പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ഈ ലക്കം മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു)

(വിവര്‍ത്തനം: ശമീര്‍ മദീനി )

അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള മൈത്രീബന്ധത്തിനു പുറമെ സത്യവിശ്വാസികളോടും ബന്ധം പുലര്‍ത്തണമെന്ന് ക്വുര്‍ആന്‍ പറയുന്നു; വിശിഷ്യാ അവരിലെ പണ്ഡിതന്മാരോട്. അവര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അവരെ അല്ലാഹു നക്ഷത്രസ്ഥാനീയരാക്കി. മുസ്‌ലിംകളിലെ പണ്ഡിതന്മാര്‍ അവരില്‍ ഏറ്റവും ഉത്തമരാണ്. നബി ﷺ യുടെ പിന്‍ഗാമികളാണവര്‍. നബിചര്യകളില്‍ നിന്ന് വിസ്മരിക്കപ്പെടുന്നവയെ ഓര്‍മിപ്പിക്കുന്നവരാണ്. അവരിലൂടെയാണ് വേദഗ്രന്ഥം സജീവമാകുന്നത്. വേദഗ്രന്ഥത്തിലൂടെ അവരും സജീവമാകുന്നു. അവരെക്കുറിച്ച് ക്വുര്‍ആന്‍ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ ക്വുര്‍ആന്‍ കൊണ്ട് സംസാരിക്കുന്നവരാണ്.

സമൂഹം ഒന്നടങ്കം അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ മനഃപൂര്‍വമായി നബി ﷺ യുടെ സുന്നത്തുകളില്‍ ഒന്നിനോടും -അതെത്ര ചെറുതോ വലുതോ ആകട്ടെ-എതിരു നില്‍ക്കുകയില്ല. അവരൊക്കെയും ഏകസ്വരത്തില്‍ ഉറപ്പിച്ചു പറഞ്ഞിട്ടുള്ള സംഗതിയാണ് നബി ﷺ യെ നിര്‍ബന്ധമായും പിന്‍പറ്റണമെന്നത്. നബി  ﷺ  ഒഴികെയുള്ള ആരുടെ വാക്കുകൡലും എടുക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമുണ്ടാകും എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആരുടെയെങ്കിലും വാക്കുള്‍ക്കെതിരായി സ്വീകാര്യയോഗ്യമായ ഹദീസ് കാണപ്പെട്ടാല്‍ അത് എടുക്കാതിരിക്കാനുള്ള ന്യായമായ വല്ലകാരണവു മുണ്ടായിരിക്കുമെന്നത് നാം മനസ്സിലാക്കണം. അഥവാ മനഃപൂര്‍വ്വം അവരാരും നബി ﷺ യുടെ അധ്യാപനങ്ങളെ കയ്യൊഴിക്കുകയില്ല.

അത്തരം ന്യായമായ കാരണങ്ങള്‍ മൂന്ന് തരത്തിലാണുണ്ടാവുക:

1) നബി ﷺ  അപ്രകാരം പറഞ്ഞതായി ആ പണ്ഡിതന്‍ കരുതാതിരിക്കുക.

2) അതല്ലെങ്കില്‍ പ്രസ്തുത വാക്കുകൊണ്ട് ആ വിഷയം ഉദ്ദേശിക്കപ്പെടുന്നതായി കരുതാതിരിക്കുക.

3) അതുമല്ലെങ്കില്‍ പ്രസ്തുത വിധി ദുര്‍ബലപ്പെടുത്തപ്പെട്ട ആദ്യകാല നിയമം (മന്‍സൂഖ്) ആണെന്ന് കരുതുക.

ഈ മൂന്ന് കാര്യങ്ങള്‍ തന്നെ മറ്റ് അനവധി കാരണങ്ങളായി വരുന്നതാണ്.

