നബി ﷺ യുടെ ജനനം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 5)

അബ്ദുല്ലക്ക് 25 വയസ്സായപ്പോള്‍ അദ്ദേഹത്തിന് കല്ല്യാണം കഴിച്ചുകൊടുക്കാന്‍ അബ്ദുല്‍ മുത്ത്വലിബ് ഉദ്ദേശിച്ചു. അങ്ങനെ ആമിന ബിന്‍തു വഹബ്ബ്‌നു അബ്ദുമനാഫുമായുള്ള വിവാഹം നടന്നു. ആമിനയാകട്ടെ അന്ന് ക്വുറൈശികളില്‍ ഉന്നതസ്ഥാനമുള്ള മഹതിയായിരുന്നു. അവരുടെ പിതാവ് ബനൂ സഹ്‌റ ഗോത്രത്തിന്റെ നേതാവുമായിരുന്നു. 

നാളുകള്‍ക്ക് ശേഷം അബ്ദുല്ല ശാമിലേക്കുള്ള ഒരു കച്ചവട സംഘത്തോടൊപ്പം പുറപ്പെട്ടു. തിരിച്ച് വരുമ്പോള്‍ മദീനവഴിവന്ന് തന്റെ അമ്മാവന്മാരായ ബനൂനജ്ജാറിന്റെ കൂടെ താമസിച്ചു. രോഗം കാരണത്താലാണ് ബനൂനജ്ജാറില്‍ തങ്ങിയത്. അല്‍പദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെടുകയും മദീനയില്‍ തന്നെ മറമാടപ്പെടുകയും ചെയ്തു. 25 വയസ്സായിരുന്നു അന്ന് അബ്ദുല്ലക്കുണ്ടായിരുന്നത്. നബി ﷺ യാകട്ടെ തന്റെ ഉമ്മയുടെ വയറ്റിലുമായിരുന്നു.

യാത്രാസംഘം മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ല എവിടെയെന്ന് അന്വേഷിച്ചു. ബനൂ നജ്ജാറിലെ അമ്മാവന്മാരുടെ അടുത്തുണ്ടെന്ന് അവര്‍ മറുപടി നല്‍കി. അബ്ദുല്‍ മുത്ത്വലിബ് തന്റെ മൂത്തമകന്‍ ഹാരിസിനെ മദീനയിലേക്കയച്ചു. പക്ഷേ, ഹാരിസ് മദീനയിലേക്കെത്തിയപ്പോഴേക്കും അബ്ദുല്ല മരിച്ച് കഴിഞ്ഞിരുന്നു. ഹാരിസ് തിരിച്ചുവന്ന് പിതാവിനെ വിവരമറിയിച്ചു. അബ്ദുല്‍ മുത്ത്വലിബിനും മക്കള്‍ക്കും ഈ വാര്‍ത്ത താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അബ്ദുല്ല മരിക്കുമ്പോള്‍ വിട്ടേച്ച്‌പോയത് അഞ്ചു ഒട്ടകങ്ങള്‍, ഒരു പറ്റം ആടുകള്‍ എന്നിവയായിരുന്നു. കൂട്ടത്തില്‍ ബര്‍റ എന്ന് പേരുള്ള ഒരു അടിമസ്ത്രീയുമുണ്ടായിരുന്നു. അവരാണ് ഉമ്മുഐമന്‍.

ക്രിസ്തു വര്‍ഷം 571, ആനക്കലഹവര്‍ഷം റബീഉല്‍ അവ്വല്‍ 12ന് ലോകത്തിന്റെ കാരുണ്യമായ നബി ﷺ  മക്കയിലെ ബനൂഹാശിം കുടുംബത്തില്‍ ജനിച്ചു. അത് 8ന് ആണെന്നും 2നാണെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. റബീഉല്‍ അവ്വല്‍ മാസത്തിലല്ല എന്ന അഭിപ്രായവും നിലവിലുണ്ട്. തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിക്കവെ നബി ﷺ  പറഞ്ഞു: ''ഞാന്‍ ജനിച്ച ദിവസമാണത്. ഞാന്‍ നബിയായി നിയോഗിക്കപ്പെട്ട ദിവസമാണത്.'' ഖൈസ്ബ്‌നു മഖ്‌റമ പറയുന്നു: ''ഞാനും നബി ﷺ യും ആനക്കലഹ വര്‍ഷത്തിലെ റബീഉല്‍ അവ്വലിലാണ് ജനിച്ചത്.'' 

