പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 4)

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

ചിലപ്പോള്‍ ഹദീഥില്‍ വന്ന പദം വ്യത്യസ്ത അര്‍ഥങ്ങളുള്‍ക്കൊള്ളുന്നതായിരിക്കും (ലഫ്‌ളു മുശ്തറക്). അല്ലെങ്കില്‍ സംക്ഷിപ്തമായി വന്ന പദം (മുജ്മല്‍) ആയിരിക്കും. അല്ലെങ്കില്‍ യഥാര്‍ഥ അര്‍ഥത്തില്‍ വന്നതാണോ അതല്ല ആലങ്കാരികമാണോ എന്ന് സംശയിക്കാവുന്ന രൂപത്തില്‍ ഒരു പദം വരുമ്പോള്‍ തനിക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നിയത് ഒരു പണ്ഡിതന്‍ പറയും. വാസ്തവത്തില്‍ മറ്റൊന്നായിരിക്കും അതിന്റെ വിവക്ഷ. നോമ്പുമായി ബന്ധപ്പെട്ട് 'കറുത്തനൂലും വെളുത്തനൂലും' എന്ന പ്രയോഗം ശരിക്കുള്ള നൂല്‍ ആണെന്ന് ആദ്യകാലത്ത് സ്വഹാബികളില്‍ ചിലര്‍ക്ക് തോന്നിയത്‌പോലെ. അദിയ്യുബ്‌നു ഹാതിം(റ) പറയുന്നു: ''കറുത്ത ഇഴകളില്‍ നിന്ന് വെളുത്ത ഇഴകള്‍ നിങ്ങള്‍ക്ക് വ്യക്തമാകുന്നത് വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക' എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ രണ്ട് ചരടുകളെടുത്തു; ഒന്ന് കറുത്തതും മറ്റൊന്ന് വെളുത്തതും. എന്നിട്ട് ഞാനത് എന്റെ തലയിണയുടെ അടിയില്‍ വെക്കും. അങ്ങനെ ഞാനതിലേക്കു നോക്കും. അതിലെ കറുത്തതും വെളുത്തതും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതുമുതല്‍ ഞാന്‍ നോമ്പെടുത്തു. രാവിലെയായപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു. ഞാന്‍ ചെയ്ത സംഗതി നബി ﷺ യെ അറിയിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നിന്റെ രാത്രിക്ക് ദൈര്‍ഘ്യമേറുമല്ലോ! രാത്രിയുടെ കറുപ്പും പകലിന്റെ വെളുപ്പുമാണത്'' (അഹ്മദ്, ബുഖാരി, മുസ്‌ലിം).

അപ്രകാരം തന്നെ തയമ്മുമുമായി ബന്ധപ്പെട്ട് 'നിങ്ങള്‍ നിങ്ങളുടെ മുഖവും കൈകളും തടവുക' (ക്വുര്‍ആന്‍ 4:43) എന്ന് പറഞ്ഞതിലെ കൈ എന്നതിന്റെ വിവക്ഷ കക്ഷം വരെയാണെന്ന് ചിലര്‍ ധരിച്ചു.

മറ്റു ചിലപ്പോള്‍ ഹദീഥിന്റെ ആശയം അവ്യക്തമായിരിക്കും. വാക്കുകളുടെ ആശയതലങ്ങള്‍ അതിവിശാലമാണ്. അത് ഗ്രഹിച്ചെടുക്കുന്നതില്‍ മനുഷ്യര്‍ ഒരേതലത്തിലല്ല ഉള്ളത്. സംസാരങ്ങളുടെ തലങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി റബ്ബിന്റെ ഔദാര്യമനുസരിച്ചാണ്. ചിലപ്പോള്‍ അതിന്റെ മൊത്തത്തിലുള്ള ആശയത്തിലടങ്ങിയതാണ് ഇന്ന കാര്യവും എന്ന് ഒരു പക്ഷേ, അയാള്‍ക്ക് ഗ്രാഹ്യമായിട്ടുണ്ടാവില്ല. ചിലപ്പോള്‍ അത് ഗ്രഹിക്കുകയും പിന്നീടത് മറക്കുകയും ചെയ്യാം. ഇത് തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രവിശാലമാണ്. പടച്ചവന് മാത്രമെ അതറിയൂ. ചിലപ്പോള്‍ ഗ്രഹിക്കുന്നതിലും അബദ്ധം സംഭവിക്കാം. നബി ﷺ  നിയോഗിതനായ അറബി ഭാഷയനുസരിച്ച് സാധ്യതയില്ലാത്ത തെറ്റായ മനസ്സിലാക്കലും ഉണ്ടാകും.