1) പ്രസ്തുത ഹദീസ് ആ പണ്ഡിതന് കിട്ടാതിരിക്കുക. ഒരു ഹദീസ് ലഭിച്ചിട്ടില്ലാത്തയാളെ സംബന്ധിച്ചിടത്തോളം അയാള്‍ അതിന്റെ തേട്ടമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശഠിക്കാവതല്ല. അങ്ങനെ പ്രസ്തുത ഹദീസ് കിട്ടാത്ത സ്ഥിതിക്ക് ആ വിഷയത്തില്‍ അയാള്‍ ഏതെങ്കിലും ആയത്തുകളുടെയോ മറ്റു ഹദീസുകളുടെയോ ബാഹ്യമായ തേട്ടമനുസരിച്ചായിരിക്കും വിധി പറഞ്ഞിട്ടുണ്ടാവുക. അതല്ലെങ്കില്‍ മറ്റു നിയമങ്ങളോട് ബന്ധിപ്പിച്ചുകൊണ്ടോ ഗവേഷണാന്മകമായ താരതമ്യത്തിലൂടെ(ഖിയാസ്)യോ മറ്റോ ആയിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ വാക്ക് ആ ഹദീസിനോട് യോജിച്ചുവരാം. ചിലപ്പോള്‍ എതിരായും വരാം. ഇതാണ് സച്ചരിതരായ മുന്‍ഗാമികളുടെ വാക്കുകളില്‍ ഹദീസിനോടു എതിരായി കാണപ്പെടുന്നവയില്‍ മഹാഭൂരിഭാഗവും. നബി ﷺ യുടെ ഹദീസുകളെയെല്ലാം പരിപൂര്‍ണമായി ഉള്‍കൊണ്ടുകൊണ്ടുള്ള സമുദ്രസമാനമായ അറിവ് ആര്‍ക്കും തന്നെ ഉണ്ടായിട്ടില്ല. നബി ﷺ  ചില കാര്യങ്ങള്‍ സംസാരിക്കും, അല്ലെങ്കില്‍ 'ഫത്‌വ' കൊടുക്കുകയോ പറയുകയോ ചെയ്യും. അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കും. അപ്പോള്‍ അവിടെ ഹാജരുള്ളവര്‍ അത് കേള്‍ക്കുകയും കാണുകയും ചെയ്യും. അവര്‍ ഹാജറില്ലാത്തവര്‍ക്ക് അത് എത്തിച്ചുകൊടുക്കും. അങ്ങനെ ആ അറിവ് സ്വഹാബികളിലും താബിഉകളിലുമുള്ള അല്ലാഹു ഉദ്ദേശിച്ചവരിലേക്ക് എത്തും. പിന്നീട് മറ്റൊരു സദസ്സില്‍ നബി ﷺ  സംസാരിക്കുകയോ 'ഫത്‌വ' നല്‍കുകയോ വിധിപറയുകയോ അല്ലെങ്കില്‍ വല്ലതും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ ആദ്യസദസ്സിലില്ലാതിരുന്ന ചിലര്‍ സാക്ഷികളായിട്ടുണ്ടാവും. അവരും അവര്‍ക്ക് സാധിക്കുന്നവരിലേക്ക് ആ അറിവ് പകര്‍ന്നുകൊടുക്കും. അങ്ങനെ ചിലരുടെ പക്കലില്ലാത്ത അറിവ് മറ്റു ചിലരുടെ പക്കലുണ്ടാവുകയെന്നത് സ്വാഭാവികമാണ്. സ്വഹാബികളിലും ശേഷക്കാരിലുമൊക്കെയുള്ള പണ്ഡിതന്മാരിലെ മഹത്വത്തിന്റെ ഏറ്റവ്യത്യാസം ഇത്തരം ജ്ഞാനവര്‍ധനവിനും അതിന്റെ ഗുണനിലവാരത്തിനും അനുസരിച്ചുമായിരിക്കും ഉണ്ടാവുക.

എന്നാല്‍ നബി ﷺ യുടെ ഹദീസുകളെല്ലാം പരിപൂര്‍ണമായി ഒരാള്‍ ഗ്രഹിക്കുകയെന്നത് തീരെ അവകാശപ്പെടാന്‍ പറ്റുകയില്ല.

നബി ﷺ യുടെ അവസ്ഥകളും ചര്യകളുമൊക്കെ കൂടുതലറിയുന്ന ഖുലഫാഉര്‍റാശിദുകളുടെ കാര്യം തന്നെ എടുക്കുക. വിശിഷ്യാ അബൂബക്കര്‍ സ്വിദ്ദീക്വ്(റ); നബി ﷺ യോടൊപ്പം യാത്രയിലും അല്ലാത്തപ്പോഴുമൊക്കെ സദാസമയമുണ്ടായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ കാര്യങ്ങളില്‍ രാത്രി നബി ﷺ യോടൊപ്പം അദ്ദേഹം സംസാരിച്ചിരിക്കുമായിരുന്നു; അപ്രകാരംതന്നെ ഉമര്‍(റ)വും.  പലപ്പോഴും നബി ﷺ  ഇങ്ങനെ പറയാറുണ്ടായിരുന്നു: ''ഞാനും അബൂബക്കറും ഉമറും അവിടെ പ്രവേശിച്ചു.'' ''ഞാനും അബൂബക്കറും ഉമറും അവിടുന്ന് പുറപ്പെട്ടു.'' എന്നിരുന്നിട്ടുകൂടി അബൂബക്കര്‍(റ)വിനോട് പിതാമഹിയുടെ (വല്ലിമ്മ) അനന്തരാവകാശത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

''അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് ഒരു വിഹിതവും ഉള്ളതായി അറിവില്ല. നബി ﷺ യുടെ സുന്നത്തിലും നിങ്ങള്‍ക്ക് വല്ലതും അവകാശപ്പെട്ടതായി എനിക്കറിയില്ല. അതിനാല്‍ നിങ്ങള്‍ മറ്റുള്ളവരോട് കൂടി അന്വേഷിക്കുക.'' അങ്ങനെ അവര്‍ ചോദിച്ചപ്പോള്‍ മുഗീറത്തുബ്‌നു ശുഅ്ബ(റ)യും മുഹമ്മദുബ്‌നു മസ്‌ലമ(റ)യും പറഞ്ഞു: ''നബി ﷺ  അവര്‍ക്ക് ആറില്‍ ഒന്ന് (1/6)നല്‍കിയിട്ടുണ്ട്''(അബൂദാവൂദ്, തിര്‍മുദി). ഇംറാനുബ്‌നു ഹുസൈ്വന്‍(റ)വും ഇക്കാര്യം അറിയിക്കുന്നുണ്ട്.

ഇവര്‍ മൂന്ന് പേരും (അറിവുകൊണ്ടും സ്ഥാനം കൊണ്ടും) അബൂബക്കര്‍(റ)വിനെ പോലെയോ മറ്റ് ഖലീഫമാരെ പോലെയോ അല്ല. എന്നിട്ടും ഇസ്‌ലാമിക സമൂഹം ഏകകണ്ഠമായി അംഗീകരിച്ച് പ്രവര്‍ത്തിച്ചുപോരുന്ന ഇക്കാര്യം ഇവര്‍ക്ക് മാത്രമാണ് കിട്ടിയത്.

അപ്രകാരം തന്നെ വീട്ടില്‍ കടക്കാന്‍ അനുവാദം ചോദിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിനെ കുറിച്ച് അബൂമൂസല്‍ അശ്അരി(റ) അറിയിക്കുകയും അന്‍സ്വാരികള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഉമര്‍(റ)ന് ഇത് അറിയില്ലായിരുന്നു. ഉമര്‍(റ) ആകട്ടെ ഈ സുന്നത്തിനെ കുറിച്ച് സംസാരിച്ചവരെക്കാള്‍ മറ്റു വിഷയങ്ങളില്‍ അറിവുള്ളയാളാണ് താനും.

ഭര്‍ത്താവിന്റെ ദായധനത്തില്‍ നിന്നും ഭാര്യക്ക് അനന്തര വിഹിതം കിട്ടുമെന്ന കാര്യം ഉമര്‍(റ)വിന് അറിയില്ലായിരുന്നു. ഭാര്യയല്ലാത്ത മറ്റ് അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് അത് അവകാശപ്പെട്ടത് എന്നായിരുന്നു ഉമര്‍(റ) ധരിച്ചു വെച്ചിരുന്നത്. അങ്ങനെ ദഹ്ഹാക്ക്ബ്‌നു സുഫ്‌യാന്‍(റ) അദ്ദേഹത്തിന് എഴുതി അറിയിച്ചു: (അദ്ദേഹം നബി ﷺ യുടെ നിര്‍ദേശ പ്രകാരം ചില പ്രദേശങ്ങളുടെ ഭരണ ചുമതലയുള്ള വ്യക്തി -അമീര്‍-ആണ്) ''നിശ്ചയം നബി ﷺ  അശ്‌യംഅദ്ദുബാബിയുടെ ഭാര്യക്ക് അദ്ദേഹത്തിന്റെ ദായധനത്തില്‍ നിന്ന് അനന്തരാവകാശം നല്‍കിയിട്ടുണ്ട്.'' (അഹ്മദ്, അബുദാവൂദ്, തിര്‍മിദി). അപ്പോള്‍ ഉമര്‍(റ) തന്റെ അഭിപ്രായം ഉപേക്ഷിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ''ഇതിനെകുറിച്ച വിവരം നാം കേട്ടില്ലായിരുന്നുവെങ്കില്‍ അതിന് എതിരായി വിധിച്ചുകളയുമായിരുന്നു!''

അപ്രകാരം തന്നെ 'ജിസ്‌യ'യുടെ കാര്യത്തില്‍ മജൂസികള്‍ക്കുള്ള വിധിയെന്താണെന്ന് അദ്ദേഹത്തിനറിയുമായിരുന്നില്ല. 'വേദക്കാര്‍ക്കുള്ള വിധി അവര്‍ക്കും നടപ്പിലാക്കുക' എന്ന് നബി ﷺ  പറഞ്ഞതായുള്ള വിവരം അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. (ഇത് ഇമാം ശാഫിഈ(റ) തന്റെ മുസനദില്‍ 'മുര്‍സലായിട്ട്' ഉദ്ധരിച്ചതാണ്. ഈ പദങ്ങളില്‍ വേറെയും 'മുര്‍സല്‍' രൂപത്തിലുള്ള നിവേദനങ്ങളുണ്ട്).

