ദൈവഭക്തിയെ സംബന്ധിച്ച ദിവ്യവചനങ്ങളും ഹമദാനി തങ്ങളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ നവോത്ഥാന മുന്നേറ്റം വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഒതുങ്ങിനിന്നില്ല. സര്‍വതല സ്പര്‍ശിയായ പരിവര്‍ത്തനത്തിന് വ്യക്തിയെയും സമൂഹത്തെയും സജ്ജമാക്കുന്നത് ദൈവഭക്തിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ശൈഖ് പ്രവര്‍ത്തനമാരംഭിക്കുന്നത് തന്നെ. പ്രവാചകന്റെയും അനുചരന്മാരുടെയും കാലത്തെ കലര്‍പ്പില്ലാത്ത ഇസ്ലാമിലേക്ക് കേരള മുസ്ലിം സമാജത്തെ മടക്കിക്കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ശീഈ, സ്വൂഫീ ബഹുദൈവ വിശ്വാസത്തിനെതിരില്‍ സന്ധിയില്ലാത്ത സമരം നടത്തുകയും ചെയ്ത ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ പ്രവാചകന്മാരും ഉത്തമ നൂറ്റാണ്ടുകാരും സഞ്ചരിച്ച അതേ മാര്‍ഗത്തില്‍ തന്നെ ആയിരുന്നു സഞ്ചരിച്ചിരുന്നത് എന്നത് അദ്ദേഹത്തിന്റെ ഓരോ രചനയും ബോധ്യപ്പെടുത്തുന്നുണ്ട്. 

ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വികൃതാനുഷ്ഠാനങ്ങളെയും ഇറാന്‍ പോലെയുള്ള ശീഈ നാടുകളില്‍ നിന്നും കായല്‍പട്ടണം വഴി സ്വൂഫിസത്തിന്റെ മറവില്‍ കേരളത്തിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നു. ഇന്നും കായല്‍പട്ടണം സന്ദര്‍ശിക്കുന്ന ആര്‍ക്കും ആ വ്യതിയാനത്തിന്റെ ദുരന്തമുഖങ്ങള്‍ നേരിട്ടനുഭവിക്കാന്‍ കഴിയും. ന്യൂനതകള്‍ നിറഞ്ഞ നൂതന നിര്‍മിതികളെ ശൈഖ് പ്രതിരോധിച്ചത്; അദ്ദേഹത്തിന്റെ ലേഖനങ്ങളിലും ഗ്രന്ഥത്തിലും സന്ദര്‍ഭോചിതമായി വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളും പ്രവാചകചര്യയും മലയാളത്തിലേക്കും അറബി മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തുകൊണ്ടാണ്. 

അറബി മലയാളത്തില്‍ ക്വുര്‍ആന്‍ പരിഭാഷാ പ്രവണത അദ്ദേഹത്തിന് മുമ്പ് തന്നെ പ്രകടമായിരുന്നുവെങ്കിലും അക്കാലത്ത് മലയാളത്തില്‍ ഭാഗികമായെങ്കിലും മലയാള ലിപിയിലുള്ള ക്വുര്‍ആന്‍ പരിഭാഷക്ക് തുടക്കം കുറിച്ചവര്‍ വക്കം മൗലവിയും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളിലെ ലേഖകന്മാരായ ഹമദാനി തങ്ങളെപ്പോലുള്ളവരുമാണെന്നാണ് ലഭ്യമായ രേഖകളില്‍ നിന്ന് മനസ്സിലാകുന്നത്. 

നവോത്ഥാനം എങ്ങിനെയാണ് സാധ്യമാകുന്നത് എന്നതിനെച്ചൊല്ലി വലിയ ചര്‍ച്ചകള്‍ എല്ലായിടത്തും വേണ്ടതിലും അതിലധികവും നടന്നിട്ടുണ്ട്. ആ ചര്‍ച്ചകളൊക്കെ പലപ്പോഴും വിഷയത്തിന്റെ ഏതെങ്കിലും ഒരു അരികുപറ്റി നില്‍ക്കുകയാണ് ചെയ്തത്. സമഗ്രമായ സമുദായ നവോത്ഥാനത്തെ സംബന്ധിച്ച് മുസ്‌ലിം പരിഷ്‌കര്‍ത്താക്കളുടെ കാഴ്ചപ്പാട് വ്യക്തമാക്കാനുതകുന്നതാണ് 'ദൈവഭക്തി' എന്ന ശീര്‍ഷകത്തില്‍ വക്കം മൗലവിയുടെ 'മുസ്‌ലിം' മാസികയില്‍ വന്ന ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ ലേഖനം. 

