പ്രവാചകന്റെ പലായനം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മെയ് 18 1440 റമദാന്‍ 13

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 21)

മുഹമ്മദ് നബി ﷺ  മദീനയിലേക്ക് പുറപ്പെടുകയാണ്. നബി ﷺ യുടെ അനുയായികള്‍ തങ്ങളുടെ സമ്പത്തും ശരീരവും കുടുംബവുമായി മദീനയിലേക്ക് പലായനം ചെയ്യുന്നതും അവര്‍ മറ്റു രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്നതും കണ്ടപ്പോള്‍ സത്യനിഷേധികള്‍ക്ക് അപകടം മനസ്സിലായിത്തുടങ്ങി. മുഹമ്മദ് നബി ﷺ യും അവരിലേക്ക് പലായനം ചെയ്ത് പോകുമോ എന്നും അവര്‍ ഭയപ്പെട്ടു. മുഹമ്മദും അനുയായികളും ഒന്നിച്ചുചേര്‍ന്ന് തങ്ങള്‍ക്കെതിരെ യുദ്ധത്തിനു വരുമോ എന്നുള്ളതായിരുന്നു അവരുടെ ഭയം. ഇതിന്റെ ഭാഗമായി അവര്‍ ദാറുന്നദ്‌വയില്‍ ഒരുമിച്ചുകൂടി. ഖുസയ്യുബ്‌നു കിലാബിന്റെ വീടായിരുന്നു അത്. ക്വുറൈശികളുടെ ഏത് പ്രധാനപ്പെട്ട വിഷയവും ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ വെച്ചുകൊണ്ടായിരുന്നു. കഅ്ബയുടെ വടക്കുഭാഗത്ത് ഹിജ്‌റിനു വിപരീത ദിശയിലായിരുന്നു ദാറുന്നദ്‌വ ഉണ്ടായിരുന്നത്. പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷമാണ് (രണ്ടാം അക്വബ ഉടമ്പടി കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം) അവര്‍ അവിടെ ഒരുമിച്ചു കൂടുന്നത്. 

മുഹമ്മദ് നബി ﷺ യുടെ വിഷയത്തില്‍ എന്തു ചെയ്യണമെന്ന് കൂടിയാലോചന നടത്താന്‍ വേണ്ടിയാണ് അവര്‍ അവിടെ ഒരുമിച്ച് കൂടിയത്. ആ കൂട്ടത്തില്‍ നജ്ദില്‍ നിന്നുമുള്ള ഒരു ശൈഖിന്റെ രൂപത്തില്‍ ഇബ്‌ലീസും ഹാജരായിരുന്നു! ക്വുറൈശികളില്‍ പ്രമുഖന്മാരായും വലിയ ചിന്തയുടെ ഉടമകളായും കണക്കാക്കപ്പെട്ടിരുന്ന ആരും തന്നെ ഇതില്‍ നിന്നും ഒഴിവായിട്ടില്ല. ക്വുറൈശി പ്രമുഖരായ അബൂജഹല്‍ ഇബ്‌നു ഹിശാം, ഉത്ബ, ശൈബ(റബീഅയുടെ മക്കള്‍), ത്വഈമതുബ്‌നു അദ്‌യ്, ജുബൈര്‍ ഇബ്‌നു മുത്ഇം, നള്‌റുബ്‌നുല്‍ ഹാരിസ്, അബുല്‍ ബുഹ്തരി ഇബ്‌നു ഹിശാം, ഹകീം ഇബ്‌നു ഹിശാം, നബീഹ്, മുനബ്ബിഹ്(ഹജ്ജാജിന്റെ രണ്ടു മക്കള്‍), ഉമയ്യത് ഇബ്‌നു ഖലഫ്... തുടങ്ങിയവരായിരുന്നു അതിലുണ്ടായിരുന്നത്. ക്വുറൈശികളില്‍നിന്നല്ലാത്ത മറ്റു ചിലരും അതിലുണ്ടായിരുന്നു.

''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്‍മാര്‍ഗവും സത്യമതവും കൊണ്ട്-എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി'' (അസ്സ്വഫ്ഫ് 8,9). 