റബീഅ് എന്നാല്‍ വസന്തകാലം എന്നാണര്‍ഥം. നബി ﷺ  കൊണ്ടുവന്ന ശറഅ് (മതനിയമം) വസന്തമാണ്. ഏറ്റവും നല്ലകാലം വസന്തകാലമാണ്. നബി ﷺ  കൊണ്ടുവന്ന ശറഅ് ഏറ്റവും നല്ല ശറഅ് ആണ് .

വസന്തകാലത്ത് ഭൂമി പൊട്ടിപ്പിളര്‍ന്ന് ചെടികളും മറ്റും മുളക്കുന്നു. നബി ﷺ  ലോകത്തിന് കാരുണ്യമായി റബീഇല്‍ കടന്നുവന്നു.

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ് 107).

നബി ﷺ യോടുകൂടി മതനിയമങ്ങളും പൂര്‍ത്തിയാക്കപ്പെട്ടു

''...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...''(അല്‍മാഇദ 3). 

ഒരു തിങ്കളാഴ്ച ദിവസത്തില്‍ തന്നെയാണ് നബി ﷺ  മരണപ്പെട്ടതും

പിതാവിന്റെ മരണശേഷമാണ് നബി ﷺ  ജനിക്കുന്നത്. ഒരു അനാഥന്റെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. ആറാം വയസ്സില്‍ കണ്‍മുന്നില്‍ വെച്ച് ഉമ്മയും മരിച്ചു. പ്രവാചകന്റെ സംരക്ഷണത്തില്‍ ഉമ്മയുടെയോ ഉപ്പയുടെയോ കൈകളില്ലായിരുന്നു എന്നര്‍ഥം. എല്ലാം അറിയുന്നവനും യുക്തിമാനുമായ അല്ലാഹു അതേറ്റെടുത്തു:

''(നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. തീര്‍ച്ചയായും പരലോകമാണ്നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്. വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.് നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു'' (ളുഹാ 3-8).

നബി ﷺ ക്ക് വിജ്ഞാനം നല്‍കിയതും അല്ലാഹുതന്നെ

''നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു''(അന്നിസാഅ് 113).

ഒരു സൃഷ്ടിക്കും അവകാശം പറയാനാകാത്ത വിധം അനാഥനായാണ് നബി ﷺ  വളര്‍ന്നത്. അല്ലാഹു ആര്‍ക്ക് പ്രതാപം നല്‍കിയോ അവനാണ് പ്രതാപവാന്‍ എന്ന് നബി ﷺ യുടെ ജീവിതം ആദ്യം മുതല്‍ അവസാനം വരെ പഠിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. മാതാപിതാക്കളോ സമ്പത്തോ സ്ഥാനമാനങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ശക്തിയും പിന്‍ബലവും. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹുവില്‍ നിന്നുള്ള സഹായവും കാവലുമായിരുന്നു അദ്ദേഹത്തിന്റെ ശക്തി.

''സന്മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി''(അസ്സ്വഫ്ഫ് 9).

