ നമസ്‌കാരത്തില്‍ നബി ﷺ  ഈ ക്വുനൂത് നിര്‍വഹിച്ചതായി പ്രത്യേകം ഉദ്ധരിക്കപ്പെടുന്നില്ല. അതിനാല്‍ പല പണ്ഡിതരും ജുമുഅയില്‍ ഇത് നിര്‍വഹിക്കാവുന്നതല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ മുന്‍ദിര്‍

(റഹി) എന്നിവര്‍ ഈ അഭിപ്രായമാണ് കൂടുതല്‍ ശരി എന്ന പക്ഷക്കാരാണ.് എന്നാല്‍ ആധുനികകാല പണ്ഡിതന്മാരില്‍ പ്രമുഖരായ ശൈഖ് ഇബ്‌നു ഉസൈമീന്‍(റഹി) ജുമുഅയിലും ക്വുനൂത് നിര്‍വഹിക്കാമെന്ന പക്ഷക്കാരനാണ് (ശര്‍ഹുല്‍ മുംതിഅ്).

ഇബ്‌നു അബ്ദില്‍ ബര്‍റ്(റഹി) പറയുന്നു: ''സ്വഹാബിമാരില്‍ ഒരാള്‍ പോലും ജുമുഅ നമസകാരത്തില്‍ ക്വുനൂത് നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല'' (അല്‍ ഇസ്തിദ്കാര്‍ 2/282).

വളരെ ഹ്രസ്വമായ രൂപത്തിലാണ് നബി ﷺ 

ക്വുനൂത് നിര്‍വഹിച്ചിട്ടുള്ളത് എന്നതിനാല്‍ അനാവശ്യമായ രീതിയില്‍ നീട്ടി വലിച്ച് പ്രാസം കൂട്ടിയുള്ള ശൈലി പ്രോത്സാഹനജനകമല്ല (ഫതാവാ ഇബ്‌നു ഉസൈമിന്‍).

പ്രത്യേക വ്യക്തികളെ രക്ഷപ്പെടുത്താനായി അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ക്വുനൂത്വില്‍ പ്രാര്‍ഥിക്കാവുന്നതാണ്. അയ്യാഷ് ബിന്‍ അബീ റബീഅ, വലീദ്ബ്‌നുല്‍ വലീദ്, സലമത്ബ്‌നുല്‍ ഹിശാം എന്നിവരുടെ പേരെടുത്ത് പറഞ്ഞും ശേഷം അടിച്ചമര്‍ത്തപ്പെട്ട വിശ്വാസികള്‍ക്ക് വേണ്ടി പൊതുവായും നബി ﷺ  ക്വുനൂതില്‍ പ്രാര്‍ഥിച്ചു എന്ന് അബൂഹുറയ്‌റ(റ) പറയുന്നു. (ബുഖാരി).

എന്നാല്‍ എത്ര വലിയ ശത്രുവിനെതിരായ പ്രാര്‍ഥനയാണെങ്കിലും അവരെ പേരെടുത്ത് പറഞ്ഞ് അവര്‍ക്കെതിരായി പ്രാര്‍ഥിക്കാന്‍ പാടില്ല. കാരണം അവര്‍ ജീവിതത്തില്‍ ശിഷ്ട കാലം എന്താകുമെന്നും ഏത് അവസ്ഥയിലാണ് അവര്‍ മരണപ്പെട്ടുപോകുക എന്നും നമുക്ക് അറിയില്ലല്ലോ. ഒരു നിലയ്ക്കും സഹിക്കാനാവാത്ത വിധം മുസ്‌ലിംകളെ ദ്രോഹിക്കുന്ന കൊടിയ ശത്രുവിനെതിരെ വ്യക്തിപരമായി തന്നെ പ്രാര്‍ഥിക്കാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.

ഏത് വിപത്താണോ അനുഭവിക്കുന്നത് അതിന് അനുയോജ്യമായ വചനങ്ങള്‍ തെരഞ്ഞെടുത്ത് പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത്.

ഇമാം ഉറക്കെ പ്രാര്‍ഥിക്കുകയാണ് വേണ്ടത്. നബി ﷺ  ഉറക്കെയാണ് ക്വുനൂത് നിര്‍വഹിച്ചത്. (ബുഖാരി).

ക്വുനൂതിന്റെ സന്ദര്‍ഭത്തില്‍ നബി ﷺ  കൈ ഉയര്‍ത്തിയതായി ഞാന്‍ കണ്ടു എന്ന് അനസ്(റ) പറയുന്നു (അഹ്മദ്).

ഉമര്‍(റ) കൈ ഉയര്‍ത്തി ഉറക്കെ പ്രാര്‍ഥിച്ചുകൊണ്ട് ക്വുനൂത് നിര്‍വഹിച്ചു. ഞാന്‍ അദ്ദേഹത്തിന് പിന്നില്‍ നമസ്‌കരിച്ചു എന്ന് അബൂറാഫിഅ്(റ) പറയുന്നു (ബൈഹക്വി).

എന്നാല്‍ ക്വുനൂതിന് ശേഷമോ മറ്റു പ്രാര്‍ഥനകള്‍ക്ക് ശേഷമോ കൈ കൊണ്ട് മുഖം തടവണമെന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഈ വിഷയകമായി ഉദ്ധരിക്കപ്പെട്ട ഹദീഥുകള്‍ എല്ലാം തന്നെ ദുര്‍ബലങ്ങളാകുന്നു. (സുനനുല്‍ ബൈഹഖി).

ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂമിനും കൂടെ പ്രാര്‍ഥിക്കാവുന്നതാണ്. (മജ്മൂഅ്: 23/115).

വ്യക്തികള്‍ക്ക് സ്വന്തമായി അവരുടെ നമസ്‌കാരങ്ങളില്‍ ക്വുനൂത് നിര്‍വഹിക്കാമെന്നതാണ് കൂടുതല്‍ പ്രബലം. പല സ്വഹാബികളും അങ്ങനെ നിര്‍വഹിച്ചിട്ടുണ്ടെന്നും ഇമാമിന് മാത്രമാണ് ഇത് സുന്നത്തെന്ന് പറയാന്‍ പ്രത്യേകം തെളിവില്ലെന്നുമാണ് ഇതിന് അടിസ്ഥാനമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നാണ് ശൈഖ് ഇബ്‌നു ജിബ്‌രീന്‍ (റഹി) പറയുന്നത്.

ചില ഹദീഥുകളില്‍ നബി ﷺ  റുകൂഇന് മുമ്പായി ക്വുനൂത് നിര്‍വഹിച്ചു എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാല്‍ റുകൂഇന്ന് മുമ്പോ ശേഷമോ നിര്‍വഹിക്കാവുന്നതാണ്.