കേരളത്തിലെ അറബി ഭാഷ വികാസത്തില്‍ അല്‍ബുശ്‌റ മാസികയുടെ സ്വാധീനം

അലീഫ് ഷാന്‍ സി.എം പറവണ്ണ

2019 ജൂണ്‍ 01 1440 റമദാന്‍ 27

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോട് കൂടി കേരളത്തിലെ അറബി ഭാഷ പഠന രംഗത്ത് സമൂലമായ മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങി. പരമ്പരാഗതമായ ദര്‍സ് പഠന സമ്പ്രദായത്തില്‍ നിന്നും മാറി അറബി ഭാഷാ പഠനം പുതിയ വഴികളിലൂടെ സഞ്ചാരം തുടങ്ങിയ കാലമായിരുന്നു അത്. മുസ്‌ലിം കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുവാന്‍ തുടങ്ങിയതോടെ പൊതുപള്ളിക്കൂടങ്ങളില്‍ അറബി ഭാഷ കയറിച്ചെന്നു.

കാലങ്ങളായി തുടര്‍ന്ന് പോന്നിരുന്ന ദര്‍സ് രീതികള്‍ പുതിയ കാലത്തിന്റെ ആവശ്യം നിര്‍വഹിക്കാനോ ലോകമെങ്ങും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാന വളര്‍ച്ചയുമായി സമരസപ്പെട്ടു പോവാനോ പര്യാപ്തമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ അറബി കലാലയങ്ങള്‍ ഉദയം ചെയ്യുന്നത്. അവിടെ ആധുനിക അറബി ഭാഷയും സാഹിത്യങ്ങളും വര്‍ധിതമായ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ആരംഭിക്കുകയും ഇരുപതാം നൂറ്റാണ്ടോടുകൂടി ശക്തിയാര്‍ജിക്കുകയും ചെയ്ത മുസ്‌ലിം നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായി തന്നെയാണ് അറബി ഭാഷ പഠന രംഗത്ത് പ്രത്യക്ഷമായ ഈ പുതുപ്രവണതകളെയും വീക്ഷിക്കാനാവുക. വക്കം മുഹമ്മദ് അബ്ദുല്‍ ക്വാദിര്‍ മൗലവി, മക്വ്ദി തങ്ങള്‍, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, ഇ.മൊയ്തു മൗലവി, കെ.എം.മൗലവി സാഹിബ്, കെ.എം.സീതി സാഹിബ് തുടങ്ങിയ ധാരാളം പരിഷ്‌കര്‍ത്താക്കള്‍ മുസ്‌ലിം സമുദായത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു.

ഒരു വ്യാഴവട്ടക്കാലം കേരളീയ മനസ്സില്‍ നിറഞ്ഞുനിന്ന കേരള മുസ്‌ലിം ഐക്യസംഘം സാമൂഹിക ഉത്ഥാന ശ്രമങ്ങളില്‍ അതിവേഗം ആഞ്ഞുവീശുന്ന കാറ്റിന്റെ വേഗതയെ ഓര്‍മിപ്പിക്കും വിധം ചടുലതയോടെയാണ് സുപ്രധാനമായ തങ്ങളുടെ ദൗത്യം നിറവേറ്റിയത്. നവോത്ഥാന നായകരുടെ പരിശ്രമഫലമായി മുസ്‌ലിം സമൂഹം പൊതുവിദ്യാഭ്യാസ പ്രക്രിയയില്‍ ഭാഗഭാക്കാകുവാനും 'അറബി മലയാളത്തില്‍' നിന്നും മലയാളത്തിലേക്ക് അവരുടെ ഭാഷാവ്യവഹാരങ്ങള്‍ ചംക്രമണം ചെയ്യാനും തുടങ്ങി.