ഏഴാമത്തെ കാരണം: ഹദീഥില്‍ അങ്ങനെയൊരു ആശയമില്ല എന്ന വിശ്വാസം. ഇതും ഇതിനുമുമ്പ് പറഞ്ഞതും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ ആദ്യത്തേതില്‍ ഹദീഥില്‍ ഇങ്ങനെയൊരു ആശയമുള്ള വശം മനസ്സിലാക്കുന്നില്ല. രണ്ടാമത്തേതില്‍ തെളിവു പറഞ്ഞ വശവും രീതിയും മനസ്സിലായി. പക്ഷേ, അത് ശരിയായ ഒരു തെളിവോ ആശയമോ ആയി അദ്ദേഹം അംഗീകരിക്കുന്നില്ല എന്ന് മാത്രം. കാരണം ഈ ആശയത്തെ ഖണ്ഡിക്കുന്ന എന്തെങ്കിലും തെളിവുകളോ അടിസ്ഥാനങ്ങളോ അദ്ദേഹത്തിന്റെ പക്കലുണ്ടായിരിക്കും. അത് ഒരു പക്ഷേ, ശരിയാകാം അല്ലെങ്കില്‍ തെറ്റാകാം. ഉദാഹരണത്തിന്:

1. പ്രത്യേകം വിവക്ഷിക്കപ്പെടുന്ന വ്യാപകാര്‍ഥത്തിലുള്ള പദങ്ങള്‍ (അല്‍ആമുല്‍ മഖ്‌സ്വൂസ്വ്) തെളിവാക്കാന്‍ പറ്റില്ല.

2. പ്രസ്താവിക്കപ്പെട്ടതില്‍ നിന്നും അതിന്റെ നേര്‍ വിപരീതം ഇന്നതാണ് എന്ന് ഗ്രഹിച്ചെടുക്കുന്നത് (മഹ്ഹൂമുല്‍ മുഖാലഫ) തെളിവല്ല.

3. ഒരു പ്രത്യേക കാരണത്താല്‍ വന്ന വചനത്തിന്റെ വ്യാപകാര്‍ഥം അതേ കാരണങ്ങളില്‍ മാത്രം പരിമിതമാണ് എന്ന തത്ത്വം.

4. 'കേവല കല്‍പന നിര്‍ബന്ധത്തെ കുറിക്കുന്നില്ല' എന്ന ന്യായം. അല്ലെങ്കില്‍ 'കേവല കല്‍പന' ഉടനെ ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നില്ല എന്ന തത്ത്വം.

5. 'അല്‍' ചേര്‍ന്ന് വന്നതിലൂടെ 'മ അരിഫത്'(അറിയപ്പെട്ടത്) ആയ പദങ്ങള്‍ക്ക് വ്യാപകാര്‍ഥം കല്‍പ്പിക്കാവതല്ല എന്ന തത്ത്വം.

6. നിഷേധ രൂപത്തിലുള്ള ക്രിയകള്‍ അതിന്റെ അസ്തിത്വത്തെയോ അതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയുമോ നിരാകരിക്കുന്നില്ല.

7. ഒരു തെളിവില്‍ നിന്ന് സങ്കല്‍പിക്കപ്പെടുന്ന കാര്യങ്ങളുടെ വ്യാപകാര്‍ഥം പരിഗണിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച... തുടങ്ങി ഇതുപോലുള്ള ഇനിയും ദീര്‍ഘിച്ചുപോകുന്ന പല തത്ത്വങ്ങളും അഭിപ്രായങ്ങളുമുണ്ട.് ഉസ്വൂലുല്‍ ഫിക്വ്ഹിന്റെ ചര്‍ച്ചകളില്‍ പകുതിയോളം ഇത്തരം അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളാണ്. ഇത്തരം ചര്‍ച്ചകളുടെയും വീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ 'മസ്അല'കളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം.