കുഫ്‌റിന്റെയും വഴികേടിന്റെയും ആളുകള്‍ ഒരുമിച്ചുകൂടിയപ്പോള്‍ അവര്‍ പരസ്പരം ഇപ്രകാരം പറഞ്ഞു: 'മുഹമ്മദ് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അല്ലാഹുവാണ് സത്യം! അവന്‍ നമുക്ക് എതിരെ ആക്രമണം അഴിച്ചുവിടാതിരിക്കുകയില്ല. അവന്റെ കാര്യത്തില്‍ നാം ഒരിക്കലും നിര്‍ഭയരായി ഇരിക്കരുത്. അതുകൊണ്ട് അവന്റെ വിഷയത്തില്‍ ഒരു നല്ല അഭിപ്രായത്തിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്.' 

അങ്ങനെ അവര്‍ പരസ്പരം ആലോചനകള്‍ നടത്തി, ചര്‍ച്ചകള്‍ ചെയ്തു. അവരില്‍ ചിലര്‍ പറഞ്ഞു: 'മുഹമ്മദിനെ ഇരുമ്പുകൊണ്ട് ബന്ധിക്കുകയും എന്നിട്ട് വാതിലടച്ച് ബന്ധിയാക്കി വയ്ക്കുകയും ചെയ്യുക. അങ്ങനെ മുമ്പ് കഴിഞ്ഞുപോയ ചില കവികളായ സുഹൈര്‍, നാബിഗ തുടങ്ങിയവര്‍ക്കു സംഭവിച്ച ദാരുണമായ മരണം മുഹമ്മദിനും ഉണ്ടാകട്ടെ.' ഇത് കേട്ട മാത്രയില്‍ നജ്ദില്‍ നിന്നും വന്ന ശൈഖ് (ഇബ്‌ലീസ്) ഇപ്രകാരം പറഞ്ഞു: 'ഇല്ല, ഒരിക്കലുമില്ല. ഇത് ഒരിക്കലും ഒരു നല്ല അഭിപ്രായവും അല്ല. നിങ്ങള്‍ പറയുന്നതു പോലെ അവനെ നിങ്ങള്‍ ബന്ധിച്ചു കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും അവനെക്കുറിച്ച് അവന്റെ അനുയായികള്‍ക്ക് എത്തിച്ചേരുകയും അവര്‍ ഒന്നിച്ചു വന്ന് നിങ്ങളുടെ കൈകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയും ചെയ്‌തേക്കാം. അങ്ങനെ അവര്‍ക്ക് നിങ്ങള്‍ക്കെതിരില്‍ വിജയം നേടുവാനും സാധിക്കും. അതുകൊണ്ട് ഇത് ഒരു അഭിപ്രായമായി പരിഗണിച്ചു കൂടാ. അതിനാല്‍ ഒന്നുകൂടി ആലോചിച്ചു കൂടിയാലോചന നടത്തുക.'

അപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: 'നമുക്ക് അവനെ നമ്മുടെ കൂട്ടത്തില്‍ നിന്നും പുറത്താക്കാം; അവനെ നാടുകടത്താം. അങ്ങനെ അവന്‍ നമ്മില്‍ നിന്നും പോയിക്കഴിഞ്ഞാല്‍ അവന്‍ എവിടെ പോയി എന്നോ അവന് എന്ത് സംഭവിച്ചു എന്നോ ഒന്നും നമ്മള്‍ അറിയേണ്ട ആവശ്യമില്ല. അതോടെ അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് മോചനം നേടുവാനും സാധിക്കും.' 

ഇത് കേട്ടപ്പോള്‍ നജ്ദിലെ ശൈഖ് പറഞ്ഞു: ''ഇല്ല, അല്ലാഹുവാണ് സത്യം! ഇതും ഒരു നല്ല അഭിപ്രായമല്ല. ആ മുഹമ്മദിന്റെ നല്ല സംസാര ശൈലി നിങ്ങള്‍ കണ്ടിട്ടില്ലേ? അവന്റെ സംസാരത്തിലെ മാധുര്യം നിങ്ങള്‍ അനുഭവിച്ചിട്ടില്ലേ? അവന്‍ കൊണ്ടുവന്ന ആദര്‍ശത്തെ ജനങ്ങളുടെ ഹൃദയം സ്വീകരിച്ചതും നിങ്ങള്‍ കണ്ടിട്ടില്ലേ? അല്ലാഹുവാണ് സത്യം! ഇങ്ങനെ ചെയ്താല്‍ അറബികള്‍ എല്ലാവരും സംസാരവും കൊണ്ട് നിങ്ങള്‍ക്കെതിരെ തിരിയുന്ന ഒരു സാഹചര്യം ഉണ്ടാകും. അങ്ങനെ അവര്‍ ഒന്നിച്ചു നിങ്ങളുടെ നാട്ടിലേക്ക് വരികയും നിങ്ങളെ പരാജയപ്പെടുത്തുകയും നിങ്ങളുടെ കാര്യത്തില്‍ അവരുടെ വിജയം നടപ്പിലാക്കുകയും ചെയ്യും. മറ്റൊരു അഭിപ്രായത്തെക്കുറിച്ച് ആലോചിക്കുക.'' 