മുസ്‌ലിം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നു തുടങ്ങിയതോടെ പൊതുവിദ്യാഭ്യാസക്രമത്തില്‍ അറബി ഭാഷയും ഉള്‍പ്പെടുത്തണമെന്ന നിരന്തരമായ ആവശ്യമുയര്‍ന്നു. 1911ല്‍ ആലപ്പുഴ ലജ്‌നതുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന യോഗ തീരുമാനമനുസരിച്ച് വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘം തിരുവിതാംകൂര്‍ രാജാവിനെ കണ്ട് അറബി ഭാഷാപഠനം സംബന്ധിച്ച് നിവേദനം നല്‍കി. 1913ലെ ബിഷപ്പ് കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ച് ഇരുപത്തിയഞ്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഒരു ക്വുര്‍ആന്‍ ടീച്ചറെ നിയമിക്കാന്‍ ഉത്തരവായി.

സ്‌കൂള്‍ പഠന സമയത്തിന് മുമ്പ് നടന്നിരുന്ന ഈ ക്ലാസുകള്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ ദിവാനായിരിക്കെ സ്‌കൂള്‍ പഠന സമയത്ത് തന്നെ ക്രമീകരിക്കുകയും അധ്യാപകര്‍ക്ക് 'അറബി മുന്‍ഷി' എന്ന പേര് നല്‍കുകയും ചെയ്തു. 1921ലെ കലാപം സൃഷ്ടിച്ച ഫലങ്ങള്‍ വിലയിരുത്തിക്കൊണ്ട് 1930ലെ ഗവര്‍ണര്‍ സര്‍ മുഹമ്മദ് ഉഥ്മാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് മലബാറില്‍ അറബിക് പണ്ഡിറ്റുമാരുടെയും റിലീജിയസ് ഇന്‍സ്ട്രക്ടര്‍മാരുടെയും നിയമനം നടത്തി.

അറബിയെ രണ്ടാം ഭാഷകളിലൊന്നായി പരിഗണിച്ച് ആറാം തരം (അന്നത്തെ ഫസ്റ്റ് ഫോറം) മുതല്‍ അറബി ഭാഷ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. അറബിഭാഷാ പഠനരംഗത്തെ മറ്റൊരു വഴിത്തിരിവായിരുന്നു അറബി, മത ഭൗതിക പഠനങ്ങള്‍ സമന്വയിപ്പിച്ച വിദ്യഭ്യാസ കേന്ദ്രങ്ങളുടെ പിറവി. സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കരിഞ്ചാപാടിയില്‍ 1914ല്‍ ആരംഭിച്ച 'അല്‍ മക്തബതുല്ലുസൂമിയ്യ' മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച ഒരു പാഠശാലയ്ക്ക് ഉദാഹരണമാണ്.

മലബാറിലെ സര്‍ സയ്യിദ് എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ മുസ്‌ലിം വിദ്യഭ്യാസ രംഗത്തെ അഗ്രേസരനായ പരിഷ്‌കര്‍ത്താവ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 1909ലാണ് വാഴക്കാട് ദര്‍സിലെത്തുന്നത്. അറബി ഭാഷ അഭ്യസിപ്പിക്കുവാന്‍ പ്രത്യേകം പാഠപുസ്തകങ്ങള്‍ തയ്യാറാക്കിക്കൊണ്ട് അദ്ദേഹം പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. അറബി ഭാഷയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും പൂര്‍ണമായ നിലയില്‍ കരസ്ഥമാക്കുവാന്‍ പര്യപ്തമായ ഒരു നവീന പാഠ്യപദ്ധതി അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പിലാക്കി. കര്‍മശാസ്ത്രം, തഫ്‌സീര്‍, ഹദീഥ് എന്നിവയ്ക്ക് പുറമെ ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം, മലയാള സാഹിത്യം എന്നിവയെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. മലയാളം, ഉര്‍ദു ഭാഷകളും ശിഷ്യരെ അഭ്യസിപ്പിക്കുവാന്‍ മൗലാന പ്രത്യേകം രീതികള്‍ ആവിഷ്‌കരിച്ചു. ഓഫീസും ഹാളും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസ സൗകര്യങ്ങളും അടങ്ങുന്ന ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും തന്റെ മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ച അദ്ദേഹം ആ വിദ്യഭ്യാസ കേന്ദ്രത്തിന് ദാറുല്‍ ഉലൂം (വിജ്ഞാനങ്ങളുടെ ഗേഹം) എന്ന് നാമകരണം ചെയ്തു. ചാലിലകത്തിന്റെ നേതൃത്വത്തില്‍ ദാറുല്‍ ഉലും മദ്‌റസ ഒരു ഉന്നത സര്‍വകലാശാലയായി ഉയര്‍ന്നു. നൂറിലധികം വിദ്യാര്‍ഥികള്‍ അന്ന് ദാറുല്‍ഉലൂമില്‍ താമസിച്ച് പഠിക്കുന്നുണ്ടായിരുന്നു. വ്യത്യസ്ത ഇടങ്ങളില്‍ ദര്‍സ് നടത്തിക്കൊണ്ടിരുന്ന അധ്യാപകര്‍ ഉള്‍പ്പെടെ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ഉയര്‍ന്ന മതപണ്ഡിതര്‍ ആ മദ്‌റസയിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