നവോത്ഥാനം എന്ന പദം കടന്നുവരുന്നത് ആധുനികതയുമായി ബന്ധപ്പെട്ടാണ്. മത സ്വത്വത്തെയും സമുദായസ്വത്വത്തെയും മതേതര ആധുനികതയുടെ യുക്തിയില്‍ വേവിച്ചെടുക്കാനുള്ള സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് അതിന്റെ പരിധിയില്‍ വരുന്നത്. സാമൂഹിക മാറ്റത്തിന് ചാലകശക്തിയാകാനും നാഗരിക വികാസത്തെ ഉള്‍ക്കൊള്ളാനുമുള്ള ചില സ്ഥാപിത മതങ്ങളുടെ കഴിവുകേടാണ് ആധുനിക നവോത്ഥാനത്തെ വിളിച്ചുവരുത്തി വിരുന്നൂട്ടിയത്. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ സ്വാധീനഫലമായി ഇന്ത്യയിലും കേരളത്തിലും രൂപംകൊണ്ട ഹൈന്ദവ-ക്രൈസ്തവ നവോത്ഥാനങ്ങളും നടേ പറഞ്ഞ ആധുനിക നവോത്ഥാന പരിപ്രേഷ്യത്തില്‍ ആവിര്‍ഭവിച്ചതാണ്. അവിടെയൊക്കെ യുക്തിചിന്തയാണ് പലപ്പോഴും ഭക്തിചിന്തയെ മികച്ച് നിന്നിട്ടുള്ളത്. 

ലോകത്തൊട്ടുക്കും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഉണ്ടായ മുസ്‌ലിം നവോത്ഥാനത്തെ സൃഷ്ടിച്ചെടുത്തത് ആധുനിക നവോത്ഥാനത്തിന്റെ ആശയ സ്രോതസ്സുകളല്ല. പക്ഷേ, അത് പില്‍ക്കാലത്ത് മുസ്‌ലിംകള്‍ തന്നെ തിരിച്ചറിയാതെ പോയി എന്നത് സങ്കടകരമാണ്. സാമൂഹിക പതനം യാഥാര്‍ഥ്യമായിക്കഴിയുമ്പോള്‍ കാലക്രമേണയെങ്കിലും അതിനെ മറികടന്ന് ഉയര്‍ന്നുവരാനുള്ള ശേഷി ഇസ്‌ലാമിക സമൂഹത്തില്‍ അന്തര്‍ലീനമാണ്. 

മുസ്‌ലിംകളുടെ സാമുദായിക വ്യക്തിത്വത്തെയും മത സ്വത്വത്തെയും രൂപീകരിക്കുന്നത് ഇസ്ലാമാണ് എന്നതാണ് ആ കരുത്തിന്റെ കാതല്‍. ബാഹ്യഘടകങ്ങളുടെ സ്വാധീനം ഇതര സമുദായങ്ങളുടെ നവോത്ഥാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ മുസ്‌ലിം നവോത്ഥാനത്തില്‍ തുലോം കുറവാണെന്ന് കാണാം. ഇതര വിഭാഗങ്ങളുടെ സമകാലിക സാമുദായിക സ്വത്വത്തെ രൂപപ്പെടുത്തിയത് തന്നെ ആധുനികതയാണ്. അതേ അളവുകോല്‍ മുസ്‌ലിം സമുദായത്തിനും ബാധകമാക്കാനുള്ള ശ്രമങ്ങള്‍ ചരിത്രത്തോട് ചെയ്യുന്ന നന്ദികേടാണ് എന്നതില്‍ സംശയമില്ല. ഒന്ന് മത തത്ത്വങ്ങളില്‍ നിന്ന് പുറത്തുകടന്ന് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ശുദ്ധവായു ശ്വസിക്കാനുള്ള പോരാട്ടമായിരുന്നെങ്കില്‍ മറ്റേത് മത തത്ത്വങ്ങളിലേക്ക് തിരിച്ചു പോകലാണ് പരിവര്‍ത്തനത്തിന്റെ വഴി എന്ന ആഹ്വാനമായിരുന്നു. ഈ ആശയ പരിസരമാണ് ഹമദാനി തങ്ങളുടെ 'ദൈവഭക്തി' എന്ന ലേഖനത്തെ ഇന്നും പ്രസക്തമാക്കുന്നത്. 