അപ്പോള്‍ അബൂജഹല്‍ ഇബ്‌നു ഹിശാം പറഞ്ഞു: ''അല്ലാഹുവാണ് സത്യം! നിങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്ത ഒരു അഭിപ്രായം എനിക്ക് തോന്നുകയാണ്.'' അവര്‍ ചോദിച്ചു: ''അല്ലയോ അബുല്‍ഹകം, എന്താണത്?'' അബൂജഹല്‍ പറഞ്ഞു: ''നമ്മുടെ എല്ലാ ഗോത്രങ്ങളില്‍ നിന്നും ആരോഗ്യവും ശേഷിയും ഉള്ള, ഒരു മധ്യമ പ്രായത്തിലുള്ള യുവാക്കളെ സ്വീകരിക്കുക. എല്ലാവരുടെയും കയ്യില്‍ മൂര്‍ച്ചയേറിയ വാള്‍ കൊടുക്കുക. എന്നിട്ടവര്‍ ഒരു വ്യക്തി എന്നത് പോലെ എല്ലാവരും ഒന്നിച്ച് മുഹമ്മദിനെ വെട്ടട്ടെ. അങ്ങനെ ചെയ്താല്‍ മുഹമ്മദിന്റെ രക്തത്തില്‍ നമ്മള്‍ എല്ലാവരും പങ്കാളികളായി. അബ്ദുമനാഫ് ഗോത്രത്തിനാകട്ടെ നമ്മളോട് എല്ലാവരോടും ഒന്നിച്ച് യുദ്ധം ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും.'' ഇത് കേട്ടപ്പോള്‍ നജ്ദിലെ ശൈഖ് പറഞ്ഞു: ''ഈ വ്യക്തി പറഞ്ഞതാണ് ശരി. ഞാനും ഈ അഭിപ്രായമാണ് കാണുന്നത്. മറ്റൊരു അഭിപ്രായവും എനിക്കില്ല.'' അങ്ങനെ ഈ അഭിപ്രായത്തില്‍ എല്ലാവരും ഒന്നിക്കുകയും അവര്‍ പിരിഞ്ഞു പോവുകയും ചെയ്തു.

ഈയൊരു യോജിപ്പോടുകൂടി മക്കയിലെ ക്വുറൈശികള്‍ ഇബ്‌ലീസിനോടൊപ്പം ലോക ചരിത്രത്തില്‍ ശിര്‍ക്കെന്ന മഹാപാപത്തിന് ശേഷം ചെയ്യുന്ന മറ്റൊരു വലിയ പാപത്തിന് കളമൊരുക്കുകയായിരുന്നു. അതെ, മുഹമ്മദ് നബിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തിന്!

മക്കാ മുശ്‌രിക്കുകളുടെ ഗൂഢാലോചന നടപ്പിലാക്കുന്ന സമയം വന്നപ്പോള്‍ ജിബ്‌രീല്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: ''ഇന്നുരാത്രി താങ്കള്‍ താങ്കളുടെ വിരിപ്പില്‍ ഉറങ്ങരുത്.'' രാത്രിയായപ്പോള്‍ നബി ﷺ  അലിയ്യുബ്‌നു അബീത്വാലിബി(റ)നോട് തന്റെ വിരിപ്പില്‍ കിടക്കാന്‍ പറഞ്ഞു. നബി ﷺ യുടെ സത്യസന്ധതയും വിശ്വസ്തതയും മാനിച്ചുകൊണ്ട് നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന വസ്തുക്കള്‍ ആളുകള്‍ മുഹമ്മദ് നബി ﷺ യുടെ കയ്യിലാണ് ഏല്‍പിക്കാറുള്ളത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഏല്‍പിച്ച സുക്ഷിപ്പ് സ്വത്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുവാനുള്ള ചുമതല നബി ﷺ അലി(റ)യെ ഏല്‍പിച്ചു.  