നിലനിന്നിരുന്ന ദര്‍സ് വ്യവസ്ഥിതിയോട് കലഹിച്ച ചാലിലകത്തിന് പരിഷ്‌കരണങ്ങള്‍ ഉള്‍കൊള്ളാനാവാത്ത യാഥാസ്ഥിതികര്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ കാരണം അഞ്ച് വര്‍ഷത്തിന് ശേഷം ദാറുല്‍ഉലൂം വിടേണ്ടിവന്നു. പക്ഷേ, അദ്ദേഹം വിദ്യഭ്യാസ രംഗത്ത് സൃഷ്ടിച്ച അനുരണനങ്ങള്‍ വളരെ വലുതായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രകടമാകുന്ന ഭാഷാ പഠന രംഗത്തെ ഈ പുത്തന്‍ ഉണര്‍വുകള്‍ നാല്‍പതുകളോടെ മൂര്‍ത്തഭാവം കൈവരിക്കുന്ന അസുലഭ സൗഭാഗ്യത്തിനും കേരള മുസ്‌ലിം ജനത സാക്ഷ്യം വഹിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക സര്‍വകലാശാലയായ ഈജിപ്തിലെ ജാമിഉല്‍ അസ്ഹറില്‍ നിന്ന് നീണ്ട പത്ത് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി വന്ന മൗലാന അബുസ്സ്വബാഹ് അഹ്മദലി മൗലവി അല്‍അസ്ഹറിലെ നൂതന പഠന രീതികള്‍ അവലംബിച്ച് ഉന്നത അറബി ഭാഷാ പഠനം ലക്ഷ്യം വെച്ച് കേരളത്തിലെ ആദ്യത്തെ അറബിക്കോളേജായ 'റൗദത്തുല്‍ ഉലൂം' 1942 ജനുവരിയില്‍ സ്ഥാപിച്ചു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ഉന്നത അറബി ഭാഷാ കലാലയങ്ങള്‍ കൂടി സ്ഥാപിക്കപ്പെട്ടു.1943 ല്‍ ദാറുല്‍ ഉലൂം അറബിക് കോളേജ് വാഴക്കാട്ടും 1944 ല്‍ എന്‍.വി.അബ്ദുസ്സലാം മൗലവി സുല്ലമുസ്സലാം അറബിക് കോളേജ് അരീക്കോട്ടും രണ്ട് വര്‍ഷത്തിന് ശേഷം 1946ല്‍ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയുടെ ശ്രമഫലമായി മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പുളിക്കലിലും സ്ഥാപിക്കപ്പെട്ടു.