വ്യത്യസ്ത സന്യാസി സരണികളെ സത്യമതമായി സങ്കല്‍പിച്ചിരുന്ന സമൂഹത്തില്‍, പ്രായോഗികമായ പ്രബോധന രീതിശാസ്ത്രങ്ങളുപയോഗിച്ച്, പ്രമാണങ്ങളുദ്ധരിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു ഗുണകാംക്ഷാ മനസ്സ് ശൈഖിന്റെ രചനകളില്‍ നമുക്ക് വായിക്കാന്‍ കഴിയും. 

കാറ്റിനെയും മഴയെയും ജനനമരണങ്ങളെയും സ്വേഛാപൂര്‍വം നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍വശക്തനായ അല്ലാഹുവിന് മാത്രമല്ല; ശൈഖുമാര്‍ക്കും ക്വുത്വുബുകള്‍ക്കും സദൃശമായ കല്‍പിത പദവികളലങ്കരിക്കുന്ന സന്യാസികള്‍ക്കും കഴിയുമെന്ന് പല ത്വരീക്വത്തുകാരും അന്നും ഇന്നും വിശ്വസിക്കുന്നു. മനുഷ്യന് മനുഷ്യന്‍ എന്ന പരിധിക്കപ്പുറം കടക്കാന്‍ കഴിയുകയില്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. എന്നാല്‍ ത്വരീക്വത്തുകള്‍ പഠിപ്പിക്കുന്നത് മനുഷ്യന് ദൈവത്തോളമെത്തുന്ന 'വിലായത്ത്' എന്ന പദവി വരെ ഉയരാന്‍ കഴിയുമെന്നാണ്. 

മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയെന്ന നിലക്ക് പച്ചയായ മാനുഷികാവസ്ഥയില്‍ നിലനിന്നുകൊണ്ട് തന്നെ മരണശേഷം പരലോകത്ത് സുരക്ഷിതമായ ശാശ്വത ജീവിതം ലഭിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമികമായ ജീവിതാനുശാസനത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇഹലോകത്ത് തന്നെ ദിവ്യത്വവും അത്ഭുതസിദ്ധികളും കരസ്ഥമാക്കി ആള്‍ദൈവങ്ങളായി പരിണമിക്കലാണ് മനുഷ്യന്റെ ലക്ഷ്യമെന്നാണ് ത്വരീക്വത്തുകാരുടെ സിദ്ധാന്തം. 

ദൈവഭക്തി വ്യക്തിയെയും സമൂഹത്തെയും പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെയെന്ന് സൈദ്ധാന്തികമായി വിശദീകരിക്കുകയാണ് ഹമദാനി തങ്ങള്‍ ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. ദൈവഭക്തി നേടാനുള്ള മാനസിക തയ്യാറെടുപ്പുകള്‍ എങ്ങിനെ നിര്‍വഹിക്കണമെന്നും ദൈവഭക്തിയുടെ ഇഹപര നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകന്റെയും തദ്വിഷയകമായ ഉപദേശങ്ങള്‍ പരിഭാഷപ്പെടുത്തിക്കൊണ്ട് ഹമദാനി തങ്ങള്‍ സമര്‍ഥിക്കുന്നു. 