നബി ﷺ  ഉച്ചസമയത്ത് തന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടു. വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ഓതിക്കൊണ്ടായിരുന്നു നബി ﷺ  ഇറങ്ങിയത്:

''അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല'' (യാസീന്‍:9).

തന്റെ വീടിന്റെ മുമ്പിലിരിക്കുന്ന ആളുകള്‍ക്ക് നേരെ ഒരുപിടി മണ്ണ് വാരി എറിഞ്ഞുകൊണ്ടാണ് നബി ﷺ  പുറപ്പെടുന്നത്. ശേഷം താനുദ്ദേശിച്ച സ്ഥലത്തേക്ക് പുറപ്പെട്ടു. അല്ലാഹു പറയുന്നു: 

''നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍'' (അല്‍അന്‍ഫാല്‍: 30). 

ശേഷം നബി ﷺ  അബൂബകര്‍(റ)വിന്റെ വീട്ടിലേക്കു പോയി. അദ്ദേഹമാകട്ടെ നബിയോടൊപ്പം  പോകുവാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ''ഞങ്ങള്‍ ഒരു ദിവസം അബൂബകറിന്റെ വീട്ടില്‍ ഉച്ചസമയത്ത് ഇരിക്കുമ്പോള്‍ ആരോ വന്നു കൊണ്ട് പറഞ്ഞു: 'മുഹമ്മദ് നബി ഇതാ വന്നിരിക്കുന്നു.' നബി ﷺ  സാധാരണ ഞങ്ങളിലേക്ക് കടന്നുവരാത്ത സമയമായിരുന്നു അത്. അബൂബകര്‍(റ) പറഞ്ഞു: 'എന്റെ ഉമ്മയും ഉപ്പയും അങ്ങേക്കു ദണ്ഡമാണ് പ്രവാചകരേ, താങ്കള്‍ ഈ സമയത്ത് തന്നെ കയറിവന്നതില്‍ എന്തോ കാര്യമുണ്ടെന്നു തോന്നുന്നു.' ആഇശ(റ) പറയുന്നു: 'അങ്ങനെ നബി ﷺ  കടന്നുവന്ന് അനുവാദം ചോദിച്ചു. അദ്ദേഹത്തിന് അനുവാദം നല്‍കപ്പെട്ടു. അകത്ത് പ്രവേശിച്ചു. എന്നിട്ട് അബൂബകറിനോട് പറഞ്ഞു: 'നിങ്ങളുടെ അടുക്കലുള്ളവരെയെല്ലാം മാറ്റി നിര്‍ത്തുക.' അപ്പോള്‍ അബൂബകര്‍(റ) പറഞ്ഞു: 'അത് നിങ്ങളുടെ ഭാര്യയാണ് പ്രവാചകരേ, എന്റെ ഉപ്പ അങ്ങേയ്ക്ക് ദണ്ഡമാണ്.' നബി ﷺ  പറഞ്ഞു: 'എനിക്ക് ഹിജ്‌റ പോകുവാനുള്ള അനുമതി ലഭിച്ചിരിക്കുന്നു.' അബൂബകര്‍(റ) ചോദിച്ചു:'പ്രവാചകരേ, ഞാനും അങ്ങയോടൊപ്പം ഉണ്ടോ?' നബി ﷺ  പറഞ്ഞു:'അതെ, ഉണ്ട്.' അപ്പോള്‍ അബൂബകര്‍(റ) പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഈ രണ്ടു വാഹനങ്ങളില്‍ ഒരു വാഹനം നിങ്ങള്‍ എടുത്തുകൊള്ളുക.' നബി ﷺ  പറഞ്ഞു: 'അതിന്റെ വില തന്നുകൊണ്ട് എടുക്കാം.' ആഇശ(റ) പറയുന്നു: 'അങ്ങനെ ഞങ്ങള്‍ അവര്‍ക്കുവേണ്ടി ഏറ്റവും നല്ല ഒരുക്കം ഒരുക്കിക്കൊടുത്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉള്ള പാഥേയം ഒരുക്കിക്കൊടുത്തു. അസ്മാഅ് തന്റെ പാവാടയുടെ വള്ളി കീറിയെടുത്ത് അതുകൊണ്ട് പാഥേയ പാത്രം കെട്ടിക്കൊടുത്തു.' അങ്ങനെയാണ് 'പാവാട വള്ളിക്കാരി' എന്ന പേര് അവര്‍ക്ക് ലഭിച്ചത്. ആഇശ(റ) പറയുന്നു: 'ശേഷം അബൂബകറും പ്രവാചകനും പരസ്പരം കണ്ടുമുട്ടുന്നത് സൗര്‍ മലയില്‍ വെച്ചു കൊണ്ടാണ്. അവിടെ അവര്‍ മൂന്ന് ദിവസത്തോളം ഒളിച്ചുകഴിഞ്ഞു. രാത്രിയായാല്‍ അബൂബകറിന്റെ മകന്‍ അബ്ദുല്ലയും അവരുടെ കൂടെ ഉണ്ടായിരുന്നു. ബുദ്ധിമാനായ ഒരു യുവാവായിരുന്നു അദ്ദേഹം. പാതിരാ സമയമാകുമ്പോള്‍ അദ്ദേഹം അവിടെ നിന്നും തിരിച്ചുപോരും. അങ്ങനെ ക്വുറൈശികളോടൊപ്പം നേരം പുലരുകയും ചെയ്യും. മുഹമ്മദ് നബി ﷺ യെ കുറിച്ചും അബൂബകറിനെ(റ) കുറിച്ചും എന്തൊരു സംസാരം മക്കയില്‍ നടന്നാലും അതെല്ലാം ശ്രദ്ധിച്ചുകേള്‍ക്കുകയും അതേ രാത്രിയില്‍ തന്നെ ആ വിഷയങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു അദ്ദേഹം. അവര്‍ നടക്കുന്ന വഴികളിലൂടെ കാല്‍പാദ അടയാളങ്ങള്‍ ഇല്ലാതെയാകുന്ന രൂപത്തില്‍ അവര്‍ക്കുവേണ്ടി ആമിറുബ്‌നു ഫുഹൈറ തന്റെ ആടുകളെ മേയ്ച്ചു നടക്കുകയും ചെയ്തിരുന്നു. അബൂബകറിന്റെ ഭൃത്യനായിരുന്നു ആമിറുബ്‌നു ഫുഹൈറ. സൗര്‍ മലയില്‍ കഴിച്ചുകൂട്ടിയ മൂന്ന് ദിവസങ്ങളിലും ഇതേ പ്രകാരം ചെയ്തിരുന്നു. ബനൂ അബ്ദുബ്‌നു അദിയ്യില്‍ നിന്നും തങ്ങള്‍ക്ക് വഴി കാണിച്ചു തരുവാന്‍ വേണ്ടി ഒരാളെ അവര്‍ വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സൗര്‍ മലയില്‍ എത്തിച്ചേരണമെന്നായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്ന കരാര്‍. അങ്ങനെ തീരപ്രദേശത്തുള്ള വഴിയിലൂടെ അവര്‍ യാത്ര പുറപ്പെടുകയായിരുന്നു''(ബുഖാരി: 3905). 