ഇമാം അഹ്മദ്, ബുഖാരി, അബൂദാവൂദ്, തിര്‍മിദി മുതലായവര്‍ ഉദ്ധരിക്കുന്നു: ''ഉമര്‍(റ) മജൂസികളില്‍ നിന്നും ജിസ്‌യ വാങ്ങിയിരുന്നില്ല. നബി ﷺ  ഹിജ്‌റിലെ മജൂസികളില്‍ നിന്ന് ജിസ്‌യ വാങ്ങിയിരുന്നതായി അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) സാക്ഷ്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹം അത് സ്വീകരിച്ചത്.''

സിറിയയിലേക്കുള്ള യാത്രയില്‍ 'സര്‍ഗ്' എന്ന സിറിയയുടെ അതിര്‍ത്തി പ്രദേശത്തെത്തിയപ്പോഴാണ് അവിടെ പ്ലേഗ് പടര്‍ന്നതായി അറിയുന്നത്. എന്തുചെയ്യണം എന്ന വിഷയത്തില്‍ കൂടെയുണ്ടായിരുന്ന മുഹാജിറുകളോടും പിന്നെ അന്‍സ്വാറുകളോടും പിന്നീട് മറ്റുള്ളവരോടും കൂടിയാലോചനകള്‍ നടത്തി. ഓരോരുത്തരും അവരുടെതായ അഭിപ്രായം പറഞ്ഞു. ഒരാളും നബി ﷺ യുടെ തദ്വിഷയകമായ അധ്യാപനത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയിരിക്കെ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) വന്നു. ആ വിഷയകമായി നബി ﷺ  പഠിപ്പിച്ച സുന്നത്ത് അദ്ദേഹം അറിയിച്ചു: ''നിങ്ങള്‍ ഒരു പ്രദേശത്തായിരിക്കെ അവിടെ പ്ലേഗ് ബാധിച്ചാല്‍ നിങ്ങള്‍ അവിടെ നിന്ന് പേടിച്ച് പുറത്ത് പോകരുത്. മറ്റൊരു നാട്ടില്‍ പ്ലേഗുള്ളതായി കേട്ടാല്‍ അവിടേക്കും നിങ്ങള്‍ ചെല്ലരുത്'' (അഹ്മദ്, ബുഖാരി, മുസ്‌ലിം).

ഉമര്‍(റ)വും ഇബ്‌നു അബ്ബാസ്(റ)വും നമസ്‌കാരത്തില്‍ സംശയമുണ്ടായാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷയത്തിലുള്ള നബിചര്യ (സുന്നത്ത്) അവര്‍ക്ക് ലഭിച്ചിരുന്നില്ല. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) നബി ﷺ  പറഞ്ഞതായ ഹദീസ് അവരെ കേള്‍പിച്ചു: ''സംശയം ഒഴിവാക്കി ഉറപ്പുള്ളതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുക'' (അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി മുതലായവര്‍ അബൂ സഈദില്‍ ഖുദ്‌രി(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അബ്ദുറഹ്മാനു ഔഫി(റ)ന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്: ''നിങ്ങളിലാരെങ്കിലും നമസ്‌കാരത്തില്‍ സംശയിക്കുകയും ഒരു റക്അത്താണോ രണ്ട് റക്അത്താണോ നമസ്‌കരിച്ചത് എന്ന് അറിയാതിരിക്കുകയും ചെയ്താല്‍ അതിനെ ഒരു റക്അത്തായി കണക്കാക്കട്ടെ...'' ഇതില്‍ 'സംശയം ഒഴിവാക്കി ഉറപ്പുള്ളതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുക' എന്ന ഭാഗം ഇല്ല (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ചത്).

ഒരിക്കല്‍ ഉമര്‍(റ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ശക്തമായി കാറ്റടിച്ചു വീശാന്‍ തുടങ്ങി. അന്നേരം അദ്ദേഹം ചോദിച്ചു: ''കാറ്റിനെ കുറിച്ച് ആരാണ് നമുക്ക് ഹദീസ് പറഞ്ഞു തരിക?'' അബൂഹുറയ്‌റ(റ) പറഞ്ഞു: ''ഞാന്‍ ഏറ്റവും പിന്നിലായിരുന്നു. ഈ വിവരം ഞാനറിഞ്ഞപ്പോള്‍ വാഹനം തിരക്കി അദേഹത്തിന്റെ അടുക്കലെത്തി. എന്നിട്ട് കാറ്റടിച്ച് വീശുമ്പോള്‍ ചെയ്യാന്‍ നബി ﷺ  കല്‍പിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.'' അതായത്, അവര്‍ പറഞ്ഞു: ''കാറ്റടിച്ച് വീശിയാല്‍ നബി ﷺ  ഇപ്രകാരം പറയുമായിരുന്നു: 'അല്ലാഹുവേ, ഇതിന്റെയും ഇതില്‍ അടങ്ങിയിട്ടുള്ളതിന്റെയും ഇത് അയക്കപ്പെട്ടതിലെയും നന്മ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതിന്റെയും ഇതിലടങ്ങിയിട്ടുള്ളതിന്റെയും ഇത് അയക്കപ്പെട്ടതിലെയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.''