സ്വന്തം കുടുംബാംഗങ്ങളോട് സ്‌നേഹമില്ലാതെ പെരുമാറുമ്പോഴും ജോലിയില്‍ വിശ്വസ്തത കാണിക്കാതെ പ്രവര്‍ത്തിക്കുമ്പോഴും ദൈവഭക്തന്‍ എന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമാണല്ലോ. കൈക്കൂലിയും അഴിമതിയും നിറഞ്ഞ ജീവിതം നയിക്കുന്ന പലരും ഭക്ത്യാനുഷ്ഠാനങ്ങളില്‍ കൃത്യനിഷ്ഠ പുലര്‍ത്തുന്നുണ്ട്. വാശിയും വൈരാഗ്യവും വെടിയാനുള്ള മനസ്സില്ലാതെ ദൈവഭക്തിയുടെ പുറങ്കുപ്പായം ധരിക്കുന്നവരും പെരുകിക്കൊണ്ടിരിക്കുന്നു. മത പ്രമാണങ്ങളോട് അലംഭാവം പുലര്‍ത്തിക്കൊണ്ടുള്ള ദൈവഭക്തി ഭൗതികമായി ചില നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് അത്തരം പ്രകടനങ്ങളുടെ പിന്നിലെ ചേതോവികാരം. എന്നാല്‍ പൂര്‍ണമായും ഇസ്ലാമിക പ്രമാണങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന ദൈവഭക്തിയാണ് ആത്മീയോല്‍ക്കര്‍ഷമുണ്ടാക്കുക എന്ന് സമുദായ സംഘടനാ നേതാക്കളധികവും തിരിച്ചറിയുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. അപരനെ ഒതുക്കാനുള്ള പരപായലാണ് നവോത്ഥാനമെന്ന് ധരിക്കുന്നവര്‍ക്ക് ഏതുതരം സാമൂഹ്യമാറ്റത്തിനാണ് നേതൃത്വം നല്‍കാനാവുക?! കപട ആത്മീയതകളുടെ വേഷംകെട്ടിയാടലുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്ന ഇക്കാലത്ത് ഹമദാനി തങ്ങളുടെ ലേഖനം തരുന്ന തിരിച്ചറിവ് വളരെ വലുതാണ്. നവോത്ഥാനത്തിന് നായകത്വം വഹിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ പോലും സര്‍വശക്തനായ ജഗന്നിയന്താവിനോട് അശേഷം ഭയമോ ഭക്തിയോ ഇല്ലാത്തവരാണ് എന്നതാണ് നമ്മുടെ കാലത്തിന്റെ ദുര്യോഗം. നമ്മുടെ കാലത്തെക്കാളുമധികം കക്ഷി വഴക്കുകളില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന മുസ്‌ലിം സമുദായത്തിലെ ആയിരക്കണക്കിന് അംഗങ്ങള്‍ക്ക് ആ ലേഖനം ആശ്വാസം പകര്‍ന്നു. വിവിധ ത്വരീക്വത്തുകാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭക്തിസംബന്ധമായ സംജ്ഞകളെ പ്രാമാണികമായി മാറ്റിയെഴുതുകയാണ് അദ്ദേഹം ചെയ്തത്. 

ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ തന്റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: 'ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പരമാര്‍ഥ ഭക്തിയോടുകൂടിയ ഭക്തന്മാരേ, നിങ്ങള്‍ സന്തോഷത്തോടുകൂടി ഭക്തിയില്‍ തന്നെ എപ്പോഴും ജീവിക്കുക. ഭക്തി മാത്രമാണ് സാരമായിട്ടുള്ളത്. മറ്റെല്ലാവും വെറും മിഥ്യ തന്നെ. നമ്മളുടെ ജീവിതം മുഴുവന്‍ ഭക്തി നിറഞ്ഞതും പരിശുദ്ധവും ദിവ്യവുമായിരിപ്പാന്‍ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ. ദൈവത്തെയല്ലാതെ മറ്റൊന്നിനെയും നിങ്ങള്‍ ഭയപ്പെടരുത്. നിങ്ങളുടെ മുമ്പിലുള്ള ലോകമെല്ലാം പാപത്തില്‍ മുങ്ങിക്കിടന്നാലും അതില്‍ നിങ്ങള്‍ കുടുങ്ങരുത്. നിങ്ങള്‍ ഭക്തിയില്‍ തന്നെ ദൃഢചിത്തതയോടു കൂടി ജീവിക്കുവിന്‍. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ പ്രവേശിച്ചുവോ ആ കാര്യത്തെ മുറുകെപ്പിടിക്കുക. എത്ര പ്രതിബന്ധങ്ങള്‍ നേരിട്ടാലും ഭക്തിയില്‍നിന്ന് ഒരടിയെങ്കിലും നിങ്ങള്‍ പിന്മാറരുത്.'(1)