അനാഥനായി വളര്‍ന്നത് രക്ഷിതാവിലേക്ക് കൂടുതല്‍ ബന്ധം ഉണ്ടാക്കാന്‍ കാരണമാകുന്നു. ദരിദ്രരുടെയും അനാഥരുടെയും വേദന മനസ്സിലാക്കാന്‍ സഹായിക്കുന്നു. അവരോട് കാരുണ്യം വര്‍ധിക്കും. മുഹമ്മദ് നബി ﷺ  തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചുമനസ്സിലാക്കിയാണ് പ്രബോധന വിഷയം കൊണ്ടുവന്നത് എന്ന് പറയാന്‍ ശത്രുക്കള്‍ക്ക് പഴുത് ലഭിക്കാതിരുന്നത് അദ്ദേഹത്തിന്റെ അനാഥത്വം മൂലമാണ്. അനാഥത്വത്തിന്റെ മുമ്പില്‍ പകച്ചുനില്‍ക്കേണ്ട ആവശ്യമില്ല എന്ന പാഠവും അനാഥര്‍ക്ക് നബി ﷺ യുടെ ജീവിതത്തില്‍ നിന്നും ലഭിക്കുന്നു. കുറച്ചു കാലം നബി ﷺ  ഉമ്മയുടെ കുടെ വളര്‍ന്നത് യാദൃച്ഛികമായി ഉണ്ടായ ഒന്നായിരുന്നില്ല. മറിച്ച് അല്ലാഹുവിന്റെ ഒരു നടപടിക്രമമായിരുന്നു അത്. പിതാവില്‍നിന്നും എത്രയോ അകലെ ഉമ്മയോടൊപ്പമാണ് ഇസ്മാഈല്‍ നബി(അ) വളര്‍ന്നത്.

''ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും അവര്‍ക്ക്കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം'' (ഇബ്‌റാഹീം 37).


ഉമ്മയുടെ കൂടെയാണ് മൂസാ നബി(അ) വളര്‍ന്നത്. ഉമ്മയുടെ കൂടെയാണ് ഈസാനബി(അ) വളര്‍ന്നത്

മക്കളെ വളര്‍ത്തുന്ന വിഷയത്തില്‍ ഒരു ഉമ്മാക്കുള്ള സ്ഥാനവും ഈ ചരിത്രങ്ങള്‍ വിളിച്ചറിയിക്കുന്നു. തലമുറകളെ വളര്‍ത്തിയെടുക്കേണ്ടവര്‍ ഉമ്മമാരാണ്. അതുകൊണ്ട് തന്നെ പിതാവിനെക്കാള്‍ മൂന്ന് സ്ഥാനം കൂടുതല്‍ അല്ലാഹു ഉമ്മാക്ക് നല്‍കി. (ബുഖാരി: 597, മുസ്‌ലിം: 2548).

നബി ﷺ ക്ക് പേരിടുന്നു

നബി ﷺ യുടെ ജനന ശേഷം മുഹമ്മദ് എന്ന് പേരിട്ടു. ശേഷം പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ അടുക്കലേക്കയച്ചു. അദ്ദേഹം കുട്ടിയെയും കൊണ്ട് കഅ്ബയില്‍ പ്രവേശിച്ചു. ഏഴാം ദിവസം കുട്ടിക്ക് വേണ്ടി അറവ് നടത്തി. അതിലേക്ക് ക്വുറൈശികളെയും ക്ഷണിച്ചു. ഭക്ഷണം കഴിച്ചശേഷം കുട്ടിക്കെന്താണ് പേരിട്ടതെന്ന് ചോദിച്ചപ്പോള്‍ 'മുഹമ്മദ്' എന്ന് മറുപടി പറഞ്ഞു.

ക്വുറൈശികള്‍ പറഞ്ഞു: 'നിങ്ങളുടെ പൂര്‍വ പിതാക്കളിലൊന്നും ഇങ്ങനെ ഒരു പേരില്ലല്ലോ.' അബ്ദുല്‍ മുത്ത്വലിബ് പറഞ്ഞു: 'ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും അവനെ പുകഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

മുഹമ്മദ് എന്നനാമം ക്വുര്‍ആനില്‍ നാല് തവണ പരാമര്‍ശിച്ചിട്ടുണ്ട്

''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു...'' (അല്‍ അഹ്‌സാബ് 40).

 ''മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാകുന്നു...'' (അല്‍ഫത്ഹ് 29). 

''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം- വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്'' (മുഹമ്മദ് 2).

''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്...'' (ആലുഇംറാന്‍ 144).

തൗറാത്തില്‍ അഹ്മദ് എന്നപേരാണ് എന്നിട്ടുള്ളത്: ''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍...'' (അസ്സ്വഫ്ഫ് 6).

