യൂസുഫ് നബി: ചരിത്രം നല്‍കുന്ന പാഠങ്ങള്‍

സ്വലാഹ്ബിന്‍ അബീബക്കര്‍

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

മാനവകുലത്തിന് മാര്‍ഗദര്‍ശനമായി അവതീര്‍ണമായ വേദഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു കഴിഞ്ഞുപോയ സമൂഹങ്ങളുടെയും പ്രവാചകന്മാരുടെയുമൊക്കെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. അല്ലാഹു തന്നെ പറഞ്ഞുതരുന്നതായതിനാല്‍ ആ ചരിത്രവിവരണങ്ങളില്‍ അതിശയോക്തിയോ അവാസ്തവമോ ഒട്ടും ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു പറയുന്നു:

''നിനക്ക് ഈ ക്വുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു'' (12:3).

ചരിത്രത്തില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ക്വുര്‍ആന്‍ ചരിത്രം വിവരിക്കുന്നത്. പ്രവാചക ചരിത്ര കഥനങ്ങളില്‍ ഒരു അധ്യായത്തിലുടനീളം വിവരിച്ചതാണ് യൂസുഫ് നബി(അ)യുടെ ചരിത്രം. മനുഷ്യജീവിതത്തിലെ വ്യത്യസ്ത പരീക്ഷണഘട്ടങ്ങളില്‍ വിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് പ്രസ്തുത ചരിത്രം വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (12:7).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തില്‍ അന്വേഷിക്കുന്നവര്‍ക്ക് ധാരാളം ഉപദേശങ്ങളും ഗുണപാഠങ്ങളുമുണ്ട്. അത് വിവരിക്കാനര്‍ഹമായ അത്ഭുതകരമായ ചരിത്രമാണ്'' (തഫ്‌സീര്‍ ഇബ്‌നുകഥീര്‍).

അതിനാല്‍ തന്നെ പ്രസ്തുത ഗുണപാഠങ്ങള്‍ സ്വജീവിതത്തിലേക്ക് സ്വാംശീകരിക്കാന്‍ നാം തയ്യാറാവണം. പ്രസ്തുത ചരിത്രത്തില്‍ നിന്നുള്ള ചില സുപ്രധാന പാഠങ്ങള്‍ ചുവടെ നല്‍കുന്നു:

 

1. പ്രാര്‍ഥന അല്ലാഹുവോട് മാത്രം

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്നവരാണ് നാം. സാമ്പത്തിക പരാധീനതകളും ആരോഗ്യപരമായ പ്രയാസങ്ങളും അടുത്ത ബന്ധുമിത്രാദികളുടെ മരണവുമെല്ലാം പലപ്പോഴും മനുഷ്യരെ തളര്‍ത്താറുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് പലരും അല്ലാഹുവിന് പുറമെ അമ്പിയാ-ഔലിയാക്കളോടും മറ്റും സഹായം തേടുന്നതും ആരാധനയുടെ വിവിധ വശങ്ങള്‍ സമര്‍പ്പിക്കുന്നതും.

എന്നാല്‍, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും ആരാധനകള്‍ അര്‍പ്പിക്കേണ്ടത് അല്ലാഹുവിന് മുന്നില്‍ മാത്രമാണ്. പ്രാര്‍ഥിക്കേണ്ടത് അവനോട് മാത്രമാണ്. കാരണം പ്രാര്‍ഥന കേള്‍ക്കുവാനും ഉത്തരം നല്‍കുവാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്.

പ്രിയപ്പെട്ട മകനായ യൂസുഫിന്റെ തിരോധാനം യഅ്ക്വൂബ് നബി(അ)യില്‍ ഏല്‍പിച്ച ആഘാതം കനത്തതായിരുന്നു. ദുഃഖ ഭാരത്താല്‍ അദ്ദേഹത്തിന്റെ കാഴ്ച മങ്ങി, അല്ലാഹു തന്നെ വിവരിക്കുന്നത് നോക്കൂ:

''അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്''(12:84).

പിന്നീട് യൂസുഫ് നബി(അ)യുടെ സഹോദരനെ മോഷണക്കുറ്റത്തിന്റെ പേരില്‍ ഈജിപ്തില്‍ തടവിലാക്കിയ വാര്‍ത്തയറിഞ്ഞപ്പോഴും തന്റെ പ്രയാസങ്ങള്‍ അല്ലാഹുവിനോട് മാത്രമാണ് അദ്ദേഹം ബോധിപ്പിച്ചത്. ദുഃഖ ഭാരത്താല്‍ യഅ്ക്വൂബ്(അ) മരണപ്പെടുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നുവെന്ന് മക്കള്‍ പറഞ്ഞ സന്ദര്‍ഭം പരിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നത് നോക്കൂ:

''അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും. അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്'' (12:85,86).

