പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ടത്

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

പ്രാര്‍ഥനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. അതിന്റെ തുടര്‍ച്ചയാണ് ഈ ലക്കത്തില്‍ വിവരിക്കുന്നത്.

16. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ചോദിക്കുക. 

17. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. 

19. 'അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് പൊറുത്ത് തരേണമേ. നീ ഉ ദ്ദേശിക്കുകയാണെങ്കില്‍ ഇന്ന കാര്യം നല്‍കേണമേ' എന്ന് പ്രാര്‍ഥിക്കാതെ, അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തരേണമേ, എനിക്ക് നീ ഇന്ന കാര്യം നല്‍കേണമേ എന്ന് പ്രാര്‍ഥിക്കുക. കാരണം തിരുദൂതര്‍ ﷺ അങ്ങനെ പ്രാര്‍ഥിക്കുന്നത് വിലക്കിയിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''നിങ്ങളാരെങ്കിലും പ്രാര്‍ഥിക്കുകയാണെങ്കില്‍ 'അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് നീ പൊറുത്ത് തരേണമേ' എന്ന് പ്രാര്‍ഥിക്കരുത്. മറിച്ച്, ആവശ്യപ്പെടുന്ന കാര്യം എനിക്ക് നീ നല്‍കേണമേയെന്ന് ഉറപ്പിച്ച് പറയുക. അത്‌പോലെ ആഗ്രഹങ്ങള്‍ ഉന്നതമാക്കുക. ഉദാഹരണമായി: എനിക്ക് നീ സ്വര്‍ഗം നല്‍കേണമേ, എനിക്ക് നീ പൊറുത്ത് തരേണമേ എന്ന് പ്രാര്‍ഥിക്കുന്നത് പോലെ. കാരണം അല്ലാഹുവിനോട് നിരന്തരം ചോദിക്കുന്ന കാര്യം അവന്‍ നല്‍കുക തന്നെ ചെയ്യുന്നതാണ്'' (മുസ്‌ലിം).

20. സ്വന്തത്തിന് പ്രാര്‍ഥിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്കും സത്യവിശ്വാസി വിശ്വാസിനികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക: വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു അതിന് വേണ്ടി വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

 ''കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക'' (അല്‍ഇസ്‌റാഅ്: 24).

ഇബ്‌റാഹീം നബി(അ)യെപ്പറ്റി അല്ലാഹു പറയുന്നു: ''ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് തരേണമേ'' (ഇബ്‌റാഹീം: 41).

നൂഹ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് തരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതെയൊന്നും നീ വര്‍ധിപ്പിക്കരുതേ'' (നൂഹ്: 28).

അല്ലാഹു പറയുന്നു: ''നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവി ശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനം തേടുക)'' (മുഹമ്മദ്:19).

21. പ്രാര്‍ഥനയില്‍ അതിര് കടക്കാതിരിക്കുക: ഉദാ: 'അല്ലാഹുവേ, നീ എനിക്ക് നിന്റെ സിംഹാനത്തിന്റെ ചുവട്ടില്‍ ഒരു മണിമാളിക നല്‍കേണമേ' തുടങ്ങിയ പ്രാര്‍ഥനകള്‍ ഒഴിവാക്കുക. അല്ലാഹുവിനോട് സ്വര്‍ഗത്തില്‍ കടക്കുവാനും നരകത്തില്‍ നിന്ന് മോചിതനാവാനും വേണ്ടി പ്രാര്‍ഥിക്കുക. താഴെ വരുന്ന ഹദീഥ് ശ്രദ്ധിക്കുക:

അബൂനആമ(റ)യില്‍ നിന്ന്: ''അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) തന്റെ മകന്‍ പ്രാര്‍ഥിക്കുന്നതായി കേട്ടു. അദ്ദേഹം പറയുന്നു: 'ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ സ്വര്‍ഗത്തിന്റെ വലത് ഭാഗത്ത് നീ എനിക്ക് തൂവെള്ള കൊട്ടാരം നല്‍കുക.' അപ്പോള്‍ മകനോട് അദ്ദേഹം പറയുകയുണ്ടായി: 'കുഞ്ഞു മകനേ, അല്ലാഹുവിനോട് നീ സ്വര്‍ഗം ചോദിക്കുക. നരകത്തില്‍ നിന്ന് രക്ഷയും ചോദിക്കുക. കാരണം നബി ﷺയില്‍ നിന്ന് ഞാന്‍ കേള്‍ക്കുകയുണ്ടായി: ഈ സമുദായത്തില്‍ പ്രാര്‍ഥനയിലും ശുദ്ധി വരുത്തുന്നതിലും അതിരുകടക്കുന്ന ഒരു വിഭാഗം ഉണ്ടാവുക തന്നെ ചെയ്യുന്നതാണ്'' (അബൂദാവൂദ്, ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

22. പ്രാര്‍ഥിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക: അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: ''നബി ﷺ പ്രാര്‍ഥിച്ചു. പിന്നെ കൈകള്‍ ഉയര്‍ത്തുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പ്രവാചകന്റെ രണ്ട് കക്ഷത്തിലെയും വെള്ള നിറം കാണുകയുണ്ടായി'' (ബുഖാരി).

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നബി ﷺ തന്റെ രണ്ട് കൈകളും ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവേ, ഖാലിദ് പ്രവര്‍ത്തിച്ചതിനെ സംബന്ധിച്ച് ഞാന്‍ നിന്നോട് നിരപരാധിത്വം ബോധിപ്പിക്കുന്നു' (ബുഖാരി)

സല്‍മാന്‍(റ)വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ''തീര്‍ച്ചയായും ഉന്നതനായ നിങ്ങളുടെ രക്ഷിതാവ് മാന്യനും ലജ്ജയുള്ളവനുമാണ്. ഒരു അടിമ അവനിലേക്ക് തന്റെ കൈകള്‍ ഉയര്‍ത്തിയിട്ട് ഒന്നും നല്‍കാതെ വെറുതെ അത് മടക്കുന്നതിനെ തൊട്ട് ലജ്ജിക്കുന്നു'' (അബൂദാവൂദ്, തിര്‍മിദി. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്). 

എന്നാല്‍ ജുമുഅ ഖുത്വുബക്ക് ശേഷമുള്ള പ്രാര്‍ഥനയില്‍ ഇമാമും മഅ്മൂമും കൈകള്‍ ഉയര്‍ത്തുവാന്‍ പാടില്ല. ഖുത്വുബയുടെ ശേഷമുള്ള പ്രാര്‍ഥനയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണെങ്കില്‍ അപ്പോള്‍ കൈകള്‍ ഉയര്‍ത്താം.

23. ബുദ്ധിമുട്ടിക്കൊണ്ട് പ്രാസമൊപ്പിച്ചുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കുക. കാരണം പ്രവാചകന്‍ ﷺ അത് വിലക്കിയിട്ടുണ്ട്. 

(അവസാനിച്ചില്ല)