നബി ﷺ  പറയുന്നു: ''എനിക്ക് പല പേരുകളുണ്ട്. ഞാന്‍ മുഹമ്മദാണ്, ഞാന്‍ അഹ്മദാണ്, ഞാന്‍ 'മാഹി'യാണ്. എന്നെക്കൊണ്ട് അല്ലാഹു കുഫ്‌റിനെ മായ്ച്ച് കളയും. ഞാനാണ് 'ഹാശിര്‍.' എന്റെ കീഴില്‍ ജനങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും. ഞാന്‍ ആക്വിബ് ആണ്'' (ബുഖാരി: 4896).

'ഞാന്‍ അബുല്‍ ക്വാസിം ആണ്' എന്നും നബി ﷺ  പറഞ്ഞിട്ടുണ്ട്. (ബുഖാരി: 3114, മുസ്‌ലിം: 2133). 

നബി ﷺ യുടെ ജനന സമയത്ത് തന്റെ ഉമ്മയില്‍ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും ശാമിലെ കൊട്ടാരങ്ങള്‍ വരെ അതുമൂലം തിളങ്ങുകയും ചെയ്തു എന്ന് ഇമാം അഹ്മദില്‍ നിന്ന് ഒരു സംഭവവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അഹ്മദ്: 17163).

ചേലാകര്‍മം

അറബികളുടെ പതിവനുസരിച്ച് ഏഴാം ദിവസം തന്നെ നബി ﷺ യുടെ ചേലാകര്‍മം നടത്തുകയും ചെയ്തു. അന്നുതന്നെ ആടിനെ അക്വീക്വ അറുത്ത് സദ്യയും ഒരുക്കി. ജനങ്ങള്‍ക്കിടയില്‍ കുഞ്ഞിന് കീര്‍ത്തിയും നല്‍കി.

സംരക്ഷണം

യതീമായി നബി ﷺ  മക്കയില്‍ ജനിച്ചു. പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബാണ് ആദ്യം നബി ﷺ യുടെ സംരക്ഷണം ഏറ്റെടുത്തത്. ഉമ്മ ആമിന വളര്‍ത്തുകയും ചെയ്തു. ഉമ്മു ഐമനും കൂടെയുണ്ടായിരുന്നു. മുലയൂട്ടാന്‍ സുവൈബയും സഹകരിച്ചു. അബൂലഹബിന്റെ ഭൃത്യയായിരുന്നു സുവൈബ. നബി ﷺ യുടെ കൂടെ അബൂസലമതുബ്‌നു അബ്ദുല്‍ അസദും സുവൈബയില്‍ നിന്നും മുലകുടിച്ചിരുന്നു.

നബി ﷺ ക്ക് ആറ് വയസ്സായപ്പോള്‍ അബവാഅ് എന്ന സ്ഥലത്ത് വെച്ച് ആമിന മരണപ്പെട്ടു. നബിയെയും കൊണ്ട് മദീനയില്‍ നിന്നും മക്കയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അവര്‍. പ്രവാചകത്വത്തിന് ശേഷവും നബി ﷺ  തന്റെ ഉമ്മയുടെ ക്വബ്ര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. നബി ﷺ  ആസന്ദര്‍ഭത്തില്‍ കുറെ കരഞ്ഞിട്ടുണ്ട്. പക്ഷേ, അവര്‍ക്കുവേണ്ടി പാപമോചനം തേടാന്‍ അല്ലാഹു അനുമതിനല്‍കിയില്ല. (മുസ്‌ലിം: 976).