എന്നാല്‍ അബൂദാവൂദും ഇബ്‌നുമാജയും അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം ചെയ്തതില്‍ ഇങ്ങനെയാണുള്ളത്: നബി ﷺ  പറഞ്ഞതായി ഞാന്‍ കേട്ടു: ''കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമാണ്. അത് ചിലപ്പോള്‍ കാരുണ്യത്തെയും മറ്റു ചിലപ്പോള്‍ ശിക്ഷയെയും കൊണ്ടുവരും. അതിനാല്‍ കാറ്റടിച്ചു വീശുന്നതായി നിങ്ങള്‍ കണ്ടാല്‍ അതിനെ ചീത്ത വിളിക്കരുത്. മറിച്ച് അതിന്റെ നന്മക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും അതിന്റെ തിന്മയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുക.'' ഇബ്‌നു ഹജര്‍(റ) പറഞ്ഞപോലെ ഇത് സ്വഹീഹായ ഹദീസാണ്.

എന്നാല്‍ ഈ പറഞ്ഞവയൊക്കെയും ഉമര്‍(റ)വിന് അറിയാതിരുന്നതും അദ്ദേഹത്തെക്കാള്‍ താഴെയുള്ളവര്‍ അദ്ദേഹത്തിന് അതിലെ നബിചര്യ അറിയിച്ചുകൊടുക്കുകയും ചെയ്തതായ സന്ദര്‍ഭങ്ങളാണ്. വേറെ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിലെ സുന്നത്ത് അദ്ദേഹത്തിന് കിട്ടാതിരുന്നത് കൊണ്ട് ആ വിഷയത്തില്‍ സുന്നത്തിനനുസരിച്ചല്ലാത്ത വിധി പറയുകയും 'ഫത്‌വ' നല്‍കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വിരലുകളുടെ ദായധനത്തില്‍ (ദിയയില്‍) അദ്ദേഹം വിധിപറഞ്ഞതുപോലെ: ''വിരലുകളുടെ ഉപകാരവും പ്രയോജനവുമനുസരിച്ച് ദിയ വ്യത്യസ്തമാണ്.''

എന്നാല്‍ അബൂമൂസ(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവരുടെ അടുക്കല്‍ ഇതു സംബന്ധമായ ഒരു ഹദീസ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും ഉമര്‍(റ)വിനെക്കാള്‍ അറിവില്‍ വളരെ താഴെയായിരുന്നു.

നബി ﷺ  പറഞ്ഞു: ''ചെറുവിരലും പെരുവിരലും സമമാണ്'' (ബുഖാരി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ).

ഈ പ്രവാചകവചനം മുആവിയ(റ)വിന്റെ ഭരണകാലത്ത് അദ്ദേഹത്തിന് ലഭ്യമാവുകയും അദ്ദേഹം അതനുസരിച്ച് വിധിക്കുകയും ചെയ്തു. മറ്റുള്ളവര്‍ അത് പിന്‍പറ്റുകയും ചെയ്തു. എന്നാല്‍  ഈ ഹദീസ് തനിക്ക് ലഭിച്ചില്ല എന്നത് ഉമര്‍(റ)നെ സംബന്ധിച്ച് ഒരു ആക്ഷേപവുമല്ല താനും.

അപ്രകാരം തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ജംറതുല്‍ അക്വബയിലെ കല്ലേറിന് ശേഷം ത്വവാഫുല്‍ ഇഫാദയക്ക് മുമ്പും സുഗന്ധം ഉപയോഗിക്കുന്നത് ഉമര്‍(റ) വിലക്കാറുണ്ടായിരുന്നു.

ഉമര്‍(റ) മാത്രമല്ല മകന്‍ അബ്ദുല്ല(റ)യും മറ്റുപല പ്രമുഖരും അത് വിലക്കിയിരുന്നു. കാരണം അവര്‍ക്ക് ആഇശ(റ) ഉദ്ധരിച്ച ഹദീസ് ലഭിച്ചിരുന്നില്ല.

ആഇശ(റ) പറയുന്നു: ''ഞാന്‍ നബി ﷺ ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്‌റാമില്‍ നിന്ന് തഹമ്മുലായപ്പോള്‍ ഇഫാദക്കു മുമ്പും സുഗന്ധം പുറട്ടിക്കൊടുത്തു.''