പിഴച്ച ത്വരീക്വത്തുകളല്ല; വിശ്വാസവും ഭക്തിയുമാണ് ദൈവസാമീപ്യവഴികള്‍. എല്ലാ മനുഷ്യരും ദൈവസാമീപ്യം ആഗ്രഹിക്കുന്നു. മാനവിക വിരുദ്ധമായ വഴികള്‍ വരെ അതിനായി തെരഞ്ഞെടുക്കുന്നവരുണ്ട്. അടി മുതല്‍ മുടി വരെ മാനവികമാണെന്നതാണ് ഇസ്‌ലാമിന്റെ വിശ്വാസാനുഷ്ഠാനങ്ങളുടെ സവിശേഷത. ഇസ്ലാമികേതരമായ പല ദര്‍ശനങ്ങളിലും ഇസ്‌ലാമിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന പല ത്വരീക്വത്തുകളിലും ദൈവസാമീപ്യം ലഭിക്കണമെങ്കില്‍ മനുഷ്യന്‍ മനുഷ്യനല്ലാതെയാകണം എന്ന ചിന്ത കാണാന്‍ കഴിയും. ഹമദാനി തങ്ങളുടെ കാലത്ത് അറിയപ്പെട്ടിരുന്ന നക്ഷബന്തി, ക്വാദിരി, ശാദുലി, രിഫാഈ ത്വരീക്വത്തുകള്‍ ദൈവ സാമീപ്യത്തിന് നിര്‍ദേശിച്ചിരുന്ന പോംവഴികള്‍ ഇസ്‌ലാമിക പ്രമാണങ്ങളോട് ഒരു നിലക്കും യോജിക്കാത്തതായിരുന്നു. ഹമദാനി തങ്ങളാകട്ടെ പരിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ക്കും പ്രവാചകന്റെ തിരുമൊഴികള്‍ക്കും അനുസൃതമായാണ് ഇക്കാര്യം വിശദീകരിച്ചത്. 

''വിശ്വാസവും ഭക്തിയും മോക്ഷ സമ്പാദനത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഉപകരണങ്ങളാകുന്നു. 'വിശ്വാസികളേ, നിങ്ങള്‍ ദൈവത്തോട് ഭക്തി ഉള്ളവരായി ജീവിക്കുവിന്‍. എല്ലാ ആത്മാക്കളും നാളത്തേക്ക് (പരലോകത്തേക്ക്) എന്താണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ ദൈവത്തോട് ഭയഭക്തി ഉള്ളവരായിരിക്കുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നവയെ നിശ്ചയമായും ദൈവം അറിയുന്നവനാണ്' എന്ന് ദൈവം ആജ്ഞാപിച്ചിരിക്കുന്നു. 'അവസാന വിജയം ദൈവ ഭക്തന്മാര്‍ക്കാകുന്നു'(2) എന്ന പരിശുദ്ധ വാക്യത്തെ നിങ്ങള്‍ മറന്നുകളയരുത്. പരമാര്‍ഥവും(3) പരിശുദ്ധവുമായ ഭക്തി ഒന്നുമാത്രമാണ് ദൈവത്തിന്റെ ദയാപുരസ്സരമായ സ്‌നേഹത്തിന് മനുഷ്യനെ പാത്രമാക്കിത്തീര്‍ക്കുന്നത്. 'നിശ്ചയമായും ദൈവം ഭക്തന്മാരെ സ്‌നേഹിക്കുന്നു'(4) എന്ന് ക്വുര്‍ആനില്‍ ദൈവം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കല്‍പിച്ചിരിക്കുന്നു. 