മക്കയിലെ എല്ലാ സ്ഥലങ്ങളിലും ക്വുറൈശികള്‍ നബി ﷺ യെ അന്വേഷിച്ചു പുറപ്പെട്ടു. നബിയെ തിരഞ്ഞു പിടിക്കാന്‍ ആളുകളെ പറഞ്ഞയച്ചു. അദ്ദേഹത്തെ കണ്ടുപിടിച്ച് ജീവനോടെയോ അല്ലാതെയോ കൊണ്ടുവരുന്ന ആളുകള്‍ക്ക് നൂറ് ഒട്ടകത്തോളം വില വരുന്ന വമ്പിച്ച സമ്മാനവും നിശ്ചയിച്ചു. അന്വേഷകന്‍മാര്‍ പല സ്ഥലങ്ങളിലേക്കായി പുറപ്പെട്ടു. സൗര്‍ ഗുഹയുടെ സമീപം വരെ അവര്‍ എത്തി എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷേ, അല്ലാഹു തന്റെ കാര്യങ്ങളില്‍ അതിജയിക്കുന്നവനാകുന്നു. സമീപം വരെ എത്തിയെങ്കിലും ആ ഗുഹയിലേക്ക് അവര്‍ പ്രവേശിച്ചില്ല. ഒന്ന് നോക്കിയിരുന്നെങ്കില്‍ പോലും പ്രവാചകനെ കണ്ടെത്തുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. പക്ഷേ, എല്ലാ കേള്‍വിയും കാഴ്ചകളും ഉടമപ്പെടുത്തുന്ന അല്ലാഹു അവരെ അതില്‍ നിന്നും തടഞ്ഞു. അബൂബകര്‍(റ) പറഞ്ഞതായി അനസ് ബിന്‍ മാലികി(റ)ല്‍ നിന്ന് നിവേദനം: ''ഞങ്ങള്‍ ഗുഹയില്‍ ആയിരിക്കെ ഞങ്ങളുടെ തലക്കു മുകളില്‍ മുശ്‌രിക്കുകളുടെ പാദങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞാന്‍ പറഞ്ഞു: പ്രവാചകരേ, അവര്‍ നോക്കിയാല്‍ നമ്മളെ കാണും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അല്ലയോ അബൂബകര്‍! രണ്ട് ആളുകളെക്കുറിച്ച് എന്താണ് നീ മനസ്സിലാക്കിയിട്ടുള്ളത്? അവരില്‍ മൂന്നാമത്തവന്‍ അല്ലാഹുവാണ്!'' (ബുഖാരി: 3653, മുസ്‌ലിം: 2381). 

ഈ സംഭവത്തെ ഉണര്‍ത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:

''നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബകറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട; തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (അത്തൗബ: 40).

മൂന്ന് ദിവസമാണ് നബി ﷺ യും അബൂബകറും(റ) സൗര്‍ ഗുഹയില്‍ താമസിച്ചത്. അങ്ങനെ അവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ശാന്തമായപ്പോള്‍ തങ്ങള്‍ നിശ്ചയിച്ച വഴികാട്ടിയോടൊപ്പം യമനിന്റെ ഭാഗം ലക്ഷ്യം വെച്ചു കൊണ്ട് (തെക്കു ഭാഗത്തേക്ക്) അവര്‍ നീങ്ങി. സാധാരണ യാത്രക്കാര്‍ക്ക് പരിചയമില്ലാത്ത സ്ഥലത്തേക്ക് അവര്‍ എത്തിയപ്പോള്‍ വടക്കു ഭാഗത്തേക്ക് നീങ്ങി. വളരെ വിരളമായി മാത്രം ആളുകള്‍ പ്രവേശിക്കാറുള്ള തീരപ്രദേശത്തിന്റെ സമീപത്ത് കൂടിയാണ് അവര്‍ നടവഴി സ്വീകരിച്ചത്. ഖദീദ് പ്രദേശത്തുള്ള ഉമ്മുമഅ്ബദ് അല്‍ഖുസാഇയ്യയുടെ താമസ സ്ഥലത്തിലൂടെ അവര്‍ പോയി. പോകുന്ന വഴിയില്‍ സുറാഖത് ഇബ്‌നു മാലിക് അവരെ കണ്ടുമുട്ടി. പക്ഷേ, അയാളില്‍നിന്നും അല്ലാഹു അവരെ തടയുകയും അയാളുടെ ദോഷത്തില്‍ നിന്ന് അല്ലാഹു അവരെ സംരക്ഷിക്കുകയും ചെയ്തു. ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീഥില്‍ ഈ സംഭവം വിശദമായി കാണുവാന്‍ സാധിക്കും (ബുഖാരി: 3906, മുസ്‌ലിം: 2009). 

