അഹ്മദ് രിളാഖാന്‍ ബറേല്‍വി: തുടക്കവും പരിണാമവും

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 മാര്‍ച്ച് 23 1440 റജബ് 16

പേരുകേട്ട ഹനഫീ പണ്ഡിതന്മാരുടെ കുടുംബത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബറേലിയിലാണ് അഹ്മദ് രിളാഖാന്‍ ബറേല്‍വി ജനിച്ചത്. പിതാവ് മുഹമ്മദെന്നും മാതാവ് അമ്മന്‍ മിയാനെന്നും പേരുവിളിച്ചെങ്കിലും ബറേല്‍വിക്ക് ഇതൊന്നും തൃപ്തികരമായില്ല. സ്വന്തമായി സ്വീകരിച്ച 'അബ്ദുല്‍ മുസ്ത്വഫ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഇസ്‌ലാമിക വിശ്വാസ പ്രമാണമനുസരിച്ച് മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണ്. നബി ﷺ യുടെ അടിമ, അലി(റ)യുടെ അടിമ എന്നിങ്ങനെ സൃഷ്ടികളില്‍ ആരുടെയെങ്കിലും അടിമ എന്ന് ധ്വനിപ്പിക്കുന്ന എല്ലാ നാമകരണങ്ങള്‍ ഇസ്‌ലാം വിലക്കിയതാണെന്നതൊന്നും ബറേല്‍വിക്ക് വിലങ്ങുതടിയായില്ല!

ഇത് കേവലം ബറേല്‍വിയില്‍ മാത്രം പരിമിതമായിരുന്നില്ല. അയാളുടെ പിതാവിന്റെയും പിതാമഹന്റെയും പേരുകള്‍ സുന്നികള്‍ സ്വീകരിക്കുന്നവയായിരുന്നില്ല. ശിയാക്കള്‍ സാധാരണ സ്വീകരിക്കുന്ന പേരുകളായിരുന്നു അവര്‍ക്കുമുണ്ടായിരുന്നത്. ക്ഷിപ്രകോപിയും ആരെയും തെറിപറയുന്നതിന് യാതോരുവിധ മടിയുമില്ലാത്ത ബറേല്‍വിയുടെ ശാരീരിക, മാനസിക പ്രകൃതത്തെപ്പറ്റി നിരവധി രേഖകള്‍ തെളിവായുദ്ധരിക്കാന്‍ സാധിക്കും. 

ആരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ബറേല്‍വിക്ക് തന്റെ ഗുരുനാഥന്മാരുമായിതന്നെ നിരന്തരം ഇടയേണ്ടിവന്നിട്ടുണ്ട്. ഇത്രമാത്രം അനുസരണംകെട്ട ഒരുവ്യക്തിയെ വഹാബി വിരോധിയായി കിട്ടിയതില്‍ എറ്റവും സന്തോഷിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബറേല്‍വിയുടെ ശക്തമായ വഹാബി വിരോധത്തിന് അയാളുടെ മുരീദുമാര്‍ തന്നെ രേഖപ്പെടുത്തുന്ന ഒരുകഥ ഏറെ പ്രസിദ്ധമാണ്. യുവാവായ ബറേല്‍വി ഒരിക്കല്‍ അറിവ് സമ്പാദനത്തിന്റെ ഭാഗമായി ഒരു പ്രമുഖ പണ്ഡിതനെ സമീപിച്ചു. അദ്ദേഹം ബറേല്‍വിയുടെ അഭിരുചികളെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചു. വഹാബി/ദയൂബന്ധികളെ വിമര്‍ശിക്കലും അവരെ താറടിക്കലുമാണ് തന്റെ ഹോബിയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ ഈ സ്വഭാവം ഉപേക്ഷിക്കണമെന്നും ശരിയായ നടപടിയല്ലെന്നും ആ ഗുരുനാഥന്‍ ബറേല്‍വിയെ ഉപദേശിച്ചു. ഈ നിര്‍ദേശം ബറേല്‍വിയെ പ്രകോപിതനാക്കി. തന്നെ ഉപദേശിക്കാന്‍ ശ്രമിച്ച പണ്ഡിതനില്‍നിന്നും അറിവ് പഠിക്കാന്‍ കൂട്ടാക്കാതെ ബറേല്‍വി മടങ്ങിപ്പോയി. അത്രമാത്രം വിദ്വേഷവും കോപവും വഹാബികളെപ്പറ്റി തുടക്കംമുതല്‍ പുലര്‍ത്തിവന്നിരുന്ന വ്യക്തിയായിരുന്നു ബറേല്‍വി.