ഖുഫ്ഫ ധരിച്ചവരോട് ഒരു നിശ്ചിത സമയ പരിധിയില്ലാതെ അത് അഴിക്കുന്നത് വരെ എത്ര ദിവസം വേണമെങ്കിലും അതിന്‍മേല്‍ തടവാന്‍ അദ്ദേഹം നിര്‍ദേശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം തന്നെയായിരുന്നു മുന്‍ഗാമികളില്‍പ്പെട്ട വേറെ ചിലര്‍ക്കും ഉണ്ടായിരുന്നത്. ഇവരുടെയത്ര വൈജ്ഞാനിക വിധാനത്തിലേക്കെത്തിയിരുന്നില്ലാത്ത മറ്റു ചിലര്‍ക്ക് കിട്ടിയ, ഖുഫ്ഫയിന്മേല്‍ തടവുന്നതിലെ സമയ പരിധി നിര്‍ണയിച്ചുകൊണ്ടുള്ള ഹദീസുകള്‍ അവര്‍ക്ക് ലഭിച്ചില്ല എന്നതായിരുന്നു അതിനു കാരണം. വ്യത്യസ്തങ്ങളായ നിരവധി വഴികളിലൂടെ അത് നബി ﷺ യില്‍ നിന്ന് സ്വഹീഹായ നിലയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് താനും.

അലി(റ)വില്‍ നിന്ന് ഇമാം അഹ്മദും ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്, ഖുസൈമതുബ്‌നു സാബിതില്‍(റ) നിന്ന് അഹ്മദ്, അബൂദാവൂദ്, തിര്‍മിദി എന്നിവരും, സ്വഫ്‌വാനുബ്‌നു അസ്ആല്‍(റ)ല്‍ നിന്ന് നസാഇ, തിര്‍മിദി, ഇബ്‌നു ഖുസൈമ എന്നിവരും, നുഫൈഉബ്‌നുല്‍ ഹാരിസി(റ)ല്‍ നിന്ന് ദാറക്വുത്വ്‌നി, ഇബ്‌നു ഖുസാമ എന്നിവരും ഉദ്ധരിച്ച ഹദീസുകളുമൊക്കെ ഖുഫ്ഫകളില്‍ തടവുന്നതിന് സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരിക്കുന്നവയാണ്. അതായത്, നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു രാവും ഒരു പകലും സമയം. യാത്രക്കാര്‍ക്കാണെങ്കില്‍ മൂന്ന് രാത്രികളും മൂന്ന് പകലുകളും.

അപ്രകാരം തന്നെ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലാണ് ഇദ്ദഃയാചരിക്കേണ്ടതെന്ന കാര്യം ഉസ്മാന്‍(റ)വിന് അറിയുമായിരുന്നില്ല. അബൂസഈദില്‍ ഖുദ്‌രി(റ)വിന്റെ സഹോദരി ഫുറൈഅ ബിന്‍ത് മാലിക്(റ)വിന്റെ വിഷയത്തില്‍ നബി ﷺ  നിര്‍ദേശിച്ച കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം അത് അറിയുന്നത്. (അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുള്ളത്. തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ അത് സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്). അപ്പോള്‍ ഉസ്മാന്‍(റ) അത് അംഗീകരിക്കുകയും ചെയ്തു.

അപ്രകാരം തന്നെ ഒരിക്കല്‍ ഉസ്മാന്‍(റ)വിന് വേണ്ടി വേട്ടയാടിപ്പിടിച്ചു കൊണ്ടുവന്ന ഒരു വേട്ടമൃഗത്തെ നല്‍കിയപ്പോള്‍ അത് ഭക്ഷിക്കുവാനായി ഉഥ്മാന്‍(റ) ആഗ്രഹിച്ച സമയത്താണ് അലി(റ) ഈ വിഷയത്തില്‍ തനിക്കറിയാവുന്ന പ്രവാചകാധ്യാപനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്: ''നബി ﷺ  തനിക്കുവേണ്ടി സമര്‍പിക്കപ്പെട്ട വേട്ടമൃഗത്തെ ഇഹ്‌റാമിന്റെ വേളയില്‍ നിരാകരിച്ചു'' (അഹ്മദ്).