എട്ടാമത്തെ കാരണം: ഹദീഥില്‍ നിന്നും മനസ്സിലാക്കപ്പെടുന്ന ഇന്ന ആശയത്തോട് വേറൊരു ഹദീഥ് എതിരായിവരുന്നു എന്നതിനാല്‍ ആ ആശയം ഇവിടെ ഉദ്ദേശിക്കപ്പെടുന്നില്ല എന്ന് ഒരു പണ്ഡിതന്‍ കരുതുന്നു. അതായത്, ഒരു പൊതുവായ ആശയത്തോട് (ആമ്) മറ്റൊരു പ്രത്യേകമായി പറഞ്ഞ കാര്യം (ഖാസ്സ്വ്) എതിരായി വരുന്നത് പോലെ. അല്ലെങ്കില്‍ നിരുപാധികം (മുത്വലക്വ്) പറയപ്പെട്ടതിനോട് സോപാധികം പറഞ്ഞത് (മുക്വയ്യദ്) എതിരായി വരുന്നത് പോലെ. അല്ലെങ്കില്‍ നിരുപാധികമായ കല്‍പന നിര്‍ബന്ധത്തെ നിഷേധിക്കുന്ന മറ്റ് ഒരു തെളിവിനോട് എതിരാകുന്നത് പോലെ. അല്ലെങ്കില്‍ ശരിയായ അര്‍ഥകല്‍പനയോട് (ഹക്വീക്വത്ത്) ആലങ്കാരികമാണ് (മജാസ്) ഉദ്ദേശിക്കപ്പടുന്നതെന്ന് അറിയിക്കുന്ന മറ്റ് പല തെളിവുകളും എതിരായി വരുന്നത് പോലെ. ഇതുപോലെയുള്ള പരസ്പര വിരുദ്ധമായി തോന്നാവുന്ന (മുആറളാത്ത്) ഇനങ്ങളുടെ മേഖല അതും അതിവിശാലമാണ് എന്നത് സ്മരണീയമാണ്. വാക്കുകളുടെ ആശയങ്ങള്‍ പരസ്പര വിരുദ്ധമായി വരുമ്പോള്‍ അവയിലൊന്നിന് പ്രബലത കല്‍പിക്കുന്ന (തര്‍ജീഹ്) സൂക്ഷ്മവും ചിന്തനീയവുമായ മേഖലയും സമുദ്രസമാനം വിശാലമാണ്.

ഒമ്പതാമത്തെ കാരണം: ഒരു ഹദീഥ് അതിന്റെ ദുര്‍ബലതയെ അറിയിക്കുന്നതോ അത് കാലഹരണപ്പെട്ട (മന്‍സൂഖ്) നിയമമാണെന്നറിയിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ പ്രത്യക്ഷാര്‍ഥമല്ല ഉദ്ദേശ്യമെന്നറിയിക്കുന്നതോ ആയ മറ്റ് തെളിവുകളോട് എതിരായി വരുന്നതായി ഒരു പണ്ഡിതന്‍ കരുതിയാല്‍ ചിലപ്പോള്‍ അത് എല്ലാവരും അംഗീകരിക്കുന്ന-ആയത്തോ ഹദീഥോ ഇജ്മാഓ പോലുള്ള തെളിവുകളാവാം. ഇത് രണ്ട് രൂപത്തിലുണ്ടാകും: (1) എതിരായി വന്ന മറ്റ് തെളിവുകള്‍ മൊത്തത്തില്‍ പ്രബലമായി വരിക. അപ്പോള്‍ പ്രബലമായ പ്രസ്തുത തെളിവിന് മുന്‍ഗണന നല്‍കല്‍ അനിവാര്യമായി. ചിലപ്പോള്‍ അവയിലൊന്ന് കാലഹരണപ്പെട്ട(മന്‍സൂഖ്)തായി കരുതുന്നത് കൊണ്ടോ അല്ലെങ്കില്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് എന്ന് കരുതുന്നത് കൊണ്ടോ ഒക്കെയാകാം ഒന്നിനെ മാറ്റി മറ്റൊന്നിനെ പ്രബലപ്പെടുത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ വിലയിരുത്തലുകളില്‍ അബദ്ധം പറ്റിയിട്ടുള്ളതായി ബോധ്യപ്പെടാം. പില്‍കാലത്ത് വന്ന തെളിവിനെ മുന്‍കാലനിയമമായി തെറ്റിദ്ധരിച്ച് അത് കാലഹരണപ്പെട്ടതായി മനസ്സിലാക്കിയിരിക്കാം. മറ്റു ചിലപ്പോള്‍ ഹദീഥിന്റെ പദങ്ങളും പ്രയോഗങ്ങളും പിന്തുണക്കാത്ത വ്യഖ്യാനങ്ങള്‍ നല്‍കുന്നതിലൂടെ വ്യാഖ്യാനത്തിലും പിഴവ് സംഭവിക്കുകയുമാകാം.