അബൂബകര്‍(റ) പറയുന്നു: ''ഞങ്ങള്‍ മക്കയില്‍ നിന്നും പുറപ്പെട്ടു. ഏതാണ്ട് ഉച്ച സമയമായപ്പോള്‍ വിശ്രമിക്കുന്നതിനു വേണ്ടി വല്ല തണലുമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാറക്കല്ല് കണ്ടു. അവിടെ കുറച്ചു ഭാഗം തണലുണ്ടായിരുന്നു. ആ ഭാഗം ഞാന്‍ വൃത്തിയാക്കി നബിക്കുവേണ്ടി വിരിപ്പ് ഒരുക്കിക്കൊടുത്തു. എന്നിട്ട് ഞാന്‍ പറഞ്ഞു: 'പ്രവാചകരേ, കിടന്നു കൊള്ളുക.' അപ്പോള്‍ അദ്ദേഹം അവിടെ കിടന്നു. ശേഷം ഏതെങ്കിലും അന്വേഷകന്മാര്‍ വരുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ അതാ ഒരു ആട്ടിടയന്‍ തന്റെ ആടുകളുമായി തണല്‍ തേടി ഇതേ പാറയുടെ സമീപത്തേക്ക് വരുന്നു. ഞാന്‍ അവനോടു ചോദിച്ചു: 'നീ ആരുടെ ജോലിക്കാരനാണ്?' ക്വുറൈശികളില്‍ പെട്ട ഒരാളുടേതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു. ആ ക്വുറൈശിയുടെ പേര് പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലാവുകയും ചെയ്തു. ഞാന്‍ ചോദിച്ചു: 'ഈ ആടുകള്‍ക്ക് പാലുണ്ടോ?' അയാള്‍ പറഞ്ഞു: 'ഉണ്ട്.' ഞാന്‍ ചോദിച്ചു: 'അല്‍പം പാല്‍ ഞങ്ങള്‍ക്ക് തരുമോ?' തരാമെന്ന് ആ വ്യക്തി പറഞ്ഞു. അങ്ങനെ അയാള്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ നിന്നും ഒരു ആടിനെ പിടിച്ചു. അകിടില്‍ നിന്നും പൊടിതട്ടിക്കളയുവാന്‍ ഞാന്‍ അയാളോട് ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ രണ്ട് കൈകളും പൊടിതട്ടി വൃത്തിയാക്കുവാനും പറഞ്ഞു. അപ്പോള്‍ ആ വ്യക്തി തന്റെ ഒരു കൈ കൊണ്ട് മറുകയ്യില്‍ അടിച്ചു കൈ കുടഞ്ഞു. എന്നിട്ട് കുറച്ച് പാല്‍ എനിക്ക് കറന്നു തന്നു. വായ് ഭാഗത്ത് ശീല കൊണ്ട് മൂടിക്കെട്ടിയ ഒരു പാത്രം നബിക്ക് വേണ്ടി ഞാന്‍ എടുത്തുവച്ചിരുന്നു. അതിലേക്ക് ഞാന്‍ പാല്‍ ഒഴിക്കുകയും അങ്ങനെ അതിന്റെ അടിഭാഗം തണുക്കുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ നബി ﷺ യെ സമീപിച്ചപ്പോള്‍ നബി തന്റെ ഉറക്കില്‍ നിന്നും ഉണര്‍ന്നിരുന്നു. ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഇത് കുടിച്ചു കൊള്ളുക.' അങ്ങനെ നബി ﷺ  പാല് കുടിച്ചു. എനിക്ക് ഏറെ തൃപ്തിയായി. ശേഷം ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, നമ്മുടെ യാത്രയുടെ സമയമായോ?' നബി ﷺ  പറഞ്ഞു:'അതെ, തീര്‍ച്ചയായും!' അങ്ങനെ ഞങ്ങള്‍ അവിടെ നിന്നു പുറപ്പെട്ടു. ക്വുറൈശികളാകട്ടെ ഞങ്ങളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു'' (ബുഖാരി: 3652).

നബി ﷺ  മദീനയില്‍ എത്തുന്നതിനു മുമ്പ് വഴിയില്‍ വെച്ച് മുസ്‌ലിംകളുടെ ഒരു യാത്രാ സംഘത്തോടൊപ്പം സുബൈറുബ്‌നുല്‍ അവ്വാമിനെ കണ്ടുമുട്ടി. ശാമില്‍ നിന്നും മടങ്ങി വരുന്ന ഒരു കച്ചവട സംഘമായിരുന്നു അവര്‍. സുബൈര്‍(റ) നബി ﷺ യെയും അബൂബകര്‍(റ)വിനെയും ഓരോ വെള്ള വസ്ത്രം ധരിപ്പിച്ചു.