ഇസ്‌ലാം നിഷിദ്ധമാക്കിയ വ്യഭിചാരമെന്ന പാപത്തില്‍ പെട്ട് പോകുമോ എന്ന് ഭയന്ന സന്ദര്‍ഭത്തില്‍ യൂസുഫ്(അ) അഭയം തേടിയതും അല്ലാഹുവിനോട് മാത്രമായിരുന്നു. അല്ലാഹു പറയുന്നു:

''അവന്‍ (യൂസുഫ്) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും'' (12:33).

അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതും സ്ത്രീകളുടെ കുതന്ത്രത്തില്‍ നിന്ന് രക്ഷിച്ചതുമെല്ലാം ചരിത്രം. അത്‌കൊണ്ട് തന്നെ, നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും നാം പ്രാര്‍ഥിക്കേണ്ടതും സഹായാര്‍ഥന നടത്തേണ്ടതും അല്ലാഹുവിനോട് മാത്രമാണ്. നിത്യവും നമസ്‌കാരങ്ങളിലൂടെ നാം പ്രഖ്യാപിക്കുന്നതും ഇത് തന്നെയാണല്ലോ:

''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു'' (1:5).

2. പിശാച് മനുഷ്യന്റെ മുഖ്യ ശത്രു:

''യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു. അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച്  മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു'' (12:4,5).

ഈ വചനങ്ങളെ വിശദീകരിച്ച് ഇമാം സഅ്ദി(റ) പറയുന്നു: ''രാപകല്‍ വ്യത്യാസമില്ലാതെയും രഹസ്യത്തിലും പരസ്യത്തിലുമെല്ലാം പിശാചിന് (പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍) മടുപ്പനുഭവപ്പെടുകയില്ല. അതിനാല്‍ തന്നെ പിശാച് കീഴടക്കുന്ന കാര്യങ്ങളില്‍ നിന്ന് മനുഷ്യര്‍ വിട്ടുനില്‍ക്കലാണ് നല്ലത്'' (തഫ്‌സീറുസ്സഅ്ദി).

മാനവകുലത്തെ വഴിപിഴപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് ഇബ്‌ലീസ്. ഉപരിലോകത്തുനിന്ന് അഹങ്കാരം നിമിത്തം അല്ലാഹു പുറത്താക്കിയപ്പോള്‍ പിശാച് പറഞ്ഞു:

''...നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല'' (7:16,17).

മനുഷ്യരെ വഴിപിഴപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് പിശാച്. ആദം നബി(അ)യില്‍നിന്ന് അത് തുടങ്ങി. അതിനാല്‍ നാം പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

''ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു'' (7:27).

3. നിഷ്‌കളങ്കത എന്ന രക്ഷാകവചം:

സമ്പത്തും കുലീനതയും സൗന്ദര്യവുമുള്ള യജമാനത്തി യൂസുഫ് നബി(അ)യുടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായി വ്യഭിചാരത്തിന് ക്ഷണിച്ചപ്പോള്‍ അല്ലാഹു പ്രസ്തുത പാപത്തില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിച്ചു. ഇത് വിവരിക്കവെ അല്ലാഹു പറയുന്നു:

''അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന്അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു'' (12:24).

ഇമാം സഅ്ദി(റഹി) പറയുന്നു: ''അദ്ദേഹം (യൂസുഫ്) ഇഖ്‌ലാസോട് കൂടി പ്രവര്‍ത്തിച്ചപ്പോള്‍ തിന്മകളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു'' (തഫ്‌സീറുസ്സഅ്ദി).

തിന്മകളിലേക്കുള്ള സാഹചര്യങ്ങളും പ്രേരകങ്ങളും ശക്തമായ ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. ഇഖ്‌ലാസ്വ് അഥവാ ആത്മാര്‍ഥതയുള്ള ഭക്തരെ അല്ലാഹു തിന്മകളില്‍നിന്ന് സംരക്ഷിക്കും.

ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതം നയിക്കുവാന്‍ നാം തയ്യാറാകണം. അനുഗ്രഹങ്ങള്‍ക്ക് നാഥനോട് നന്ദികാണിക്കുക, ദഅ്‌വത്തിന്റെ പ്രാധാന്യം, അസൂയയുടെ അപകടം തുടങ്ങി ഇനിയുമൊരുപാട് പാഠങ്ങള്‍ യൂസുഫ് നബി(അ)യുടെ ചരിത്രത്തില്‍ കാണാനാകും.  അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പരലോകചിന്തയുമാണ് ആ മഹാപ്രവാചകനെ ഉല്‍കൃഷ്ടനാക്കി മാറ്റിയത് എന്ന് നാം തിരിച്ചറിയുക.