അതല്ലെങ്കില്‍ അതിനെ നിരാകരിക്കുന്ന വല്ലതും ഉണ്ടായിരിക്കാം. അതായത് എതിരായി വന്നതായി കരുതിയ ആ തെളിവില്‍ അങ്ങനെ എതിരാകുന്ന ഒരാശയമില്ലാതിരിക്കാം. അതല്ലെങ്കില്‍ എതിരായിവന്ന റിപ്പോര്‍ട്ട് മറ്റേ റിപ്പോര്‍ട്ടിന്റെ അത്ര പ്രബലതയില്ലാത്തതാകാം. മുമ്പ് പറഞ്ഞ കാരണങ്ങളും മറ്റും ആദ്യ ഹദീഥിലും വരാം.

അപ്രകാരം തന്നെയാണ് ഇജ്മാഅ് (ഐകകണ്‌ഠ്യേനയുള്ള അഭിപ്രായം) അവകാശപ്പെടുന്ന കാര്യങ്ങളില്‍ മിക്കവാറും സംഭവിക്കാറുള്ളത്. എതിരഭിപ്രായങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം ഇതിനെ (ഇജ്മാഇനെ) അവലംബിച്ച മഹാപണ്ഡിതന്മാരെ തന്നെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവരുടെ പക്കലുള്ള തെളിവുകളുടെ ബാഹ്യവശം തന്നെ അതിന് എതിരായി നില്‍ക്കുന്നതാണ് താനും.

എന്തുകൊണ്ടെന്നാല്‍, മുന്‍കാല പണ്ഡിതന്മാരാരും പറയാത്ത ഒരു അഭിപ്രായം സ്വന്തമായി പറയാന്‍ ഒരു പണ്ഡിതന്‍ ധൈര്യം കാണിക്കുകയില്ല. വിശിഷ്യാ; അതിനെതിരായി മുന്‍കാല പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട് എന്ന് കൂടി അദ്ദേഹം അറിഞ്ഞാല്‍. എത്രത്തോളമെന്നാല്‍ ചിലര്‍ ഇത്തരം സാഹചര്യങ്ങളില്‍ പരമാവധി പറയാറുള്ളത് ഇത്രയുമാണ്: ''ഈ വിഷയത്തില്‍ വല്ല ഇജ്മാഉം സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ അതാണ് പിന്‍പറ്റുവാന്‍ ഏറ്റവും അര്‍ഹമായത്. അങ്ങനെ ഇജ്മാഅ് ഉണ്ടായിട്ടില്ലെങ്കില്‍ ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഇന്നതാകുന്നു.''

'അടിമയുടെ സാക്ഷ്യം അനുവദിച്ച ഒരാളെയും എനിക്കറിയില്ല' എന്ന് പറയുന്ന ഒരാളുടെ വാക്കുപോലെയാണത്. എന്നാല്‍ അടിമയുടെ സാക്ഷ്യം അംഗീകരിച്ചത് അലി(റ), അനസ്(റ) തുടങ്ങിയ സ്വഹാബികളില്‍ നിന്നും ശുറൈഹ്(റ)യില്‍ നിന്നുമൊക്കെ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്.

അപ്രകാരം തന്നെ വേറെ ചിലര്‍ പറയാറുണ്ട്; 'ഭാഗികമായി സ്വതന്ത്രയാക്കപ്പെട്ട അടിമക്ക് അനന്തരാവകാശത്തിന് അര്‍ഹതയില്ല എന്നതില്‍ ഇജ്മാഉണ്ട്' എന്ന്. എന്നാല്‍ ഭാഗികമായി മാത്രം മോചനം നല്‍കപ്പെട്ട അടിമക്ക് അനന്തരാവകാശം നല്‍കിയ സംഭവം അലി(റ), ഇബ്‌നുമസ്ഊദ്(റ) തുടങ്ങിയ സ്വഹാബികളില്‍ നിന്ന് പ്രബലമായിബ വന്നിട്ടുണ്ട്. നബി ﷺ യില്‍ നിന്ന് തന്നെ ഹസനായ ഒരു ഹദീഥ് ഈ വിഷയത്തില്‍ വന്നിട്ടുണ്ട്: (ഇബ്‌നു അബ്ബാസ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''മോചനക്കരാറിലേര്‍പ്പെട്ട ഒരു അടിമ താന്‍ യജമാനന് അടച്ചുതീര്‍ത്ത തുകക്കനുസരിച്ച് മോചിപ്പിക്കപ്പെടുന്നതാണ്. മോചിപ്പിക്കപ്പെടുന്നതിനനുസരിച്ചാണ് അയാളില്‍ ഇസ്‌ലാമിക വിധി നടപ്പിലാക്കപ്പെടുന്നത്. മോചിപ്പിക്കപ്പെട്ടതിനനുസരിച്ച് അയാള്‍ക്ക് അനന്തരാവകാശം നല്‍കപ്പെടുകയും ചെയ്യും'' (നസാഈ, അബൂദാവൂദ്, തിര്‍മിദി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇമാം തിര്‍മിദി 'ഹസനായ ഹദീഥ്' എന്ന് പറയുകയും ചെയ്തിട്ടുണ്ട്).