ഇതു തന്നെയാണ് നാലാം ഖലീഫ അലിയ്യ്(റ)ന്റെയും സ്ഥിതി. അദ്ദേഹം പറയുന്നു: ''ഞാന്‍ നബി ﷺ യില്‍ നിന്ന് വല്ല ഹദീസും കേട്ടാല്‍ അത് സ്വീകരിക്കുകയും അല്ലാഹു ഉദ്ദേശിച്ചത്ര ഉപകരാം എനിക്കതിലൂടെ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാരെങ്കിലും എന്നോട് നബി ﷺ  പറഞ്ഞതായി ഹദീസുകള്‍ പറഞ്ഞാല്‍ ഞാന്‍ അവരോട് സത്യം ചെയ്യാനാവശ്യപ്പെടുമായിരുന്നു. അങ്ങനെ എന്നോട് സത്യം ചെയ്ത് പറഞ്ഞാല്‍ ഞാനത് സത്യപ്പെടുത്തി അംഗീകരിക്കുമായിരുന്നു. അബൂബക്കര്‍(റ) എന്നോട് ഹദീസ് പറഞ്ഞിട്ടുണ്ട്. അബൂബക്കര്‍(റ) സത്യമാണ് പറഞ്ഞത്. പ്രസിദ്ധമായ തൗബയുടെ നമസ്‌കാരത്തെക്കൂറിച്ച് പറയുന്ന ഹദീസ് അദ്ദേഹം പറഞ്ഞു: (ഇമാം അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ മുതലായവര്‍ റിപ്പോര്‍ട്ടു ചെയ്ത ഹദീസ്).

അബൂബക്കര്‍(റ) പറയുന്നു: ''നബി ﷺ  പറഞ്ഞത് ഞാന്‍ കേട്ടു: 'എന്തെങ്കിലും തെറ്റ് ചെയ്തു പോയ ഏതൊരാളും നല്ല രൂപത്തില്‍ വുദൂഅ് ചെയ്ത് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താല്‍ അല്ലാഹു പൊറുക്കാതിരിക്കുകയില്ല.'' ശേഷം അവിടുന്ന് ആലുഇംറാനിലെ 153ാമത്തെ ആയത്ത് ഓതി.

ഇബ്‌നുഹജര്‍(റ) ഈ ഹദീസിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നല്ല പരമ്പരയോടു കൂടിയ ഹദീസാണിത്.'

സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള കാലമേതാണോ-അഥവാ 4 മാസവും 10 ദിവസവും അല്ലെങ്കില്‍ പ്രസവം നടക്കുന്നത് വരെ- ഇതില്‍ രണ്ടിലും ഏറ്റവും ദീര്‍ഘിച്ച അവധി ഏതാണോ അതാണ് ഇദ്ദാകാലഘട്ടമായി പരിഗണിക്കേണ്ടത് എന്ന് അലിയ്യ്(റ)വും ഇബ്‌നു അബ്ബാസ്(റ)വും മറ്റും പറഞ്ഞിട്ടുണ്ട്. കാരണം, സുബൈഅത്തുല്‍ അസ്‌ലമിയ്യ(റ)യുടെ വിഷയത്തില്‍ നബി ﷺ  പറഞ്ഞ ഹദീസ് അവര്‍ക്ക് ലഭിച്ചിരുന്നില്ല. സുബൈഅ(റ)യുടെ ഭര്‍ത്താവ് മരണപ്പെട്ടുമ്പോള്‍ അവര്‍ക്ക് നബി ﷺ  നല്‍കിയ ഫത്‌വ പ്രസവിക്കുന്നതുവരെ ഇദ്ദ ആചരിക്കുവാനായിരുന്നു. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നു മാജ മുതലായവര്‍ സമാനമായ പദങ്ങളിലൂടെ സുബൈഅത്തുല്‍ അസ്‌ലമിയ്യ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ സംഭവം).

അലി(റ)വും സൈദ്(റ)വും ഇബ്‌നു ഉമര്‍(റ)വും മറ്റുമൊക്കെ ഫത്‌വ നല്‍കിയിരുന്നത് മഹ്‌റ് നിശ്ചയിക്കാതെ വിവാഹം ചെയ്യപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അവള്‍ക്ക് മഹ്‌റിന് അവകാശമില്ല എന്നായിരുന്നു. കാരണം, ബര്‍വഅ് ബിന്‍ത് വാശിഖ്(റ)യുടെ കാര്യത്തിലുള്ള നബി ﷺ  ഹദീസ് അവര്‍ക്ക് കിട്ടിയിരുന്നില്ല. (ഇമാം അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ എന്നിവര്‍ ഇത് സ്വഹീഹാെണന്ന് പറഞ്ഞിട്ടുണ്ട്. ബര്‍വഅ്(റ)യുടെ ഭര്‍ത്താവ് ഹിലാലുബ്‌നു മുര്‍റ അല്‍അശ്ജീ ആണ്).