കേരളത്തിലെ അറബി ഭാഷാ പഠന രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രത്യക്ഷമായ രണ്ട് മാറ്റങ്ങളാണ് നമുക്ക് നിരീക്ഷിക്കാനാവുക. അതിലൊന്ന് പൊതു വിദ്യാലയങ്ങളില്‍ അറബി ഭാഷാ പഠനം ആരംഭിച്ചു എന്നതാണ്. മറ്റൊന്ന് ഉന്നത ഭാഷാ പഠനവും പ്രയോഗവും ലക്ഷ്യംവെച്ചുള്ള ഉന്നത കലാലയങ്ങളുടെ ആരംഭമാണ്. ഇവ രണ്ടും കേരളത്തിലെ അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും സഹായകമായിത്തീര്‍ന്നു എന്നതില്‍ സംശയമില്ല.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അറബി ഭാഷാ സമൂഹവുമായുള്ള ബന്ധങ്ങളാണ് കേരളത്തില്‍ ഉന്നത ഭാഷാ കലാലയങ്ങള്‍ തുടങ്ങുന്നതിന് കാരണമായി ഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാനാവും. അക്കാലത്ത് ഇന്ത്യയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ വെല്ലൂര്‍ ബാക്വിയാതുസ്സ്വാലിഹാതിലെ ഉപരിപഠനം കഴിഞ്ഞു വന്നാണ് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും തങ്ങളുടെ വിദ്യഭ്യാസ പദ്ധതികള്‍ പ്രയോഗവത്കരിക്കുന്നത്. ഇവര്‍ക്ക് ശേഷം ഇവരുടെ ശിഷ്യരും മറ്റുമായി നിരവധിപേര്‍ കേരളത്തിന് പുറത്തെ അറബി കലാലയങ്ങളില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഈജിപ്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളായ 'ജാമിഉല്‍ അസ്ഹര്‍', 'കെയ്‌റോ യൂണിവേഴ്‌സിറ്റി' എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ പഠനം കഴിഞ്ഞ് തിരിച്ചെത്തി.

കേരളത്തിലെ അറബി ഭാഷാ പഠനത്തിലുണ്ടായ ഇത്തരം മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് അരീക്കോട് നിന്നും ദക്ഷിണേന്ത്യയിലെ ആദ്യത്തെ അറബി പ്രസിദ്ധീകരണമായ 'അല്‍ ബുശ്‌റ' അറബി മാസിക 1963 ല്‍ ആരംഭിക്കുന്നത്. കേരളത്തിലെ അറബി പത്രപ്രവര്‍ത്തന രംഗത്തെ സുപ്രധാന നാഴികക്കല്ലായിരുന്നു അത്.

പ്രമുഖ അറബിഭാഷാ പണ്ഡിതനും ദീര്‍ഘകാലം സുല്ലമുസ്സലാം അറബിക്കോളേജ് പ്രിന്‍സിപ്പളുമായിരുന്ന കെ.പി.മുഹമ്മദ് മൗലവിയായിരുന്നു മാസികയുടെ അമരത്തുണ്ടായിരുന്നത്. കേരളത്തില്‍ നിന്നും ഒരു അറബി മാസിക ഇറക്കുക എന്ന പൂര്‍വകാല അറബി പണ്ഡിതന്മാരുടെ ഉള്ളില്‍ അലയടിച്ചിരുന്ന ആഗ്രഹം കെ.പി.മുഹമ്മദ് മൗലവിയിലൂടെ തീരം കാണുകയായിരുന്നു.

ഈജിപ്തിലെ ഫ്രഞ്ച് അധിനിവേശത്തോട് കൂടിയാണ് ലോകാടിസ്ഥാനത്തില്‍ അറബ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. അച്ചടി യന്ത്രവുമായി കടന്നുവന്ന പാശ്ചാത്യരാണ് ഈജിപ്തില്‍ നിന്നും ആദ്യത്തെ അച്ചടി മാധ്യമം പുറത്തിറക്കിയത്. 1828 ല്‍ മുഹമ്മദലി പാഷയുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കിയ 'അല്‍ വഖാഇഉല്‍ മിസ്വ്‌രിയ്യ' ആണ് ആദ്യത്തെ ലക്ഷണമൊത്ത അറബി പത്രം.