വേറെ ചിലര്‍ ഇങ്ങനെ പറയുന്നു: ''നമസ്‌കാരത്തില്‍ നബി ﷺ യുടെ പേരില്‍ സ്വലാത്ത് പറയല്‍ നിര്‍ബന്ധമാണെന്ന് പ്രസ്താവിച്ച ഒരാളെയും എനിക്കറിയില്ല.'' എന്നാല്‍ അത് നിര്‍ബന്ധമാണെന്ന് പ്രസ്താവിച്ചയാളാണ് അബൂജഅ്ഫര്‍ അല്‍ ബാഖിര്‍. (ഇമാം ശാഫിഈ(റഹി)യും മറ്റും ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്‌നുല്‍ക്വയ്യിം(റഹി)യുടെ 'ജലാഉല്‍ അഫ്ഹം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം' എന്ന ഗ്രന്ഥം നോക്കുക).

അതെന്തുകൊണ്ട് സംഭവിക്കുന്നവെന്നാല്‍, മിക്ക പണ്ഡിതന്മാരും പരമാവധി ശ്രമിക്കുന്നത് അവരുടെ നാട്ടിലെ പണ്ഡിതന്മാരുടെ വാക്കുകളും ഫത്‌വകളും അറിയാന്‍ മാത്രമാണ്. മറ്റു പണ്ഡിതന്മാരുടെ വാക്കുകള്‍ അവര്‍ക്കറിയുകയില്ല. മുന്‍കാല പണ്ഡിതന്മാരില്‍ നാം കൂടുതലായിക്കാണുക മദീനക്കാരുടെയും കൂഫക്കാരുടെയും അഭിപ്രായങ്ങളാണ്. പില്‍കാലക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും രണ്ടോ മൂന്നോ ഇമാമുകളുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും അറിവുണ്ടാവുക. അതില്‍ നിന്ന് വിഭിന്നമായ അഭിപ്രായങ്ങളൊക്കെ അവരുടെ പക്കല്‍ 'ഇജ്മാഇന്' (ഐകകണ്‌ഠ്യേനയുള്ള അഭിപ്രായത്തിന്) എതിരായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കാരണം, അത്തരം അഭിപ്രായങ്ങള്‍ പറഞ്ഞവരെയൊന്നും അവര്‍ക്കറിഞ്ഞുകൂടാ. എന്നാല്‍ അവരുടെ കര്‍ണപുടങ്ങളില്‍ എതിരഭിപ്രായങ്ങള്‍വന്ന് അലയടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും താന്‍ കേട്ട് പരിചയിച്ച അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരഭിപ്രായം പറയാന്‍ അധികപേരും കൂട്ടാക്കുകയില്ല. ഇജ്മാഇന് എതിരായിപ്പോകുമോ തന്റെ അഭിപ്രയമെന്ന പേടിയാണ് അതിന് കാരണം.

അല്ലെങ്കില്‍ 'ഇജ്മാഅ്' മഹത്തരമായ തെളിവായിരിക്കെ അതിനെതിരായി വന്ന വല്ല ഹദീഥുമവലംബിച്ച് മതവിധി പറയുന്നതും ഇജ്മാഇനെതിരായിപ്പോകുമെന്ന ധാരണമൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്.

പല പണ്ഡിതന്മാരും ഉപേക്ഷിച്ച, മിക്കവാറും ഹദീഥുകളുടെയും അഭിപ്രായങ്ങളുടെയും കാര്യത്തില്‍ അവര്‍ക്കുള്ള ന്യായം ഇതാണ്. ചിലര്‍ക്ക് അത് വാസ്തവത്തില്‍ ഒരു ന്യായമാണ്. മറ്റുചിലര്‍ക്ക് സത്യത്തില്‍ ന്യായമല്ലെങ്കിലും അവര്‍ അത് ന്യായമായിക്കരുതുന്നവരാണ്. അത് തന്നെയാണ് മിക്ക കാരണങ്ങളുടെയും സ്ഥിതി.