ഇത് വിശാലമായ ഒരു മേഖലയാണ്. നബി ﷺ യില്‍ നിന്ന് നേരിട്ട് ദീന്‍പഠിച്ച സ്വഹാബികളില്‍ നിന്ന് ഈ രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്നത് നിജപ്പെടുത്താന്‍ സാധിക്കാത്ത അത്രയുണ്ടാകും. സ്വഹാബികള്‍ ഈ ഉമ്മത്തിലെ ഏറ്റവും പാണ്ഡിത്യവും പരിജ്ഞാനവുമുള്ളവരാണ്. ഏറ്റവും സൂക്ഷമാലുക്കളും ശ്രേഷ്ഠരുമാണ്. അവര്‍ക്ക് ശേഷമുള്ളവരാകട്ടെ ഇത്തരം കാര്യങ്ങളില്‍ അവരെക്കാള്‍ വളരെ സ്ഥാനം കുറഞ്ഞവരാണ്. എന്നിട്ടും പ്രവാചകാധ്യാപനങ്ങളില്‍ ചിലത് അവരില്‍ ചിലര്‍ക്ക് അപ്രാപ്യമായി എന്നത് വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമായ സംഗതിയാണ്. എന്നിരിക്കെ നബി ﷺ യുടെ സ്വഹീഹായ എല്ലാ ഹദീസുകളും ഇമാമീങ്ങളില്‍ ഓരോരുത്തര്‍ക്കും ലഭിച്ചുവെന്നോ അതല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക ഇമാമിന് അവയെല്ലാം കിട്ടിയെന്നോ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അയാള്‍ വ്യക്തമായ പിഴവിലും അബദ്ധ ധാരണയിലുമാണുള്ളത്.

ഹദീസുകളെല്ലാം ക്രോഡീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അവ ഇമാമീങ്ങള്‍ക്ക് ലഭിക്കാതെ പോവുക എന്നത് അതിവിദൂരമാണ് എന്നൊന്നും  ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ല. കാരണം, സുപ്രസിദ്ധമായ ഈ ഹദീസ് സമാഹാരങ്ങളൊക്കെയും മദ്ഹബിന്റെ ഇമാമീങ്ങളുടെ കാലങ്ങള്‍ക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നബി ﷺ യുടെ ഹദീസുകളെല്ലാം ഏതെങ്കിലും പ്രത്യേക ഗ്രന്ഥങ്ങളില്‍ സമ്പൂര്‍ണമായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വാദിക്കാന്‍ സാധ്യമല്ല. ഇനി, നബി ﷺ യുടെ അധ്യാപനങ്ങളെല്ലാം അപ്രകാരം ഏതെങ്കിലും ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍ തന്നെ, അവയെല്ലാം ഏതെങ്കിലും ചില പണ്ഡിതന്മാര്‍ക്ക് അറിയുമെന്ന് കരുതാനും ന്യായമില്ല. അങ്ങനെയൊരു സംഗതി ഒരാള്‍ക്കും ഉണ്ടാകാന്‍ പോകുന്നതല്ല. നേരെ മറിച്ച് ചിലപ്പോള്‍ ചിലരുടെ കൈവശം ധാരാളം ഗ്രന്ഥ ശേഖരങ്ങളുണ്ടായേക്കാം, എന്നാല്‍ അവയിലുള്ളത് മുഴുവനും അയാള്‍ ഗ്രഹിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല, ഈ ഗ്രന്ഥശേഖരങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നവരാണ് വാസ്തവത്തില്‍ പില്‍കാലക്കാരെക്കാള്‍ സുന്നത്തുകളെ സംബന്ധിച്ച് കൂടുതല്‍ ഗ്രാഹ്യതയുണ്ടായിരുന്നവര്‍.

ഹദീസുകള്‍ പ്രചരിക്കുകയും പ്രസിദ്ധമാവുകയുമൊക്കെ ചെയ്തിരിക്കും. എന്നാല്‍ അവ പല പണ്ഡിതന്മാര്‍ക്കും ദുര്‍ബലമായ വഴികളിലൂടെയായിരിക്കും കിട്ടിയിട്ടുണ്ടാവുക. അതോടൊപ്പം വേറെ ചിലര്‍ക്ക് ഈ ദുര്‍ബല മാര്‍ഗങ്ങളിലൂടെയല്ലാതെ പ്രബലമായ പരമ്പരയിലൂടെ തന്നെ പ്രസ്തുത ഹദീസുകള്‍ കിട്ടിയിട്ടുണ്ടാവുകയും ചെയ്യും. അപ്പോള്‍ ഈ വഴിയിലൂടെ വന്നത് പ്രബലവും തെളിവിന്ന് കൊള്ളുന്നതുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതിന്ന് എതിരായ വിധി പറഞ്ഞ പണ്ഡിതന്മാര്‍ക്ക് ഈ ഹദീസുകള്‍ ലഭ്യമായിട്ടുണ്ടാകില്ല എന്നും വരാം. അതുകൊണ്ടാണ് ഹദീസിന്റെ പ്രബലതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പല ഇമാമീങ്ങളും ഇപ്രകാരം പറയുന്നത്: ''ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഇന്നതാണ്. ഇതില്‍ ഇന്ന രൂപത്തില്‍ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് പ്രബലമാണെങ്കില്‍ എന്റെ അഭിപ്രായം അതാണ്.'' (അവസാനിച്ചില്ല)