ആമിന മരിച്ച് അബവാഇല്‍ മറവ് ചെയ്ത ശേഷം ഉമ്മു ഐമന്‍ കുഞ്ഞുമായി മക്കയിലേക്ക് മടങ്ങി. അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിനെ തന്നിലേക്കണച്ചു കൂട്ടി. തന്റെ മക്കള്‍ക്കൊന്നും നല്‍കാത്ത വാത്സല്യം മുഹമ്മദ് നബി ﷺ ക്ക് നല്‍കി. അബ്ദുല്‍ മുത്ത്വലിബ് എപ്പോഴും കുഞ്ഞിനെ കൂടെയിരുത്തി. ഊണിലും ഉറക്കിലും ഒപ്പം തന്നെ. എന്നാല്‍ കുഞ്ഞിന് എട്ട് വയസ്സായപ്പോള്‍ ഈ സ്‌നേഹവും അസ്തമിച്ചു. പക്ഷേ, മരണത്തിന് മുമ്പ് നബി ﷺ യുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അബൂത്വാലിബിനോട് വസ്വിയ്യത്ത് ചെയ്തിരുന്നു. കാരണം അബ്ദുല്ലയും അബൂത്വാലിബും ഒരേ ഉമ്മയിലുണ്ടായ മക്കളായിരുന്നു.

അബൂത്വാലിബ് തന്റെ കടമ കൃത്യമായി നിര്‍വഹിച്ചു. തന്റെ മക്കളോടൊപ്പം നബിയെയും ചേര്‍ത്തു. എല്ലാവരെക്കാളും മുന്‍ഗണന നല്‍കി. ശക്തമായിത്തന്നെ സ്‌നേഹിച്ചു. നബിയുടെ കൂടെയല്ലാതെ അബൂത്വാലിബ് ഉറങ്ങിയില്ല. പുറത്ത് പോകുമ്പോള്‍ നബി ﷺ യെയും കൊണ്ടുപോകും. വലിയ ക്വുറൈശി പ്രമാണിമാരോടൊപ്പമുള്ള ശാമിലേക്കുള്ള കച്ചവടയാത്രയില്‍ അബൂത്വാലിബ് നബി ﷺ യെയും കുടെ കൂട്ടി.

സമ്പത്ത് കുറവുള്ള ആളായിരുന്നു അബൂത്വാലിബ്. ശാമില്‍ നിന്നും മടങ്ങിയ ശേഷം നബി ﷺ  ഉപജീവനം തേടി ഇറങ്ങിത്തുടങ്ങി. തുഛമായ നാണയത്തുട്ടുകള്‍ നിശ്ചയിച്ച് നബി ﷺ  മക്കക്കാരുടെ ആടുകളെ മേയ്ച്ചു. അങ്ങനെ ചെറുപ്പം മുതലേ അധ്വാനിച്ച് മാതൃകയായി നബി ﷺ .

നബി ﷺ  പറയുന്നു:''അല്ലാഹു നിയോഗിച്ച നബിമാരൊക്കെ ആടിനെ മേയ്ച്ചിട്ടുണ്ട്.'' സ്വഹാബത്ത് ചോദിച്ചു: ''നിങ്ങളും ആടിനെ മേയ്ച്ചിട്ടുണ്ടോ റസൂലേ.'' നബി ﷺ  പറഞ്ഞു: ''ഉണ്ട്. ക്വീറാതുകള്‍ പ്രതിഫലമാക്കി മക്കക്കാരുടെ ആടുകളെ ഞാന്‍ മേയ്ച്ചിട്ടുണ്ട്'' (ബുഖാരി: 2262).

പ്രവാചകത്വത്തിന് മുമ്പ് ആടിനെ മേയ്ക്കുന്നതില്‍ ഒരുപാട് യുക്തികളുണ്ട്

1. സമൂഹത്തെ നയിക്കാനുള്ള പരിശീലനം.

2. ആടുകളുടെ കൂടെനിന്ന് ക്ഷമിക്കാനും സഹിക്കാനും സ്‌നേഹിക്കാനും കരുണകാണിക്കാനുമുള്ള പരിശീലനം.

3. ശത്രുക്കളില്‍ നിന്ന് സമുദായത്തെ രക്ഷിക്കാനുള്ള സാഹസവും പരിശീലനവും.

അബൂത്വാലിബ് നബി ﷺ യെ സംരക്ഷിച്ചുകൊണ്ടിരുന്നു. നാല്‍പത് കൊല്ലത്തില്‍ അധികം നബി ﷺ ക്ക് വേണ്ടി പ്രതിരോധിക്കുകയും ചെയ്തു.

(തുടരും)