ഭക്തിയില്ലാത്ത വെറും ജ്ഞാനം കൊണ്ടോ യോഗം കൊണ്ടോ മാത്രം ദൈവത്തോടടുപ്പാന്‍ കഴിയുകയില്ല. ഭക്തിയില്ലാത്തവരില്‍ നിന്ന് ദൈവം യാതൊന്നും സ്വീകരിക്കുന്നതല്ല. 'ഭക്തന്മാരില്‍ നിന്ന് മാത്രമെ ദൈവം സ്വീകരിക്കുകയുള്ളൂ' (മാഇദ).(5) ഭക്തിയുടെ അവസാനം ദൈവസ്‌നേഹമാകുന്നു. കളങ്കരഹിതവും പരിശുദ്ധവുമായ ഹൃദയത്തെ വഹിക്കുന്നവനാരോ അവന്‍ മാത്രമാണ് ഇതിന്റെ പരമാനന്ദത്തെ അനുഭവിക്കാന്‍ അര്‍ഹനായിട്ടുള്ളവന്‍.''(6)

വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷാന്തരീകരണം: ഹമദാനി തങ്ങളുടെ ശൈലി 

വിശുദ്ധ ക്വുര്‍ആനിന്റെ വ്യാകരണ ഘടനക്കും ഭാഷാ സവിശേഷതകള്‍ക്കും ഊനം തട്ടാത്ത വിധം, സാധാരണ മലയാളിക്ക് പരിചിതമായതും മലയാള ഭാഷയില്‍ അംഗീകൃതവുമായ പദങ്ങള്‍ മാത്രം തെരഞ്ഞെടുത്തുകൊണ്ടാണ് ശൈഖ് ഹമദാനി വിശുദ്ധ ക്വുര്‍ആന്‍ സൂക്തങ്ങളുടെ ഭാഷാന്തരീകരണം മനോഹരമായി നിര്‍വഹിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടിനു ശേഷവും നമുക്ക് ആ ശൈലി ഹൃദ്യമായി അനുഭവപ്പെടുന്നുവെന്നത് വിസ്മയകരമാണ്. 

ഭക്തന്മാര്‍ക്ക് പരലോകത്തില്‍ ലഭിക്കുന്ന പദവികളെപ്പറ്റി ക്വുര്‍ആന്‍ സൂക്തങ്ങളുടെ പരിഭാഷാ സഹിതം ഹമദാനി തങ്ങള്‍ തന്റെ ലേഖനത്തില്‍ പഠിപ്പിക്കുന്ന പ്രധാന വസ്തുതകള്‍ ഇനി പറയുന്നു. 

'ഭക്തന്മാര്‍ നിശ്ചയമായും നിര്‍ഭയ സ്ഥാനത്തിലാകുന്നു'(സൂറതുദ്ദുഖാന്‍).(7) ഇതാകുന്നു പരിശുദ്ധ പദം. 

'ആരൊരുവന്‍ ദൈവത്തില്‍ ഭയഭക്തിയുള്ളവനായിരിക്കുന്നുവോ അവന് ദൈവം രക്ഷാമാര്‍ഗം ഉണ്ടാക്കിക്കൊടുക്കും; അവന്‍ വിചാരിക്കാത്ത നിലയില്‍ അവന് അവന്‍ ആഹാരത്തെ നല്‍കും. ആരൊരുവന്‍ ദൈവത്തെ ആശ്രയിക്കുന്നുവോ അവന് ദൈവം മതിയാകും' (സൂറതുത്ത്വലാക്വ്).(8)

'നിങ്ങള്‍ നാസ്തികരാകരുത്.'(9)

'അവിശ്വാസികളാകരുത്.'(10)

'മതഭ്രഷ്ടരാകരുത്.'(11)

'ദുര്‍മാര്‍ഗികളാകരുത്.'(12)

'മുസ്‌ലിമീങ്ങളായി(അനുസരണമുള്ളവരായി)രിക്കുവിന്‍.'(13)

'വിശ്വാസികളായിരിക്കുവിന്‍.'(14)