ചെറുപ്പത്തില്‍തന്നെ അതിശയകരമായ നിലയില്‍ ബുദ്ധിസാമര്‍ഥ്യവും കഴിവും പ്രകടിപ്പിച്ച ബറേല്‍വിയെപ്പറ്റി സ്വന്തം അനുയായികളും വ്യാപകമായ നിലയില്‍ കല്ലുവെച്ച നുണകളും കളവുകളും പറഞ്ഞുപരത്തി. ബറേല്‍വിയുടെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളെന്ന നിലയിലായിരുന്നു ഈ പ്രചാരണങ്ങള്‍. ഈ പ്രചാരണങ്ങള്‍ പലപ്പോഴും ബറേലല്‍വിയെ പ്രവാചന്മാരുടെയും മലക്കുകളുടെയും പദവിക്ക് അപ്പുറത്തേക്ക് ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. മതപരമായിതന്നെ ഏറ്റവും ഗൗരവമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ബറേല്‍വിക്കോ അയാളുടെ അനുയായികള്‍ക്കോ ഒരു ഗൗരവ വിഷയമായി ഭവിച്ചിരുന്നില്ല. നേരത്തെ വ്യാജ പ്രവാചകത്വം വാദിച്ചതിന്റെ പേരില്‍ മുസ്‌ലിം സമൂഹം ഒറ്റപ്പെടുത്തിയ മിര്‍സാ ഗുലാം ഖാദിയാനിയുടെ സഹോദരന്‍ മിര്‍സാഗുലാം ഖാദര്‍ ബെക് ആയിരുന്നു ബറേല്‍വിയുടെ മുഖ്യഗുരുനാഥന്‍.

ദേശീയ സ്വാതന്ത്ര്യ സമരം ശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ ബറേല്‍വിയെ വിപുലമായ നിലയില്‍ ഉപയോഗപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു. ബ്രിട്ടീഷ് വിരോധികളായ എല്ലാ സമൂഹത്തിനെയും കക്ഷി ഭേദമന്യെ 'വഹാബി'കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബറേല്‍വിയുടെ മതവിധികള്‍ ബ്രിട്ടീഷ് അധികാരികള്‍ തന്നെ വ്യാപകമായി പ്രചരിപ്പിച്ചു. വഹാബികളെപ്പറ്റി ബറേല്‍വി പ്രചരിപ്പിച്ച ഫത്‌വകളില്‍ ഇപ്രകാരം കാണാം: ''നിശ്ചയം വഹാബികള്‍ മുര്‍തദ്ദുകള്‍ (മതപരിത്യാഗം സംഭവിച്ചവര്‍) ആകുന്നു. അവരില്‍നിന്നും ജിസ്‌യ പിരിക്കാനോ അവര്‍ക്ക് സംരക്ഷണം നല്‍കാനോ പാടില്ല. അവരുടെ സ്ത്രീകളെ അടിമകളായി പിടിക്കാവുന്നതാണ്. അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാനോ, അവര്‍ അറുത്തത് ഭക്ഷിക്കാനോ, അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരമോ അനുവദനീയമല്ല. അവരുമായി സഹകരിക്കാനും വേദി പങ്കിടാനും സംഭാഷണം നടത്താനും പാടില്ല. അല്ലാഹു അവരെ നശിപ്പിച്ചുകളയട്ടെ.

ബറേല്‍വിയെ ആത്മീയഗുരുവും നേതാവുമായി പരിഗണിക്കുന്ന കേരളത്തിലെ സമസ്തക്കാരെന്ന പേരില്‍ അറിയപ്പെടുന്ന സുന്നികളും ഇതേവീക്ഷണം തന്നെയാണ് അവരുടെ മദ്‌റസാ പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി ഇവരുടെ 'തീവ്രസുന്നിസത്തിന്' അല്‍പം ചിലമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല. സാമ്പത്തിക ലാഭം കൈവരിക്കാനാകുമെന്ന് ഉറപ്പുള്ളപക്ഷം എന്ത് വിട്ടുവീഴ്ചക്കും പുരോഹിതന്മാര്‍ തയ്യാറാകുമെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ലേഖനങ്ങളിലും രചനകളിലും വഹാബികളെ ഒന്ന് കൊട്ടാതെ ബറേല്‍വി തന്റെ തൂലിക താഴെവച്ചിട്ടില്ല. എല്ലാം ബ്രിട്ടീഷ് സഹായം പ്രതീക്ഷിച്ചുകൊണ്ട് മാത്രമായിരുന്നു.