 

1871 ഒക്ടോബറില്‍ ലാഹോറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട 'അന്നഫ്ഉല്‍ അദ്വീം ലി അഹ്‌ലി ഹാദല്‍ ഇക്വ്‌ലീം' എന്ന വാരികയാണ് ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിച്ച പ്രഥമ അറബി ആനുകാലികം. പഞ്ചാബ് സര്‍വകലാശാല രജിസ്ട്രാറുടെ മേല്‍നോട്ടത്തിലായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. കല്ലച്ചില്‍ മുദ്രണം ചെയ്തിരുന്ന ഇതില്‍ മത, സാഹിത്യ, സാംസ്‌കാരിക, വാര്‍ത്തകളും സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് കൊണ്ടുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് സര്‍ സയ്യിദ് അഹ്മദ് ഖാന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു പത്രം സ്വീകരിച്ചിരുന്നത്.

1902ല്‍ ലഖ്‌നോവില്‍ നിന്നും പുറത്തിറക്കിയ 'അല്‍ബയാന്‍,' 1923ല്‍ മൗലാന അബുല്‍ കലാം ആസാദ് കല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിച്ച 'അല്‍ ജാമിഅ,' 1931ല്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമയില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ച 'അദ്ദിയാഅ്,' 1950ല്‍ മൗലാനാ ആസാദിന്റെ ശ്രമഫലമായി കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴില്‍ പുറത്തിറക്കിയ 'സക്വാഫതുല്‍ ഹിന്ദ്' തുടങ്ങിയവയാണ് അതിന് ശേഷം ഇന്ത്യയില്‍ നിന്നും പുറത്തിറങ്ങിയ പ്രധാന ആനുകാലികങ്ങള്‍. കറാച്ചിയില്‍ നിന്നും അബ്ദുല്ല മുന്‍ഇം അല്‍അദവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'അല്‍അറബ്' മാസികയ്ക്കും 1955ല്‍ നദ്‌വതുല്‍ ഉലമ ലഖ്‌നൗവില്‍ നിന്നും പ്രസിദ്ധീകരണം തുടങ്ങിയ 'അല്‍ ബഅ്ഥുല്‍ ഇസ്‌ലാമി'ക്കും കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു. നിരവധി മലയാളികള്‍ ഈ പത്രമാസികകളില്‍ ലേഖനങ്ങളെഴുതി.

1958 സെപ്തംപര്‍ 21ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന കേരളത്തിലെ അറബി ഭാഷാ പ്രേമികളുടെ യോഗത്തില്‍ വെച്ചാണ് അറബി ഭാഷാ പ്രചാരണം ലക്ഷ്യം വെച്ച് കൊണ്ട് 'കേരള അറബി പ്രചാരസഭ' രൂപം കൊള്ളുന്നത്. ഇ.കെ.മൗലവി സാഹിബായിരുന്നു ആ യോഗത്തിന്റെ അധ്യക്ഷന്‍. കെ.പി.മുഹമ്മദ് മൗലവിയെ ആ യോഗം കേരള അറബി പ്രചാരസഭയുടെ അധ്യക്ഷ സ്ഥാനം ഏല്‍പിച്ചു. പുളിക്കല്‍ മദീനതുല്‍ ഉലൂം അറബിക്കോളേജ് കേന്ദ്രമാക്കിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്. അറബി ഭാഷാ പ്രചാരണത്തിനായി സഭ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പൂര്‍ണമായും അറബി ഭാഷയില്‍ മാത്രം സംസാരിക്കുന്ന പൊതുയോഗങ്ങള്‍ സഭയുടെ കീഴില്‍ സംഘടിപ്പിക്കപ്പെട്ടു. അറബിക്കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി മത്സര പരിപാടികള്‍ അറബി പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ നടന്നു. കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയുടെ വീട്ടില്‍ വിളിച്ചുചേര്‍ത്ത ഈ അറബി ഭാഷാ സ്‌നേഹികളുടെ ശ്രമഫലമായാണ് 'അല്‍ ബുശ്‌റ' അറബി മാസിക യാഥാര്‍ഥ്യമാവുന്നത്. (അവസാനിച്ചില്ല)