'ഭയഭക്തിയുള്ളവരായിരിക്കുവിന്‍.'(15)

'മുസ്‌ലിമീങ്ങളായിട്ടല്ലാതെ മരിക്കരുത.്'(16)

എന്നിപ്രകാരം ദൈവം ക്വുര്‍ആനില്‍ പലേടത്തും ഉപദേശിച്ചിരിക്കുന്നത്. ലോകാനുഭവത്തോടൊത്തുനോക്കിയാല്‍ ഈ നില ഏറെ വിഷമമുള്ളതായി നിങ്ങള്‍ക്ക് തോന്നുമായിരിക്കാം. എങ്കിലും അതും നാം അനുഭവിക്കേണ്ടതല്ലയോ?

ഭക്തിയില്ലാത്ത ഹൃദയം വെറും മരുഭൂമിക്കൊപ്പമാകുന്നു. അതിനാല്‍ ദൃഢചിത്തതയോടു കൂടി ഭക്തിയുടെ പരിശുദ്ധ പദവിയെ നിങ്ങള്‍ സമ്പാദിക്കുവിന്‍. 

വെറും വാക്കുകളും പൊരുത്തമില്ലാത്ത പുറം തൊഴിലുകളും നിങ്ങളുടെ ഹൃദയങ്ങളിലുണ്ടാക്കുന്ന യഥാര്‍ഥ വിചാരങ്ങളെ ഉള്ള വണ്ണം പ്രകാശിപ്പിക്കത്തക്ക ശക്തിയുള്ളവയല്ല. ബാഹ്യ വസ്തുക്കളില്‍ നിന്നുള്ള നിരര്‍ഥകമായ സഹായത്തെ നിങ്ങള്‍ ഉള്ളുകൊണ്ട് തള്ളുവിന്‍.''(17)

കെട്ടുകഥകളും ചെവിക്ക് ഇമ്പം നല്‍കുന്ന സംസാരങ്ങളും ദൈവത്തിലേക്ക് വഴി കാണുകയില്ലെന്നും ദൈവ ഭക്തിയോടെയുള്ള നല്ല വിശ്വാസവും സല്‍സ്വഭാവവും സല്‍കര്‍മങ്ങളുമാണ് അതിനുള്ള ശരിയായ വഴിയെന്നും ഹമദാനി തങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചു. മനസ്സ് മറ്റാരിലും ഉടക്കിപ്പോകാതെ സര്‍വവിധ ആഗ്രഹങ്ങളും സര്‍വശക്തനിലര്‍പ്പിക്കുവാന്‍ ആഹ്വാനം ചെയ്ത തങ്ങള്‍; സമാധാനത്തിന്റെയും സംതൃപ്തിയുടെയും ആനന്ദത്തിന്റെയും വഴി അത് മാത്രമാണെന്ന് സമുദായത്തെ ഓര്‍മിപ്പിച്ചു. നാനാവിധേനയുള്ള ക്രൂരമായ എതിര്‍പ്പുകള്‍ ഒരു പ്രബോധകന് ഉത്തേജനം നല്‍കുകയേ ചെയ്യൂ. മാത്രമല്ല, പുച്ഛിക്കുന്നവരോടും നിന്ദിക്കുന്നവരോടും സ്‌നേഹം പുലര്‍ത്തുകയാണ് ദൈവത്തിന് നന്ദി ചെയ്ത് ജീവിക്കുന്ന ഒരു പ്രബോധകന്റെ കടമ എന്ന് അദ്ദേഹം ഉപദേശിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത അശേഷം കടന്നുകൂടുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