തികഞ്ഞ ബ്രിട്ടീഷ് ഭക്തനായിരുന്ന ബറേല്‍വിയുടെ അമിതഭക്തി കാരണം സ്വന്തം അനുയായികള്‍പോലും അയാളില്‍നിന്നും അകന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖിലാഫത്ത് സമരകാലത്ത് മുസ്‌ലിം സമൂഹം ഒന്നടങ്കം തുര്‍ക്കിയിലെ ഖലീഫക്ക് അനുകൂലമായി നിലകൊണ്ടപ്പോള്‍ തുര്‍ക്കിയിലെ ഉസ്മാനിയാ ഖലീഫമാര്‍ ക്വുറൈശികള്‍ അല്ലെന്നും അതിനാല്‍ അവരുടെ ഖിലാഫത്തിന് പദവിയില്ലെന്നുമായിരുന്നു ബറേല്‍വിയുടെ വിചിത്രമായ നിലപാട്. 

ബറേല്‍വി തികഞ്ഞ ബ്രിട്ടീഷ് ഭക്തനും അവരുടെ പിന്തുണക്കാരനുമായിരുന്നുവെന്ന വിഷയത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. മിര്‍സാ ഗുലാം ഖാദിയാനി നിര്‍വഹിച്ച എല്ലാ ദൗത്യങ്ങളും എറ്റെടുത്ത് നിര്‍വഹിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഏജന്റ് എന്ന് പറയലാകും കൂടുതല്‍ ശരി. ദയൂബന്ധി, അഹ്‌ലുല്‍ ഹദീഥ്, നദ്‌വത്തുല്‍ഉലമ തുടങ്ങിയ ഒട്ടുമിക്ക ചിന്താധാരകളും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊണ്ടപ്പോള്‍ വഹാബി വിരോധത്തിന്റെ പേരുംപറഞ്ഞ് ബ്രിട്ടീഷ് സപ്പോര്‍ട്ടറായി നിലകൊണ്ടിരുന്ന ബറേല്‍വിയെപ്പറ്റിയുള്ള ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ അത്ഭുതാവഹമാണ്.

Ahmad Raza Khan Barelvi was principally a supporter of British rule and declared jihad against the British to be unlawful. His fatwa can be found on page 447 of his treatise AlMohajat, Al Mohtamanat Fi Ayatal Mumtahanat. Francis Robinson, in his book Separatism Among Indian Muslims: The politics of UP Muslims 1860-1923 on page 268 confirms the pro government fatwas of Ahmad Raza Khan Barelvi. 

ബ്രിട്ടീഷ് യുഗത്തിലെ മുസ്‌ലിം അവസ്ഥകളെയും നിലപാടുകളെയും സംബന്ധിച്ച് സമഗ്രമായ അപഗ്രഥനം നടത്തിയ പ്രമുഖ യൂറോപ്യന്‍ ചരിത്രകാരനും നിരീക്ഷകനുമായിരുന്ന ഫാന്‍സിസ് റോബിന്‍സന്റെ വരികള്‍ ഇങ്ങനെ വായിക്കാം: ''നിശ്ചയം, ബറേല്‍വിയുടെ ജോലി ബ്രിട്ടീഷ് ഭരണകൂടത്തെ സഹായിക്കലായിരുന്നു. ഒന്നാംലോക മഹായുദ്ധത്തില്‍ അവര്‍ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇതേ സംരക്ഷണവും പിന്തുണയും 1921ലെ ഖിലാഫത്ത് പ്രക്ഷോഭംവരെ അവര്‍ തുടരുകയും ചെയ്തു. അവര്‍ ബറേലിയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തോട് വിയോജിപ്പുള്ള എല്ലാനേതാക്കളും പണ്ഡിതന്മാരും പങ്കെടുത്തു. മുസ്‌ലിംകളിലെ മതപാഠശാലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവര്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു.''

ബറേല്‍വിയുടെ ചിന്തകള്‍ ശാലിയാത്തിയിലൂടെ കേരളത്തിലേക്ക്

ബറേല്‍വിയുടെ, പ്രതിസന്ധിഘട്ടത്തിലെ ഇത്തരം വിചിത്ര നിലപാടുകള്‍ കേവലം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. ബറേല്‍വിയുടെ ആത്മീയ നായകത്വം അംഗീകരിക്കുകയും അയാളില്‍നിന്നും പരമ്പരാഗതമായി അറിവ് നേടുകയും ചെയ്ത എല്ലാ സമൂഹത്തിലും ഈ നിലപാടുകളിലെ വൈകല്യം കടന്നുപിടിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തിലെ സുന്നികള്‍ എന്നവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അത്ഭുതകരമായ നിലനിലപാടുകളും മനംമാറ്റവും. അഹ്മദ് രിളാഖാന്‍ ബറേല്‍വിയില്‍നിന്നും അറിവ് സമ്പാദിച്ച കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിതനായിരുന്നു അഹ്മദ് കോയാ ശാലിയാത്തി(1884-1954). ഹൈദരാബാദിലെ നൈസാമിന്റെ ആസ്ഥാനത്ത് മുഫ്തിയായും ഇദ്ദേഹം ജോലി ചെയ്തിരുന്നതായി അനുയായികള്‍ പറയുന്നുണ്ട്. 

കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ആധികാരികമായി ഒരു മത സംഘടനയൂണ്ടാകണമെന്ന ലക്ഷ്യത്തില്‍ സ്ഥാപിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പണ്ഡിത കൂട്ടായ്മയില്‍ ആദ്യമായി ഭിന്നതയുടെ ശബ്ദമുയര്‍ത്തി അവര്‍ക്കിടയില്‍ ഗ്രൂപ്പിസം സംഭാവന ചെയ്തത് ബറേല്‍വിയുടെ ശിഷ്യപ്രമുഖനായിരുന്ന ചാലിയം അഹ്മദ് കോയ ആയിരുന്നു. വിശ്വാസികളെ ഭിന്നിപ്പിക്കുകയും പിഴപ്പിക്കുകയും ചെയ്യുന്നതിന്ന് തന്റെ ഗുരുവായ ബറേല്‍വി ചെയ്ത സേവനങ്ങളില്‍നിന്നും ഒട്ടും കുറയാത്ത നിലയിലുള്ള സേവനങ്ങള്‍ രചനകളായും ഫത്‌വകളായും ശാലിയാത്തിയും നല്‍കിയിട്ടുണ്ട്. 

1925 ഒക്ടോബര്‍ 16ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ചാലിയം ജുമുഅ മസ്ജില്‍ നടന്ന സമ്മേളനത്തിലെ മുഖ്യസംഘാടകനും ശാലിയാത്തി ആയിരുന്നു. എന്നാല്‍ തന്റെ ഗുരുവായ അഹ്മദ് രിളാഖാനില്‍നിന്നും പരമ്പരാഗതമായി പകര്‍ന്നു ലഭിച്ച ഭിന്നിപ്പിക്കല്‍ പാരമ്പര്യവും 'വഹാബിയാക്കല്‍' സ്വഭാവവും കാരണം ശാലിയത്തിക്ക് പ്രസ്തുത കൂട്ടായ്മയില്‍ ഏറെക്കാലം തുടരാനായില്ല. ശാലിയാത്തിക്കൊപ്പം ബറേല്‍വി ആശയക്കാരായ പലരും സംഘടനയില്‍നിന്നും പുറത്തായി. തുടര്‍ന്നാണ് പഴയ സംഘടനയില്‍ ഒരു വാലുകൂടി ചേര്‍ത്തുകൊണ്ട് 1933 മാര്‍ച്ച് 5ന് സമസ്ത കേരളയെന്ന പുതിയ ബറേല്‍വി കൂട്ടായ്മക്ക് കേരളത്തില്‍ തുടക്കമിട്ടത്. 1934 നവംബര്‍14ന് സമസ്ത കേരളയെന്ന പേരില്‍ സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പത്താം നമ്പര്‍ മുശാവറ അംഗമായി ശാലിയാത്തിയുടെ പേരും എഴുതിച്ചേര്‍ത്തിരുന്നു. 