''പരിശുദ്ധ ഭക്തന്മാരുടെ ത്രിവിധ കാരണങ്ങള്‍ കൊണ്ടുള്ള സകലപ്രവൃത്തികളും അവരുടെ ഊണ്‍, ഉടുപ്പ്, ഉറക്കം എന്നിവ പോലും ദൈവപ്രീതിക്കായി മാത്രമായിരിക്കും. അതൊക്കെത്തന്നെയാകുന്നു അവരുടെ ലക്ഷ്യം. സ്ഥാനബഹുമാനത്തെയോ തല്‍ക്കാല സന്തോഷത്തെയോ ആഗ്രഹിച്ച് നിങ്ങള്‍ നിങ്ങളുടെ മനസ്സാക്ഷിയെ മലിനപ്പെടുത്തരുത്. നിങ്ങളെ ഭ്രാന്തന്മാരെന്നോ ഭീരുക്കളെന്നോ ദരിദ്രരെന്നോ മതഭ്രഷ്ടരെന്നോ പറഞ്ഞു പരിഹസിക്കുന്നവരോട് നിങ്ങള്‍ വെറുപ്പു കാണിക്കരുത്. അവരെ നിങ്ങള്‍ ഉള്ളലിഞ്ഞ് സ്‌നേഹിക്കണം. പക്ഷേ, നിങ്ങളുടെ വാസ്തവത്തെ അറിയാത്ത നിലയിലായിരിക്കും അവര്‍ നിങ്ങളെ പരിഹസിക്കുന്നത്. അതിനാല്‍ കളങ്കരഹിതമായ നിങ്ങളുടെ ഉപദേശങ്ങളെയും പ്രവൃത്തികളെയും നിന്ദിക്കുന്നവര്‍ എത്ര അധികമുണ്ടോ അത്ര അധികം നിങ്ങള്‍ക്ക് അവരോട് സന്തോഷവും തൃപ്തിയും ഉണ്ടായിരിക്കണം. അവരോടുള്ള ദയാപുരസ്സരമായ നിങ്ങളുടെ സദുപദേശം തുടര്‍ന്നുകൊണ്ടിരിക്കണം. ഈ വക അവസരങ്ങളിലാകുന്നു നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ സൂക്ഷിക്കേണ്ടത്.''(18)

ആധാര സൂചിക:

(1) 'ദൈവഭക്തി'(ലേഖനം), ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, മുസ്‌ലിം മാസിക (ആര്‍ക്കൈവ്). 

(2) ക്വുര്‍ആന്‍, അധ്യായം 28 അല്‍ ക്വസ്വസ്, വചനം 83. 

(3) യഥാര്‍ഥമായതും.

(4) ക്വുര്‍ആന്‍, അധ്യായം 2 ആലു ഇംറാന്‍, വചനം 79. 

(5) ക്വുര്‍ആന്‍, അധ്യായം 5 അല്‍ മാഇദ, വചനം 27. 

(6) 'ദൈവഭക്തി'(ലേഖനം), ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, 'മുസ്‌ലിം' മാസിക (ആര്‍ക്കൈവ്). 

(7) ക്വുര്‍ആന്‍, അധ്യായം 44 അല്‍ക്വസ്വസ്, വചനം 51. 

(8) ക്വുര്‍ആന്‍, അധ്യായം 65 അത്ത്വലാക്വ്, വചനം 2,3. 

(9) ക്വുര്‍ആന്‍, അധ്യായം 22 അല്‍ഹജ്ജ്, വചനം 25. 

(10) ക്വുര്‍ആന്‍, അധ്യായം 2 അബക്വറ, വചനം 152. 

(11) ക്വുര്‍ആന്‍, അധ്യായം 5 അല്‍ മാഇദ, വചനം 54. 

(12) വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 32 അസ്സജദ, വചനം 20. 

(13) ക്വുര്‍ആന്‍, അധ്യായം 39 അസ്സുമര്‍, വചനം 54. 

(14) ക്വുര്‍ആന്‍, അധ്യായം 4 അന്നിസാഅ് വചനം 136. 

(15) ക്വുര്‍ആന്‍, അധ്യായം 3 ആലുഇംറാന്‍, വചനം 102. 

(16) ക്വുര്‍ആന്‍, അധ്യായം 3 ആലു ഇംറാന്‍, വചനം 102. 

(17) 'ദൈവഭക്തി'(ലേഖനം), ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, മുസ്‌ലിം മാസിക (ആര്‍ക്കൈവ്). 

(18) 'ദൈവഭക്തി'(ലേഖനം), ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, മുസ്‌ലിം മാസിക (ആര്‍ക്കൈവ്).