വാലും തലയുമില്ലാത്ത ശിയാ വിശ്വാസ, ആചാരങ്ങളെ സുന്നി ആചാരങ്ങളാക്കി കോലംമാറ്റി, ഫറോക്ക് സുന്നി സമ്മേളനത്തിലെ എട്ടാം നമ്പര്‍ പ്രമേയമായി അവതരിപ്പിച്ച് ആധികാരികത നേടിയെടുത്തതും ബറേല്‍വി സാഹിബിന്റെ ശിഷ്യനായ ശാലിയാത്തി ആയിരുന്നു. എട്ടാം നമ്പര്‍ പ്രമേയത്തില്‍ 'സുന്നത്ത് ജമാഅത്തി'ന്റെ വിശ്വാസ പ്രമാണങ്ങളായി ശാലിയാത്തി കെട്ടിയിറക്കിയവയൊന്നും തന്നെ 'അഹ്‌ലുസ്സുന്ന'യുടെ ഒരൊറ്റ ഗ്രന്ഥങ്ങളിലും അന്ത്യനാള്‍ വരെ തിരഞ്ഞാലും കാണാന്‍ കഴിയാത്തതാണ്. 'കേരള മുസ്‌ലിംകള്‍ക്കിടയില്‍ അനേകം കൊല്ലങ്ങളായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും നടത്തിവരുന്നതും'എന്ന് പ്രമേയത്തിന്റെ ആദ്യത്തില്‍ പറഞ്ഞത് മാത്രമാണ് ലിസ്റ്റില്‍ പറഞ്ഞ ഖുറാഫാത്തുകള്‍ക്കുള്ള പ്രാമാണികമായ ആധികാരികത! ഒരു സംഗതി നിരാക്ഷേപമായി നടന്നുവന്നാല്‍ അത് കാലക്രമേണ ദീനായി (മതമായി) പരിഗണിക്കപ്പെടുമെന്ന അഭിനവ രീതിശാസ്ത്രം കൈരളിക്ക് സമ്മാനിച്ചതും ഈ ഫറോക്ക് സുന്നി സമ്മേളനമാണ്.

തുടര്‍ന്ന് അഹ്‌ലുല്‍ ഹദീഥ്/വഹാബികള്‍ തുടങ്ങിയവരുമായി സഹകരണമോ ബന്ധങ്ങളോ പാടില്ലെന്ന് പ്രഖ്യാപിക്കുന്ന സമസ്തയുടെ കുപ്രസിദ്ധമായ 'തര്‍ക്കുല്‍ മുവാലാത്ത്' പ്രഖ്യാപനം പുറത്തുവന്നു. ചാണിനു ചാണായും മുഴത്തിനു മുഴമായും ശാലിയാത്തി തന്റെ ഗുരുവായ ബറേല്‍വിയുടെ തലതിരിഞ്ഞ, വഴിപിഴച്ച ആശയങ്ങളെ കേരള മണ്ണില്‍ വിതക്കുകയായിരുന്നു. ശാലിയാത്തിയുടെ കടന്നുവരവോടെയാണ്, ന്യൂനപക്ഷമെങ്കിലും സത്യത്തിന്റെ വക്താക്കളായി നിലകൊണ്ടിരുന്ന കേരള മുസ്‌ലിം സമൂഹത്തില്‍ ശിയാ/ബറേല്‍വി ആശയങ്ങളും ശിര്‍ക്കന്‍ തത്ത്വങ്ങളും വ്യാപകമാകുന്നത്. 

മക്കയിലെ ഹുനഫാഉകളായ ക്വുറൈശികള്‍ക്കിടയില്‍ സിറിയയില്‍നിന്നും അഭ്യസിച്ച ശിര്‍ക്കന്‍ നടപടികളുമായി കടന്നുവന്ന അംറുബിന്‍ ലുഹയ്യിന്റെ പാരമ്പര്യവും ദൗത്യവുമാണ് ബറേല്‍വിയും പിന്നെ ശാലിയാത്തിയും ഈ മണ്ണില്‍ വിതച്ചതെന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാകില്ല. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിനും അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും മാര്‍ഗത്തില്‍ ഗുണകാംക്ഷാ മനോഭാവത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തിനെതിരിലും ആക്ഷേപങ്ങളും പരിഹാസങ്ങളും കേരളമണ്ണില്‍ ഇറക്കുമതിചെയ്യപ്പെട്ടതും ബറേല്‍വി-ശാലിയാത്തിമാരുടെ കടന്നുവരവോടെയാണ്. 

കേരളത്തിലെ സുന്നികളെന്ന പേരില്‍ അറിയപ്പെടുന്നവര്‍ക്കിടയില്‍ ആചാരപരമായും വിശ്വാസപരമായും നിലവില്‍ നാം കണ്ടുവരുന്ന വൈകല്യങ്ങളുടെയെല്ലാം യഥാര്‍ഥ പിതാക്കള്‍ യഹൂദികളും നസ്വാറാക്കളുമാണ്. അവരില്‍നിന്നും അത് യഹൂദ പാരമ്പര്യാവകാശികളായ ശിയാക്കളിലേക്ക് എത്തിച്ചേര്‍ന്നു. ശിയാക്കളുമായുള്ള ഗുരു-ശിഷ്യ ബന്ധത്തിലൂടെ അത് ബറേല്‍വികള്‍ സ്വീകരിക്കുകയും അത് ക്രമേണ നമ്മുടെ കേരളക്കരയിലും എത്തിച്ചേരുകയും ചെയ്തുവെന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ ശരിയായ നിലപാട്. (അവസാനിച്ചില്ല)